കോടതികളും ജനാധിപത്യവും


പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ നീതിന്യായ സംവിധാനത്തിന്റെ കോടതിയുടെ പങ്ക് എന്താണ്? അവയ്ക്ക് ലക്ഷ്മണ  രേഖകൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ടോ? ആ രേഖകൾ എല്ലാ കാലത്തേക്കുമായി നിശ്ചയിക്കപ്പെട്ടവയാണോ? നിയമ പുസ്തകത്തിലെ നിർജ്ജീവാക്ഷരങ്ങൾക്ക് സജീവമായ ഒരു സമൂഹത്തിന്റെ മുന്പിൽ വേലിക്കെട്ടുകൾ തീർക്കാൻ അവകാശമുണ്ടോ? ചരിത്രത്തിന്റെ ദശാസന്ധികളിൽ ജനാധിപത്യ വ്യവസ്ഥയെ മുന്നോട്ട് നയിക്കാനുള്ള ചാട്ടവാറും കടിഞ്ഞാണും കൈകളിലേന്താനുള്ള ഉത്തരവാദിത്വമോ ബാധ്യതയോ കോടതികൾ കൈയ്യേൽക്കേണ്ടതുണ്ടോ?

ആധുനിക സമൂഹം എക്കാലത്തും ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയം തന്നെയാണ് ഇത്. ഇതിന്റെ ഉത്തരവും ലളിതമായിരിക്കില്ല. അത് നിശ്ചയിക്കുന്നതാകട്ടെ വ്യത്യസ്ഥ കാലഘട്ടങ്ങളിലെ സവിശേഷ സാഹചര്യങ്ങളായിരിക്കുകയും ചെയ്യും. അത് ഒന്നിനൊന്ന് വ്യത്യസ്ഥമാകുന്നതും സ്വാഭാവികം. അത്തരം ഒരു ദശാസന്ധിയിലാണ് കേരളം ഇപ്പോൾ എത്തപ്പെട്ടിട്ടുള്ളത്‌ എന്ന് പറയേണ്ടി വരും. 

പാർലമെന്ററി സംവിധാനത്തിൽ രാഷ്ട്രീയ പാർട്ടികളുടെ പങ്ക് അവയ്ക്ക് നിർവ്വഹിക്കാനുള്ള ചരിത്രപരമായ കടമ. എന്നിവയൊക്കെ വളരെ വലുതാണ്‌.  അങ്ങേയറ്റം ചരിത്രപരമായ പരമപ്രധാനമായ ദൗത്യമാണ് അവർക്ക് നിർവ്വഹിക്കാനുള്ളത്. ആധുനിക ജനാധിപത്യം എന്നത് ആൾക്കൂട്ടങ്ങളുടെ ആഗ്രഹാഭിലാഷങ്ങൾ പ്രകടിപ്പിക്കാനുള്ള ഹാസ്യ നാടക വേദിയല്ല. സമൂഹത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ശരിയായി തന്നെ വഴിയൊരുക്കുവാൻ അതിന് ബാധ്യതയുണ്ട്. അതിന് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കപ്പുറം സമൂഹത്തിന്റെ വ്യവസ്ഥ താൽപര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന വ്യത്യസ്ഥ രാഷ്ട്രീയ പാർട്ടികൾ ആവശ്യമാണ്‌. 

രാഷ്ട്രീയ കക്ഷികളെക്കുറിച്ച് മഹാനായ വിപ്ലവാചാര്യൻ വി.ഐ ലെനിൻ നടത്തിയ ഒരു നിരീക്ഷണമുണ്ട്. അതിങ്ങനെയാണ്. എല്ലാ സമൂഹങ്ങളിലും നടക്കുന്നത് വർഗ്ഗ സമരമാണ്. മാനവ രാശിയുടെ ചരിത്രം എന്നത് വർഗ്ഗ സമരങ്ങളുടെ ചരിത്രമാണ്. പ്രാകൃത സമൂഹം ഉൽപ്പാദനരംഗത്ത് വളർന്ന് വികസിച്ചതോടെ മിച്ചോല്പ്പാദനം ഒരു യാഥാർത്ഥ്യമായി. അതോടെ സമൂഹത്തിൽ വ്യത്യസ്ഥ സാന്പത്തിക വർഗ്ഗങ്ങൾ ഉടലെടുക്കാൻ ആരംഭിച്ചു. 

പ്രകൃതി സന്പത്തിൽ തന്റെ കഠിനദ്ധ്വാനം ചെലുത്തി സന്പത്തുൽപ്പാദിപ്പിക്കുന്ന അധ്വാനിക്കുന്ന വർഗ്ഗങ്ങളുണ്ടായി ഭൂമിയിൽ തന്റെ അദ്ധ്വാന ശക്തി ചെലുത്തി സന്പത്തുൽപ്പാദിപ്പിക്കുന്ന വർഗ്ഗത്തെ പൊതുവായി കാർഷിക വർഗ്ഗങ്ങൾ എന്ന് വിളിച്ചു. ഫാക്ടറിയിലോ, ചെറുകിട ഉൽപ്പാദന ഉപകരണങ്ങൾ ഉപയോഗിച്ചോ അതിൽ അദ്ധ്വാന ശക്തി ചെലുത്തിയോ ഉൽപ്പാദനം നടത്തിയവരെ പൊതുവായി തൊഴിലാളികൾ എന്ന് വിളിച്ചു. ഈ തൊഴിലാളി വർഗ്ഗത്തിലും കർഷക വർഗ്ഗങ്ങളിലുമൊക്കെ ഒരുപാട് അവാന്തര വിഭാഗങ്ങളുമുണ്ട്. അവയ്ക്കോരോന്നിനും വ്യത്യസ്ഥ വർഗ്ഗ താത്പര്യങ്ങളുമുണ്ട്. 

ഇനി അദ്ധ്വാനിക്കുന്ന വർഗ്ഗങ്ങൾ സൃഷ്ടിക്കുന്ന മിച്ച മൂല്യം തട്ടിയെടുത്ത് അല്ലെങ്കിൽ ചൂഷണം ചെയ്ത് തടിച്ച് കൊഴുക്കുന്ന വർഗ്ഗങ്ങളുണ്ട്. ലെനിൻ അവയെ പൊതുവെ സ്വത്തുടമ വർഗ്ഗങ്ങൾ എന്ന് വിളിച്ചു. മുതലാളി വർഗ്ഗവും ഈ വർഗ്ഗവുമാണ് ഇതിൽ പ്രധാനം. ഇവയോരോന്നിലും ധാരാളം അവാന്തരവിഭാഗങ്ങളുണ്ട്. ഉദാഹരണത്തിന് മുതലാളി വർഗ്ഗത്തിൽ ചെറുകിട മുതലാളി, വൻകിട മുതലാളി, കുത്തക മുതലാളി, ദേശീയ മുതലാളി, എന്നിങ്ങനെ പലവിധം. ഈ വർഗ്ഗിയവൈജാത്യങ്ങളെയാണ് സമൂഹത്തിൽ രാഷ്ട്രീയ പാർട്ടികൾ പ്രതിനിധീകരിക്കുന്നു എന്ന് ലെനിൻ സിദ്ധാന്തിച്ചു. ഉദാഹരണത്തിന് കമ്യൂണിസ്റ്റ് പാർട്ടി സമൂഹത്തിൽ പ്രതിനിധീകരിക്കുന്നത് തൊഴിലാളി വർഗ്ഗത്തെയാണ്‌. ഇത്ര പോലെ കർഷക വർഗ്ഗ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതും ജന്മി വർഗ്ഗ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതും ചെറുകിട സ്വത്തുടമസ്ഥരുടെ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമൊക്കെയായി രാഷ്ട്രീയ പാർട്ടികളുണ്ട്.

