ആത്മീയ വേഷത്തിലെ കച്ചവട വിഗ്രഹങ്ങൾ
സന്യാസിമാരെയാകെ സംശയത്തോടെ വീക്ഷിക്കുന്നതാണ് വർത്തമാനകാല സമൂഹം. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു സമൂഹം ജീർണ്ണിച്ചു കൊണ്ടിരിക്കുന്പോൾ മറ്റെല്ലാ മേലെയിലുമെന്ന പോലെ ആത്മീയ മണ്ധലത്തിലും കള്ള നാണയങ്ങൾ പെരുകുക സ്വാഭാവികം. ഇന്നിപ്പോൾ ഇത്തരം കള്ളനാണയങ്ങൾക്കിടയിലെ യഥാർത്ഥ സന്യാസിയെ കണ്ടെത്താനാണ് പ്രയാസം എന്നതും വാസ്തവം. അതുകൊണ്ടൊന്നും ഭാരതീയ സന്യാസി പാരന്പര്യത്തിന്റെ മഹത്വവും ജീവന്റെയും ജീവിതത്തിന്റെയും അകം പൊരുൾ തേടി അവർ നടത്തുന്ന അന്വേഷണങ്ങളും അത് നമ്മുടെ പാരന്പര്യത്തിനു നൽകിയിട്ടുള്ള മഹത്വവുമൊന്നും ചെറുതാകുന്നില്ല. ഭൗതിക ജീവിതം വികസിക്കുന്പോൾ സന്യാസ ജീവിതം മാത്രം പഴയ ഒരിടത്ത് സ്തംഭിച്ച് നിൽക്കണം എന്ന് വാശിപിടിക്കുന്നതിൽ കാര്യമില്ല. അങ്ങനെ വരുന്പോൾ വാഹനങ്ങളിൽ യാത്ര ചെയ്യുകയോ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ മറ്റ് സാങ്കേതിക വിദ്യകൾ ഉപയോഗിക്കുകയോ ചെയ്യുന്നവരൊക്കെ മോശക്കാരാണ് എന്ന് വിലയിരുത്താനുമാവില്ല. എങ്കിലും ‘സർവ്വസംഘ പരിത്യാഗി’യാണ് സന്യാസി എന്ന യാഥാർത്ഥ്യം ഇല്ലാതാകുന്നില്ല. ഭൗതിക ജീവിതത്തിന്റെ സുഖാനുഭൂതികൾ ത്യജിക്കുകയും ഇന്ദ്രിയ പ്രധാനമോ ഉല്പന്ന പ്രധാനമോ ആയ മായാ പ്രപഞ്ചത്തിന്റെ ഭോഗാസക്തികളിൽ രചിക്കുകയോ ചെയ്യുന്നയാളല്ല സന്യാസി.
അങ്ങനെയെങ്കിൽ മരണപ്പെട്ട ശാശ്വകീകാനന്ദ സ്വാമി ഏത് തരം സന്യാസിയായിരുന്നു എന്ന ചോദ്യം പ്രസക്തം തന്നെയാണ്. അദ്ദേഹത്തെ കുറിച്ച് പറഞ്ഞു കേൾക്കുന്നതൊക്കെ ശരിയാണെങ്കിൽ അദ്ദേഹം പണമിടപാടുകളും ബാങ്ക് ബാലൻസുമൊക്കെ ഉള്ള ആളായിരുന്നു. പലതരത്തിലുള്ള ബിസിനസ് സംരംഭങ്ങളിൽ ഏർപ്പെട്ട ആളായിരുന്നു. അദ്ദേഹത്തിനു പല സ്ഥലത്തും ‘ചിന്നവീടുകൾ’ ഉള്ളതായി പറഞ്ഞു കേട്ടിട്ടുണ്ട്. ഒരാൾ സന്യാസം സ്വീകരിക്കുന്പോൾ തന്നെ തന്നെ പൂർവ്വാശ്രമവുമായി ഇരിക്കപിണ്ഡം വെച്ച് പിരിയാറാണ് പതിവ്. പിന്നീട് തനിക്ക് രക്ത ബന്ധങ്ങളോ ബന്ധുമിത്രാദികളോ ഇല്ല. എന്നാൽ ശാശ്വതീകാനന്ദക്ക് തന്റെ ബന്ധുക്കളുമായി അടുത്ത ബന്ധമുള്ളതായി പറയുന്നു. ഇതൊക്കെ കേട്ടു കേൾവിയും ശരിയായി തെളിയിക്കപ്പെടാത്തവയുമാണ്. എങ്കിലും മറ്റ് പല അനുഭവങ്ങളുമായി കൂട്ടിവായിക്കുന്പോൾ ഇതൊന്നും ആർക്കും തള്ളികളയാനുമാവില്ല.
