കല ആത്മാവിനെ തൊട്ടറിയണം
മനുഷ്യൻ ഒരു സാധാരണ ജീവിയല്ല; സാംസ്
കാരിക ജീവിയാണ്. മാനവ ചരിത്രത്തിലെ പിന്നിട്ടു പോയ വഴിത്താരയിലെല്ലാം അവൻ അവന്റെ സംസ്കാര ചിഹ്നങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. വേട്ടയാടിപ്പിടിച്ച കാട്ടുമൃഗത്തിന്റെ മാംസം ഭക്ഷിച്ച് ആഹ്ലാദ ചിത്തനായ അവനിൽ നിന്ന് ആദ്യത്തെ നൃത്തച്ചുവടുകൾ ആരംഭിക്കുന്നു. അറിയാതെ പുറത്തു വന്ന ആഹ്ലാദരസങ്ങളിൽ നിന്ന് പ്രാകൃതമായ സംഗീതവും കവിതയുമൊക്കെ ഉയിർകൊള്ളുന്നു. ആ മൃഗത്തൊലിയിൽ നിന്ന് ആദ്യത്തെ താള വാദ്യങ്ങളും സംഗീത ഉപകരണങ്ങളും ഉണ്ടാകുന്നു. പാട്ട് മൂളിയ മുളംതണ്ടുകളിൽ നിന്ന് സംഗീതത്തെ പുനഃസൃഷ്ടിക്കാൻ അവന്റെ ചുണ്ടുകളും തലച്ചോറും വെന്പുന്നു. ഇങ്ങനെ സ്വതന്ത്രമാക്കപ്പെട്ട അദ്ധ്വാനത്തിൽ നിന്ന് സംസ്കാരം അതിന്റെ ജൈത്രയാത്ര ആരംഭിക്കുന്നു. അതുകൊണ്ടാണ് ഭൂപ്രകൃതിയും കാലാവസ്ഥയും വ്യത്യസ്ഥമാകുന്നതനുസരിച്ച് വ്യത്യസ്ഥ സംസ്കാരരൂപങ്ങൾ ഉണ്ടായത്.
കറുത്തവനും വെളുത്തവനും ചെന്പ് നിറമുള്ളവനും മൂക്ക് പതിഞ്ഞവനും കാപ്പിരിയുമൊക്കെ ഉണ്ടായത്. ഗോത്ര ചുവടുള്ള നൃത്തത്തെ പഠിക്കുന്പോൾ നമുക്കീ വ്യത്യാസം അറിയാം. ഒരു തരത്തിൽ ഇവയൊക്കെ കാലം ഫോസിലുകളായി വർത്തമാനത്തിൽ കൊടി നാട്ടുന്നവയാണ്. അതുകൊണ്ട് അവയുടെ സംരക്ഷണം, അന്തഃസത്ത ചോർന്നുപോകാതെ, അവയെ പകർത്തി സൂക്ഷിക്കൽ ഒക്കെ, സംസ്കാര സന്പന്നമായ ഒരു തലമുറയുടെ പ്രഥമ പരിഗണന അർഹിക്കുന്നവയാണ്.
ഈ ദിശയിൽ വേണം കേരളം കൊണ്ടാടുന്ന സ്കൂൾ യുവജനോത്സവങ്ങളുടെ പ്രസക്തിയെ മനസ്സിലാക്കാൻ. ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കമാണ് സ്കൂൾ യുവജനോത്സവങ്ങൾ. ഇത്രയേറെ വൈവിധ്യപൂർണ്ണമായ കലകളുടെ അവതരണം ലോകത്ത് മറ്റെവിടെയെങ്കിലും നടക്കുന്നുണ്ടെന്ന് കരുതാനാവില്ല. ഒരു പക്ഷേ നമ്മുടെ കലാരൂപങ്ങളിൽ പലതും ഇന്നും നഷ്ടപ്പെട്ട് പോകാതെ നിലനിൽക്കുന്നത് സ്കൂൾ കലോത്സവങ്ങളിലൂടെയാവാം, അതേപോലെ പ്രധാനമാണ് ഏതെങ്കിലും കാരണം കൊണ്ട് ഈ കല അഭ്യസിച്ച ഒരാൾക്ക് അത് അടുത്ത തലമുറയിലേക്ക് പകർന്ന് നൽകാൻ അവസരമൊരുക്കുന്നതും സ്കൂൾ കലോത്സവങ്ങൾ തന്നെ.
