നാം നമ്മെ തന്നെയാണ് ചുട്ടു തിന്നുന്നത്
കേരളത്തിന്റെ ഒരു ചരിത്രകാലഘട്ടത്തെ നാടകങ്ങളിലൂടെ ആവിഷ്ക്കരിച്ച അദ്വിതീയനായ ഒരു നാടക കലാകാരനായിരുന്നല്ലോ കെ.ടി മുഹമ്മദ്. അദ്ദേഹത്തിന്റെ നാടകങ്ങളിൽ ഇടക്കിടെ കടന്നു വരുന്ന ഒരു കഥാപാത്രമാണ് ‘വിശപ്പ്’. ആ കഥാപാത്രത്തെ ചൂണ്ടി നാടകകാരൻ പറയുന്ന പൊള്ളുന്ന ചില ഡയലോഗുകളുണ്ട്. “ഇതാ ഇവൻ വളരുകയാണ്; നിങ്ങളുടെ കലയെ സംസ്‌കാരത്തെ ഒക്കെ വിഴുങ്ങിയാലും ശമിക്കാത്തതാണ് ഇവന്റെ വിശപ്പ്. നിങ്ങൾക്കിവനെ കണ്ടില്ലെന്നു നടിക്കാം. അവഗണിക്കാം, പക്ഷെ ഒന്നോർക്കുന്നത് നന്ന്. നിങ്ങളുടെ പഠിപ്പും പത്രാസും സംസ്കാരവും കലയും ഇവൻ ചുട്ടു തിന്നും”. ഇന്ന് ആ പഴയ നാടകം ഒരു ന്യൂജെൻ തീയേറ്ററിൽ അവതരിപ്പിച്ചാൽ ഒരു തരം അരോചകമായേ അവർക്കത് കണ്ടിരിക്കാനാവൂ. കാരണം ‘വിശപ്പ്’ എന്ന കഥാപാത്രം അവർക്കത്ര പരിചിതമല്ല. എല്ലാം ആഘോഷമായി തീരുകയും എല്ലാ ആഘോഷങ്ങളിലും ഭക്ഷണവും മദ്യവും കൊണ്ട് അർമാദിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ ഇത്തരം ഒരു കഥാപാത്രം ഒന്നും വിനിമയം ചെയ്യാനില്ലാത്ത കേവലം കെട്ടുകാഴ്ച മാത്രമാകും. പക്ഷെ അത് സംഭവിക്കുന്നത് വിശപ്പ് എന്ന പ്രതിഭാസം നാട്നീങ്ങിയത് കൊണ്ടല്ല. നമ്മുടെ വ്യവഹാര ലോകത്തിലേയ്ക്ക് വിശപ്പിനു പ്രവേശനമില്ലാത്തത് കൊണ്ടാണ്. മാന്യന്മാരുടെ വ്യവഹാര കേന്ദ്രങ്ങളിൽ നിന്ന് വിശക്കുന്നവനെ ആട്ടിയകറ്റുക, മുഷിഞ്ഞ വസ്‌ത്രം ധരിച്ചാൽ പ്രവേശനം നിഷേധിക്കുക, തുടങ്ങിയവയൊക്കെ പഴയ സമൂഹത്തിന്റെ പ്രവൃത്തി തന്നെയായിരുന്നു. എന്നാലിന്ന് ഒരു വിശക്കുന്നവനെയും കണ്ണിൽപ്പെടാതിരിക്കും വിധം സമൂഹത്തിന്റെ കാഴ്ചകൾ മാറിയിട്ടുണ്ട്. ലോകം ആകെ ഒരു ഗ്രാമമായി ചെറുതാകുന്പോഴും ഒരു കാഴ്ചയും നമുക്ക് അന്യമല്ലാതായിരിക്കുന്പോഴും മറ്റൊരു കാലത്തുമില്ലാത്ത കാഴ്ച്ചാപരിമിതി അനുഭവപ്പെടുന്നതാണ് വർത്തമാന കാലലോകം. നല്ല കയ്യടക്കമുള്ള ഒരു മാന്ത്രികനെ പോലെ മൂലധനം നമ്മുടെ കാഴ്ചകളെ നിശ്ചയിക്കുന്നുണ്ട്. നാം കാണേണ്ടാത്തത്, എന്ന് നിശ്ചയിച്ചാലും