നവോത്ഥാനം വർഗ്ഗീയതയായി പുളിച്ചു തീരുന്പോൾ
സ്വാതന്ത്ര്യത്തിനു ശേഷം ഉദാരവൽക്കരണ രാഷ്ട്രീയത്തിന്റെ തിരനോട്ടം ആരംഭിക്കുന്ന എൺപതുകൾ വരെ നവോത്ഥാനത്തിനു കെട്ടിനിൽപ്പിന്റെ കാലഘട്ടമാണെന്നു പറയാം. ഇക്കാലയളവിനിടയിൽ കുലത്തൊഴിൽ അടിസ്ഥാനത്തിലുള്ള ഉൽപ്പാദന വ്യവസ്ഥ തകർന്നിട്ടുണ്ട്. കുടുംബ കേന്ദ്രീകൃത ഉൽപ്പാദന വ്യവസ്ഥയും കൈത്തൊഴിൽ ചെറുകിട ഉൽപ്പാദന വ്യവസ്ഥകളുമൊക്കെ ജാതിക്കതീതമായി ശക്തിപ്പെട്ടു. മിഷനറിമാർ സമുദായ സംഘടനകൾ എന്നിവയുടെ ശ്രമഫലമായി ആധുനിക വിദ്യാഭ്യാസം ശക്തിപ്പെട്ടു. ദേശീയ പ്രസ്ഥാനവും ഇടതു പ്രസ്ഥാനങ്ങളും നടത്തിയ ഇടപെടലിന്റെ ഫലമായി പുരോഗമനപരമായ സാംസ്‌കാരിക അന്തരീക്ഷം ശക്തമായി. എന്നാൽ അടിസ്ഥാന മേഖലകളായ കൃഷി വ്യവസായം തുടങ്ങിയ ഉല്പാദന മേഖലകളിൽ പുരോഗതി കൈവരിക്കാൻ ആയില്ല. പകരം ശക്തമായ മുരടിപ്പ് പ്രത്യക്ഷപ്പെടുകയാണ് ചെയ്തത്. ഇതിന്റെ സാന്പത്തിക പ്രത്യാഘാതങ്ങളെ നാം അഭിമുഖീകരിക്കാതിരുന്നത് ശക്തമായ ഗൾഫ് കുടിയേറ്റവും അത് വഴിയുള്ള പുറം വരുമാനവും നിമിത്തമാണ്. ഉൽപ്പാദന മേഖലയിൽ ശ്രദ്ധിച്ചില്ലെങ്കിലും നമുക്ക് ജീവിക്കാമെന്ന അവസ്ഥയായി. ടൂറിസം ഒരു വരുമാന സ്രോതസായി. സേവന മേഖലയെ ആശ്രയിച്ചുള്ള പലതരം കൊള്ളക്കൊടുക്കലുകൾ രൂപപ്പെട്ടു. ഭൂപരിഷ്കരണം, ശക്തമായ ഇടതുപക്ഷ ട്രേഡ് യൂണിയൻ പ്രസ്ഥാനം, ആധുനിക വിദ്യാഭ്യാസത്തിനുള്ള അവസരം, മലയാളിയുടെ തലച്ചോറിനു ലോകത്തെവിടെയും ലഭിച്ച സ്വീകാര്യത ഇവയൊക്കെ കൂടിച്ചേർന്നപ്പോൾ പുതിയ ചില സാംസ്‌കാരിക സവിശേഷതകളിലേയ്ക്ക് കേരളം മാറി. ജാതീയമായ വലിയ അടിച്ചമർത്തലിനെ നേരിട്ട കേരള സമൂഹം ഏറെക്കുറേ അതിൽ നിന്ന് മുക്തമായി. ദളിത് ആദിവാസി വിഭാഗങ്ങളിൽ നിലനിന്ന പ്രശ്നങ്ങളെ കാണാതിരിക്കുന്നില്ല. എന്നാൽ ശൂദ്ര വിഭാഗത്തിലെ നായർ, ഈഴവാദി ജാതികളിലൊന്നും ജാതീയമായ അടിച്ചമർത്തൽ പുറമേക്കെങ്കിലും പ്രകടമായിരുന്നില്ല. ഇത്തരക്കാർക്ക് വിദ്യാഭ്യാസ അവകാശങ്ങളോ മറ്റ് സൗകര്യങ്ങളോ നിഷേധിക്കപ്പെട്ടില്ല. ചുരുക്കത്തിൽ എസ്.എൻ.ഡി.പിയും, എൻ.എസ്.