യക്ഷ ഗാനം, മാർഗ്ഗം കളി, ചവിട്ട് നാടകം, അക്ഷര ശ്ലോകം, അഷ്ടപതി, ചന്പു പ്രഭാഷണം, പാഠകം, പൂരക്കളി, കൂടിയാട്ടം തുടങ്ങി പലവിധ പ്രാചീന കലാരൂപങ്ങൾ ഇന്നും നിലനിൽക്കുന്നതിനുള്ള മുഖ്യ കാരണങ്ങളിലൊന്ന് സ്കൂൾ കലോത്സവങ്ങൾ തന്നെയാണ്. സ്കൂൾ കലോത്സവങ്ങൾക്ക് വേണ്ടി ഇത്തരം കലകൾ പഠിപ്പിക്കാൻ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച് അതുകൊണ്ട് മാത്രം ഉപജീവനം നടത്തുന്ന ധാരാളം പേർ ഇന്ന് കേരളത്തിലുണ്ട്. അവരുടെ തലമുറ കുറ്റിയറ്റ് തീരുന്പോൾ ഇത്തരം കലാരൂപങ്ങൾക്ക് എന്ത് സംഭവിക്കും എന്നതും പ്രധാനം തന്നെ.
സമർത്ഥമായ ഒരു വിനിമയം എന്നതിലുപരി കച്ചവടത്തിനുള്ള ഒരുപാധി എന്ന നിലയിലേക്ക് കലോത്സവങ്ങൾ തരം താഴുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലുതും ഒരു പക്ഷേ അപഹാസ്യവുമായ പരിമിതി. പണവും അധികാരവും പച്ചയായ കച്ചവടവും തന്നെയാണ് എല്ലാ കലോത്സവങ്ങളുടെയും അന്തിമ വിധിയെ ഇന്ന് നിശ്ചയിക്കുന്നത്. കലോത്സവങ്ങളിൽ പോയിന്റുകൾ വാരിക്കൂട്ടുന്ന സ്കൂളുകളുണ്ട്. ധനശേഷിയാണ് ഇതിനവർക്ക് അവസരമൊരുക്കുന്നത്. സന്പന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളെ പഠന നിലവാരം കൊണ്ടും ആരോപിതമായ ‘അച്ചടക്കം’ കൊണ്ടും ഇത്തരം മത്സരങ്ങളിൽ പോയിന്റുകൾ വെട്ടിപ്പിടിക്കാനുള്ള മികവു കൊണ്ടും ആകർഷിക്കാൻ ഇത്തരം സ്കൂളുകൾക്ക് കഴിയുന്നു.
മിക്കവാറും നഗരങ്ങളിലെ സ്വകാര്യ മത മാനേജ്മെന്റുകളുടെ കീഴിലുള്ളവയായിരിക്കും ഈ സ്കൂളുകളെല്ലാം. കലാരംഗത്ത് കഴിവുള്ള കുട്ടികളെ പലവിധ കുതന്ത്രങ്ങളിലൂടെ തങ്ങളുടെ സ്കൂളിലെത്തിക്കാൻ ഇവർക്ക് കഴിയും. കലാപരമായ കഴിവുകളിലുപരി രക്ഷിതാവിന്റെ മടിശീലയുടെ കനത്തിനാണ് മുഖ്യപരിഗണന, കാരണം, ഈ ഓരോ കലാരൂപവും പരിശീലിപ്പിച്ചെടുക്കുന്നതിന് രക്ഷിതാക്കൾ ലക്ഷങ്ങൾ തന്നെ ചെലവഴിക്കേണ്ടി വരുന്നു. ഇത്തവണത്തെ റവന്യൂ ജില്ലാകലോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ സംഘനൃത്തം