‘അച്ചടക്കമുള്ള കുട്ടി പുതിയതൊന്നും നിർമ്മിക്കുന്നില്ല’
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങളെ കുറിച്ച് ഈ കുറിപ്പെഴുതുന്നയാൾക്ക് വലിയ അറിവൊന്നുമില്ല. എങ്കിലും സർക്കാർ ശന്പളം പറ്റുന്നയാളായത് കൊണ്ട് സർക്കാരിനെ വിമർശിക്കാൻ പാടില്ല എന്നത് ഒരു സാമാന്യ തത്വമായി അറിയാം. ജേക്കബ് തോമസ് ഐ.പി.എസ്സിനെ കഴിഞ്ഞ ദിവസങ്ങളിൽ ഒരു സെല്ലോ ടാപ്പുമായി ചാനലുകളിൽ കണ്ടപ്പോൾ ചെറിയ അസ്വസ്ഥത തോന്നി. പത്രക്കാരുടെ ചോദ്യങ്ങൾക്ക് മുന്പിൽ അദ്ദേഹം വളരെ സൗമ്യനായാണ് സംസാരിച്ചത്. ‘നിങ്ങളെ കാണുന്പോൾ വായയ്ക്കു മുകളിൽ ഒട്ടിച്ചു വെക്കാനാണ് ടേപ്പ് കരുതി വെച്ചത്’ എന്ന് പറയുകയും ചെയ്തു. ഏതായാലും ആരോ അദ്ദേഹത്തിന്റെ വായ മൂടിക്കെട്ടാൻ പരിശ്രമിക്കുന്നുണ്ട് എന്നാണതിന്റെ ചിഹ്നശാസ്ത്രപരമായ അർത്ഥം എന്നുമറിയാം. ഇതിനിടയിൽ രണ്ട് തവണ ഐ.എ.എസ് അച്ചടക്കം ലംഘിച്ചതിന് വിശദീകരണം ചോദിച്ച് കത്ത് കിട്ടിയ ആളാണ് ജേക്കബ് തോമസ് എന്നും അറിയാം. സ്വാഭാവികമായും നമുക്ക് ചോദിക്കാവുന്നത് സർക്കാർ ശന്പളം പറ്റുന്ന സർക്കാരിന്റെ പോലീസ് ഭരണം കൊണ്ടു നടക്കേണ്ട ഒരാൾ, എന്തിനാണിങ്ങനെ സർക്കാരിനെതിരെ വിമർശന ശരങ്ങൾ തൊടുക്കുന്നത്? അത് തെറ്റ് തന്നെയല്ലേ? എന്ന ചോദ്യങ്ങളായിരിക്കും. ഇതിനിടയിൽ സംസ്ഥാന പോലീസ് മേധാവി സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാനിടയായി. 1968 ലെ അഖിലേന്ത്യാ സർവ്വീസ് പെരുമാറ്റ ചട്ടമാണ് അദ്ദേഹം പ്രധാനമായും പരാമർശിച്ചത്. േസ്റ്ററ്റ് പോലീസ് ചീഫ് എന്ന നിലയിൽ പോസ്റ്റ് ഇടുന്പോൾ ഇതിന് ഔദ്യോഗിക സ്വഭാവം കൈവരുമല്ലോ. ജേക്കബ് തോമസിനെയോ മറ്റാരെയെങ്കിലോ അത് പേരെടുത്ത് വിമർശിക്കുന്നില്ല. എങ്കിലും വരികൾക്കിടയിൽ അതിലെല്ലാമുണ്ട്. പക്ഷെ പോസ്റ്റ് വെളിച്ചം കണ്ടപ്പോൾ അച്ചടക്കത്തിന് വേണ്ടി വാദിക്കാൻ വിരലിൽ എണ്ണാവുന്നവരെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അദ്ദേഹത്തിന്റെ അച്ചടക്ക വാദത്തെ വിമർശിക്കാൻ നൂറുകണക്കിന് ആളുകളുണ്ടായി. ഈ ലേഖകന് അപ്പോഴുണ്ടായ സംശയം ഇത്തരം പോസ്റ്റിടുന്ന പോലീസ് മേധാവി നടത്തുന്നതും ഒരർത്ഥത്തിൽ അച്ചടക്ക ലംഘനമല്ലേ? തന്റെ സഹപ്രവർത്തകനായ, ഒരർത്ഥത്തിൽ സമശീർഷൻ പോലുമായ ഒരു ഉദ്യോഗസ്ഥനെതിരെ തികച്ചും സർവ്വീസ് ചട്ടങ്ങൾ അനുസരിച്ച് ഔദ്യോഗികമായി എന്തെങ്കിലും നടപടി സ്വീകരിക്കേണ്ടതുണ്ടെങ്കിൽ അത് ചെയ്യേണ്ടത് ജനകീയമായ ഗ്യാലപ്പ് പോളുകൾ നടത്തിയ ശേഷമാണോ? സംസ്ഥാന പോലീസ് അധിപന്റെ ഔദ്യോഗിക പോസ്റ്റിനോട് ഔദ്യോഗികമായി പരസ്യമായി പ്രതികരിക്കാൻ ജേക്കബ് തോമസ് ഐ.പി.എസ് എന്ന തന്റെ സമശീർഷന് അധികാരമുണ്ടോ? അത് പുതിയ അച്ചടക്ക ലംഘനമായി കണക്കാക്കപ്പെടുകയാണോ ചെയ്യുക?
പ്രശസ്ത കവി കക്കാട് മാഷിന്റെ ഒരു കവിതയുടെ തലക്കെട്ട് ‘വഴിവെട്ടുന്നവരോട്’ എന്നാണ്. അതിലദ്ദേഹം പറയുന്നത് ‘പുതു വഴി നീ വെട്ടുന്നാകിൽ പലതുണ്ടേ ദുരിതങ്ങൾ’ എന്നാണ്. അച്ചടക്കവാദികളാരും സമൂഹത്തിനു വേണ്ടി പുതുവഴികളൊന്നും വെട്ടിയുണ്ടാക്കിയിട്ടില്ല. വ്യവസ്ഥാപിതമായ സമൂഹം നിർമ്മിച്ചു വെച്ച അച്ചടക്കത്തിന്റെ വഴികളിലൂടെ യന്ത്രപാവകളെ പോലെ സഞ്ചരിക്കുകയാണവർ ചെയ്യുക. അധികാര ഭയം കൊണ്ട് അവർ അച്ചടക്കമുള്ളവരായി വഴി തെറ്റാതെ ഭരണകൂടം നിശ്ചയിച്ചു തന്ന വഴികളിലൂടെ സഞ്ചരിക്കും. അവർ വൃത്തിയും വെടിപ്പുമുള്ള, സൽഗുണസന്പന്നരായ നല്ല കുട്ടികളായി വാഴ്ത്തപ്പെടുകയും ചെയ്യും. അപ്പോളതു വഴി കടന്നു വരുന്ന ഒരു മദ്യപന് ഒരുപക്ഷെ ആ വഴി തികയാതെ വരും. വേലികളിൽ തട്ടി ശരീരത്തിൽ നിന്ന് ചോര പൊടിയും. അപ്പോഴും അയാൾ അധികാരമുള്ളവർ വെട്ടിയൊതുക്കി വെച്ച വഴികളെ, മുട്ടൻ തെറികൾ കൊണ്ട് സംബോധന ചെയ്യും. തന്റെ കാൽച്ചുവട്ടിൽ അധികാരത്തിന്റെ അഹന്തകൾ കെട്ടിപ്പൊക്കിവെച്ച വിലക്കുകൾ, മുൾവേലികൾ ചോര പൊടിയുന്ന കൈകാലുകൾ കൊണ്ട് അയാൾ പൊളിച്ചു മാറ്റും. തനിക്ക് പ്രവേശനം നിഷേധിച്ച, “അതിക്രമിച്ചു കടക്കുന്നവർ ശിക്ഷിക്കപ്പെടും” എന്ന മുന്നറിയിപ്പുകൾ പ്രദർശിക്കപ്പെട്ട ഇടങ്ങളിൽ കയറി നിന്ന് വെല്ലുവിളികൾ ഉയർത്തും. അച്ചടക്കമുള്ളവന്റെ കാഴ്ചപ്പുറത്ത് നിന്ന് മാറ്റി നിർത്തപ്പെട്ട പലതും അവൻ മുൻപിലേക്ക് വലിച്ചിടും. കട്ടിപ്പായ കൊണ്ട് മറച്ചു വെക്കപ്പെട്ട ജീർണ്ണതയുടെ ദുർഗന്ധങ്ങളെ നിങ്ങളുടെ മൂക്കിൻ തുന്പിലേക്ക് എടുത്തുവെക്കും. മദ്യപാനിയെ നാം സംസ്കാരമില്ലാത്തനും സാമൂഹ്യ ദ്രോഹിയുമായാണ് പരിഗണിക്കുക. നമ്മളൊക്കെ സംസ്‌കാര സന്പന്നന്മാരാകുന്നത് നാം ‘അച്ചടക്ക’മുള്ള പൗരന്മാരാകുന്നത് കൊണ്ടാണ്. നമുക്ക് വനം സംസ്‌കാര ശൂന്യമായ ഒരിടവും ഉപവനം (പൂന്തോട്ടം) സംസ്കാര സന്പന്നമായ ഒരിടവുമാകുന്നത്. എപ്പോഴും വെട്ടിയൊതുക്കപ്പെടുന്നത്, സ്വാഭാവികമായ തളിർപ്പുകളെ പറിച്ചു മാറ്റപ്പെടുന്നത്, അധികാരത്തിന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് വളച്ചൊടിക്കപ്പെടുന്നത്, വളർച്ച മുരടിപ്പിച്ച് ബോൺസായികളാക്കപ്പെടുന്നത് ആണ് സംസ്‌കാരം. ഉള്ളിലെ കറുപ്പുകളെ വെളുത്ത വസ്ത്രം കൊണ്ട്, ജീർണ്ണ ഗന്ധങ്ങളെ കൃത്രിമ സുഗന്ധങ്ങൾ കൊണ്ട്, സ്വാഭാവിക വളർച്ചകളെ ബ്ലേഡുകൾ കത്രികകൾ ട്രിമ്മറുകൾ എന്നിവകൊണ്ട് മുട്ടൻ തെറികളെ സാഹിത്യ ഭാഷകൊണ്ട് വെറുപ്പിനെ വെളുക്കെ ചിരിച്ച് കൊണ്ട് ജീവിക്കുന്നവനെയാണ് നാം സംസ്‌കാര സന്പന്നൻ എന്ന് വിളിക്കുന്നത്. തന്റെ ഇണയോടുള്ള അഭിനിവേശങ്ങളെ പ്രകടിപ്പിക്കുന്നയാൾ സംസ്‌കാര ശൂന്യനാണ്. അത് അടിച്ചമർത്തി വെക്കുന്നവനാണ് സംസ്‌കാര സന്പന്നൻ. ഒരാൾ മദ്യപിക്കുന്പോൾ ഈ കൃത്രിമമായ ജീവിതത്തെ പിരിച്ചയക്കപ്പെടുകയും അയാൾ അയാളുടെ യഥാർത്ഥ ജീവിതം പ്രകടിപ്പിക്കാൻ ധൈര്യം നേടുകയുമാണ് ചെയ്യുന്നത് എന്ന് വേണമെങ്കിൽ പറയാം. അബോധത്തിന്റെ അച്ചടക്ക ബോധം കൊണ്ട് അധികാരം അടിച്ചമർത്തി വെച്ച സ്വാഭാവിക രീതികൾ കൊണ്ട് വീർപ്പു മുട്ടുന്പോഴാണ് ഒരാൾക്ക് താൽക്കാലികമായെങ്കിലും സ്വാഭാവികമായ ജീവിതം വീണ്ടെടുക്കാനുള്ള ധൈര്യം മദ്യം നാഡീവ്യൂഹത്തിന് നൽകുന്നത്. അത് തികച്ചും താൽക്കാലികമാണ് താനും. മദ്യത്തിന്റെ ലഹരിയിറങ്ങുന്പോൾ ഇടാമിടുക്ക് (കാള കുറ്റൻ ഇണ ചേരുന്നതിനു വേണ്ടി പശുവിനെ അനക്കമില്ലാതെ നിർത്തിക്കൊടുക്കാനുള്ള ആല) അകത്ത് പെട്ടത് പോലെ ‘സംസ്‌കാര സന്പന്നനായ’ മനുഷ്യനാവുകയും അച്ചടക്കവും അധികാര ഭയമുള്ളവനായി ശിക്ഷകളേറ്റു വാങ്ങി ജീവിക്കുകയും ചെയ്യും.
