‘അങ്ങനെ അടിയന്തരം വെടിപ്പായി’


‘അങ്ങനെ അടിയന്തരം വെടിപ്പായി’ ഞങ്ങളുടെ ഗ്രാമത്തിൽ ദുരന്തങ്ങൾ സംഭവിക്കുന്പോൾ കൂനൻ  ചെക്കിണി ആത്മഗതം ചെയ്യുന്നതാണിത്. ചെക്കിണി അലന്പ് കാണിക്കുന്പോൾ നാട്ടുകാർ ശപിക്കും. “ചെക്കിണ്യേ! ഇതിനുള്ള കൂലി അണക്ക് ദൈവം തരും.” മുതുകിലെ ആനപ്പാറ പോലുള്ള കൂനിൽ തഴുകി ചെക്കിണി പ്രതികരിക്കും−. “ഈ ചെക്കിണിക്ക് ദൈവം ഇനിയെന്ത് തരാനാ.”  ഏതാണ്ട് ഈ പരുവത്തിലായിട്ടുണ്ട് ഇപ്പോൾ യു.ഡി.എഫ്. എന്ന സംവിധാനം. ഇന്നലെ രാഹുൽ ഗാന്ധിയും എ.കെ ആന്റണിയും ഒരുമിച്ചെത്തിയതോടെ ‘അടിയന്തിരം വെടിപ്പായി.’ ഇനിയിപ്പോൾ ആരും യു.ഡി.എഫിനെ ശപിച്ചിട്ടു കാര്യമില്ല. ഇതിലപ്പുറം ദൈവം പോലും അവർക്ക് ഒന്നും കൊടുക്കാനില്ല. അത്രയ്ക്ക്‌ ഭേഷായിരിക്കുന്നു. 

ഇന്നലെ സാക്ഷാൽ ആഭ്യന്തര മന്ത്രി ചെന്നിത്തല നായരാണ് നിയമസഭയിൽ പറഞ്ഞത്, അദ്ദേഹത്തിന്റെ കോൽക്കാരനായ ഡി.ജി.പി സോളാർ കമ്മീഷന്റെ മുന്നിൽ പറഞ്ഞതൊന്നും അത്ര കാര്യമാക്കേണ്ട; അതൊന്നും സത്യമാകണമെന്നില്ല. അപ്പോ ഈ നടക്കുന്നതൊക്കെ ഒരു തമാശയായി കണ്ടാൽ മതി. അല്ലാതെ അതിന്റെയൊക്കെ പിറകെ പോയാൽ സംഗതി വഷളാവുകയേ ഉള്ളു. എന്നിട്ട് ചെന്നിത്തല നായർ പ്രതിപക്ഷത്തെ ചൂണ്ടി ചോദിച്ചു, വേവുവോളം കാത്തില്ലേ? ഇനി ആറുവോളം കാത്തൂടെ? സോളാർ കമ്മീഷന്റെ റിപ്പോർട്ട് വന്നോട്ടെ അത് വരെ ക്ഷമീ... ക്ഷമീ... അപ്പോൾ തൊട്ടടുത്ത സീറ്റിലിരുന്നു തലയാട്ടി കുഞ്ഞാലിക്കുട്ടി ആത്മഗതം ചെയ്തു, അതെയതെ അത് തന്ന്യാ മുഹമ്മദ് നബീം പറഞ്ഞത് ക്ഷമീ... ക്ഷമീ... പക്ഷേ പ്രതിപക്ഷക്കാർ ക്ഷമയുടെ നെല്ലിപ്പടിയിൽ കിടന്നുറങ്ങുകയാണ്. ഉമ്മൻ ചാണ്ടി ഇപ്പോൾ രാജിവെയ്ക്കണമെന്ന് കറുത്ത തുണിയിലെഴുതിയ ഒരു ബാനർ കിഴക്കേക്കോട്ടയിലെ ആർട്ടിസ്റ്റ് ചെല്ലപ്പന്റെ കടയിൽ നിന്ന് അഞ്ചു വർഷം മുന്പ് ശിവൻ കുട്ടിയെക്കൊണ്ട് എഴുതി വാങ്ങിപ്പിച്ചതാണ്. അത് ഒരു ദേശാഭിമാനി പത്രത്തിൽ ചുരുട്ടി പൊതിഞ്ഞ് കക്ഷത്തിൽ വെച്ചാണ് അദ്ദേഹം എന്നും സഭയിൽ വരിക. 