അണിയിച്ചൊരുക്കിയ സ്കൂൾ അവരുടെ വസ്ത്രാലങ്കാരത്തിന് മാത്രം നാലു ലക്ഷത്തോളം രൂപ ചെലവാക്കിയതായി പറയപ്പെടുന്നു. ഇതിനു വേണ്ടി മാത്രം പ്രത്യേകം വിദക്ദ്ധരായ പ്രൊഫഷണൽ തയ്യൽക്കാരെ വെച്ച് ഓരോ കുട്ടിയുടെയും ശരീരഘടനയ്ക്കനുസരിച്ച് പ്രത്യേകം ഇറക്കുമതി ചെയ്ത തുണികളിലും മറ്റുമാണത്രേ കോസ്റ്റ്യൂം ഡിസൈനിംഗിന് ഉപയോഗിച്ചത്. ചുരുക്കത്തിൽ സംസ്ഥാന കലോത്സവത്തിലേക്ക് അനുമതി നേടിയെടുത്ത സംഘംനൃത്തം അവതരിപ്പിക്കാനായി ചെലവാക്കിയത് 15 ലക്ഷത്തിന് മുകളിലുള്ള തുകയായിരിക്കും. ഒരു സാധാരണ സ്കൂളിലെ കുട്ടിക്ക് ഇതൊന്നും സ്വപ്നം കാണാൻ കൂടി കഴിയില്ല. ലഭ്യമായ ഏറ്റവും നല്ല പരിശീലകനെ വെച്ച് പഠിച്ച്, വാടകയ്ക്കെടുത്ത വസ്ത്രം ധരിച്ചാണ് അവർ വേദിയിലെത്തുക. ഒറ്റനോട്ടത്തിൽ തന്നെ ഇവർക്കിടയിലുള്ള അന്തരം പ്രകടമായിരിക്കും. നൃത്തച്ചുവടുകൾ എത്ര മനോഹരമായിരുന്നാലും (അതുമാത്രം പരിഗണിച്ചല്ലല്ലോ വിധികർത്താക്കൾ മൂല്യ നിർണ്ണയം നടത്തുക) അവർക്ക് സംസ്ഥാന കലോത്സവം സ്വപ്നം കാണാൻ കഴിയില്ല. ഫലത്തിൽ നഗരത്തിലെ വൻകിട സ്കൂളുകൾ തമ്മിൽ പണം കൊണ്ട് നടത്തുന്ന ഉത്സവമായി ഇത് മാറും.
രക്ഷിതാക്കളുടെ മടിശ്ശീല കാലിയാകുമെങ്കി
ലും മാനേജ്മെന്റിന് വലിയ ലാഭം തന്നെയാണ്
ഇത് നേടിക്കൊടുക്കുക. പല കാരണം പറഞ്ഞ് സ്
കൂൾ ആവശ്യങ്ങൾക്കായി ഇവർ രക്ഷിതാക്കളിൽ നിന്നും പണം പിടുങ്ങും. നല്ല പരിശീലനം നൽകാനും തിരശ്ശീലയ്ക്ക് പിന്നിൽ മത്സരിക്കാനും വിധികർത്താക്കളെ സ്വാധീനിക്കാനുമൊക്കെ ശേഷിയുള്ള ഇത്തരം സ്കൂളുകളിൽ മക്കളെ ചേർത്തെങ്കിൽ മാത്രമേ സംസ്ഥാന തലംവരെയെത്തി തങ്ങളുടെ മക്കൾ ഗ്രേസ് മാർക്ക് നേടൂ എന്നറിയാവുന്ന സന്പന്നരായ രക്ഷിതാക്കൾ തങ്ങളുടെ മക്കളെ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തന്നയേ ചേർക്കൂ. ഇവിടെ പ്രവേശനം കിട്ടുവാൻ വേണ്ടി വലിയ തുക ചെലവാക്കാനും ഉന്നത തലങ്ങളിലുള്ള ശുപാർശകൾ ഉറപ്പ് വരുത്താനുമൊക്കെ കഴിയുന്നവരായിരിക്കും ഇത്തരം സ്കൂളിലെത്തുക.
