നമുക്ക് ഈ കേരളം തമിഴ്നാടിന് പാട്ടത്തിന് കൊടുത്താലോ?
“മുല്ലപ്പെരിയാറിലെ വെള്ളത്തിന്റെ പേരിലും മറ്റും നമ്മൾ എന്തിനാണ് ഇങ്ങനെ തമിഴ്നാടുമായി തർക്കിച്ചു കൊണ്ടിരിക്കുന്നത്. എന്റെ അഭിപ്രായത്തിൽ കഴിയുമെങ്കിൽ കേരളമൊരുമിച്ച് പത്തു വർഷത്തേക്ക് തമിഴ്നാടിന് പാട്ടത്തിനു കൊടുക്കുകയാണ് നല്ലത്. എങ്കിലേ കേരളം നന്നാകൂ.” നാക്കിനെല്ലില്ലാത്ത എന്റെ ഒരു സുഹൃത്തിന്റെതായിരുന്നു ഈ കമന്റ്.
കഴിഞ്ഞ ദിവസം കൽപ്പാത്തി രഥോത്സവം കാണാൻ പാലക്കാട് ചെന്ന് ഒരു സുഹൃത്തിന്റെ അഗ്രഹാരത്തിൽ താമസിച്ചു. പിറ്റേ ദിവസം പറന്പിക്കുളത്ത് ചെന്ന് ഒരു ദിവസം കാടിനകത്ത് തണുപ്പാസ്വദിച്ച് കഴിയാമെന്ന് കരുതിയെങ്കിലും അവിടെ തണുപ്പ് അശേഷമില്ല. എങ്കിലും ധാരാളം കാട്ടുപോത്തുകളെയും മാനുകളേയും ആനകളെയും മയിലുകളെയുമൊക്കെ കണ്ട് കാടിനകത്ത് കറങ്ങി.
രാത്രി അവിടെ തങ്ങി പിറ്റേന്ന് തമിഴ്നാട്ടിലെ പുത്തൂർ, ആളിയാർ, വാൾപ്പാറ, മലക്കപ്പാറ, വാഴച്ചാൽ, ആതിരപ്പള്ളി വഴി സഞ്ചരിച്ച് ചാലക്കുടിയിലെത്തി. 110 കിലോമീറ്റർ ദൂരം കൊടുംകാട്ടിലൂടെയുള്ള യാത്ര. മലക്കപ്പാറ വരെയുള്ള കാട് തമിഴ്നാടിന്റെത് അത് കഴിഞ്ഞ് കേരളം. പറന്പിക്കുളത്ത് നിന്ന് തമിഴ്നാടിന്റെ രാജീവ് ഗാന്ധി വൈൽഡ് ലൈഫ് സാങ്ച്വറി വഴിയാണ് പശ്ചിമഘട്ടത്തിന്റെ കിഴക്കേ ചരിവിലേക്ക് ഇറങ്ങേണ്ടത്.
പറന്പിക്കുളത്ത് വച്ച് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്ന ടണലും സംവിധാനങ്ങളും കണ്ടു. പറന്പിക്കുളം ഡാമിലും തഹണക്കാട് ഡാമിലുമൊക്കെയായി നാം ശേഖരിക്കുന്ന വെള്ളം തമിഴ്നാടാണ് കൊണ്ടുപോകുന്നത്. ഈ വെള്ളം വലിയ ടണലുകളും തോടുകളും വഴി ഒഴുക്കി തമിഴ്നാടിന്റെ ആളിയാർ ഡാമിലെത്തിച്ച് അവർ കൃഷിക്കുപയോഗിക്കുന്നു. ഭൂമിശാസ്ത്രപരമായ സവിശേഷതകൾ നിമിത്തമാണല്ലോ പശ്ചിമഘട്ടത്തിന്റെ കിഴക്കേചെരിവിൽ സമൃദ്ധമായി പെയ്യുന്ന മഴവെള്ളം 42 നദികളിലൂടെ പടിഞ്ഞാറോട്ടൊഴുകി അറബിക്കടലിൽ ചേരുന്നത്. ഈ നദികളെയാണ് അണകെട്ടിത്തടഞ്ഞ് പശ്ചിമഘട്ടം തുരന്ന് കിഴക്കോട്ടൊഴുക്കി, തമിഴ്നാടിന്റെ മഴനിഴൽ പ്രദേശങ്ങളെ നനയ്ക്കാനും വൈദ്യുതി ഉൽപ്പാദിപ്പിക്കാനുമൊക്കെയായി കൊണ്ടുപോകുന്നത്. വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുകുന്പോൾ തൊട്ടപ്പുറത്ത് പാലക്കാടിന്റെ ചിറ്റൂർ പ്രദേശം വെള്ളം കിട്ടാതെ വരണ്ടുണങ്ങുന്നുണ്ട്.
കേരളത്തിന് സമൃദ്ധമായി ലഭിക്കുന്ന ജലവിഭവം നമുക്ക് ഉപയോഗിക്കാൻ കഴിയാതെ തമിഴ്നാട് കൊണ്ടുപോകുന്നതിലുള്ള രോഷമായിരുന്നു പറന്പിക്കുളത്തെ താമസത്തിനിടയിൽ സുഹൃത്ത് പ്രകടിപ്പിച്ചുകൊണ്ടിരുന്നത്. പിറ്റേന്ന് പുലർച്ചെ പശ്ചിമഘട്ടത്തിന്റെ മഴനിഴൽ പ്രദേശമായ കിഴക്കേ ചെരിവിലേക്കിറങ്ങി, തമിഴ്നാടിന്റെ കാർഷികമേഖലയിലേക്കെത്തിയപ്പോൾ സുഹൃത്തിന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.
കേരവൃക്ഷങ്ങളുടെ നാടായതു കൊണ്ടാണല്ലോ നമ്മുടെ നാട് കേരളമായത്. തമിഴ്നാടിന്റെ തെങ്ങിൻ തോട്ടങ്ങൾ കണ്ട സുഹൃത്തിന്റെ കണ്ണ് തള്ളിപ്പോയി. ആയിരക്കണക്കിനേക്കറുകളിലാണ് തെങ്ങിൻ തോപ്പ് നിരന്നുകിടക്കുന്നത്. നല്ല കുറ്റിക്കരിന്പന പോലെയുള്ള കുറിയ തെങ്ങുകൾ. അൽപ്പം സൂര്യപ്രകാശം പോലും താഴേക്കു വിടാതെ വിടർന്നു നില്ക്കുന്ന സമൃദ്ധമായ തെങ്ങോലകൾ, പുറ്റുപിടിച്ചതു പോലെ നാളികേരം, തോട്ടങ്ങളിൽ ഉത്സാഹത്തോടെ പണിയെടുക്കുന്ന തമിഴ് തൊഴിലാളിക്കൂട്ടങ്ങൾ. മുട്ടിന് മുട്ടിന് നാളികേര സംസ്കരണശാലകൾ, തെങ്ങിൽ കയറാതെ തേങ്ങ പറിക്കാനുള്ള കത്തിക്കൊളുത്തുകൾ പിടിപ്പിച്ച കൊക്കകൾ, തെങ്ങുകയറ്റ യന്ത്രങ്ങൾ നാളീകേരം കൂട്ടത്തോടെ പൊതിച്ചെടുക്കുന്ന യന്ത്രങ്ങൾ പൊതിച്ച പച്ചമടലുകൾ അപ്പോൾ തന്നെ ചകിരിനാര് ചകിരിച്ചോറ് എന്നിവയാക്കി മാറ്റുന്ന യന്ത്രങ്ങൾ.
