തരംഗരാഷ്ട്രീയവും തിരഞ്ഞെടുപ്പും


കുട്ടിക്കാലത്ത് സ്‌കൂളിലെ ഭൗതിക ശാസ്‌ത്ര ക്ലാസ്സുകളിലൊന്നിൽ പഠിച്ച ചില പാഠങ്ങൾ ഓർമ്മയിലേയ്ക്ക് കൊണ്ടുവരുന്നുണ്ട്, കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ. നെഗറ്റീവ് ചാർജ്ജുള്ള ഇലക്ട്രോണുകളിൽ ഒന്നിൽ ഒരു ബാഹ്യബലം മുട്ടുന്പോൾ ഒരു കന്പനം ഉണ്ടാവുന്നു. ആ കന്പനം തൊട്ടടുത്ത ഇലക്ട്രോണുകളിലേക്ക് വ്യാപിക്കുന്നു. അങ്ങനെ പരിഗണനാർഹമല്ലാത്ത, അത്രയും ചെറിയ ഒരു സമയത്തിനിടയിൽ ഇലക്ട്രോണുകളുടെ വിശാലമായ നിരകളിലേയ്ക്ക് കന്പനം വ്യാപിക്കുകയും അവയൊന്നാകെ ഒരു വൈദ്യുത ചാർജ്ജായി രൂപപ്പെടുകയും ചെയ്യുന്നു. ഈ സിദ്ധാന്തം സാമൂഹ്യ തലങ്ങളിൽ പ്രവർത്തിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അവയുടെ പ്രവർത്തന സ്വഭാവമെന്താണ്? സാമൂഹ്യ രാഷ്ട്രീയ തരംഗങ്ങൾ എന്ന് നാം വിശേഷിപ്പിക്കുന്ന പ്രതിഭാസം ഇതാണോ? എന്നിവയെ കുറിച്ചൊക്കെ സാമൂഹ്യശാസ്ത്രജ്ഞർ പഠിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. ഒരു പക്ഷെ അവർ അതേ കുറിച്ചൊക്കെ പഠിച്ചു കാണും. നമുക്കവയെ കുറിച്ച് വേണ്ടത്ര അറിവില്ലാത്തത് കൊണ്ടായിരിക്കാം. മുപ്പത് വർഷത്തിലധികം കാലത്തെ രാഷ്ട്രീയ പ്രവർത്തന അനുഭവങ്ങളുണ്ട് ഈ ലേഖകന്. അപ്രതീക്ഷിതമായ രാഷ്ട്രീയ ഫലങ്ങൾക്ക് പലപ്പോഴും ഇത്തരം തരംഗങ്ങൾ കാരണമാകുന്നുണ്ട് എന്നത് യാഥാർത്ഥ്യം. സമൂഹത്തിന്റെ ബോധമണ്ധലത്തിൽ, ചർച്ചകളിലൂടെയോ സംവാദങ്ങളിലൂടെയൊ രൂപപ്പെടുന്നവയോ ആ നിലയിൽ പ്രത്യക്ഷമായോ അല്ലാതെയോ സംവേദനക്ഷമമായിരിക്കണമെന്നില്ല ഇത്തരം തരംഗങ്ങൾ. ഇവ പലപ്പോഴും പ്രവർത്തിക്കുന്നത് അബോധ തലത്തിലോ അന്തർധാരകളിലോ ഒക്കെയാവാം. സമൂഹത്തിന്റെ ഉപരിതലത്തിൽ കോളിളക്കം സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളേക്കാൾ തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുന്നത് ഇത്തരത്തിലുള്ള അന്തർധാരകളാകാം. പലപ്പോഴും വിചാരങ്ങളെക്കാൾ വികാരങ്ങളാണ് ഇത്തരത്തിലുള്ള തരംഗ കന്പനങ്ങളായി ചില പ്രത്യേക സാമൂഹ്യ വിഭാഗങ്ങളിലാകെ ചെന്നെത്തുക. പലപ്പോഴും അത് ചില പ്രത്യേക