സ്വാമിയുടെ മരണം ഒരു പതിറ്റാണ്ടിനടുത്ത് എത്തുന്പോൾ പുതിയ വിവാദങ്ങൾക്ക് ഇടയാകുന്നത് എന്തുകൊണ്ടായിരിക്കും. അദ്ദേഹം ‘ജലസമാധി’യായി എന്നാണ് വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ എസ്.എൻ ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പിയുടെയും വലിയൊരു വിഭാഗം നേതാക്കൾ പ്രചരിപ്പിച്ചത്. അത് വിശ്വസിക്കാൻ മാത്രം ഭൗതിക ജീവിതം വെടിഞ്ഞ് ആത്മീയതയുടെ ആഴങ്ങളിലേക്ക് പ്രവേശിച്ച ഒരാളായിരുന്നില്ല ശാശ്വതീകാനന്ദ എന്ന് ഉറപ്പിച്ച് പറയാൻ ബുദ്ധിമുട്ടില്ല. ഒരു സന്യാസി തന്റെ ആത്മാന്വേഷണം തുടരുകയും അഹം ബ്രഹ്മാസ്മി എന്ന ശാശ്വത സത്യം ഗ്രഹിക്കുകയും മായാ പ്രപഞ്ചത്തിലെ എല്ലാ പ്രലോഭനങ്ങളിൽ നിന്നും വിടുതൽ നേടുകയും പരംപൊരുളിനെ അടുത്തറിയുകയും ചെയ്യുന്പോൾ ശരീരം എന്ന അന്യത്വം അഥവാ ഭാരം ഉപേക്ഷിക്കുന്നതിനാണ് സ്വയം തീരുമാനിച്ച് സമാധിയാകുന്നത്. ഇങ്ങനെയൊക്കെ ചെയ്ത സന്യാസ ശ്രേഷ്ഠന്മാർ ഉണ്ടായിരുന്നതായി പറയുന്നു. അങ്ങനെ ജലത്തിൽ സമാധിയായവരെ കുറിച്ചുള്ള ധാരാളം കഥകളോ ചരിത്രമോ പ്രചാരത്തിലുണ്ട്. ഏതായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം, അത്തരത്തിൽ ഒരു സമാധിയായിരുന്നില്ല ശാശ്വതീകാനന്ദയുടേത്. അദ്ദേഹം വ്യവഹാര ലോകത്തിന്റെ സുഖദുഖാനുഭൂതികളൊന്നും ത്യജിച്ച ആളായിരുന്നില്ല. മരണത്തിന്റെ തൊട്ടടുത്ത മണികൂറുകൾ മുന്പ് വരെ അദ്ദേഹം വ്യപാന ജീവിതത്തിൽ വ്യാപൃതനായിരുന്നു. പതിവ് പോലെ അന്നും ഞാനും നിങ്ങളും പുഴയിലിറങ്ങി കുളിക്കുന്നത് പോലെ തന്നെയാണ് അദ്ദേഹവും കുളിക്കാനിറങ്ങിയത്. ദേഹം ത്യജിക്കാനുള്ള ഒരു മുന്നൊരുക്കങ്ങളും അദ്ദേഹം നടത്തിയിരുന്നതായി ഒരു സൂചനയുമില്ല. പിന്നെ അതെങ്ങനെ വെള്ളാപ്പള്ളി നടേശൻ മുതലാളി പറയുന്നതുപോലെ ജലസമാധിയാകും?
