പുറമേ ശാന്തം; അകം പ്രക്ഷുബ്ധം...


കേരളത്തിലെ തദ്ദേശ ഭരണതിരഞ്ഞെടുപ്പ് പൂർത്തിയായി കഴിയുന്പോഴായിരിക്കും ഈ കുറിപ്പ് ഗൾഫ് രാജ്യങ്ങളിലെ എന്റെ സുഹൃത്തുക്കളായ വായനക്കാരിലെത്തുക. കേരളത്തിലെ നാലു മണിയല്ലല്ലോ അവിടങ്ങളിലെ നാലുമണി. അവിടെ നാലു മണി ആകുന്പോൾ ഇവിടെ ഏതാണ്ട് ആറര മണിയായി കാണും. അപ്പോഴേക്കും തിരഞ്ഞെടുപ്പിലെ അവസാന വോട്ടും രേഖപ്പെടുത്തി വോട്ടർമാരെ അഭിവാദ്യം ചെയ്തുള്ള പ്രകടനങ്ങളൊക്കെ അവസാനിപ്പിച്ച് കണക്കുകൾ പാർട്ടി ഓഫീസുകളിലും വീടുകളിലും നേതാക്കളെ ഏൽപ്പിച്ച് പ്രവർത്തകർ പിരിഞ്ഞിരിക്കും. ഇനി നേതാക്കൾ ഒത്തുകൂടി കൂട്ടലും കിഴിക്കലുമൊക്കെ ആരംഭിച്ചിരിക്കും. 

സാധാരണ തിരഞ്ഞെടുപ്പ് കഴിഞ്ഞു ഫലം കാത്തിരിക്കുന്ന ദിവസങ്ങളിലാണ് പ്രവർത്തകരുടെ ആഘോഷം. പിരിമുറുക്കം കുറക്കാനുള്ള ഇടപാടുകളൊക്കെ ഈ ഇടവേളകളിലാണ് നടക്കുക. അല്പസ്വല്പം മദ്യപാന ശീലമുള്ളവർക്ക് ഇത് പാർട്ടികളുടെ കാലമാവും. സജീവ രാഷ്ട്രീയ പ്രവർത്തന രംഗത്തുണ്ടായിരുന്ന കാലത്ത് ഈ ഇടവേളകൾ യാത്രകളുടെ കാലമായിരുന്നു. ഒന്ന് വിശ്രമിക്കാനും ആശ്വസിക്കാനും മനസ്സിന്റെ പിരിമുറുക്കങ്ങളൊക്കെ കുറക്കാൻ ഉള്ള യാത്രകൾ. മിക്കവാറും മനുഷ്യസ്പർശമില്ലാത്ത കാടുകളിലേക്ക്. ഫലപ്രഖ്യാപനം ഒരു മാസത്തോളം വരെ നീണ്ടുപോയ അവസരങ്ങളുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഉത്തരേന്ത്യൻ യാത്രകൾക്ക് വരെ അവസരങ്ങളുണ്ടായിട്ടുണ്ട്. ജീവിതത്തിലും രാഷ്ട്രീയത്തിലുമള്ള ‘സീറോ അവറു’കളായാണ് ഇക്കാലം അറിയപ്പെടുക. ഈ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ നീളുന്ന സീറോ അവറുകളേ ഉള്ളു എന്നത് ഒരേ  സമയം നല്ലതും ചീത്തയുമൊക്കെയായി കണക്കാക്കുന്നവരുണ്ട്.

മാധ്യമ പ്രവർത്തകരുടെയും രാഷ്ട്രീയ വിശാദരന്മാരുടെയും എല്ലാ സാധാരണ മനുഷ്യരുടെയും തിരഞ്ഞെടുപ്പ് വിശകലനങ്ങൾ കേൾക്കുന്നത് അങ്ങേയറ്റം രസകരവും വിജ്ഞാനപ്രദവുമാണ് എന്ന് പറയാതെ വയ്യ. ഒരോരുത്തന്റെ വിശകലനത്തിലും അയാളുടെ കക്ഷി രാഷ്ട്രീയ താൽപര്യങ്ങൾ, ആഗ്രഹങ്ങൾ, ചില പ്രത്യേകതരം വിദ്വേഷങ്ങൾ, വിശകലന രീതിയുടെ പരിമിതികൾ എന്നിവയൊക്കെ കുതിർന്നു കിടപ്പുണ്ടാകും. അതൊക്കെ കഴുകിക്കളഞ്ഞ് അതിന്റെ കാതൽ കണ്ടെത്തുക ബുദ്ധിമുട്ട് തന്നെ. ഇനി ഇതൊക്കെ കഴിഞ്ഞാലും വിശകലനം ചെയ്യുന്നയാളിന്റെ ആഗ്രഹങ്ങളും രാഷ്ട്രീയ ചായ്്വുകളും സ്നേഹവും വിദ്വേഷവും മുൻവിധികളുമൊക്കെ അപ്പോഴും അവശേഷിക്കുകയും ചെയ്യും. ഇതൊക്കെ ഒഴിവാക്കിയുള്ള ഒരു വിശകലനം സ്വപ്നത്തിൽ കാണാം എന്നല്ലാതെ പ്രായോഗിക ജീവിതത്തിൽ സാധ്യമല്ല. 

