അടുക്കളയിൽ കാഷ്ഠിക്കുന്നവർക്കും ചില ലക്ഷ്യങ്ങളുണ്ട്


മൃഗങ്ങളിൽ നിന്നുള്ള പരിണാമം പൂർത്തിയായി ആധുനിക മനുഷ്യൻ എന്ന ജീവി ഭൂമുഖത്ത് രൂപപ്പെട്ടത് മുതലുള്ള കാലത്തെയാണല്ലോ നാം സംസ്കൃതിയുടെ യുഗം എന്ന് വിശേഷിപ്പിക്കുന്നത്. അതുവരെയുള്ള ജീവികൾക്ക് ആഹരിക്കുകയും വിസർജിക്കുകയും തമ്മിൽ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. മാനവ സംസ്‌കാരം രൂപപ്പെടുന്നത് തന്നെ ആഹാരവും വിസർജ്യവും തമ്മിലുള്ള വിഛേദം രൂപപ്പെടുന്പോഴാണ്. ആഹാര സന്പാദനം, ശേഖരിച്ച ആഹാരം വൃത്തിയായി സൂക്ഷിക്കൽ, അത് പാകം ചെയ്യൽ, പാകം ചെയ്തത് കേടു കൂടാതെ സൂക്ഷിക്കൽ ഭക്ഷണം കഴിച്ച ശേഷം വായയും കയ്യും വൃത്തിയാക്കൽ,  ഭക്ഷണം കഴിച്ച ഇടം വൃത്തിയാക്കി സൂക്ഷിക്കൽ ഇതൊക്കെ മാനവ സംസ്കൃതിയുടെ വികാസത്തിനൊപ്പം വളർന്നുവന്നതാണ്. പൊതുവെ ഒരു സംസ്‌കാരത്തെ പഠിക്കുന്നതിന് അവരുടെ അടുക്കള, ടോയ്ലറ്റ് എന്നിവയെ നിരീക്ഷിച്ചാൽ മതിയാകും എന്ന് നരവംശ ശാസ്ത്രജ്ഞന്മാർ പറയാറുണ്ട്. അടുക്കള, ടോയ്ലറ്റ് എന്നീ വിപരീത ദ്വന്ദങ്ങൾ വളർന്നു വികസിച്ചതിന്റെ രീതി പരിശോധിച്ചാൽ ആ ജനത കടന്നു വന്ന വഴികളെ അറിയാനാകും. മനുഷ്യൻ എത്ര സന്പന്നനാണെങ്കിലും ദരിദ്രനാണെങ്കിലും ഒരു അടുക്കളയും ഒരു ടോയ്ലറ്റും എങ്ങനെയെങ്കിലും തട്ടികൂട്ടിയെടുക്കും. നിങ്ങളുടെ സാന്പത്തിക ശേഷിക്കനുസരിച്ച് ഇതിന്റെയെല്ലാം രൂപവും ഭാവവും മാറിക്കൊണ്ടിരിക്കും.

ഇന്ന് ഗൃഹനിർമ്മാണം ഏറ്റവും കലാപരവും വിശാലവും ചിലവേറിയതുമൊക്കെയാകുന്നത് അടുക്കളയിലും ടോയ്ലറ്റുകളിലുമാണ്. ഒരു പുതിയ വീട് കാണാൻ പോകുന്പോൾ കിടപ്പ് മുറികളുടെ പ്രൗഢിയേക്കാൾ ആരും ശ്രദ്ധിക്കുക അടുക്കളയും ടോയിലറ്റുകളുമാണ്. പക്ഷെ, ഒരു വീടായാൽ അയാൾ എത്ര ദരിദ്രനായാലും ഇവ രണ്ടും ഒരുക്കാതിരിക്കില്ല. അതുകൂടി ഉൾപ്പെടുന്പോഴേ ഒരു വീട് പൂർണ്ണമാകൂ.

