‘നിൻപുരോഭാഗത്തതാ സൂര്യതേജസ്സാം നാളെ’

കാലം അനന്തമായ ഒരു പ്രവാഹമാണ്. അതിന് ആദിയും അന്തവുമില്ല. അനസ്യുതമായ പ്രവാഹം. പക്ഷേ മനുഷ്യൻ അങ്ങനെയല്ല. കാലപ്രവാഹത്തിന്റെ ഒരു സുനിശ്ചിതഘട്ടത്തിലാണ് പ്രപഞ്ചത്തിൽ ജീവൻ എന്ന പ്രതിഭാസം ഉടലെടുത്തത്. ജീവൻ എന്ന അനിർവചനീയമായ പ്രതിഭാസത്തിലെ ഏറ്റവും ആധുനികമായ ഒന്നാണ് മനുഷ്യൻ. മനുഷ്യൻ കാലത്തെ പകുത്തെടുക്കുന്നുണ്ട്. അതിർത്തികൾ സ്ഥാപിച്ച് കല്ലുകൾ നാട്ടുന്നുണ്ട്. അപ്പോൾ യുഗങ്ങളും മന്വന്തരങ്ങളും വർഷവും മാസവും ആഴ്ചകളും ദിവസങ്ങളും മണിക്കൂറുകളും മിനിറ്റുകളും നിമിഷവും നിമിഷാർദ്ധങ്ങളുമൊക്കെ ഉണ്ടാകുന്നു. അപ്പോൾ നമുക്ക് വിടപറയുന്ന വർഷവും വിരുന്നെത്തുന്ന വർഷവുമുണ്ട്. ഒരുപാട് ‘കൊഴുത്ത ചവർപ്പുകൾ കുടിച്ചു വറ്റിക്കേണ്ടി’ വന്ന കഴിഞ്ഞ വർഷം വിട പറയുന്പോൾ ‘ഇത്തിരി ശാന്തി തൻ ശർക്കര നുണയുവാനുള്ള’താണ് പുതുവർഷം എന്ന് നാം ആശിക്കുന്നു. ഇത്തരത്തിലുള്ള ആശകളും പ്രതീക്ഷകളുമാണ് മനുഷ്യജീവിതത്തെ നിറമുള്ളതാക്കുന്നത്.
മനസ്സിലെ അക്ഷരങ്ങളിൽ മഷി പുരണ്ട് വായനക്കാരിലെത്തുന്പോൾ 2015 എന്ന വർഷത്തിന്റെ “കടശ്ശിത്താൾ ആണികുറ്റിയിൽ കിടന്നാടി ആത്മമുക്തിക്കായ് പിടയുന്നുണ്ടാവും.” കാലപ്രവാഹത്തിന്റെ ഗർഭഗൃഹങ്ങളിൽ 2016 കരഞ്ഞു പിറക്കുന്നുണ്ടാവും. മലവെള്ളപ്പാച്ചിലിലെ പൊതിയാ തേങ്ങപോലെ കാലപ്രവാഹത്തിന്റെ നിമ്നോന്നതകളിൽ ഒഴുകിപ്പോകുന്ന, അനിശ്ചിതത്വത്തിന്റെ പര്യായപദമായ മനുഷ്യൻ അതിനെയൊക്കെ വിലയിരുത്തി കള്ളികൾ തിരിച്ച് അടയാളപ്പെടുത്തുന്നു. എന്തൊരസംബന്ധം എന്ന് ചിന്തിക്കുന്നവർക്ക് തോന്നാം. പക്ഷേ അതങ്ങിനെ തന്നെയാണ് ഞാനും നിങ്ങളും ഈ അനിശ്ചിതത്വങ്ങളെയൊക്കെ മറന്നുപോകുന്നു. എല്ലാം സുനിശ്ചിതമാണ് എന്ന് കരുതി ജീവിത വ്യവഹാരത്തിലേർപ്പെടുന്നു. അടുത്തവർഷം ഇതൊക്കെ രേഖപ്പെടുത്താൻ ആരൊക്കെയുണ്ടാവും എന്നാർക്കറിയാം. ‘കാലമിനിയുമുരുളും വിഷുവരും, വർഷം വരും, തിരുവോണം വരും, പിന്നെയോരോ തളിരിലും പൂവരും, കായ് വരും, അപ്പോളാരെന്നുമെന്തെന്നുമാർക്കറിയാം?’
