ഫാസിസത്തിന്റെ കാൽച്ചിലന്പൊച്ചകൾ
കൃത−ത്രേതാ−−ദ്വാപര−കലി ഇങ്ങനെ നാല് യുഗങ്ങൾ. ഓരോ യുഗത്തിലും പ്രളയം സംഭവിക്കുന്നു. ജീവജാലങ്ങളും സംസ്കാരങ്ങളും എല്ലാമെല്ലാം സംഹരിക്കപ്പെടുന്നു. പ്രളയ ജലത്തിൽ ഒരരയാലിലയിൽ മഹാവിഷ്ണു മാത്രം പൊങ്ങിക്കിടന്ന് അതിജീവിക്കും. കലിയുഗത്തിന്റെ അവസാനത്തിൽ ബ്രഹ്മ പ്രളയം. അതോടെ അചേതനയുടെ നിത്യത!
ഇത് ഭാരതീയമെന്നോ ഹൈന്ദവമെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന കാല സങ്കൽപ്പനങ്ങളിലൊന്നാണ്. കലിയുഗത്തിൽ ഭക്ഷണം വിഷമയമായി തീരുകയും വിഷം തന്നെ ഭക്ഷണമായി തീരുകയും ചെയ്യും. ചിന്ത കലുഷിതമായി ഭവിക്കും. ഇത് അത്തരം ഒരു കാലം തന്നെയോ എന്ന് ന്യായമായി ആരും സംശയിച്ചു പോകും. ‘ഫാസിസം’ അതോ ‘ഫാഷിസമോ’? തീർച്ചയില്ല. അതെന്തിങ്കിലുമാകട്ടെ. എന്താണ് ഫാസിസം എന്നത് സംബന്ധിച്ച് വലിയ സംവാദങ്ങളും വിവാദങ്ങളും ലോകമാകെ നടക്കുന്നുണ്ട്. ഇന്ത്യയിൽ അശാന്തിയും അസഹിഷ്ണുതയും ഭയവും പ്ലേഗുപോലെ പടരുന്നുണ്ട് എന്ന കാര്യത്തിൽ ആർക്കും സംശയവുമുണ്ടാവില്ല. സംഗീതത്തിന് ഭാഷയും അതിർത്തികളും ഇല്ല എന്ന് നമുക്കെല്ലാവർക്കും അറിയാം. എങ്കിലും ഗുലാം അലിയെ പോലെ കലാതിവർത്തിയും അതിരുകളെ ലംഘിച്ചവനുമായ ഒരു കലാകാരന് ,സംഗീതം ഒരു ദൈവസ്പർശമാണെങ്കിൽ അത് ആവോളം ലഭിച്ച ഒരു കലാകാരന്, ഇന്ത്യയുടെ ഹൃദയത്തിലേക്കുള്ള കവാടം സ്ഥിതി ചെയ്യുന്ന മുംബൈയിലോ മുഗള സംഗീതം തരളിതമാക്കിയ ദില്ലിയിലോ പാടാൻ കഴിയില്ല എന്നു വന്നാൽ നമ്മുടെ നാട് അസഹിഷ്ണുത എന്ന രോഗത്താൽ എത്രയേറെ ഉന്മത്തമാക്കപ്പെട്ടിട്ടുണ്ട് എന്നതിന് കൂടുതൽ തെളിവുകൾ എന്തിന് ? കൂടുതൽ ഉയരങ്ങളിലേക്ക് കൂടുതൽ വേഗങ്ങളിലേക്ക് കൂടുതൽ ആഴങ്ങളിലേക്ക് ഒക്കെ കൊണ്ട് പോകുന്നതാണല്ലോ കായിക വിനോദങ്ങൾ. അതായത് അവന്റെ മനസ്സിനെ കൂടുതൽ കൂടുതൽ വിശാലതകളിലേക്ക് നയിക്കുന്നത്. എങ്കിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളെ ഇന്ത്യയിൽ പ്രവേശിപ്പിക്കാൻ പാടില്ല. അവർ ഇവിടെ മാച്ച് നടത്താൻ പാടില്ല. അവർ ഇന്ത്യൻ മണ്ണിൽ കാലുകുത്താനേ പാടില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ അതിന്റെ അർത്ഥമെന്താണ്? “എവിടെ മനസ്സ് നിർമലവും ശിരസ്സ് ഉന്നതവുമാണോ, എവിടെ അറിവ് സ്വതന്ത്രമാണോ, എവിടെ ഇടുങ്ങിയ ഭിത്തികളിൽ ലോകം കൊച്ചു കഷ്ണങ്ങളായി വിഭാജിക്കപ്പെടാതിരിക്കുന്നുവോ... ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗ്ഗത്തിലേയ്ക്ക് എന്റെ രാജ്യം ഉണരേണമേ” എന്ന് പ്രാർത്ഥിച്ച വിശ്വ മഹാകവി രവീന്ദ്രനാഥ ടാഗോർ നമുക്കാരാണ്? നിറകിണ്ടികളിലെ തെളിനീർ കൊണ്ട് കാൽ കഴുകിച്ച് പാൽ നിറച്ച കുംഭങ്ങളുമായി സ്വന്തം ഹൃദയത്തിലേയ്ക്ക് അതിഥികളെ എതിരേറ്റ പാരന്പര്യമുള്ള ഒരു നാട്ടിൽ മനുഷ്യരെ കരിയോയിലിൽ മുക്കിയെടുത്ത് സ്വീകരിക്കുന്പോൾ നാം അടയാളപ്പെടുത്തുന്നത് എന്താണ്? പശു വിശുദ്ധ മൃഗമാവട്ടെ ആർക്കും അതിൽ അരിശം തോന്നേണ്ട കാര്യമില്ല. നായാടി ജീവിതം അവസാനിപ്പിച്ച് നദീതീരങ്ങളിൽ പാർപ്പുറപ്പിച്ച് കൃഷി ചെയ്ത് തുടങ്ങിയ മനുഷ്യന് പശുവും നാൽക്കാലികളുമൊക്കെ ജീവദായനിയായ അമ്മയാകുന്നതിൽ എന്താണ് തെറ്റ്? അതുകൊണ്ടായിരിക്കുമല്ലോ ദശാവതാര സങ്കൽപ്പം ജീവ പരിണാമത്തെ സൂചിപ്പിക്കുന്നതായത്. വെള്ളത്തിൽ ജീവനുടലെടുത്തതിന്റെ പ്രതീകമായ മത്സ്യാവതാരത്തിൽ നിന്ന് തുടങ്ങി, വെള്ളത്തിലും കരയിലും ജീവിച്ച കൂർമ്മാവതാരത്തിലൂടെ, വനാന്തരങ്ങളിൽ ജീവിച്ച വരാഹത്തിലൂടെ, മൃഗത്തിനും മനുഷ്യനുമിടയിലെ പരിണാമത്തെ സൂചിപ്പിക്കുന്ന നരസിംഹത്തിലൂടെ, പരിണാമ ദിശയിലെ ആദ്യ മനുഷ്യാവതാരമായ വാമാനിലൂടെ, മഴു ആയുധമാക്കിയ പരശുരാമനിലൂടെ, അന്പും വില്ലും ആയുധമാക്കിയ കോതണ്ധരാമനിലൂടെ(ശ്രീരാമൻ), ആധുനികമനുഷ്യന്റെ പ്രതീകമായ പശുപാലനായ, പതിനായിരത്തിഎട്ട് ഭാര്യമാരുമായി രാസക്രീഡകളാടിയ, പാലും തൈരും നെയ്യുമൊക്കെയായി ആറാടി ജീവിച്ച ശ്രീകൃഷ്ണനിലെത്തി നിൽക്കുന്ന ദശാവതാര സങ്കൽപ്പം തീർച്ചയായും മനുഷ്യ പരിണാമത്തെ സൂചിപ്പിക്കുന്നത് തന്നെ. പത്താമത്തെ അവതാരം കൽക്കി പ്രളയത്തിനു ശേഷം ഒരുപക്ഷേ സംഭവിക്കുമായിരിക്കാം. അപ്പോൾ പിന്നെ പശുവിനെ സാംസ്കാരികമായി മാതാവായി ആരെങ്കിലും കാണുന്നുണ്ടെങ്കിൽ അതിൽ തെറ്റ് പറയേണ്ട കാര്യമൊന്നുമില്ല. അതിനർത്ഥം പശുവിനെ ദൈവമായി കരുതാത്തവരാരും ഇവിടെ ജീവിക്കാൻ പാടില്ല എന്നാണോ? എത്ര സംവത്സരങ്ങളായി നമ്മുടെ നാട്ടിൽ ഒന്നിനൊന്ന് വ്യത്യസ്തവും വിചിത്രവുമായ ആചാരങ്ങളും അനുഷ്ടാനങ്ങളും വിശ്വാസങ്ങളുമൊക്കെയുണ്ട്. അപ്പുറത്ത് ഗോമാതാവിനെ പൂജിക്കുന്പോൾ തന്നെ ഇപ്പുറത്ത് ഗോമാംസം ഭക്ഷിക്കുന്നവർ ജീവിക്കുന്നു. രണ്ടു പേർക്കുമിടയിൽ ഒരു തരത്തിലുള്ള അസ്വാരസ്യങ്ങളുമില്ല. മൃഗങ്ങളെ ശാസ്തീകമായി കൊലപ്പെടുത്തി അതിന്റെ മാംസവും തുകലുമൊക്കെ വേർതിരിച്ചെടുത്ത് വിവിധ ഉത്പന്നങ്ങളുണ്ടാക്കി വിപണനം ചെയ്യുകയും കയറ്റുമതി നടത്തുകയും ചെയ്യുന്ന ധാരാളം ഫാക്ടറികൾ നാട്ടിലുണ്ട്. അവയൊക്കെ അടച്ചു പൂട്ടിയാലത്തെ അവസ്ഥ എന്താവും. പാല് കറക്കാനോ ഉഴാനോ ഒന്നും കഴിയാത്ത പ്രായമായ പശുക്കളെയും കാളകളെയും നമുക്ക് എന്ത് ചെയ്യാൻ കഴിയും?. തലമുറകളായി തുടർന്നു പോരുന്ന ഒരു ജീവിത ക്രമത്തെ താൽകാലികമായ നേട്ടങ്ങൾക്ക് വേണ്ടി തകർത്തെറിയുന്പോൾ അത് ഒരു രാജ്യത്തെ വ്യത്യസ്ഥ വിശ്വാസങ്ങളെ, മതങ്ങളെ ഒക്കെ എങ്ങിനെയാണ് ബാധിക്കുക എന്നാലോചിക്കാനുള്ള സാമൂഹ്യബാദ്ധ്യത എല്ലാ സ്ഥാപനങ്ങൾക്കും രാഷ്ട്രീയ പാർട്ടിക്കുമില്ലേ? ദില്ലി പട്ടണത്തിൽ സ്വാഭാവികമായും വിവിധ രാജ്യങ്ങളുടെ എംബസ്സികളുണ്ട്. വിവിധ സംസ്ഥാനങ്ങളുടെ ആസ്ഥാനങ്ങളുണ്ട്. അതിലൊന്ന് മാത്രമാണ് കേരളാ ഹൗസ്. ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും റസ്റ്റോറന്റുകളിലുമൊക്കെ വിവിധ രാജ്യക്കാരുടെ രുചിഭേദങ്ങൾക്കനുസരിച്ച് പശുവും പട്ടിയും പാന്പും പുഴുവും എലികളുമൊക്കെ ആഹാരമാക്കുന്നുണ്ട്. ദില്ലിയിൽ ഇത്തരം സ്ഥാപനങ്ങളൊക്കെ അടച്ചു പൂട്ടണം എന്ന് ആർക്കെങ്കിലും തീരുമാനിക്കാമോ?