പിന്നെയുള്ള സാദ്ധ്യത സാധാരണ മനുഷ്യർ അപകടത്തിൽപ്പെട്ട് മരിച്ചതാകാം എന്ന കാര്യമാണ്. അങ്ങനെയെങ്കിൽ പരിഗണിക്കേണ്ട ചില വസ്തുതകളുണ്ട്. സ്വാമി അപരിചിതമായ ഒരു കടവിൽ ഇറങ്ങി കുളിക്കുകയായിരുന്നില്ല. തനിക്ക് സുപരിചിതവും താൻ നിത്യേന കൈകാര്യം ചെയ്യുന്നതുമായ ഒരിടത്താണ് സ്വാമി കുളിക്കാനിറങ്ങിയത്. അവിടുത്തെ ആഴവും പരപ്പും ചതുപ്പും പാറയും ചുഴിയുമൊക്കെ നന്നായി അറിയാവുന്ന ഒരാൾ ചെറുപ്പം മുതലേ നന്നായി നീന്താനറിയാവുന്ന ഒരാൾ. അങ്ങനെയൊരാൾ സ്വാഭാവികമായി മുങ്ങി മരിച്ചു എന്ന് പറയുന്പോൾ ആർക്കായാലും സംശയങ്ങളുണ്ടാവാം. ഇനി അത്തരം അവസ്ഥയിലും മുങ്ങി മരണം സംഭവിക്കാവുന്നതേയുള്ളൂ. അപസ്മാരമോ ഹൃദയാഘാതമോ തുടങ്ങിയ ആകസ്മികമായി ബോധം നഷ്ടപ്പെട്ട് പോയേക്കാവുന്ന അസുഖമുള്ളയാൾ വെള്ളത്തിൽ അപകടപ്പെടുന്നത് സ്വാഭാവികമാണ്. പക്ഷേ സ്വാമിയുടെ കാര്യത്തിൽ ഇത്തരം പ്രശ്നങ്ങളുള്ളതായി വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നുമില്ല. ഇനിയുമുണ്ട് പ്രശ്നങ്ങൾ പുഴയുടെ തീരത്ത് കണ്ട രക്തക്കറ എങ്ങനെ വന്നു. രക്തം പുരണ്ട കൈ കൊണ്ട് ആരോ മതിലിൽ പിടിച്ച പാടുണ്ടായത് എങ്ങനെയാണ്. ഇത് സ്വാമിയുടെ രക്തം തന്നെയാണ് എന്ന് തെളിയിക്കപ്പെട്ടതാണ്. നെറ്റിയിൽ ഉണ്ടായിരുന്ന മുറിവ്, അത് വിശദീകരിക്കപ്പെട്ടത് പോലെ മൃതദേഹത്തിന് വെള്ളത്തിൽ വടിയിട്ട് തുഴയുന്പോൾ പറ്റിയതാവാം. എന്തായാലും മരണ കാരണം ആ മുറിവല്ല എന്ന് വൈദ്യശാസ്ത്രം പറയുന്നു. വെള്ളം കുടിച്ചു തന്നെയാണ് സ്വാമി മരിച്ചത് എന്ന് പോസ്റ്റ്‌മോട്ടം റിപ്പോർട്ടിൽ പറയുന്നു. അതായത് മുങ്ങി മരണം തന്നെയാണ് സംഭവിച്ചത്. പക്ഷെ അതുകൊണ്ടായില്ല. സ്വാമി സ്വാഭാവികമായി മുങ്ങി മരിക്കാനുള്ള കാരണങ്ങൾ കണ്ടെത്താൻ കഴിയാത്തപ്പോൾ; ആരെങ്കിലും ബലം പ്രയോഗിച്ച് മുക്കി കൊന്നതാവാനുള്ള സാദ്ധ്യത തള്ളിക്കളയാൻ പറ്റുമോ? ആ നിലയിലൊക്കെ അന്വേഷിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല എന്നാണു പോലീസിന്റെ വാദം. അതും പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. കേരള പോലീസ് അത് ചെയ്തിരിക്കും. ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും നിരത്താം. ഏറ്റുമാനൂരപ്പന്റെ വിഗ്രഹം മോഷ്ടിച്ച സ്റ്റീഫനെ പിടികൂടിയത് അയാൾ കന്പിപ്പാര പൊതിഞ്ഞു വച്ച കടലാസ് തുണ്ടിൽ നിന്നായിരുന്നു എന്ന് മറക്കരുത്. ചന്ദ്രശേഖരൻ കേസ്സ് പോലീസിന്റെ കഴിവിനും കഴിവുകേടിനുമുള്ള ഉദാഹരണമാണ്. എത്ര വിദഗ്ധമായാണ് പ്രതികളെയെല്ലാം പിടികൂടിയത്. എന്നാൽ ഗൂഡാലോചനയെ കുറിച്ചുള്ള അന്വേഷണം