എസുമൊക്കെ സമുദായ പരിഷ്കരണ പ്രസ്ഥാനങ്ങളായി രൂപപ്പെട്ട കാലത്തെ സാമൂഹ്യ ദൗത്യങ്ങൾ ഏറെക്കുറെ പൂർത്തിയായി എന്ന് ചുരുക്കം. എന്നാൽ ഇതോടെ ഇത്തരം സംഘടനകൾ കാലഹരണപ്പെടുകയല്ല ഉണ്ടായത്. ഈ കാലയളവാകുന്പോഴേക്കും കേരളത്തിലെ എല്ലാ സമുദായങ്ങൾക്കകത്തും മൂലധന സമാഹരണം നടത്തി സാന്പത്തികമായി ശക്തിപ്പെട്ട ഒരു ബൂർഷ്വാ വിഭാഗം രൂപപ്പെട്ട് വികസിച്ച് കഴിഞ്ഞിരുന്നു. ശ്രീനാരായണന്റെയോ മന്നത്ത് പത്മനാഭന്റെയോ വാഗ്ഭടാനന്ദന്റെയോ ചട്ടന്പി സ്വാമികളുടെയോ അയ്യങ്കാളിയുടെയോ കാലത്തെ സമുദായ പരിഷ്കരണ ദൗത്യങ്ങളൊന്നും അവയ്ക്ക് നിർവ്വഹിക്കാനില്ലായിരുന്നു. നവോത്ഥാനത്തിന്റെ പുതിയ മുദ്രാവാക്യങ്ങൾ ഏറ്റെടുത്ത് മുന്നേറേണ്ട ദേശീയ പ്രസ്ഥാനവും ഇടതുപക്ഷ പ്രസ്ഥാനവും അക്കാര്യത്തിൽ ഉദാസീന മനോഭാവം കൈക്കൊള്ളുക കൂടി ചെയ്തതോടെ കെട്ടി നിന്ന് ജീർണ്ണിച്ചു കൊണ്ടിരുന്ന ഇത്തരം പ്രസ്ഥാനങ്ങളുടെ നേതൃത്വം പുത്തൻ മൂലധന ശക്തികളുടെ കൈകളിലെത്തി. അവരാകട്ടെ ഇത്തരം പ്രസ്ഥാനങ്ങളെ മൂലധന സമാഹരണത്തിനും അധികാര പങ്കാളിത്തത്തിനുമുള്ള ഉപകരണങ്ങളാക്കി മാറ്റാനാരംഭിച്ചു. അതിനു വോട്ടു ബാങ്കുകൾ സൃഷ്ടിച്ചെടുക്കാൻ സമുദായ പരിഷ്കരണ പ്രസ്ഥാനങ്ങളായി ആരംഭിച്ച ഇത്തരം സംഘടനകളെ ജാതിയിലേക്ക് തിരിച്ചു നടത്തൽ അനിവാര്യമായിരുന്നു. അങ്ങനെയാണ് എസ്.എൻ.ഡി.പിയും, എൻ.എസ്.എസുമൊക്കെ ജാതി സംഘടനകളായി രൂപം മാറിയത്. സമുദായ പരിഷ്കരണ പ്രസ്ഥാനങ്ങൾ ജാതിയിലേക്ക് തിരിച്ചു നടക്കാൻ ആരംഭിച്ചപ്പോൾ ശക്തമായ പ്രതിരോധം ഉയർത്തേണ്ടിയിരുന്നത് ദേശീയ പ്രസ്ഥാനത്തിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും വക്താക്കളായ കോൺഗ്രസ്സും കമ്യൂണിസ്റ്റ് പാർട്ടിയുമൊക്കെയായിരുന്നു. അവർക്കതിന് സാധിച്ചില്ല. കാരണം ഇത്തരം ജാതി സംഘടനകൾക്ക് പിന്നിലുള്ള വോട്ടു ബാങ്കുകളെ പിണക്കുന്നത് തങ്ങളുടെ അധികാരാരോഹണത്തെ ദോഷകരമായി ബാധിച്ചേക്കാം എന്ന ഭയമായിരുന്നു. ഈ അവസരം മുതലാക്കി ജാതിയെ മുൻനിർത്തിയുള്ള വിലപേശൽ ശക്തമാക്കി. അതോടെ സാമൂഹ്യപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു ശ്രീനാരായണനെ പോലുള്ളവർ കണ്ട ആധുനിക വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, തൊഴിൽ കേന്ദ്രങ്ങൾ, ആതുര ശുശ്രൂഷ കേന്ദ്രങ്ങൾ എന്നിവ കച്ചവട കേന്ദ്രങ്ങളായി. ജാതിയുടെ പേരിൽ വിലപേശി വാങ്ങുന്ന സ്‌കൂളുകളും മറ്റും വൻകച്ചവട കേന്ദ്രങ്ങളായി. ഓരോ ജാതിയുടെയും അവശതകളെകുറിച്ച് ജാതി നേതാക്കന്മാർ വലിയ വായിൽ സംസാരിക്കുന്പോൾ ആരും അത് ചോദ്യം ചെയ്യുന്നില്ല. യഥാർത്ഥത്തിൽ ശൂദ്ര വിഭാഗത്തിലെ നായർ ഈഴവാദി ജാതികളിൽപ്പെട്ടവർ ഇക്കാലത്ത് ജാതീയമായ വലിയ മർദ്ദനമൊന്നും അനുഭവിച്ചിരുന്നില്ല എന്നതാണ് വാസ്തവം. എസ്.എൻ.ഡി.പിക്ക് സ്‌കൂൾ ലഭിക്കാത്തത് കൊണ്ട് എന്തെങ്കിലും ഈഴവനായ കുട്ടിക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിട്ടുണ്ടോ എന്നന്വേഷിച്ചാൽ നമുക്കതിന്റെ യാഥാർത്ഥ്യം മനസ്സിലാകും. സമുദായ പരിഷ്കരണ പ്രസ്ഥാനങ്ങൾ തിരിച്ചു നടന്ന് ജാതി സംഘടനകളായി മാറിയെങ്കിലും വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കും മുന്പുള്ള, ഇത്തരം സംഘടനകളുടെ നേതാക്കൾക്ക് സമുദായ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ചെറിയ മണവും ഗുണവുമൊക്കെ ഉണ്ടായിരുന്നു. ജാതിയെ മുൻനിർത്തിയുള്ള കച്ചവടം അല്പം പൊതിഞ്ഞു വെച്ച് നടത്താൻ അവർ ശ്രദ്ധിച്ചിരുന്നു. എന്നാൽ നടേശൻ മുതലാളിയും സുകുമാരൻ നായരുമൊക്കെ രംഗപ്രവേശം ചെയ്യുന്നത് നവ ഉദാരവൽക്കരണത്തിന്റെ കാലഘട്ടത്തിലാണ.് അപ്പോഴേക്കും ജാതിയിലേക്കുള്ള തിരിച്ചു നടപ്പ് പൂർണ്ണമായും പുളിച്ചു ജീർണ്ണിച്ചു. ജാതീയത ഉപയോഗിച്ചുള്ള വിലപേശൽ അസഹനീയമാവുകയും ചെയ്തു. ഇന്നിപ്പോൾ തിരിഞ്ഞു നോക്കിയാൽ നവോത്ഥാനത്തിന്റെയോ സമുദായ പരിഷ്കരണത്തിന്റെയോ നറുമണം പൊഴിച്ച പ്രസ്ഥാനങ്ങൾ പുളിച്ചുകെട്ട ജാതിയുടെ ദുർഗന്ധമാണ് സമൂഹത്തിനു നൽകുന്നത്. ശ്രീനാരായണനിൽ നിന്ന് വെള്ളാപ്പള്ളിയിലേക്കുള്ള ദൂരം, മന്നത്ത് പത്മനാഭനിൽ നിന്ന് സുകുമാരൻ നായരിലേക്കുള്ള ദൂരം ഇത് അടയാളപ്പെടുത്തുന്നുണ്ട്, ഇത് കേവലമായ ഒരു ജീർണ്ണിക്കൽ പ്രക്രിയയല്ല. ഇതിനു സമാന്തരമായി ദേശീയ പ്രസ്ഥാനത്തെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ജീർണ്ണത ബാധിച്ചിട്ടുണ്ട്. നിരന്തരമായി വികസിക്കേണ്ട ചരിത്രത്തേയും കാലത്തേയും മുന്നോട്ട് നയിക്കുവാൻ പ്രകടിപ്പിച്ച ഉദാസീനതയാണ് ഇതിനു കാരണമായത് എന്ന് പറയാതെ വയ്യ. വർത്തമാനകാലത്ത് വർഗ്ഗീയമായ പിളർപ്പുകൾ സൃഷ്ടിച്ച് വോട്ടു ബാങ്കുകൾ ഉറപ്പിക്കാനും അധികാരം കയ്യടക്കാനുമാണല്ലോ സവർണ്ണ ഫാസിസ്റ്റുകൾ ശ്രമിക്കുന്നത്. അതിനുള്ള മണ്ണ് ഒരുക്കുന്നതിൽ അവർ പൂർണ്ണമായും വിജയിച്ചിട്ടുമുണ്ട്. തൊണ്ണൂറുകൾക്ക് മുന്പുള്ള ജാതിയിലേക്കുള്ള തിരിച്ചുനടപ്പിന്റെ കാലത്തെ സമുദായ രാഷ്ട്രീയത്തിന്റെ പരാജയം ചൂണ്ടിക്കാട്ടി, ഇപ്പോഴും അത് പരാജയപ്പെടാം എന്നാശ്വസിക്കുന്നത് ചരിത്ര നിരപേക്ഷമായ കാഴ്ചപ്പാടാണ്. ഇത് ഇന്ന് ജാതിയിലേക്കുള്ള തിരിച്ചു നടപ്പ് പൂർത്തിയായി പച്ചയായ വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിച്ചെടുത്ത് കഴിഞ്ഞ കാലമാണ്. ഇവിടെ വെള്ളാപ്പള്ളിയെ മുൻനിർത്തി വിളവെടുക്കാൻ കഴിയുമോ എന്നാണ് സംഘപരിവാരം ശ്രമിക്കുന്നത്. അതിനു സംഘപരിവാരത്തിന് സഹായകമാകുന്ന മറ്റു ചില ഘടകങ്ങൾ കൂടിയുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മേലെ ആധിപത്യം സ്ഥാപിച്ച, ഹിന്ദുത്വ ദേശീയത വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ന്യൂനപക്ഷം വലിയ സ്വത്വപ്രതിസന്ധികളും വൻതോതിലുള്ള പിന്നോക്കാവസ്ഥയും നേരിടുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഇത്തരം സാഹചര്യത്തിൽ ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നതും അതിനു വേണ്ടി നിലകൊള്ളുന്നതും ഏതൊരു മതനിരപേക്ഷ പ്രസ്ഥാനത്തിന്റെയും ബാധ്യതയും ചുമതലയുമാണ്. ഇടതുപക്ഷമാണ് വിട്ടുവീഴ്ച്ചയില്ലാതെ ആ ചുമതലകൾ നിർവഹിക്കുന്നത് എന്ന കാര്യത്തിലും സംശയമില്ല. പക്ഷെ കേരളത്തെ പ്രത്യേകമായി പരിഗണിക്കുന്പോൾ അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള ന്യൂനപക്ഷ പ്രശ്നങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് കേരളത്തിലെ പ്രശ്നങ്ങൾ. മുസ്ലീം ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളെ ഒന്നിച്ചെടുത്താൽ സംഖ്യാപരമായ വലിയ ന്യൂനപക്ഷമായി അവരെ കണക്കാക്കാനാകില്ല. കേരളത്തിലെ ചില ജില്ലകളിൽ ന്യൂനപക്ഷമാണ് ഭൂരിപക്ഷം. കേരളത്തിലെ താലൂക്കുകൾ, വില്ലേജുകൾ പ്രദേശങ്ങൾ എന്നിവയെടുത്താലും ഈ സവിശേഷതകൾ കാണാം. ഇന്ത്യയിലെ മറ്റിതര പ്രദേശങ്ങളിലെന്ന പോലെ കേരളത്തിൽ സാന്പത്തികമായോ വിദ്യാഭ്യാസപരമായോ തൊഴിൽപരമായോ പരിഗണിക്കുന്പോഴും ഏറ്റക്കുറച്ചിലുകൾ കണ്ടേക്കാമെങ്കിലും പ്രകടമായ പിന്നോക്കാവസ്ഥ ന്യൂനപക്ഷം ഇന്നനുഭവിക്കുന്നില്ല. മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾക്കകത്ത് വളർന്നു വന്ന ബൂർഷ്വാ വിഭാഗം ന്യൂനപക്ഷത്തെ ഒന്നടങ്കം ഒരു വോട്ടു ബാങ്കായി മാറ്റി അധികാര രാഷ്ട്രീയവുമായി വിലപേശി മൂലധന സഞ്ചയനം നടത്താനാണ് പരിശ്രമിക്കുന്നത്. എന്നാൽ സാംസ്കാരിക മണ്ധലത്തിൽ മേധാവിത്വം പുലർത്താൻ ഇപ്പോഴും ഹിന്ദുത്വ ശക്തികൾക്ക് കഴിയുന്നു എന്നത് ഭാഗിമായി ശരിയാണ് താനും. ഈയിടെ കെ.എസ്.ആർ.ടി.സി എന്ന പൊതു മേഖലാ സ്ഥാപനത്തിന്റെ നഷ്ടം പരിഹരിക്കാൻ ഡിപ്പോ മാനേജർ പൂജയും മന്ത്രവാദവുമൊക്കെ നടത്തിയ വാർത്തകൾ പത്രങ്ങളിൽ ഇടം പിടിക്കുക ഉണ്ടായി. സർക്കാർ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും നവരാത്രി ആഘോഷം, പൂജകൾ, റോക്കറ്റ് വിക്ഷേപിക്കുന്നതിന് മുന്പുള്ള ഗണപതി ഹോമം, തേങ്ങയുടക്കൽ ഇതൊക്കെ ഈ സാംസ്കാരിക മേധാവിത്വത്തിന്റെ ചിഹ്നങ്ങളായി പരിഗണിക്കാം. ഇതിനു പകരമായി തങ്ങൾക്ക് കഴിയുന്നിടത്തൊക്കെ മത ചിഹ്നങ്ങൾ കൊണ്ട് നിറക്കാൻ ഇരു ന്യൂനപക്ഷ വിഭാഗങ്ങൾ മത്സരിക്കുന്നുമുണ്ട്. ഇവിടെ പ്രശ്നം, ന്യൂനപക്ഷ രാഷ്ട്രീയത്തോട് അനർഹമായ, അമിതമായ വാത്സല്യം മതനിരപേക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി, ഹിന്ദുത്വ രാഷ്ട്രീയ വികാരമുണർത്തുന്നതിൽ ഇതിനകം തന്നെ അവർ വിജയിച്ചിട്ടുണ്ട് എന്നതാണ്. മാൻഹോളിൽ വീണു മരിച്ച നൗഷാദിനെതിരെ പോലും വിഷം ചീറ്റാൻ സംഘപരിവാരം വെള്ളാപ്പള്ളി നടേശനെ പ്രേരിപ്പിക്കുന്നത് ഇത്തരം പശ്ചാത്തലത്തിലാണ്. തികഞ്ഞ മതേതരവാദികളും പൊതു മണ്ധലത്തിൽ നിലയുറപ്പിച്ചവരുമായ ഒരു ചെറു ന്യൂനപക്ഷ വിഭാഗത്തെ അത് നന്നായി പ്രകോപിപ്പിച്ചു, ശരിതന്നെ. അതാണ് നാം ആനുകാലികങ്ങളിലുടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഒക്കെ കണ്ടത്. പക്ഷെ ഇത്തരം പൊതു മണ്ധലങ്ങളിലേക്കൊന്നും കടന്നു വരാത്ത മഹാഭൂരിപക്ഷം വരുന്ന, മതനിരപേക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടു ചെയ്യുന്ന വിഭാഗങ്ങൾ ഹിന്ദുത്വവാദികളുടെ ആ നിലപാടിന് പിന്തുണ നൽകുകയാണ് ചെയ്തത്. ന്യൂനപക്ഷ വിരുദ്ധമായ അത്തരം മനോഭാവം ഭൂരിപക്ഷ സമുദായത്തിനകത്ത് ശക്തിപ്പെട്ടു വരികയാണ് ചെയ്യുന്നത്. അതായത് നൗഷാദ് വിവാദം നടേശൻ മുതലാളിക്ക് പറ്റിയ ഒരു നാക്ക് പിഴവായിരുന്നില്ല. സംഘപരിവാരം എഴുതി തയ്യാറാക്കി കൊടുത്ത ഒരു പ്രസ്താവന വെള്ളാപ്പള്ളി എന്ന മെഗാഫോണിലൂടെ പുറത്ത് വരിക തന്നെയായിരുന്നു. ഇന്ത്യയുടെ ശാസ്ത്ര ദർശന പാരന്പര്യങ്ങളെയും ചരിത്രത്തെയുമൊക്കെ വൈരുദ്ധ്യാത്മികമായി മനസ്സിലാക്കുന്നതിൽ ഇന്ത്യൻ മാർക്സിസ്റ്റുകൾക്ക് സംഭവിച്ച പരിമിതികളും സംഘപരിവാരം സമർത്ഥമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ മഹത്തായ ആ പാരന്പര്യം കേവലം മതപരമായ ഒന്നാക്കി ചുരുക്കി അതിൽമേൽ അട്ടിപ്പേറവകാശം സ്ഥാപിക്കാൻ സംഘപരിവാറിനു വലിയൊരളവിൽ വിട്ടു കൊടുക്കുന്നതിനു മാർക്സിസ്റ്റുകളുടെ യാന്ത്രികം എന്ന് വിശേഷിക്കപ്പെട്ട ഈ നിലപാടുകളും സഹായകമായിട്ടുണ്ട്. ഒന്നുകിൽ കേവല യുക്തിവാദപരമായ കാഴ്ചപ്പാട് അല്ലെങ്കിൽ മതപരമായ കാഴ്ചപ്പാട് എന്ന നിലയിൽ ഭാരതീയ തത്വചിന്ത, ശാസ്ത്ര ചിന്ത, മത ബോധം, ദൈവ സങ്കൽപ്പങ്ങൾ, ചിത്രകല, സംഗീതം, ശില്പ്പകല എന്നിവയെ ഒക്കെ നോക്കിക്കാണുന്ന രീതിയുണ്ടായി എന്ന് സമ്മതിക്കാതെ വയ്യ. യൂറോപ്യൻ മാർക്സിസത്തിന്റെ ചുവടു പിടിച്ച് ഇവയൊക്കെ കേവലമായ അന്ധവിശ്വാസങ്ങളായി എഴുതി തള്ളുക എന്ന എളുപ്പവഴിയിൽ ക്രിയ ചെയ്യലാണ് ഔദ്യോഗിക മാർക്സിസ്റ്റുകൾ സ്വീകരിച്ചത്. ചരിത്രവും വിശ്വാസവും പുരാവൃത്തവുമൊക്കെ ചവിട്ടി കുഴഞ്ഞ് കിടക്കുന്ന ഇത്തരം മേഖലകളിൽ, ഒരു ജനത അതിന്റെ ഉൽപ്പാദന ബന്ധങ്ങളോടൊപ്പം വികസിപ്പിച്ചെടുത്ത വിശ്വാസ പ്രമാണങ്ങളും ആചാരാനുഷ്ഠാനങ്ങളും ഒക്കെയുണ്ട്. അതോടൊപ്പം അവയെ കയ്യടക്കി തങ്ങളുടെ സ്വകാര്യ സ്വത്താക്കി മാറ്റി ചൂഷണത്തിനുള്ള ഉപാധിയാക്കാൻ ബ്രാഹ്മണ മേധാവികളും അധികാരി വർഗ്ഗവും കെട്ടിയേൽപ്പിച്ച അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഉണ്ട്. ഇവയെ ശ്രമകരമായ ജോലിയിലൂടെ ഇഴ പിരിച്ചെടുത്ത് അദ്ധ്വാനത്തിന്റെ നറുമണമുള്ള എല്ലാത്തിനെയും ഉയർത്തി പിടിക്കുകയും, അധികാരം കെട്ടിയേൽപ്പിച്ച അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും നിരാകരിക്കുകയും ചെയ്യാൻ മാർക്സിസ്റ്റുകൾക്ക് സാധിച്ചില്ല. ഇതുവഴി സംഭവിച്ചത് പൗരാണിക ശാസ്‌ത്രം, ദർശനം, ദൈവ സങ്കൽപ്പങ്ങൾ, ചിത്ര കല, ശില്പ്പകല, സംഗീതം, ക്ഷേത്രകലകൾ, ആചാരാനുഷ്ഠാനങ്ങൾ എന്നിവയൊക്കെ ‘ഹൈന്ദവം’ എന്ന കുടക്കീഴിൽ ഒന്നിച്ച് അണിനിരത്താൻ സംഘപരിവാര ശക്തികൾക്ക് അവസരം ലഭിച്ചു എന്നതാണ്. ബ്രിട്ടീഷുകാർ ബോധപൂർവ്വം വികസിപ്പിച്ചെടുത്ത ഓറിയന്റലിസ്റ്റ് ചരിത്ര നിർമ്മാണ രീതി ഇതിനു വളരെയേറെ സഹായകമായിരുന്നു. ചരിത്രത്തിന്റെ മേഖലയിൽ ആർ.എസ് ശർമ്മ, ബിപിൻ ചന്ദ്ര, റൊമിലാഥാപ്പാർ, ഇർഫാൻ ഹബീബ് തുടങ്ങിയ ചരിത്രകാരന്മാർ ഈ കാഴ്ചപ്പാടിനെ ശക്തമായി പ്രതിരോധിച്ചവരാണെങ്കിലും ആ കാഴ്ചപ്പാടിനെ ജനകീയമാക്കാൻ പലതരം പരിമിതികൾ നിമിത്തം മാർക്സിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞില്ല. തത്വശാസ്‌ത്രത്തിന്റെ രംഗത്ത് ദേബീ പ്രസാദ് ചതോപാധ്യായ, ദാമോദർ ധർമ്മാനന്ദ് കൊസാംബി തുടങ്ങിയ ഒരു കൂട്ടം ദാർശിനികർ ‘ഹൈന്ദവം’ എന്ന് വിശേഷിക്കപ്പെട്ട കാഴ്ചപ്പാടിനെ ശാസ്‌ത്രീയമായി വെല്ലുവിളിച്ചവരാണെങ്കിലും അത്തരം ദാർശനിക നിലപാടുകളും ജനകീയമാക്കി തീർക്കാൻ ദേശീയ പ്രസ്ഥാനത്തിനോ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കോ സാധിച്ചില്ല. ഇത്തരം ഒരു പശ്ചാത്തലത്തിൽ വേണം വർത്തമാന കാല കേരള പരിസരത്തെ വിലയിരുത്താൻ. നവോത്ഥാനം നിരന്തര വികസനത്തിന് വിധേയമാകാതെ കെട്ടടങ്ങുകയും സമുദായ പരിഷ്കരണ പ്രസ്ഥാനങ്ങൾ ജാതിയിലേക്ക് തിരിച്ചു നടന്ന് ജീർണ്ണിക്കുകയും ന്യൂനപക്ഷ രാഷ്ട്രീയത്തോട് അനർഹമായ സ്നേഹ വാത്സല്യങ്ങൾ പ്രകടിപ്പിക്കുകയും പാരന്പര്യത്തിന്റെ വക്താക്കളായി സംഘപരിവാരം നിലയുറപ്പിക്കുകയുമൊക്കെ ചെയ്തതോടെ ഇതുവരെ കീഴടങ്ങാൻ കൂട്ടാക്കാതെ നിന്നിരുന്ന മലയാളിയെ കീഴ്പ്പെടുത്താനുള്ള അവസാന തയ്യാറെടുപ്പിലാണ് സവർണ്ണ ഫാസിസം. പഴയ സാഹചര്യങ്ങളിൽ അതൊക്കെ പരാജയപ്പെട്ടു എന്നതു കൊണ്ട് ഇപ്പോഴും അത് പരാജയപ്പെട്ടു കൊള്ളും എന്ന് കരുതാനാവില്ല. അതിനു വളർന്നു പന്തലിക്കാനുള്ള മണ്ണ് ഒരുങ്ങി കഴിഞ്ഞിട്ടുണ്ട് എന്ന് ഓർമ്മവേണം.