രോഹിത് വെമുല ഒരടയാളമാണ്


സ്വർണപ്പാത്രം കൊണ്ട് മൂടിയിരുന്നാലും സത്യം ഒരുനാൾ പുറത്തു വരിക തന്നെ ചെയ്യുമെന്നത് ഒരു ജീവിത ദർശനമാണ്. ഈ ദർശനത്തിന്റെ ദൃഷ്ടാന്തങ്ങളാണ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ രോഹിത് വെമുല എന്ന ഗവേഷണ വിദ്യാർത്ഥിയുടെ ആത്മഹത്യയെന്നോ ആത്മസമർപ്പണമെന്നൊക്കെ വിശേഷിപ്പിക്കാവുന്ന  സംഭവവും അതേതുടർന്ന് രാജ്യത്താകെ ഉയർന്ന് വന്ന സംവാദങ്ങളും പ്രതിഷേധവുമൊക്കെ സൂചിപ്പിക്കുന്നത്.

ഈ സംഭവത്തെ താൽക്കാലികമായ തിരഞ്ഞെടുപ്പു ആവശ്യങ്ങൾക്കും വോട്ട് പിടിത്തത്തിനും വേണ്ടി ഉപയോഗിക്കുവാൻ സ്ഥാപിത രാഷ്ട്രീയക്കാർ രംഗത്ത്   വന്നത് കാണാതിരിക്കുന്നില്ല. അപ്പോഴും അത്തരം സങ്കുചിത മനോഭാവങ്ങളിൽ നിന്നും ഒരുപാട് കാതം മുന്നോട്ട് പോകുന്ന, ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കുന്ന സാമൂഹ്യ തരംഗങ്ങൾക്ക് അത് കാരണമായിട്ടുണ്ട് എന്ന് സമ്മതിക്കാതെ വയ്യ.

നാം  വളർച്ചാ നിരക്കിൽ ലോകത്തെ ഒന്നാംകിട രാജ്യങ്ങളിൽ ഒന്നായി മാറുന്പോഴും, ശാസ്ത്രവിജ്ഞാനാദികളുടെ വിനിയോഗത്തിൽ മുന്നേറുന്പോഴും, വലിയ എക്സ്പ്രസ്സ്‌ വേകളും അതിവേഗ റെയിൽ ഇടനാഴികളും തീർക്കുന്പോഴും, ഐ.ടി പാർക്കുകൾ തീർക്കുന്പോഴുമൊക്കെ സാമൂഹിക വികാസത്തിന് വിഘാതമായി അപരിഹാര്യമായി തന്നെ തുടരുന്ന ഒരു കൂനുണ്ടെന്നതും അതിന്മേൽ പൊട്ടിയൊലിക്കുന്ന ഒരു കുരുവുണ്ടെന്നതും, നാം എത്ര സ്വർണപ്പാത്രം കൊണ്ട് മൂടിയിരുന്നാലും എല്ലാകാലത്തേക്കുമായി നമുക്ക് മറച്ചു വെക്കാനാവില്ല. ഇന്ത്യൻ ജാതി വ്യവസ്ഥ, അത് സമൂഹത്തിൽ സൃഷ്ടിച്ച ആഘാത പ്രത്യാഘാതങ്ങൾ, ഒക്കെ ലോകത്തിലെ മറ്റേതൊരു ജനപഥത്തെക്കാളും ഇന്ത്യൻ സമൂഹത്തെ വ്യതിരിക്തമാക്കുന്നുണ്ട.് ജാതിയെ അതിന്റെ ഉൾക്കാന്പിൽ പരിഗണിക്കാത്ത എല്ലാ സാമൂഹ്യ വിശകലനങ്ങളും വികസന കാഴ്ച്ചപ്പാടുകളും അതുകൊണ്ട്തന്നെ വികലമായി തീർന്നിട്ടുമുണ്ട്.

