ബ്രഹ്മ പ്രളയവും പാരീസ് ഉടന്പടിയും


ബുധനാഴ്ച തൃക്കേട്ട ഞാറ്റുവേലയുടെ അവസാന ദിവസം. അന്ന് മൂലം ഞാറ്റുവേല പിറക്കും. വ്യാഴാഴ്ചയാണ് ധനുസംക്രമം. വൃശ്ചികം കുളിരിന്റെ മാസമാണ്. ‘വൃശ്ചികമാസേ കുളിരാരംഭേ’ എന്നാണ് പ്രമാണം. കേരളത്തിന്റെ നാട്ടിൻപുറങ്ങൾക്ക് ഹർഷോന്മാദം സൃഷ്ടിച്ചു നൽകിയ മാസമാണ് വൃശ്ചികം. തുലാമഴ മെല്ലെ പിൻവാങ്ങും. അതോടെ പറന്പിലും പാടത്തുമൊക്കെ പൊന്തകളായി വളർന്ന കാട്ടുപുല്ലുകളും കുറ്റിച്ചെടികളുമൊക്കെ കരിഞ്ഞുണങ്ങി തുടങ്ങും. മണ്ണ് ജലാംശം നഷ്ടപ്പെട്ട് ഉറച്ചുപോകുന്നതിന് മുന്പ് മുറിവെച്ച് കൊത്തി കിളച്ചിടും. പാടങ്ങളിൽ പച്ചക്കറി കൃഷിക്ക് വേണ്ടി മണ്ണൊരുക്കും. രാത്രികൾ മനോഹരങ്ങളായിരിക്കും. കോട മഞ്ഞും നിലാവും ഇണചേർന്ന് പരസ്പരം പുണർന്ന് തള‍ർന്നു കിടക്കും. പ്രകൃതി സിൽക്കാരം പൊഴിക്കും. കനത്ത മഞ്ഞുതുള്ളികൾ ഇലകളിൽ പൊഴിഞ്ഞുകൊണ്ടിരിക്കും. ഇലമർമ്മരങ്ങൾ വല്ലാത്ത വികാരതരളിതമായ അന്തരീക്ഷം സൃഷ്ടിക്കും പരസ്പരം കെട്ടിപ്പുണർന്ന് ഒരു പുതപ്പിനുള്ളിൽ മയങ്ങാനുള്ള കമിതാക്കളുടെ ആഗ്രഹങ്ങൾ ഉയർന്നു നിൽക്കും. ദന്പതിമാർ രാസലീലകളിലാറാടി രസിക്കും. പ്രായമായവർ നഷ്ടവസന്തങ്ങളെ ഓർത്ത് കന്പിളി പുതപ്പിനുള്ളിൽ ചുരുണ്ടുകൂടും. മഞ്ഞു പൊഴിയുന്ന പുല‍ർവേളകളിൽ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിച്ച് കുട്ടികൾ തീ കാഞ്ഞ് തണുപ്പകറ്റും. തീയോടടുക്കുന്പോൾ ശരീരം ചുട്ടെരിയുന്നതും അകന്നു മാറുന്പോൾ പിൻഭാഗത്ത് തണുപ്പരിച്ചെത്തുന്നതും ആസ്വദിക്കും. പാള ട്രൗസറിനടിയിലൂടെ ചൂട് അരക്കെട്ടിനെ പൊള്ളിക്കാൻ കാലുകൾ അകത്തിവെക്കും. അതിലെ ‘അശ്ലീലം’ ആസ്വദിച്ച് പരസ്പരം വഴക്കടിക്കും. തീച്ചുടേൽക്കുന്പോൾ ശരീരത്തിന് ഹൃദ്യമായ ഒരു മണമുണ്ടാകും. പരസ്പരം കെട്ടിപ്പിടിച്ച് അതാസ്വദിക്കും. 