എസ്.ആർ ഹർനോട്ടിന്റെ പ്രശസ്തമായ ഒരു ഫോട്ടോഗ്രാഫ് ഈയിടെ മാധ്യമങ്ങളിൽ കാണാനിടയായി ‘ശൂദ്രർ ക്ഷേത്രത്തിൽ പ്രവേശിക്കരുത്’ എന്ന മുന്നറിയിപ്പ്, ഹിമാചൽ പ്രദേശിലെ ബിലാസ് പൂരിലുള്ള മാർക്കഡേയ ക്ഷേത്രത്തിനു മുൻപിൽ സ്ഥാപിച്ച ബോർഡും ക്ഷേത്രവുമായിരുന്നു ഹർനോട്ട് പകർത്തിയ ചിത്രത്തിലുണ്ടായിരുന്നത്. അത് ഒരു വലിയ കാര്യമായി ആരും കണ്ടില്ല. ഇതൊക്കെ ഉത്തരേന്ത്യൻ ക്ഷേത്രത്തിൽ മാത്രമല്ല കർണാടകയിലും തമിഴ് നാട്ടിലും ആന്ധ്രയിലും ഒക്കെ പതിവുള്ള കാര്യമല്ലേ എന്ന മനോഭാവമായിരുന്നു ചിത്രം കണ്ടവർക്കൊക്കെ. ഇതിനിടയിൽ ഉത്തർപ്രദേശിൽ ദില്ലിക്ക് തൊട്ടടുത്ത ഒരു ക്ഷേത്രത്തിൽ പ്രവേശിച്ച വൃദ്ധനായ ദളിതനെ തല്ലിക്കൊന്ന വാർത്ത പത്രത്താളുകളിൽ ഇടം പിടിച്ചെങ്കിലും അതൊന്നും വലിയ പ്രതികരണം സൃഷ്ടിച്ചില്ല. രണ്ട് ദളിത് കുട്ടികളെ പെട്രോളൊഴിച്ച് ചുട്ടു കൊന്ന വാർത്തയും പിന്നാലെയെത്തി. ഇതിനിടയിൽ ഹരിയാനയിലെ സോണിപ്പത്തിൽ പ്രാവിനെ മോഷ്ടിച്ചതായി ആരോപിച്ച് പോലീസ് കസ്റ്റഡിയിൽ എടുത്ത ദളിത് ബാലനെ തല്ലിക്കൊന്നതായി ആരോപണം ഉയർന്നു. ബാഗ്ലൂരിൽ ദളിത് യുവാവായ എഴുത്തുകാരനെ ഹിന്ദുവിരുദ്ധനായി മുദ്രകുത്തി സംഘപരിവാർ ആക്രമിച്ച വാർത്ത പത്രങ്ങളിൽ വന്നു. ദാവൻഗൊരയിലെ ‘ഹുച്ചങ്കി പ്രസാദ്’ എന്ന സാഹിത്യകാരനാണ് ആക്രമിക്കപ്പെട്ടത്. ഫരീദാബാദിലെ സാൻപേട്ടിൽ ദളിത് കുടുംബത്തിന്റെ വീടിന് തീയിടുകയും കുട്ടികളെ ചുട്ടു കൊല്ലുകയും ചെയ്ത സംഭവത്തെ തെരുവ് പട്ടിയെ കല്ലെറിയലായി ലഘൂകരിച്ച ഒരു കേന്ദ്രമന്ത്രി നമുക്കുണ്ട്. വി.കെ സിംഗ് എന്നാണദ്ദേഹത്തിന്റെ പേര്. അദ്ദേഹം ഇപ്പോഴും മന്ത്രി കസേരയിൽ തുടരുന്നല്ലോ എന്ന് നമുക്ക് അത്ഭുതം തോന്നാമെങ്കിലും അതൊന്നും വലിയ കാര്യമായി പൊതു മനസാക്ഷിക്ക് അനുഭവപ്പെടുന്നുണ്ടാവില്ല. ദളിതർക്കെതിരായ അക്രമ സംഭവങ്ങളിൽ വലിയ കുതിച്ചു ചാട്ടം സംഭവിച്ചതായ സ്ഥിതി വിവര