ചരിത്ര വിശകലനം 

ഭൂമിയിൽ മനുഷ്യവംശത്തിന്റെ ആവിർഭാവം, വളർച്ച, ആധുനിക നാഗരികതയിലേക്കുള്ള അതിന്റെ പ്രയാണം എന്നിവയെ മനസ്സിലാക്കുന്നതിന് മാർക്സിയൻ ചരിത്ര ശാസ്ത്രത്തോളം ഉപയോഗപ്രദമായ മറ്റൊരു ചരിത്രപരമായ ഉപകരണം (Historicl Tool)മറ്റൊന്നുണ്ടെന്നു കരുതാനാവില്ല. മാർക്സിയൻ ചരിത്ര ശാസ്ത്രത്തിന്റെ പരിമിതികൾ പരിഗണിക്കാതെയല്ല ഈ പ്രസ്താവന. എല്ലാ പരിമിതികളെയും അംഗീകരിക്കുന്പോഴും ചരിത്രത്തെ ആദിമാധ്യാന്തം പൊരുത്തത്തോടെ വിശകലനം ചെയ്യാനുള്ള ഉപകരണങ്ങൾ മാർക്സിയൻ ചരിത്ര ശാസ്ത്രത്തിന് വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്, അതുകൊണ്ടാണ് കടുത്ത മാർക്സിസ്റ്റ് വിരുദ്ധരായ ചരിത്ര ശാസ്ത്രഞ്ജന്മാർ പോലും ചരിത്ര വിശകലനത്തിന് മാർക്സിയൻ ചരിത്ര ശാസ്ത്ര രീതികൾ വ്യാപകമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. ആ രീതി ശാസ്ത്രമനുസരിച്ച് രണ്ട് കാലിൽ നിവർന്നു നിൽക്കുവാൻ കഴിയുകയും ഇരു കൈകളും സ്വതന്ത്രമാകുകയും, സ്വതന്ത്രമായ കൈകൾ കൊണ്ട് സ്വതന്ത്രമായ അദ്ധ്വാനം സാധ്യമാകുകയും കായികാധ്വാനത്തിന്റെ അനുബന്ധ ഫലം എന്ന നിലയിൽ തലച്ചോറിന്റെ വളർച്ച സാധ്യമാകുകയും, അദ്ധ്വാനത്തിനുള്ള ഉപകരണങ്ങൾ പ്രകൃതിയിൽ നിന്ന് കണ്ടെത്തുകയും, കണ്ടെത്തിയ ഉപകരണങ്ങളെ, അദ്ധ്വാനത്തിന്റെ ഉപകരണങ്ങളും തലച്ചോറും ചേർന്ന് പുതുക്കുകയും ചെയ്തപ്പോൾ ഉപകരണങ്ങൾ പരിഷ്കരിക്കപ്പെടുകയും അദ്ധ്വാനം ലഘൂകരിക്കപ്പെടുകയും, ഈ പ്രക്രിയയുടെ നിരന്തര വികാസത്തിലൂടെ (Chain reaction) ആധുനിക മനുഷ്യനിലേക്ക് വികസിക്കുകയും ചെയ്യുന്നു.

ഈ ചരിത്ര വികാസത്തെ പ്രാകൃതം (Primiture)അടിമത്വം (Slavery) ജന്മിത്വം (Fuedal) മുതലാളിത്തം (Capitalisam) സ്ഥിതിസമത്വം(Socialisam) കമ്യൂണിസം എന്നൊക്കെ ഘട്ടവിഭജനം നടത്തുകയും ചെയ്യുന്നു. നരവംശ ശാസ്ത്രവും ഉദ്ഘനനശാസ്ത്രവുമൊക്കെ ഈ ഘട്ട വിഭജനങ്ങളെ സാധൂകരിച്ചിട്ടുണ്ട്. പക്ഷെ ഈ ഘട്ട വിഭജനങ്ങളെ വെള്ളം കടക്കാത്ത വ്യത്യസ്ത അറകളിൽ സംഭവിക്കുന്ന മാറ്റങ്ങളായി വ്യാഖ്യാനിക്കുന്ന യാന്ത്രിക രീതികൾക്കെതിരെ ലോകത്തെങ്ങുമുള്ള ചരിത്രശാസ്ത്രഞ്ജന്മാരിൽ നിന്ന് ശക്തമായ എതിർപ്പ് നേരിട്ടിട്ടുണ്ട്.         