പാടത്ത് കൊത്തിക്കിളച്ചിട്ട മണ്ണ് കട്ടാടി കൊണ്ട് കട്ടയുടച്ച് പരുവമാക്കും. ഒരാഴ്ച നല്ല വെയിലേൽക്കുന്പോൾ മണ്ണ് പഞ്ചസാരത്തരികളാകും. അതിൽ കൈക്കോട്ടു കൊണ്ട് കുഴിയെടുക്കും കുഴികളിൽ ചപ്പുചവറുകളിട്ട് തീയിട്ട് മണ്ണിനെ വീണ്ടും പനിപ്പിക്കും. കീട നിയന്ത്രണത്തിനുള്ള സ്വാഭാവിക രീതിയാണിത്. ഇതിനിടയിൽ‍ പാടത്തിന്റെ അരികിൽ മണ്ണ് വെട്ടിയിറക്കി താൽക്കാലിക കുളം നിർമ്മിക്കും. ഈ കുണ്ടുകുളങ്ങൾക്ക് മണ്ണ് വെട്ടിയിറക്കിയ പടവുകളുണ്ടാകും. അതിലൂടെ ഇറങ്ങി വലിയ മൺതൊട്ടുകളിൽ (മൺപാനി) വെള്ളം ശേഖരിച്ചാണ് കൃഷി നനയ്ക്കുക. പച്ചക്കറി വിത്തുകൾ പരന്പാരഗതമായി ശേഖരിച്ചു വെക്കുന്നതാണ്. വെള്ളരി, ഇളവൻ, മത്തൻ, കയ്പ, പടവലം, വത്തക്ക (തണ്ണി മത്തൻ) പീച്ചിങ്ങ, ചുരങ്ങ തുടങ്ങിയ പരന്പരാഗത പച്ചക്കറികളാണ് കൃഷി ചെയ്യുക. പിന്നീടാണ് വെണ്ടയും തക്കാളിയും പയറും വഴുതനയുമൊക്കെ പാടത്തേക്ക് എത്തിയത്. വിത്ത് മുളപ്പിക്കുന്നതിന് ചില ആചാരങ്ങളൊക്കെയുണ്ട്്. വിത്ത് അശുദ്ധമാകാൻ പാടില്ല. ആർത്തവമുള്ള സ്ത്രീകൾ കണ്ടു തീണ്ടാത്ത ഇടങ്ങളിലാണ് വിത്ത് സൂക്ഷിക്കുക. ആർത്തവം ഉർവരതയുടെ ആഘോഷമാണെന്നും പുതുമുകുളങ്ങളെ വിളയിച്ചെടുക്കാനുള്ള പ്രകൃതിയുടെ നിശ്ചയങ്ങളാണെന്നും അത് അശുദ്ധിയല്ലെന്നും അവ‍ർക്ക് അംഗീകരിക്കാൻ  കഴിഞ്ഞിട്ടുണ്ടാവില്ല. തെക്കിനിയിലും മറ്റും ഉണക്കി ചാണകത്തിൽ പൊതിഞ്ഞു വെച്ചും മറ്റുമാണ് വിത്ത് സൂക്ഷിക്കുക. അതെടുത്ത് നല്ലത് തിരഞ്ഞെടുത്ത് മുളപൊട്ടാൻ കുതിർത്തു വെക്കും. കയ്പ (പാവൽ) വിത്തിന്റെയൊക്കെ കട്ടിയുള്ള പുറന്തോട് കടിച്ചെടുത്ത് കളഞ്ഞാണ് കുതിർത്തു മുളക്കാൻ വെയ്ക്കുക. മൂന്നോ നാലോ ദിവസം കൊണ്ട് മുള പൊട്ടി കിളിർക്കും. അവ കാലിവളം ചേർത്ത് പാകമാക്കിയ കുഴിയിൽ നട്ട് രണ്ട് നേരം നനച്ചു പൊടിപ്പിക്കും. നല്ല കായ്ഫലം ലഭിക്കുന്ന വിത്തുണ്ടാക്കാൻ കർഷകർ അവലംബിക്കുന്ന മറ്റൊരു രീതിയുണ്ട്. വിത്തിനായി മാറ്റിവെച്ച മൂത്ത് പഴുത്ത കായ വെട്ടിയരിഞ്ഞ് പശുക്കൾക്ക് തിന്നാൻ കൊടുക്കും. അന്ന് അല്പം മാത്രം പാൽ തരുന്ന ചെറുക്കൊടികളായ നാടൻ പശുക്കൾ മാത്രമേ ഉണ്ടായിരുന്നുവല്ലോ. അവയുടെ വയറ്റിൽ കായയുടെ ഭാഗങ്ങൾ ദഹിച്ച് ചാണകമാകും. വിത്ത് ദഹിക്കില്ല. അത് ചാണകത്തിലൂടെ പുറത്ത് വരും. ആവി പാറുന്ന ചാണകം ചിക്കിപ്പെറുക്കി വിത്തുകൾ ശേഖരിച്ച് ചാണകത്തിലുരുട്ടി സൂക്ഷിക്കും. ഇത്തരം വിത്തുകൾക്ക് നല്ല കരുത്തും കീടബാധയെ പ്രതിരോധിക്കാനുള്ള ശേഷിയും ഉണ്ടത്രേ!