മദ്യത്തിന് ഞരന്പുകളെ ഉണർത്താനും തന്റെ തന്നെ അടിസ്ഥാനപരമായ സ്ഥായീ ഭാവങ്ങൾ കണ്ടെത്താനുമുള്ള കഴിവുകൊണ്ടാണ് മദ്യപാനി നൈമിഷികമായെങ്കിലും വ്യവസ്ഥയോട് കലഹിക്കുന്നതും അച്ചടക്കത്തിന്റെ വേലിക്കെട്ടുകൾ തകർക്കുന്നതും. എന്നാൽ ജനിതകമായ സവിശേഷതകളാൽ കാലത്തിൽ ഉണർന്നിരിക്കുകയും വേലികൾക്കപ്പുറമുള്ള കാഴ്ചകൾ കാണുകയും അധികാരം കെട്ടിപ്പൊക്കിയ സംസ്കാരത്തെയും സദാചാരത്തെയും വെല്ലുവിളിക്കുകയും ചെയ്യുന്നവരാണ് വിപ്ലവകാരികൾ. അതുകൊണ്ടാണ് അവർ അധികാരത്തിന്റെ ഗുരുത്വങ്ങളെ അംഗീകരിക്കാത്തതും അതുകൊണ്ടുതന്നെ ഗുരുത്വദോഷികളായി തീരുന്നതും. അടിമകലാപങ്ങൾക്ക് നേതൃത്വം കൊടുത്ത സ്പാർട്ടക്കസ് അത്തരത്തിലൊരു ഗുരുത്വദോഷിയായിരുന്നു. മതാധികാരത്തെ ചോദ്യം ചെയ്ത ബ്രൂണോയും ഗലീലിയോയും ഇത്തരത്തിലുള്ള ഗുരുത്വാദോഷം ഉണ്ടായിരുന്നവരാണ്. വിഷചഷകം ചുണ്ടോട് ചേർക്കേണ്ടിവന്ന സോക്രട്ടീസ് ഒരു പക്ഷെ ഇത്തരം ഒരു ഗുരുത്വദോഷിയായിരിക്കാം. കുലീനതയുടെ കൊടിയടയാളങ്ങൾ പേറുകയും പ്രഭുകുമാരിയെ കല്യാണം കഴിക്കുകയും ചെയ്‌തിട്ടും കാൾമാർക്സ് എന്തുകൊണ്ട് പട്ടിണിക്കാരനായി കഴിയേണ്ടി വന്നു എന്ന ചോദ്യത്തിന്, ദാരിദ്ര്യം കൊണ്ട് മരിച്ചു പോയ തന്റെ മക്കളുടെ ശവമടക്കത്തിനു കാശില്ലാതെ വിലപിക്കേണ്ടിവന്നതെന്തു കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരമന്വേഷിച്ചാൽ അവിടേയും നാം ചെന്നെത്തുക, വ്യവസ്ഥയുടെ അകം പൊരുൾ അന്വേഷിക്കുക എന്നാ കഠിനമായ ഗുരുത്വ ദോഷം പേറിയ, ഒരു അച്ചടക്കമില്ലാത്ത അരാജകവാദിയായിരുന്നു കാൾമാർക്സ് എന്ന സത്യത്തിലേക്കാണ്. ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാർക്കു മാത്രം കയറാനവകാശമുള്ള തീവണ്ടിമുറിയിൽ കയറി സഞ്ചരിച്ച മോഹൻ ദാസ് കരം ചന്ദ് ഗാന്ധി ഒരു ഗുരുത്വദോഷിയായിരിന്നു. അതു കൊണ്ടാണ് വെള്ളക്കാർക്ക് അദ്ദേഹത്തിന്റെ പല്ലടിച്ച് കൊഴിക്കേണ്ടി വന്നത്. പക്ഷെ ആ പല്ലുപോയ, ഷർട്ട് ധരിക്കാത്ത, ഒരൗൺസ് മാത്രംപോന്ന, അധികാരത്തിന്റെ പുറത്തുകൂടി സഞ്ചരിച്ച, ആ ഗുരുത്വദോഷിയായ മനുഷ്യനെ നാം മഹാത്മാവായി കരുതുന്നുവെങ്കിൽ നമ്മുടെ ചിന്ത എവിടെയൊക്കെയോ തിരശ്ചീനമായും ലംബമായും സഞ്ചരിക്കുന്നുണ്ട്. പരസ്പ്പരം കുറുകെ കടന്നു പോകുകയും ചെയ്യുന്നുണ്ട്. ആ ഗുരുത്വദോഷിയുടെ മാറിലേക്ക് പോയിന്റ് ബ്ലാങ്കിൽ നിന്ന് നിറയൊഴിച്ച നാഥൂറാം വിനായക് ഗോഡ്സെ ഇന്ത്യയുടെ ദേശീയതയുടെ കൊടിയടയാളമായി തീരുന്ന കാലമാണിത്. ഗാന്ധിയെ ആയിരുന്നോ കൊല്ലേണ്ടിയിരുന്നത് അതോ നെഹ്റുവിനെയോ എന്ന കാര്യത്തിൽ നമുക്ക് ചില്ലറ തർക്കങ്ങളുണ്ടായിരിക്കുന്നു. ഏതായാലും ഇവരൊക്കെ കൊല്ലപ്പെടേണ്ടവരായിരുന്നു; കാരണം ഇവരൊക്കെ ബ്രിട്ടീഷുകാർക്കെതിരായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ഗുരുത്വദോഷികളായിരുന്നു. പഴയതെല്ലാം നല്ലതായിരുന്നു. ബ്രാഹ്മണൻ ശ്രേഷ്ഠനായിരുന്നു, വേദാധികാരവും മനുസ്മൃതികളും ഗുരുത്വമുള്ളതായിരുന്നു എന്നൊക്കെ അറിയുന്നതുകൊണ്ട് ദേശീയത എന്നാൽ പശുവിനെ കൊല്ലാതിരിക്കലാണ്; പാകിസ്ഥാൻ ദേശദ്രോഹികളുടെ നാടാണ്; എന്നൊക്കെ നമുക്ക് ചിന്തിക്കാൻ കഴിയുന്നത്. നമുക്ക് വേണ്ടത് ദേശീയവാദികളെയാണ് അല്ലാതെ ഗുരുത്വദോഷമുള്ളവരെയല്ല എന്ന് ശരിയായ തിരിച്ചറിഞ്ഞവരായിരുന്നു ബ്രിട്ടീഷുകാർ. അതുകൊണ്ടാണ് ദേശഭക്തിഗാനങ്ങളും ധ്വജപ്രണാമ കീർത്തനങ്ങളുമായി കടന്നു വന്ന ആർ.എസ്.എസ് സ്ഥാപകനെ അവർ പട്ടും വളയും കൊടുത്ത് സ്വീകരിച്ചപ്പോൾ ഭഗത് സിംഗിനെ കഴുവേറ്റിയത്. കാരണം ഭഗത് സിംഗ് ഗുരുത്വദോഷമുള്ള ധിക്കാരിയായിരുന്നു. അദ്ദേഹം ഇന്ത്യക്കാരന്റെ മൃദുവായ ശബ്ദം ഒരിക്കലും കേൾക്കാതിരുന്ന ബ്രിട്ടീഷുകാരന്റെ ബധിര കർണ്ണങ്ങളെ തുറപ്പിക്കാൻ ഉഗ്രമായ സ്ഫോടനശേഷിയും ശബ്ദശേഷിയുമുള്ള ബോംബു വലിച്ചെറിഞ്ഞയാളാണ്. ബോംബു കൊണ്ട് ചെയ്യാവുന്ന ഏറ്റവും വലിയ പ്രവൃത്തി ആളുകളെ കൊല്ലലാണ്. അതദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ബ്രിട്ടീഷുകാരന്റെ കട്ടിപിടിച്ച കർണ്ണപുടങ്ങൾ വിറക്കണം എന്ന് മാത്രമേ അദ്ദേഹം ആഗ്രഹിച്ചിരുന്നുള്ളു. അതുകൊണ്ടാണ് പാർലമെന്റിലെ ആളൊഴിഞ്ഞ മൂലയിലേക്ക് അദ്ദേഹം ബോംബു വലിച്ചെറിഞ്ഞത്. സുബ്ബരായാൻ എന്ന വ്യവസ്ഥയുടെ കാവൽക്കാരനായ പോലീസുകാരനെ പുഴയിൽ ചാടിച്ച ഗുരുത്വദോഷത്തിനാണ് നാം അപ്പുവിനെയും, അബൂബക്കറിനേയും, ചിരുകണ്ഠനെയും കുഞ്ഞന്പുവിനെയും കഴുവേറ്റിയത്. അവരെയാണ് നാം കയ്യൂർ രക്തസാക്ഷികളായി മഹത്വവൽക്കരിച്ച് അവരുടെ കുഴിമാടങ്ങളിൽ വിളക്ക് വെച്ച് എല്ലാവർഷവും ആഘോഷപൂർവ്വം സ്മരിക്കുന്നത്. വ്യവസ്ഥയുടെ കാവൽക്കാരും തികഞ്ഞ അച്ചടക്കമുള്ളവരുമായ സർ സി.പിയുടെ പട്ടാളത്തെ ‘അലകിന്ററ്റം ചെത്തി മിനുക്കി’ വാരികുന്തങ്ങളുണ്ടാക്കി കുത്തി മലർത്താൻ ശ്രമിക്കുക എന്ന ഗുരുത്വപിഴവ് കാണിച്ചവരാണ് പുന്നപ്ര വയലാർ രക്തസാക്ഷികൾ.
അപ്പോൾ പിന്നെ ഉയർന്നു വരുന്ന ചോദ്യം ഇതാണ് ഈ മണ്ണിൽ നമുക്ക് എങ്ങനെയാണ് ജീവിക്കാൻ കഴിയുക. നമുക്ക് വേണമെങ്കിൽ അലക്കിതേച്ച വേഷം ധരിച്ച്, മുടിയും താടിയുമൊക്കെ വെട്ടിയൊതുക്കി, അച്ചടക്കവും അനുസരണയുമുള്ള പൗരന്മാരായി, സംസ്‌കാര സന്പന്നന്മാരായി, ഗുരുത്വപിഴവ് തട്ടാതെ ജീവിക്കാം. അല്ലെങ്കിൽ താടിയും മുടിയും നീട്ടി വളർത്തി അരാജവാദികളായി മദ്യക്കുപ്പികളിൽ അര ദിവസത്തെ സ്വാതന്ത്ര്യമാഘോഷിച്ച് ഇയ്യാംപാറ്റകളായി മരിക്കാം. കാരണം വ്യവസ്ഥയെ വെല്ലുവിളിച്ച് ഗുരുത്വപിഴവ് ഏറ്റുവാങ്ങി ഒരായുഷ്കാലം ജീവിക്കുക പ്രയാസകരമായ കാര്യമാണ്. അത് സാധിച്ചെടുത്തവരാരും ഇന്ന് നമ്മുടെ റോൾ മോഡലുകളല്ല. അനുസ്മരണയും അച്ചടക്കവുമുള്ള കുട്ടിയായി ഒരു സർവീസ് കാലം മുഴുവൻ ജീവിക്കുക എന്ന ബുദ്ധിപൂർവ്വമായ തീരുമാനം എന്തുകൊണ്ടാണ് ജേക്കബ് തോമസിനെ പോലുള്ള ഒരാൾക്ക് തിരഞ്ഞെടുക്കാൻ കഴിയാത്തത് എന്നത് പ്രസക്തമായ ചോദ്യം തന്നെയാണ്. അച്ചടക്കമുള്ള കുട്ടി പുതിയതൊന്നും നിർമ്മിക്കുന്നില്ല എന്നതായിരിക്കും ഒരുപക്ഷേ അതിന്റെ ഉത്തരം.