സ്വിച്ചിട്ടപോലെ നിലക്കുകയും പിന്നീടിതുവരെ യാതൊരു അന്യോഷണവും ലക്ഷ്യം കാണാതിരുന്നതും സ്വാഭാവികം മാത്രമായിരിക്കുമോ? ഇനി പ്രതികളെ യാതൊരു വിധത്തിലും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരില്ല എന്ന ശാഠ്യത്തോടെ പോലീസ് നടത്തിയ അന്വേഷണങ്ങളുണ്ട്. അവയൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. സുകുമാരകുറുപ്പ് വധവും അഭയാ കേസ്സുമൊക്കെ ഉദാഹരണം. അപ്പോൾ എല്ലാം അന്വേഷിച്ച് അവസാനിപ്പിച്ചു എന്ന വാദം എന്നെ പോലുള്ള സാധാരണ മനുഷ്യന്റെ മനസ്സിലെ സംശയങ്ങൾക്ക് പരിഹാരമാവുന്നില്ല. ഇനി സംശയത്തിന്റെ നിഴലിൽ നിൽക്കുന്നയാൾ കേരളത്തിലും അതിനു വെളിയിലുമൊക്കെ വലിയ രാഷ്ട്രീയ സാന്പത്തിക സ്വാധീനമുള്ള “ആരും ചൊടിപ്പിക്കാൻ ഇഷ്ടപ്പെടാത്ത” ഒരു സമുദായ നേതാവും അയാളുടെ മകനുമൊക്കെയാകുന്പോൾ ഇപ്പോൾ ഈ പ്രശ്നം ഉഗ്രശേഷിയുള്ള ഒരു ബോംബ് പോലെ എടുത്തെറിഞ്ഞ് പൊട്ടിച്ചത് ബിജു രമേശാണ്. ഇദ്ദേഹം ശ്രീ നാരായണ ധർമ്മവേദി പ്രവർത്തകനായ അബ്‌കാരി കോണ്‍ട്രാക്ക്ടറാണ്. നേരത്തെ മാണിസാറിനെതിരെ ഇദ്ദേഹം പൊട്ടിച്ച ബോംബ് ചില്ലറ പ്രകന്പനങ്ങളൊന്നുമല്ല സൃഷ്ടിച്ചത്. ഇപ്പോഴും അത് കെട്ടടങ്ങിയിട്ടില്ല. ബിജു രമേശിന്റെ ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ കഴന്പുണ്ടെന്നും അദ്ദേഹത്തിന്റെ ഡ്രൈവറും തുക കൈമാറുന്നതിന്റെ സാക്ഷിയുമായ അന്പിളിയുടെ മൊഴി സത്യസന്ധമാണെന്നു ശാസ്ത്രീയമായ പരിശോധനയിലൂടെ തെളിഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടികാട്ടിയിട്ടുണ്ട്. കേസ്സന്വേഷണത്തിൽ ക്രൈംബ്രാഞ്ച് അധിപർ വിൻസൻ പോളിന്റെ ഇടപെടലിനെ കുറിച്ചുള്ള സംശയങ്ങളും കോടതി പ്രകടിപ്പിച്ചു. മാണിസാറിനെപോലെ അധികാരത്തിന്റെയും സ്വാധീനത്തിന്റെയും പണത്തിന്റെയും പകിട്ടും സംരക്ഷണവും ലഭിക്കുന്ന ഒരാൾക്കെതിരെ ആക്ഷേപമുന്നയിക്കുന്പോൾ അതിന്റെ ഭവിഷത്ത് അറിയാത്ത ആളാവില്ല ബിജുരമേശ്. അതൊക്കെ നേരിടാൻ ഉറച്ച് തന്നെയായിരിക്കുമല്ലോ അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയത്. അതെ ബിജു രമേശ് കേന്ദ്ര ഭരണ കക്ഷിയായ, അതും ഫാസിസ്റ്റ് മുഖം ആരോപിക്കപ്പെടുന്ന, കറുത്ത ചരിത്രമുള്ള നരേന്ദ്രമോദിയെ പോലൊരു പ്രധാന മന്ത്രിയുമായി ചങ്ങാത്തം സ്ഥാപിച്ചു കഴിഞ്ഞ വെള്ളാപ്പള്ളി നടേശനെതിരെ ആരോപണം ഉന്നയിക്കുന്പോൾ അത് വെറുതെ തള്ളികളയാവുന്നതായിരിക്കുമോ? നടേശന് ഇത്തരം ക്രിമിനൽ പശ്ചാത്തലം ഉള്ളപ്പോൾ വിശേഷിച്ചും നേരത്തെ കൊലപാതക കേസ്സിൽ ഉൾപ്പെടെ പ്രതിയായിരുന്ന ആളാണ് നടേശൻ മുതലാളി എന്നത് വിസ്മരിക്കാവുന്നതല്ല.