കോടിയേരി ബാലകൃഷ്ണൻ ഒന്നിടങ്കണ്ണിട്ട് നോക്കിയാൽ ഉടനെ ചുരിട്ടിയ ബാനർ പൊതിയഴിച്ച് നിവർത്തും. അതിന്റെ അറ്റം പിടിക്കാൻ മത്സരം നടക്കും. കാരണം, ബാനർ സ്ഥിരമായി ടിവിയിൽ കാണിക്കും, സ്വാഭാവികമായും അത് പിടിക്കുന്നവരെ ജനം കാണും. അടുത്ത തവണ എം.എൽ.എ പണിക്ക് നറുക്കെടുക്കുന്പോൾ അതൊക്കെ ഒരു യോഗ്യതയായി പരിഗണിക്കില്ലാന്ന് ആര് കണ്ടു?

നിയമസഭയിലെ കലാപരിപാടികൾ കഴിഞ്ഞാൽ ബാനറിനെ മുന്നിൽ നടത്തി നിയമസഭയുടെ പടിയിറങ്ങി പുറത്തേയ്ക്ക് വരും. ഒരു പത്രസമ്മേളനം കാച്ചും. അതിനിടയിൽ ഡി.വൈ.എഫ്.ഐക്കാർ പത്തു പേരെ സംഘടിപ്പിച്ച് ബാരിക്കേടിലേക്ക്; ക്രമരഹിതമായോ അക്രമരഹിതമായോ അറിയില്ല; ചാടിക്കയറും. അപ്പുറത്ത് വെള്ളം ചീറ്റുകാർ റെഡിയായി നിൽക്കുന്നുണ്ടാകും. ഉടനെ വെള്ളം ചീറ്റും. 

തിരുവനന്തപുരത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് വെള്ളത്തിന് ഒരു വെളിവും വെള്ളിയാഴ്ച്ചയും ഇല്ലാത്തത് കൊണ്ട് പിള്ളേരൊക്കെ കാലത്തെഴുന്നേറ്റ് നിയമസഭയുടെ മുന്നിലേക്കോ സെക്രട്ടേറിയേറ്റിന്റെ മുന്പിലേക്കോ വരികയാണത്രേ പതിവ്. 

നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന് പറയണ പോലെ അതുകൊണ്ട് രണ്ടു കാര്യം നടക്കും, ഒരു സമരത്തിൽ പങ്കെടുക്കാം. ഇതൊക്കെ സ്വാതന്ത്ര്യ സമരമായി പരിഗണിച്ച്  നാളെ പെൻഷൻ തരില്ലാ എന്ന് ആര് കണ്ടു. രണ്ടാമത്തെ കാര്യമാണ് പ്രധാനം− അവസ്ഥക്കൊത്ത് കുളിക്കാം അതും സർക്കാർ ചെലവിൽ. 

സർക്കാർ ചെലവിലുള്ള കുളിക്കാരുടെ എണ്ണം കൂടിയപ്പോൾ ഏതോ വിരുതനായ പോലീസുകാരൻ ചീറ്റാനുള്ള വെള്ളത്തിൽ നായ്ക്കുരണ കലക്കിയത്രേ! ഈ പോലീസുകാർ എന്തൊരു രാജ്യദ്രോഹികളാണെന്നു ഓർത്തുനോക്കൂ. ഉച്ചയോടെ ഇത്തരം കലാപരിപാടികളൊക്കെ പൂർത്തിയാക്കി വി.എസ് അച്യുതാനന്തൻ കന്റോൺമെന്റ് ഹൗസിൽ പോയി വിശ്രമിക്കും. കോടിയേരി ബാലകൃഷ്ണൻ എ.കെ.ജി സെന്ററിലേക്കും. പതിവ് പോലെ ക്ഷമയുടെ നെല്ലിപ്പലകയിൽ വിശ്രമിക്കും. അല്ലാതെ ഉമ്മൻ ചാണ്ടിയെങ്ങാൻ രാജിവെച്ചു പോയാൽ പ്രതിപക്ഷത്തിന്റെ കച്ചോടം പൂട്ടും. പിന്നെ ഈ മുദ്രാവാക്യത്തിന് പാഴൂർ പടിക്കൽ ചെന്ന് വിളിച്ചത് കൊണ്ടുപോലും പ്രയോജനമുണ്ടാവില്ല. തലശ്ശേരിയിലെ ധർമ്മടത്ത് അണ്ടലൂർകാവിൽ ഉത്സവത്തിന് അരങ്ങേറുന്ന രാമരാവണ യുദ്ധമുണ്ട്; ഒന്നാംതരം തെരുവ് നാടകം. 