മൂലധനം നിങ്ങളെ കാണിക്കാനുദ്ദേശിച്ചതൊക്കെ നിങ്ങൾ കണ്ട് തന്നെയേ മതിയാവൂ. യഥാർത്ഥ ലോകത്ത് നിങ്ങൾക്ക് കാണാൻ അവകാശമുള്ളതായിരിക്കാമെങ്കിലും അത്തരം കാഴ്ചകൾ നാം കാണേണ്ടതില്ല എന്ന് മൂലധനം നിശ്ചയിച്ചു കഴിഞ്ഞാൽ അത്തരം ഒന്നും കാഴ്ചപ്പുറങ്ങളിലുണ്ടാവില്ല. കാഴ്ചപ്പുറങ്ങളില്ലാത്തത് കൊണ്ട് ഒന്നും ഇല്ലാതാവുന്നില്ല. നമ്മുടെ നാട്ടിൽ വിശക്കുന്നവരില്ലാത്തത് കൊണ്ടല്ല; നാമിന്ന് വിശക്കുന്നവരെ കാര്യമായൊന്നും കണ്ടുമുട്ടാത്തത് കടുത്ത വിശപ്പ് അനുഭവിക്കുന്നവർ നമ്മുടെ ചുറ്റുപാടുമുണ്ട്. അവരിൽ പ്രധാനം സ്‌ത്രീകളാണ്. സ്‌ത്രീകളിൽ തന്നെ വിധവകൾ. കുടുംബത്തിലെ ജോലി, വരുമാനത്തിനുള്ള ജോലി, തുടങ്ങി നാനാതരം ജോലികൾ ചെയ്ത് നടുവൊടിയുന്നവരാണെങ്കിൽ അതനുസരിച്ച വരുമാനം അവർക്ക് ലഭിക്കുന്നില്ല. വിധവകളാണെങ്കിൽ പറയാനുമില്ല. ഒരു തരം ശാപം പിടിച്ചവരായാണ് അവരെ പൊതുസമൂഹം കണക്കാക്കുക. സാമൂഹ്യ ബോധമനുസരിച്ച് ഒരാൺതുണയില്ലാത്ത ഇവർ കുടുംബാഗങ്ങളുടെ, നാട്ടുകാരുടെ ഒക്കെ ഭോഗാസക്തി ശമിപ്പിക്കാൻ ഉപയോഗിക്കാനുള്ളതാണ്. സ്വന്തമായി അല്പം ഭൂമിയോ മറ്റെന്തെങ്കിലും സ്വത്തുവകകളോ ഉണ്ടെങ്കിൽ അതൊന്നും സ്വമേധയാ ഉപയോഗിക്കാനുള്ള അവകാശം അവർക്കുണ്ടാവില്ല. സഹോദരനോ മറ്റേതെങ്കിലും ബന്ധുക്കളോ ഒക്കെയായിരിക്കും അതിന്റെ കൈകാര്യ ചുമതല. ഒരു വീട്ടുവേലക്കാരിയെ വെച്ചാൽ നൽകേണ്ട കൂലിയും മറ്റും നൽകാതെ തങ്ങൾക്ക് യഥേഷ്ടം ഉപയോഗിക്കാനും വലിച്ചെറിയാനുമുള്ള വസ്തുക്കൾ മാത്രമായി ഇവർ മാറുന്നു. വൃത്തിയും വെടിപ്പുമുള്ള വസ്‌ത്രം, രോഗചികിത്സ, പുറം ലോകത്തിലേക്കിറങ്ങി ശുദ്ധവായു ശ്വസിക്കാനുള്ള അവസരം എന്നിവയൊക്കെ ഇത്തരക്കാർക്ക് നിഷേധിക്കപ്പെടുന്നു. കേരളത്തിൽ ഇത്തരക്കാരുടെ പെരുപ്പം ഭയാനകമാണ് എന്ന് അടുത്ത കാലത്തിറങ്ങിയ പഠനങ്ങളൊക്കെ തെളിയിക്കുന്നുണ്ട്. മറ്റൊരു കൂട്ടർ ദളിതുകളിൽ ഒരു വിഭാഗമാണ്. കോഴിക്കോട് ജില്ലയിലെ സാംബവ കോളനികളുമായി ബന്ധപ്പെട്ട് ഇത്തരം വിവരങ്ങൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുകയും അതുവഴി മാത്രം പുറം ലോകം അറിയുകയും ചെയ്ത സ്ഥിതിയുണ്ട്. മറ്റൊരു വിഭാഗം ആദിവാസികളാണ്. സംസ്ഥാനത്താകെ ആദിവാസികളുടെ ‘വിശപ്പ്’ പരിഹരിക്കാനുള്ള ഒരു പദ്ധതിയും ഇതുവരെ ഫലം കണ്ടിട്ടില്ല എന്നതാണ് വാസ്തവം. കൊട്ടിയൂർ ഭാഗത്തെ ആദിവാസി കുഞ്ഞുങ്ങൾ മാലിന്യങ്ങളിൽ ഭക്ഷണം തേടുന്നതിന്റെയും പോഷകാഹാര കുറവ് മൂലം ആദിവാസി കുഞ്ഞുങ്ങൾ നിരന്തരമായി മരിച്ചു പോകുന്നതിന്റെയുമൊക്കെ വാർത്തകൾ ഈ പ്രശ്നത്തെ വെളിപ്പെടുത്തുന്നു. ഇത് മഞ്ഞുമലയുടെ കാഴ്ചപ്പുറം മാത്രമാണ്. മറ്റൊരു പ്രധാന വിഭാഗം തോട്ടം തൊഴിൽ മേഖലകളാണ്. ലയങ്ങളിൽ നരകതുല്യമായ ജീവിതം നയിക്കുന്ന ഇവരെ കുറിച്ച് പുറം ലോകം അറിയുന്നത് ‘പെന്പിളൈ ഒരുമൈ’ പോലുള്ള സ്വാഭാവിക സമര കൂട്ടായ്മകളിലാണ്. നഗരങ്ങളിലെ വ്യാപാര കേന്ദ്രങ്ങൾ, ഖാദി കേന്ദ്രങ്ങൾ, ഇന്റർനെറ്റ്, എസ്.ടി.ഡി കഫേകൾ എന്നിവയിലൊക്കെ പണിയെടുക്കുന്ന ധാരാളം സ്‌ത്രീകൾ തുച്ഛമായ വരുമാനം മാത്രമുള്ളവരും ലൈംഗിക ചൂഷണങ്ങൾ ഉൾപ്പെടെയുള്ള സകല ചൂഷണങ്ങൾക്കും വിധേയമാകുന്നവരുമാണ്. പ്രകൃതി ചൂഷണത്തിനെതിരായ സമരങ്ങൾ, ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങൾ, നിൽപ്പ് സമരം, ഇരിപ്പ് സമരം തുടങ്ങിയ വ്യവസ്ഥാപിത സമരങ്ങൾക്കപ്പുറമുള്ള ചില മേഖലകളിലാണ് ഇവരെയൊക്കെ നാമിപ്പോൾ കണ്ടുമുട്ടുന്നത്. ഒരു കാലത്ത് ദേശീയപ്രസ്ഥാനവും വിശേഷിച്ച് ഇടതുപക്ഷ പ്രസ്ഥാനവും ഇത്തരം പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് അവയെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുകയും ശക്തമായ പ്രക്ഷോഭങ്ങൾ ഉയർത്തുകയും ചെയ്തു. ‘വിശപ്പ്’ എന്ന് പൊതുവായി വിളിക്കാവുന്ന ഇത്തരം പ്രശ്ന മേഖലകളിൽ വലിയതോതിലുള്ള പരിഹാര ക്രിയകൾ അവർ സാധ്യമാക്കി. ഇന്ന് പൊതുവായി രാഷ്ട്രീയ പാർട്ടികളുടെ നിലപാട് ഇത്തരം പ്രശ്നങ്ങളൊക്കെ കേരളം പരിഹരിച്ചു കഴിഞ്ഞു എന്നാണ്. പണ്ട് റേഷൻ കടകൾ രാഷ്ട്രീയ പാർട്ടികളുടെ പ്രധാനപ്പെട്ട ഒരു സമര കേന്ദ്രമായിരുന്നു. റേഷൻ ലഭിക്കുന്നതിന്, നിലനിർത്തുന്നതിന്, തിരിമറിക്കെതിരെ ഒക്കെയായി ആഴ്ചയിൽ രണ്ട് സമരങ്ങളെങ്കിലും ഇത്തരം കേന്ദ്രങ്ങളിൽ നടക്കുമായിരുന്നു. ഇന്നിവിടെ സമരങ്ങളൊന്നുമില്ല. റേഷൻ തുടർച്ചയായി വെട്ടിക്കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്പോഴും ആർക്കും പരാതിയില്ല. കാരണം കേരളത്തിലെ ഇടത്തരം ജനവിഭാഗങ്ങളൊന്നും ഇന്ന് റേഷൻ കടകളെ ആശ്രയിക്കുന്നവരല്ല. ആശ്രയിക്കുന്ന ‘വിശക്കുന്നവരെ’ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒന്നും പ്രതിനിധീകരിക്കുന്നുമില്ല. റേഷൻ കടയിലൂടെ വിതരണം ചെയ്യേണ്ട ധാരാളം ഉൽപന്നങ്ങൾ തുടർച്ചയായി കരിച്ചന്തയിൽ പൊതു വിപണിയിലെത്തുന്നു. എഫ്.സി.ഐ ഗോഡൗണിൽ നിന്ന് വരുന്ന നിരവധി ലോഡ് ഗോതന്പ് പൊടിച്ച് ആട്ടയും മൈദയുമൊക്കെയാക്കുന്നു, അത് മാത്രം ചെയ്യുന്ന വൻകിട മില്ലുകൾ ഓവർ ടൈമെടുത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഒന്ന് പോലും പിടിക്കപ്പെടുന്നില്ല. പണ്ട് ഒരു ജനകീയ ജാഗ്രതയുടെ ഭാഗമായി യുവജനസംഘടനകൾ, റേഷൻ ഉൽപന്നങ്ങൾ പൊതുമാർക്കറ്റിലെത്തുന്നത് പിടികൂടി, സമരം ചെയ്യുന്നതിന്റെ വാർത്തകൾ സുലഭമായിരുന്നു. എന്നാലിന്ന് ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കാവൽ നിൽക്കുന്ന പ്രവൃത്തിയാണ് മിക്കവാറും യുവജന സംഘടനകൾ ചെയ്യുന്നത്. ഉദ്യോഗസ്ഥ വിഭാഗങ്ങൾ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, ജനപ്രതിനിധികൾ എന്നിവർക്കെല്ലാം കൃത്യമായി വിഹിതം നൽകി നടത്തുന്ന പ്രവൃത്തികളാണിന്നിത്. അതുകൊണ്ട് ഇവരുടെ സംരക്ഷണമാണ് രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കുന്നത്. ഇന്ന് നമ്മുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മണ്ധലം ആകെ പ്രതിനിധാനം ചെയ്യുന്നത് ഇത്തരം വിഭാഗങ്ങളെയാണ്. അവരുടേതായി ഇത്തരം പ്രസ്ഥാനങ്ങൾ മാറുന്നു. സർക്കാർ ജീവനക്കാർ, സംഘടിത വിഭാഗങ്ങൾ, എന്നിവരാണ് ട്രേഡ് യൂണിയനുകളുടെ, രാഷ്ട്രീയ പാർട്ടികളുടെ പരിഗണനയിൽ വരുന്നത്. രാഷ്ട്രീയ പാർട്ടികൾ കൊണ്ട് വലിയ ഉപകാരങ്ങളുള്ള മറ്റൊരു വിഭാഗം മാഫിയകളാണ്. അവിഹിതമായ നാനാതരം ഇടപെടലുകൾ നടത്തുന്ന ഇത്തരക്കാരുടെ സംരക്ഷണത്തിൽ നിന്ന് ഒഴിഞ്ഞ നിന്ന് ഒരു രാഷ്ട്രീയ പാർട്ടികൾക്കും ഇന്ന് പ്രവർത്തിക്കാൻ കഴിയില്ല.