കമ്യൂണിസ്റ്റ് പാർട്ടി തൊഴിലാളി വർഗ്ഗ പാർട്ടിയാണെന്ന് പറയുന്പോൾ തൊഴിലാളികൾ മാത്രമാണ് അതിൽ അംഗത്വമെടുക്കുക എന്നർത്ഥമില്ല. തൊഴിലാളി വർഗ്ഗ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്നതാണ് തങ്ങളുൾപ്പെടെ എല്ലാ അദ്ധ്വാനിക്കുന്ന വർഗ്ഗത്തിന്റെയും താല്പര്യങ്ങൾ സംരക്ഷിക്കുവാൻ സഹായമാകുക എന്ന് ചിന്തിക്കുന്ന വിവിധ വിഭാഗം തൊഴിലാളികളും ജീവനക്കാരും, കർഷക വിഭാഗങ്ങളും ചെറുകിട സ്വത്തുടമസ്ഥരും തുടങ്ങി അദ്ധ്വാനിക്കുന്ന വർഗ്ഗമാകെ ഈ പാർട്ടിയിൽ അണി നിരക്കാം. എന്നാൽ അദ്ധ്വാനിക്കുന്ന വ്യത്യസ്ഥ വർഗ്ഗങ്ങൾ വ്യത്യസ്ഥ രാഷ്ട്രീയ പാർട്ടികളാൽ പ്രതിനിധീകരിക്കപ്പെടുന്നതും സാധാരണമാണ്. ഇതേപോലെ വ്യത്യസ്ഥ സ്വത്തുടമ വർഗ്ഗങ്ങളുടെ താല്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടികളുണ്ട്. അവരാണ് ഇന്ത്യയിലെ ഭരണാധികാരി വർഗ്ഗം. അതുകൊണ്ട് ഇവയെ ഭരണവർഗ്ഗ പാർട്ടികൾ എന്ന് പൊതുവെ സംബോധന ചെയ്യും. അതിനർത്ഥം അത്തരം പാർട്ടികൾക്കകത്ത് സ്വത്തുടമ വർഗ്ഗങ്ങൾ മാത്രമാണ് ഉള്ളത് എന്നല്ല. സാധാരണ കർഷകരും തൊഴിലാളികളുമുൾപ്പെടെ ധാരാളം സാധാരണക്കാരും അത്തരം പാർട്ടികളിൽ അണിനിരക്കും. ഇവർ പ്രതിനിധാനം ചെയ്യുന്ന വർഗ്ഗ താല്പര്യമേത് എന്നതാണ് പ്രധാനം.

അപ്പോൾ സമൂഹത്തിൽ സജീവമായ വ്യത്യസ്ഥ വർഗ്ഗങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണ് വ്യത്യസ്ഥ രാഷ്ട്രീയ പാർട്ടികൾ. പാർലമെന്ററി വേദികളിൽ ഇവർ തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലുകൾ വർഗ്ഗ സമരത്തിന്റെ ഭാഗമാണ് എന്നാണു കാഴ്ച്ചപ്പാട്.