സ്കൂളിലെ പഠനത്തോടൊപ്പം ഓരോ വിഷയത്തിനും വൻതുക വാങ്ങിയുള്ള പ്രത്യേക ട്യൂഷനും സ്കൂളുകൾ ഏർപ്പെടുത്തും, അപ്പോൾ സ്കൂളിന്റെ വിജയ ശതമാനവും ഉന്നതമായിരിക്കും. പഠന നിലവാരത്തിലും പാഠ്യേതര വിഷയങ്ങളിലും മുൻ നിരയിൽ എത്തുന്നതോടെ പിന്നെ പണം കൊയ്യുന്നതിനപ്പുറമുള്ള ചുമതലകളൊന്നും ഇത്തരം സ്കൂളുകളെ ബാധിക്കില്ല. ന്യൂനപക്ഷ അവകാശങ്ങളുടെയും മറ്റും പേരിലുള്ള പ്രത്യേക പരിഗണനകളും അവകാശങ്ങളുമുപയോഗിച്ച് പ്രവർത്തിക്കുന്ന ഇത്തരം സ്കൂളുകൾ ബന്ധപ്പെട്ട സമുദായത്തിനോ ജാതിക്കോ ഒന്നും എന്തെങ്കിലും ഗുണം ചെയ്യുന്നതായി വർത്തമാനകാല അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല. ഒറ്റക്കാര്യം മാത്രമാണ് നോക്കുക, ദരിദ്രരായ കുട്ടികളെ അരിച്ചു മാറ്റി സന്പന്നരുടെ മക്കളെ മാത്രം പഠിപ്പിക്കുന്ന വ്യവസായി വിദ്യാഭ്യാസം മാറും. അദ്ധ്യാപക നിലവാരം പരിശോധിച്ചാലും സ്ഥിതി ദയനീയമായിരിക്കും. മാർക്ക് വാങ്ങാനുള്ള കുറുക്ക് വഴികളല്ലാതെ സാമൂഹ്യ ബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കാനുള്ള പരിശീലനമല്ല ഇവിടെ നടക്കുക.
സഹജീവികളെ കുതികാൽ വെട്ടിയിട്ടായാലും സ്വന്തം കാര്യം നോക്കാനും പണമുണ്ടാക്കാനും
സമൂഹത്തോടും ദാരിദ്രരോടുമൊക്കെ അറപ്പും വെറുപ്പും ഉളവാക്കാനുമുള്ള വിദ്യാഭ്യാസമാണ് മിക്ക സ്ഥാപനങ്ങളിലും ലഭിക്കുക. സാധാരണ സർ
ക്കാർ വിദ്യാലയത്തിലെ അദ്ധ്യാപകരുടെ യോഗ്യതകളുമായി തട്ടിച്ച് നോക്കുന്പോൾ ഇവരുടെ നി
ലവാരം പരിതാപകരമായിരിക്കുകയും ചെയ്യും. മാർക്ക് വാങ്ങുന്ന യന്ത്രമാക്കി കുട്ടിയെ വാർത്തെ
ടുക്കലാണ് വിദ്യാഭ്യാസം എന്ന് കരുതുന്ന രക്ഷിതാക്കൾക്ക് ഇതായിരിക്കുമല്ലോ താൽപ്പര്യം.
കലോത്സവങ്ങളുടെ അന്തഃസത്തയെ ഏറ്റവും പ്രതിലോമപരമായി ബാധിക്കുന്നത് വിധികർത്താക്കളുടെ നിർണ്ണയങ്ങൾ തന്നെയാണെന്ന വസ്തുത പറയാതെ വയ്യ. ഒരുപാട് പ്രയാസങ്ങളും വിധി കർത്താക്കൾ നേരിടുന്നുണ്ട്. പ്രധാനമായും അവർക്ക് ലഭിക്കുന്ന മോശം പ്രതിഫലമാണ്. മുപ്പതോ നാൽപ്പതോ നൃത്തം, കവിത, നാടകം തുടങ്ങിയ ഏതെങ്കിലും ഒരെണ്ണം തുടർച്ചയായി ഇരുന്നു വിധി നിർണ്ണയിക്കുന്ന ഒരാളിന്റെ അവസ്ഥ ആലോചിച്ച് നോക്കൂ. അതിനാനുപാതികമായ പ്രതിഫലം പലപ്പോഴും ഇവർക്ക് ലഭിക്കുന്നില്ല.
ആയിരമോ, രണ്ടായിരമോ, മൂവായിരമോ ഒക്കെയാണ് കാലത്ത് മുതൽ പിറ്റേന്ന്് പുലരും വരെ തുടർച്ചയായി ഇരുന്നാൽ കിട്ടുന്ന പ്രതിഫലം. അതിനിടയിൽ സ്വതന്ത്രമായി ഒന്ന് മൂത്രമൊഴിക്കാൻ പോലും കഴിയില്ല. ഭക്ഷണത്തിന്റെ അവസ്ഥയും ഇതുതന്നെ.
