അധികാര രാഷ്ട്രീയത്തിന്റെ അകംപുറങ്ങൾ


1981ന്റെ അവസാനകാലത്ത് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് നടന്ന ഒരു വന്പൻ റാലി. അധികാരത്തിലിരുന്ന ഇടതുപക്ഷ ഗവണ്‍മെന്റ് രാജിവെക്കേണ്ടി വന്ന രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാൻ ഇടതുമുന്നണി വിളിച്ചു ചേർത്തതായിരുന്നു റാലി. റാലിയുടെ ഉദ്ഘാടകൻ ഇ.എം.എസ് ആയിരുന്നു എന്നാണോർമ്മ. പക്ഷെ റാലിയിലെ ആകർഷണ കേന്ദ്രം എം.വി രാഘവനായിരുന്നു. ഇടതുമുന്നണി സർക്കാരിന് അന്നത്തെ ആന്റണി കോൺഗ്രസ് നൽകിയ പിന്തുണ പിൻവലിച്ചതിനെ ശക്തമായി വിമർശിച്ച് എം.വി രാഘവന്റെ പ്രസംഗം കത്തി കയറി. ആന്റണി നടത്തിയ വഞ്ചന, ആദർശം കൊണ്ട് പൊതിഞ്ഞു വെച്ച മാർക്സിസ്റ്റ്‌ വിരുദ്ധതയുമൊക്കെ ജനങ്ങളോട് വിശദീകരിച്ചുകൊണ്ടിരിക്കെയാണ്. അന്ന് മുന്നണിയുടെ ഭാഗമായ മന്ത്രിസഭയിലെ പ്രമുഖ അംഗവുമായിരുന്ന കെ.എം മാണിയുടെ പിടലിക്ക് എം.വി രാഘവന്റെ പിടിവീണു. ആന്റണി കോൺഗ്രസ് പിന്തുണ പിൻവലിക്കുന്പോഴും ഇടതുമുന്നണി സർക്കാരിന് നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിരുന്നു. മാണിയും കൂടി പിന്തുണ പിൻവലിച്ചെങ്കിലേ സർക്കാർ താഴെപ്പോകൂ. അതിനുള്ള സാധ്യത മുന്പിൽ കണ്ട സി.പി.എം നേതാക്കൾ മാണിയെ കണ്ട് ചർച്ച നടത്തി.    “ആന്റണിയോടൊപ്പം പോകുന്നെങ്കിൽ അത് ഇപ്പോൾ തന്നെ വ്യക്തമായി പറയുന്നതല്ലേ നല്ലത്. അങ്ങനെയെങ്കിൽ നയനാർ ഇനിയും മുഖ്യമന്ത്രിയായി തുടരുന്നത് ശരിയല്ലല്ലോ. രാജി നൽകി ഇറങ്ങിപ്പോകുന്നതല്ലേ മാന്യത” എന്നൊക്കെയായിരുന്നു സി.പി.എം നേതാക്കൾക്ക് മാണിയോട് പറയാനുണ്ടായിരുന്നത്. പക്ഷെ അദ്ദേഹത്തിന്റെ മറുപടി മുഖത്തടിച്ച പോലെയായി. “അഞ്ച് വർഷത്തേയ്ക്ക് ഭരിക്കാനുള്ള മാൻഡേറ്റ് ആണ് ജനങ്ങൾ നമുക്ക് നൽകിയത്. അത് ലംഘിക്കുന്ന പ്രശ്നമില്ല. ഇടതുമുന്നണി വിടാനുള്ള ഒരു സാഹചര്യവും ഞങ്ങളുടെ മുന്പിലില്ല. ഇന്നത്തെ നിലയിൽ ഞങ്ങളൊക്കെ അതീവ സന്തുഷ്ടരുമാണ്. പിന്നെ കരിങ്കോഴക്കൽ മാണി മകൻ മാണിയാണ് ഞാൻ, അതായത് എനിക്ക് ഒറ്റത്തന്തയെ ഉള്ളൂ. അതുകൊണ്ട് വാക്ക് പറഞ്ഞാൽ വാക്ക് തന്നെ”. ഈ മറുപടി കേട്ടതോടെ നയനാർ രാജിവെയ്ക്കേണ്ടതില്ലെന്ന് ഇടതുമുന്നണി തീരുമാനിച്ചു. പക്ഷെ വൈകുന്നേരമാകുന്പോഴേയ്ക്ക് സാഹചര്യങ്ങൾ മാറി. മാണി രാജി വെയ്ക്കാനൊരുങ്ങുന്നതായി വാർത്തകൾ പരന്നു. ഫോണിലും നേരിട്ടും മാണിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിറ്റേന്ന് കാലത്ത് മന്ത്രിസഭക്കുള്ള പിന്തുണ പിൻവലിച്ചതായ കത്ത് കെ.