നിങ്ങളുടെ സാന്പത്തിക നില എന്തായാലും നിങ്ങൾ മനുഷ്യനും സംസ്കാരമുള്ളവനുമാണെങ്കിൽ അടുക്കളയും ടോയ്ലറ്റും പരസ്‌പരം തിരിച്ചറിയാനുള്ള വിവേകം നമുക്കുണ്ടാകും. പിറന്നു വീഴുന്ന കുഞ്ഞിനു ആ തിരിച്ചറിവ് ഉണ്ടാകണമെന്നില്ല. വാർദ്ധക്യത്തിലെത്തി ഓർമ്മകൾ നഷ്ടമായി തിരിച്ചറിവുകൾ ഇല്ലാതാകുന്പോഴും അതേ.  കുട്ടികളെ ആ തിരിച്ചറിവിലേയ്ക്ക് വളർത്തിയെടുക്കാൻ ചുമതലപ്പെട്ട രക്ഷിതാവാണല്ലോ താൻ എന്ന അഭിമാന ബോധത്തോടെ കുട്ടികളുടെ വിസർജ്യങ്ങൾ കോരിക്കളഞ്ഞും ശാസിച്ചും പഠിപ്പിച്ചുമൊക്കെ നാം അവരെ സംസ്കാര സന്പന്നരാക്കും. തന്നെ ഈ വിധം പഠിപ്പിച്ച് സംസ്‌കാര സന്പന്നരാക്കിയ അച്ഛനമ്മമാർ വയസ്സായപ്പോൾ വകതിരിവ് നഷ്ടപ്പെട്ടല്ലോ; നാളെ ഒരു പക്ഷെ ഞാനും ഈ അവസ്ഥയിലെത്താം എന്ന തിരിച്ചറിവ് ഉള്ളത് കൊണ്ടാണ് നമ്മുടെ പ്രായമായ തലമുറയെ നാം ക്ഷമാപൂർവ്വം പരിചരിക്കുന്നത്. പക്ഷെ വകതിരിവും ബുദ്ധിയും  വിവരവും ബോധവുമൊക്കെയുള്ള ഒരാൾ അടുക്കളയിൽ കാഷ്ഠിക്കുകയും ടോയ്ലറ്റിൽ ഭക്ഷണം അന്വേഷിക്കുകയും ചെയ്‌താൽ നാമെന്തു ചെയ്യും. അതുണ്ടാക്കുന്ന അന്പരപ്പ് ചെറുതായിരിക്കുമോ?

വെള്ളാപ്പള്ളി നടേശൻ ഇതാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് പറയേണ്ടി വന്നാൽ,  അതൊരാൾ തികഞ്ഞ പക്വതയോടെ മിതമായ ഭാഷയിൽ നടത്തുന്ന, ഒരു സദ്‌ വിമർശനമായേ കണക്കാക്കാൻ കഴിയൂ. ദീർഘകാലം ഭ്രാന്താശുപത്രിയിൽ ചികിത്സ കഴിഞ്ഞെത്തിയ ആൾ വീട്ടിലെത്തി കുളിമുറിയിൽ കയറി കുളിച്ച് മകളെ വിളിച്ച് ‘ഉടുക്കാൻ ഉലക്കയിങ്ങെടുക്കുക’ എന്ന് പറഞ്ഞ ഒരു കഥയുണ്ട്. ‘അച്ഛന്റെ ഭ്രാന്ത് എത്രത്തോളം മാറിയിട്ടുണ്ട് എന്ന് മകൾക്ക് ബോധ്യപ്പെട്ടത് അപ്പോഴാണ്‌. അതേപോലെ കേവലം സമനില തെറ്റിയ ഒരാളുടെ ജല്പനങ്ങളായി അത് കണക്കാക്കാൻ കഴിയുമോ? അടുക്കളെയും ടോയ്ലറ്റും ഉപകരണമാക്കി മനുഷ്യന്റെ സാംസ്കാരിക പരിണാമങ്ങളെ പഠന വിധേയമാക്കാമെന്നത് പോലെ വെള്ളാപ്പള്ളി നടേശന്റെ സാംസ്കാരിക പരിണാമങ്ങളെയും പഠന വിധേയമാക്കേണ്ടി വരും. എങ്കിലെ കേരളീയ സമൂഹത്തിനും മലയാളിയുടെ സംസ്കാരത്തിനും തുടർച്ചയായി ഏറ്റുകൊണ്ടിരിക്കുന്ന ക്ഷതങ്ങളുടെ ആഴവും പരപ്പും അതേൽപ്പിച്ചു കൊണ്ടിരിക്കുന്നവരുടെ ഉദ്ദേശ ലക്ഷ്യങ്ങളും മനസ്സിലാകൂ.

