തദ്ദേശ തിരഞ്ഞെടുപ്പും സ്‌ത്രീ ശാക്തീകരണവും
തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ. പാർലമെന്റിൽ ജനാധിപത്യത്തിൽ ഏറ്റവും ജനകീയമായ ഇടപെടലുണ്ടാവുന്ന തിരഞ്ഞെടുപ്പാണ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പ്. ഓരോ നാട്ടിൻപുറവും ഓരോ നിയോജക മണ്ധലങ്ങളാകുന്നത് കൊണ്ട് മത്സരിക്കാൻ അവസരമുള്ളവരുടെ സംഖ്യ വളരെ കൂടുതലായിരിക്കും ഈ തിരഞ്ഞെടുപ്പിൽ. 50% വനിതാ സംവരണവും മറ്റും വന്നതോടെ വീട്ടിന്റെ അകത്തളങ്ങളിൽ കഴിഞ്ഞിരുന്ന ധാരാളം സ്‌ത്രീകൾക്ക് പൊതുരംഗത്ത് പ്രത്യക്ഷപ്പെടാനവസരമുണ്ടായി. എല്ലാ രാഷ്ട്രീയ പാർട്ടികളിലുള്ള പുരുഷന്മാർക്ക് ഇന്നും അത് അത്രക്കങ്ങ് ബോധിച്ചിട്ടില്ല. പുറത്ത് സ്‌ത്രീ ശാക്തീകരണം അവസര സമത്വം എന്നൊക്കെ പറയുമെങ്കിലും ഇന്നും അത് തൊലിപ്പുറമേയുള്ള വാചകമടികൾ മാത്രമായി അവശേഷിക്കുകയാണ്. മറ്റൊരു കാര്യം ഇങ്ങനെ തിരഞ്ഞെടുപ്പ് രംഗത്ത് വരുന്ന മഹാഭൂരിപക്ഷം സ്‌ത്രീകളുടേയും പൊതു ഇടപെടലുകൾ നിശ്ചയിക്കുന്നത് പുരുഷന്മാർ തന്നെ എന്ന സ്ഥിതിയുമുണ്ട്. പഞ്ചായത്ത് ഭരണ സമിതി യോഗത്തിന്റെ അജണ്ട പോലും നേരിട്ട് വന്ന് ഒപ്പിട്ടു നൽകി കൈപ്പറ്റുന്ന ഭർത്താക്കന്മാരെ ഈ ലേഖകനറിയാം. ഭർത്താവ് പറയുന്നിടത്ത് ഒപ്പിട്ട് നൽകുന്നതിനപ്പുറം, കൗൺസിലിൽ പങ്കെടുത്ത് തന്റെ മുന്നണിക്ക് കൈ പൊക്കി വോട്ടു ചെയ്യുന്നതിനപ്പുറം ഒരു സ്വാതന്ത്ര്യമനുഭവിക്കാത്ത സ്വയം ഒരു തീരുമാനമെടുക്കാൻ അവകാശങ്ങളില്ലാത്ത ധാരാളം സ്‌ത്രീ ജനപ്രതിനിധികളെ ഈ ലേഖകന് നേരിട്ട് പരിചയമുണ്ട്.
5 വർഷക്കാലം പഞ്ചായത്ത് ഭരണസമിതിയിലിരുന്നിട്ട് ഒരിക്കൽ പോലും വായതുറന്ന് ഒരക്ഷരം ഉരിയാടാത്ത ധാരാളം സ്‌ത്രീകളുണ്ട്. ഇത്തരം വേദികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ അവരെ ബോധപൂർവ്വം ജനങ്ങൾക്കിടയിൽ പരിശീലിപ്പിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും പരിശ്രമിക്കുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയിൽ ധാരാളം അവകാശങ്ങളും പദവിയും ഇവർക്കുണ്ട്. പ്രോട്ടോക്കോൾ അനുസരിച്ച് പഞ്ചായത്ത് നഗരസഭാ സെക്രട്ടറിയേക്കാൾ ഉന്നത പദവിയിലുള്ളവരാണിവർ. പക്ഷേ ഇവരിൽ മഹാഭൂരിപക്ഷവും തന്റെ വിലയും നിലയുമൊന്നും തിരിച്ചറിയുന്നില്ല. പഞ്ചായത്താപ്പീസിലെ പ്യൂണിനെപ്പോലും സാർ എന്ന് വിളിച്ച് കാലു പിടിച്ച് കാര്യം നേടാൻ കഴിയുമോ എന്ന് ചിന്തിക്കുന്നവരാണിവരിൽ അധികവും. ജനങ്ങളും പൊതുവായി ഇടതു മനോഭാവക്കാരാണ് തങ്ങളുടെ വീട്ടു പരിചാരകർ എന്ന നിലയിൽ വാർഡ് മെന്പർമാരെ കാണുകയും ആ നിലയിൽ പെരുമാറുകയും ചെയ്യുന്ന ധാരാളം പ്രമാണിമാരുണ്ട് നാട്ടിൻ പുറങ്ങളിൽ.