എം മാണി ഗവർണ്ണർക്ക് നൽകി. അതോടെ നായനാർ ഗവർണ്ണറെ കണ്ട് രാജികത്ത് നൽകി. എം.വി രാഘവന്റെ പ്രസംഗം കത്തിക്കയറുകയാണ്. “രാജിവെയ്ക്കേണ്ടി വന്നതോടെ ഞങ്ങൾക്കെല്ലാം തിരക്കായി കാര്യങ്ങൾ ജനങ്ങളോട് വിശദീകരിക്കാൻ. അതുകൊണ്ട് മാണിയുടെ തന്തമാരെ അന്വേഷിച്ചു പോകാനൊന്നും ഞങ്ങൾക്ക് സമയമുണ്ടായിരുന്നില്ല.”  അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പിൽ 21 സീറ്റും 21 ലക്ഷം രൂപയും കോൺഗ്രസ് ഹൈക്കമാണ്ട് ഓഫർ ചെയ്താണ് മാണിയെ രാജിവെപ്പിച്ചത്. 

ഇത് അല്പം പോലും അതിശയോക്തിയില്ലാത്ത വാസ്തവമായിരുന്നു. എല്ലാകാലത്തും കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയം ഇതാണ്. അധികാരം, പദവി, പണം എന്നിവയ്ക്ക് വേണ്ടി വിലപേശുക, മതത്തേയും പള്ളിയേയും ഒക്കെ കട്ടുപിടിച്ച് വോട്ടു ബാങ്കുകൾ നിർമ്മിക്കുക, മലയോര കർഷകരെ കൂടെ നിർത്തുക, കാട്ടുകള്ളന്മാർ, ക്വാറിമാഫിയ, വൻകിട റിയൽ എേസ്റ്ററ്റ് ലോബി, തോട്ടം ഉടമകൾ, എന്നിവർക്ക് വഴിവിട്ട സഹായങ്ങൾ ചെയ്ത് കൊടുക്കുക. പ്രത്യുപകാരമായി കോടികൾ കൈപ്പറ്റുക. കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരം കയ്യടക്കാൻ പരിശ്രമിക്കുന്നവരുമായി ഇടപാടുകൾ ഉറപ്പിക്കുക, ഇതുവഴി കോടികൾ അടിച്ചെടുക്കുന്ന നേതാക്കൾ ഈ തുക ഉപയോഗിച്ച് ഭാര്യ, മക്കൾ, മരുമക്കൾ എന്നിവരുടെയൊക്കെ പേരിൽ കോടികളുടെ വാണിജ്യ വ്യവസായ സാമ്രാജ്യം പടുത്തുയർത്തും. ഇതാണ് കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയം. മാണിയുടെയോ മറ്റ് കേരളാ കോൺഗ്രസ് നേതാക്കളുടെയോ കുടുംബത്തിന്റെ കൈവശമുള്ള ഭൂസ്വത്ത്, ബാറുകൾ, ഹോട്ടലുകൾ, തോട്ടങ്ങൾ, മറ്റു വ്യവസായ സംരംഭങ്ങൾ എന്നിവയെ കുറിച്ച് പഠിച്ചാൽ ഇതൊക്കെ ബോധ്യമാകാവുന്നതേയുള്ളൂ. ഇതൊന്നും അറിയാത്തവരാരും കേരളാ കോൺഗ്രസ്സിലോ മറ്റ് രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരിലോ ഉണ്ടാകാനിടയില്ല. ഇതാണ് രാഷ്ട്രീയത്തിലെ നാട്ടുനടപ്പും അഡ്ജസ്റ്റ്മെന്റും എന്നാണ് അവരൊക്കെ സ്വകാര്യമായി വിശദീകരിക്കുക.  

