മണിമുഴങ്ങുന്നത് ആർക്കുവേണ്ടി എന്നറിയണം
1984 ൽ രാജീവ് ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലേക്ക് ഉയർത്തപ്പെട്ടത് വലിയ പ്രതീക്ഷകൾ ഉളവാക്കിയിരുന്നു. ക്ഷൗരം ചെയ്ത് മിനുക്കിയ മുഖത്ത് ജവഹർലാൽ നെഹ്‌റുവിന്റെയും ഇന്ദിരയുടെയും ഒക്കെ ഛായ മിന്നലാട്ടങ്ങൾ തീർത്തിരുന്നു. രാഷ്ട്രീയത്തിലെ സംശുദ്ധിയുടെ പ്രതീകമായി വാഴ്ത്തപ്പെട്ട അദ്ദേഹം ‘മിസ്റ്റർ ക്ലീൻ’ എന്നാണറിയപ്പെട്ടത്. പോരാത്തതിന് ഇന്ത്യൻ യുവത്വത്തിന്റെ പ്രതിരൂപമായി അദ്ദേഹം എല്ലാവരുടെയും സ്നേഹാദരങ്ങൾ പിടിച്ചുപറ്റി. ഇന്ത്യൻ ജനത നൽകിയ റിക്കാർഡ് ഭൂരിപക്ഷത്തിന്റെ തിളക്കത്തോടെയായിരുന്നു അദ്ദേഹം അധികാരാരോഹിതനായത്. ഇന്ത്യയുടെ ദേശീയ പ്രസ്ഥാനവുമായി നാഭീനാള ബന്ധങ്ങളൊന്നുമില്ലാത്ത ഉദാരവൽക്കരണ മനോഭാവങ്ങൾ അകമേ പേറുന്ന ഡൂൺ സ്കൂൾ സന്തതികളായിരുന്നു രാജീവ് ഗാന്ധിയുടെ ചുറ്റുപാടും അണിനിരന്നത്. കോത്രോച്ചിയെ പോലുള്ള അന്താരാഷ്ട്ര വ്യാപാര ദല്ലാളന്മാരും അതോടെ ഇന്ത്യയിൽ ചേക്കേറാൻ തുടങ്ങി. തുടക്കത്തിലുണ്ടായ ‘മിസ്റ്റർ ക്ലീൻ’ പ്രതിച്ഛായ ഒരുപാട് കാലമൊന്നും നീണ്ടു നിന്നില്ല. ബോഫോഴ്സ് ആയുധ ഇടപാടിലെ അഴിമതി ഉൾപ്പെടെ, അടക്കിപ്പിടിച്ച സംസാരങ്ങളും പുറത്തെത്താൻ തുടങ്ങി. അതവസാനം “ഗല്ലി ഗല്ലി മേം ജോർ ഹേ, രാജീവ് ഗാന്ധി ചോർ ഹേ” എന്ന മുദ്രാവാക്യമായി തെരുവുകളിലാകെ പടർന്നു.
എന്നാൽ ഈ അഴിമതി പ്രശ്നങ്ങളെക്കാളുപരി രാജീവ്ഗാന്ധിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചത് അദ്ദേഹം എടുത്തണിഞ്ഞ മൃദു ഹിന്ദുത്വ മേലങ്കിയായിരുന്നു. ഇറ്റാലിയൻ പെൺകുട്ടിയുമായുള്ള പ്രണയസല്ലാപങ്ങളും വിമാനം പറത്തലുമൊക്കെയായി ജീവിതം ആസ്വദിച്ചു നടന്ന രാജീവ്ഗാന്ധിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഹൃദയ ഭൂമിയുടെ വികാരങ്ങൾ ഒന്നും അറിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ അനുയായി വൃന്ദം അദ്ദേഹത്തെ പഠിപ്പിച്ചത് ഹിന്ദു പ്രതിച്ഛായയുണ്ടാക്കുന്നത് ഭൂരിപക്ഷ ഹിന്ദുക്കളുടെ നാടായ ഇന്ത്യയിൽ പിടിച്ചു നിൽക്കാനുള്ള സൂത്രവിദ്യയാണ് എന്നായിരുന്നു.