സ്വാമിയുടെ ശരീരം പോസ്റ്റുമോട്ടം നടത്തിയത് സംബന്ധിച്ചും അതിലെ ഇടപെടലിനെ സംബന്ധിച്ചും ഡോക്ടർ സോമൻ എസ്.എൻ.ഡി.പിയുടെ പ്രസിഡന്റായത് സംബന്ധിച്ചും മൃതദേഹം അടക്കം ചെയ്യുന്നതിന് മുൻപ് തന്നെ സ്വാമിയുടെ വീട്ടിൽ നിന്ന് വെള്ളാപ്പള്ളി രേഖകൾ എടുത്തു മാറ്റിയതിനെ കുറിച്ചുമൊക്കെ ബിജു രമേശ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി ക്ക് വേണ്ടി പ്രധാന മന്ത്രിയുമായി നടത്തിയ കൂടികാഴ്ചയിൽ നടേശൻ മുതലാളിയും ഭാര്യയും മകനും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഡോക്ടർ സോമൻ എന്ന എസ്.എൻ.ഡി.പിയുടെ പ്രസിഡന്റിനെ പോലും അതിൽ പങ്കെടുപ്പിച്ചില്ല. ഇത് നടേശ ധർമ്മ പരിപാലന സംഘമാണ് എന്നാരെങ്കിലും ആക്ഷേപിച്ചാൽ കുറ്റപ്പെടുത്താൻ കഴിയില്ലല്ലോ. തങ്ങൾ കോടികളുടെ ബിസിനസ് നടത്തുന്ന ആളുകളാണെന്നും ആദായ നികുതി റെയിഡ് നടത്തിയപ്പോൾ രണ്ടു കോടിയുടെ വെട്ടിപ്പ് പിടികൂടിയത് ശരിയാണെന്നും തുഷാർ വെള്ളാപ്പള്ളി ഒരു ചാനൽ അഭിമുഖത്തിൽ സമ്മതിക്കുന്നുണ്ട്. തങ്ങളുടെ രാഷ്ട്രീയ പ്രവേശത്തെ കുറിച്ചുള്ള ചോദ്യത്തിന് “കേരളബാങ്കിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും മാത്രമേ അക്കൗണ്ട് പാടുള്ളൂ എന്ന് എന്തിനാണിത്ര വാശി? ഞങ്ങളും ഒരു ഏക്കൗണ്ട് തുടങ്ങട്ടെ എന്നായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ മറുപടി. ഇതൊക്കെ കാണിക്കുന്നത് രാജ്യത്തിനും ജനങ്ങൾക്കും വേണ്ടിയുള്ള മൂല്യാധിഷ്ടിത രാഷ്ട്രീയമല്ല തങ്ങൾ പ്രതിനിധാനം ചെയ്യുന്നത് എന്നല്ലേ?
വാൽകഷണം
സ്വാമി ശാശ്വതീകാനന്ദയെ സമാതിയിരുത്തേണ്ടത് കൊണ്ടാണ് പോസ്റ്റ്‌മോട്ടത്തിൽ അതൃപ്തി പ്രകടിപ്പിച്ചത് എന്ന് വെള്ളാപ്പള്ളി വിശദീകരിച്ചിട്ടുണ്ട്. സാധാരണയായി സന്യാസി ശ്രേഷ്ഠന്മാർ ഭൗതിക ജീവിതത്തിൽ വിരക്തി അനുഭവപ്പെടുന്പോൾ ശരീരം ത്യജിക്കാൻ തീരുമാനിക്കുന്പോൾ ധ്യാനത്തിലിരുന്നു ജീവൻ പൊടിയുകയാണ് പതിവ്. അല്ലാതെ വെള്ളത്തിൽ മരണപ്പെട്ടതോ കൊല്ലപ്പെട്ടതോ ആയ ഒരാളെ പോസ്റ്റ്‌മോട്ടമൊക്കെ നടത്തിയ ഒരാളുടെ ജഡം ഒടിച്ചു വളച്ച് സമാധിച്ചിരുത്തുന്നതെന്തിനാണ്? അതുകൊണ്ട് ആർക്കാണ് മെച്ചം? ഇതൊക്കെ നമ്മുടെ നാട്ടിലെ ആത്മീയ വ്യാപാരത്തിന്റെ പ്രദർശനങ്ങൾ മാത്രമല്ലേ?