പല തരത്തിലും ഇവർ സ്വാധീനിക്കപ്പെടും എന്ന കാഴ്ച്ചപ്പാടിലാണ് ഇവരെ തടവിലാക്കി കൈകാര്യം ചെയ്യുന്നത്. എന്നാൽ ഇതിനിടയിൽ തന്നെ ഓരോ ഇനത്തിനും വേണ്ടപ്പെട്ടവർ ഇവരെ സ്വാധീനിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. വിധികർത്താക്കൾ ഇന്നയിന്നവരാണ് എന്നറിയാൻ ഇന്ന് രക്ഷിതാക്കൾക്ക് വലിയ ബുദ്ധിമുട്ടൊന്നുമില്ല. സ്കൂൾ തലത്തിലോ സബ്ജില്ലാ തലത്തിലോ ഇത്തരത്തിൽ വലിയ അപകടകരമായ ഇടപെടലുകൾ നടക്കുന്നത് കുറവായിരിക്കാം. പക്ഷേ കഴിഞ്ഞ എതാനും വർഷങ്ങളായി ഇതും വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. റവന്യൂ ജില്ലാതലത്തിലൊക്കെ എത്തുന്പോൾ കാര്യങ്ങൾ അപ്പാടെ മാറുന്നു. സബ് ജില്ലാതല മത്സരങ്ങൾക്ക് ശേഷം റവന്യൂ ജില്ലാതലത്തിലോ, സംസ്ഥാന തലത്തിലോ മത്സരങ്ങൾ അരങ്ങേറുന്നതിനിടയിൽ ചിലപ്പോൾ ആഴ്ച്ചകളുടെ സമയം ലഭിച്ചേക്കും, ഇതിനിടയിൽ അടുത്ത ഘട്ടത്തിൽ വരാൻ പോകുന്ന വിധികർത്താവ് ആരെന്ന് രക്ഷിതാക്കൾ കണ്ടെത്തുന്നു, ഇതിനവരെ സഹായിക്കുന്നത് അദ്ധ്യാപക സംഘടനാ നേതാക്കളും ഏജന്റുമാരുമൊക്കെയാണ്.
വിധികർത്താക്കളെ ഇന്ന് പൊതുവായി നിശ്ചയിക്കുന്നത് നിശ്ചിത തുകയ്ക്കുള്ള പാക്കേജുകളാണ്. നൃത്ത ഇനങ്ങൾക്ക്, സംഗീത ഇനങ്ങൾക്ക് എന്നിങ്ങനെ പൊതുവായി പാക്കേജുകൾ തിരിച്ച് വിധികർത്താക്കളെ നിശ്ചയിക്കുകയാണ് ചെയ്യുന്നത്. ഹോം നേഴ്സുമാരെയും സെക്യൂരിറ്റി ജീവനക്കാരെയുമൊക്കെ നൽകുന്ന ഏജൻസികൾ പോലെ ഇതിനും ഇപ്പോൾ ഏജൻസികളുണ്ട്, അവരുമായി കരാർ ഉറപ്പിച്ച് തുക ന
ൽകിയാൽ മതി, വിധികർത്താക്കളെ ഓർത്ത് തലവേദന വേണ്ട, സമയത്ത് സീറ്റിൽ ആളുണ്ടാവും.
ഏതെങ്കിലും പ്രശസ്തമായ സ്ഥാപനത്തിലെ അദ്ധ്യാപകൻ അല്ലെങ്കിൽ അത്തരം സ്ഥാപനങ്ങളിൽ നിന്നും പ്രസ്തുത കലയിൽ ബിരുദാനന്തര ബിരുദം നേടിയയാൾ എന്നൊക്കെയായിരിക്കും ബയോഡാറ്റ. പക്ഷേ, അയാൾ തന്നെയാണോ വിധികർത്താവിന്റെ സീറ്റിൽ ഇരിക്കുന്നതെന്ന് പരിശോധിക്കാൻ മാർഗ്ഗമില്ല.അല്ലെങ്കിൽ ഇല്ലാത്ത ചില യോഗ്യതകളൊക്കെ ചേർത്ത് ബയോഡാറ്റ തയ്യാറാക്കി നൽകിയതാണെങ്കിലും പരിശോധിക്കാൻ മാർഗ്ഗമില്ല. പലപ്പോഴും വേണ്ടത്ര യോഗ്യത ഇല്ലാത്തവരെയാണ് ഏജന്റുമാർ വിധികർത്താക്കളായി സീറ്റിൽ ഇരുത്തുന്നത്. ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, ഏജന്റുമാർ എന്നിവർ തമ്മിലുള്ള അവിഹിത സഖ്യമാണ് ഇന്ന് ഇതൊക്കെ നിശ്ചയിക്കുന്നത്.