സ്വന്തം വീട്ടിൽ വൈദ്യുതി തകരാറ് സംഭവിക്കുന്പോൾ അത് റിപ്പയർ ചെയ്യാനുള്ള ഉത്തരവാദിത്തം പോലും വാർഡ് മെന്പർക്കാണ് എന്ന് കരുതുന്നവരുണ്ട്. അതും തന്റെ ഉത്തരവാദിത്തമാണ് എന്ന് ധരിക്കുന്ന മെന്പർമാരുമുണ്ട്. ഒരു വാർഡ് മെന്പർ ആയി തിരഞ്ഞെടുക്കപ്പെട്ടാൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ പോലും സമയം തികയാതെ വരികയും സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാൻ കഴിയാതെ കടംപിടിച്ചു ദുരുതമനുഭവിക്കുന്ന ധാരാളം പേരെ ഈ മേഖലയിൽ കണ്ടു മുട്ടാം. എന്നാൽ വാർഡ് മെന്പർ എന്ന നില ഉപയോഗപ്പെടുത്തി നന്നായി കാശ് സന്പാദിക്കുന്നവരുമുണ്ട്. വാർഡിൽ നടക്കുന്ന എല്ലാ മരാമത്ത് പണികൾക്കും 5 മുതൽ 20% വരെ കമ്മീഷൻ ആവശ്യപ്പെട്ട് അത് കൃത്യമായി പിരിച്ചെടുത്ത് പോക്കറ്റിലാക്കുന്ന വാർഡ് മെന്പർമാരുണ്ട്. രണ്ടു പതിറ്റാണ്ട് മുന്പ് വരെ മലബാറിൽ ഇത്തരക്കാരുടെ എണ്ണം കുറവായിരുന്നെങ്കിലും ഇപ്പോൾ മലബാറും തിരുവിതാംകൂറും തമ്മിലൊന്നും ഇത്തരം കാര്യങ്ങളിൽ വ്യത്യാസം ഇല്ലാതായിട്ടുണ്ട്. വലതുപക്ഷ രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങളാണ് നേരത്തെ ഇത്തരം വിഹിതം പറ്റലിൽ പ്രമുഖരായിരുന്നതെങ്കിൽ ഇപ്പോൾ ഇടതു പക്ഷം വലിയ വ്യത്യാസങ്ങളില്ല എന്ന നില വന്നിട്ടുണ്ട്. ഒരു തരത്തിൽ തിരഞ്ഞെടുക്കപ്പെട്ട മെന്പർമാരെയൊക്കെ അഴിമതിക്ക് പ്രേരിപ്പിക്കുന്ന നിലയിലാണ് പഞ്ചായത്ത് നഗരപാലികാ നിയമങ്ങളുടെ അവസ്ഥ എന്നതും പരിഗണിക്കേണ്ടതാണ്. തന്റെ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റുന്ന മെന്പർമാർക്ക് തന്റെ വ്യക്തിപരമായ കാര്യങ്ങൾക്ക് നിർവ്വഹിക്കാനോ ജോലിക്ക് പോയി വരുമാനം കണ്ടെത്താനോ സമയം പരിമിതമായിരിക്കും. എന്നാൽ ഇവർക്ക് ലഭിക്കുന്ന ഓണറേറിയം ആകട്ടെ വളരെ തുച്ഛവും. പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു മെന്പർക്ക് 3500 തുകയാണ് ഓണറേറിയമായി ലഭിക്കുക.
