ഉത്തരവാദിത്വം മറന്നു പോകുന്ന മലയാളി


എനിക്ക് പ്രിയപ്പെട്ട ഒരമ്മ കൂടി ഇന്നലെ മരണപ്പെട്ടു. ദുരിതങ്ങളുടെയും പീഡനങ്ങളുടെയും തീക്കടലുകളെ നെഞ്ചിൽ ഒളിപ്പിച്ച് നമ്മളോട് ചിരിച്ചു കൊണ്ടിരുന്ന ഒരുപാട് അമ്മമാരുണ്ടായിരുന്നു മലയാളക്കരയിൽ. ദേശീയപ്രസ്ഥാനത്തിന്റെയും പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയുമൊക്കെ പ്രവർത്തകരായി മാറിയ, മക്കളെ പോറ്റി വളർത്താൻ ദുരിതക്കടലുകൾ കുടിച്ചു വറ്റിച്ചവരായിരുന്നു ആ അമ്മമാർ. പാതി രാത്രിയിൽ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറി സ്വന്തം മക്കളെ പിടികൂടി ചവിട്ടിയരച്ച്, പോലീസ് ജീപ്പിലേക്ക് എടുത്തെറിഞ്ഞ്‌ കൊണ്ട് പോകുന്പോൾ, ആർത്തലച്ച് ഇടിവണ്ടികൾക്ക് പിന്നാലെ ഓടിയെത്തുന്നവർ. സഹനത്തിന്റെ മൂർത്തിമത് ഭാവങ്ങൾ. അവസാനം ഈ അമ്മമാർ തന്നെ ഒരു പ്രസ്ഥാനമായി തീരുമായിരുന്നു. ഇന്നലെ മരിച്ച അമ്മയും അതുപോലെ സഹനത്തിന്റെ പ്രതിരൂപമായി മാറിയ ഒരമ്മയായിരുന്നു. മക്കൾ എല്ലാവരും കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉശിരുള്ള പ്രവർത്തകരായിരുന്നു ഒരു കാലത്ത്.

കാലം പലവഴികളിലായി ഒഴുകി പരക്കുന്പോൾ ആ മക്കളും പല കൈവഴികളിലെത്തുന്നു. പലരും മതവിശ്വാസം പോലെ പാർട്ടിയെ സ്നേഹിക്കുന്നവർ. ഔദ്യോഗികപക്ഷവും വിമതപക്ഷവുമൊക്കെയായി പ്രസ്ഥാനം രൂപം മാറിയപ്പോൾ അതിനനുസരിച്ച് മാറിയവർ, നക്സൽ പ്രസ്ഥാനവുമായി ബന്ധം സ്ഥാപിച്ചവർ, ഇടതുപക്ഷ പ്രസ്ഥാനം വിട്ട് ഒരു പ്രയാസവുമില്ലാതെ ജാതി സംഘടനകളിൽ കാലുറപ്പിക്കുന്നവർ, അവർക്കൊക്കെ ഇടയിൽ ആ അമ്മ ഇടതുപക്ഷത്തിന്റെ കൊടിയടയാളമായി കത്തി നിന്നു. പ്രായാധിക്യം മൂലം ചലന ശേഷിയും ഓർമ്മ ശേഷിയുമൊക്കെ നഷ്ടപ്പെടും വരെ. കാലത്ത് 9 മണിക്കാണ് ശവസംസ്കാരം എന്നറിഞ്ഞപ്പോൾ അതികാലത്ത് ഒരു ഇരു ചക്ര വാഹനത്തിൽ അങ്ങോട്ട്‌ പുറപ്പെട്ടു. ഒരുപാട് ഭക്ഷണം വിളന്പിത്തന്ന ആ അമ്മയുടെ മുഖം അവസാനമായി ഒന്ന് നേരിൽ കാണാൻ. കാലപ്രവാഹത്തിൽ പലവഴികളിലായി ചിതറിപ്പോയ, ഇപ്പോൾ മുത്തച്ഛന്മാരൊക്കെയായി മാറിപ്പോയ മക്കളെ എല്ലാവരെയും ഒരുമിച്ച് കണ്ടു. പലരേയും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയുന്നില്ല.  നരച്ച താടി രോമങ്ങളും അനുസരണയില്ലാതെ പാറിപ്പറന്ന മുടിയുമൊക്കെയായി കയറി വന്ന എന്നെയും അതിൽ പലർക്കും തിരിച്ചറിയാൻ പറ്റുന്നില്ല. എങ്കിലും എല്ലാവരെയും കണ്ടു. 1980കൾക്ക് ശേഷം കേരളം കണ്ട യുവജനപ്പോരാട്ടങ്ങളും ഏറ്റുവാങ്ങിയ മർദ്ദനങ്ങളും ജയിൽവാസവുമൊക്കെ എല്ലാവരും പരസ്പരം പറയാതെ പറഞ്ഞു. 