വൃശ്ചിക കുളിരിൽ നിന്നാണ് നാം തുടങ്ങിയത്. പക്ഷേ കുളിരിനെ മാത്രം കാണാനില്ല. തുലാവർഷം പെയ്തൊഴിഞ്ഞ് മണ്ണ് വരണ്ട് തുടങ്ങേണ്ടതാണ് കാലം. പക്ഷേ കുളിര് എവിടെയോ മറന്ന് വെച്ച് പോയ സങ്കടങ്ങളിലാണ് മലയാളത്തിന്റെ പുല‍ർവേളകൾ. തുലാവർഷം പെയ്തൊഴിഞ്ഞു എന്ന് കാലാവസ്ഥാ വിദഗ്ദ്ധർക്കു പോലും സംശയമാണ്. തെക്കു പടി‍‍ഞ്ഞാറൻ കാലവ‍ർഷം കുറയുകയും പകരം വടക്കുകിഴക്കൻ തുലാവർഷം കൂടുകയുമാണ് ചെയ്യുന്നത് എന്നാണവരുടെ പക്ഷം. പക്ഷേ തുലാവർഷത്തെക്കുറിച്ച് പഴമക്കാരുടെ നാട്ടുശാസ്ത്രം അങ്ങിനെയല്ല. തുലാവർഷം ഉച്ചയോടെ ആരംഭിക്കുന്ന മഴയാണ്. നല്ല തെളിഞ്ഞ വെയിലുള്ള ആകാശം ഉച്ചയോടെ പെട്ടെന്ന് ഇരുളും. കാർമേഘങ്ങൾ ദ്രുതചലനങ്ങളോടെ ആകാശത്ത് നിറയും. ശക്തമായ ഇടിമിന്നലുണ്ടാകും. ഈ ഇടിമിന്നലുകൾ അങ്ങെയറ്റം അപകടകാരികളാണ്. കാലവ‍ർഷാരംഭത്തിലെ ഇടിമിന്നൽ താരതമ്യേന അപകടരഹിതങ്ങളാണ്. ആകാശത്തിന്റെ അത്യുന്നതങ്ങളിലാണ് അത് സംഭവിക്കുക. രണ്ട് മേഘങ്ങൾക്കിടയിലാണ് വൈദ്യുത ചാർജ്ജ് കൈമാറുക. അപ്പോൾ ആകാശത്തുണ്ടാകുന്ന കൊള്ളിയാനും ശബ്ദഘോഷവുമൊക്കെ ഭൂമിയിലിരുന്ന് നമുക്ക് സുഖമായി ആസ്വദിക്കാം. എന്നാൽ തുലാവർഷകാലം അങ്ങനെയല്ല. ഭൂമിക്ക് തൊട്ടു മുകളിലുള്ള മേഘങ്ങളിൽ നിന്ന് ഭൂമിയിലേക്ക് അനന്തമായ വൈദ്യുതി ഡിസ്ചാർജ്ജ് ചെയ്യും. ഇത് വലിയ നാശത്തിന് കാരണമാകും. പലർക്കും ജീവൻ നഷ്ടപ്പെടും. വീടും കൃഷിയും വൈദ്യുതി ഉപകരണങ്ങളുമൊക്കെ കത്തിക്കരിഞ്ഞു പോകും. തുലാമാസം അവസാനത്തിലും വൃശ്ചികമാസാദ്യത്തിലും സംഭവിക്കുന്ന പോക്കുമഴയോടെ ഇത്തരം ഇടിമിന്നലും പിൻവാങ്ങും. പിന്നെ വേനൽ മഴക്കിടക്കാണ് അപകടകാരികളായ ഇടിമിന്നലുകൾ ഉണ്ടാവുക. പക്ഷേ ഇതനുസരിച്ചൊന്നുമല്ല ഇപ്പോൾ മഴയും ഇടിയും. കേരളത്തിൽ ഇപ്പോഴും മഴ തുടരുന്നുണ്ട്. ചരൽക്കല്ലുകൾ വാരിയെറിയുന്നതുപോലെ വലിയ മഴത്തുള്ളികൾ, രംഗബോധമില്ലാത്ത കോമാളിയെപ്പോലെ എപ്പോഴും കടന്നുവരുന്നുണ്ട്. ഉച്ചക്ക് ശേഷമെന്ന നിലയൊക്കെ മാറി. മേഘവിസ്ഫോടനം സംഭവിച്ചപോലെ ഏത് നിമിഷവും കനത്ത മഴ പെയ്ത് വെള്ളം നിറയുന്നു. അടുത്ത നിമിഷത്തിൽ ചുട്ടു നീറ്റുന്ന വെയിലുണ്ടാവുന്നു. ഹർഷോന്മാദത്തിന്റെ വൃശ്ചിക രാത്രികൾക്ക് പകരം ചുട്ടെരിക്കുന്നവയായി, ഉറക്കം കൊല്ലികളായി തീരുകയാണ് നമ്മുടെ രാത്രികൾ. എന്താണ് സംഭവിക്കുന്നതെന്ന് പറയാൻ പഴമക്കാർക്കും കഴിയുന്നില്ല. അവർ പറയുന്നത് ഇത് കലിയുഗം, അതിന്റെ അവസാനത്തിേലക്ക് പോകുന്നതിന്റെ ലക്ഷണങ്ങളാണ് എന്നാണ്. ഭാരതീയ കാലഗണനാ സങ്കൽപ്പമനുസരിച്ച് നാലു യുഗങ്ങളാണ്. കൃത−തേത്ര−ദ്വാപര−കലി എന്നിങ്ങനെ നാലു യുഗങ്ങൾ. ഓരോ യുഗാന്ത്യത്തിലും പ്രളയം സംഭവിക്കുമത്രേ! ഓരോ പ്രളയത്തിലും മഹാവിഷ്ണു മാത്രം ഒരലയാലിലയിൽ കാൽ വിരലുണ്ട് കിടക്കുന്ന കുഞ്ഞായി അതിജീവിക്കും. ബാക്കിയൊക്കെ നശിക്കും. ത്രിമൂർത്തികൾ സൃഷ്ടി, സ്ഥിതി, സംഹാരത്തിന്റെ അധിപന്മാരാണ്. അതിൽ നിലനില്പ്പിന്റെ അതിജീവനത്തിന്റെ ദൈവമാണല്ലോ മഹാവിഷ്ണു. ഏറ്റവും അവസാനം കലിയുഗത്തിന്റെ അന്ത്യത്തിൽ ബ്രഹ്മപ്രളയം സംഭവിക്കുന്നു. അതോടെ ഭൂമിയും ജീവനുമൊക്കെ നിത്യതയിൽ വിലയം പ്രാപിക്കും. തമിഴ്നാട്ടിലെ പ്രളയമൊക്കെ ഇതിന്റെ ലക്ഷണങ്ങളായി വിശദീകരിച്ച് അവർ കലികാലത്തെ മനുഷ്യനെ ശപിക്കുന്നു.

ഒരുകാര്യം നിസ്സംശയം പറയാം. മനുഷ്യൻ സഞ്ചരിക്കുന്നത് കലികാലത്തിലൂടെയാണ്. കാര്യങ്ങൾ നടന്നടക്കുന്നത് സ‍ർവ്വനാശത്തിലേക്ക് തന്നെയാണ്. ആധുനിക ശാസ്ത്രത്തിന് അതിനെ കാലാവസ്ഥാ വ്യതിയാനം, ഭൗമതാപനം എന്നൊക്കെ വിളിക്കാം. 18−ാം നൂറ്റാണ്ടിൽ മനുഷ്യൻ സൃഷ്ടിച്ച വൈജ്ഞാനിക വിപ്ലവത്തെ തുടർന്ന് വ്യവസായ വിപ്ലവവും ആധുനിക മുതലാളിത്തവും അരങ്ങേറുന്പോൾ ഭൗമ അന്തരീക്ഷത്തിൽ 200 പി.പി.എം (പാർട്സ് പെർ മില്യൻ) ആയിരുന്നു കാർബണിന്റെ അളവ്. അന്ന് പ്രകൃതി സന്തുലിതമായ ഒരവസ്ഥയിലായിരുന്നു നിലകൊണ്ടത്(Equilibrium constant). ശ്വാസോച്ഛ്വാസം ചെയ്യുന്പോഴും തീ കത്തുന്പോഴുമൊക്കെ മനുഷ്യരും ജീവജാലങ്ങളും അന്തരീക്ഷത്തിലെ ഓക്സിജൻ ഉപയോഗിക്കുന്നു. പകരം കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് വിടുന്നു. ജീവജാലങ്ങൾ പുറത്തുവിടുന്ന അധിക കാ‍‍ർബൺ ഡയോക്സൈഡ് ചെടികളും വൃക്ഷങ്ങളും ആഹാരം പാകം