പ്രാകൃത സമൂഹത്തിനു ശേഷം അടിമത്തം ശേഷം ജന്മിത്തം  മുതലാളിത്തം എന്നിങ്ങനെ കള്ളിയിട്ട് തിരിക്കാവുന്ന ഘട്ടങ്ങളൊന്നുമായിട്ടല്ല ലോകത്തിന്റെ  പലയിടങ്ങളിലും ചരിത്രം വികസിച്ചത്. ഇവയുടെയൊക്കെ ഇടകലരലുകൾ ഏറിയോ കുറഞ്ഞോ  എല്ലാ ജനപഥങ്ങളിലും കണ്ടെത്താനുമാകും. 

യൂറോപ്പിനെ  അപേക്ഷിച്ച് ഏഷ്യയിൽ  ഇടകലരൽ അതീവ സങ്കീർണ്ണമായിരുന്നു. അതുകൊണ്ടാണ് മാർക്സ് തന്നെ  തന്റെതന്നെ പഴയ സംവർഗ്ഗങ്ങളായ പ്രാകൃതം, അടിമത്തം, ജന്മിത്തം, മുതലാളിത്തം  എന്നിവയ്ക്ക് പകരമായി ‘ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷൻ’ എന്ന പുതിയ ഒരു പരികൽപന കൊണ്ട് വിശദീകരിച്ചത്.  എന്നാൽ ഇതൊന്നും മനസ്സിലാക്കാതെ സാന്പ്രദായിക രീതി അനുസരിച്ചുള്ള പ്രൊക്ര േസ്റ്ററിയൻ കട്ടിലിൽ ഇന്ത്യാ ചരിത്രത്തെ പിടിച്ചുകെട്ടി അംഗഭംഗം വരുത്തി വിശദീകരിച്ച ‘പണ്ധിതന്മാർ’ ഇന്ത്യയിലും  ധാരാളമായി ഉണ്ടായിട്ടുണ്ട്. 

സാന്പ്രദായിക, വ്യവസ്ഥാപിത മാർക്സിസ്റ്റുകളിൽ പ്രമുഖനായ എസ്.എ ഡാങ്കെയെപ്പോലുള്ളവർ  ഇത്തരം നിലപാടുകൾ മുന്നോട്ട് വച്ചവരാണ്. എന്നാൽ മാർക്സിസത്തിലും ഗണിത ശാസ്ത്രത്തിലുമൊക്കെ അഘാതമായ പാണ്ധിത്യമുണ്ടായിരുന്ന ദാമോദർ ധർമ്മാനന്ത് കൊസാംന്പി (D.D Kosamby)യെപ്പോലുള്ളവരുടെ രംഗപ്രവേശത്തോടെയാണ് ഇന്ത്യാ ചരിത്രത്തിൽ ഇത്തരം അസംബന്ധങ്ങൾ പൊളിഞ്ഞു വീഴാൻ ആരംഭിച്ചത്. ഡി.ഡി കൊസാംന്പിയുടെ പഠനങ്ങൾ ഇന്ത്യൻ സമൂഹത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിശകലനങ്ങൾക്ക് വലിയ സംഭാവന തന്നെ അർപ്പിക്കുന്നതായി.

പരസ്പരം വേർതിരിക്കാൻ കഴിയാത്ത വിധം പ്രാകൃത, അടിമത്ത, നാടുവാഴിത്ത, മുതലാളിത്ത ഘടനകൾ  ഇടകലർന്ന സങ്കീർണ്ണമായ ഇന്ത്യൻ അവസ്ഥയെ അദ്ദേഹം നന്നായിത്തന്നെ പഠിച്ച് സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ജാതിവ്യവസ്ഥയുടെ സങ്കീർണ്ണത അതിവിപുലമായ പഠനം ആവശ്യമുള്ള ഒന്നാണ് എന്നദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. തുടർന്ന് വന്ന മാർക്സിസ്റ്റുകളും അല്ലാത്തവരുമായ ചരിത്രശാസ്ത്ര പണ്ധിതന്മാർ ഇക്കാര്യത്തിൽ വളരെയേറെ മുന്നേറുകയും ചെയ്തിട്ടുണ്ട്.

രാം മനോഹർ ലോഹ്യ, ഡോക്ടർ അംബേദ്‌കർ എന്നിവരും ഇന്ത്യൻ സമൂഹത്തിൽ ജാതിയും വർണ്ണവും ചെലുത്തിയ സ്വാധീനത്തിന്റെ അപാരമായ ആഴങ്ങളെ വലിയൊരളവിൽ പഠിച്ചവരാണ്.