തിരിച്ചിറങ്ങുന്പോൾ ഒരു കാലഘട്ടം കാലത്തിന്റെ പിന്നാന്പുറങ്ങളിൽ നിന്ന് ഇരന്പിയാർക്കുന്ന പോലെ. ഇനി ആ അമ്മയില്ല. തെറ്റായാലും ശരിയായാലും തികഞ്ഞ ഉത്തരവാദിത്തത്തോടെ, അതിലേറെ ആവേശത്തോടെ, സമത്വ സുന്ദരമായ ഒരു നാളയെ സ്വപ്നം കണ്ട പ്രതീക്ഷയുടെ ആ പഴയ കണ്ണുകളില്ല. ലോകം ഒരുപാട് മാറിപ്പോയത് നാം അറിയുന്നത് ഇത്തരത്തിലുള്ള പ്രതീകങ്ങളിലൂടെയാണ്.

തൊഴിലില്ലായ്മയ്ക്കെതിരെയായിരുന്നു യുവജന
പ്രസ്ഥാനത്തിന്റെ ഏറ്റവും ശക്തമായ സമരങ്ങൾ. അത്തരം സമരങ്ങളിൽ ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികൾ, അവരുടെ അനുസ്മരണദിനങ്ങൾ, ഇപ്പോഴും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ കണക്കുകളനുസരിച്ച് കേരളത്തിൽ തൊഴിലില്ലാത്തവരുടെ സംഖ്യ 50 ലക്ഷത്തിനടുത്താണ്. പക്ഷേ, ഇത്രയേറെ തൊഴിൽരഹിതരുള്ള കേരളത്തിൽ ഒരു തൊഴിലിനും ആളെ കിട്ടാനില്ല.

തുടക്കത്തിൽ കാർഷിക മേഖലയിലെ തൊഴിലുകൾക്കാണ് ആളെ കിട്ടാനില്ലാതെയായത്‌. പാടത്തും പറന്പിലും കിളക്കാനും തെങ്ങ് കയാറാനുമൊന്നും ആളെ കിട്ടാതായി. പണിക്ക് ആളെ കിട്ടാനില്ല എന്ന വിലാപം ആദ്യം തുടങ്ങിയത് ഇത്തരക്കാരാണ്. അവരൊന്നും പണ്ടും ഈവക തൊഴിലുകൾക്കൊന്നും പോയിരുന്നില്ല. കീഴാള കുടുംബങ്ങളിലെ ആളുകളാണ് പണികളൊക്കെ ചെയ്തിരുന്നത്. 

വിദ്യാഭ്യാസം സാർവ്വത്രികവും സാർവജന്യവുമയതോടെ കീഴാള കുടുംബങ്ങളിലെ കുട്ടികളും പഠിക്കാൻ പോയി. അവർ ഉന്നത വിദ്യാഭ്യാസമൊക്കെ നേടി സർക്കാർ ജോലികളും അദ്ധ്യാപക ജോലിയും നേടി. ഇതിനൊന്നും പാങ്ങില്ലാത്തവർ നാട് വിട്ട്പോയി പുറം പണികൾ സ്വീകരിച്ചു. ഗൾഫ്‌ കുടിയേറ്റം ശക്തമായതോടെ പലരും വിദേശത്ത്‌ പോയി. സ്വന്തം മക്കളെ മണ്ണ് തൊടീക്കാതെ വളർത്തി വെള്ളക്കോളർ ജോലി തേടിപ്പോയവർ, ആരാന്റെ മക്കളെ തങ്ങളുടെ ജോലികൾ ചെയ്യാൻ കിട്ടുന്നില്ല എന്ന് വിലപിക്കുന്നതിൽ കാര്യമില്ലല്ലോ. 