മതവിഭാഗങ്ങളെയോ സാമൂഹ്യ വിഭാഗങ്ങളെയോ ആയിരിക്കും സ്വാധീനിക്കുക. ഒരു ചെറിയ ഉദാഹരണം പറയാം. ഇടതുപക്ഷം പ്രത്യക്ഷമായ നന്മകൾ ധാരാളമായി ചെയ്തതിനു ശേഷമുള്ള ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ, മുന്നണി വലിയ വിജയം പ്രതീക്ഷിച്ച ഒന്നിൽ, ദയനീയമായി പരാജയപ്പെട്ടു. നേതാക്കളിലും അണികളിലുമൊക്കെ വലിയ ഞെട്ടലാണത് ഉളവാക്കിയത്. വടക്കേ മലബാറിലായിരുന്നു ദയനീയമായ പരാജയം. സമൂഹത്തിന്റെ ഉപരി മണ്ധലത്തിൽ നടക്കുന്ന ചർച്ചകളൊക്കെ ഇടതുപക്ഷത്തിന് അനുകൂലമായിരുന്നു. രാഷ്ട്രീയ വിദഗ്ദ്ധന്മാരും ബുദ്ധിജീവികളും മാധ്യമങ്ങളുമൊക്കെ ഇടതുപക്ഷം ഒരു സന്പൂർണ്ണ തൂത്തുവാരൽ പ്രവചിച്ചിരുന്ന തിരഞ്ഞെടുപ്പിലാണ് അത് സംഭവിച്ചത്. ഇടതുപഷം പ്രചണ്ധമായ പ്രചാരണ കോലാഹലങ്ങളാണ് അന്ന് സംഘടിപ്പിച്ചിരുന്നത്. മിക്കവാറും വോട്ടർമാരെ നേരിൽ തന്നെ കണ്ട് ആർക്കും നിഷേധിക്കാൻ കഴിയാത്ത നല്ലകാര്യങ്ങൾ വിശദീകരിക്കപ്പെട്ടു. എന്നിട്ടും ഉണ്ടായ ഈ കനത്ത പരാജയം എല്ലാവരെയും ഞെട്ടിച്ചു.

പരാജയത്തിന്റെ കാരണം അന്വേഷിച്ചു ചെന്ന വിശകലന പടുക്കളായ ചില സാമൂഹ്യ ശാസ്ത്രജ്ഞന്മാർ ചെന്നെത്തിയത് ഒരു ഇടതു വിരുദ്ധ തരംഗത്തിലായിരുന്നു. അതിന്റെ പ്രഭവകേന്ദ്രം നാദാപുരമായിരുന്നു. നാദാപുരത്തെ തെരുവൻ പറന്പിലെ ‘നബീസു എന്ന സ്‌ത്രീയെ മാർക്കിസ്റ്റുകാർ കൂട്ട ബലാത്സംഗം ചെയ്തു’ എന്ന ഒരു സാധാരണ വാർത്തയിൽ നിന്നാണോ തരംഗം രൂപം കൊണ്ടത്. ഇത്തരം നുണകളാകട്ടെ സാധാരണയായി തിരഞ്ഞെടുപ്പുകളിൽ മുസ്ലീം ലീഗുകാർ ധാരാളമായി ഉപയോഗിക്കാറുള്ളതുമായിരുന്നു, പള്ളി തകർത്തു എന്നൊക്കെ. അവയ്ക്ക് പരിമിതമായ വൃത്തത്തിനകത്ത് ചില്ലറ സ്വാധീനമുണ്ടാക്കാൻ കഴിയാറുമുണ്ട്. പക്ഷെ ബലാത്സംഗ കഥ സൃഷ്ടിച്ച തരംഗം അങ്ങനെയൊന്നായിരുന്നില്ല. സമൂഹത്തിന്റെ ബോധ മണ്ധലത്തിൽ ചർച്ചയുടെയും സംവാദത്തിന്റെയും അറിവിന്റെയും വിവേകത്തിന്റെയും മണ്ധലത്തിൽ ഇടതുപക്ഷം ഈ കിംവദന്തിയെ നന്നായി തുറന്നു കാട്ടുകയും ചെയ്തിരുന്നു. പക്ഷെ പലപ്പോഴും ഇത്തരം തരംഗങ്ങൾ രൂപപ്പെടുക സംവാദ സാധ്യമായ ബോധമണ്ധലത്തിലല്ല. അത് അബോധത്തിലെ ചില ചോദനകളെ ഉണർത്തി വികാര തരംഗങ്ങൾ തീർത്ത്, ഇലക്ട്രോണുകൾ കന്പനത്തിലൂടെ ഊർജം കൈമാറുന്നത് പോലെ, വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഒരാൾ മറ്റൊരാളോട് ബോധപൂർവ്വമായി വിശദീകരിച്ചു കൊണ്ട് പരസ്‌പരം കൈമാറ്റം ചെയ്യപ്പെടുകയല്ല ഇവിടെ ചെയ്യുന്നത്. ഒരുപക്ഷെ ഈ വിഭാഗങ്ങളിൽ ഈ വിഷയത്തെ കുറിച്ച് ആരും ചർച്ചകളൊന്നും ചെയ്തിട്ടുണ്ടാവില്ല. വോട്ടുമായി അത് ബന്ധപ്പെടുത്തിയിട്ടുണ്ടാവില്ല. പക്ഷെ ഈ വിഭാഗത്തിൽ എല്ലാവരിലേക്കും അതൊരു കന്പനമായി ചെന്നെത്തുന്നുണ്ട്. ബോധത്തിന്റെയും സംവാദത്തിന്റെയും മണ്ധലത്തിൽ ഇടതുപക്ഷത്തിനനുകൂലമായ മനോഭാവങ്ങൾ ഉണർന്നിരിക്കുന്നുണ്ടെങ്കിലും പോളിംഗ് ബൂത്തിലെ ഇരുളിൽ ഇടതുപക്ഷത്തിനു വോട്ടു ചെയ്യാൻ കഴിയാത്ത വിധം സംവാദാത്മകമല്ലാത്ത ഒരു വികാരം രൂപപ്പെടുകയാണ് ചെയ്യുന്നത്. ഇത് നാദാപുരത്തോ കോഴിക്കോട് ജില്ലയിലോ മാത്രമല്ല മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾ ഉള്ള കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും ചെന്നെത്തി തിരഞ്ഞെടുപ്പ് ഫലങ്ങളെ അട്ടിമറിച്ചു. ഇതിനു സമാനമായ ധാരാളം രാഷ്ട്രീയ സാമൂഹ്യ തരംഗങ്ങൾ, തിരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിച്ചതിന്റെ അനുഭവങ്ങൾ ഇന്ത്യയിൽ ധാരാളമായി കണ്ടെത്താൻ കഴിയും. ഇന്ദിരാവധത്തെ തുടർന്നും രാജീവ് വധത്തെ തുടർന്നും ഇത്തരം തരംഗങ്ങൾ സംഭവിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഇത്തരം തരംഗ സവിശേഷതകൾ പ്രവർത്തിച്ചതായി കണ്ടെത്താനാവും. ഇപ്പോൾ കേരളത്തിൽ മാത്രം ഇത്തരം തരംഗം എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തം തന്നെയാണ്. ഒരു പക്ഷെ ബിഹാർ തിരഞ്ഞെടുപ്പിൽ ഇത്തരം തരംഗം പ്രവർത്തിച്ചിട്ടുണ്ട് എന്നത് യാഥാർത്ഥ്യം. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനുകൂലമായ ഒരു തരംഗം സൃഷ്ടിച്ചെടുക്കാൻ മോഡിയെ മുൻ നിർത്തി ബി.ജെ.പിക്ക് സാധിച്ചുവെങ്കിൽ അതേ തരംഗം ഇപ്പോൾ വിപരീത ദിശയിൽ ശക്തിയായി സഞ്ചരിക്കുന്നതാണ് ബിഹാറിൽ നിന്നുള്ള കാഴ്ചകളിൽ കാണാൻ കഴിയുക.

