ജാത്യാഭിമാനവും തറവാടു മഹിമയും

ഏതാനും വർഷം മുന്പ് കുറച്ചു പേർ വീട്ടിൽ കയറി വന്നു. ആരെയും മുഖപരിചയമില്ല. വിളിച്ചിരുത്തി പരിചയം പുതുക്കി വന്നപ്പോൾ എല്ലാവരും സ്വന്തം തറവാട്ടുകാർ. അമ്മയുടെ താവഴി കുടുംബം. ഞങ്ങളിപ്പോൾ 117 വീട്ടുകാർ ഉണ്ടത്രേ. ആർക്കും പരസ്പര ബന്ധമില്ല. പലരും പരസ്പരം അറിയുക പോലുമില്ല. കുടുംബത്തിലെ ചിലർക്ക് മാറാരോഗങ്ങൾ, അനർത്ഥങ്ങൾ അങ്ങനെ പലപല ദുരിതങ്ങൾ. കാരണം അന്വേഷിച്ച് ആരോ ചിലർ ജ്യോതിഷികളെ സമീപിച്ച് കാരണം കണ്ടെത്തി. ഞങ്ങളുടെ തറവാടിനു ഒരു കുലദേവത ഉണ്ടായിരുന്നു. അവിടെ ക്ഷേത്രവും നിത്യപൂജയും ഉണ്ടായിരുന്നു. ആറേഴ് പതിറ്റാണ്ടായി അതൊക്കെ മുടങ്ങി കിടക്കുന്നു. ദേവചൈതന്യം അങ്ങേയറ്റം അധഃപതിച്ചു പോയെങ്കിലും നശിച്ചിട്ടില്ല. ഇതുകൊണ്ടാണ് ഞങ്ങളുടെ കുടുംബങ്ങളിൽ ചിലർക്ക് മാറാരോഗങ്ങളും ദുരിതങ്ങളും ഉണ്ടാവുന്നത്. പരിഹാരവും ജ്യോതിഷി നിർദ്ദേശിച്ചിട്ടുണ്ട്. ക്ഷേത്രം കണ്ടെത്തി പുനഃരുദ്ധരിക്കണം. പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരണം. എങ്കിൽ തറവാട് വീടുകളിലൊക്കെ ചൈതന്യവും പുരോഗതിയും കൈവരും. അല്ലെങ്കിൽ അനർത്ഥങ്ങളും ദുർമരണങ്ങളുമൊക്കെ സംഭവിക്കും. ജ്യോതിഷിയുടെ ഈ പ്രവചനങ്ങൾ കേട്ടതോടെ ഇറങ്ങി പുറപ്പെട്ടതാണ് ചിലർ. മിക്കവാറും പേർ വിരമിച്ച അദ്ധ്യാപകരും ജവാന്മാരുമൊക്കെയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത കുടുംബതാവഴിയിലെ അംഗങ്ങളിൽ ചിലരെ പരിചയപ്പെടാൻ കഴിഞ്ഞതിൽ എനിക്കും സന്തോഷം തോന്നി. ഈ തറവാട്ട് ക്ഷേത്രം എവിടെയാണെന്ന് അന്വേഷിച്ചു. അധികം ദൂരത്തൊന്നും അല്ല. ഒരു പത്ത് പന്ത്രണ്ട് കിലോമീറ്റർ അകലെ. കുട്ടിക്കാലത്തെ ചില സംഭവങ്ങൾ ഓർമ്മ വന്നു. അമ്മയുടെ തറവാട്ട് സ്വത്തിനു വേണ്ടി ആരൊക്കെയോ ചേർന്ന് കേസ് നടത്തിയതും അവസാനം അവരുടെ മക്കളായ ഞങ്ങൾ ഉൾപ്പെടെ നാന്നൂറിലധികം പേർക്ക് അവകാശമുള്ള ഒരു സ്ഥലത്തിന് കോടതി വിധിയായത് ഓർത്തു. സ്ഥലം വിറ്റ് തുക വീതിച്ചെടുക്കാനായിരുന്നു വിധി. അത് നടപ്പിൽ വരുത്താനുള്ള റിസീവറെയും കോടതി ചുമതലപ്പെടുത്തിയിരുന്നു. അന്നത്തെ വില അനുസരിച്ച് വിറ്റാൽ എന്തെങ്കിലും നക്കാപ്പിച്ചയെ കിട്ടൂ എന്നായത്തോടെ അതാരും ശ്രദ്ധിച്ചില്ല. അവിടെ കാടുമൂടി കിടന്നു. അവിടെയാണത്രെ തറവാട് ക്ഷേത്രം ഉണ്ടായിരുന്നത്. 27 സെന്റോളം സ്ഥലം വരും. പ്രശ്നവശാൽ കണ്ടത് തറവാട്ടിലെ എല്ലാ അംഗങ്ങളും തുല്യപങ്കാളിത്തത്തോടെ പണം മുതലിറക്കി ക്ഷേത്ര പുനരുദ്ധാരണം നടത്തണം. എങ്കിലെ ഞങ്ങളുടെ കുടുംബത്തിൽ ശ്രേയസ്സ് കൈവരൂ. ക്ഷേത്രകാര്യങ്ങളിലൊക്കെ തല്പരനായ മൂത്ത സഹോദരനെ, (അദ്ദേഹവും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനാണ്) വിളിച്ച് വരുത്തി വലിയ ഉത്സാഹത്തോടെ കാര്യങ്ങൾ ചർച്ച ചെയ്തു. ഞാൻ ആണായത് കൊണ്ട് എന്റെ ഷെയർ മാത്രം നൽകിയാൽ മതി. പെൺകുട്ടികൾ അവർക്കും എല്ലാ മക്കൾക്കും ഷെയർ നൽകണം. കാര്യങ്ങൾ വളരെ പെട്ടെന്ന് മുന്നോട്ടു നീങ്ങി. കുടുംബങ്ങളൊക്കെ തുക കൃത്യമായി കൊടുത്ത് ക്ഷേത്രം പെട്ടെന്ന് വികസിച്ചു. ക്ഷേത്ര വിശ്വാസിയല്ലാത്തത് കൊണ്ട് എന്തെങ്കിലും സംഭാവന നൽകാമെന്നല്ലാതെ ഷെയറായി തുക നൽകാൻ എന്റെ പ്രയാസം അറിയിച്ചു. അങ്ങനെ ചെയ്താലുള്ള അപകടങ്ങളെ കുറിച്ച് ബോധ്യപ്പെടുത്താൻ ചിലരൊക്കെ മുതിർന്നെങ്കിലും എന്റെ മൂത്ത സഹോദരൻ വിലക്കി, “അത് വേണ്ട ഓരോരുത്തരുടെയും വിശ്വാസമനുസരിച്ചല്ലേ”. ഇപ്പോൾ ഉത്സവങ്ങളും മറ്റ് പരിപാടികളും അവിടെ മുറയ്ക്ക് നടക്കുന്നുണ്ട്.