അധികാരവും പണവും പദവിയുമൊക്കെ പങ്കുവെയ്ക്കുന്നതിൽ ഉടലെടുക്കുന്ന തർക്കങ്ങൾ മിക്കവാറും പിളർപ്പുകളിലാണ് അവസാനിക്കുക. അതേകുറിച്ച് കേരളാ കോൺഗ്രസുകാർ അഭിമാനപൂർവ്വം നടത്തുന്ന അവകാശവാദം ‘വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പാർട്ടി’ എന്നാണ്. ഇങ്ങനെ പിളർന്നുണ്ടായ പ്രമുഖമായ ഒരു വിഭാഗമാണ്‌ പി.ജെ ജോസഫിന്റെ നേതൃത്വത്തിൽ ദീർഘകാലം വേറിട്ട് പ്രവർത്തിച്ച കേരളാ കോൺഗ്രസ്.  ഇതിന്റെ നേതാവായ പി.ജെ ജോസഫ് മാന്യനായ രാഷ്ട്രീയ പ്രവർത്തകനായാണ് പൊതുവെ അറിയപ്പെടുന്നത്. അഴിമതിയിൽ പരസ്യമായി അദ്ദേഹം പങ്കുകൊള്ളുന്നതായുള്ള ആക്ഷേപങ്ങളൊക്കെ കുറവാണ്. പക്ഷെ തന്റെ അനുയായികളും , അഴിമതിക്കാരും പൊതുപണം കൈക്കലാക്കാൻ ശ്രമിക്കുന്നവരുമാണ് എന്ന് സമ്മതിക്കുന്നതിനൊന്നും അദ്ദേഹത്തിനു മടിയില്ല. കേരളത്തിൽ കോളേജ് വിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്ന പ്രീഡിഗ്രി, പ്ലസ്ടു ആയി സ്കൂളിലേക്ക് മാറ്റിയ ഭരണപരിഷ്കാരം നടപ്പിലാക്കിയത് പി.ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇടതുമുന്നണി ഭരണത്തിലാണ്. കോടാനുകോടി അഴിമതിക്കുള്ള അവസരങ്ങളാണ് അത് തുറന്നു നല്കിയത്. പ്ലസ്ടു അനുവദിക്കാനും അദ്ധ്യാപിക നിയമനത്തിനുമൊക്കെ ജോസഫിന്റെ  അനിയായികൾ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി ആക്ഷേപം ഉയർന്നു. അന്ന് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലൊരു പ്രതിനിധി സംഘം മന്ത്രിയെ നേരിൽ കണ്ട് ആക്ഷേപം പറയാൻ തീരുമാനിച്ചു. മന്ത്രിയെ സന്ദർശിക്കാൻ പോയവരുടെ കൂട്ടത്തിൽ ഈ ലേഖകനുമുണ്ടായിരുന്നു. ഞങ്ങളെ വിളിച്ചിരുത്തി ചായ തന്ന് ആക്ഷേപങ്ങൾ അദ്ദേഹം ശ്രദ്ധാപൂർവ്വം കേട്ടു. അന്വേഷിക്കാം എന്നും ഇടപെടാമെന്നും ഉറപ്പു തന്നു. തുടർന്നദ്ദേഹം പറഞ്ഞു, “നിങ്ങളൊക്കെ യുവജന സംഘടനാ പ്രവർത്തകരായതിൽ ചില കാരണം കാണും”. ചിരിച്ചു കൊണ്ട് അദ്ദേഹം തുടർന്നു, “നിങ്ങളെന്തോ ജനകീയ ജനാധിപത്യ വിപ്ലവം നടത്തുന്നു എന്നൊക്കെയല്ലേ പറയുന്നത്. അതൊക്കെ പറഞ്ഞ് നിങ്ങൾക്ക് ആളുകളെ കൂടെ നിർത്താം. അങ്ങനെയാരും കേരളാ കോൺഗ്രസ്സിൽ നിൽക്കില്ല. വല്ലപ്പോഴും ഭരണം കിട്ടുന്പോൾ പത്ത് പുത്തൻ വാങ്ങിക്കാം എന്ന് കരുതി നിൽക്കുന്നവരായിരിക്കും അവരൊക്കെ. ഇതൊക്കെയാണല്ലോ എല്ലാവരും ചെയ്യുന്നത്. നിങ്ങളതിന് തടസ്സം നിന്നാൽ അവർ എന്നെവിട്ട് മാണിയോടൊപ്പം പോകും. അവിടെയതിനു വിലക്കൊന്നുമില്ലല്ലൊ”. അതിനെതിരായ പ്രസംഗം നടത്തി ഞങ്ങൾ തിരിച്ചു പോന്നു. അപ്പോഴും എനിക്ക് പി.ജെ ജോസഫിനോട് ഉള്ളാലെ ചെറിയ ഒരു ബഹുമാനമാണ് തോന്നിയത്. അഴിമതിക്കാരൻ എന്ന ആക്ഷേപമൊന്നും കേൾപ്പിച്ചിട്ടില്ലെങ്കിലും കേരളാ കോൺഗ്രസ്സിന്റെ രാഷ്ട്രീയമെന്താണ് എന്ന്  സത്യസന്ധമായി പറയാനുള്ള ആർജവം അദ്ദേഹം കാണിച്ചു. തന്റെ അനുയായികൾ മാണിയോടൊപ്പം പോകുന്നത് ഒഴിവാക്കാനായിരിക്കും പിന്നീടദ്ദേഹം മാണിയോടൊപ്പം ലയിച്ചത്.