ഒരു കുട്ടിയെ സംസ്ഥാന കലോത്സവത്തിലെത്തിച്ച് എ ഗ്രേഡ് വാങ്ങി നൽകുന്നതിന് ഇത്ര തുക എന്ന് നിശ്ചയിച്ച് കരാറുറപ്പിച്ച് കാശ് വാങ്ങുന്ന സംഘങ്ങൾ കേരളത്തിൽ ഇപ്പോൾ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയിൽ 30 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കുന്നതിന് ലക്ഷങ്ങൾ ചെലവഴിക്കാൻ ചില രക്ഷിതാക്കൾ തയ്യാറുമാണ്. കുറ്റമറ്റ രീതിയിലുള്ള വിധി നിർണ്ണയം മാനുഷികമായ കാരണങ്ങൾ കൊണ്ടുതന്നെ സാധ്യമല്ല. ഒറ്റ ഇനത്തിൽ തന്നെ താഴേ തലത്തിൽ നിന്ന് തിരഞ്ഞെടുത്ത് വരുന്നതും അപ്പീലുകളുമായി നൂറോളം കുട്ടികളൊക്കെയാണ് ഒരു മത്സരത്തിൽ പങ്കെടുക്കുക. കാലത്ത് തുടങ്ങി പിറ്റേന്ന് പുലർച്ചെ വരെ മത്സരം നീളുന്നു. എങ്ങിനെയാണ് വിധികർത്താവിന് കൃത്യമായി വിധി നിർണ്ണയിക്കാൻ കഴിയുക. ഉദാഹരണത്തിന് ഒപ്പന മത്സരം എടുക്കുക, ഒരു മാറ്റവുമില്ലാതെ വരുന്ന ഒരേ തരം പാട്ട്, കോസ്റ്റ്യൂംസ്, ചുവടുകൾ, രീതികൾ, തുടങ്ങി ചരിത്രത്തിൽ എവിടെയോ മരവിച്ച് പോയ ഒരു കലാരൂപം അച്ചിൽ വാർത്ത പോലെ അരങ്ങേറിക്കൊണ്ടിരിക്കുന്പോൾ മനുഷ്യസഹജമായി തന്നെ മയങ്ങിപ്പോവുകയോ, ശ്രദ്ധ വിട്ടുപോവുകയോ, പരസ്പരം തിരിച്ചറിയാനും വിലയിരുത്താനും കഴിയാത്ത വിധം ആശയക്കുഴപ്പത്തിൽ ആവുകയോ ഒക്കെ ചെയ്യും. അപ്പോൾ തനിക്കു കാശ് തന്നവർക്ക് മാർക്കിട്ട് പോവുക എന്നതിൽ കവിഞ്ഞ് അയാൾക്ക് വേറൊന്നും ചെയ്യാനുണ്ടാവില്ല.