2015 ലോകത്തിന് പ്രതീക്ഷയാണോ സമ്മാനിച്ചത് അതോ നിരാശയോ എന്ന് ചോദിച്ചാൽ ഈ ലേഖകന്റെ അഭിപ്രായം അല്പം പ്രതീക്ഷയും ധാരാളം നിരാശയും എന്നായിരിക്കും. പ്രതീക്ഷകൾ മുന്പിലേക്ക് വരുന്നില്ല. എങ്കിലും അവയെ അന്വേഷിച്ചു ചെല്ലാൻ നാം ബാധ്യസ്ഥരാണ്. അങ്ങിനെ അന്വേഷിച്ചു ചെല്ലുന്പോൾ ഭൂമിയുടെ നിലനില്പിന് ഉടന്പടിയുണ്ടാക്കിയ വർഷമാണ് 2015 എന്ന് നമുക്ക് ആശ്വസിക്കാം. ഇന്നത്തെ നിലയിൽ ആഗോളതാപനവും കാർബൺ ഉത്സർജ്ജനവും തുടർന്നാൽ ഭൂമിയുടെ ഭാവി 40 വർഷം കൊണ്ട് തൂക്കു കയറിലാടും എന്ന് ശാസ്ത്ര സമൂഹം മുന്നറിയിപ്പ് നൽകിയിട്ടും, 21 തവണ ഭൗമ സമ്മേളനങ്ങൾ നടന്നിട്ടും നമുക്ക് ഒരു ധാരണയിലെത്താനായില്ല. എന്നാൽ 2015ൽ പാരീസിൽ അത്തരം ഉടന്പടി ഉണ്ടായത് മഹാഭാഗ്യമായി നമുക്ക് കണക്കാക്കാം. വെറുതെയുള്ള ആശയാണ് എന്ന് മനസ്സ് പറയുന്നു. എങ്കിലും ആശിക്കുക. മറ്റൊരു പ്രതീക്ഷ ഇന്ത്യ − പാകിസ്ഥാൻ മിന്നൽ നയതന്ത്രത്തെ തുടർന്നുണ്ടായതാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി യാതൊരു മുന്നാലോചനകളുമില്ലാതെ (അഥവാ അതുണ്ടായിരുന്നെങ്കിൽ ലോകമൊന്നുമറിയാതെ) പാകിസ്ഥാനിൽ ചെന്ന് പാക് പ്രധാനമന്ത്രിയെ സന്ദർശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുതക്ക് അറുതി വരുത്താനും പരസ്പരം കൂടിയാലോചനയിലൂടെ കാശ്മീർ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് അറുതി വരുത്താനും നിശ്ചയിച്ചു. ഉദ്യോഗസ്ഥ തലത്തിലും ജനപ്രതിനിധി തലത്തിലുമുള്ള നിരവധി വട്ടം ചർച്ചകൾക്ക് തീയ്യതികൾ കുറിക്കപ്പെട്ടു. അതിർത്തിയിലെ വെടിയൊച്ചകൾക്ക് ഇനി വിരാമമാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. അസ്ഥി ഉറഞ്ഞു പോകുന്ന കൊടുംതണുപ്പിൽ രാത്രികൾ പകലുകളാക്കി കണ്ണിലെണ്ണയൊഴിച്ച് കാവലിരിക്കുന്ന നമ്മുടെ ജവാന്മാർക്ക് ഇനി ബാരക്കുകളിലേക്ക് മടങ്ങാൻ കഴിയുമോ? എല്ലാം പ്രതീക്ഷയാണ്. കാലം അതിനെ സാധൂകരിക്കുന്നില്ല എന്നറിയാത്തതു കൊണ്ടല്ല. പണ്ട് വാജ്പേയ് പ്രധാനമന്ത്രിയായിരുന്നപ്പോൾ ഇത്തരത്തിലുള്ള മുന്നേറ്റങ്ങൾ ആരംഭിക്കുകയും പർവേസ് മുഷറഫും അദ്ദേഹത്തിന്റെ സുന്ദരിയായ ഭാര്യയും താജ്മഹലിന് മുന്നിൽ ഫോട്ടോക്ക് പോസ് ചെയ്ത് മാസങ്ങൾക്കകമാണ് കാർഗിൽ യുദ്ധം സംഭവിച്ചത് എന്ന് നാം