പുതിയ കാലത്ത് തിരഞ്ഞെടുപ്പിന് ശേഷം വോട്ടർമാരെ ശാസ്ത്രീയ ചോദ്യാവലിയുമായി സമീപിച്ചും തിരഞ്ഞെടുപ്പിന് മുന്പ് റാൻഡം പരിശോധനകളിലൂടേയും വിജയം പ്രവചിക്കുന്നവരുണ്ട് ഇവരേയും ഇത്തരം പ്രശ്നങ്ങൾ ബാധിക്കുന്നുണ്ട്. അതനുസരിച്ച് പല പ്രീപോൾ സർവേകളും എക്സിറ്റ് പോളുകളുടെ പ്രവചനങ്ങളും പൊളിഞ്ഞു പോകുന്നുണ്ടെങ്കിലും ഏറെക്കുറെ ശരിയായി പ്രവചനം സാധ്യമാകുന്നതും അപൂർവ്വമല്ല. ഇത്തരം സർവേകളിലും നമുക്ക് കണ്ടെത്താൻ കഴിയാതെ പോകുന്ന ധാരാളം ഘടകങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നുണ്ടാവും. സാധാരണയായി അത് ചെയ്യുന്ന ഒരാളിന്റെ പഞ്ചേന്ദ്രിയങ്ങൾക്ക് ദൃഷ്ടിഗോചരീഭവിക്കുന്ന, ഘടകങ്ങളെ അയാൾക്ക് പരിഗണിക്കാൻ കഴിയൂ. അങ്ങനെയല്ലാതെ നൂറുകണക്കിന് ഘടകങ്ങൾ വേറെയുമുണ്ടാകും. അവയൊന്നും നമുക്ക് പരിഗണിക്കാൻ കഴിയില്ലല്ലോ. അപ്പോൾ നമ്മുടെ വിശകലനങ്ങൾ പൊളിഞ്ഞു പാളീസായി എന്ന് വരാം. എങ്കിലും വിശാലമായി പ്രശ്നങ്ങളെ കാണാൻ കഴിയുകയും ചെറിയ ചെറിയ സൂചനകളിൽ നിന്നും മറ്റും കൂടുതൽ ഘടകങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയുകയും ചെയ്യുന്നവർക്ക് കൂടുതൽ ശരിയായ പ്രവചനങ്ങൾ നടത്താൻ കഴിയും. കാലം എപ്പോഴും വികസിക്കുന്നത് ലാളിത്യത്തിൽ നിന്ന് സങ്കീർണതയിലേക്കാണ്. പഴയ കാലത്തെപ്പോലെ ലളിതമല്ല പുതിയ കാലം. സ്വാഭാവികമായും തിരഞ്ഞെടുപ്പുകളുമതേ. അതീവ സങ്കീർണമായ ഒന്നിനും പിടി തരാത്ത പുതിയ കാലത്തെ തിരഞ്ഞെടുപ്പും സങ്കീർണവും നമ്മുടെ തലച്ചോറുകൾക്ക് പിടിതരാത്തതുമായിരിക്കും. അത്രയേറെ സങ്കീർണമായിരിക്കും തിരഞ്ഞെടുപ്പ് വിശകലനവും.