ഗ്രാമത്തിലെ ചെറുപ്പക്കാരൊക്കെ ഒരു തോർത്ത് മുണ്ട് മാത്രമുടുത്ത് അന്ന് വാനര സേനയിലെ അംഗങ്ങളാകും. ഈ വാനര സേനാംഗങ്ങളും സാക്ഷാൽ ഹനുമാനും രാമനും സീതയും രാവണനുമൊക്കെയായുള്ള ഒരു കെട്ടിമറിച്ചിലാണ് ഇവിടുത്തെ ഉത്സവം. ഇതിനെക്കുറിച്ച്‌ ഗവേഷണം നടത്താൻ ധാരാളം സാംസ്കാരിക പടുക്കൾ ഇവിടെ എത്താറുണ്ടത്രേ! പക്ഷെ അതിനെയൊക്കെ നിസ്സാരമാക്കുന്ന ഒന്നാം തരം ഓട്ടപ്പാച്ചിലും രാമ രാവണ യുദ്ധവുമൊക്കെയാണ് തിരുവനന്തപുരത്ത് നിയമസഭാ കവാടത്തിലും സെക്രട്ടേറിയേറ്റ് കവടത്തിലുമൊക്കെ കഴിഞ്ഞ അഞ്ച് വർഷമായി ഒരനുഷ്ഠാനം പോലെ അരങ്ങേറുന്നത്, എന്ന യാതാർത്ഥ്യം സാംസ്കാരിക പടുക്കളൊന്നും ഇതുവരെ മനസ്സിലാക്കിയ മട്ടില്ല. അല്ലെങ്കിൽ തലശ്ശേരിയെക്കാൾ മെച്ചപ്പെട്ട ഒരു ഗവേഷണ പ്രബന്ധത്തിന് ഇവിടെ സ്കോപ്പുണ്ട് എന്ന് ഇവരാരും തിരിച്ചറിയാത്തത് എന്താണ്?

അതിരിക്കട്ടെ ചെന്നിത്തല നായർ നിയമസഭയിൽ പറഞ്ഞ കാര്യത്തിലേക്ക് നമുക്ക് തിരിച്ചു പോകാം. തന്റെ ഒന്നാം സ്ഥാനീയനായ കോൽക്കാരൻ ഡി.ജി.പി അദ്ദേഹം സോളാർ കമ്മീഷൻ മുന്പാകെ കൊടുത്ത മൊഴി സത്യമാകണമെന്നില്ല എന്നാണദ്ദേഹം ജനാധിപത്യത്തിന്റെ ശ്രീകോവിലിനകത്തെ ഗർഭസ്ഥാനത്ത് വച്ച് മൊഴിഞ്ഞത്. 

ഒന്നാം സ്ഥാനീയനായ കോൽക്കാരൻ മൊഴിഞ്ഞത് വിശ്വസിക്കേണ്ടതില്ലെങ്കിൽ രണ്ടാം സ്ഥാനീയനായ എ.ഡി.ജി.പിയും മൂന്നാം സ്ഥാനീയനായ റിട്ടയേർഡ് ഡി.ജി.പിയും കമ്മീഷന് മുന്പേ പറഞ്ഞത് ശ്രദ്ധിക്കുകയേ വേണ്ട എന്നാണല്ലോ പറഞ്ഞതിന്റെ പച്ചപരമാർത്ഥം! ഇനി ഇവരൊക്കെ കൂടി എന്തോരനർത്ഥമാണ് കമ്മീഷന് മുന്പാകെ എഴുന്നെള്ളിച്ചത് എന്ന് അന്വോഷിച്ചാൽ അടിയന്തരം വെടിപ്പാകും. 

