അതിരുകളില്ലാത്ത സ്നേഹ സംഗീതം
കോഴിക്കോട്ടുകാർ എന്നും സംഗീതാസ്വാദകർ ആയിരുന്നു. ബാബുക്കയുടെ ഹാർമോണിയംപെട്ടി ശ്രുതി മീട്ടുന്നിടത്തൊക്കെ അവർ കുത്തിയിരുന്ന് താളം പിടിച്ചു. അത് സാഗര ഗർജനം പൊഴിക്കുന്ന കോഴിക്കോടൻ തീരത്തെ പഞ്ചാര മണലിലാവാം, കല്യാണ രാവുകളിലാവാം, പീടിക മുറികൾക്ക് മുകളിലെ ചായ്പ്പുകളിലാവാം, ഉത്സവപ്പറന്പുകളിലാവാം. എവിടെയായാലും കോഴിക്കോടിന്റെ മനസ്സ് ഇളകി മറിയും വായ്ത്താരിയിട്ട് ആർത്തിരന്പും തുടകളിൽ താളമിട്ട് ആകാശത്തു കൈയ്യുയർത്തി സാധകം ചെയ്യാത്ത തൊണ്ടകൾ തുറന്ന് അവർ കൂടെപ്പാടും.
ഇതൊന്നും കുറേ പണ്ധിതവരേണ്യന്മാരുടെ സ്വകാര്യങ്ങളായിരുന്നില്ല, ഒരു ജനതയുടെ, സംഗീതം കുതിർന്നു നനഞ്ഞ ആത്മാവിലും മണ്ണിലുമായിരുന്നു കോഴിക്കോട് അബ്ദുൾ ഖാദറും അദ്ദേഹത്തിന്റെ മകൻ സത്യജിത്തും ശരത്ചന്ദ്ര മറാഠേയുമൊക്കെ ഈ നഗരത്തിലും നാട്ടിൻ പുറങ്ങളിലും അഭിമാനത്തോടെ നെഞ്ചേറ്റപ്പെട്ടു. രാജകുടുംബാംഗങ്ങളെ സംഗീതം പഠിപ്പിക്കാൻ ഈ നാട്ടിലേയ്ക്ക് അതിഥിയായി വന്നെത്തിയ ശരത് ചന്ദ്ര മറാഠെ അവസാനം കോഴിക്കോടിന്റെ ദത്തു പുത്രനായി. ഈ മണ്ണിന്റെ സ്നേഹവും ദാരിദ്ര്യവും ഏറ്റു വാങ്ങി കോഴിക്കോടൻ സംഗീതഭ്രമത്തിന്റെ ഭാഗമായി കെട്ടടങ്ങി.
പഴയ ഈ മനുഷ്യരേ കെട്ടടങ്ങിയുള്ളൂ അവരുടെ സംഗീതത്തിന് ഒരിക്കലും മരണമുണ്ടായിരുന്നില്ല, അത് നറുനിലാവും കുളിരും പ്രണയവും വിരഹവും ദുഃഖവും ലഹരിയുമൊക്കെയായി തളിർത്ത് പടർന്നുകൊണ്ടിരുന്നു. നീല നിലാമഴ പെയ്തിറങ്ങുന്ന രാവുകളിൽ മറ്റെല്ലാം മാറ്റിവെച്ച് അവർ സംഗീതത്തിന് വേണ്ടി ഒത്തു കൂടി.