കോഴിക്കോട് മാൻഹോളിൽ വീണ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണല്ലോ നൗഷാദ് എന്ന ഓട്ടോ ഡ്രൈവർക്ക് ജീവൻ നഷ്ടമായത്.  മാൻഹോളിൽ ഇറങ്ങുന്നത് അപകടമാണ് എന്ന് അവിടെയുണ്ടായിരുന്നവർ നൗഷാദിനോട്‌ പറഞ്ഞിരുന്നതാണ്. അതൊന്നും ഗൗനിക്കാതെയാണ് തനിക്ക് ഊരോ പേരോ അറിയാത്ത, തന്റെ ബന്ധമോ  സ്വന്തമോ ഒന്നുമല്ലാതെ രണ്ട് മനുഷ്യ ജീവനുകൾ സാഹസികമായി രക്ഷിക്കാൻ ശ്രമിച്ചത്. പുതിയ കാലത്ത് ജീവിച്ച് പതം വന്ന നമ്മളാരെങ്കിലും ഇത്തരം ഒരു സാഹസത്തിനു മുതിരുമോ? നമുക്ക് പരമാവധി ചെയ്യാൻ കഴിയുക, പ്രാണന് വേണ്ടി പിടയുന്ന മാൻഹോളിലെ മനുഷ്യരോടൊപ്പം ഒരു സെൽഫി എടുക്കാൻ പറ്റുമോ എന്ന് പരിശ്രമിക്കുകയാണ്. അതിനു കഴിയില്ലെങ്കിൽ പ്രാണനു വേണ്ടിയുള്ള പിടച്ചിൽ മൊബൈലിൽ പകർത്തി ഷെയർ ചെയ്യുക. പക്ഷെ നൗഷാദ് ചെയ്തത് അതൊന്നുമായിരുന്നില്ല. തനിക്ക് തയ്യാറാക്കിയ ചൂട് ചായയ്ക്ക് കാത്തു നിൽക്കാതെ തന്റെ ജീവൻ നഷ്ടപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുകളെ അവഗണിച്ച് രണ്ട് മനുഷ്യ ജീവൻ രക്ഷിക്കാൻ ശ്രമിച്ച് അവരോടൊപ്പം മാൻഹോളിന്റെ ഇരുട്ടിലേക്ക് വീണ് മനുഷ്യത്വത്തിന്റെ വീരചരിതം രചിക്കുകയായിരുന്നു. മനുഷ്യ സ്നേഹം ‘എണ്ണ വറ്റിയ ഒരു കരിന്തിരിയല്ല’ എന്ന് നൗഷാദ് നമ്മെ ഓർമ്മിപ്പിച്ചു. ആ നിമിഷത്തിൽ അയാൾ തന്റെ ഭാര്യയെയോ മക്കളെയോ കുടുംബാംഗങ്ങളെയോ മരണത്തെയോ മരണശേഷമുള്ള വി.ഐ.പിമാരുടെ വരവിനെയോ ഒന്നും ഓർത്തിരിക്കില്ല എന്നുറപ്പാണല്ലോ.

പരിധിയില്ലാത്ത മനുഷ്യ സ്നേഹം മാത്രമായിരിക്കും ആ മനസ്സിൽ നിറഞ്ഞിട്ടുണ്ടായിരിക്കുക. നമ്മുടെ സംസ്കാരമനുസരിച്ച് ഒരാൾ എത്ര ദുഷ്ടനായാലും മരിച്ചാൽ അയാളെ കുറിച്ച് നാം നല്ലതേ പറയൂ. നൗഷാദ് നമുക്കൊന്നും ചിന്തിക്കാൻ പോലും കഴിയാത്ത ഔന്നത്യത്തിലുള്ള ഒരു മനുഷ്യ സ്നേഹിയാണ്. ആ മനുഷ്യനെ കുറിച്ച് ഒരു വാക്കിലെങ്കിലും നല്ല ഒരു വർത്തമാനം വെള്ളാപ്പള്ളി നടേശൻ മുതലാളി പറഞ്ഞില്ല. എന്നാൽ വൈകാരികമായ ആ സംഭവത്തിൽ എത്ര മാത്രം വർഗ്ഗീയ വിഷം നിറക്കാമോ അത് നിർവഹിക്കുകയും ചെയ്തു. സംസ്കാര ശൂന്യത ഒന്നുകൊണ്ട് മാത്രമായിരിക്കുമോ വെള്ളാപ്പള്ളി നടേശൻ ഇത് ചെയ്തത്; ഒരിക്കലുമില്ല. നടേശന്റെ നടപടിക്കെതിരെ വിവിധ വിഭാഗം ജനങ്ങൾക്കിടയിൽ നിന്ന് സ്വാഭാവിക പ്രതിഷേധം ഉയർന്നു വന്നു. രാഷ്ട്രീയ നേതാക്കൾ ലാഭ നഷ്ടചേത കണക്കുകൾ കൂട്ടിയും കിഴിച്ചുമാണെങ്കിലും പ്രതിഷേധം പ്രകടിപ്പിച്ചു. ബി.ജെ.പി എന്ന രാഷ്ട്രീയ പാർട്ടി ഇക്കാര്യത്തിൽ അസ്വാഭാവികമായ മൗനം അവലംബിക്കുകയാണ് ചെയ്തത്. എന്നാൽ ശോഭാ സുരേന്ദ്രൻ എന്ന ബി.ജെ.പി നേതാവ് വെള്ളാപ്പള്ളിയെ ശക്തമായി ന്യായീകരിച്ച് രംഗത്തെത്തുകയും ചെയ്തു. (ബി.ജെ.പിയിൽ പുതിയ സംസ്ഥാന അദ്ധ്യക്ഷനെ കണ്ടെത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞതാണ്.