ഈ രാഷ്ട്രീയത്തെ ഇടതുപക്ഷം പൊതുവായി ബൂർഷ്വാ രാഷ്ട്രീയം എന്ന പേര് ചൊല്ലിയാണ് വിളിക്കുക. പക്ഷെ തങ്ങൾക്ക് രാഷ്ട്രീയാധികാരം കൈവരിക്കുന്നതിനു വേണ്ടി ഇത്തരം അഴിമതിയുടെ, മാഫിയാ രാഷ്ട്രീയത്തോടു ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത വിട്ടുവീഴ്ചകൾ ചെയ്യാൻ ഇടതുപക്ഷവും നിർബന്ധിക്കപ്പെടുന്നു എന്ന യാഥാർത്ഥ്യം നമുക്ക് വിസ്മരിക്കാനാവില്ല. 

സംസ്ഥാനത്തെ ഉമ്മൻചാണ്ടി സർക്കാരിനെമറിച്ചിടാൻ, ദീർഘ കാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾ വെച്ച്,  മാണിയെ മുഖ്യമന്ത്രിയാക്കാൻ ഇടതുപക്ഷം നീക്കം നടത്തി എന്നത് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുത തന്നെയാണ്. വിരലിൽ എണ്ണാവുന്ന അംഗങ്ങളുടെ മാത്രം ഭൂരിപക്ഷമുള്ള ഉമ്മൻചാണ്ടിയെ താഴെ ഇറക്കിയാലെ ഇടതുപക്ഷ മുഖ്യമന്ത്രിക്ക് വഴിയോരുങ്ങൂ. അത് നടക്കണമെങ്കിൽ താൽകാലികമായെങ്കിലും മാണിക്ക് പുറമേ നിന്ന് പിന്തുണ നൽകി മുഖ്യമന്ത്രിയാക്കണം. തന്റെ നിയമസഭാ പ്രവേശത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന, ഇക്കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ ഒരു ദിവസമെങ്കിലും ഇരിക്കുക എന്നത് മാണിയുടെ ജീവിതാഭിലാഷവുമായിരുന്നു. അത് തിരിച്ചറിഞ്ഞാണ് ഇടതുപക്ഷം കരുക്കൾ നീക്കിയത്, മാണിയെ ഇടതുപക്ഷത്ത് കൂട്ടുന്നതിനെ പരസ്യമായി എതിർത്ത സി.പി.ഐ പോലും ഒരു കാലത്ത് അതിന് തയ്യാറുമായിരുന്നു. ‘കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ പരമയോഗ്യനാണ് കെ.എം മാണി’ എന്ന പന്ന്യൻ രവീന്ദ്രന്റെ പ്രസ്ഥാവന അങ്ങനെ ഉണ്ടായതാണ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായത്‌ കൊണ്ട് ഇടതുമുന്നണിക്ക് മാണിയോട് മൃദുസമീപനമായിരുന്നു. ബഡ്ജറ്റ് വില്പന മാണി പതിവായി നടത്താറുള്ളതാണ് എന്ന് എല്ലാവർക്കും അറിയാം എന്നിട്ടും മാണിയെ ബഡ്ജറ്റ് അവതരണ വേളയിൽപ്പോലും രൂക്ഷമായി വിമർശിക്കാൻ, ആദ്യ ബഡ്ജറ്റുകളിൽ ഒന്നും ഇടതുപക്ഷം തയ്യാറായിരുന്നില്ല. ആ അവസരം മാണി ഭംഗിയായി ഉപയോഗിക്കുകയും ചെയ്തു. സോളാർ പ്രശ്നം ഉയർന്നു വന്നപ്പോൾ ഉമ്മൻചാണ്ടി രാജിവെച്ചാൽ മാണി മുഖ്യമന്ത്രിയാകുന്നതിനെ സ്വാഗതം ചെയ്യുന്ന നിലപാടും ഇടതുപക്ഷത്ത് ചിലർ മുന്നോട്ടു വെച്ചു. സി.