വിശ്വപ്രശസ്തനായ ഗസൽ ചക്രവർത്തി ഗുലാം അലിയുടെ പാട്ട് കേൾക്കാൻ കോഴിക്കോടിന്റെ സ്വപ്നനഗരിയിൽ അവർ ഒത്ത് ചേർന്നപ്പോൾ ഒരു പക്ഷെ അത് ലോകത്തിലെ തന്നെ അപൂർവ്വം സംഗീത സദസ്സുകളിൽ ഒന്നായിമാറി. സംഗീതത്തിന്റെ മാസ്മരിക ഭാവങ്ങൾ കൊണ്ട് മാത്രമായിരുന്നില്ല അത്. ഉണർന്നിരിക്കുന്ന മാനവിക വികാരങ്ങളെ കൊണ്ടും അത് ശ്രദ്ധേയമായി. സഹിഷ്ണുതയുടെയും സമന്വയത്തിന്റെയും മന്ത്രവും പാഠവും ലോകത്തിനു പകർന്നു കൊടുത്ത, ഭാരതത്തോളം പോന്ന മണ്ണ് ഈ ഭൂമിയിൽ മറ്റെവിടെയെങ്കിലും ഉണ്ടോ? ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന് നിത്യവും പ്രാർത്ഥിച്ചു കൊണ്ടാണ് ഈ മണ്ണും മനുഷ്യരും ഉണരാറുള്ളത്. ‘തത് തും അസി’ എന്ന് ലോകത്തെ പഠിപ്പിച്ച അദ്വൈത വേദാന്തത്തിന്റെ നാട്, ലോകത്തെല്ലാമുള്ള മനുഷ്യരെയും അവരുടെ സംസ്കാരത്തെയും സ്വന്തം ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുകയും അവയൊക്കെ നാട്ടുനച്ചു ഹൃദയ രക്തത്തിൽ പടർത്തി വലുതാക്കുകയും ചെയ്ത ഒരു നാട്.
പാശ്ചാത്യ നാഗരികതയുടെ ഈറ്റില്ലങ്ങളിൽ കയറിനിന്ന് ‘ലോകത്താകെയുള്ള എന്റെ സഹോദരീ സഹോദരന്മാരെ’ എന്ന ഒറ്റ സംബോധനയിലൂടെ, ഭാരതത്തെ ലോകത്തിന്റെ തിലകക്കുറിയാക്കി മാറ്റിയ സ്വാമി വിവേകാനന്ദന്റെ നാട്, മഹത്തായ ഷഡ്ദർശനങ്ങളുടെ പാരന്പര്യം അവകാശപ്പെടാവുന്ന ഒരു നാട്, ശാസ്ത്രവും ദർശനങ്ങളും ലോകത്തിന്റെ മറ്റിടങ്ങളിൽ ഉദയം കൊള്ളുന്നതിന് മുന്പ് വിടർന്ന് പരിലസിച്ച ഒരു നാട്.
നാസ്തികനായ ചാർവാകനെ മുനിവര്യനായി ആദരിക്കുകയും ക്ഷേത്ര മുറ്റങ്ങളിൽ തന്റെ നിരീശ്വരവാദം പ്രചരിപ്പിക്കുന്നതിനു നിലപാട് തറകൾ പണിത് സൗകര്യമൊരുക്കിക്കൊടുക്കുകയും ചെയ്തത്, സഹിഷ്ണുതയോടെ ഉൾക്കൊണ്ടവരുടെ നാട്. സംഗീതത്തിന് ഭാഷയോ അതിരുകളോ ഇല്ലെന്നും അതിനു സാർവ്വ ലൗകികമായ സ്നേഹത്തിന്റെ, വിശ്വമാനവികതയുടെ ദേവസ്പർശമാണുള്ളതെന്നും ലോകത്തെ പഠിപ്പിച്ചവരുടെ നാട്. സംഗീതത്തിന്റെ, ആത്മാവിന്റെ ആഴക്കടലുകളിൽ നീന്തിത്തുടിച്ചവരുടെ നാട്ടിൽ വിശ്വപ്രസിദ്ധനായ ഗുലാം അലിയെപ്പോലുള്ള ഒരാൾ പാടാൻ പാടില്ല; അതിന് ഞങ്ങൾ അനുവദിക്കില്ല എന്ന് ചിലർ നെഞ്ച് വിരിച്ച് കച്ച മുറുക്കിക്കൊണ്ട് പ്രഖ്യാപിക്കുന്പോൾ, അത്തരം പ്രഖ്യാപനങ്ങൾക്ക് ഭരണകൂടങ്ങൾ മനസ്സാ വാചാ കർമ്മണാ പിന്തുണ നൽകുന്പോൾ, നാം ലോകത്തിന്റെ മുന്പിൽ എത്ര മാത്രം ചെറുതായിപ്പോകുന്നുണ്ടെന്ന് ആലോചിക്കാൻ കഴിയാത്തവരായി തീരുന്നവരെക്കുറിച്ച് നമുക്കെന്താണ് പറയാൻ കഴിയുക. ഏറ്റവും മിതവും മൃദുവായ ഭാഷയിൽ മനുഷ്യമാതാവിന്റെ ഗർഭത്തിൽ പിറന്ന് മനുഷ്യരല്ലാതായി മാറിയവർ എന്ന് ചിന്തിച്ചു പോയെങ്കിൽ കുറ്റപ്പെടുത്തരുത്.
ഈ പറയുന്നവരിൽ പലരും അഖണ്ധ ഭാരതം സ്വപ്നം കാണുന്നവരാണ് എന്ന് നാം മറക്കരുത്. “ഒരു നാൾ സിന്ധു നദി വീണ്ടും അഖണ്ധ ഭാരതത്തിന്റെ വിരിമാറിലൂടെ ഒഴുകിത്തുടങ്ങും അന്ന് എന്റെ ചിതാഭസ്മം അഖണ്ധ സിന്ധുവിന്റെ മാറിലൊഴുക്കുക” എന്ന് അന്ത്യാഭിലാഷം രേഖപ്പെടുത്തി വെച്ച നാഥുറാം വിനായക് ഗോട്സെയും നമ്മുടെ സന്തതിയാണ് എന്ന് നാം മറക്കരുത്. ആ അഖണ്ധ ഭാരതത്തിന്റെ സന്തതി തന്നെയാണല്ലോ, ആ അർത്ഥത്തിലെടുത്താലും ഗുലാം അലി എന്ന വിശ്വപ്രസിദ്ധ ഗസൽ മാന്ത്രികൻ. ഇന്ത്യയെന്നും പാകിസ്ഥാനെന്നും ഈ മണ്ണിനെ വെട്ടിമുറിച്ചത്, ഒരിക്കലും ഗുലാം അലിയോ അദ്ദേഹത്തിന്റെ കുടുംബാങ്ങളോ ആയിരിക്കില്ലല്ലോ. പക്ഷെ ഇത്തരം യുക്തികളൊക്കെ മനസ്സിലാക്കാൻ നാം മനുഷ്യർക്കാണ് കഴിയാതെ പോകുന്നത്. ത്യാജ്യഗ്രാഹ്യ വിവേചന ബുദ്ധിയില്ലാത്ത മൃഗങ്ങൾക്കല്ല, എന്നാണല്ലോ നമുക്കിപ്പോൾ മനസ്സിലാകുന്നത്.
ഇത്തരം അവസ്ഥയോടുള്ള ഒരു പ്രായശ്ചിത്തം പോലെ, ഇത് ശരിയല്ല ഇന്ത്യയിൽ മറ്റൊരിടത്തായില്ലെങ്കിലും ഗുലാം അലിക്ക് പാടാൻ കേരളത്തിന്റെ മണ്ണിലിടമുണ്ട് എന്ന് പ്രഖ്യാപിച്ച ‘സ്വരലയ’ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നുണ്ട്. ഉള്ളടക്കം ചോർന്ന് പോയിക്കൊണ്ടിരിക്കുന്പോഴും രൂപത്തിൽ ഇപ്പോഴും മതനിരപേക്ഷതയെ ഉയർത്തിപ്പിടിക്കാൻ മലയാളിക്ക് കഴിയുന്നുണ്ട് എന്ന പ്രഖ്യാപനം കൂടി ഈ പരിപാടി നൽകുന്നു.
2017 ജനുവരി 17ന്റെ സായാഹ്നം, മകരക്കുളിർ സങ്കോചത്തോടെ പടിയിറങ്ങികൊണ്ടിരിക്കുകയും സൂര്യതാപത്തിന് കനം വെയ്ക്കാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു. കോഴിക്കോടിന്റെ വഴികളെല്ലാം ഉച്ചയോടെ സ്വപ്ന നഗരിയിലേക്ക്. വൈകിട്ട് 4:30 ആയതോടെ അറബിക്കടൽ ഗുലാം അലിയെ ഒരു നോക്ക് കാണാൻ, ജ്വലിക്കുന്ന സംഗീത സാഗരത്തെ ഒന്ന് തൊട്ടുനോക്കാൻ, ഗസൽ മഴയിൽ നനഞ്ഞു കുതിരാൻ, സ്വപ്നനഗരിയിലേക്ക് വിരുന്നെത്തിയ പോലെ. പതിനായിരങ്ങൾ സമുദ്രഗർജനവും തിരമാലകളും ആരവം തീർത്ത് ഒരു മനുഷ്യക്കടൽ തന്നെ പണി തീർത്തിരിക്കുന്നു.