ചെയ്യാൻ അന്തരീക്ഷത്തിൽ നിന്ന് സ്വീകരിക്കുന്നു. പകരം ഓക്സി‍‍ജൻ അന്തരീക്ഷത്തിലേയ്ക്ക് നൽകുന്നു. വ്യവസായ വിപ്ലവം ആരംഭിച്ചതോടെ ഊർജ്ജ ഉപഭോഗം എത്രയോ ഇരട്ടിയായി വർദ്ധിച്ചു. ഊർജ്ജസ്രോതസ്സുകൾ തേടിയുള്ള പരക്കം പാച്ചിലിൽ അവ‍ർ ഭൂമിയുടെ ഗർഭം തുരന്നു. ദശലക്ഷം വർഷങ്ങൾക്ക് മുന്പ് പ്രകൃതി സന്തുലനം നിലനിർത്തുന്നതിന് വേണ്ടി ഭൂമിയുടെ പള്ളയിൽ ഒരു സെമിത്തേരിയിലെന്ന പോലെ അടക്കം ചെയ്ത കൽക്കരിയുടെയും എണ്ണയുടേയും രൂപത്തിലുള്ള ഹൈഡ്രോ കാർബണുകളെ തുരന്നെടുത്ത് വൻതോതിൽ കത്തിക്കാനാരംഭിച്ചു. അതോടെ ഭൂമിയിലെ സസ്യജാലങ്ങൾക്ക് ആഗിരണം ചെയ്യാൻ കഴിയുന്നതിന്റെ എത്രയോ ഇരട്ടി കാ‍‍ർബൺ അന്തരീക്ഷത്തിൽ കലരാൻ തുടങ്ങി. ആർത്തി മൂത്ത മനുഷ്യൻ കാടുവെട്ടി ചുട്ട് ‘നാഗരികത’ വികസിപ്പിക്കാൻ തുടങ്ങിയതോടെ പ്രകൃതിയുടെ സമതുലിതാവസ്ഥ പിന്നെയും തെറ്റി. കാർബൺ ഡയോക്സൈഡിനെ വലിച്ചെടുക്കാൻ ശേഷിയുള്ള കാടുകൾ വൻതോതിൽ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. ഇന്ന് ശാസ്ത്രലോകം പറയുന്നത് അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് 400 പി.പി.എം കടന്നിരിക്കുന്നു എന്നാണ്. അതു മാത്രമല്ല ഇതിന്റെ തോത് പ്രതിവർഷം 1.6 പി.പി.എം കണ്ട് കൂടുകയും ചെയ്യുന്നു. അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് 450 പി.പി.എം കടന്നാൽ അത് ഭൂമിയുടെ സന്തുലിതാവസ്ഥ പൂർണ്ണമായി തകർക്കുമത്രേ! ഇങ്ങിനെ സംഭവിച്ചാൽ അന്തരീക്ഷ താപം നിലവിലുള്ളതിൽ നിന്ന് രണ്ട് ഡിഗ്രി സെൽഷ്യസ് കൂടും. അതോടെ ഹിമാലയത്തിലേയും ധ്രുവങ്ങളിലേയും മഞ്ഞുരുക്കം ശക്തിപ്പെടും. കടൽജലം ഒന്നു മുതൽ നാല് മീറ്റർ വരെ ഉയരും. ഭൂമിയിലെ 100 കോടി മുതൽ 300 കോടി വരെ മനുഷ്യൻ പ്രളയജലത്തിൽ മുങ്ങിപ്പോകും. ഇന്ന് നിലനിൽക്കുന്ന പല ജന്തുജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകും. അപകടകാരികളായ ധാരാളം സൂക്ഷ്മജീവികൾ പിറവിയെടുക്കും. ഒരുപക്ഷേ പഴയ ഹിമയുഗങ്ങളേക്കാൾ അത് ഭൂമിയുടെ ഘടനയെ അസന്തുലിതമാക്കും. കലിയുഗാന്തത്തിലെ ബ്രഹ്മപ്രളയം ഇതായിരിക്കുമോ?