കേരളത്തിലെ തദ്ദേശ ഭരണതിരഞ്ഞെടുപ്പിൽ ഇപ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ അനുകൂലമായുണ്ടായ ശക്തമായ തരംഗത്തെ കുറിച്ചുള്ള പഠനങ്ങൾ വളരെ പ്രധാനം തന്നെയാണ്. ഒരു പക്ഷെ ഇടതു മുന്നണി നേതാക്കളോ, യു.ഡി.എഫോ ബി.ജെ.പിയോ പ്രതീക്ഷിക്കാത്ത ഒന്നാണ് ഇപ്പോൾ സംഭവിച്ചത്. മാധ്യമ പ്രവർത്തകർക്കോ രാഷ്ട്രീയ വിശകലന നിലപാടുകൾക്കോ ഇത് മുൻകൂട്ടി കാണാനും കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ നിരവധി വർഷങ്ങളായി ഇടതുപക്ഷം തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങൾ ഏറ്റുവാങ്ങുകയാണ്. അതിന്റെ സ്വാഭാവികമായ തുടർച്ചയായിരിക്കാം ഇത്തവണയും സംഭവിക്കുക എന്നായിരുന്നു പൊതുധാരണ. ഇടതുപക്ഷത്തിന് തികച്ചും അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും അതൊന്നും മുതലാക്കാനുള്ള ശേഷി ഇടതുപക്ഷത്തിനില്ല എന്ന് പൊതുവായി വിലയിരുത്തപ്പെട്ടു. ഒരു ക്യാന്പയിനർ എന്ന നിലയിലുള്ള അച്ചുതാനന്ദന്റെ വലിയ സ്വീകാര്യത ശ്രദ്ധിക്കപ്പെട്ടെങ്കിലും അത് വോട്ടാക്കി മാറ്റാനുള്ള ശേഷി പാർട്ടി സംവിധാനങ്ങൾക്കിപ്പോഴുണ്ടോ എന്ന സംശയം പ്രകടിപ്പിക്കപ്പെട്ടു. പാർട്ടിയുടെ ശക്തമായ വോട്ടു ബാങ്കായ ഈഴവ സമുദായത്തെ അവിടെ നിന്നടർത്തി മാറ്റി ഹിന്ദുത്വ ക്യാന്പിലെത്തിക്കാനുള്ള വെള്ളാപ്പള്ളി-അമിത് ഷാ കൂട്ടുകെട്ടിന്റെ നീക്കങ്ങളും അതിനെ പ്രതിരോധിക്കാൻ വി.എസ്സിന്റെ നേതൃത്വത്തിൽ പാർട്ടി നടത്തിയ നീക്കങ്ങളും എന്ത് പ്രതികരണം സൃഷ്ടിക്കും എന്നതും വ്യക്തമായിരുന്നില്ല. ബാർകോഴ കേസുമായി ബന്ധപ്പെട്ടുണ്ടായ കോടതി വിധികൾ യു.ഡി.എഫിനെ അക്ഷരാർത്ഥത്തിൽ തന്നെ വിവസ്ത്രരാക്കി. പക്ഷെ അപ്പോഴും അഴിമതിക്കെതിരായ വിശ്വാസ്യമായ നിലപാടുള്ള മുന്നണിയാണ് ഇടതുമുന്നണി എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ ഇടതുപക്ഷത്തിനു ശേഷിയുണ്ടായിരുന്നില്ല. വിജിലൻസ്, കോടതി തുടങ്ങിയ സംവിധാനങ്ങൾ പോലും രാഷ്ട്രീയ പക്ഷപാതിത്വപരമായ അധികാര ദുരുപയോഗത്തിന് ശ്രമിക്കുന്നു, എന്ന സംശയം പ്രബലമായി. അടുത്ത കാലത്തായി ബി.ജെ.പി സ്വീകാര്യത വോട്ടായേക്കാം എന്ന് പ്രതീക്ഷിച്ചിരുന്നു എന്നാൽ ഇന്ത്യയിൽ പൊതുവായി വളർന്നു വന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയം ചുരുങ്ങിയത് കേരളത്തിലെങ്കിലും അവർക്ക് തിരിച്ചടിയായേക്കാം എന്ന ആശങ്കയും നിലനിന്നു. ഇവയൊക്കെയായിരിക്കും പൊതുവായി തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലത്തെ നിശ്ചയിക്കുന്ന ഘടകങ്ങൾ എന്നാണ് കരുതിയത്.