ഇന്ന് ഗ്രേസ് മാർക്ക് നൽകുന്ന രീതിയാണ് ഇത്രയേറെ അനഭിലഷണീയമായ രീതിയിലേക്ക് മത്സരങ്ങളെ മാറ്റിത്തീർക്കുന്നത്. സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന ഇനത്തിന് 30 മാർക്ക് എസ്.എസ്.എൽ.സി പരീക്ഷയ്ക്കുൾപ്പെടെ ഗ്രേസ് മാർക്കായി ലഭിക്കും. കഥകളി അവതരിപ്പിച്ച് എ ഗ്രേഡ് നേടിയ ഒരു കുട്ടിക്ക് കഥകളിയോ ക്ലാസിക് കലകളോ അഭ്യസിക്കുന്ന ഒരു കലാലയത്തിൽ ഉപരി പഠനത്തിന് ഗ്രേസ് മാർക്ക് നൽകുന്നത് മനസ്സിലാക്കാം, എന്നാൽ ഫിസിക്സിനോ മറ്റ് വിഷയങ്ങൾക്കോ 30 മാർക്ക് അധികം നൽകുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇത് നേടിയെടുക്കാനുള്ള മത്സരമാണല്ലോ ഇപ്പോൾ അറ്റമില്ലാത്ത ക്രൂരതകളായി വളരുന്നത്. അതുപോലെ സംസ്ഥാന തലത്തിൽ ഉള്ളതിന് മാത്രം ഗ്രേസ് മാർക്ക് നൽകുന്നതിലെ ശാസ്ത്രീയത എന്താണ്? താഴേതലം മുതൽ മത്സരത്തിന്റെ നിലവാരമനുസരിച്ച് ഗ്രേസ് മാർക്ക് അനുവദിച്ചാൽ ഇന്നുള്ള അനഭിലഷണീയ പ്രവണതകൾ മിക്കവയും ഇല്ലാതാകും. നേരിയ ഒരു വ്യത്യാസത്തിന് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുവാൻ അവസരം നഷ്ടപ്പെട്ട കുട്ടിക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നില്ല.എന്നാൽ ഇതിനെക്കാൾ നിലവാരം കുറഞ്ഞ, മറ്റൊരു ജില്ലയിൽ നിന്ന് തെരഞ്ഞെടുത്ത കുട്ടിക്ക് അത് ലഭിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള അശാസ്ത്രീയതകളാണ് കലോത്സവങ്ങളുടെ സത്തയെ തന്നെ ചോർത്തിക്കളയുന്നത്.
മറ്റൊരു പ്രധാന പ്രശ്നം ഈ കലോത്സവത്തിന് വേണ്ടി ചെലവഴിക്കുന്ന മനുഷ്യാധ്വാനം, പണം, പ്രവർത്തി ദിവസങ്ങളുടെ നഷ്ടം എന്നിവയ്ക്ക് പകരമായി വിദ്യാഭ്യാസത്തിനോ കലയ്ക്കോ സമൂഹത്തിനോ എന്തെങ്കിലും തിരിച്ച് ലഭിക്കുന്നുണ്ടോ എന്നതാണ്, ഇതൊരു പ്രധാന പ്രശ്നം തന്നെയാണ്. ഊർജ്ജ തന്ത്രത്തിലെ പ്രധാന തത്വങ്ങളിലൊന്ന് കൊടുക്കുന്നതിന് സമമായിരിക്കണം കിട്ടുന്നത് (Input = Out put) എന്നത്. നാം ചെലുത്തുന്ന മനുഷ്യധ്വാനത്തിനും പണത്തിനുമൊക്കെ സമമായ ചിലത് സമൂഹത്തിൽ അതുകൊണ്ട് തിരിച്ചു കിട്ടണം. ഇന്നത് കിട്ടുന്നുണ്ടോ? ഒരു സ്കൂളിലെ ആയിരക്കണക്കിന് കുട്ടികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണ് സ്കൂൾ കലോത്സവത്തിൽ വിജയിച്ചു വരുന്നത്. ഇത്തരത്തിൽ ആയിരക്കണക്കിന് പ്രതിഭകൾ ഓരോ തലത്തിലും മത്സരത്തിന് എത്തുന്നു, ഇവരൊന്നും ചില്ലറക്കാരല്ല എണ്ണം പറഞ്ഞ കഴിവുള്ള മുത്തുകളാണ്.
കലോത്സവത്തിന്റെ ആരവങ്ങളൊഴിയുന്പോൾ ഇവർ പിന്നെ എവിടെ പോകുന്നു? വലിയ അധ്വാനവും പണവും ചിലവിട്ട് വളർത്തിയെടുത്ത ഇവരെ പിന്നീട് സമൂഹത്തിന് വേണ്ട. പണ്ടൊക്കെ കലാപ്രതിഭകളും തിലകവുമൊക്കെ ആയവരിൽ ചിലരെങ്കിലും സിനിമയിൽ ഇടം നേടിയിരുന്നു, ഇപ്പോഴതൊന്നുമില്ല എസ്.എസ്.എൽ.സി കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിനു വ്യത്യസ്ഥ മേഖലകൾ തിരഞ്ഞെടുക്കുന്നതോടെ പാട്ടും നൃത്തവും വരയും കലയുമൊക്കെ അവസാനിക്കുന്നു. ഇതിൽപ്പരം നഷ്ടം സമൂഹത്തിന് സംഭവിക്കാന