മറക്കരുത്. യുദ്ധം ഒരു ജനതക്ക് ദുരിതം മാത്രം സമ്മാനിക്കുന്പോൾ ഭരണാധികാരികൾക്ക് അത് പലതരത്തിലുള്ള ചാകരക്കാലങ്ങളാണ് സമ്മാനിക്കുക. അതേപോലെ പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു ക്യൂബൻ ഭരണാധികാരി റൗൾ കാസ്റ്റ്രോവും അമേരിക്കൻ പ്രസിഡണ്ട് ബരാക് ഒബാമയും തമ്മിലുള്ള ഹസ്തദാനം. പതിറ്റാണ്ടുകളായി തുടരുന്ന ശത്രുതക്ക് ഇതോടെ അറുതിയാവുമോ? ലാറ്റിനമേരിക്കയിൽ സമാധാനം പുലരാൻ ഇത് സഹായകമാകുമോ തുടങ്ങിയ ചോദ്യങ്ങൾ മറ്റു പല ഘടകങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ ചർച്ച ചെയ്യാനാകൂ. എങ്കിലും ഇവയിലൊക്കെ നമുക്ക് പ്രതീക്ഷയർപ്പിക്കാം. പ്രതീക്ഷയുടെ കനലൂതി ജ്വലിപ്പിച്ചെടുക്കാൻ ഒരുപാട് ചാരകൂനകൾ ചിക്കി ചികഞ്ഞിട്ടും മനസ്സ് ഇതിൽ കൂടുതലൊന്നും കണ്ടെത്തുന്നില്ല. ഒരുപക്ഷേ ഒരു സിനിക്കായത് കൊണ്ടാണ് എന്നൊക്കെ നമുക്ക് സമാധാനിക്കാൻ കഴിയുമായിരിക്കാം.
എന്നാൽ 2015 നമുക്ക് സമ്മാനിച്ച നിരാശയുടെ ചാവുകടൽ വറ്റിക്കാൻ പോന്ന പ്രതീക്ഷയുടെ സൂര്യതേജസ്സുകളൊന്നും നമുക്ക് മുന്പിലില്ല. “നിൻ പുരോ ഭാഗത്തതാ സൂര്യതേജസ്സാം നാളെ” എന്ന കവിവചനത്തിൽ നമുക്ക് പ്രതീക്ഷയർപ്പിക്കാം. 2015നെ ഏറ്റവും വലിയ ദുരന്തവർഷമാക്കിയത് അഭയാർത്ഥികളുടെ അനന്തമായ പാലായനങ്ങളായിരുന്നു. യുറോപ്പ് എന്ന സ്വപ്നഭൂമി തേടിയുള്ള പാലായനങ്ങൾ ഒരു മഹാപ്രവചനം പോലെ വിശ്വസിനിമ, ഏതാനും വർഷങ്ങൾക്ക് മുന്പ് തന്നെ ഈ പലായനങ്ങളെ അളവറ്റ സർഗ്ഗാത്മകതയോടെ ആവിഷ്കരിച്ചത് ഈ പംക്തിയിൽ ഈ ലേഖകൻ നേരത്തെ എഴുതിയിരുന്നതാണ്. സിറിയ, ഇറാഖ്, ലിബിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് മാത്രമായിരുന്നില്ല ഇത്തരം അഭയാർത്ഥി പ്രവാഹങ്ങൾ. ലോകത്ത് ഏറെക്കുറെ സുരക്ഷിതം എന്ന് നാം പ്രതീക്ഷിച്ചിരുന്ന ഒട്ടനവധി രാജ്യങ്ങളിലെ മനുഷ്യർ ഈ മഹാപാലായനത്തിലണി ചേർന്നവരുടെ നിരകളെ വികസിപ്പിച്ചു കൊണ്ടിരുന്നു. ഈ കൂട്ടപാലായനത്തെക്കുറിച്ചോർക്കുന്പോൾ ഒരു ദൃശ്യത്തിന്റെ അനന്തമായ സാധ്യത നമ്മെ അന്പരിപ്പിച്ചു കളയുന്നു. നിലോഫർ സമീർ എന്ന ന്യൂസ് ഫോട്ടോഗ്രാഫർ പകർത്തിയ ഐലാൻ കുർദി എന്ന കുരുന്നിന്റെ ചിത്രം. യൂറോപ്യൻ തീരങ്ങൾ തേടിയുള്ള അപകടകരമായ കടൽ യാത്രകളിൽ കടലിൽ വീണു മരിച്ച