പ്രസക്തമായ ചോദ്യമിതാണ്. നാം ‘ആധുനിക നാഗരികത’, ‘വികസനം പുരോഗതി’ എന്നൊക്കെ പേ‍ർ ചൊല്ലി വിളിക്കുന്നത് എന്തിനേയാണ്? ഇതുതന്നെയാണോ ജീവിതത്തിന്റെ ശരിയായ പാത? ഉത്തരം കണ്ടെത്താൻ നമുക്ക് മുന്പിൽ അധികം കാലമൊന്നുമില്ല. ഇന്നത്തെ നിലയിൽ ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്ന ഡെഡ് ൈലൻ കടക്കാൻ (450 പി.പി.എം) ഇനി 35ഓ 40 വർഷം മാത്രം മതി. കാറും ഫ്രിഡ്ജും സുഖഭോഗങ്ങളുമൊക്കയായി ഭൂമിയെ ഒരു കോലിൽ കുത്തിയെടുത്തുള്ള മനുഷ്യന്റെ അർമാദിക്കൽ ഇനിയെത്ര കാലം തുടരാനാകും?

മനുഷ്യൻ എന്ന് പൊതുവായി പറയുന്നത് തികഞ്ഞ വഞ്ചനയാണ്. എല്ലാ മനുഷ്യരും ഇങ്ങനെ അർമാദിക്കുന്നില്ല. പാവപ്പെട്ട ആദിവാസികൾ, മൂന്നാം ലോകത്തിലെ മനുഷ്യർ ഇവരൊന്നും ഇന്നത്തെ തോതിലുള്ള കാർബൺ ഉത്സർജ്ജനത്തിന് ഉത്തരവാദികളാകുന്നില്ല. ലോകജനസംഖ്യയുടെ നാല് ശതമാനം മാത്രം അധിവസിക്കുന്ന അമേരിക്ക ലോകത്ത് മൊത്തം നടക്കുന്ന കാ‍‍ർബൺ ഉത്സർജനത്തിന്റെ 36 ശതമാനത്തിന് ഉത്തരവാദികളാണ്. 27 ടൺ കാർബണാണ് പ്രതിശീർഷം അവർ പുറത്ത് വിടുന്നത്. എന്നിട്ടും അവർക്ക് ‘സുഖിച്ച്’ മതിയാവുന്നില്ല. കൂടുതൽ കൂടുതൽ ഊർജ്ജം തേടി അലയുകയാണവർ. അവ‍ർക്ക് തൊട്ടു പിറകിൽ ചൈനയുണ്ട്. ബെയ്ജിംഗ് പോലുള്ള നഗരങ്ങളിൽ മനുഷ്യജീവിതം തന്നെ അസാധ്യമാകുകയാണ്. മാസ്ക് കെട്ടാതെ നടക്കുന്ന ഒരു മനുഷ്യനേയും അവിടെ ഇന്ന് കാണാൻ കഴിയില്ല. ചൈനയുടെ വ്യവസായ പുരോഗതിയെക്കുറിച്ചുള്ള ഗീർവാണങ്ങൾ കേൾക്കുന്പോൾ നാമിതൊന്നും ഓ‍ർക്കാറില്ല. ലോകത്തെ 700 കോടിജനങ്ങളിൽ 400 കോടിയും ദരിദ്ര അവികസിത രാജ്യങ്ങളിലാണ്. അവിടത്തെ മനുഷ്യർ പ്രതിശീർഷം പുറത്ത് വിടുന്നത് രണ്ട് ടൺ കാർബൺ മാത്രമാണ്. അമേരിക്കക്കാരൻ 26 ടൺ പുറത്ത് വിടുന്പോഴാണിത് എന്നോർക്കണം. അമേരിക്കയുടെ തോതിൽ ഇവരും ഊർജ്ജം ഉപയോഗിച്ചിരുന്നെങ്കിൽ ഇതിനകം ഭൂമി മൂന്ന് തവണ കത്തി തീരുമായിരുന്നു. അതായത് മൂന്നാം ലോകത്തിലെ പാവങ്ങളുടെ ചിലവിലാണ് ഇന്ന് ഭൂമി നിലനിൽക്കുന്നത് തന്നെ.

