സംസ്‌കാരത്തിന്റെ ദുരുപയോഗങ്ങൾ
ഓർമ്മയിൽ ഉറച്ച് നിൽക്കുന്ന ഒരുപാട് അനുഭവങ്ങളൊന്നും അടിയന്തിരാവസ്ഥയുടെ മുന്പുള്ള കാലത്തെ കുറിച്ച് ഈ ലേഖകനില്ല. അപ്പോഴും ഒന്ന് ഉറപ്പിച്ച് പറയാൻ കഴിയും. അതും ഇത് പോലൊരു കാലമായിരുന്നു. അസഹിഷ്ണുത കത്തിപ്പടരുന്ന കാലം. സമൂഹത്തിൽ നടമാടുന്ന അഴിമതികൾക്കും കൊള്ളരുതായ്മകൾക്കും എതിരെ ജയപ്രകാശ് നാരായണന്റെ ‘സന്പൂർണ്ണ വിപ്ലവം’ വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ കൊടിപറത്തിക്കൊണ്ടിരുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങളിലും അതിന് അനുരണനങ്ങളുണ്ടായിരുന്നു. സോഷ്യലിസ്റ്റുകളിലെ വ്യത്യസ്ത വിഭാഗങ്ങൾ ഒത്ത് ചേർന്ന് ജെ.പി പ്രസ്ഥാനത്തിന്റെ കേരളാ പതിപ്പുകൾ നിർമ്മിച്ചെടുക്കുവാൻ പരിശ്രമിച്ചു. നെഹ്‌റുവിന്റെ ജനാധിപത്യ ബോധവും മതേതര ചിന്തയും സഹിഷ്ണുതയും സർഗ്ഗാത്മകതയുമൊന്നും ഉണ്ടായിരുന്ന ഒരു നേതാവായിരുന്നില്ല ഇന്ദിരാഗാന്ധി. അധികാരം അഴിമതിക്ക് ഉപയോഗിക്കുന്നതിൽ അവർക്ക് ഏനക്കേടൊന്നും ഉണ്ടായിരുന്നില്ല. നാഗർവാല സംഭവങ്ങളൊക്കെ അകാലത്തായിരുന്നല്ലോ. അവരുടെ കുടുംബ ജീവിതവും അത്രയൊന്നു ഭദ്രമായിരുന്നില്ല. ഫിറോസ് ഗാന്ധിയുമൊത്തുള്ള ജീവിതം അതിലെ താളപ്പിഴകൾ ഒക്കെ എല്ലാവർക്കും അറിയാമായിരുന്നെങ്കിലും അവയൊന്നും പൊതുവായി രാഷ്ട്രീയ മണ്ധലത്തിലേക്ക് കടന്നു വന്നിരുന്നില്ല. ഒരു തല തിരിഞ്ഞ പയ്യനായാണ് സഞ്ജയ് ഗാന്ധി അധികാരത്തിന്റെ ഇടനാഴികളിൽ വിരാജിച്ചത്. തുർക്ക്മാൻ ഗേറ്റ് സംഭവങ്ങളൊക്കെ അതിന്റെ അനുരണനങ്ങളായിരുന്നു. ഇന്ദിരാഗാന്ധിയുടെ ആത്മീയ ഗുരുവായിരുന്ന ധീരേന്ദ്ര ബ്രഹ്മചാരിയെ കുറിച്ചും അത്രനല്ല അഭിപ്രായങ്ങളൊന്നുമായിരുന്നില്ല. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ചൂരും ചൂടുമൊക്കെ അറിഞ്ഞിരുന്നതാണെങ്കിലും അതിന്റെ ഭാഗമായുള്ള സഹനങ്ങളോ ത്യാഗങ്ങളോ ഒന്നും അനുഭവിച്ചു വളർന്നതല്ല ഇന്ദിരാഗാന്ധി. അവർ എല്ലാ അർത്ഥത്തിലും സന്പന്നതയിലും അധികാരത്തിന്റെ സുഖാനുഭൂതിയിലും ആയിരുന്നു. അവരെ ഏതെങ്കിലും തരത്തിൽ നിയന്ത്രിക്കുവാനോ തല്ലിപ്പഴുപ്പിച്ച് ശുദ്ധീകരിക്കാനോ ഒന്നും ജവഹർലാൽ നെഹ്‌റുവിന് സാധിക്കുമായിരുന്നില്ല. രാജ്യത്തിന്റെ പരമാധികാരത്തിലേയ്ക്ക് ഉയർത്തപ്പെട്ടപ്പോൾ, സങ്കീർത്തനങ്ങളുമായി ചുറ്റുപാടും അണിനിരക്കുന്ന, ആരാധക, ആശ്രിതവൃന്ദത്തിന്റെ പുറത്ത് നടക്കുന്ന കാര്യങ്ങളൊന്നും അവർക്ക് അറിയുമായിരുന്നില്ല. ജനത വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും പട്ടിണിയിലും അഴിമതിയിലും അധികാര ദുർവിനിയോഗങ്ങളിലുമൊക്കെ നരകിക്കുകയായിരുന്നു. അസഹിഷ്ണുത മാനം മുട്ടെ വളർന്നു. ചരിത്രത്തിന്റെ അനിവാര്യത എന്ന നിലയിലാവാം ജെ.പി പ്രസ്ഥാനം ഉയർന്നു വന്നത്. അലഹബാദിലെ ഇന്ദിരയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ട് രാജ്നാരായണൻ ഫയൽ ചെയ്ത കേസും അതിൽ അദ്ദേഹത്തിനുണ്ടായ വിജയവുമൊക്കെ ചേർന്നപ്പോൾ അടിയന്തിരാവസ്ഥയ്ക്കുള്ള അരങ്ങൊരുങ്ങുകയായിരുന്നു.
ഇംഗ്ലീഷിലും മലയാളത്തിലുമുള്ള 23 വർത്തമാന പത്രങ്ങളുടെ ലീഡ് വാർത്തകൾ കഴിഞ്ഞദിവസം ഈ ലേഖകൻ പരിശോധിച്ചു. അസഹിഷ്ണുത പടരുന്നതിനെ കുറിച്ചായിരുന്നു വാർത്തകളെല്ലാം. ധാരാളം ദൃശ്യമാധ്യമങ്ങളും കാണാനിടയായി. എല്ലാവരും രാജ്യത്ത് വളരുന്ന അസഹിഷ്ണുതയെ കുറിച്ച് ചർച്ച ചെയ്യുന്നു. പശു മാതാവാണോ മൃഗമാണോ, ദൈവമാണോ അതോ ഭക്ഷണമാണോ തുടങ്ങിയ അന്തമില്ലാത്ത ചോദ്യങ്ങൾ ഉയരുന്നു. പശുവിറച്ചി സൂക്ഷിച്ചതിന് ഒരാളെ തല്ലിക്കൊന്നു. ഫോറൻസിക് പരിശോധനയിൽ അത് പശു മാംസമല്ലായിരുന്നു എന്നും ആട്ടിറച്ചി ആയിരുന്നെന്നും കണ്ടെത്തിയത്രേ! അതുകൊണ്ടെന്ത് തല്ലികൊന്നവർക്കു ആ മനുഷ്യജീവൻ തിരികെ കൊടുക്കാൻ കഴിയില്ലല്ലോ. അല്ലെങ്കിലും അവരത് ആഗ്രഹിക്കുന്നുണ്ടാവില്ല. ചെയ്തുപോയതിലുള്ള കുറ്റബോധമൊന്നും അവർക്കാർക്കും ഉണ്ടാവാനിടയില്ല. അവർക്ക് വേണ്ടത് അന്യമത വിദ്വേഷം പ്രചരിപ്പിക്കാൻ ചില നന്പറുകൾ, നിമിത്തങ്ങൾ ഉണ്ടാക്കിയെടുക്കാനുള്ള അവസരങ്ങളായിരുന്നു. വികാരങ്ങൾ കത്തിച്ചെടുക്കണം വിവേകത്തെ തല്ലിക്കൊല്ലണം. അതിനു ആരൊക്കെയോ ചേർന്ന് ഏതോ കേന്ദ്രത്തിൽ നടത്തിയ ഗവേഷണത്തിന്റെ പാവം മാധ്യമം മാത്രമാണ് പശു. നേരത്തെ അത് രാമജന്മഭൂമിയായിരുന്നു. അതിന് ഇപ്പോഴത്ര മാർക്കറ്റില്ല. ‘എങ്കിൽ പശു ആകട്ടെ’ എന്ന് നിശ്ചയിച്ച് നൽകാൻ ഗവേഷകർക്ക് അത്ര ബുദ്ധിയൊന്നും ആവശ്യമില്ല. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം തന്നെ അങ്ങനെയായിരുന്നല്ലോ. ദേശീയ ബോധം തിളച്ചുമറിഞ്ഞപ്പോൾ ജനത നടത്തിയ ലക്ഷണമൊത്ത സ്വാതന്ത്ര്യ പ്രസ്ഥാനമൊന്നും ആയിരുന്നില്ല അത്. അധികാരം നഷ്ടപ്പെട്ട പഴയ രാജാക്കന്മാർ, അതിൽ ബഹദൂർഷായും താന്തിയാതോപ്പിയും റാണിലക്ഷ്മിഭായിയും ഒക്കെ വരും. അന്ന് അവരെ മതബോധമൊന്നും ഇന്നത്തെ പോലെ നയിച്ചിരുന്നില്ല. ആളുകളെ ഇളക്കിവിടാൻ നല്ലത് ‘മതവികാരം വ്രണപ്പെടൽ’ എന്ന കരിമരുന്നാണ് എന്ന് അവർക്കും അറിയാമായിരുന്നു. അതുകൊണ്ടാണവർ പശുവിനെയും പന്നിയെയും ഒരേ സമയം കൂട്ടുപിടിച്ചത്. തങ്ങൾ പൂജിക്കുന്ന ഗോമാതാവിന്റെ മാംസത്തിൽ നിന്നെടുക്കുന്ന കൊഴുപ്പാണ് ശിപ്പായികൾക്ക് നല്കുന്ന വെടിയുണ്ടയുടെ ക്യാപ്പ് അടക്കാൻ ഉപയോഗിക്കുന്നത് എന്ന് പരന്പരാഗത വിശ്വാസികളെയും അവർ ധരിപ്പിച്ചു, പന്നിമാംസക്കൊഴുപ്പ് ഉപയോഗിച്ചാണ് ക്യാപ്പ് അടക്കുന്നത് എന്ന് മുസ്ലീങ്ങളെയും ധരിപ്പിച്ചു. ഹിന്ദുക്കൾ എന്ന് വിളിക്കുന്ന പരന്പരാഗത വിശ്വാസികൾക്ക് പശുക്കൊഴുപ്പും മുസ്ലീങ്ങൾക്ക് പന്നിക്കൊഴുപ്പും വികാരം വ്രണപ്പെടാനുള്ള ഉപകരണങ്ങളായി. അങ്ങനെ ബ്രിട്ടീഷുകാരുടെ കൂലിപടയാളികളായ ശിപ്പായികൾ തോക്ക് തിരിച്ചു പിടിച്ചു. പട്ടാളം തോക്ക് തിരിച്ച് പിടിച്ചതോടെ കലാപം ഇരന്പി കയറി. അപ്പോഴും സൈന്യത്തിന് ഒരു ബലതന്ത്രമുണ്ടായിരുന്നു. ഏതാനും ദിവസം ഒന്ന് പതറി നിന്നെങ്കിലും മറ്റു ഭാഗങ്ങളിൽ നിന്ന് ശിപ്പായിമാരെ കൊണ്ട് വന്നു വെള്ളക്കാർ കലാപം അടിച്ചമർത്തി. അവർക്കത് കേവലമായ ശിപായി ലഹള മാത്രമായിരുന്നു. പക്ഷേ നമുക്കത് ഒന്നാം സ്വാതന്ത്ര്യ സമരമായി. അതായത് മതവികാരം കത്തിച്ചുള്ള കളിക്ക് ഏറ്റവും ചുരുങ്ങിയത് രണ്ട് നൂറ്റാണ്ടിന്റെ എങ്കിലും ചരിത്രമുണ്ട് നമുക്ക്.