പി.ഐ(എം) പാർട്ടി കോൺഗ്രസ്സിനോടനുബന്ധിച്ച സെമിനാറിൽ പ്രധാന അതിഥിയായി മാണി ക്ഷണിക്കപ്പെട്ടത് തികച്ചും ആകസ്മികമായിരുന്നില്ല. യു.ഡി.എഫിന്റെ പൊതുധാരയിൽ നിന്ന് വേറിട്ട ചില നിലപാടുകളും ശബ്ദങ്ങളും മാണിയിൽ നിന്ന്  ഉയരാൻ തുടങ്ങിയതോടെ ചാണക്യസൂത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ഉമ്മൻചാണ്ടി മാണിയെ പൂട്ടാൻ എടുത്തുപയോഗിച്ച ആയുധമാണ് ബാർകോഴ. അബ്‌കാരി വ്യവസായം സർക്കാരിന്റെ റവന്യൂ വരുമാനം മാത്രമല്ല രാഷ്ട്രീയക്കാരുടെ കറവപ്പശുവാണ് എന്നറിയാത്തവരാരും ഇന്ന് കേരളത്തിലുണ്ടാവില്ല. പി.കെ ഗുരുദാസനെപ്പോലെ കറകളഞ്ഞ വ്യക്തിത്വമുള്ളവരൊഴികെ എല്ലാവരും ആ ചക്കരക്കുടത്തിൽ കയ്യിട്ടു വാരിയവരാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഞങ്ങളോട് ഒരു ചായക്കാശു പോലും ആരും വാങ്ങിയിരുന്നില്ലെന്നും, ഇപ്പോൾ ഭരണകക്ഷിക്ക് പണം കൊടുത്ത് മുടിഞ്ഞെന്നും ബാർ ഉടമകളുടെ സംഘടനാ നേതാക്കൾ വിലപിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. കെ.എം മാണി മാത്രമല്ല കേരള മന്ത്രിസഭയിലെ മിക്കവാറും പേർക്ക് തങ്ങൾ പണം നൽകിയിട്ടുണ്ട് എന്നും അതിലേറ്റവും കൂടുതൽ നൽകിയത് എക്സ്സൈസ് മന്ത്രി ബാബുവിനാണെന്നും വ്യക്തമാക്കപ്പെട്ടതാണ്. എന്നിട്ടും കെ.എം മാണിയെ മാത്രം വിജിലൻസിനെ കൊണ്ട് പൂട്ടിയിട്ടത് മാണിക്ക് ഇടതുപക്ഷത്തേയ്ക്ക് മാറാൻ കഴിയാതിരിക്കാനും ഇടതുപക്ഷത്തിന് മാണിയെ സ്വീകരിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കാനുമാണെന്ന് വ്യക്തമാണ്. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പണം വാങ്ങിയതിനു പ്രത്യക്ഷ തെളിവുണ്ടായിട്ടും എക്സ്സൈസ് മന്ത്രി ബാബുവിനെ രക്ഷിച്ചെന്നും കെ.എം മാണി തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. 

അധികാര രാഷ്ട്രീയം അഴിമതിയുടെ ചളിക്കുണ്ടിൽ മുങ്ങിത്താണ് കഴിഞ്ഞിട്ടും അതിനെ പ്രതിരോധിക്കുന്ന ജനകീയ രാഷ്ട്രീയം കേരളത്തിൽ രൂപപ്പെടുന്നില്ല. അധികാര സോപാനങ്ങൾ കയ്യെത്തിപ്പിടിക്കാനുള്ള പവർ ഗെയിമുകൾ മാത്രമായി രാഷ്ട്രീയം അധഃപതിക്കുന്നു. അത്തരം ഒരു സാഹചര്യത്തിലാണ് കോടതി വിധികൾ കാർമേഘപടലത്തിലെ രജത രേഖകളാകുന്നത്.

You might also like

Most Viewed