കാരാനാഖാരാനയിൽ നിന്നുള്ള പ്രസിദ്ധ സംഗീതനജ്ഞനും ആകാശവാണി ഡയറക്ടറുമായ പണ്ധിറ്റ് വിശ്വനാഥ് ആണ് ആദ്യം വേദിയിലെത്തിയത്. ഗുലാം അലിക്ക് സ്വാഗതമോതിക്കൊണ്ടുള്ള ‘പിയാ മേനേ ആയീ ചാന്ദനീ കാ രാത്’ എന്ന കൃതിയാണ് അദ്ദേഹം ആലപിച്ചത്. സ്വരസ്ഥാനങ്ങളിൽ തൊട്ട് അദ്ദേഹം ഇന്ദ്രജാലങ്ങൾ കാണിച്ചുകൊണ്ടിരുന്നെങ്കിലും ജനങ്ങൾക്ക് അത് മതിയായിരുന്നില്ല. ഒരു കീർത്തനം കൂടിയെ അദ്ദേഹം പാടിയുള്ളൂ, അപ്പോഴേക്ക് ആകാശത്ത് നീല നിലാവ് നേർത്ത കോടമഞ്ഞിൽ ലയിച്ച് ലഹരി വെച്ചു തുടങ്ങിയിരുന്നു. ആകാശത്തിലെ നക്ഷത്രങ്ങളെല്ലാം സ്വപ്നനഗരിയിൽ ഒത്തുചേർന്ന്, താഴെ ഗുലാം അലിയെ ഒരുനോക്ക് കാണാൻ, കണ്ണിമ വെട്ടാതെ കാത്തിരുന്ന പോലെ. അവർ ആർക്ക് വേണ്ടിയാണോ ഇത്ര നേരം കാത്തിരുന്നത് ആ മഹാഗായകൻ വേദിയിൽ. ആരവങ്ങൾ തീർത്തും കൈകൾ ഉയർത്തി വീശിയും ജനം തങ്ങളുടെ ആദരവും സ്നേഹവും പ്രകടിപ്പിച്ചു. ജനബാഹുല്യവും അവർ പ്രകടിപ്പിക്കുന്ന സ്നേഹാദരങ്ങളും ഒരു പക്ഷെ ആ വിശ്വപ്രസിദ്ധ ഗസൽ ഗായകന് തന്റെ ജീവിതത്തിലെ തന്നെ അസുലഭ മുഹൂർത്തങ്ങളിൽ ഒന്നായി മാറിയിരിക്കണം. കേരളത്തിലെ ജനങ്ങൾ തന്നോട് കാണിക്കുന്ന സ്നേഹത്തിന് മറുപടി പറയാൻ കഴിയാതെ അദ്ദേഹം വിതുന്പി.
തബല മാന്ത്രികൻ കൂടിയായ ഗുലാം അലിയുടെ വിരലുകൾ ഹാർമോണിയത്തിന്റെ ബിറ്റുകളെ സ്പർശിച്ചതോടെ ആ മാന്ത്രിക ശ്രുതികൾ ജനത്തെ ഒരു നിമിഷം സ്തബ്ദമാക്കി. അഹമ്മദ് ഫറാസിന്റെ സുപ്രസിദ്ധമായ കൃതി ‘തേരി ബാത്രം ഹീ സുനാഹേ ആയേ’ എന്ന ഈരടികൾ ആലപിച്ചുകൊണ്ട് അദ്ദേഹം പൂത്ത് വിടർന്നു.
തന്റെ ഗുരുവും വിശ്വപ്രസിദ്ധ സംഗീതജ്ഞനുമായ ബഡെ ഗുലാം അലിഖാന്റെ ശാസ്ത്രീയ സംഗീതത്തിന്റെ പടവുകളിലൂടെ ലളിത സംഗീതത്തെ, സുന്ദരമായ ശാസ്ത്രീയ സംഗീതത്തിന്റെ വിശാലമായ തലങ്ങളിലേക്ക് എത്തിച്ചതോടെ ജനം ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിലേക്ക് കുടിയേറിപ്പാർത്തു. തൊട്ടരുകിലിരുന്നു ദില്ലി മലയാളിയായ നിധിൻ പരിഭാഷ നിർവ്വഹിക്കുന്നുണ്ടായിരുന്നു.
‘തെരുവിൽ വെടിയുണ്ടകൾ തീർത്ത പുകകളുടെ ദുർഗന്ധം, നിശ്വസിക്കുന്നത് രക്തത്തിന്റെ മണം, എല്ലാവരുടെയും കൈകൾ തണുത്ത് മരവിച്ചിരിക്കുന്നു, എങ്കിലും നമുക്കിനിയുമൊരുപാട് പോകാനുണ്ട്, എങ്കിലും ശരീരവും ജ്വലിച്ചു കൊണ്ടിരിക്കുന്നു, ഈ ദൂര യാത്രയിൽ പാദങ്ങൾ വേദനയറിയുന്നില്ലെങ്കിലും ഹൃദയങ്ങൾ ആ വേദന പേറുന്നു. ഹാ ജീവിതമേ നിന്നെ വേർപെട്ട് പോകുന്പോൾ എന്റെ ദു:ഖഭാരം അതിന്റെ ഉത്തംഗശൃംഗത്തിലെത്തുന്നു.”
“ഈ നഗരത്തിൽ ഞാൻ ഒരു വഴിയാത്രക്കാരനെപ്പോലെ എത്തുന്നു” എന്ന രണ്ടാമത്തെ ഗാനത്തിലേക്ക് കടന്നപ്പോൾ സംഗീതത്തിൽ അവഗാഹമൊന്നുമില്ലാത്ത സാധാരണ ജനം അവരവരുടെ ഇടനെഞ്ചുകൊണ്ട് ഉടുക്കുകൊട്ടി, സംഗീതത്തിന്റെ മഹാ സാഗരത്തിൽ ആഴങ്ങളിലൂടെ ഊളിയിട്ട് ആ മഹാ മാന്ത്രികൻ ഞങ്ങൾ കോഴിക്കോട്ടുകാർക്കായി മുത്തും പവിഴവും വാരി വിതറി. അപ്പോഴും കോഴിക്കോട്ടുകാർ പ്രതീക്ഷയോടെ കാത്തിരുന്നത് ‘ചുപ്കെ ചുപ്കെ .... എന്ന പാട്ടിനായിരുന്നു. അവസാനം അല്പ്പം ക്ഷീണിച്ച സ്വരത്തിലാണെങ്കിലും മകന്റെ സഹായത്തോടെ ആ പാട്ടും എത്തി. നേർത്തൊരരുവിതൻ താരാട്ടായി ആരംഭിച്ച് പുഴയായി കാറ്റായി കടലായി സംഗീതം. സംഗീതം, സംഗീതം മാത്രമായി, പ്രളയമായി.
ബോളിവുഡിലെ സംഗീതജ്ഞനായ ഗുലാം അലിയുടെ മകൻ, അമീർ അലിയും തന്റെ പാട്ടുകളുമായി വേദിയിലെത്തി. പുതു തലമുറയിലെ അദ്ദേഹത്തിന്റെ പാട്ടുകൾ മനോഹരം തന്നെ ആയിരിക്കാം, പക്ഷെ അപ്പോഴുമത് മോരും മുതിരയും പോലെ വേറിട്ട് തന്നെ കിടന്നു. മോരും മുതിരയുമൊക്കെ നമുക്ക് വേണ്ടത് തന്നെ ഒന്നും മോശമല്ല. പക്ഷെ അപ്പോഴും മോര് മോരും മുതിര മുതിരയും തന്നെ രണ്ടും തമ്മിൽ ചേരില്ല. അങ്ങനെ ചേർക്കാൻ ശ്രമിക്കരുത് എന്നൊരു സന്ദേശവും അത് നൽകുന്നുണ്ടാവും.