ചകിരിച്ചോറ് ഒരു തരി പോലും നഷ്ടപ്പെടാതെ ചില ബാക്റ്റീരിയകളൊക്കെ ചേർത്ത് സംസ്കരിച്ച് ഒന്നാംതരം വളമാക്കുന്നു. വെളിച്ചെണ്ണ മില്ലുകൾ വെളിച്ചെണ്ണയും തേങ്ങാപ്പീരയും മറ്റും മുല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന കൊച്ചു ഫാക്ടറികൾ തോട്ടങ്ങളുടെ ഇടയിൽ വലിയ കിണറുകൾ, കുഴൽ കിണറുകൾ, വെള്ളം പന്പ് ചെയ്യാനുള്ള പന്പ് ഹൗസുകൾ. ഇതൊക്കെ ഒരുമിച്ച് കണ്ടപ്പോൾ സുഹൃത്തിന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. തോട്ടങ്ങളിൽ പണിയെടുക്കുന്ന കർഷകത്തൊഴിലാളികളെ നിരീക്ഷിച്ചപ്പോഴും സുഹൃത്തിന് അൽഭുതം. തെങ്ങിന് വളം ചെയ്യാൻ തടമെടുക്കുന്നത് ഒരു കൂട്ടം തൊഴിലാളികൾ ഒന്നിച്ചാണ്. നമ്മുടെ തൊഴിലാളികളെപ്പോലെ ഇടക്കിടക്ക് അഴിച്ചുടുക്കേണ്ടതും മാടിക്കുത്തേണ്ടതുമായ ലുങ്കിയല്ല വേഷം. മുട്ടോളമെത്തുന്ന ബർമുഡയും ബനിയനും. കൈക്കോട്ടും പടന്നയുമല്ല തടമെടുക്കാനുപയോഗിക്കുന്നത്, ചെറിയ ടില്ലർ പോലുള്ള ഒരു യന്ത്രം ഒന്ന് തിരിച്ചെടുക്കുന്പോഴേക്കും തടമായി. മറ്റൊരു തൊഴിലാളി കുനിഞ്ഞ് നിന്ന് മൺവെട്ടികൊണ്ട് വൃത്തിയാക്കും. ഏക്കർ കണക്കിനുള്ള തെങ്ങിൻ തോട്ടത്തിൽ തടമെടുക്കാൻ മണിക്കൂറുകൾ മതി. ഉൽപ്പാദനക്ഷമതയാണെങ്കിൽ നമ്മുടേതിന്റെ രണ്ടിരട്ടിയാണ്. ഇതൊക്കെ കണ്ടപ്പോഴുള്ള വികാരക്ഷോഭത്തിലാണ് കേരളം ഒരുമിച്ചു തമിഴ്നാടിന് പാട്ടത്തിന് കൊടുക്കുന്നതല്ലേ നല്ലത് എന്നൊരു അഭിപ്രായം സുഹൃത്തിന് ഉണ്ടായത്.
ഇത്രയോറെ സന്പന്നമായ ഒരു കാർഷികമേഖലയിൽ താമസിക്കുന്നവരുടെ വീടുകളെക്കുറിച്ച് ഞങ്ങൾ അന്വേഷിച്ചു. തമിഴ്നാട്ടുകാർ അവരുടെ കൃഷിയിടത്തിൽ വീടുകൾ നിർമ്മിക്കാറില്ല. കാർഷിക മേഖലയിലെ ഭൂമി പൂർണ്ണമായും കൃഷിക്ക് മാറ്റിവെച്ചതാണ്, അവിടെ നിന്നും ദൂരെ മാറിയുള്ള ഗ്രാമത്തിലാണ് അവരുടെ താമസം. സഞ്ചാരത്തിനുപയോഗിക്കുന്നത് സൈക്കിളിൽ മോട്ടോർ ഘടിപ്പിച്ചത് പോലെയുള്ള നമ്മുടെ പഴയ ലൂനാ മോഡൽ മോട്ടോർ സൈക്കിളുകൾ. അതുപയോഗിക്കുന്നതിന് വലുപ്പ ചെറുപ്പമൊന്നുമില്ല. കൃഷിയിടത്തിലേക്ക് എല്ലാവരും എത്തുന്നത് ഇത്തരം വാഹനങ്ങളിലാണ്. ഗ്രാമങ്ങളിലെ കൊച്ചു കൊച്ചു കുടിലുകളിലാണ് എല്ലാവരും താമസിക്കുന്നത്. സാന്പത്തികനില മോശമൊന്നുമല്ലെങ്കിലും, തന്റെ ധനാഢ്യത വിളിച്ചറിയിക്കുന്നതിനുള്ള കൊട്ടാരങ്ങൾ അവിടെയെങ്ങും കാണാനില്ല. സാന്പത്തിക ശേഷിയിലും വരുമാനത്തിലും നമ്മെക്കാൾ വളരെ ഉയർന്ന നിലവാരത്തിലുള്ളവരാണെങ്കിലും അവയൊന്നും വീടിലും കാറിലും കാണിക്കാൻ അവർക്ക് താൽപര്യമില്ല.
ഞങ്ങളുടെ യാത്ര തുടർന്നു. ആളിയാർ ഭാഗത്ത് എത്തിയതോടെ വീണ്ടും വനമേഖലയായി. തമിഴ്നാടിന്റെ ഒരു ടൈഗർ റിസോർട്ടിലൂടെ വേണം വാൾപ്പാറയ്ക്ക് സഞ്ചരിക്കാൻ. ആളിയാർ ഡാമിന്റെ കരയിലൂടെയുള്ള യാത്ര. അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങൾ. മനം മയക്കുന്ന കാലാവസ്ഥ. ഇത്രയും സുന്ദരമായ പ്രദേശം ഈ ഭൂമിയിലുണ്ടോ എന്ന് തോന്നിപ്പോകും. ഒരു തുണ്ട് പ്ലാസ്റ്റിക് പോലും കണ്ടെടുക്കാൻ കഴിയാത്ത വിധം വൃത്തിയിലും വെടിപ്പിലും പരിപാലിച്ചിരിക്കുന്നു.
20 രൂപ പ്രവേശന ഫീസ് അടച്ചു വേണം ടൈഗർ റിസർവിലേക്ക് പ്രവേശിക്കാൻ. തുകയടച്ചാൽ മാത്രം പോര തമിഴ്നാട് വനം വകുപ്പിന്റെ വാച്ചർമാർ വന്ന് സഞ്ചരിക്കുന്ന വാഹനവും ലഗ്ഗേജും ശരീരവുമൊക്കെ അരിച്ചു പെറുക്കി പരിശോധിക്കും. പ്രധാനമായും പരിശോധിക്കുന്നത് വഴിയിലുപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകളോ, വെള്ളക്കുപ്പികാളോ, മദ്യമോ കൈവശമുണ്ടോ എന്നാണ്. മദ്യം അനുവദിക്കില്ല, പ്ലാസ്റ്റിക് ക്യാരി ബാഗുകളും കുപ്പികളും രേഖപ്പെടുത്തിത്തരും. തമിഴ്നാട് തീരുന്നതിന് മുന്പ് മലക്കപ്പാറയിൽ വനംവകുപ്പിന്റെ ചെക്ക്പോസ്റ്റുണ്ട് അവിടെ ഈ കടലാസ് നൽകണം, അതിൽ രേഖപ്പെടുത്തിയ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഒന്നുപോലും കാട്ടിൽ നിക്ഷേപിച്ചിട്ടില്ല എന്ന് അവരെ നേരിട്ട് കാണിച്ച് ബോധ്യപ്പെടുത്തണം.
അതിമനോഹരമായ 44 മുടിപ്പിൻ വളവുകളുള്ള വാൾപ്പാറ ചുരം കയറിയുള്ള യാത്ര എത്രയേറെ മനോഹരമാണ് എന്ന് വിശദീകരിക്കുക പ്രയാസം. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലൊരിടത്തും ഇത്ര മനോഹരമായി പരിപാലിക്കുന്ന കാടുണ്ട് എന്ന് തോന്നുന്നില്ല, അത്രയേറെ ശ്രദ്ധയോടെയാണ് തമിഴ്നാട് അവരുടെ കാടുകൾ പരിപാലിക്കുന്നത്.
കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ടൈഗർ റിസർവുകളിലൊന്നായ പറന്പിക്കുളം റിസർവിൽ നിന്നാണ് ഞങ്ങൾ യാത്ര പുറപ്പെട്ടത്. ഈ വനമേഖല നന്നായി പരിപാലിക്കുവാൻ പരിശ്രമിക്കുന്ന ധാരാളം ഉദ്യോഗസ്ഥന്മാർ നമുക്കുണ്ട്. ഞങ്ങൾ പറന്പിക്കുളത്തേക്ക് പ്രവേശിക്കുന്പോൾ മലയാളിയായ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ഞങ്ങളുടെ ലഗ്ഗേജുകളൊക്കെ പരിശോധിച്ചു, അവരും മദ്യം തന്നെയാണ് പ്രധാനമായും പരിശോധിക്കുന്നത്. പ്ലാസ്റ്റിക്കിന് കാര്യമായ വിലക്കൊന്നുമില്ല. ഞങ്ങളുടെ തൊട്ട് പിന്നാലെ വണ്ടിയിലെത്തിയ ചെറുപ്പക്കാരിൽ നിന്ന് മദ്യക്കുപ്പി പിടിച്ചെടുത്ത് മദ്യം ഓടയിലൊഴുക്കി. സാധാരണ ഇങ്ങനെ പിടിച്ചെടുക്കുന്ന മദ്യം ഫോറസ്റ്റുകാർ തന്നെ ഉപയോഗിക്കുകയോ ചിലരൊക്കെ കരിഞ്ചന്തയിൽ ടൂറിസ്റ്റുകൾക്ക് തന്നെ വിൽക്കുകയുമാണ് ചെയ്യുക.