കേരളം രൂപീകൃതമായതിന് ശേഷമുള്ള ഏഴ് പതിറ്റാണ്ട് കാലത്തെ കേരളത്തിലെ പാർലമെന്ററി രാഷ്ട്രീയത്തിന്റെ ചരിത്രം ഇത് വ്യക്തമാക്കുന്നുമുണ്ട്. കമ്യൂണിസ്റ്റുകാർ അവരുടെ പ്രഖ്യാപിത ലക്ഷ്യമനുസരിച്ച് നിലവിലുള്ള പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെ അംഗീകരിക്കുന്നവരല്ല. ഇതിനെ തകർത്ത് തൊഴിലാളിവർഗ്ഗ ജനാധിപത്യ വ്യവസ്ഥ (ജനകീയ ജനാധിപത്യവിപ്ലവം) സ്ഥാപിക്കലാണവരുടെ ആത്യന്തിക ലക്ഷ്യം. അതിനുള്ള ചവിട്ട് പടി മാത്രമാണ് അവർക്ക് പാർലമെന്ററി പ്രവർത്തനം. പക്ഷെ ഇത്തരം കാഴ്ച്ചപ്പാടൊക്കെ പുസ്തകങ്ങളിൽ മാത്രമായി ഒതുങ്ങി പോകുന്നതായും പാർലമെന്ററി രാഷ്ട്രീയവും അത് വഴിയുള്ള അധികാര ലബ്ധിയുമൊക്കെ ആത്യന്തിക ലക്ഷ്യമായി പരിവർത്തിക്കുന്നതായുമൊക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇത്തരം ഒരു സാധ്യത ഉദയം ചെയ്തതോടെ രാഷ്ട്രീയ അധികാരം കൈകാര്യം ചെയ്യുന്നവരൊക്കെ ഭരണവർഗ്ഗ രാഷ്ട്രീയ കക്ഷികളായി തീരുന്നതായി ഒരു നിരീക്ഷണം സാമൂഹ്യ ശാസ്ത്രജ്ഞൻ നടത്തുകയുണ്ടായി. വിപ്ലവാനന്തരം അധികാരത്തിലെ സോവിയറ്റ് യൂണിയനിലേയും ചൈനയിലേതുമുൾപ്പെടെയുള്ള കമ്യൂണിസ്റ്റ് പാർട്ടികൾ ഭരണവർഗ്ഗ സ്വഭാവങ്ങൾ ആർജ്ജിക്കുകയും ഇങ്ങനെ അധികാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതൃവിഭാഗമാകെ ഒരു പ്രത്യേക തരം ഭരണവർഗ്ഗമായി രൂപം പ്രാപിക്കുന്നതായും നിരീക്ഷിക്കപ്പെട്ടു. 

ലോകത്താകെ സംഭവിച്ച ഇത്തരം മാറ്റങ്ങൾ കേരളീയ സമൂഹത്തിലും വലിയ അനുരണനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വ്യത്യസ്ഥ വർഗ്ഗ താല്പര്യങ്ങൾക്കനുസരിച്ച് രൂപപ്പെട്ടവയും നിലനിൽക്കുന്നവയും പ്രവർത്തിക്കുന്നവയുമാണ് കേരളത്തിലെ വ്യത്യസ്ഥ രാഷ്ട്രീയ പാർട്ടികൾ എന്നത് വസ്തുതയായിരിക്കുന്പോഴും ഈ രാഷ്ട്രീയ പാർട്ടികളുടെ എല്ലാം നേതാക്കൾ പൊതുഗുണ സവിശേഷതകളുള്ള, പൊതുവായ താല്പര്യങ്ങൾ പങ്കുവയ്ക്കുന്ന ഒരു പ്രത്യേക തരം ഭരണവർഗ്ഗ സ്വഭാവം ആർജ്ജിച്ച് കഴിഞ്ഞവരാണ് എന്ന നിലയിലുള്ള വിമർശനങ്ങൾ ഉന്നയിക്കപ്പെട്ടു. 

പൊതുമണ്ധലത്തിൽ എത്രയേറെ ശക്തമായ വെല്ലുവിളികളും ഏറ്റുമുട്ടലും നടക്കുന്പോഴും ഉള്ളടക്കത്തിൽ ഇവരൊക്കെ ഒരു ഒത്ത്തീർപ്പ്‌ (Adjustment) രാഷ്ട്രീയമാണ് കൈകാര്യം ചെയ്യുന്നതു എന്ന ആക്ഷേപം അതിശക്തമായി തന്നെ ഉന്നയിക്കപ്പെടുന്നുണ്ട്. ആസന്നമായ തെരഞ്ഞെടുപ്പിൽ പാർലമെന്ററി അധികാര സ്ഥാനങ്ങൾ കൈയ്യടക്കുന്നതിനുള്ള മത്സരങ്ങൾ അതിശക്തമായി തുടരുന്പോൾ അധികാരം കരഗതമായവരും പ്രതിപക്ഷത്തിരിക്കുന്നവരുമൊക്കെ ഒരേ താല്പര്യങ്ങൾ പ്രതിനിധാനം ചെയ്യുന്ന ഭരണ വർഗ്ഗ ശക്തികൾ എന്ന നിലയിൽ എല്ലാം ഒരു ഒത്തു തീർപ്പായി കൊണ്ട് നടക്കുകയാണ് എന്നും പരസ്പരം സഹകരിച്ചും സഹായിച്ചുമാണ് ഇവർ മുന്നോട്ട് പോകുന്നത് എന്ന വാദവും ശക്തമാണ്.  