സ്ഥലം വിറ്റ് വീതിച്ചെടുക്കാൻ കോടതി വിധിച്ച ഭൂമി ഒരു നാലഞ്ചേക്കർ ഉണ്ടായിരുന്നു എന്ന് കരുതുക. അൽപം കാശ് കൈവരുന്ന സ്ഥിതിയുണ്ടായിരുന്നെങ്കിൽ അന്ന് തന്നെ എല്ലാവരും ഉത്സാഹിച്ച് അത് വിറ്റ് തുക വീതിച്ചെടുത്ത് സ്ഥലം വിടുമായിരുന്നില്ലേ? അത് വിലയ്ക്ക് വാങ്ങിയവർ ഒരു പക്ഷേ ക്ഷേത്ര വിശ്വാസികൾ തന്നെയാകണമെന്നില്ല. അങ്ങനെയെങ്കിൽ അവിടെയിപ്പോൾ കുറേ വീടുകളോ സ്ഥാപനങ്ങളോ ഒക്കെ ഉയർന്നു കാണും. പിന്നീടാരും തറവാട് ക്ഷേത്രത്തെ കുറിച്ച് അറിയാനിടയില്ല. പ്രായമേറെ ചെന്ന് ഈയിടെ മരിച്ച അമ്മയ്ക്ക് പോലും അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നതായി അറിവില്ല. ആ ഭൂമി അവിടെ കാട് പിടിച്ച് തൊട്ടടുത്ത സ്ഥലമുടമകൾ അൽപാൽപമായി കയ്യേറി കൈവശപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട വിരമിച്ച അദ്ധ്യാപകനാണ് ജ്യോതിഷിയെ സമീപിച്ചതും പ്രശ്നച്ചാർത്തുകളൊക്കെ തയ്യാറാക്കിയതും. തുടർന്ന് മൂപ്പർക്ക് പരിചയമുള്ളവരെ ആദ്യം വിളിച്ചു കൂട്ടിയാണ് പദ്ധതികളൊക്കെ തയ്യാറാക്കിയത്. ആദ്യത്തെ ക്ഷേത്രകമ്മിറ്റി പ്രസിഡണ്ട് അദ്ദേഹം തന്നെയായി. ക്ഷേത്ര പുനരുദ്ധാരണം നടക്കുന്നതിനിടയിൽ പുതിയ ഒരാശയം മുന്നോട്ടു വെയ്ക്കപ്പെട്ടു. നമ്മുടെ തറവാട്ടിലുള്ളവർ ഇതുവരെ പരസ്പരം അറിയുക പോലും ചെയ്യാതെ പല പ്രദേശത്തായി ചിതറി കിടക്കുകയല്ലേ? ഒരു തറവാട് സംഗമം സംഘടിപ്പിച്ചാൽ പരസ്പരം അറിയുകയും ഒത്തുകൂടുകയുമൊക്കെ ആയിക്കൂടെ. അതും സംഘടിപ്പിക്കപ്പെട്ടു. ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന സംഗമ പരിപാടി തയ്യാറാക്കി. മറ്റൊന്നിനും സമയമില്ലെങ്കിലും മിക്കവാറും ജീവിച്ചിരിക്കുന്ന കുടുംബങ്ങൾ പരിപാടിക്കെത്തി. ഉദ്ഘാടനം, ആശംസ, മുഖ്യപ്രഭാഷണം, സദ്യ, തറവാട്ടിലെ കുട്ടികളുടെ കലാപരിപാടികൾ ആകെ ഗംഭീരം തന്നെ. ഉദ്ഘാടകൻ ഇടതുപക്ഷക്കാരനായ എം.എൽ.