ബോധമണ്ധലത്തിലെ ചർച്ചകളും സംവാദങ്ങളമാണ് വോട്ടർമാരെ സ്വാധീനിക്കുക എന്നാണ് കണക്കാക്കപ്പെട്ടത്. എന്നാൽ പശു പ്രശ്നം ന്യൂനപക്ഷ വിഭാഗങ്ങൾകകത്ത് വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ടെന്നും അതൊരുപക്ഷെ ഇടതുപക്ഷത്തിനനുകൂലമായ ഘടകമായി വർത്തിക്കാം എന്നും നിരീക്ഷിക്കപ്പെട്ടിരുന്നു. ഇതേ കുറിച്ച് ലഭ്യമായ വിവരങ്ങളൊക്കെ ശേഖരിച്ച് പഠിക്കാൻ ഈ ലേഖകൻ ഒരു ശ്രമം നടത്തി. ഈ പ്രശ്നം താഴെ തലത്തിൽ സാധാരണ മുസ്ലീങ്ങളുടെ വോട്ടിംഗ് പാറ്റേണിനെ സ്വാധീനിക്കുന്ന നിലയിൽ ഉണ്ടാകാനിടയില്ല എന്നൊരു നിലപാടിലാണ് എത്തിച്ചേർന്നത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പ്രാഥമികമായി പരിശോധിച്ചാൽ തന്നെ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങളിലെ വലിയൊരു ഭാഗം ഇക്കാലമത്രയും യു.ഡി.എഫിന് അനുകൂലമായി വോട്ടു ചെയ്തുവരുന്ന രീതി ഇത്തവണ ഉണ്ടായില്ല. ഇവർ വ്യാപകമായി ഇടതുപക്ഷത്തിന് വോട്ടു ചെയ്തതായി കണ്ടെത്താൻ കഴിയും. പ്രാദേശിക തിരഞ്ഞെടുപ്പ് ആകുന്പോൾ ഒരു വാർഡിലെ നാമമാത്രമായ വോട്ടുകളിൽ ഇത്തരമൊരു മാറ്റം സംഭവിക്കുന്പോൾ തിരഞ്ഞെടുപ്പ് ഫലം നേർ വിപരീതമായി തീരും. അതാണ്‌ ഇത്തവണ സംഭവിച്ചതും. അതാകട്ടെ ബോധപൂർവ്വമായ ഒരു വിചാര പദ്ധതിയുടെ ഭാഗമായി, സംഘടനാ സംവിധാനങ്ങളുപയോഗിച്ച്, മുകളിൽ നിന്നുള്ള നിർദ്ദേശ പ്രകാരം, താഴെ തലത്തിലെത്തി ബോധപൂർവ്വം പ്രചരിച്ച ഒന്നായിരുന്നില്ല. മുസ്ലീം ലീഗാണ് മുസ്ലീങ്ങൾക്കിടയിൽ ഏറ്റവും വലിയ വോട്ടു ബാങ്കുകളുള്ള രാഷ്ട്രീയ കക്ഷി. അവർ യു.ഡി.എഫിലാണ്. ജമാഅത്ത് ഇസ്ലാമിയുടെ വെൽഫെയർ പാർട്ടി, എൽ.ഡി.എഫിന്റെ എസ്.ഡി.പി.ഐ, മദനിയുടെ പി.ഡി.പി തുടങ്ങിയ മുസ്ലീം പാർട്ടികൾക്ക് പൊതുവായി വോട്ടു ബാങ്കില്ല. എന്നാൽ ചില പോക്കറ്റുകളിൽ സ്വാധീനമുണ്ട്. ഇവയാകട്ടെ പൊതുവായി മാർക്സിസ്റ്റ് വിരുദ്ധ മനോഭാവം പ്രകടിപ്പിക്കുന്നവയാണെങ്കിലും ഇവർക്ക് സ്ഥാനാർത്ഥിയില്ലാത്തിടത്ത് ഏറെകുറെ എൽ.ഡി.എഫിന് വോട്ടു ചെയ്യാറാണ് പതിവ്. ഇനി മുസ്ലീങ്ങൾക്കിടയിലെ മുജാഹിദ് വിഭാഗത്തിൽ ഇപ്പോൾ മൂന്ന് സംഘടനകളുണ്ട്. അവയിലൊന്ന് എൽ.