കാർഷിക വൃത്തി സാമൂഹികമായ അന്തസ്സും വരുമാനവുമൊന്നും തരാത്തത് കൊണ്ടാണ് എല്ലാവരും കാർഷികമേഖല വിട്ടത് എന്നാണ് കരുതിയത്‌. പക്ഷേ, ഇന്ന് തൊഴിലെടുത്താൽ മോശമല്ലാത്ത വരുമാനമുണ്ട്, തൊഴിലിന് ആളെ കിട്ടാനില്ല. അത് പോലെയാണ് വീട്ടു ജോലികൾ. പണ്ടൊക്കെ ഭക്ഷണം കൊടുത്താൽ തന്നെ വീട്ടുജോലിക്ക് ആളെ കിട്ടുമായിരുന്നു. ഇപ്പോൾ മറ്റേത് തൊഴിലിനെക്കാളും വരുമാനം ലഭിക്കുമെങ്കിലും ഇതിനു ആളെ കിട്ടാനില്ല. മറ്റൊരാളുടെ എച്ചിലും വിഴുപ്പുമൊക്കെ കഴുകണം എന്ന് പറയാൻ കഴിയില്ലല്ലോ.

തെങ്ങ് കയറ്റം നല്ല വരുമാനമുള്ള തൊഴിലാണിന്ന്, പക്ഷെ ആളെ കിട്ടാനില്ല. തെങ്ങ് കയറ്റക്കാർക്ക് പണവും സൗന്ദര്യവുമൊക്കെയുണ്ടെങ്കിലും ഇവർക്ക് പെണ്ണ് കിട്ടുന്നില്ല എന്നതാണ് പ്രധാന കാരണമായി പറയുന്നത്. ആളുകൾ കൂടുതലുള്ളത് നിർമ്മാണ തൊഴിലുകൾക്കാണ്. ചുരുങ്ങിയ മണിക്കൂറുകൾ മാത്രമേ തൊഴിലുള്ളൂ, അതും കഠിനമായ ജോലിയൊന്നും ചെയ്യേണ്ടതില്ല. നല്ല ഭക്ഷണവും കൂലിയും കിട്ടും. ബോണസ്സായി  മദ്യം ലഭിക്കാനുള്ള സാധ്യതയും വളരെ കൂടുതൽ. പക്ഷേ അവിടെയും ഇപ്പോൾ പ്രതിസന്ധി രൂപപ്പെട്ടു. ഗൾഫിലും നാട്ടിലുമൊക്കെ സാന്പത്തിക മാന്ദ്യം ശക്തിപ്പെടുന്നതാണ് ഒരു കാരണം, പ്രകൃതി വിഭവങ്ങൾ ശോഷിക്കുന്നു എന്നത് മറ്റൊന്ന്. നമ്മുടെ നാട്ടിലെ മറ്റൊരു പ്രധാന തൊഴിൽ മേഖല ലോറികളിലെ കയറ്റിറക്കും, ബസ്സിലെ കണ്ടക്ടർ, ഡ്രൈവർ, ക്ലീനർ തുടങ്ങിയ തൊഴിലായിരുന്നു. ഡപ്പോസിറ്റ് വാങ്ങിയ ശേഷമായിരുന്നു പണ്ടൊക്കെ ഇത്തരം തൊഴിലാളികളെ തൊഴിലിനു വെച്ചിരുന്നത്. ഇപ്പോൾ ഈ തൊഴിലുകൾക്കൊന്നും ആരെയും കിട്ടാനില്ല. ഡ്രൈവർ ജോലിക്കൊന്നും ആളേയില്ല. പണിക്ക് കയറിയാൽ പറയുന്ന കൂലി കിട്ടും. ആളെ കിട്ടാത്തത് കൊണ്ട് സർവ്വീസ് നിരത്തി കട്ടപ്പുറത്തായ ധാരാളം വാഹനങ്ങൾ ഇപ്പോൾ നാട്ടിലുണ്ട്.

സ്ഥിരം ജോലിക്കാരല്ലത്തത് കൊണ്ട് യാത്രക്കാരോടുള്ള പെരുമാറ്റവും മറ്റും വളരെ മോശമാണെന്ന അഭിപ്രായം നിലനിൽക്കുന്നു. മറ്റൊരു മേഖല ഹോട്ടൽ തൊഴിലാണ്. അവിടെയും സ്ഥിതി ഇത് തന്നെ. ഹോട്ടൽ ജോലി ചെയ്യാൻ ആരും തയ്യാറല്ല. തമിഴ്നാട്ടിൽ നിന്ന് ട്രെയിൻ മാർഗം കൊണ്ട് വരുന്ന ഇഡ്ഡലി, വട, എന്നിവയാണ് പ്രധാനമായും കടകളിൽ വിൽക്കുന്നത്. സ്വയം സഹായ സംഘങ്ങളും സ്ത്രീകളുടെ കൂട്ടായ്മകൾ വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങളും വാങ്ങി വെച്ച് വിൽപ്പന നടത്തും. 