ഒരു കുടുംബത്തിലെ ഇളയകുട്ടി. തുർക്കി കടൽ തീരത്തെ നനുത്ത മണലിൽ മുഖമമർത്തി സ്വച്ഛന്ദ നിദ്രയിലമർന്ന ആ കുഞ്ഞ് ഒരുപക്ഷേ ഇനിയുമൊരുപാട് വർഷകാലം ലോകത്തിന്റെ പ്രതീകമായി തുടരും. കാലാവസ്ഥാ വ്യതിയാനങ്ങളും ഭൂമി കുലുക്കങ്ങളും ആശ്രയത്തിനു വേണ്ടിയുള്ള ആർദ്രമായ നിലവിളികൾ ഉയർത്തിയ വർഷം കൂടിയായിരുന്നു 2015. ലോകത്തിന്റെ മിക്കവാറും ഭാഗങ്ങളിൽ ഓർക്കാപ്പുറത്തുള്ള ചുഴലിക്കൊടുങ്കാറ്റുകൾ, പേമാരികൾ, ഭൂമികുലുക്കങ്ങൾ എന്നിവ സംഭവിച്ചു. പതിവുപോലെ തീ്രവവാദവും ഭീകരാക്രമണങ്ങളും 2015ലും ലോകത്തിന്റെ സ്വസ്ഥ്യം കെടുത്തി. 2015 പിറന്ന് ഒന്പത് ദിവസം കഴിയുന്പോഴേക്ക് ഫ്രാൻസിലെ പാരീസിൽ ഒരു ആക്ഷേപ ഹാസ്യ കാർട്ടൂൺ പത്രമായ ചാർലി അബ്ദോവിന്റെ ഓഫീസിൽ കയറി ആക്രമിച്ച് തീവ്രവാദികൾ 12 പത്രപ്രവർത്തകരേയും കാർട്ടൂണിസ്റ്റുകളേയും കൊന്നു തള്ളി. വർഷാവസാനം നവംബർ 13ന് ഫ്രാൻസിൽ തീവ്രവാദി ആക്രമണ പരന്പര തന്നെ നടന്നു. 130 പേർ മരിച്ചു. 300ലധികം മനുഷ്യർക്ക് ഗുരുതരമായി പരിക്കേറ്റു. അമേരിക്കയിലെ കാലിഫോർണിയയിൽ തീവ്രവാദി ദന്പതികൾ നടത്തിയ വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടതും 20 പേർക്ക് മാരകമായി പരിക്കേറ്റതും ഈ വർഷം. അമേരിക്കയിലെ റോസ് ബർഗ് കോളേജിൽ തീവ്രവാദികൾ അതിക്രമിച്ചു കയറി നടത്തിയ വെടിവെപ്പിൽ 15 പേർ കൊല്ലപ്പെട്ടതും 20 പേർക്ക് പരിക്കേറ്റതും ഈ വർഷം തന്നെ. തുർക്കി തലസ്ഥാനമായ അങ്കാറയിൽ സമാധാന റാലിയിൽ നടന്ന സ്േഫാടനത്തിൽ 86 മനുഷ്യജീവനുകൾ ചിതറിത്തെറിച്ച് പൊലിഞ്ഞു വീണു. 200ലേറെ പേർക്ക് പരിക്കേറ്റു. ലോകത്തിന്റെ ഗതി എങ്ങോട്ട് എന്ന ആശങ്കയുളവാക്കുന്ന ഒരു പ്രഖ്യാപനം, അമേരിക്കൻ തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിൽ നിന്നുണ്ടായത് ഈ വർഷമാണ്. മുസ്ലിങ്ങൾ സന്ദർശനത്തിന് പോലും അമേരിക്കയിൽ എത്തുന്നത് വിലക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ലോകനാഗരികത സംരക്ഷിക്കാൻ ദൈവത്താൽ ചുമതലപ്പെട്ടവർ എന്നഹങ്കരിക്കുന്ന ഒരു രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് മത്സരിക്കുന്ന ഒരാളിൽ നിന്ന് ഇത്തരം ഒരു പ്രസ്താവന കേൾക്കേണ്ടി വരുന്പോൾ മാനവികത എത്രയേറെ ഇരുൾമൂടിയതാണ് എന്ന് വ്യക്തമാണല്ലോ.