തദ്ദേശ തിരഞ്ഞെടുപ്പിനെ ഒറ്റനോട്ടത്തിൽ വിലയിരുത്തി പറയാവുന്ന കാര്യം കുമാരനാശാന്റെ ഒരു കവിതാ ശകലമാണ്. അതിങ്ങനെ, ‘ഒരു നിശ്ചയവുമില്ലയൊന്നിനും; വരുമോരോ ദശ വന്നപോലെ പോം’.  ഈ തിരഞ്ഞെടുപ്പിൽ ഒന്നിനും ഒരു വ്യവസ്ഥയുമില്ല. ഓരോ ദിവസവും ഓരോരോ പുതിയ കാര്യങ്ങൾ വരുന്നു. അവയൊക്കെ വന്നപോലെ പോകുകയും ചെയ്യുന്നു. മറ്റൊരു പ്രകടമായ കാര്യം ജനങ്ങൾക്കിടയിലെ മരവിപ്പാണ്. സാധാരണ ഗതിയിൽ ഏറ്റവും വലിയ വീറും വാശിയും വികാര വിക്ഷോഭങ്ങളുമുണ്ടാകേണ്ട തിരഞ്ഞെടുപ്പാണ് തദ്ദേശ തിരഞ്ഞെടുപ്പ്. ഇവിടെ മത്സരാർഥികൾ നമുക്കിടയിൽ തന്നെയുള്ളവരാണ്. നിയമസഭാ തിരഞ്ഞെടുപ്പാകുന്പോൾ തങ്ങൾക്ക് അത്രയൊന്നും അടുത്ത പരിചയമില്ലാത്ത അന്യനായ ഒരു നേതാവാകും വോട്ടു ചോദിക്കുന്നത്. നമുക്ക് അയാളുമായുള്ള ബന്ധം തങ്ങളുടെ രാഷ്ട്രീയ വിശ്വാസങ്ങളുടെ ഇഴയടുപ്പം മാത്രമാകും. ലോകസഭാ തിരഞ്ഞെടുപ്പാകുന്പോൾ കാര്യങ്ങൾ കുറെകൂടി അയഞ്ഞതാവും. ഒരുപക്ഷേ നേതാക്കൾക്കോ പ്രവർത്തകർക്കോ വ്യക്തിബന്ധമില്ലാത്ത ഒരു അപരനാണ് സ്ഥാനാർത്ഥിയായി മുന്നിലെത്തുക. പ്രാദേശിക തിരഞ്ഞെടുപ്പിൽ രക്തബന്ധം, കുടുംബബന്ധം, സൗഹൃദം, രാഷ്ട്രീയ ബന്ധം എന്നിവയൊക്കെ തീവ്രമായിരിക്കും. 