ശോഭാ സുരേന്ദ്രനെ സംസ്ഥാന അദ്ധ്യക്ഷയാക്കുന്നതാണ് നല്ലത് എന്ന അഭിപ്രായം ബി.ജെ.പിയുടെ കേന്ദ്ര നേതാക്കളെ ഞാൻ അറിയിച്ചിട്ടുണ്ട് എന്ന് പരസ്യമായി പറഞ്ഞ ആളാണ്‌  വെള്ളാപ്പള്ളി). അതായത് കേരളീയ സമൂഹത്തെ മതപരമായി വെട്ടിപ്പിളർന്ന് വോട്ടു ബാങ്കുകളുണ്ടാക്കി അധികാരം കരഗതമാക്കാൻ കഴിയുമോ എന്ന് പരിശ്രമിക്കുക എന്ന അമിത്ഷായുടെ പദ്ധതിയാണ് ഇവിടെയൊക്കെ പ്രവർത്തിക്കുന്നത് എന്നുറപ്പ്. കേരളത്തിലെ ഭൂബന്ധങ്ങളുടെ സവിശേഷത, ഭൂപ്രകൃതിയുടെ പ്രത്യേകത, ഇങ്ങോട്ട് കടന്നു വന്ന നിരവധിയായ സംസ്‌കാരങ്ങളുടെ സവിശേഷതകൾ, ജാതിശ്രേണിയുടെ പ്രത്യേകതകൾ, രാജാക്കന്മാരുടെ വിളംബരങ്ങൾ, നവോത്ഥാന പ്രസ്ഥാനം, അതിനെ പറ്റി വളർന്ന ദേശീയ പ്രസ്ഥാനം, ഇടതുപക്ഷ പ്രസ്ഥാനം ഇവയുടെയൊക്കെ പ്രവർത്തന ഫലമായി ആധുനികതാ പ്രസ്ഥാനം നന്നായി മുന്നേറിയ സംസ്ഥാനമാണ് കേരളം. ഈ നിലയിൽ പരുവപ്പെട്ട ഒരു മനസ്സ് മലയാളിക്ക് പൊതുവായി ഉണ്ട്. നവോത്ഥാനം ഉഴുതു മറിച്ച കേരളമൊഴികെയുള്ള മിക്കവാറും സംസ്ഥാനങ്ങളിലൊന്നും ഇത്തരം സവിശേഷ സാഹചര്യങ്ങളില്ല. അവിടെയൊന്നും നവോത്ഥാന പ്രസ്ഥാനത്തെ പിൻപറ്റിയല്ല ദേശീയ പ്രസ്ഥാനം വളർന്നത്. അതുകൊണ്ടാണ് അവർക്ക് വളരെയെളുപ്പം മതജാതി രാഷ്ട്രീയത്തിലേക്ക് തിരിച്ചു നടക്കാൻ കഴിഞ്ഞത്. ഇവിടെ അതിനെതിരായ ഒരു സാമൂഹിക ഉണർവ് ശക്തമായിരുന്നു. അതുകൊണ്ടാണ് ആക്രമക ഹിന്ദുത്വ (Agressive hinduthua) പ്രസ്ഥാനമായ ബി.ജെ.പിക്ക് കൂടെ നിൽക്കാൻ ഒരു ഘടക കക്ഷിയെ പോലും കേരളത്തിലിതുവരെ ലഭിക്കാതിരുന്നത്. ഒരു തരം സാംസ്കാരികമായ അറപ്പ് സംഘപരിവാർ രാഷ്ട്രീയം കേരളത്തിൽ നേരിട്ടു കൊണ്ടിരുന്നു.