സോളാർ സുന്ദരി ലക്ഷ്മി നായരെന്നും, സരിതാ നായരെന്നും പുകൾ പെറ്റ ഒരുന്പെട്ടോള് ഇക്കണ്ട കാലത്തൊക്കെ മുഖ്യമന്ത്രിയുടെ കാതിലേയ്ക്ക്, വീട്ടിലെ സ്വകാര്യ നന്പറിലേയ്ക്ക്, ചാണ്ടി ഉമ്മന്റെ മൊബൈലിലേയ്ക്ക്, ജിക്കു, ജോപ്പൻ, സലീം രാജ്, പാവം പയ്യൻ കുരുവിള എന്നിവരുടെ ഫോണുകളിലൂടെ, കൊട്ടാരക്കര വഴി പാക്കനാപുരത്തേയ്ക്ക് എന്ന പോലെ, മുഖ്യമന്ത്രിയെ വിളിച്ചതുൾപ്പെടെയുള്ള കാക്കത്തൊള്ളായിരം ഫോൺ രേഖകൾ ഇനി തിരിച്ചു കിട്ടാത്ത വിധം, ഒരു കശ്മലൻ നശിപ്പിച്ചു കളഞ്ഞു എന്നാണ് ഒന്നാം സ്ഥാനീയനായ കോൽക്കാരൻ മൊഴിഞ്ഞത്. 

ആരീയപരാധം ചെയ്തു എന്നതിനും കിറുകൃത്യമായി ഡി.ജി.പി ഉത്തരം നൽകി. തന്റെ അനന്തിരവനായ, കോപ്പിയടി വീരൻ എന്ന് വിളിപ്പേരുള്ള ജോസ് എന്ന ഐ.ജിയാണ് ഇത് ചെയ്തത് എന്നും അദ്ദേഹം മൊഴിഞ്ഞു. എന്നിട്ട് ഇതിയാന്റെ പേരിൽ വല്ല കേസോ കൂട്ടമോ വക്കാണമോ ഉണ്ടോ എന്ന കമ്മീഷന്റെ ചോദ്യം കേട്ടപ്പോൾ ഡി.ജി.പി അദ്ദേഹം ഹോട്ടായി. നിങ്ങളിതെന്താണൊരുമാതിരി ഒന്നുമറിയാത്ത പിള്ളാരെപ്പോലെ സംസാരിക്കുന്നത്? അതൊക്കെ ഉമ്മൻ ഗാന്ധിയും ചെന്നിത്തല ഗാന്ധിയും പറയാതെ ചെയ്യാനോക്കുന്ന കാര്യങ്ങളാണോ എന്ന മറു ചോദ്യം ഡി.ജി.പി മറുപടിയായി മൊഴിഞ്ഞു. 

കോപ്പിയടിച്ചതിന് ജോസ് ഐ.ജിക്കെതിരെ വല്ല നടപടിയുമായോ എന്ന് കമ്മീഷൻ അന്വേഷിച്ചപ്പോൾ ഉമ്മൻ ഗാന്ധിയുടെ വക്കീൽ എഴുന്നേറ്റ് ഒബ്ജക്ഷൻ റെയ്സ് ചെയ്തു. യുവർ ഓണർ ഇത് കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസിൽ ഉൾപ്പെട്ടതല്ല” അതോടെ ആ ചാപ്റ്റർ ക്ലോസ് ചെയ്തു. 

സോളാർ സുന്ദരി എഴുതിയ കത്ത് 23 പേജല്ല 30 പേജാണെന്നും അതിലെ പേരുകാരുടെയൊക്കെ  വിവരം അറിയാമെന്നും അന്ന് സോളാർ സുന്ദരിയെക്കാണാൻ ഒരു ദിവസം തന്നെ 150ലധികം പേർ എത്തിയെന്നും അതിൽ ആയുധ ധാരികൾ ഉണ്ടായിരുന്നുവെന്നും സോളാർ സുന്ദരിയെ നിലം തൊടാതെ ഒരു ജയിലിൽ നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുനടന്നത് മുകളിൽ നിന്നുള്ള ഇണ്ടാസ് അനുസരിച്ചായിരുന്നുവെന്നുമൊക്കെയാണ് രണ്ടും മൂന്നും സ്ഥാനീയരായ കോൽക്കാരന്മാർ കമ്മീഷന് മുന്നിൽ മൊഴിഞ്ഞത്. 