ഓരോ പ്രദേശത്തെയും പ്രചാരണവും പ്രവർത്തനങ്ങളും ആ പ്രദേശത്തുള്ളവരുടെ ഉത്തരവാദിത്വമായിരിക്കും. അതൊക്കെ ചേരുന്പോൾ വലിയ വീറും വാശിയും തന്നെയാണ് തിരഞ്ഞെടുപ്പുകൾ സൃഷ്ടിക്കുക. ഇത്തവണ കോഴിക്കോട് ജില്ല മുഴുവൻ സഞ്ചരിച്ചതിന്റെ അനുഭവങ്ങളെ ഈ ലേഖകനുള്ളൂ. കേരളത്തിൽ തന്നെ തിരഞ്ഞെടുപ്പ് രംഗത്ത് വലിയ വീറും വാശിയും കാണിക്കുന്ന ജില്ലയാണ് കോഴിക്കോട് പക്ഷെ ഇത്തവണ തികഞ്ഞ മരവിപ്പാണ് തിരഞ്ഞെടുപ്പ് രംഗത്ത്. പരസ്യപ്രചാരണ സമാപന ദിവസമായ ശനിയാഴ്ചയാണ് പേരിനെങ്കിലും ഉച്ചഭാഷിണികൾ ശബ്ദിച്ചു തുടങ്ങിയത്. വൈകുന്നേരം 5 മണിയുടെ കലാശക്കൊട്ട് ഒന്ന് കൊണ്ടു പിടിക്കണം എന്നൊക്കെ മുന്നണികൾ അഗ്രഹിച്ചിരിക്കാമെങ്കിലും അതൊക്കെ തേങ്ങയുടച്ചിടത്ത് ചിരട്ടയുടക്കൽ മാത്രമേ ആയുള്ളൂ. നഗര കേന്ദ്രങ്ങളിലുള്ള കലാശ കൊട്ടിനു എന്തൊക്കെയോ കാരണം കൊണ്ട് എൽ.ഡി.എഫും യു.ഡി.എഫും വലിയ താൽപര്യം കാണിച്ചില്ല. അൽപ്പമെങ്കിലും വീറു കാണിക്കാൻ മിനക്കെട്ടത് ബി.ജെ.പി ആയിരുന്നു. പൊതുസ്ഥലങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള യോഗങ്ങൾ വളരെ വളരെ പരിമിതമായിരുന്നു. നഗര കേന്ദ്രങ്ങളിലും മറ്റും നേതാക്കൾ പങ്കെടുത്തുള്ള റാലികൾ മാത്രമാണ് ഇത്തവണ നടന്നത്. അവയാകട്ടെ പൊതുവായി ഒരാവേശവും ഉണ്ടാക്കിയില്ല. വി.എസ് അച്യുതാനന്ദന്റെ യോഗങ്ങൾ മാത്രമായിരുന്നു അപവാദം. വി.എസ്സിന്റെ പരിപാടികളിലെ വൻജനപങ്കാളിത്തം ഒരേസമയം വി.എസ്സിനും ജനങ്ങൾക്കും ആവേശമായി. അതോടെ തൊണ്ണൂറ്റി മൂന്നാം വയസ്സിലെ തന്റെ ആരോഗ്യം പരിഗണിച്ചായിരുന്നില്ല അദ്ദേഹത്തിന്റെ യാത്രയും പ്രസംഗങ്ങളും. ഉമ്മൻ‌ചാണ്ടി, എ.കെ ആന്റണി, രമേശ്‌ ചെന്നിത്തല, കുഞ്ഞാലി കുട്ടി, എം.കെ  മുനീർ, കെ.പി.എ മജീദ്‌, കെ.എം ഷാജി എന്നിവരൊക്കെയായിരുന്നു യു.ഡി.എഫിന്റെ മാസ് ക്യാന്പയിനർമാർ. ഇതിൽ ഉമ്മൻചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും മാത്രമാണ് ചെറിയതോതിൽ എങ്കിലും ജനപങ്കാളിത്തം ഉണ്ടാക്കാൻ കഴിഞ്ഞത്. ഇടതു മുന്നണിക്ക്‌ വേണ്ടി വി.എസ് കഴിഞ്ഞാൽ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നെങ്കിലും അവയൊക്കെ മാമൂലി പൊതുയോഗങ്ങൾ മാത്രമായി ചുരുങ്ങി. കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ എന്നിവരുടെ സാന്നിധ്യം ചെറിയതോതിൽ ചലനമുണ്ടാക്കാതിരുന്നില്ല. ബി.ജെ.പി യുടെ ഒ.രാജഗോപാൽ മാത്രമായിരുന്നു അൽപമെങ്കിലും ശ്രദ്ധിക്കപ്പെട്ട ക്യാന്പയിനർ. 