തന്റെ മുത്തച്ഛനിൽ നിന്ന് വ്യത്യസ്തയായി, ഇത്തരം നന്പറുകൾ പയറ്റാൻ ശ്രമിച്ചവരാണല്ലോ അദ്ദേഹത്തിന്റെ മാതാവ് ഇന്ദിരാഗാന്ധി. പ്രധാന ക്ഷേത്രങ്ങൾ സന്ദർശിച്ച് തന്റെ ഹിന്ദു വ്യക്തിത്വം പ്രകടിപ്പിക്കാനും അവർ ശ്രദ്ധിച്ചിരുന്നു. എന്നാൽ മുസ്ലീം ഭൂരിപക്ഷ കേന്ദ്രങ്ങളിലെത്തുന്പോൾ പച്ച സാരിയുടുത്ത് സാരിത്തലപ്പ് തലയിലൂടെ തട്ടംപോലെ വലിച്ചിട്ട് ഒരു മുസ്ലീം ഛായ ഉണ്ടാക്കിയെടുക്കാനും അവർ ശ്രദ്ധിച്ചിരുന്നു. കോൺഗ്രസ്സിന് ഭീഷണിയായി മാറിയ പഞ്ചാബിലെ അകാലിദളിനെ തകർക്കാൻ തീവ്ര സന്യാസിയായ ഭിന്ദ്രൻവാലയെ കൂട്ടുപിടിക്കാനും ഇന്ദിരക്ക് മടിയുണ്ടായിരുന്നില്ല. അതാണല്ലോ അവസാനം ഖലിസ്ഥാൻ പ്രസ്ഥാനത്തിലും സുവർണ്ണ ക്ഷേത്രത്തിൽ പട്ടാളം കയറി കൂട്ടക്കൊല നടത്തുന്നതിനും അവസാനം ഇന്ദിരയുടെ തന്നെ കൊലയിലെത്തിയ പ്രതികാര നടപടികളിലുമൊക്കെ ചെന്നെത്തിയത്. രാജീവ്ഗാന്ധി തന്റെ അമ്മയിൽ നിന്ന് കണ്ട് പഠിച്ച രാഷ്ട്രീയവും ഇതൊക്കെയായിരുന്നു. തുടക്കത്തിലെ മൃദുഹിന്ദുത്വകാർ കാർഡ് ഇറക്കിയുള്ള കളിയാണ് തന്റെ ഭാവി ഭദ്രമാക്കുക എന്നദ്ദേഹം കരുതിപ്പോയെങ്കിൽ തെറ്റു പറയാനാവില്ല.