എ ‘ഇതുപോലെയുള്ള തറവാട്ടുകാരുടെ കൂടിച്ചേരലിന്റെ അനിവാര്യത’ അദ്ദേഹം വിശദീകരിച്ചു. മുഖ്യപ്രഭാഷകൻ അല്പം സംഘപരിവർ രാഷ്ട്രീയമുള്ള ആളായിരുന്നു. നായർ ഉപജാതിയിൽപ്പെട്ട ഞങ്ങളുടെ ജാതിയുടെ മഹത്വത്തെകുറിച്ചും ‘തറവാട്ടു മഹിമ’ കളങ്കമേൽക്കാതെ നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമൊക്കെ അദ്ദേഹം വിശദീകരിച്ചു. ആശംസാപ്രസംഗരുടെ കൂട്ടത്തിൽ എന്റെ പേരുമുണ്ടായിരുന്നു. തറവാട് എന്നത് കേൾക്കാൻ സുഖമുള്ളതും ഗൃഹാതുരത്വം ഉണർത്തുന്നതുമാണ് എങ്കിലും അതിനകത്ത് പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് ഞാൻ വിശദീകരിച്ചു. ഞങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ ഉദാഹരണമായി പറഞ്ഞു. പരിപാടിയുടെ സംഘാടകരിൽ പ്രമുഖരായ മൂത്ത സഹോദരൻ; അദ്ദേഹത്തിന് മക്കളില്ല. ഒരു ദത്തുപുത്രനുണ്ട്. നല്ല ഊർജ്വസ്വലനായ കുട്ടി. ആർക്കറിയാം അവൻ ഏത് തറവാട്ടുകാരനാണ് എന്ന്. രണ്ടാമത്തെ ജേഷ്ഠൻ, അദ്ദേഹം കർണ്ണാടക പോലീസിൽ ഉദ്യോഗസ്ഥനായിരുന്നു. കുടുംബസമേതം അവിടെയാണ് താമസം. രണ്ട് പെൺകുട്ടികൾ. മൂത്തവൾ ഒരു കർണ്ണാടകക്കാരനായ പോലീസുദ്യോഗസ്ഥനെ പ്രണയിച്ച് വിവാഹം കഴിച്ചു. മൂത്ത സഹോദരിയുടെ മകൻ പ്രണയിച്ച് കല്ല്യാണം കഴിച്ചത് മറ്റൊരു ജാതിയിൽപ്പെട്ട പെൺകുട്ടിയെയാണ്. ഞാൻ വിവാഹം കഴിച്ചത് സ്വന്തം ജാതിയിൽ നിന്നല്ല. എന്റെ അനിയൻ എനിക്ക് മുൻപേ വേറൊരു ജാതിയിൽപ്പെട്ട പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിനു അച്ഛൻ വീട്ടിൽ നിന്ന് പുറത്താക്കിയ ആളാണ്. എന്റെ കുടുംബം മാത്രമല്ല, അവിടെ സംഗമത്തിൽ പങ്കെടുക്കുന്ന മിക്കവരും പേരുടെ കുടുംബങ്ങളിൽ ധാരാളം പേർ ഇത്തരക്കാരാണ്. ജാത്യാഭിമാനം, തറവാട്ടു മഹിമ തുടങ്ങിയവയൊക്കെ ഇപ്പോൾ ഉണർത്തിയെടുക്കുന്നത് പലതും നല്ല ലക്ഷ്യങ്ങളോടെയാണോ എന്നത് പരിശോധിക്കപ്പെടണം എന്ന് ഞാൻ പറഞ്ഞതോടെ പലരുടെയും നെറ്റി ചുളിഞ്ഞു.
ഞങ്ങളുടെ പ്രദേശത്ത് ജാതി സംഘടനകൾ അത്രയൊന്നും സജീവമായിരുന്നില്ല. എന്നാൽ അടുത്തകാലത്തായി ചിലരൊക്കെ എൻ.എസ്സ്.എസ്സിൽ അംഗങ്ങളും മറ്റുമായി. ഇതിനിടയിൽ ഞങ്ങളുടെ പ്രദേശത്ത് സമസ്ത കേരളാ നായർ മഹാസമ്മേളനം നടന്നു. ഞാൻ കരുതിയത് ഇത് എൻ.എസ്സ്.എസ്സിന്റെ അവാന്തര വിഭാഗമാണ് എന്നാണ്. ശ്രദ്ധിച്ചപ്പോൾ അങ്ങനെയല്ല. “സുകുമാരൻ നായരും പെരുന്നയും ഒക്കെ മഹാകള്ളന്മാരാണ്. നായന്മാരുടെ അഭിവൃദ്ധിക്ക് പുതിയ സംഘടന വേണം” എന്നൊക്കെയാണവർ പറയുന്നത്. സമസ്ത കേരള നായർ സമാജം നായന്മാരുടെ ചരിത്രത്തിലെ പുതിയൊരദ്ധ്യായമാണത്രെ!