ഡി.എഫിന് വോട്ടു ചെയ്യാൻ ആഹ്വാനം ചെയ്തതായാണ് അറിയുന്നത്. അതും പക്ഷെ പുതിയ ഒരു കാര്യമല്ല. സുന്നി വിഭാഗങ്ങൾക്കിടയിൽ പ്രബലമായ രണ്ട് സംഘടനകളാണ് ഉള്ളത്; എ.പി അബൂബക്കർ മുസ്ല്യാർ നേതൃത്വം നൽകുന്ന ‘കാന്തപുരം സുന്നി’യും ഇ.കെ അബൂബക്കർ മുസ്ല്യാരുടെ ‘ഇ.കെ സുന്നി’യും. ഇതിൽ കാന്തപുരം സുന്നി (അരിവാൾ സുന്നി) നേരത്തെ തുടർച്ചയായി എൽ.ഡി.എഫ് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഇടക്കാലത്ത് സമദൂര സിദ്ധാന്തവും മറ്റുമായി രണ്ട് മുന്നണികൾക്കിടയിൽ ചാഞ്ചാടിക്കളിക്കുകയും ഇത് യു.ഡി.എഫിന് ഗുണമായി തീരുകയും ചെയുതിരുന്നു. എന്നാൽ ഇത്തവണ ലീഗ് വിരുദ്ധ പക്ഷത്ത്, എൽ.ഡി.എഫിന് ഉറച്ച പിന്തുണ അവർ പ്രഖ്യാപിക്കുകയുണ്ടായി. ഇ.കെ സുന്നിയുടെ നേതൃത്വത്തിലുള്ള പണ്ധിത സഭയായ ‘സമസ്ത’, ഒരു ചെറുവിഭാഗം അസഹിഷ്ണുതയുടെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ചില പുനർചിന്തകൾ നടത്തുകയുണ്ടായി. സംഘപരിവാർ ശക്തികളെ എതിർക്കാൻ ചങ്കൂറ്റം കാണിക്കുന്നത് ഇടതുപക്ഷം മാത്രമാണെന്നും ഇടതുപക്ഷത്തിന്റെ തകർച്ച, ദീർഘ കാലാടിസ്ഥാനത്തിൽ സമുദായത്തിന് ദോഷം ചെയ്തേക്കാനിടയുണ്ടെന്നും, അതുകൊണ്ട് ഇടതുപക്ഷ വിരുദ്ധമായ രാഷ്ട്രീയ നിലപാട്, വർത്തമാന കാലത്ത് സ്വീകരിക്കുന്നത് സമുദായത്തിന് ഗുണകരമായിരിക്കില്ലെന്നും അവർ ചിന്തിച്ചു. എന്നാൽ പൂർണ്ണമായി മുസ്ലീം ലീഗ് നിയന്ത്രണത്തിലുള്ള ഒരു സംഘടനയുടെ നിലപാട് എന്നതുകൊണ്ട് കാര്യമായൊന്നും അത് താഴേത്തട്ടിൽ എത്തിയിരുന്നില്ല. ചുരുക്കത്തിൽ മുസ്ലീം വോട്ടുകളിൽ ഇടതുപക്ഷത്തിനനുകൂലമായ ഒരു വലിയ മാറ്റം സംഭവിക്കാനുള്ള ബോധപൂർവ്വവും സംഘടനാപരവും സംവാദാത്മകവുമായ പ്രവർത്തനങ്ങളൊന്നും വലുതായി സംഭവിച്ചിരുന്നില്ല. എന്നിട്ടും ഇതുവരെയും യു.ഡി.എഫിന് അനുകൂലമായി ലഭിച്ച മുസ്ലീം വോട്ടുകളിൽ വലിയൊരു ശതമാനം ഇത്തവണ എൽ.ഡി.എഫിന് അനുകൂലമായി മാറിയതായാണ് പ്രാഥമികമായ അനുഭവം. ഇതാവട്ടെ പശു വിവാദം, അസഹിഷ്ണുതയുടെ രാഷ്ട്രീയം എന്നിവ മുസ്ലീങ്ങളിൽ ഉണ്ടാക്കിയ ‘ഭയം’ എന്ന വികാരത്തിന്റെ അബോധത്തിലുള്ള കന്പനത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ഒരു തരംഗമാണ്. ഇത്തരത്തിലുള്ള സാമൂഹ്യ രാഷ്ട്രീയ തരംഗങ്ങൾ വലിയ രീതിയിലുള്ള പഠനം ആവശ്യപ്പെടുന്നുണ്ട്.

You might also like

Most Viewed