വലിയൊരു തുക നീക്കി വെച്ച് ഗംഗാ ശുദ്ധീകരണ പദ്ധതി ആത്മീയനിറം നൽകി പ്രഖ്യാപിക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. അതിന്റെ ആത്മീയ പ്രതിച്ഛായ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഇന്ത്യയുടെ ഹൃദയ ഭൂമിയിലൂടെ ഒഴുകുന്ന, ഇന്ത്യൻ പൗരാണികതയുടേയും പൈതൃകത്തിന്റെയും സർവ്വോപരി ഇന്ത്യൻ കൃഷിയുടെയും പരിസ്ഥിതിയുടെയുമൊക്കെ കേന്ദ്ര ബിന്ദുവായ ഗംഗാ ശുദ്ധീകരണം എല്ലാ വിഭാഗം ജനങ്ങളും സ്വാഗതം ചെയ്യുകയാണുണ്ടായത്. തുടർന്ന് അദ്ദേഹം കൈവെച്ചത് മുസ്്ലീം ആത്മീയ രാഷ്ട്രീയത്തിലായിരുന്നു. മൊഴി ചൊല്ലപ്പെടുന്ന മുസ്ലിം സ്ത്രീക്ക് ജീവനാംശത്തിന് അർഹതയില്ല എന്ന് മുസ്്ലിം യാഥാസ്ഥിക പണ്ധിതന്മാർ ശരീഅത്ത് നിയമങ്ങളെ മുൻനിർത്തി വാദിച്ചത് അങ്ങേയറ്റം പിന്തിരിപ്പനായ ഒരു നിലപാടായിരുന്നു. അന്ന് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ഷബാനു എന്ന മുസ്്ലിം സ്ത്രീയുടെ കേസിൽ പുരോഗമന വാദികളായ മുസ്്ലിങ്ങളെയാകെ നിരാശപ്പെടുത്തി യാഥാസ്ഥിതിക വിഭാഗത്തിന്റെ വക്താവായി നിയമ നിർമ്മാണം നടത്താനാണ് രാജീവ് ഗാന്ധി തയ്യാറായത്. അത് കോൺഗ്രസിനകത്തുപോലും വലിയ പ്രതികരണങ്ങൾ സൃഷ്ടിച്ചു.
ആരിഫ് മുഹമ്മദ് ഖാനെപ്പോലുള്ള, നല്ല പ്രതിച്ഛായയുള്ള മുസ്്ലിം നേതാക്കൾ ഇത്തരം മതപ്രീണന വാദികൾക്കെതിരെ രംഗത്തു വന്നു. ആദ്യമവർ കോൺഗ്രസിനകത്തു നിന്നു തന്നെ ഈ നിലപാടുകൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാനാണ് ശ്രമിച്ചത്. അതിന്റെ ഭാഗമായി കേരളത്തിലെത്തിയ ആരിഫ് മുഹമ്മദ് ഖാന് ആവേശകരമായ സ്വീകരണങ്ങളാണ് കോൺഗ്രസ്സിലെ ഉൽപ്പതിഷ്ണു വിഭാഗങ്ങൾ ചേർന്നൊരുക്കിയത്. സ്വാഭാവികമായും യാഥാസ്ഥിതിക പക്ഷത്ത് അണിനിരന്ന മുസ്്ലിം ലീഗുമായി മലപ്പുറത്ത് പോലും അത് കോൺഗ്രസ്സ് ലീഗ് സംഘർഷത്തിന് കാരണമായി. അവസാനം ആരിഫ് മുഹമ്മദ് ഖാനും കൂട്ടുകാരും കോൺഗ്രസ് വിട്ട് പുറത്തുവന്ന് മത നിരപേക്ഷ രാഷ്ട്രീയ പാർട്ടികളുമായി സഹകരിച്ച് പ്രവർത്തിക്കുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. ഇതുകൊണ്ടൊന്നും രാജീവ് ഗാന്ധിയും കോൺഗ്രസ്സും നിലപാടിൽ മാറ്റം വരുത്തിയില്ല.