പഴയ ബാർബർ ഷോപ്പുകൾ ഏറെക്കുറെ ബ്യൂട്ടിപാർലറുകളായി വേഷം മാറി. ബാർബർ ജോലിക്ക് മലയാളികളാരും ഇപ്പോൾ തയ്യാറാകുന്നില്ല. കടൽത്തൊഴിലിന്റെ സ്ഥിതിയും ഇത് തന്നെ. മത്സ്യബന്ധനത്തിന് പോകുന്ന പരന്പാരഗത കുടുംബങ്ങളിലെ പുതിയ തലമുറ ഈ മേഖലയിൽ നിന്ന് മാറിയതോടെ ഇതിനും മലയാളികൾ ആരും ഇല്ല.

ഇതൊക്കെ കായിക പ്രധാനങ്ങളായ തൊഴിലുകളായത് കൊണ്ടാണ് ആളെ കിട്ടാത്തത്; വെള്ളക്കോളർ തൊഴിലുകൾക്ക് ആളുണ്ടെന്ന് ധരിക്കരുത്! അത്തരം തൊഴിലുകളിലും ആളെ കിട്ടാത്ത അവസ്ഥയുണ്ട്. ഇവിടെയൊക്കെ ഇന്ന് തൊഴിൽ ചെയ്യുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. 

കാലത്ത് മരിച്ച വീട്ടിലേക്കുള്ള ഏതാണ്ട് 30 കിലോമീറ്റർ യാത്രയിൽ എല്ലാ കൊച്ചു പട്ടണങ്ങളിലും ഈ തൊഴിലാളികൾ കൂട്ടത്തോടെയുണ്ട്, പഴയ അടിമക്കച്ചവടത്തെ ഓർമ്മിപ്പിച്ചു കൊണ്ട്. ആവശ്യക്കാർ, പ്രധാനമായും കരാറുകാർ, വന്നു തടി മിടുക്കുള്ള തൊഴിലാളികളെ, ജോലി പരിചയമുള്ളവരെ വിലപേശിയുറപ്പിച്ച് കൊണ്ട് പോകുന്നു. ഇവർക്ക് ഭക്ഷണമൊന്നും ഒരുക്കി കൊടുക്കേണ്ടതില്ല. അവർ പൊതിഞ്ഞു കൊണ്ട് വരുന്ന ചപ്പാത്തിയും സബ്ജിയുമൊക്കെ കഴിച്ച് അവർ പണിയെടുത്തോളും. 

മലയാളികളുടെ കൂലിനിലവാരമൊക്കെ അവർക്കിപ്പോൾ അറിയാം. കൂടുതൽ ജോലി കുറഞ്ഞ സമയം കൊണ്ട് ചെയ്തു തീർത്ത്‌ പരമാവധി പണമുണ്ടാക്കലാണിവരുടെ ലക്ഷ്യം. ഉണ്ടാക്കുന്ന പണമത്രയും അപ്പപ്പോൾ ഇവർ നാട്ടിലേക്ക് അയയ്ക്കുന്നു. േസ്റ്ററ്റ് ബാങ്കിന് മുന്നിൽ അക്കൗണ്ടിൽ പണം നിക്ഷേപിക്കാവുന്ന എ.ടി.എം പോലുള്ള യന്ത്രമുണ്ട്. അവിടെ എപ്പോൾ നോക്കിയാലും അന്യസംസ്ഥാന തൊഴിലാളികളുടെ നീണ്ട നിര കാണാം. നാട്ടിലേക്ക് പണം അയയ്ക്കുന്നവരുടെ തിരക്ക്. 