ഇതിന് ഒരു പതിറ്റാണ്ട് മുന്പ് കോഴിക്കോട് കടപ്പുറത്ത് നിന്ന് കേട്ട ആർദ്രഗംഭീര നാദം അല്പ്പം ക്ഷീണിച്ചിട്ടുണ്ട് തീർച്ച, പക്ഷെ അന്നത്തേക്കാൾ എത്രയോ ഹൃദ്യവും അർത്ഥസന്പുഷ്ടവുമായിരുന്നു ഈ കോഴിക്കോടൻ സംഗീത സന്ധ്യ. കാരണം അത് കേവലം ഒരു സംഗീത പരിപാടി മാത്രമായിരുന്നില്ല. ഇതൊരു പ്രതിഷേധവും ഒരു സമരവും കൂടിയായിരുന്നു. സംഗീതത്തിനും മനസ്സിനുമൊക്കെ അതിരുകൾ തീർത്ത് കൊട്ടിയടയ്ക്കുന്ന അസഹിഷ്ണുതയുടെ വർത്തമാനത്തോടുള്ള, ഒരു ജനതയുടെ പ്രതികരണം. ആ അർത്ഥത്തിൽ അത് മഹത്തരമായിരുന്നു. അതുകൊണ്ടാണ് സംഗീത കന്പക്കാരല്ലാത്ത ഒരു വലിയ ജനാവലി കൂടി അവിടെ ഒഴുകിയെത്തിയത്. അപ്പോഴും നാം പറയാൻ ആഗ്രഹിക്കാത്ത, മൂടി വെക്കാൻ ആഗ്രഹിക്കുന്ന ഒന്നുണ്ട്, ശിവസേനയുടെ ബാനറിൽ ഏതാനും ചെറുപ്പക്കാർ ഗുലാം അലിക്ക് ‘ഗോ ബാക്ക്’ വിളിക്കാൻ എത്തി, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെയും കൃഷ്ണപ്പിള്ളയുടെയും കെ. കേളപ്പന്റെയും കോഴിക്കോട്ടായിരുന്നു ഇത്. അത് സഹിക്കാം അതിലൊരാൾക്ക് പോലും ലജ്ജ തോന്നിയില്ലല്ലോ എന്ന് ഓർക്കുന്പോൾ ഈ ലേഖകൻ സ്വന്തം ശരീരത്തിലേക്കും മനസ്സിലേക്കും നോക്കുന്നു. ഞാൻ മനുഷ്യൻ തന്നെയോ? എനിക്ക് മനുഷ്യരൂപം തന്നെയാണോ?
ഇവിടെയാണ് പ്രശസ്ത ചിന്തകൻ ആനന്ദിന്റെ വാക്കുകൾ അതിന്റെ അർത്ഥം അന്വേഷിക്കുന്നത് ‘അസഹിഷ്ണുതയല്ല പ്രശ്നം സഹിഷ്ണുതയാണ്. നാം ഒരു കാരണവശാലും സഹിക്കാൻ പാടില്ലാത്തത് പലതും ചോദ്യം ചെയ്യാതെ സഹിക്കുകയാണ്. ഇത് മാനുഷികമായ ഒരു ഗുണവിശേഷമല്ല.’
കോഴിക്കോട്ടുകാർക്ക് ഒരുപക്ഷേ ഇനിയൊരു അവസരമില്ലാത്ത ആ സംഗീത സാഗരം ഒഴുക്കി തന്നവർക്കെല്ലാം നന്ദി പറയണം. സ്വരലയയും മലബാർ ഗോൾഡും മാതൃഭൂമിയുമൊക്കെ ആ അർത്ഥത്തിൽ അഭിനന്ദനം അർഹിക്കുന്നു. പക്ഷെ അപ്പോഴും പലർക്കുമത് ആവോളം കച്ചവടം മാത്രമായിരുന്നു. സർഗ്ഗ തീരത്ത് ഇരുന്പാണി വിൽക്കുന്ന കച്ചവടം. ഒരു പാട്ട് കേൾക്കുവാൻ പോലും കോർപ്പറേറ്റുകളുടെ കനിവിന് വേണ്ടി കാത്തിരിക്കേണ്ടതാണ് നമ്മുടെ ലോകം എന്ന സുഖകരമല്ലാത്ത സന്ദേശം.