പണ്ടൊക്കെ മാധ്യമങ്ങൾ, പ്രചാരണങ്ങൾ എന്നിവ ശ്രദ്ധിച്ചാൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം എന്ന തോന്നലാണ് ഉണ്ടാവുക. ഇത്തവണ, യഥാർത്ഥത്തിൽ ഉണ്ടോ എന്ന് സംശയമാണെങ്കിലും, ഒരു ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിക്കാൻ ബി.ജെ.പിക്ക് സാധിച്ചു. ഗൃഹസന്ദർശനം, കുടുംബയോഗങ്ങൾ, ഫ്ളക്സ് ബോർഡുകൾ എന്നിവയാണ് ഇത്തവണത്തെ പ്രചാരണ സംവിധാനങ്ങൾ. ഉച്ചഭാഷിണി പൊതുവെ ഇല്ലാത്തത് കൊണ്ട് പാരഡി ഗാനങ്ങൾ അവസാന രണ്ട് ദിവസങ്ങളിലൊഴികെ എവിടെയും ശ്രദ്ധിക്കപ്പെടില്ല. കുടുംബ യോഗങ്ങളിൽ സാമാന്യം ഭേദപ്പെട്ട പങ്കാളിത്തമുണ്ടായെങ്കിലും ഒരേയാൾ തന്നെ വ്യത്യസ്ത സ്ഥാനാർത്ഥികൾക്ക് വേണ്ടി ചേരുന്ന യോഗങ്ങളിലെല്ലാം പങ്കെടുക്കുന്നത് ഇന്ന് സർവ്വസാധാരണമായി തീർന്നിരിക്കുന്നു. ആരുടേയും അപ്രീതി സന്പാദിക്കാതിരിക്കാനുള്ള മുൻകരുതലാണിത് എന്ന് വിലയിരുത്തുന്നതിൽ തെറ്റില്ല. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ജോലിയൊക്കെ മാറ്റി വെച്ച് പ്രവർത്തന രംഗത്തേക്ക് കുതിച്ചു ചാടുന്നവരെ വിരളമായി പോലും ഇത്തവണ കണ്ടുമുട്ടാൻ കഴിഞ്ഞില്ല. എല്ലാവരും തങ്ങളുടെ ജോലിയും അത്യാവശ്യങ്ങളും കഴിഞ്ഞുള്ള സമയത്ത് മാത്രമേ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനു ഇറങ്ങാറുള്ളൂ. പാർട്ടി പ്രവർത്തകർ ഇത്രദിവസം അവധിയെടുത്ത് പ്രവർത്തിക്കണമെന്നും അങ്ങനെയുള്ളവർക്ക് അലവൻസ് നൽകണമെന്നും കണിശമായി തീരുമാനിക്കാറുള്ള ഇടതുപക്ഷത്തിനു പോലും അതൊന്നും പ്രയോഗത്തിൽ വരുത്താൻ കഴിയുന്നില്ല. അതുകൊണ്ട് സ്ഥാനാർത്ഥികൾ തുടർച്ചയായി ഗൃഹസന്ദർശനം നടത്തുണ്ടെങ്കിലും ഭാര്യയോ ഭർത്താവോ മക്കളോ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെയാണ് ഇവരെ അനുധാവനം ചെയ്യാൻ കൂടെയുള്ളത്. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റും പണം കണ്ടെത്താൻ വലിയ ബുദ്ധിമുട്ടൊന്നും ആരും അനുഭവിക്കുന്നതായി കണ്ടിട്ടില്ല. സ്ഥാനാർത്ഥി ആവശ്യപ്പെടുന്പോൾ പണം നല്കാൻ മിക്കവാറും ആളുകൾ തയ്യാറാകുന്നുണ്ട്, കച്ചവടക്കാരും വ്യവസായികളുമൊക്കെ ഒരു ബഡ്ജറ്റ് എന്ന നിലയിൽ ഇതിനുള്ള തുക നീക്കിവെക്കുന്നുണ്ട്. 

പ്രാദേശിക തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം അത്ര ശക്തമായ ഘടകമല്ല എന്നൊക്കെ പൊതുവെ പറയുന്പോഴും വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകം രാഷ്ട്രീയം തന്നെയാണ്. പക്ഷെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും രാഷ്ട്രീയം ഇല്ലാതായി എന്നതാണ് ഇപ്പോഴത്തെ സവിശേഷത. രാഷ്ട്രീയം എന്നത് വൈകാരിക വിക്ഷോഭങ്ങൾക്കുള്ള ഉപകരണം മാത്രമായി തീർന്നിരിക്കുന്നു. സരിതയും, ബാറും, മദ്യവും, പശുവും തുടങ്ങിയ, വികാരം കത്തിക്കാൻ കഴിയുന്നവ മാത്രമായിരിക്കുന്നു രാഷ്ട്രീയ പാർട്ടികളുടെ ഇഷ്ടവിഷയങ്ങൾ. വിലക്കയറ്റം, അഴിമതി അവസര സമത്വം, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവാകേണ്ടവ, രാഷ്ട്രീയ പാർട്ടികളുടെ പരിഗണനയ്ക്ക് പുറത്തായി തീരുന്നു. അഴിമതി എന്നത് ഒരു സാമൂഹ്യ തിന്മ എന്നതിനപ്പുറം അതൊരു വ്യക്തിപരമായ കഴിവോ സാധ്യതയോ ആണ് എന്ന നിലവിലാണ് സമൂഹം പരിഗണിക്കുന്നത്. 