കേരളത്തിലെ ബസ്സുകളിലൊക്കെ ബംഗാളി, ഹിന്ദി ഭാഷകളിൽ ബോർഡ് വെക്കൽ പതിവായിരിക്കുന്നു. കാരണം, യാത്രക്കാരിൽ നല്ലൊരു ശതമാനം അന്യസംസ്ഥാന തൊഴിലാളികളാണ്. നഗരപ്രാന്തങ്ങളിൽ കെട്ടിടം വാടകയ്ക്കെടുത്ത് ഇവർ കൂട്ടത്തോടെ താമസിക്കുന്നു. ഇവർക്ക് യഥാവിധിയുള്ള രജിസ്ട്രേഷൻ, രോഗപരിശോധന, മറ്റ് നിയമാനുസൃതം വേണ്ട രേഖകൾ തൊഴിൽ സുരക്ഷ ഒന്നുമില്ല. ആരും അതൊന്നും നിഷ്കർഷിക്കുന്നില്ല. ഇവരെക്കുറിച്ച് ട്രേഡ് യൂണിയൻ സമ്മേളനങ്ങളിൽ വലിയ പ്രമേയമൊക്കെ അവതരിപ്പിക്കും. അതിനപ്പുറം ഒരു ട്രേഡ് യൂണിയനും ഇത്തരം തൊഴിലാളികളെ പരിഗണിക്കുക പോലുമില്ല. 

ഇവരുടെ തൊഴിൽ ജീവിതം കേരളത്തിൽ വലിയ സാമൂഹ്യ − സാന്പത്തിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കേരളത്തിന്റെ വരുമാനം എന്ന് പറയുന്നത് കൃഷിയിൽ നിന്നോ വ്യവസായത്തിൽ നിന്നോ ലഭിക്കുന്ന വരുമാനമല്ല, പ്രധാന വരുമാന സ്രോതസ്സ് ഗൾഫിൽ നിന്നും മറ്റുമുള്ള പുറം വരുമാനമാണ്. അതുമായി ബന്ധപ്പെട്ട സേവനമേഖലകളിൽ നിന്നും വരുമാനമുണ്ട്. ഇപ്പോൾ സംഭവിക്കുന്നത്‌ ഗൾഫിൽ നിന്ന് ഇങ്ങനെ നാട്ടിലെത്തുന്ന ഈ വരുമാനത്തിന്റെ നല്ലൊരു പങ്ക് അന്യസംസ്ഥാന തൊഴിലാളികളുടെ കൂലിയായി പുറം സംസ്ഥാനങ്ങളിലേക്ക് ഒഴുകിപ്പോകുന്നു എന്നുള്ളതാണ്. ഇത് നമ്മുടെ സന്പദ്്വ്യവസ്ഥയിൽ സൃഷ്ടിക്കാനിടയുള്ള അരക്ഷിതാവസ്ഥ നന്നായി പഠന വിധേയമാക്കേണ്ടത് തന്നെയാണ്. 

ഇത്തരം ഒരു സാഹചര്യം സൃഷ്ടിക്കുന്ന സാമൂഹ്യ പ്രത്യാഘാതം വളരെ വലുതാണ്‌. ഒരു തൊഴിലിനോടും ആത്മാർത്ഥത ഇല്ലാത്ത ഒന്നായി കേരളീയ സമൂഹം ഇതിനകം മാറിത്തീർന്നിട്ടുണ്ട്. ധാരാളം പണി കിട്ടുക, അതുകൊണ്ട് ആഘോഷിച്ച് ജീവിക്കുക എന്നതിനപ്പുറം മറ്റ് ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്ത അവസ്ഥ. വലിയ വരുമാനമുള്ള ഇടത്തരക്കാർക്കും അതിനു മുകളിലുള്ളവർക്കും പണം പ്രശ്നമല്ലാത്തതു കൊണ്ട് ഇന്ന് ഇതൊന്നും പ്രശ്നമായി തീരുന്നില്ല പക്ഷെ, നാളെ അതായിരിക്കില്ല അവസ്ഥ, ഇപ്പോൾ തന്നെ സാധാരണക്കാരന് ഇന്നത്തെ കൂലിയും സംവിധാനങ്ങളുമായി ഒത്തു പോകാൻ കഴിയാത്ത അവസ്ഥ സംജാതമായിട്ടുണ്ട്. പുരുഷന്മാർ ഇതുപോലെ പണമുണ്ടാക്കുന്പോൾ സ്ത്രീകൾ, വിശേഷിച്ച് എണ്ണത്തിൽ കൂടി വരുന്ന വിധവകൾ, ആദിവാസികൾ, നഗരവൽക്കരണത്തിന്റെ കുത്തൊഴുക്കിൽ ഒപ്പം നീങ്ങാൻ കഴിയാതെ ഒറ്റപ്പെട്ട് പോയ കുടുംബങ്ങൾ, എന്നിവരുടെയൊക്കെ ജീവിത നിലവാരം വൻതോതിൽ തകർന്നു കൊണ്ടിരിക്കുന്നുണ്ട്. മദ്യം, ലൈംഗികത എന്നിവ വലിയ തോതിൽ സമൂഹത്തെ അരാജകവൽക്കരിക്കുന്നുമുണ്ട്.