നഗരസഭയിൽ ആണെങ്കിൽ 3800 രൂപയും, ഇനി പഞ്ചായത്ത് പ്രസിഡണ്ടിനു 6600 തുക ലഭിക്കുന്പോൾ നഗരസഭാദ്ധ്യക്ഷന്മാർക്ക് 7350 രൂപലഭിക്കും. ഇതനുസരിച്ചുള്ള തുക തന്നെയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനും ലഭിക്കുക. ഇതിൽ ഇടതുപക്ഷ അംഗങ്ങളാണെങ്കിൽ 15% ലവിയായി പാർട്ടിക്ക് നൽകണം. അതായത് സ്വന്തം കുഞ്ഞുങ്ങളെ പോലും തിരിഞ്ഞ് നോക്കാതെ നാടിന്റെ വികസനത്തിന് വേണ്ടി ഓടി നടക്കുന്ന മുഴുവൻ സമയ പ്രവർത്തകരായ ആളുകൾക്ക് പോലും അയ്യായിരത്തിനും ആറായിരത്തിനും ഇടയ്ക്ക് തുകയാണ് ലഭിക്കുക. പഞ്ചായത്ത് പ്രസിഡന്റിനു സ്വന്തമായി വാഹന സൗകര്യം അനുവധിച്ചിട്ടില്ലെങ്കിലും പഞ്ചായത്തിന്റെ വാഹനം യാത്രക്ക് ഉപയോഗിക്കാമെന്ന് മാത്രം. നഗരസഭയിലും കോർപ്പറേഷനിലുമൊക്കെ ഇവർക്ക് സ്വന്തമായി വാഹനം അനുവധിച്ചിട്ടുണ്ട്. അത് പൂർണ്ണമായി സ്വന്തം യാത്രകൾക്ക് ഉപയോഗിക്കുകയുമാവാം. അങ്ങനെയുള്ള വാഹനത്തിന്റെ ഡ്രൈവർമാർക്ക് പ്രതിദിനം 450 രൂപ വെച്ച് പ്രതിഫലം ലഭിക്കും. 12000 രൂപയോളം സ്വന്തം ഡ്രൈവർമാർക്ക് ശന്പളം ലഭിക്കുന്പോൾ അതിന്റെ പകുതിപോലും അദ്ധ്യക്ഷനു ലഭിക്കുന്നില്ല. അദ്ധ്യാപകവൃത്തിലും മറ്റുമുള്ളവർ പാർട്ടി തീരുമാനമനുസരിച്ച് പഞ്ചായത്ത് പ്രസിഡണ്ടിന്റെയോ നഗരസഭാ അദ്ധ്യക്ഷന്റെയോ ചുമതല ഏറ്റെടുക്കേണ്ടി വരുന്പോൾ 5 വർഷം കൊണ്ടുണ്ടാവുന്ന സാന്പത്തിക നഷ്ടം വളരെ വലുതായിരിക്കും. ഈ ഇനത്തിൽ കഴിഞ്ഞ 5 വർഷം കൊണ്ട് 20 ലക്ഷം രൂപയുടെ സാന്പത്തിക നഷ്ടം അനുഭവിക്കുന്ന കുടുംബത്തിലെ അംഗമാണ് ഈ ലേഖകൻ. പക്ഷേ ഇന്നും ഒരു ചുമതല ഏറ്റെടുക്കുക വഴി വലിയ സാമൂഹ്യ അംഗീകാരവും അധികാരവും കൈവരുന്നു എന്നതാണ് ഇത്തരം ചുമതലകൾ ഏറ്റെടുക്കാനുള്ള പ്രചോദനം. ഇനി കൈവരുന്ന അധികാരങ്ങളുപയോഗിച്ച് അഴിമതി നടത്തുന്നതിനു പ്രയാസങ്ങളില്ലാത്തവരാണെങ്കിൽ കോടികൾ സന്പാദിക്കാമെന്നും പുതിയകാലത്ത് പലർക്കും പ്രചോദനമായി തീരുന്നുണ്ട്. ദൈനംദിന ജീവിതത്തിൽ എന്തിനും ഏതിനും ജനങ്ങൾ സമീപിക്കേണ്ടി വരുന്ന സ്ഥാപനം എന്ന നിലയിൽ അതിഭയാനകമായ അഴിമതി തന്നെയാണിന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നടന്നു വരുന്നത്. ഉദ്യോഗസ്ഥ വിഭാഗങ്ങളും ജനപ്രതിനിധികളും തമ്മിലുള്ള അവിശുദ്ധ സഖ്യം രൂപപ്പെട്ടു കഴിയുന്പോൾ അഴിമതിയിലൂടെയല്ലാതെ ഇത്തരം ഓഫീസുകളിൽ നിന്ന് കാര്യവും നടത്താൻ കഴിയില്ല എന്ന സ്ഥിതിയാണിന്ന്. അഴിമതിക്കും കൈകൂലിക്കും എതിരായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ ഒറ്റപ്പെടുത്തുകയും അവരെ കുഴിയിൽ ചാടിക്കുകയും ചെയ്യാനാണ് അഴിമതിക്കാർ കൂട്ടായി ശ്രമിക്കുക. ജനപ്രതിനിധികളുടെ അഴിമതി മലബാർ ഭാഗത്ത് ഏതാണ്ട് പതിറ്റാണ്ടുകൾക്ക് മുന്പ് താരതമ്യേന കുറവായിരുന്നെങ്കിൽ ഈ 10 വർഷത്തിനിടയിൽ മലബാറിലും സർവ്വ സാധാരണമായി തീർന്നിട്ടുണ്ട്. ഇടതുപക്ഷവും വലതുപക്ഷവും തമ്മിൽ ഇത്തരം കാര്യങ്ങളിലുണ്ടായിരുന്ന അതിർ വരന്പുകളും അതിവേഗമാണ് മാഞ്ഞുപോകുന്നത്.
ഇടത് പക്ഷ സംഘടനകളുടെ ജില്ലാതല നേതാക്കൾ പോലും കൈക്കൂലി മദ്യം എന്നിവയൊന്നും ലഭിക്കാതെ ഒരു ജോലിയും ചെയ്യില്ല എന്ന അവസ്ഥ കാര്യങ്ങൾ എത്രമാത്രം ഭയാനകമാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. ജനങ്ങളുടെ മനോഭാവത്തിലും ഇതിനനുസൃതമായ മാറ്റങ്ങൾ വന്നു കഴിഞ്ഞു എന്നതാണ് പരമപ്രധാനം. അഴിമതി വിരുദ്ധമായ ഒരു മനോഭാവവും ജനങ്ങൾ ഇപ്പോൾ വെച്ചു പുലർത്തുന്നില്ല. വിഹിതമായാലും അവിഹിതമായാലും കാര്യങ്ങൾ പെട്ടെന്ന് നടന്നു കിട്ടണം. അതിനു പണം മുതലിറക്കുന്നതിനും ബന്ധപ്പെട്ടയാൾക്ക് പ്രതിഫലം (കൈക്കൂലി) നൽകുന്നതിനും ജനങ്ങൾക്ക് മടിയേതുമില്ല. വളരെ പെട്ടെന്ന് കാലവിളംബരമില്ലാതെ കാര്യങ്ങൾ നടന്നു കിട്ടണമെന്ന് മാത്രം! അഴിമതിക്കെതിരായ യുവജന സംഘടനകളുടെ പ്രതിഷേധവും അത്തരക്കാരെ ജനകീയമായി തുറന്നു കാട്ടലുമൊക്കെ ഇന്ന് ഗതകാല സ്മരണകൾ മാത്രമാണ്.