ആ ചെറുപ്പക്കാരനായ ഫോറസ്റ്ററുടെ ആത്മാർത്ഥതയിൽ അഭിമാനം തോന്നി. പറന്പിക്കുളത്തിന്റെ ഉൾവനങ്ങളിലേക്കൊന്നും ഇപ്പോൾ സഞ്ചാരികളെ അനുവദിക്കുന്നില്ല. ടോപ്പ് സ്ലിപ്പിൽ നിന്ന് പറന്പിക്കുളം അണക്കെട്ടുവരെയുള്ള 24 കിലോമീറ്റർ ടാർറോഡിലൂടെ കാട്ടിനകത്ത് സഞ്ചരിക്കാം അത്രമാത്രം. പക്ഷേ അതിനിടയിൽ തന്നെ ധാരാളം കാട്ടാനകളെയും കാട്ടുപോത്തുകളെയും വിവിധയിനം മാനുകളേയും പന്നികളെയും മയിലുകളെയും കോഴികളെയുമൊക്കെ കാണാം.
സാധാരണ സഞ്ചാരികൾക്ക് മനസ്സ് നിറയും. പ്രശ്നമതല്ല, വഴിയോരത്തോക്കെ ധാരാളം പ്ലാസ്റ്റിക് ക്യാരിബാഗുകളും കുപ്പികളുമൊക്കെ വലിച്ചെറിഞ്ഞതായി കാണാം. പ്ലാസ്റ്റിക് കൂടുകളിൽ കൊണ്ടുവന്ന ഭക്ഷണം കഴിച്ച് അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതും കാണാം. ശുചീകരണ തൊഴിലാളികളൊക്കെയുണ്ടെങ്കിലും അതൊന്നും യഥാവിധി നടക്കുന്നില്ല.
എതാണ്ട് ഒരു വർഷം മുന്പ് ഈ കാട്ടിൽ ഞങ്ങൾ വന്നത് ഓർമ്മിച്ചു. അന്ന് ഞങ്ങളുടെ വാഹനത്തെ ടൈഗർ റിസർവിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. പൊള്ളാച്ചിയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സിയുടെ ബസ്സിലാണ് ഞങ്ങൾ വന്നത്. കാട്ടിൽ ഞങ്ങൾ സഞ്ചരിച്ചത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ വാഹനത്തിലായിരുന്നു.
കാടിനെ സ്നേഹിക്കുന്ന ഒരു വനപാലകൻ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ട് വന്നതിനെത്തുടർന്ന് സ്വകാര്യ വാഹനങ്ങൾ കടത്തി വിടാതെയും പ്ലാസ്റ്റിക്കും മദ്യവുമൊക്കെ കർശനമായി നിരോധിച്ചും കാടിനെ സംരക്ഷിക്കാൻ നടപടി സ്വീകരിച്ചിരുന്നു. പക്ഷേ, അതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. അത്തരം പരിഷ്കാരങ്ങൾ ‘തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തും എന്നായിരുന്നു ആക്ഷേപം.’ എതായാലും ഇപ്പോൾ അത്തരം പരിഷ്കാരങ്ങളൊന്നുമില്ല. പണമടച്ചാൽ ഏത് വാഹനത്തിനും കടന്നുവരാം പ്ലാസ്റ്റിക്കിനും കാര്യമായ നിയന്ത്രണമൊന്നുമില്ല. മദ്യം സുലഭം. ഇന്ന് കേരളത്തിന്റെ കാടുകളിൽ വരുന്നത് കാടിനെ അറിയാൻ ആഗ്രഹിക്കുന്ന പരിസ്ഥിതിപ്രവർത്തകരോ ഗവേഷകരോ ഒന്നുമല്ല. വാരിവലിച്ച് തിന്ന്, മദ്യം കൊണ്ടാറാടി അർമാദിക്കാനെത്തുന്ന