ഇന്ത്യൻ വർഗ്ഗ സമരവും ജാതിയും 

മലയാളത്തിൽ ഒരു ചൊല്ലുണ്ട്, “കുളം കുഴിക്കുന്പോൾ കുറ്റി വേറെതന്നെ പിഴുതെടുക്കേണ്ടതുണ്ടോ?” എന്നാണത്. കുളം കുഴിക്കാൻ മണ്ണ് നീക്കുന്പോൾ തറച്ചു നിൽക്കുന്ന കുറ്റി താനേ വീണ് പോകുമല്ലോ, പിന്നെയെന്തിന് കുറ്റി പ്രത്യേകമായി പിഴുതെടുക്കണം എന്നാണ് വിവക്ഷ. അതായത് സാമൂഹ്യവ്യവസ്ഥ ആകെ മാറുന്പോൾ അതിൽ തറഞ്ഞു നിൽക്കുന്ന ജാതി വ്യവസ്ഥയും താനേ തകർന്നു പോകുമല്ലോ എന്നാണ് കാഴ്ച്ചപ്പാട്. അതായത് നിലവിലുള്ള സാമൂഹ്യവ്യവസ്ഥയെ മാറ്റാനുള്ള വർഗ്ഗ സമരമാണ് പ്രധാനമെന്നും ആ വ്യവസ്ഥ മാറുന്പോൾ ജാതിവ്യവസ്ഥ മാറിക്കൊള്ളുമെന്നും അതുകൊണ്ട് ജാതിവ്യവസ്ഥക്കെതിരായ പ്രത്യേക സമരങ്ങൾ ആവശ്യമില്ലെന്നുമുള്ള കാഴ്ച്ചപ്പാടാണ് വ്യവസ്ഥാപിത കമ്യൂണിസ്റ്റുകൾ തുടക്കത്തിൽ മുന്നോട്ട് വെച്ചിരുന്നത്. എന്നാൽ ഇന്ത്യൻ വർഗ്ഗ സമരം എന്ന് പറയുന്നത് തന്നെ ജാതി വിരുദ്ധ സമരമാണെന്നും സവർണ്ണ, കീഴാള, ദളിത് സംഘർഷങ്ങൾ വർഗ്ഗ സമരത്തിന്റെ തന്നെ ഭാഗമാണെന്നും ഡി.ഡി കൊസാംന്പിയും രാം മനോഹർ ലോഹ്യയും അംബേദ്‌കറും പിൽക്കാല മാർക്സിസ്റ്റ് ചരിത്രകാരന്മാരുമൊക്കെ ശരിയായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ചരിത്രാതീത കാലത്തോളമുള്ള ആഴങ്ങളിൽ വേരോട്ടമുള്ള ജാതിവ്യവസ്ഥ ഇന്ത്യയുടെ വിദൂര ഗ്രാമങ്ങളിൽ ആഘാതമായ താഴ്്വേരുകളാൽ സഞ്ചരിച്ച് ഇപ്പോഴും പടർന്ന് പന്തലിച്ച് നിൽക്കുന്ന വടവൃക്ഷമാണെന്നും കേവലമായ സാന്പത്തിക പരിഷ്കരണങ്ങളിലൂടെയും സാന്പത്തിക രംഗത്തെ വർഗ്ഗ സമരങ്ങളിലൂടെയും ചെറുത്ത് തോൽപ്പിക്കാൻ കഴിയാത്തതാണെന്നുള്ള കാഴ്ച്ചപ്പടിന്റെ സാമൂഹ്യമായ സാധൂകരണമാണ് നാം ഹൈദരാബാദ് സർവ്വകലാശാലയിൽ കണ്ടത്. വിദ്യാഭ്യാസം കൊണ്ടോ സാന്പത്തിക ശേഷി കൊണ്ടോ വളർച്ച നേടിയെടുക്കാൻ സാധിച്ചാൽപ്പോലും ജാതി സൃഷ്ടിക്കുന്ന സാമൂഹ്യ പദവി ശ്രേണിയെ മറികടക്കാൻ കഴിയാത്ത അവസ്ഥയാണത് സൃഷ്ടിക്കുക. എന്നാൽ ദളിതരും പിന്നോക്കക്കാരും സാന്പത്തികമായും വിദ്യാഭ്യാസപരമായും അങ്ങേയറ്റത്തെ പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരാണ് എന്നത് കൊണ്ട് ഇന്ത്യൻ വർഗ്ഗ സമരം മേലാള കീഴാള കലാപങ്ങളായാണ് പ്രത്യക്ഷപ്പെടുന്നത്. 