എന്നാൽ കോൺഗ്രസ്സിനും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ തുടർച്ചയായ കമ്യൂണിസ്റ്റ്കാർക്കും നവോത്ഥാന പ്രസ്ഥാനത്തെ കെട്ടിക്കിടന്ന് ജീർണ്ണിക്കാനനുവദിക്കാതെ മുന്നോട്ട് നയിക്കാൻ സാധിച്ചില്ല. നവ ഉദാരവൽക്കരണത്തിന്റെ പുതിയ കാലത്ത്, നവോത്ഥാന കാലത്ത് രൂപപ്പെട്ട എല്ലാ സമുദായ പരിഷ്ക്കരണ പ്രസ്ഥാനങ്ങളും ജാതിയിലേക്ക് തിരിച്ചു നടന്ന് സങ്കുചിത ജാതി പ്രസ്ഥാനങ്ങളായി മാറി. ഇപ്പോൾ ഇത്തരം ജാതി സംഘടനകളെയാകെ ‘നായാടി മുതൽ നന്പൂതിരി വരെ’ എന്നൊക്കെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തി ഭൂരിപക്ഷ വർഗ്ഗീയ പ്രസ്ഥാനങ്ങളാക്കി മാറ്റി തീർക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ന്യൂനപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യുന്പോൾ അഖിലേന്ത്യാ മാനദണ്ധങ്ങൾക്കപ്പുറം കേരളത്തിന്റെ സവിശേഷതകൾ കണക്കിലെടുത്തുള്ള നിലപാടുകൾ സ്വീകരിക്കുന്നതിൽ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുമൊക്കെ ഒരുപോലെ പരാജയപ്പെടുകയും ചെയ്തു.

കേരളത്തിൽ ന്യൂനപക്ഷ ബൂർഷ്വാ വിഭാഗങ്ങൾ ഇരു മുന്നണികളോടും വിലപേശി അധികാരം പങ്കിടുകയും അതുപയോഗിച്ച് സാന്പത്തികവും സാംസ്കാരികവുമൊക്കെയായി വലിയ വളർച്ച കൈവരിക്കുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയാണ് ഭൂരിപക്ഷ വർഗ്ഗീയ പ്രസ്ഥാനം മതപരമായി സമൂഹത്തെ പിളർക്കാൻ ശ്രമിക്കുന്നത്. താൽക്കാലിക ലാഭ നഷ്ടങ്ങൾക്കപ്പുറം ഇതിനെ നേരിടാനുള്ള ഉറച്ച നിലപാട് സ്വീകരിക്കാനും കെട്ടി നിന്ന് ജീർണ്ണിച്ച നവോത്ഥാന പ്രസ്ഥാനത്തെ ഒരു രണ്ടാം നവോത്ഥാനം എന്ന നിലയിൽ പുനഃസംഘടിപ്പിച്ച് മുന്നോട്ടു നയിക്കാനും കഴിയേണ്ടതുണ്ട്. കോൺഗ്രസ്സിനും സോഷ്യലിസ്റ്റുകൾക്കും കമ്യൂണിസ്റ്റ് പാർട്ടികൾക്കുമൊക്കെ ഇതിൽ വലിയ പങ്ക് വഹിക്കാനുണ്ട്. എങ്കിലും ഇതിനു നേതൃത്വം വഹിക്കാൻ ചരിത്രപരമായും പ്രത്യക്ഷപരമായും സാധിക്കുന്ന പ്രസ്ഥാനം തങ്ങളുടേതാണ് എന്ന തിരിച്ചറിവ് കമ്യൂണിസ്റ്റുകാർക്ക് ഉണ്ടാവണം.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വിജയം, അധികാരം, മുഖ്യമന്ത്രി കസേര എന്നിവയ്ക്കപ്പുറം കാണാൻ കഴിയുന്ന മഹത്തായ ഒരു കാഴ്ചപ്പാട് അതിനു അനിവാര്യമാണ്. അതില്ലാത്തതുകൊണ്ടാണ് കാന്തപുരം അബൂബക്കർ മുസ്‌ല്യായാരെ പോലെയുള്ള ആത്മീയ വ്യാപാരികളുടെ ഇരുണ്ട മനസ്സുകളിൽ കുടിപാർക്കുന്ന സ്‌ത്രീ വിരുദ്ധമായ  നിലപാടുകളെ പോലും ശക്തമായ പ്രക്ഷോഭമുയർത്തി പ്രതിരോധിക്കാൻ കഴിയാതെ പോകുന്നത്.

You might also like

Most Viewed