ഉമ്മൻ ഗാന്ധിയുടെ പെടലിക്ക്‌ പിടിവീഴുന്ന ഒന്നാം തരം ഒരു കേസിനുള്ള സ്കോപ്പായി എന്ന് ഐക്കാർ അടക്കം പറയുന്നുണ്ടെങ്കിലും അതിലൊന്നും ചെന്നിത്തല നായർക്ക് താൽപര്യമില്ല. നേതൃമാറ്റമില്ലാതെ, അതായത് ചെന്നിത്തല നായരെ നേതാവാക്കാതെ നിയമസഭാ തിരഞ്ഞെടുപ്പിലേയ്ക്ക് ഉദിക്കാൻ കഴിയില്ല എന്ന് കാര്യകാരണ സഹിതം വ്യക്ത
മാക്കുന്ന ആംഗലേയ ഭാഷയിൽ എഴുതിയ ഹൈക്കമാന്റിനയച്ച ഒരു കത്ത് സോണിയാജീടെ വീടിന്റെ പിന്നാന്പുറത്തെ ഓടയിൽ നിന്ന് ചോർന്ന് കിട്ടിയത് വിവാദമായിരുന്നല്ലൊ. എക്കാർ അതിൽ പറ്റിപ്പിടിച്ച ദുർഗന്ധമൊക്കെ നക്കിമാറ്റി പരിശോധിച്ചപ്പോൾ ഒപ്പ് സാക്ഷാൽ ചെന്നിത്തല നായരുടേത് തന്നെയാണെന്നു വെളിപ്പെട്ടു. അതോടെ കത്ത് വിവാദം സമസ്ത പാപങ്ങളോടും കൂടി ഹൈക്കമാണ്ട് അവസാനിപ്പിച്ചതാണ്. ഇപ്പോൾ അനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ പള്ളി കൊള്ളുന്ന സാക്ഷാൽ രാഹുൽ രാജകുമാരന്റെ മുൻപിൽ ഇതൊക്കെ ഉണർത്തിക്കാൻ ഒന്ന് തൃക്കൺ പാർക്കാൻ അവസരം  കാത്തിരിക്കുകയാണ് ഐക്കാർ.

എക്കാർക്കാണെങ്കിൽ വൃഷണം മരത്തിൽ കുടുങ്ങിയ കുരങ്ങന്റെ അവസ്ഥയുമാണ്. തന്പാന്നൂർ രവിയും ബെന്നി ബഹന്നാനുമൊക്കെ സോളാർ സുന്ദരിയോട് അനാവശ്യമായി അശ്ലീലം ഒന്നും പറഞ്ഞിട്ടില്ലത്രെ. മുഖ്യമന്ത്രിക്ക് വേണ്ടി മൊഴി കൊടുക്കണം, എല്ലാ തെളിവുകളും മാറ്റണം എന്നൊക്കെ ഫോണിൽ നിർദ്ദേശിച്ചത് മറ്റൊന്നും കൊണ്ടല്ല ഇഷ്ടം കൊണ്ടുമാത്രമാണ് എന്നാണവർ ഇപ്പോൾ പറയുന്നത്. സോളാർ സുന്ദരി ആണെങ്കിൽ പുതുപ്പെണ്ണ് പലഹാരക്കൂടകളുമായി ഭർതൃഗൃഹത്തിലേക്ക് പോകും പോലെയാണ് ഓരോ ദിവസവും കമ്മീഷന് മുന്നിലെത്തുന്നത്. 

കമ്മീഷന് ഇതുവരെ കിട്ടിയ സിഡികളും പെൻഡ്രൈവുകളുമൊക്കെ ഒന്ന് ത്രില്ലടിച്ച് കാണാനും നൽകിയ രേഖകൾ വായിച്ച് നോക്കാനും സമയം മതിയാവില്ല. അതുകൊണ്ട് കമ്മീഷന്റെ കാലാവധി നീട്ടണം എന്നാണ് ജസ്റ്റിസ് ശിവരാജൻ പറയുന്നത്. അതായിക്കോട്ടെ എന്നാണ് ഉമ്മൻ ഗാന്ധിയുടെ നിലപാട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എന്ത് ശിവരാജൻ? എന്ത് സോളാർ കമ്മീഷൻ? എന്ത് സരിത എന്നൊക്കെ ഉമ്മൻ ഗാന്ധി മനസ്സിൽ ഊറി ചിരിക്കുന്നുണ്ടാകും. 