നവോത്ഥാന പ്രസ്ഥാനവും കർഷക, ട്രേഡ് യൂണിയൻ സമരങ്ങളും വലിയ തോതിൽ മുന്നേറിയ, സാന്പത്തിക സ്ഥിതി സമത്വം പ്രകടമായ മുന്നേറ്റങ്ങളുണ്ടാക്കിയ, വർത്തമാന കാല കേരളത്തിലെ ജാതി വിവേചനവും ജാതി സ്വാധീനവും പരിഗണിച്ചാലും നമുക്കിത് വ്യക്തമാവും.

പുറമേക്ക് പുരോഗമനവാദികളും വലിയ വാചകമടിക്കാരുമൊക്കെ ആയിരിക്കുന്പോൾ പോലും ദളിതരുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ അറയ്ക്കുന്ന വലിയൊരു വിഭാഗം ആധുനിക മനുഷ്യർ ഇപ്പോഴും കേരളത്തിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ചർച്ച ചെയ്യപ്പെട്ട സാന്പവ പ്രശ്നങ്ങളൊക്കെ ഈ കാഴ്ച്ചപ്പാടിന്റെ പ്രശ്നമാണ്. സാന്പവ കോളനി പരിസരത്തെ സ്കൂളിൽ അവരുടെ കുട്ടികൾ കൂട്ടമായി പഠിക്കാൻ എത്തുന്നത് കൊണ്ട്, ‘അവിടുത്തെ പഠന നിലവാരം മോശമായത് കൊണ്ട്,’ മറ്റ് വിഭാഗക്കാർ അവരുടെ കുട്ടികളെ അവിടെ പഠിപ്പിക്കതിരിക്കുന്നത് വാർത്തയായിരുന്നല്ലോ.

‘അവർക്ക്’ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തിട്ടും ‘അവർ’ അത് ഉപയോഗിക്കുന്നില്ല എന്ന് വിലപിക്കുന്ന ചില പഞ്ചായത്ത് ഭരണാധികാരികളുടെ പ്രസ്ഥാവനകളും പത്രങ്ങളിലൊക്കെ വരികയുണ്ടായി. ദളിതർക്ക് പ്രത്യേക കോളനികൾ സ്ഥാപിച്ച് അവരെ പൊതു സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തി പാർശ്വവൽക്കരിക്കുന്നതാണല്ലൊ നമ്മുടെ വികസന തന്ത്രം.

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലേത് ജാതി വിവേചനത്തിന്റെയോ ദളിതത്വത്തിന്റെയോ പ്രശ്നമല്ലെന്ന് സ്ഥാപിക്കുവാൻ സ്മൃതി ഇറാനിമാരും അപ്പറാവുമാരുമൊക്കെ നുണകളുടെ പിൻബലത്തോടെ പരിശ്രമിക്കുന്നത് ഒരു കാര്യം പകൽ പോലെ വ്യക്തമാക്കുന്നുണ്ട്. അത് ഭരണ സംവിധാനങ്ങൾ ബ്രാഹ്മണ മേൽക്കോയ്മയിലും കീഴാള മർദ്ദനത്തിലും അധിഷ്ഠിതമായി മാത്രം നിലനിൽക്കാൻ കഴിയുന്ന സംവിധാനമാണ് എന്ന യാഥാർത്ഥ്യമാണ്. അതായത് വർഗ്ഗ സമരം തന്നെയാണ് പരമപ്രധാനമെങ്കിലും ജാതി വ്യവസ്ഥയെ അവഗണിച്ചു കൊണ്ടുള്ള ഒരു വർഗ്ഗ സമരവും ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ പ്രതിനിധീകരിക്കാൻ പര്യാപ്തമല്ല.

 

You might also like

Most Viewed