തൊഴിലിനോട് ഉത്തരവാദിത്വമില്ലായ്മ പെരുകി വന്നതോടെ ഒരു സർക്കാർ ഓഫീസിലും നേരാവണ്ണം ഒരു ജോലിയും നടക്കാതായിരിക്കുന്നു. ഇടത് − വലത് സർവ്വീസ് സംഘടനകൾക്കൊന്നും ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല എന്ന നിലയാണ്. സർക്കാർ ശന്പളം പറ്റുന്ന ജീവനക്കാർ അദ്ധ്യാപകർ, പോലീസുകാർ, ട്രൻസ്പോർട്ട് ജീവനക്കാർ, വൈദ്യുതി ജീവനക്കാർ എന്നിവരൊക്കെ ഒരു ഉത്തരവാദിത്വവും വ്യക്തിപരമായി ഏറ്റെടുത്തു നിർവ്വഹിക്കുവാൻ സന്നദ്ധരല്ല. 

ഹാജർ ബുക്കിൽ ഒപ്പ് വച്ചാൽ എങ്ങിനെയെങ്കിലും വൈകുന്നേരമാക്കി വീട്ടിൽ പോകുക എന്നതായിരിക്കുന്നു രീതി. കൈക്കൂലിക്ക് എന്താണ് സാധ്യത എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. ജനങ്ങളുടെ ഉത്തരവാദിത്വത്തിലുള്ള കലാസാംസ്കാരിക പ്രവർത്തനങ്ങളൊക്കെ ഏറെക്കുറെ മരവിച്ച അവസ്ഥയിലാണ്. കോർപ്പറേറ്റുകളോ ആൾദൈവങ്ങളോ ഒക്കെ സ്പോൺ‍സർ ചെയ്യുന്നവയാണ് ഇപ്പോഴത്തെ കലാസാംസ്കാരിക പരിപാടികൾ. അവയാകട്ടെ എപ്പോഴും മൂലധന താൽപര്യങ്ങളുമായി ഒത്തുപോകുന്നവയാണു താനും.

സ്വാഭാവികമായും ജീവിതത്തിന്റെ എല്ലാ മണ്ധലങ്ങളെയും ഇത് പ്രതികൂലമായി ബാധിച്ചുകഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ നിലയിൽ സാന്പത്തിക പ്രതിസന്ധി മുന്നോട്ട് പോകുകയും പുറം വരുമാനം നിലയ്ക്കുകയും ചെയ്താൽ വലിയ അരാജകത്വത്തിലേക്കായിരിക്കും കേരളം വഴുതി വീഴുക.

ഇതിനെയൊക്കെ ഉത്തരവാദിത്വബോധത്തോടെ മനസ്സിലാക്കാൻ, ഗൗരവതരമായ പര്യാലോചനകൾ നടത്തി പരിഹാരക്രിയകൾ അവലംബിക്കാൻ, ഉത്തരവാദിത്വമുള്ളത് രാഷ്ട്രിയ പ്രസ്ഥാനങ്ങൾക്കാണ്, കാരണം, അവരാണല്ലോ ഗ്രാമസഭ മുതൽ കേന്ദ്ര ഭരണം വരെയുള്ള ഭരണ സംവിധാനങ്ങളെ നിയന്ത്രിക്കുന്നത്‌.

പക്ഷേ, രാഷ്ട്രീയ രംഗത്തും തികഞ്ഞ ഉത്തരവാദിത്വരാഹിത്യമാണ് നമുക്കിന്നു കാണാൻ കഴിയുന്നത്‌. ആർക്കും ആരോടും യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത അവസ്ഥ.  എല്ലാവരും തൻകാര്യം നോക്കുന്ന സ്ഥിതി. തീക്കടലുകൾ നെഞ്ചിലൊതുക്കി ദുരിതങ്ങളും പട്ടിണിയുമൊക്കെ സഹിച്ച് നമ്മുടെ നേതൃനിര രാഷ്ട്രീയ നേതാക്കളെ ഒക്കെ വളർത്തിയെടുത്ത നമ്മുടെ അമ്മമാരോട് പോലും നമുക്ക് ഉത്തരവാദിത്വം നിറവേറ്റാൻ കഴിയുന്നില്ല. അവർ നമ്മെ ശപിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

You might also like

Most Viewed