നിങ്ങൾ എത്ര മാനം കെടുത്തിയാലും അപമാനിച്ചാലും ധാർമ്മികതയുടെ പേരിൽ ഞാൻ രാജിെവയ്ക്കില്ല എന്റെ മനഃസാക്ഷിയാണ് എനിക്ക് വലുത് എന്ന് ഉമ്മൻ ഗാന്ധി വ്യക്തമാക്കിയതുമാണല്ലോ, പിന്നെയെന്തിന് പണ്ട് കെ.  കരുണാകരനെ പിന്തുടർന്ന് ആക്രമിച്ച്, ധാർമ്മികതയുടെ പേരിൽ രാജിവെപ്പിച്ചു എന്ന ചോദ്യത്തിന് അദ്ദേഹം നെഞ്ചിലടിച്ചാണ് മറുപടി പറഞ്ഞത്. അയ്യോ മഹാ പാപം പറയരുത്! കരുണാകരൻ ധാർമ്മികതയുടെ പേരിൽ രാജി വച്ചതൊന്നുമല്ല; മറിയം റഷീദ, ഫൗസിയ എന്നീ ചാര സുന്ദരികളെ കണ്ടപ്പോൾ വയസ്സാൻ കാലത്ത് അവർക്കൊപ്പം ഇറങ്ങിപ്പോയതാണ്; എനിക്കാ രക്തത്തിൽ പങ്കില്ല; എന്നദ്ദേഹം അസന്നിഗ്ധമായി വ്യക്തമാക്കുകയും ചെയ്തു.

പണ്ട് ചൊറിയുംകുത്തി പരിസ്ഥിതികളിച്ച് നടക്കുന്നതിനിടയിൽ ഓർക്കാപ്പുറത്ത് വിളിച്ചുണർത്തി കുളിപ്പിച്ച് വൃത്തിയാക്കി കെ.പി.സി.സി പ്രസിഡണ്ട്്‌ കുപ്പായമിട്ട് പൂമുഖത്തിരിക്കാൻ, രാഹുൽ രാജാവ് കൽപ്പിച്ചതിന്റെ മാധുര സ്മരണകളിലൊന്നായിരുന്നു സുധീരൻ ഗാന്ധി. ഉമ്മൻ ഗാന്ധിയും ചെന്നിത്തല നായരും തമ്മിലുള്ള പന്തം കൊളുത്തി പടയ്ക്കിടയിൽ, തന്നെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിലേക്ക് പോകാൻ രാഹുൽ രാജാവ് കൽപ്പിച്ചാലോ എന്നൊരു ഇണ്ടൽ ഉണ്ടായപ്പോഴാണ് ജനരക്ഷാ യാത്രയുമായി ഇറങ്ങിത്തിരിച്ചത്. പക്ഷേ അത് പപ്പടം പോലെ പൊടിച്ച് അറബിക്കടലിൽ എറിയാൻ എക്കാരും ഐക്കാരും ഇത്ര ശുഷ്കാന്തി കാണിക്കും എന്ന് ആദർശ ഗാന്ധി കരുതിയിരുന്നില്ല. 

ആദർശത്തിന്റെ മൊത്തക്കച്ചവടക്കാരനായ ആന്റണി ഗാന്ധിയാകട്ടെ തന്റെ സർക്കാരിനേക്കാൾ എത്രയോ മെച്ചമാണ് ഉമ്മൻ ഗാന്ധിയുടെ സർക്കാർ എന്ന് മോഴിഞ്ഞപ്പോഴാണ് ഇങ്ങേർ പണ്ട് കേരളത്തിലായിരുന്നു എന്ന കാര്യം തന്നെ മാലോകർ അറിഞ്ഞത്. ഇതിയാൻ പണ്ട് കേരളത്തിൽ മുഖ്യമന്ത്രിയായെന്ന് വെറുതെ പുളുവടിക്കുകയാണ് എന്നാണ് ന്യൂജൻ പിള്ളേർ ഇപ്പോൾ പറയുന്നത്.

You might also like

Most Viewed