അപ്പോഴും മൂന്നാം ലോകത്തിലെ സാധാരണ മനുഷ്യന്റെ ചിലവിൽ അമേരിക്കയേയും ചൈനയേയുമൊക്കെ രക്ഷിക്കാനുള്ള തത്രപാടിലാണ് കോ‍‍ർപ്പറേറ്റ് ലോകം. അതാണ് പാരീസ് 2015 പോപ്പ് 21ൽ കണ്ടത്.  1992ൽ റിയോയിൽ ഭൗമ ഉച്ചകോടി ചേ‍‍ർന്നത് മുതൽ ഭൂമിയുടെ സർവനാശത്തിന് കാരണമാകുന്ന കാർബൺ ഉത്സർജനത്തിന് ഉത്തരവാദികളായ സാമ്രാജ്യത്വ വികസിത രാജ്യങ്ങൾ അത് കുറക്കാനുള്ള ചിലവും മുൻകൈയും എടുക്കണം എന്ന് ലോകം ആവശ്യപ്പെടുന്നു. 21 തവണ അതിന് വേണ്ടിയുള്ള ഉച്ചകോടികൾ നടന്നു. എല്ലാം വൻകിട രാഷ്ട്രങ്ങൾ അട്ടിമറിച്ചു. കരാ‍ർ ഒപ്പിടുന്നതിനെ അമേരിക്ക എതിർത്തു. ഇപ്പോൾ പാരീസിൽ സംഭവിച്ചത്, പാരീസിൽ സമ്മേളിച്ച 196 രാഷ്ട്രങ്ങൾക്കും ഒരേ ഉത്തരവാദിത്തം എന്നംഗീകരിക്കുകയാണ്. നിയമം മൂലം ആരേയും നിയന്ത്രിക്കാൻ നിവൃത്തിയില്ല. ഓരോ രാജ്യവും സ്വമേധയാ അത് ചെയ്താൽ മതി. മൂന്നാം ലോകങ്ങളുടെ വികസനത്തിന് 100 ബില്യൺ ഡോളർ വികസിതരാജ്യങ്ങൾ നൽകുമെന്നൊരു ഭംഗിവാക്കും. അതും 2020നു ശേഷം ആലോചിക്കുമത്രേ! മറ്റൊരു കൗതുകം ലോകത്ത് ഊർജ്ജ രാസ വ്യവസായങ്ങൾ നടത്തുന്ന വൻ കോ‍‍ർപ്പറേറ്റുകളാണ് പാരീസ് ഉച്ചകോടിയുടെ ചിലവ് ആകെ വഹിച്ചത്. പാരീസിലെ തീവ്രവാദി ആക്രമണത്തിന്റെ മറവിൽ പരിസ്ഥിതി പ്രവർത്തകരെ ആരേയും ഉച്ചകോടി നടക്കുന്ന സ്ഥലത്തേക്ക് എത്താൻ പോലും അനുവദിച്ചില്ല. അതായത് തീവ്രവാദം കൊണ്ടും മെച്ചം കോർപ്പറേറ്റുകൾക്ക്. 2009ലെ കോപ്പൻ ഹേഗൻ ഉച്ചകോടിയിലുൾപ്പെടെ വികസിത രാജ്യങ്ങളുടെ ഉത്തരവാദിത്വം അംഗീകരിക്കാനും അവരെക്കൊണ്ട് നിയന്ത്രണ നടപടികൾ എടുപ്പിക്കാനും മൂന്നാം ലോകരാജ്യങ്ങൾക്ക് പിഴ നൽകാനുമൊക്കെ സമ്മ‍ർദ്ദങ്ങളുണ്ടായിരുന്നു. പക്ഷേ അന്നും ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ച ജയറാം രമേശ് അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിച്ചത്. പാരീസിലെത്തുന്പോൾ മോഡിയും ജയ്റ്റ്ലിയും ഇതു തന്നെ തുടരുന്നു. എന്നിട്ട് മാധ്യമങ്ങളിലൂടെ എന്തോ വലിയ കാര്യം ചെയ്തതായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ കലികാലത്തിനൊടുവിലെ ബ്രഹ്മപ്രളയം തന്നെയായിരിക്കാം ഭൂമിയെ കാത്തിരിക്കുന്നത്.

You might also like

Most Viewed