ഈ പശ്ചാത്തലത്തിൽ നിന്ന് വേണം കേരളത്തിൽ അടുത്തയിടെ ഉണ്ടായ ഓൺലൈൻ പെൺ വാണിഭവുമായി ബന്ധപ്പെട്ട വിവാദങ്ങളെ വിലയിരുത്താൻ. കേരളത്തിൽ അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ പെൺവാണിഭ കേസുകളിലും പ്രതികളെ രക്ഷിക്കാൻ ഏതെങ്കിലും പാർട്ടിയോ നേതാക്കളോ, മന്ത്രിമാരോ ഒക്കെ പച്ചയ്ക്ക് ഇടപെടുന്നതായുള്ള വിവരങ്ങൾ പുറത്തു വരുന്നുണ്ട്. ഇത് മറച്ചുവെച്ചു കൊണ്ടാണ് ചുംബന സമരക്കാർക്കെതിരായി ഇളകിയാട്ടം നടത്തുന്നത്. ചുംബന സമരം ഉപ്പു കൂട്ടാതെ വിഴുങ്ങാവുന്ന ഒരു സമരരൂപമാണ് എന്ന അഭിപ്രായമൊന്നും ഈ ലേഖകനില്ല. പക്ഷെ ചരിത്രത്തിലെ ഒരു പ്രത്യേക ഘട്ടത്തിൽ തലതിരിഞ്ഞ സദാചാര ബോധത്തോടുള്ള തലതിരിഞ്ഞ പ്രതികരണം (Distressed reactions) എന്ന നിലയിൽ ഉയർന്നു വന്നതാണത്. ചുംബന സമരത്തിനുമുന്പ് ഇവിടെ സദാചാര പോലീസിന്റെ ആക്രമണത്തിനിരയായി കൊല്ലപ്പെടുകയോ, ആത്മഹത്യയിലെത്തിക്കുകയോ, ഗുരുതരമായി പരിക്കേൽപ്പിക്കപ്പെടുകയോ ചെയ്ത നിരവധി സംഭവങ്ങളുണ്ടായി. ചുംബന സമരത്തിനെതിരെ ഉറഞ്ഞു തുള്ളുന്നവർ ഇത്തരം സംഭവങ്ങളെ ന്യായീകരിക്കുകയോ, കുറ്റകരമായ മൗനം ഭജിക്കുകയോ ചെയ്തവരാണെന്ന യാഥാർത്ഥ്യം മറക്കരുത്. ചുംബന സമരത്തിന്റെ സംഘാടകരിൽ പ്രമുഖരായ രാഹുൽ പശുപാലനും രശ്മി ആർ നായരും കള്ളനാണയങ്ങളായിരുന്നു എന്നും അവർ ഓൺലൈൻ പെൺവാണിഭ കേസ്സിലെ മുഖ്യപ്രതികളുമാണ് എന്ന് പോലീസ് പറയുന്നു. അത് ശരിയായിരിക്കാം. അത് നമ്മെ ബോധ്യപ്പെടുത്തുന്നത് ഒന്ന് മാത്രമാണ്. സമൂഹത്തിന്റെ എല്ലാ മണ്ധലത്തിലും കള്ളനാണയങ്ങളുടെ അതിശക്തമായ സാന്നിധ്യമുണ്ട്. ഒന്നുരച്ച് നോക്കിയേ എന്തിനെയും വിശ്വസിക്കാവൂ. അല്ലാതെ അത് ചുംബന സമരത്തെ തന്നെ അപ്രസക്തമാക്കുന്നില്ല. നാം കണ്ടുമുട്ടിയ എല്ലാ സദാചാര പോലീസ് വിഭാഗങ്ങളുടെയും പിന്നിൽ മതപരമായ മേലങ്കിയുള്ള രാഷ്ട്രീയ പാർട്ടികളും സാംസ്കാരിക സംഘടനകളുമുണ്ട്. കോഴിക്കോട് ജില്ലയിലെ ഒരു ഹൈന്ദവ രാഷ്ട്രീയ പാർട്ടിയുടെ നേതാവിനെ ഇത്തരം ഒരു കേസ്സിൽ പോലീസ് തെരഞ്ഞു വരുന്നതായി വാർത്തയുണ്ട്. കേരളത്തിലെ മിക്കവാറും രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതാക്കൾക്കെതിരെ പെൺവാണിഭം, ബലാത്സംഗം, ലൈംഗിക ദുരുപയോഗം എന്നിവക്കെതിരെ കേസ്സുകളുമായിട്ടുണ്ട്. അതുകൊണ്ട് രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും ഒന്നും നമുക്കിനി വേണ്ട എന്ന നിഗമനത്തിലെത്താനാവില്ല.
പ്രശ്നത്തിന്റെ കാതൽ അവിടെയൊന്നുമല്ല. നമ്മുടെ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് തെറ്റാണെന്ന് കരുതുന്ന കോളേജുകളും സ്‌കൂളുകളും ഉള്ള നാടാണ് കേരളം. അതിനെ ന്യായീകരിക്കുകയും ആണും പെണ്ണും ഇടകലർന്ന് ജീവിക്കുന്നത് അപകടമാണ് എന്ന് കരുതുകയും ചെയ്യുന്ന ഒരാൾ വിദ്യാഭ്യാസമന്ത്രിയുടെ കസേരയിലിരിക്കുന്നു. ബസ്സിൽ സ്‌ത്രീയോടൊപ്പം ഒരു സീറ്റിൽ ഇരിക്കുകയോ പൊതുഇടങ്ങളിൽ ഇടകലർന്നിരിക്കുകയോ ഒക്കെ ചെയ്‌താൽ സദാചാരം ഇടിഞ്ഞു വീഴും എന്ന് നാം കരുതുകയും ചെയ്യുന്നു. എല്ലാ മത സംഘടനകളും ഈയൊരു നിലപാട് പങ്കുവെയ്ക്കുന്നു. അപ്പോഴും സ്വകാര്യമായി പെണ്ണിനെ, കുഞ്ഞുങ്ങളെ വിൽക്കാനും വാങ്ങി ഉപയോഗിക്കാനും നമുക്ക് മടിയേതുമില്ല. അതുകൊണ്ടാണല്ലോ നമ്മുടെ കുഞ്ഞുങ്ങളുടെ ഇളം ശരീരത്തിന്റെ ചിത്രം നെറ്റിലിട്ട് ലക്ഷങ്ങൾ വിലപേശി വിൽക്കാൻ നമുക്ക് മടിയില്ലാത്തത്. വിൽക്കുന്നത്, വന്പിച്ച വില നൽകി വാങ്ങി ഉപയോഗിക്കുന്ന നികൃഷ്ട ജീവികൾ നമുക്കിടയിലുള്ളത് കൊണ്ടാണ്. അവരൊക്കെ സമൂഹത്തിന്റെ ഉന്നതങ്ങളിൽ മാന്യന്മാരായി വിരാചിക്കുന്നവരുമാണ്. ഇത്, ഒരു സമൂഹം എല്ലാ നല്ല മൂല്യങ്ങളെയും പുളിപ്പിച്ച് നികൃഷ്ടമാക്കി പരസ്പരം കടിച്ച് പറിച്ച് തിന്നാൻ തുടങ്ങുന്നതിന്റെ ലക്ഷണമാണ്. ‘വിശപ്പ്’ നമ്മുടെ സംസ്കാരത്തെയും കലയെയുമൊക്കെയാണ് ചുട്ടുതിന്നതെങ്കിൽ ഈ ‘വിശപ്പ്’ നമ്മെ തന്നെ ചുട്ടു തിന്നുകയാണ് എന്ന് ബന്ധപ്പെട്ടവരൊക്കെ അറിയണം.