‘മതനിരപേക്ഷത’ എന്ന വാക്കിന്റെ അർത്ഥം സംബന്ധിച്ച് അന്ന് രാജീവ് ഗാന്ധി പറഞ്ഞ വിടുവായിത്തം വലിയ ചർച്ചകൾക്ക് കാരണമായി. മതനിരപേക്ഷത എന്നതിനർത്ഥം എല്ലാ മതങ്ങളേയും ഒരുപോലെ കണ്ട് പ്രോത്സാഹിപ്പിക്കലാണ് എന്നായിരുന്നു രാജീവ് ഗാന്ധിയുടെ വിശദീകരണം. ഇന്ത്യയിലാകെയുള്ള മതനിരപേക്ഷ വാദികളും ബുദ്ധിജീവികളും ജഡ്ജിമാരുമൊക്കെ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നു. സാധാരണ ഗതിയിൽ മിതമായ ഭാഷാ ശൈലിയിൽ പ്രതികരിക്കാറുള്ള പി. ഗോവിന്ദപ്പിള്ള ഈ നിലപാടിനോട് രൂക്ഷമായി പ്രതികരിച്ചു. അന്ന് മതനിരപേക്ഷതയെക്കുറിച്ച് ആനുകാലികങ്ങളിലും മറ്റുമായി വലിയ ചർച്ച ഉയർന്നു വരാൻ ഇതൊക്കെ നിമിത്തമായി. എന്നാൽ അവസാന നിമിഷം വരെ തന്റെ ഹിന്ദുത്വ നിലപാടിൽ മാറ്റം വരുത്താൻ രാജീവ് ഗാന്ധി സന്നദ്ധമായിരുന്നില്ല. അത് മൃദു ഹിന്ദുത്വ നിലപാടുകൾ വിട്ട് കൂടുതൽ തീവ്രമായി തീരുകയാണുണ്ടായത്.
അങ്ങനെയാണ് അടഞ്ഞു കിടന്നിരുന്ന ബാബ്റി മസ്ജിദിന്റെ താഴുകൾ ഹിന്ദുത്വവാദികൾക്കനുകൂലമായി തുറക്കപ്പെട്ടത്. 1948ൽ മലയാളിയായിരുന്ന ഫൈസാബാദ് കളക്ടർ എം.കെ നായരുടെ കാർമ്മികത്വത്തിലായിരുന്നല്ലോ ബാബറിപ്പള്ളിക്കകത്ത് രാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ കൊണ്ടുപോയി സ്ഥാപിച്ചത്. ഇത് സംശയാതീതമായി തെളിയിക്കാൻ പോലീസിന് സാധിച്ചെങ്കിലും വർഗ്ഗീയ കലാപത്തിന് കാരണമാകും എന്ന ന്യായം പറഞ്ഞ് തൽസ്ഥിതി (Statusco) നിലനിർത്താൻ ഉത്തരവിറക്കുകയാണ് എം.കെ നായർ ചെയ്തത്. വിഗ്രഹങ്ങളെടുത്ത് സരയൂ നദിയിൽ വലിച്ചെറിയണമെന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ആജ്ഞപോലും അന്ന് നടപ്പിലാക്കാനായില്ല. ഗത്യന്തരമില്ലാതെ പള്ളി അടച്ചുപൂട്ടാൻ ഗവണമെന്റ് ഉത്തരവിട്ടു. എം.കെ നായർ പിന്നീട് ജനസംഘം എന്ന രാഷ്ട്രീയ പാർട്ടിയിൽ ചേർന്ന് പച്ചയായ ഹിന്ദുത്വവാദിയായി. പാർലമെന്റിലേക്കും മറ്റും മത്സരിക്കാനും സന്നദ്ധമായി. അന്നു പൂട്ടിയ പള്ളികൾ പിന്നീട് ഹിന്ദുത്വ ശക്തികൾക്ക് അനുകൂലമായി തുറക്കുന്നതിനും രാമക്ഷേത്ര ശിലാന്നാസം നടത്തുന്നതിനുമൊക്കെ കാരണഭൂതനായത് രാജീവ് ഗാന്ധി