ഇത്തരം ഒരു പാശ്ചാത്തലത്തിൽ വേണം കേരളത്തെ പിടിച്ചു കുലുക്കിയ സോളാർ, ബാർ കോഴ വിവാദങ്ങളെയും അതിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തത്തെയും ഒക്കെ പരിശോധിക്കാൻ. ഇതിന്റെ ആത്യന്തിക ഫലം എന്നത് പാർലമെന്ററി സംവിധാനത്തിൽ തന്നെ ജനങ്ങൾക്ക്‌ വിശ്വാസം നഷ്ടപ്പെടലാണ്. 

മറ്റ് ബദലുകളില്ലാത്തിടത്തോളം കാലം നിലവിലുള്ള രാഷ്ട്രീയ പാർട്ടികൾക്ക് മാറിയും തിരിഞ്ഞും വോട്ട് ചെയ്യാൻ  സാമാന്യ ജനം നിർബന്ധിതമാകുന്നുണ്ടെങ്കിലും അതിനപ്പുറമുള്ള താല്പര്യമോ ഇടപെടലുകളോ പൊതുസമൂഹത്തിൽ നിന്നുണ്ടാവുന്നില്ല. അതുകൊണ്ട് തന്നെ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിനെ ജനങ്ങൾ എങ്ങനെ സമീപിക്കും എന്നത് പ്രവചനാതീതമാണ്.

യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി എന്നീ മുന്നണികളെ എടുത്താൽ എല്ലാവർക്കും അനുകൂലവും പ്രതികൂലവുമായ ഘടകങ്ങളാണ്. ഇന്നത്തെ നിലയിൽ എൽ.ഡി.എഫിന് അനുകൂല ഘടകങ്ങളിൽ മുൻതൂക്കമുണ്ടെങ്കിലും അവയിൽ മാറ്റം മറിച്ചിലുകൾ എപ്പഴും സംഭവിക്കുകയുമാവാം. 

ഈ പാശ്ചാത്തലത്തിലാണ് ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നായ കോടതികളുടെ പ്രവർത്തനം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ മുഖ്യമായി സ്വാധീനിക്കാവുന്ന ഘടകമായി മാറുന്നത്. പ്രതിപക്ഷം ഉയർത്തിക്കൊണ്ട് വന്ന പ്രയോഗ സമരങ്ങൾ മറ്റ് പ്രചാരണ പരിപാടികൾ എന്നതിനെക്കാളുപരി തങ്ങൾക്ക് മുന്നിൽ ഉയർന്നു വരുന്ന വെല്ലുവിളി കോടതി വിധികളിൽ നിന്നായിരിക്കും എന്ന് യു.ഡി.എഫ് ഭയപ്പെടുന്നു.

ബാർ കോഴക്കേസിലും സോളാർ കേസിലും ആസന്ന ദിവസങ്ങളിൽ കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നത് യു.ഡി.എഫിന് സങ്കീർണ്ണമാണ്. തുറന്ന കോടതിയിൽ ജഡ്ജിമാർ പ്രകടിപ്പിക്കുന്ന ചില നിരീക്ഷണങ്ങൾ, ചില വികാരപരമായ പരാമർശങ്ങൾ, സർക്കാരിനോടുള്ള ചില ചോദ്യങ്ങൾ എന്നിവ സർക്കാരിന്റെ പ്രതിച്ഛായയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട് എന്നത് വസ്തുത തന്നെയാണ്. 