ഇതിനിടയിൽ എന്റെ തറവാട്ടുകാരായ ക്ഷേത്ര പുനരുദ്ധാരണ വാദികൾ പുതിയ ചില ആവശ്യങ്ങളുമായി സമീപിച്ചു. ‘നാം നായന്മാരുടെ സംഘടനയിൽ തുടരുന്നത് ശരിയല്ല. നമ്മുടെ ജാതി സമൂഹത്തിൽ നായന്മാരായി ആണ് അറിയപ്പെടുന്നത് എങ്കിലും വിദ്യാഭ്യാസകാര്യത്തിലും മറ്റും ഒ.ബി.സിയാണ്. അതുകൊണ്ട് നമുക്ക് പ്രത്യേകമായി തന്നെ ഒരു ജാതി സംഘടന രൂപീകരിക്കണം. പൊതു പ്രവർത്തന രംഗത്ത് നല്ല പരിചയമുള്ളത് കൊണ്ട് ഞാൻ ആ സംഘടനയുടെ സംഘാടകനായി മാറണം.
എന്താണീ സംഘടനകൊണ്ട് ലക്ഷ്യമാക്കുന്നത് എന്ന ചോദ്യത്തിന് സ്വിച്ചിട്ട പോലെ ഉത്തരം വന്നു. “നമ്മുടെ സമുദായത്തിന്റെ ഉന്നമനം”. നായർ ഉപജാതിയായ ഒന്ന് എങ്ങനെയാണ് ആ നിലയ്ക്ക് ഒരു സമുദായമായി മാറുക എന്ന് ചോദിച്ചപ്പോൾ ഉത്തരം, നമ്മുടെ ജാതിയുടെ വ്യക്തിത്വം നിലനിർത്തണ്ടേ എന്നായിരുന്നു. അതായത് പഴയകാലത്ത് നമ്മുടെ ജാതിക്ക് നിശ്ചയിച്ചിരുന്ന കുലത്തൊഴിലിലേക്ക് തിരിച്ചു പോകുകയും മറ്റെല്ലാ മേഖലയിൽ നിന്നും പിൻവാങ്ങുകയാണോ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചപ്പോൾ നിങ്ങളോട് തർക്കിക്കാനില്ല എന്നായി ഉത്തരം. അതിരിക്കട്ടെ നമ്മുടെ ജാതിക്ക് ജാതി എന്ന നിലയിൽ ഇപ്പോൾ എന്താണൊരവശത എന്ന ചോദ്യത്തിന് നമുക്കും പലതും നേടിയെടുക്കാനില്ലേ എന്ന മറുചോദ്യമായി ഉത്തരം. നമ്മുടെ ആനുകൂല്യങ്ങൾ പിടിച്ചു പറ്റണമെങ്കിൽ നാം സംഘടിതരാകണം എന്ന് ഞങ്ങളെക്കാൾ നിങ്ങൾക്കറിയാമല്ലോ എന്ന വിശദീകരണവും. ജാതിയുടെ അടിസ്ഥാനത്തിൽ എന്ത് ആനുകൂല്യമാണ് നമുക്ക് കിട്ടേണ്ടത് എന്ന ചോദ്യത്തിന് നേരെ ഒരുത്തരം ലഭിച്ചില്ല. നമുക്ക് കുറേ സ്കൂളുകളൊക്കെ കിട്ടില്ലേ എന്നായി വിശദീകരണം. അതിരിക്കട്ടെ പഠിക്കാൻ സ്കൂൾ ഇല്ലാത്തത് കൊണ്ട് നമ്മുടെ ജാതിയിൽ ധാരാളം കുട്ടികൾ പഠിക്കാതിരിക്കുന്നുണ്ടോ എന്ന ചോദ്യം കേട്ടപ്പോൾ അവർക്ക് ചെറുതായി ദേഷ്യം വന്നു തുടങ്ങി. കേരളത്തിൽ ഇന്നുള്ള സ്‌കൂളുകളിൽ തന്നെ പഠിക്കാൻ കുട്ടികൾ ഇല്ലാത്തപ്പോൾ പുതിയ സ്‌കൂളുകൾ എന്തിനാണ്? നമ്മുടെ ജാതിക്ക് സ്‌കൂൾ കിട്ടിയാൽ അവിടെ നമ്മുടെ കുട്ടികൾ മാത്രമാണോ പഠിക്കുക? അവർക്ക് അതുകൊണ്ട് ദോഷമല്ലാതെ എന്തെങ്കിലും പ്രയോജനമുണ്ടാകുമോ? നമുക്ക് ലഭിക്കുന്ന സ്‌കൂളിൽ നിയമനങ്ങളൊക്കെ ആരാണ് നടത്തുക? വിദ്യാർത്ഥി പ്രവേശനത്തിനും അദ്ധ്യാപക നിയമനത്തിനും കോഴവാങ്ങുമോ? അങ്ങനെ പണം വാങ്ങുന്നെങ്കിൽ അത് കൈകാര്യം ചെയ്യുന്നതാരായിരിക്കും? ഒരിക്കലും അക്കൗണ്ടിൽ കാണിക്കാൻ കഴിയാത്ത പണം ആരാണ് സൂക്ഷിക്കുക? അത് ദുരുപയോഗപ്പെടുത്താൻ സാധ്യതയില്ലേ? തുടങ്ങിയ ചോദ്യങ്ങളൊക്കെ ചോദിച്ചതോടെ അവർ ശരിക്കും ക്ഷുഭിതരായി.
കേരളത്തിൽ ഇന്ന് നിലനിൽക്കുന്നതും എന്നാൽ നിങ്ങളെല്ലാവരും കൂടി നശിപ്പിച്ചു കൊണ്ടിരിക്കുന്നതുമായ പൊതുവിദ്യാഭ്യാസത്തിന്റെ തകർച്ചയാണ് മതനിരപേക്ഷതയുടേയും ജനാധിപത്യത്തിന്റെയും തകർച്ചയുടെ പ്രധാന കാരണം. കേരളത്തിലെ ഓരോ ജാതിക്കും മതത്തിനും പ്രത്യേകം പ്രത്യേകം സ്‌കൂളുകൾ സ്ഥാപിച്ച് മതനിരപേക്ഷതയുടെ കടക്കൽ കത്തി വെയ്ക്കുകയും ജാതീയത കുടം തുറന്നു വിട്ട ഭൂതമായി തിരിച്ചു വരികയുമാണ് എന്ന യാഥാർത്ഥ്യം താങ്കളെ പോലെ ഒരു സർക്കാർ സ്‌കൂളിൽ നിന്ന് വിരമിച്ച ഒരാളെങ്കിലും ഓർക്കേണ്ടതല്ലേ? എന്നുകൂടി ചോദിച്ചപ്പോൾ നിങ്ങൾ ഞങ്ങളെയൊന്നും പഠിപ്പിക്കാൻ മിനക്കടേണ്ട എന്നായി ഉത്തരം.
വാൽകഷ്ണം
തെക്കൻ കേരളത്തിലെ ഈഴവരും വടക്കൻ കേരളത്തിലെ തീയ്യരും ഒരു ജാതിയല്ലെന്നും ഈഴവരെന്ന പേരിൽ വെള്ളാപ്പാള്ളി തീയ്യരെ വിറ്റു കാശാക്കുകയാണെന്നും അതിനി അനുവദിക്കില്ലെന്നും തീയ്യ സംഘടനയുടെ ‘മുതലാളി’ ആക്രോശിക്കുന്നത് കഴിഞ്ഞദിവസത്തെ പത്രത്തിലുണ്ട്. വെള്ളാപ്പള്ളിയാകട്ടെ ‘സമുദായ താൽപര്യം’ എന്ന് നാഴികയ്ക്ക് നാൽപതു വട്ടം പറയുന്നുണ്ട്. ഈ ലേഖകൻ എത്രയാലോചിച്ചിട്ടും ഇന്നത്തെ കേരളത്തിൽ ഈഴവർക്ക് ജാതി എന്ന നിലയിലുള്ള എന്തെങ്കിലും അവശത ഉള്ളതായോ, എസ്.എൻ.ഡി.പി ക്ക് സ്‌കൂൾ ലഭിക്കാത്തത് കൊണ്ട് ഏതെങ്കിലും ഈഴവർ പഠിക്കാതിരിക്കുന്നതായോ അറിവില്ല.