ആയിരുന്നല്ലോ. ഫൈസാബാദിലെ കോടതിയിൽ ഒരു ‘ഹിന്ദു ഭക്തൻ’ എന്ന വ്യാജേന ഒരു സംഘപരിവാറുകാരൻ പരാതി ഫയൽ ചെയ്തു. ഇത് ബാബറിമസ്ജിദ് അല്ലെന്നും രാമക്ഷേത്രമാണെന്നും അതിനകത്ത് രാമ സീതാ വിഗ്രഹങ്ങളുണ്ടെന്നും അവയെ യഥാവിധി ശുദ്ധി ചെയ്ത് ആരാധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും, അത് ചെയ്യുന്നില്ലെങ്കിൽ നാട്ടിൽ പലവിധ അനർത്ഥങ്ങളും സംഭവിക്കുമെന്നും അതിനൊക്കെ ഉത്തരവാദി കോടതിയും ഭരണകൂടവുമൊക്കെയായിരിക്കുമെന്നുമായിരുന്നു ഹിന്ദുഭക്ത
ന്റെ പ്രാർത്ഥന. 48ൽ ഇതടച്ചുപൂട്ടിയ സർക്കാരാണ് എതിർകക്ഷി എന്നതുകൊണ്ട് സർക്കാരിന് നോട്ടീസയച്ച് എതിർസത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. പക്ഷേ പലതവണ സമയം നീട്ടി നൽകിയിട്ടും സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ തയ്യാറായില്ല. എക്സ് പാർട്ടിയായ ഹിന്ദുഭക്തന് അനുകൂലമായ വിധിയുണ്ടാക്കാനാവശ്യമായ സാഹചര്യമാണ് രാജീവ് ഗാന്ധി ഒരുക്കിക്കൊടുത്തത്. എതിർ സത്യവാങ്മൂലം സമർപ്പിക്കപ്പെട്ടിരുന്നെങ്കിൽ അത് ഫയലിൽ സ്വീകരിച്ച് ഏകപക്ഷീയമായി തുറന്നു നൽകൽ ഒഴിവാക്കാനായിരുന്നു കോടതിയുടെ പരിശ്രമം. പക്ഷെ സർക്കാർ ഗൂഢാലോചനാപരമായ മൗനമാണ് ഇക്കാര്യത്തിൽ സ്വീകരിച്ചത്. ഇത് തുറന്നു കൊടുത്താൽ സംഭവിക്കാനിടയുള്ള അപകടം കണക്കിലെടുത്ത കോടതി സർക്കാരിന് മാറി മാറി സമൻസയച്ചെങ്കിലും ഫലമുണ്ടായില്ല. എങ്കിലും തൽസ്ഥിതി തുടരാൻ കോടതി ആവുന്നതൊക്കെ ചെയ്തു നോക്കി. ഹൈസാബാദ് ജില്ലാ കലക്ടറെയും ജില്ലാ പോലീസ് സൂപ്രണ്ടിനെയും സമൻസയച്ച് കോടതിയിൽ വരുത്തി. ‘ഹിന്ദുഭക്ത’ന്റെ പ്രാർത്ഥന അംഗീകരിച്ചാൽ അത് ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണമാകുമോ എന്ന് കോടതി ആരാഞ്ഞു. സ്വാഭാവികമായും ഇരുവരിൽ നിന്നും കോടതി പ്രതീക്ഷിച്ച മറുപടി അത് വർഗ്ഗീയകലാപങ്ങൾക്ക് വഴിമരുന്നിടുമെന്നുമായിരുന്നു. അക്കാരണങ്ങൾ കൊണ്ടാണ് 48 മുതൽ പള്ളി അടച്ചിട്ടിരിക്കുന്നതെന്നും തൽസ്ഥിതി തുടരണമെന്നും അവർ സത്യവാങ്മൂലം നൽകുമെന്ന് പ്രതീക്ഷിച്ച കോടതി വിഡ്ഢിയായി. സർക്കാർ തലത്തിലുണ്ടായ ഗൂഢാലോചനയുടെ ഫലമായി, “ഒരു ക്രമസമാധാന പ്രശ്നവുമുണ്ടാവില്ല” എന്ന മറുപടിയാണ് ഇവരിരുവരും കോടതിയിൽ നൽകിയത്. അതായത് മറ്റ് ഗത്യന്തരമില്ലാതെയാണ് 86 ൽ ‘ഹിന്ദുഭക്തന്റെ പെറ്റീഷൻ അനുവദിക്കാൻ കോടതിക്ക് ഉത്തരവിടേണ്ടിവന്നത്. അങ്ങനെയാണ് കുടം തുറന്നു വിട്ട ഭൂതമായി ഹിന്ദുത്വ വർഗ്ഗീയത ഇന്ത്യൻ ഭൂപ്രദേശങ്ങളിൽ ചുടല നൃത്തം ആരംഭിച്ചത്. രാമക്ഷേത്ര വിവാദം അതോടെ ഉച്ചസ്ഥായിലെത്തി. അദ്വാനിയുടെ രഥയാത്രകൾ വലിയ പിരിമുറുക്കത്തിനും കലാപങ്ങൾക്കും കാരണമായി. തുടർന്നാണ് ബാബറി പള്ളിവളപ്പിൽ രാമക്ഷേത്രത്തിന് ശിലയിടാൻ (ശിലാന്യാസ്) രാജീവ്ഗാന്ധി അനുമതി നൽകിയത്. ഭൂട്ടാസിംഗ് ആയിരുന്നു അന്ന് ആഭ്യന്തര വകുപ്പ് മന്ത്രി. ശിലാന്യാസത്തോടെ രാമക്ഷേത്ര നിർമ്മാണം മുഖ്യ അജണ്ടയായി ഉയർത്തി കൊണ്ടുവരാൻ സംഘപരിവാറുകാർക്ക് നിഷ്‌പ്രയാസം സാധിച്ചു. ശിലാപൂജകളും ജാഥകളും കർസേവകളുമൊക്കെ നിത്യസംഭവങ്ങളായി. ഇതിനിടയിലാണ് തമിഴ് തീവ്രവാദികളുടെ ആക്രമണത്തിൽ ശ്രീ വെരുംപുത്തൂരിൽ പൊതു തെരഞ്ഞെടുപ്പിനിടയിൽ രാജീവ്ഗാന്ധി കൊല്ലപ്പെടുന്നത്. തിരഞ്ഞെടുപ്പിൽ മൃദുഹിന്ദുത്വത്തിന്റെ നല്ല വിളവെടുപ്പ് സാദ്ധ്യമാകും എന്ന് രാജീവ് ഗാന്ധി പ്രതീക്ഷിച്ചിരുന്നു. ആ തിരഞ്ഞെടുപ്പിൽ ഹിന്ദുമേഖലകളിലെ പ്രചാരണത്തിന് വേണ്ടി തയ്യാറാക്കിയ പോസ്റ്ററുകളിൽ നീണ്ട സിന്ദൂരക്കുറി വരച്ച കർസേവകച്ഛായയുള്ള രാജീവ്ഗാന്ധിയുടെ ചിത്രങ്ങളാണ് വ്യാപകമായി ഉപയോഗിച്ചത്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾക്കായി കുറിയില്ലാത്ത തലയിൽ മുസ്ലീം തൊപ്പി ധരിച്ച രാജീവ്ഗാന്ധിയുടെ ചിത്രങ്ങളും തയ്യാറാക്കിയിരുന്നു. ആ തിരഞ്ഞെടുപ്പിലെ കോൺഗ്രസ്് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തത് അയോദ്ധ്യയിലായിരുന്നു. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ‘ദേശ് കി പുക്കാർ’ എന്നൊരു സിനിമയും തയ്യാറാക്കിയിരുന്നു. സംഘപരിവാർ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ മുദ്രാവാക്യങ്ങളും ഭാരതമാതാവിന്റെ ചിത്രവുമൊക്കെയാണ് കോൺഗ്രസ്സിന് വേണ്ടി നിർമ്മിച്ച