2015 കണ്ട ഏറ്റവും വലിയ ദുരന്തം സെപ്തംബർ 24ന് ഹജ്ജ് തീർത്ഥാടനത്തിനിടയിൽ തിക്കിലും തിരക്കിലും പെട്ട് 2200 പേർ മരിച്ചതായിരുന്നു. മക്കയിൽ ക്രെയിൻ തകർന്നു വീണ് 107 പേർ മരണമടഞ്ഞതും ഈ വർഷം തന്നെ. 2015 ഏപ്രിലിൽ നേപ്പാളിലുണ്ടായ ഭൂകന്പത്തിവ്‍ 9000 പേർ മരിച്ചതാണ് ഈ വർഷത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തം. വിമാന അപകടങ്ങളുടെ വർഷം കൂടിയായിരുന്നു 2015. മാർച്ചിൽ സ്പെയിനിലെ ബാഴ്സിലോണയിൽ നിന്ന് ജർമ്മനിയിലെ ന്യൂഡൽഡോർഫിലേക്ക് പറന്ന ജർമ്മൻ വിംഗ്സ് വിമാനം മഞ്ഞുമൂടി മരവിച്ചു നിന്ന ആൽപ്സ് പർവത നിരകളിൽ തകർന്നു വീണ് 150 പേർ മരിച്ചു. ജുലൈ മാസത്തിലാണ് സുമാത്രാ ദ്വീപിലെ ജനവാസ കേന്ദ്രത്തിൽ ഇന്റോനേഷ്യൻ എയർഫോഴ്സ് വിമാനം തകർന്നു വീണ് 143 പേർ മരിച്ചത്. ഒക്ടോബർ 31ന് ഈജിപ്തിൽ നിന്ന് സെന്റ് പിറ്റേഴ്സ് ബർഗിലേക്ക് പുറപ്പെട്ട റഷ്യൻ വിമാനം സീനായിൽ തകർന്നു വീണ് 224 പേർ കൊല്ലപ്പെട്ടു.
ചരിത്രത്തിലെ ചില നല്ല വാർത്തകൾക്കും 2015 സാക്ഷിയായി. അതിലേറ്റവും പ്രധാനം റജബ് തയ്യിബ് ഉർദുഗാൻ വീണ്ടും തുർക്കി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതാണ്. 550 അംഗ പാർലമെന്റിൽ 316 സീറ്റു നേടി അദ്ദേഹത്തിന്റെ പാർട്ടിയായ ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് പാർട്ടി (അക് പാർട്ടി) വിജയിച്ചത് ചരിത്രത്തിന്റെ ഒരടയാളം തന്നെയാണ്. കോർപ്പറേറ്റ് വിരുദ്ധ നിലപാടുകൾ വലിയ ഭരണപ്രതിസന്ധികൾ സൃഷ്ടിച്ചിട്ടും ജനം ഉർദുഗാനെ കൈവിട്ടില്ല. അരനൂറ്റാണ്ടായി തുടരുന്ന പട്ടാളഭരണത്തിൽ നിന്ന് മ്യാൻമാർ ജനാധിപത്യത്തിലേക്ക് തിരിച്ചെത്തിയതും 2015ൽ. ഓങ്ങ് സാൻ സൂചി 498 സീറ്റ് നേടിയാണ് ജനാധിപത്യത്തിന്റെ തിളക്കം ലോകത്തെ അറിയിച്ചത്. യു.എൻ ആസ്ഥാനത്ത് പാലസ്തീൻ പതാക പറക്കാൻ അവസരമൊരുക്കിയതും 2015ലാണ്. തുടർച്ചയായി ഇടതുപക്ഷ വിജയം ഉറപ്പിച്ചിരുന്ന ലാറ്റിൻ അമേരിക്കയിലെ അർജന്റീന, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിൽ വലതുപക്ഷത്തിന് തിരഞ്ഞെടുപ്പു വിജയങ്ങളുണ്ടായി. 