അരുവിക്കര തിരഞ്ഞെടുപ്പിൽ ബാർ കോഴയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ആക്ഷേപം ഉയർന്നു വന്ന് പ്രതിക്കൂട്ടിലായ യു.ഡി.എഫിന് ജയിക്കാനായി എന്നത് നിസ്സാരമായ കാര്യമല്ല. അഴിമതി പ്രശ്നത്തിൽ എല്ലാവരും കണക്ക് എന്ന ഒരു തോന്നൽ ജനങ്ങൾ പൊതുവായി പങ്കുവെക്കുന്നു. ശക്തിയുടെയും ശേഷിയുടെയും പ്രതീകമായി നരേന്ദ്രമോഡിയെയും അമിത് ഷായെയും അവരോധിച്ച് മുന്നേറാനാണ് ബി.ജെ.പി പരിശ്രമിച്ചത്. അതിലവർ വലിയ തോതിൽ വിജയിക്കുകയും ചെയ്തു. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ രാഷ്ട്രീയത്തോട് മടുപ്പ് ബാധിക്കുകയും യുക്തിചിന്ത നശിക്കുകയും വിശ്വാസം ഒരു കത്തുന്ന വിഷയമായി തീരുകയും ചെയ്തപ്പോഴാണ് ബി.ജെ.പിയിലേക്ക് ചെറുപ്പക്കാർ കൂടുതലായി ആകർഷിക്കപ്പെട്ടത്. പക്ഷെ പശു പ്രശ്നം കത്തി കയറിയപ്പോൾ കേരളത്തിന് പുറത്ത് അത് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കിയിട്ടുണ്ടാവാമെങ്കിലും ഇവിടെ ഗ്രാഫ് താഴുകയാണ് ഉണ്ടായത്. പശു പ്രശ്നം ന്യൂനപക്ഷത്തിൽ അരക്ഷിതാവസ്ഥയുണ്ടാക്കുന്നുണ്ട്. ഇടതുപക്ഷമാണ് സംഘപരിവാറിനെതിരെ ഉറച്ച നിലപാടെടുക്കുക എന്നൊരു തോന്നൽ ശക്തമാണ്. ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ ശാശ്വതമായ തകർച്ച തങ്ങളുടെ നിലനിൽപ്പിനു തന്നെ ദോഷം ചെയ്യും എന്നൊരു ചിന്ത ന്യൂനപക്ഷ വിഭാഗങ്ങളിലാകെ ഉണ്ടായിട്ടുണ്ട്. അപ്പോഴും ഇടതുപക്ഷത്തിനു വിശ്വാസം വീണ്ടെടുക്കാൻ സാധിക്കുന്നില്ല. അടുത്ത മുഖ്യമന്ത്രിയെ കുറിച്ചുള്ള മടുപ്പുളവാക്കുന്ന ചർച്ചകളിലാണവർ. ഉമ്മൻചാണ്ടിയുടെ ചാണക്യ സൂത്രങ്ങൾ കൂടി ചേരുന്പോൾ രാഷ്ട്രീയം കൂടുതൽ കൂടുതൽ മരവിക്കുക തന്നെയാണ് ചെയ്യുന്നത്. 

എസ്.എൻ.ഡി.പി മുന്നോട്ടു വെച്ച നന്പൂതിരി മുതൽ നായാടി വരെയുള്ള ഹൈന്ദവ രാഷ്ട്രീയം വി.എസ്സിനെ പോലുള്ള നേതാക്കളാൽ തുടക്കത്തിലെ തുറന്നു കാട്ടപ്പെട്ടത് അധികാരത്തിൽ ന്യൂനപക്ഷം പിടിമുറുക്കുന്നത് തുടങ്ങിയവയോക്കെ ഈ തിരഞ്ഞെടുപ്പിന്റെ ഫലം നിശ്ചയിക്കുന്ന ഘടകങ്ങൾ തന്നെയായിരിക്കും ദൃശ്യമാധ്യമങ്ങളുടെയും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയുമൊക്കെ വർധിച്ച തോതിലുള്ള വിനിയോഗം ലോകത്തെ കൂടുതൽ കൂടുതൽ സുതാര്യമാക്കുകയും ചെയ്തിട്ടുണ്ട്. ഇവയൊക്കെ ചേർന്ന് മരവിപ്പും മടുപ്പും ഉളവാക്കുന്ന രാഷ്ട്രീയം, ബാഹ്യമായി നിശ്ചലമാണെങ്കിലും അന്തർധാരകൾ സജീവം തന്നെയാണ്. ഇവയൊക്കെ ചേർന്ന് സൃഷ്ടിക്കുന്ന ആകെത്തുക എന്തായിരിക്കുമെന്നറിയാൻ വോട്ടെണ്ണൽ വരെ കാത്തിരുന്നേ പറ്റൂ. അതെന്തായാലും വിളയുന്നത് നന്മയായിരിക്കില്ല എന്നതും വാസ്തവം.

You might also like

Most Viewed