സിനിമയിലുമുണ്ടായിരുന്നത്. തുടർന്ന് നരസിംഹറാവു പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതിനെ തുടർന്നാണല്ലോ സർക്കാർ കയ്യുംകെട്ടി നോക്കി നിൽക്കുന്പോൾ കർസേവകർ ഇരച്ചുകയറി ബാബറി പള്ളി നാമാവശേഷമാക്കിയത്. അതായത് മഹത്തായ ദേശീയ പ്രസ്ഥാനത്തിന്റെ പൈതൃകം പേറുന്ന കോൺഗ്രസ് അതെല്ലാം കളഞ്ഞുകുളിച്ചു. ഓർമ്മകൾ നഷ്ടപ്പെട്ട ഉത്തരാധുനികതയുടെ വക്താക്കളും ഉദാരവൽക്കരണ പ്രിയരുമായ പുത്തൻ നേതൃത്വം മൃദുഹിന്ദുത്വം എന്ന വിത്തറക്കി വിള കൊയ്യാൻ ശ്രമിച്ചിടത്തുനിന്നാണ് ഇന്ത്യൻ സവർണ്ണ ഫാസിസം കുടം തകർത്ത് പുറത്തു വന്നത്. അന്നവർക്ക് ബാബറി മസ്‌ജിദ് രാമജന്മ ഭൂമി തർക്കം വിശ്വാസത്തർക്കമായി ഉയർത്താൻ അടിത്തറ പണിതത് കോൺഗ്രസ്സായിരുന്നു. മതനിരപേക്ഷതയുടെ ഉള്ളടക്കം പൊളിച്ചെഴുതാനുള്ള പരിശ്രമം അന്നും ശക്തമായിരുന്നു. അവിടേയും കോൺഗ്രസ് പ്രകടിപ്പിച്ച ദുർബലതകൾ ശ്രദ്ധിക്കേണ്ടതുണ്ട്. അന്ന് യുക്തിയുടെയോ വിചാരത്തിന്റെയോ യാതൊരു പിന്തുണയുമില്ലാത്ത വികാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രശ്നമായ രാമജന്മഭൂമിയാണ് അധികാരത്തിന്റെ അടിക്കല്ലായി ഉപയോഗപ്പെടുത്തിയത്. പുതിയ കാലത്ത് വീണ്ടും രാമന്റെ പ്രശ്നം വിശ്വാസപരമായി വിപണനം ചെയ്യാൻ ബുദ്ധിമുട്ടാണ് എന്ന തിരിച്ചറിവിൽ നിന്നാണ് പശുവും ദേശീയമായ അസഹിഷ്ണുതയും ചേർത്ത് കത്തിച്ചെടുക്കാൻ സംഘപരിവാരം ശ്രമിക്കുന്നത്. മതനിരപേക്ഷതയും ജനാധിപത്യവുമൊക്കെയായി ബന്ധപ്പെട്ട, ആക്രമകമായ ഒരു വിവാദം ഉയർത്തി ബുദ്ധിജീവികളെയും മറ്റും കൂടെ നിർത്താനുള്ള നീക്കവും ശക്തമാണ്. അതുകൊണ്ടാണ് കേന്ദ്രസർക്കാറിലെ രണ്ടാമനായ രാജ്നാഥ് സിംഗിനെ തന്നെ രംഗത്തിറക്കി മതനിരപേക്ഷത, ജനാധിപത്യം തുടങ്ങിയ പ്രശ്നങ്ങളിൽ ഭരണഘടനയുടെ പൊളിച്ചെഴുത്ത് തന്നെ മുന്നോട്ടു വെക്കുന്നത്. വളരെ അപകടകരമായ ഒരു തീക്കളിക്കാണ് സംഘപരിവാരം തയ്യാറെടുക്കുന്നത്. കോൺഗ്രസിലുൾപ്പെടെയുള്ള ഹ്രസ്വദൃഷ്ടികൾക്ക് ഇതിന്റെ ആഴവും പരപ്പും കാണാൻ കഴിയുന്നില്ലെങ്കിൽ അത് ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തിന്റെ അന്ത്യത്തിൽ കലാശിച്ചേക്കാം.