കണക്കുകളുടെ പിൻബലത്തോടെയുള്ള വാർത്തയും പത്രങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. വർണ്ണാധർമ്മങ്ങളെ മഹത്തരമായി കാണുകയും വൈദിക മതത്തെ ഹിന്ദുത്വമായി അംഗീകരിക്കുകയും ചെയ്യുന്നതാണ് നമ്മുടെ അടിസ്ഥാന നിലപാടുകൾ എന്ന് വന്നാൽ ഇതൊക്കെയല്ലാതെ മറ്റെന്താണ് സംഭവിക്കുക. ‘സംവരണം തുടരേണ്ടതില്ല’ എന്ന് ആർ.എസ്.എസ് sarസംഘചാലക് ആവശ്യപ്പെടുന്പോൾ അതാണ് ശരി എന്ന് പരസ്യമായി അംഗീകരിക്കാൻ ധാരാളം ബുദ്ധിജീവികൾ നമ്മുടെ നാട്ടിലുണ്ട് എന്നതാണല്ലോ യാഥാർത്ഥ്യം. ഒരു പക്ഷേ ബീഹാർ തെരഞ്ഞെടുപ്പിലെ ബി.ജെ.പി വിജയത്തെ അത് പ്രതികൂലമായി ബാധിച്ചേക്കാം എന്നത് കൊണ്ട് പ്രധാനമന്ത്രിക്ക് തൽക്കാലത്തെക്കെങ്കിലും തള്ളിപ്പറയേണ്ടി വന്നിട്ടുണ്ട് എന്നതും ശരിതന്നെ.
അടിയന്തിരാവസ്ഥ കാലത്ത് ശ്രീമതി ഇന്ദിരാഗാന്ധി എഴുത്തുകാരോട് ചോദിച്ച ചോദ്യമുണ്ടായിരുന്നു. നിങ്ങളുടെ എഴുത്താണോ അതോ കഴുത്തോ? ഏതാണ് നിങ്ങൾക്ക് വലുത് എന്നായിരുന്നു ചോദ്യം. ശിരസ്സ് കഴുത്തിനു മുകളിൽ തന്നെ വേണം എന്ന് നിർബന്ധമുള്ള എഴുത്തുകാർ ഭരണകൂടത്തെ വിമർശിക്കരുത് എന്നായിരുന്നു വ്യവസ്ഥ. അന്ന് മലയാളത്തിന്റെ പ്രിയപ്പെട്ടവരായ എൻ.വി കൃഷ്ണവാര്യരും, സുകുമാർ അഴീക്കോടും പി. pee ഉമ്മർ കോയയും, മൊയ്തു മൗലവിയും ഉൾപ്പെടെ വലിയ ഒരു നിര സ്വന്തം കഴുത്ത് തടവി ആശ്വസിച്ചതായും പറഞ്ഞു കേട്ടിട്ടുണ്ട്. കഴുത്തിന്റെ വിലയറിയാത്ത ആർ.ഇ.സി വിദ്യാർത്ഥി രാജനും അങ്ങാടിപ്പുറം ബാലകൃഷ്ണനും ഉൾപ്പെടെ ധാരാളം പേരെ ചരിത്രം അടിയന്തിരാവസ്ഥയുടെ രക്തസാക്ഷികളായി രേഖപ്പെടുത്തുകയും ചെയ്തു. ഇച്ചരവാര്യർ എന്ന വയോദികനായ ഒരു മനുഷ്യന്റെ നെഞ്ചിലെ തീചൂടിൽ സർക്കാരുകൾ തന്നെ കത്തി തീർന്നു പോയിട്ടുമുണ്ട്. ഫാസിസം എന്താണ് എന്ന് ഗവേഷണം നടത്തുന്നവർ ഇത്തരം സംഭവങ്ങളെയൊക്കെ വിശകലനം ചെയ്ത് പട്ടിക തിരിച്ച് രേഖപ്പെടുത്തിയിട്ടുണ്ടാകും.
കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ ഒരു വാർത്തയുണ്ടായിരുന്നു. പശുവിറച്ചി തിന്നുന്നതിനെ ന്യായീകരിച്ച ഒരു എഴുത്തുകാരിക്കെതിരെ സംഘപരിവാറുകാർ ബലാത്സംഘ ഭീഷണി മുഴക്കിയിരിക്കുന്നു. വിദ്യാലയങ്ങൾ സരസ്വതീ ക്ഷേത്രങ്ങളാണ് എന്നും അവിടേക്ക് മാംസാഹാരം കൊണ്ടുവരാൻ പാടില്ലെന്നും വാദിച്ച ചിലർക്കെതിരെ ഒരദ്ധ്യാപിക ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് വലിയ വിവാദമായി. ഇത് അംഗീകരിച്ചാൽ അദ്ധ്യാപിക maaരും വിദ്യാർത്ഥികളുമായ ആർത്തവമുള്ള സ്‌ത്രീകൾക്ക് സ്കൂളിലും കോളേജിലുമൊക്കെ വരാൻ കഴിയാത്ത അവസ്ഥ ഉണ്ടാകും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോസ്റ്റ്. അതിനു ടീച്ചറെ കൊന്ന് കുഴിച്ചു മൂടും എന്ന നിലയിലായിരുന്നു സംഘപരിവാർ ബുദ്ധിജീവികളുടെ പ്രതികരണം. ചോദ്യ പേപ്പറിൽ മുഹമ്മദ് നബിയെ ആക്ഷേപിച്ചു എന്ന തെറ്റായ പ്രചാരണം നടത്തി ഒരു അദ്ധ്യാപകന്റെ കൈവെട്ടുകയും ആ കുടുംബത്തെ ഒന്നടങ്കം വേട്ടയാടുകയും ചെയ്ത അനുഭവം മലയാളികൾക്ക് മറക്കാവുന്നതുമല്ല. ഇപ്പോൾ ദാൽബോക്കർ, ഗോവിന്ദ് ബി പൻസാരെ, കൽബുർഗി എന്നിവരുടെ കൊലകളെ സ്വാഭാവിക പ്രതികരണങ്ങളായി സാധൂകരിക്കാൻ വലിയൊരു വിഭാഗം ആളുകൾക്ക് പ്രയാസമൊന്നും തോന്നുന്നില്ല. പെരുമാൾ മുരുകൻ എന്ന എഴുത്തുകാരന് പ്രാദേശിക ദൈവ സങ്കൽപങ്ങളെ അധിക്ഷേപിച്ചെന്ന പേരിലുയർന്ന ഭീഷണികൾക്കൊടുവിൽ എഴുത്ത് തന്നെ നിർത്തേണ്ടി വന്നു. കേന്ദ്ര സാഹിത്യ അക്കാദമിക്ക് പോലും എഴുത്തുകാർക്കെതിരായ അതിക്രമങ്ങളിലും കൊലകളിലും പ്രതിഷേധിച്ച് പ്രമേയം പാസ്സാക്കേണ്ടി വരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇന്ത്യയിൽ എഴുത്തുകാർക്കെതിരെ അതിക്രമങ്ങൾ നടക്കുന്നതായും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങൾ അസാധ്യമായ ഇരുണ്ട രാജ്യമായി ഇന്ത്യ മാറി തീരുന്നതായും വാർത്ത നൽകേണ്ടി വരുന്നു. എഴുത്തുകാരുടെ അന്താരാഷ്ട്ര സംഘടനയായ ‘പെൻ’ ഇന്ത്യയിലെ അതിക്രമങ്ങൾക്കെതിരെ പ്രമേയം പാസ്സാക്കുന്നു. ഇതൊക്കെ ഫാസിസം വരുന്ന വഴികളാണോ? ഇതിനെയൊക്കെയാണോ നാം ഫാസിസം എന്ന് വിളിക്കേണ്ടത്?