പ്രതിപക്ഷത്തിന്റെ പ്രകടനങ്ങൾക്കും  സൃഷ്ടിച്ചെടുക്കാൻ കഴിയാത്ത വികാരത്തരംഗങ്ങളാണ് ഇവ സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രിക്കെതിരായും എക്സൈസ് മന്ത്രിക്കെതിരായും മുൻ ധനമന്ത്രിക്കെതിരായുമൊക്കെ വിജിലൻസ് കോടതി പുറപ്പെടുവിച്ച വിധി ന്യായങ്ങൾ യു.ഡി.എഫ് സർക്കാരിന്റെ ആയുസ്സിനെ തന്നെ വലിയ തോതിൽ പ്രതികൂലമായി ബാധിക്കുന്നവയായിരുന്നു. 

ഈ വിധിന്യായങ്ങളോടനുബന്ധിച്ച് കോടതി നടത്തിയ ചില വാക്കാൽ നിരീക്ഷണങ്ങൾ സർക്കാരിന്റെ സൽപ്പേരിനെ വലിയ തോതിൽ പ്രതികൂലമായി ബാധിക്കുന്നവയുമായിരുന്നു. എന്നാൽ ഹൈക്കോടതി വിജിലൻസ് കോടതി വിധികൾ േസ്റ്റ ചെയ്തുകൊണ്ട് നടത്തിയ ചില നിരീക്ഷണങ്ങൾ സർക്കാരിന് നിലനിൽക്കാനുള്ള ജീവവായു ആയിത്തീർന്നു. കീഴ് കോടതി വിധികൾ മേൽ കോടതികൾ േസ്റ്റ ചെയ്യുന്നത് സ്വാഭാവികമാണ് എന്നാൽ രണ്ട് മാസം കാലാവധി നിശ്ചയിച്ചു കൊണ്ടുള്ള അസാധാരണ വിധി തെരഞ്ഞെടുപ്പ് വരെ പിടിച്ചു നിൽക്കാനുള്ള ഓക്സിജനായി ഭരണകക്ഷിക്ക് അനുഭവപ്പെടുത്താനായി. 

സ്വാഭാവികമായും ഇത് പ്രതിപക്ഷത്തിന്റെ സാധ്യതകളിൽ ഇടിവുണ്ടാക്കിയിട്ടുമുണ്ട്. ശിക്ഷാനടപടികളൊന്നും സ്വീകരിക്കാൻ അവകാശമില്ലാത്തതാണെങ്കിലും സോളാർ വിഷയം അന്വേഷിക്കുന്നതിന് ഭരണ കക്ഷി തന്നെ ഏർപ്പെടുത്തിയ ജസ്റ്റിസ് ശിവരാജന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മീഷൻ ഭരണകക്ഷിക്കും യുഡിഎഫ് സംവിധാനത്തിനും ഉണ്ടാക്കിയിട്ടുള്ള പരിക്ക് ചെറുതല്ല. 

വരും ദിവസങ്ങളിൽ കമ്മീഷൻ മുൻപാകെ ഉണ്ടായേക്കാവുന്ന വെളിപ്പെടുത്തലും നിർണ്ണായകം തന്നെയായിരിക്കും. വിജിലൻസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംവിധാനത്തെയും അതിന്റെ തലപ്പത്തുള്ള ഐ.എ.എസ്സ്കാരെയും തങ്ങൾക്കനുകൂലമായി ഉപയോഗിക്കുന്നതിൽ യുഡിഎഫിന് പൂർണ്ണമായി വിജയിക്കുവാൻ സാധിച്ചില്ല.

വഴങ്ങാത്തവരെ ഒതുക്കുവാനുള്ള നടപടികളൊക്കെ മറയില്ലാതെ യുഡിഎഫ് സ്വീകരിക്കുന്നുമുണ്ട്.  പക്ഷെ ഇക്കാര്യത്തിലും കോടതിയിൽ നിന്നും ഉണ്ടായേക്കാവുന്ന പ്രഹരങ്ങൾ മാരകമായി തീർന്നേക്കാം എന്ന ഭയവും യുഡിഎഫിന് ഉണ്ട്. 