12 വർഷത്തെ ഇടതുഭരണം വേണ്ടെന്ന് വെച്ചാണ് അർജന്റീനയിൽ വലതുപക്ഷക്കാരനായ മാക്രി 51 ശതമാനം വോട്ടു നേടി അധികാരം ഏറ്റത്. 49 ശതമാനം വോട്ടുമായി ഇടതു പെറോണി സഖ്യം തൊട്ടുപിറകിൽ തന്നെയുണ്ട്. വെനിസ്വേലയിൽ 99ന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് ഇടതുപക്ഷം ഇപ്പോൾ നേരിട്ടത്. ഭരണകക്ഷിയായ യുനൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടിയെ മൂന്നിൽ രണ്ട് സീറ്റ് നേടി വലതുപാർട്ടിയായ ഡമോക്രാറ്റിക് യൂണിറ്റി റൗണ്ട് ടേബിൾ പരാജയപ്പെടുത്തി. നേപ്പാളിന് ഒരു മതനിരപേക്ഷ ജനാധിപത്യ ഭരണഘടന നിലവിൽ വന്നതും 2015ലാണ്. കാനഡയിൽ ലിബറൽ പാർട്ടി അധികാരമേറ്റതും ഫ്രാൻസിൽ നാഷണൽ ഫ്രണ്ടിന് തിരിച്ചടിയേറ്റതും സ്പെയിൻ തൂക്ക് സഭയിലേക്ക് വഴുതി വീണതുമൊക്കെ 2015ൽ ഭരണരംഗത്തുണ്ടായ പ്രധാന സംഭവങ്ങൾ തന്നെ. ജനസംഖ്യാ നിയന്ത്രണത്തിന്റെ കടുംപിടുത്തങ്ങളിൽ അയവു വരുത്തി ചൈന ഒറ്റക്കുട്ടി നയം ഉപേക്ഷിച്ചത് 2015ലെ പ്രധാന വാർത്തകളിലൊന്നായി.
ഈ സംഭവങ്ങളിലൂടെയൊക്കെ കടന്നുപോകുന്പോൾ ചില ചോദ്യങ്ങൾ പ്രസക്തമാകുന്നു. സംഘർഷങ്ങളില്ലാത്ത ഒരു ലോകം സാധ്യമാണോ? മനുഷ്യർക്കിടയിലെ കുബേരരും കുചേലരും തമ്മിലുള്ള അന്തരം അനന്തമായി തുടരുന്നത് തന്നെയായിരിക്കുമോ, എക്കാലത്തും ലോകം? മനുഷ്യൻ, പുരോഗതി, വികസനം എന്നൊക്കെ പേരിട്ട് വിളിക്കുന്ന ആധുനിക നാഗരികത മനുഷ്യന്റെ യഥാർത്ഥ ജീവിതപ്പാത തന്നെയാണോ? ഇതേ വഴിക്കാണ് ലോകം മുന്നോട്ടു പോകുന്നതെങ്കിൽ അര നൂറ്റാണ്ടിനിടയിൽ അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് 450 പി.പി.എം കടക്കും. അതോടെ ഭൗമാന്തരീക്ഷത്തിലുള്ള മാറ്റങ്ങൾ ജീവന്റെ സർവനാശത്തിന് കാരണമാകും. ഇത് ശാസ്ത്രലോകം അസന്നിഗ്ദ്ധമായി വ്യക്തമാക്കിയ സംഗതിയാണ്. ഇന്നത്തെ നിലയിൽ ഊർജ വിനിയോഗം സംഭവിക്കാത്ത ഒരു ബദൽ ജീവിതത്തിന്റെ അന്തസത്തക്കായി നാം എവിടെയാണ് അന്വേഷിക്കേണ്ടത്? മതവും തീവ്രവാദവും വെട്ടിപ്പിടുത്തങ്ങളും കയ്യടക്കലുകളുമില്ലാത്ത അതിർത്തികൾക്ക് കാവൽപ്പുരകൾ വേണ്ടാത്ത ഒരു നല്ല നാളെ പിറവി കൊള്ളുമോ? ആശിക്കുക. ‘നിൻപുരോഭാഗത്തതാ സൂര്യതേജസ്സാം നാളെ’