ഇനി ചരിത്രത്തിലും കാലത്തിലും അന്വേഷിച്ചാൽ ‘ഗോമാതാവ്’ എന്ന സങ്കൽപം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിനുള്ള ഉത്തരം നമുക്ക് നാണമാണ് യഥാർത്ഥത്തിൽ ഉണ്ടാക്കേണ്ടത്. ഇന്നിപ്പോൾ ഹിന്ദുമതം എന്ന് പറയുന്പോൾ എന്താണ് അർത്ഥമാക്കുന്നത് എന്ന് വ്യക്തമല്ല. തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് സംഘപരിവാറുകാരും അവരുടെ കുഴലൂത്തുകാരായ ചരിത്രകാരന്മാരും ദാർശിനികരുമൊക്കെ തരാതരം പോലെ ഓരോരോ വ്യാഖ്യാനങ്ങൾ അവതരിപ്പിക്കും. പൊതുവായി വൈദിക മതത്തെയാണ് സംഘപരിവാറുകാർ ഇപ്പോൾ ഹിന്ദു മതം എന്ന് പ്രയോഗത്തിലൂടെ അർത്ഥമാക്കുന്നത് എന്ന അനുഭവത്തിൽ മനസിലാക്കാം. അതായത് വേദ പ്രാമാണ്യം അംഗീകരിക്കുന്നവർ, അതോടൊപ്പം സ്മൃതികളിൽ പ്രമുഖമായ മനുസ്മൃതിയുടെ പീനൽ കോഡ് അംഗീകരിക്കുന്നവർ, അതാണ് ഹിന്ദുമതത്തിന്റെ അടിസ്ഥാനശില എന്ന നിലയിലാണ് കാര്യങ്ങൾ അവതരിപ്പിക്കുക. ഇത് അംഗീകരിച്ചാൽ നമ്മുടെ ദളിതരും ആദിവാസികളുമൊന്നും ഹിന്ദുവല്ല എന്ന് അംഗീകരിക്കേണ്ടി വരും. വൈദിക മതത്തിന്റെ അസ്ഥിവാരമായി പ്രവർത്തിക്കുന്നത് പുരുഷസൂക്ത സങ്കൽപ്പവും ചാതുർവർണ്യവുമൊക്കെയാണ്. സംഘപരിവാറിന്റെ അടിസ്ഥാന ഗ്രന്ഥമായ വിചാരധാരയാകട്ടെ ഇതിനെയൊക്കെ അംഗീകരിച്ച് സാക്ഷ്യപത്രം നൽകുന്നുമുണ്ട്. അപ്പോൾ പിന്നെ ബ്രാഹ്മണനും, ക്ഷത്രിയനും. വൈശ്യനും, ശൂദ്രനും മാത്രമാണ് ഹിന്ദു. അതിനു വെളിയിലുള്ള പഞ്ചമന്മാർ ഹിന്ദുക്കളല്ല. പക്ഷെ വോട്ട് ബാങ്ക് വിപുലപ്പെടാൻ ഈ കാഴ്ചപ്പാട് ശരിയാവില്ല. അപ്പോഴാണ് ‘നന്പൂതിരി മുതൽ നായാടി വരെ’യുള്ള ഹിന്ദുക്കളെ കുറിച്ച് സംഘപരിവാർ ബുദ്ധിജീവികൾ സംസാരിക്കുക. ഇനി വേദപ്രാമാണ്യം അംഗീകരിച്ചാൽ യാഗാദികർമ്മങ്ങളെ അംഗീകരിക്കാതിരിക്കാൻ ആവില്ല. യാഗങ്ങളിൽ പശുമാംസം ഒഴിച്ചുകൂടാനാവാത്ത ഹോമവസ്തുവാണ്. പശുമാത്രമല്ല കുതിരയുമതെ! എന്തിനധികം പറയുന്നു യാഗം പൂർത്തിയാക്കുന്നതിനു യാഗാധിപനായ ബ്രാഹ്മണന്റെ ഭാര്യ കുതിരയുമായി ഭോഹം നടത്തേണ്ടത് വരെയുണ്ട്. ഇങ്ങനെ കുതിര ഭോഗിക്കുന്നതിനിടയിൽ ചത്തുപോയ സ്‌ത്രീകൾ വരെയുണ്ടാത്രേ! പണ്ടുകാലത്തെ ബ്രാഹ്മണർ മാംസാഹാരപ്രിയരായിരുന്നെന്നു ചരിത്രം അസന്നിഗ്ധമായി വെളിപ്പെടുത്തിയിട്ടുമുണ്ട്. പഴയ പ്രമാണമനുസരിച്ച് ബ്രാഹ്മണ ഗൃഹത്തിലേക്ക് അതിഥിയായി വരുന്ന ബ്രാഹ്മണനെ ഗോമാംസവും മധുപർക്കവും (മദ്യം) നൽകി സ്വീകരിക്കണം എന്നാണ്. അപ്പോൾ പിന്നെ ഉയരുന്ന ചോദ്യമിതാണ്. ഗോവിനെ മാതാവായി അംഗീകരിച്ചാൽ പിന്നെ ഈ വൈദിക ചടങ്ങുകളൊക്കെ അംഗീകരിക്കാൻ കഴിയുമോ? അതായത് വൈദിക മതത്തെ ഹിന്ദുമതമായി അംഗീകരിക്കുക ബുദ്ധിമുട്ടാകും. അപ്പോൾ പിന്നെ ഗോമാതാവ് എന്ന സങ്കൽപം എങ്ങനെയുണ്ടായി എന്ന ചോദ്യം പ്രസക്തം തന്നെ. വൈദിക മതത്തിന്റെ ഹിംസാത്മകവും ബ്രാഹ്മണാധിപത്യപരവും വർണ്ണാശ്രമധർമ്മത്തിലധിഷ്ഠിതവുമായ കാഴ്ചപ്പാടുകളെ വെല്ലുവിളിച്ചത് ബുദ്ധനാണ്. കൃഷിയുടെ നിലനിൽപ്പിനു അനിവാര്യമായ കന്നുകാലി സന്പത്തിനെ വൻതോതിൽ കൊന്നു തിന്ന് നശിപ്പിക്കുന്ന വൈദിക സംസ്കാരത്തിനെതിരെ അഹിംസാ സിദ്ധാന്തം മുന്നോട്ടു വെക്കുകയായിരുന്നു ബുദ്ധൻ. വേദപ്രമാണമോ ഈശ്വരാസ്തിത്വമോ ഒന്നും അംഗീകരിക്കാൻ ബുദ്ധമതം തയ്യാറായിരുന്നില്ല. വളരെ പെട്ടെന്ന് പടർന്ന് പന്തലിച്ച ഈ മതം, ഇന്ത്യയിൽ മാത്രമല്ല ലോകത്താകമാനം വ്യാപിച്ചു. അതോടെ ബ്രാഹ്മണാധിപത്യം, യജ്ഞ സംസ്‌കാരം വർണ്ണാശ്രമ വ്യവസ്ഥ എന്നിവയൊക്കെ വലിയ തോതിൽ ചോദ്യം ചെയ്യപ്പെട്ടു. ഇത്തരം ഒരു അവസ്ഥയിൽ നിന്നാണ് ശ്രീശങ്കരന്റെ തിരുപ്പുറപ്പാട്. വേദാന്ത ദർശനത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ബ്രഹ്മസൂത്രത്തിന് ഭാഷ്യം ചമച്ച ശങ്കരൻ ‘പ്രച്ഛന്ന ബുദ്ധനായി’ അറിയപ്പെട്ടു. അന്നത്തെ അധികാര ദല്ലാളന്മാരായ ബ്രാഹ്മണരുടെ പിന്തുണയോടെ സംവാദത്തിലൂടെയും കായികമായ ആക്രമണത്തിലൂടെയും ബുദ്ധമതത്തെ തകർക്കാനാണ് ശങ്കരൻ ശ്രമിച്ചത്. ബുദ്ധമതത്തെ എതിർക്കുന്നതോടൊപ്പം അതിൽ നിന്ന് പലതും ശങ്കരൻ കടം കൊണ്ടു. അഹിംസ, സന്ന്യാസം എന്നിവയൊക്കെ ബുദ്ധ പാരന്പര്യത്തിന്റെ ഭാഗമാണ്. അങ്ങനെയാണ് ബ്രാഹ്മണർ മാംസാഹാരം വെടിഞ്ഞതും ഗോവിനെ പൂജിക്കാൻ തുടങ്ങിയതുമൊക്കെ. അതായത് വൈദിക മതത്തിന്റെ നേർവിപരീതമായ ബൗദ്ധ പാരന്പര്യത്തിൽ നിന്ന് കടം കൊണ്ടാണ് പശു ആരാധന ഉൾപ്പെടെയുള്ള പലതും ഭാരതീയ പാരന്പര്യത്തിന്റെ ഭാഗമായത്. പക്ഷെ ബുദ്ധൻ ഗോക്കളെ മാത്രമല്ല ഒരു മൃഗത്തെയും കൊല്ലരുത് എന്നാണ് പറഞ്ഞത്. പിന്നീട് പശുപാലനം ഉപജീവനോപാധിയാക്കിയ യാദവന്മാരാണ് തങ്ങളുടെ ജീവിതം നിലനിർത്തുന്നതിന് ഹേതുഭൂതമായ ഗോക്കളെ ദേവതയായി ആരാധിക്കാനാരംഭിച്ചത്. നമ്മുടെ സംസ്കാരത്തിലേക്ക് ചുഴിഞ്ഞിറങ്ങിയാൽ ഇത്തരത്തിലുള്ള കൊള്ളക്കൊടുക്കലുകളുടെ, സങ്കലങ്ങളുടെ ഒരായിരം വസ്തുതകൾ കണ്ടെത്താനാകും അവയൊന്നും ഒരു ജനതയെ ഭിന്നിപ്പിക്കാൻ എടുത്തുപയോഗിക്കാനുള്ളതല്ല. അതുകൊണ്ടാണ് ‘നാനാത്വത്തിൽ ഏകത്വം’ എന്നത് നമ്മുടെ ആന്തരിക സൗന്ദര്യത്തിന്റെ കൊടിയടയാളമാകുന്നത്. ഇങ്ങനെയൊരു വിശ്വാസത്തെ ബ്രിട്ടീഷുകാർക്കെതിരായ കലാപത്തിനു രാജാക്കന്മാരും അവരുടെ ആശ്രിതരും ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഉപയോഗിച്ചു. സ്വാതന്ത്ര്യസമരം ഇത്തരത്തിൽ മതവിശ്വാസങ്ങളെ ഉപയോഗിച്ചതിന്റെ ദുരന്തം ഒരുപാട് രാജ്യം അനുഭവിച്ചിട്ടുണ്ട്. ഗണേശ പൂജയെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കിയത് ബാലഗംഗാധരതിലകനാണ്. പിന്നീട് ഇന്ത്യയിലെ മിക്ക വർഗ്ഗീയ കലാപങ്ങളുടെയും തുടക്കം ഗണേശഘോഷയാത്രകളിൽ നിന്നായിരുന്നു. ഗാന്ധിജി ഭഗവത്ഗീതയും ഖിലാഫത്തുമൊക്കെയായി നടത്തിയ ഇടപെടലുകളും വിപരീത ഫലങ്ങൾ ഉളവാക്കിയതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഇപ്പോൾ സംഘപരിവാറുകൾ ഗോവധത്തിന്റെയും മറ്റും പേരിൽ ഇളക്കി വിടുന്ന മുസ്ലീം വിരോധം, തീർച്ചയായും അവർക്ക് വിളകൊയ്യാനവസരം നൽകും. ഒരുപക്ഷെ അതിനു ചരിത്രത്തിൽ നാം നൽകേണ്ട വില നമ്മുടെ സംസ്കാരത്തെ തന്നെ ചുട്ടുകരിച്ച് ഒരു പിടി ചാരമാക്കി തീർക്കലായിരിക്കും.