പ്രതിപക്ഷത്തിന്റെ നിലയും അത്ര ഭദ്രമൊന്നുമല്ല. ഇടതു മുന്നണി അതിനുള്ളിൽ നിന്ന് തന്നെയുള്ള അന്തഃഛിദ്രങ്ങളെ മറികടക്കുന്നതിൽ ഇപ്പോൾ വലിയൊരളവിൽ വിജയിച്ചിട്ടുണ്ട്. വി.എസ്, പിണറായി ദന്ദ്വങ്ങൾ ഏക മനസ്സോടെ പ്രശ്നങ്ങളിൽ പ്രതികരിക്കുന്നത് അവർക്ക് നല്ല പ്രതിഛായ ഉണ്ടാക്കിയിട്ടുണ്ട്, അത് ശാശ്വതമാണോ എന്നതൊക്കെ തർക്ക വിഷയമാണെങ്കിലും,

പക്ഷെ അതിനൊക്കെ അപ്പുറം എൽ.ഡി.എഫിനെ പ്രതിസന്ധിയിലാക്കുന്നത് ലാവ്ലിൻ കേസ് എന്ന വാൾ വീണ്ടും നമ്മൾക്ക് മുന്നിൽ തൂങ്ങി നിൽക്കുന്നത് തന്നെയാണ്. ഫെബ്രുവരി അവസാന വാരം കേസ് കേൾക്കുമെന്നും മാർച്ചിൽ തീർപ്പുണ്ടാകുമെന്നുമാണ് പറഞ്ഞു കേൾക്കുന്നത്. വിധി തങ്ങൾക്കെതിരായി തീരാനുള്ള സാധ്യത എൽഡിഎഫിന് തള്ളിക്കളയാനാവില്ല.  അവരിപ്പോൾ തന്നെ ഇതൊരു പൊളിറ്റിക്കൽ ഗെയിം ആണെന്ന ആക്ഷേപം ഉയർത്തിയിട്ടുണ്ട്. 

പിണറായി വിജയൻ വീണ്ടും കേസ്സിൽ പ്രതി ചേർക്കപ്പെടുകയും വിചാരണ ആവശ്യമാണ് എന്ന് വിധി ഉണ്ടാവുകയും ചെയ്‌താൽ അത് എൽഡിഎഫ് ഇതുവരെ ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് കോട്ടയുടെ അടിത്തറയിൽ തന്നെയാണ് വിള്ളലുണ്ടാക്കുക. 

കതിരൂർ മനോജ്‌ വധക്കേസ്സിൽ പി.ജയരാജൻ പ്രതിയാക്കപ്പെട്ടത്‌, അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്, കാരായിമാർ കോടതി നിലപാടിനെ തുടർന്ന് രാജി വയ്ക്കേണ്ടി വന്നത്, അരിയിൽ ഷുക്കൂർ വധ കേസ്സിന്റെ ഗതിവിഗതികൾ ഒക്കെ സി.പി.എമ്മിന്റെ രാഷ്ട്രീയത്തിന് കോടതിയിൽ നിന്നുണ്ടായ മാരകമായ പ്രഹരങ്ങൾ തന്നെയാണ്. തീ വാങ്ങിക്കഴിഞ്ഞ ഈ വെടിമരുന്ന് എങ്ങനെ ഒക്കെയാണ് പൊട്ടിത്തകരുക എന്നത് പ്രവചനാതീതമാണ്. തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ നടേശൻ മുതലാളിക്കെതിരായ കോടതി നടപടികൾ ബിജെപിക്കും പ്രയാസങ്ങൾ ഉണ്ടാക്കുന്നു. 

ചുരുക്കത്തിൽ കോടതി വിധികളായിരിക്കും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിധി നിർണ്ണയിക്കുക.

You might also like

Most Viewed