ലക്ഷ്യബോധമില്ലാത്ത ഒരു തലമുറയാണ്, അവരെ ചുറ്റിപ്പറ്റി മദ്യവും പണവും പ്രതീക്ഷിച്ച് അവരെ പരിചരിക്കുകയാണ് വനംവകുപ്പിന്റെ ചുമതല എന്ന് കരുതുന്ന ധാരാളം പേരുണ്ട്. എന്നാൽ ആത്മാർത്ഥമായി കാടിനേയും പരിസ്ഥിതിയെയും സംരക്ഷിക്കണം എന്നാഗ്രഹിക്കുന്ന ധാരാളം ചെറുപ്പക്കാർ വകുപ്പിന്റെ എല്ലാ മേഖലകളിലുമുണ്ട്. പക്ഷെ, അവർക്ക് ആവശ്യമായ പ്രോത്സാഹനവും സംരക്ഷണവും സർക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും കിട്ടുന്നില്ല എന്നതാണ് വാസ്തവം. തമിഴ്നാടും കേരളവും തമ്മിലുള്ള ഈ അന്തരം ആപൽക്കരമായി വളർന്നുകൊണ്ടിരിക്കുന്നുണ്ട്. ഉള്ള പ്രകൃതി വിഭവങ്ങളെ സംരക്ഷിച്ച് ഉപയോഗിക്കാനുള്ള മിടുക്ക് തമിഴ്നാടിനുണ്ട്. പശ്ചിമഘട്ടത്തിന്റെ മഴനിഴൽ പ്രദേശത്തായതുകൊണ്ട് അവർക്ക് മഴയും വെള്ളവുമൊന്നുമില്ല എന്നാൽ നമ്മുടെ പ്രകൃതി വിഭവമായ വെള്ളം നന്നായി ഉപയോഗിക്കാൻ അവർക്ക് പരിപാടിയുണ്ട്.
മുല്ലപ്പെരിയാർ, പറന്പിക്കുളം, ആളിയാർ, ശിരുവാണി തുടങ്ങി പല കേന്ദ്രങ്ങളിൽ നിന്നും നമ്മുടെ വെള്ളം അവർ കൊണ്ടുപോകുന്നു. പക്ഷേ, ഒരു തുള്ളിയും വെറുതേ കളയുന്നില്ല, നന്നായി കൃഷി ചെയ്യുന്നു, കാടും പ്രകൃതി വിഭവങ്ങളുമൊക്കെ നന്നായി സംരക്ഷിക്കുന്നു. ഇതിനൊന്നും മലയാളിക്ക് നേരമില്ല. പുറം വരുമാനമുള്ള ഒരു കൂട്ടം ഇടത്തരക്കാരന് സുഖിക്കാനുള്ള ഇടത്താവളം മാത്രമായി കേരളം മാറുകയാണ്. ഇവിടെ കൃഷിയില്ല. എന്നാൽ റിസോർട്ട് ധാരാളമുണ്ട്. കൃഷിയിടങ്ങളൊക്കെ റിസോർട്ട് പണിയാനും കൊട്ടാരസദൃശമായ വീടുകൾ പണിയാനുമുള്ള ഇടങ്ങൾ മാത്രമായി. പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന വീടുകൾ പണിതാണ് ഓരോരുത്തരും അവരവരുടെ അന്തസ്സുയർത്തുന്നത്. ഒന്നും ഉല്പാദിപ്പിക്കാത്ത സമൂഹം. പുറം വരുമാനം കൊണ്ട് മദ്യത്തിലാറാടി ഉണ്ട് സുഖിച്ച് ഇക്കിളി രോഗങ്ങളിൽ അഭിരമിച്ച് ജീവിക്കുന്നു. വാട്സ് ആപ്പുകളിൽ നിറയുന്നത് സരിതയുടെയും പെൺവാണിഭക്കാരുടെയും അശ്ലീല വീഡിയോകളാണ്. ബാർകോഴയും നാനാതരം കോഴകളുമാണ് നമ്മുടെ രാത്രി ചർച്ചക്കുള്ള വിഷയങ്ങൾ. ഇതൊക്കെ കണ്ട് മനസ് മടുത്തിട്ടാകാം സുഹൃത്ത് ചോദിച്ചത് നമുക്കീ കേരളം കുറച്ചു വർഷത്തേക്ക് തമിഴ്നാടിനു പാട്ടത്തിനു കൊടുത്താലോ എന്ന്.