ഇത്തരം നിഷേധാത്മകമായ വശങ്ങളൊക്കെ ഉള്ളപ്പോഴും അധികാര വികേന്ദ്രീകരണം വളരെയേറെ മഹത്തരമായ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട് എന്ന വസ്തുതയും നാം വിസ്മരിക്കാൻ പാടില്ല. സ്‌ത്രീ ശാക്തീകരണ രംഗത്തുണ്ടായ മുന്നേറ്റങ്ങൾ തന്നെയാണതിൽ പ്രധാനം. ഒറു വനിതാ സംവരണ മണ്ധലത്തിൽ പാർട്ടി പ്രവർത്തകനായ ഒരാളുടെ പൊതുപ്രവർത്തന പരിചയമില്ലാത്ത ഭാര്യയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത് ഇപ്പോഴും ഓർമ്മയിൽ നിന്ന് മായുന്നില്ല. ഭർത്താവിനെ ധിക്കരിക്കാൻ കഴിയാതെ ആ സ്‌ത്രീ കരയുകയായിരുന്നു. കന്നുകാലികളെ കൈകാര്യം ചെയ്യുന്നത് പോലെയാണയാൾ അവരെ കൈകാര്യം ചെയ്യുന്നത്. ഏതാണ്ട് ബലപ്രയോഗത്തിലൂടെയാണ് അവരെ നോമിനേഷൻ പേപ്പറുകളിലൊക്കെ ഒപ്പ് വെപ്പിച്ചത്. അവരുടെ കുടുംബ വോട്ടിന്റെ ബലത്തിൽ ജയിച്ചു. തുടർന്ന് കൗൺസിലറായ അവൾ ആദ്യത്തെ മാസങ്ങളിൽ വളരെ നാണം കുണുങ്ങിയായിരുന്നു. ശ്രമത്തിൽ ഒരു ജനപ്രതിനിധിയുടെ രൂപഭാവങ്ങൾ അവൾ ആർജിക്കുന്നതും ശക്തമായ ഒരു പൊതുപ്രവർത്തകയായി മാറുന്നതുമൊക്കെ കാണാനിടവന്നിട്ടുണ്ട്. പിന്നീടൊരിക്കൽ അതിക്രമം കാണിച്ച ഒരു പോലിസ് ഉദ്യോഗസ്ഥനെ വരച്ചവരയിൽ നിർത്തി ജനങ്ങളെ അണിനിരത്തി ചോദ്യം ചെയ്യുന്നതും ഒരു പെൺകുട്ടിയെ പിന്തുടർന്ന് പരിഹസിച്ച പ്രശസ്തനായ ഒരു സിനിമാനടനെതിരെ ശക്തമായി പ്രതികരിച്ചതുമൊക്കെ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ സംഭവങ്ങളായി മാറി. ഇതൊക്കെ കാണിക്കുന്നത് അവസരങ്ങൾ ഉണ്ടാകുന്പോൾ പിന്നോക്കമായ നിലയിൽ നിന്ന് ഉയർന്നു വരാൻ നമ്മുടെ തദ്ദേശഭരണ തെരഞ്ഞെടുപ്പുകളും അതിലേർപ്പെടുത്തിയ സംവരണവുമൊക്കെ സഹായകമാകുന്നുണ്ട് എന്ന് തന്നെയാണ്.
തദ്ദേശഭരണ സ്ഥാപനങ്ങളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന കുടുംബശ്രീ പോലുള്ള സംവിധാനങ്ങൾ സ്‌ത്രീ ശാക്തീകരണ മേഖലയിൽ വലിയ മുന്നേറ്റത്തിനു കാരണമായിട്ടുണ്ട്. പർലമെന്റു ജനാധിപത്യ മുറകൾ പരിശീലിക്കുന്നതിനും ഇത് ഒരുപാട് അവസരങ്ങൾ സാധാരണ മനുഷ്യർക്ക് നൽകുന്നുണ്ട്. പക്ഷെ ഇതിന്റെ പ്രയോജനം സമൂഹത്തിനു ലഭിക്കണമെങ്കിൽ രാഷ്ട്രീയ പാർട്ടികൾ വനിതകൾക്ക് തദ്ദേശഭരണ സ്ഥാപനങ്ങളിൽ മാത്രം സംവരണം ഏർപ്പെടുത്തിയത് കൊണ്ടായില്ല. നിയമസഭ, പാർലമെന്റ് എന്നിവയിലും സംവരണം ഏർപ്പെടുത്തണം. അത് മാത്രം മതിയാവില്ല സ്വന്തം വീട്ടിലും അടുക്കളയിലും പുരുഷന്മാർക്ക് 50% സംവരണം ഏർപ്പെടുത്തി, അത്തരം സ്ഥലങ്ങളിലെ ജോലികളിൽ നിന്ന് 50% വിടുതൽ സ്‌ത്രീകൾക്ക് ലഭിക്കണം. എങ്കിലെ അവൾക്ക് പൊതു രംഗത്ത് പിടിച്ചു നിൽക്കാനാകൂ. എന്നാലിന്ന് ഭക്ഷണം പാകം ചെയ്യുന്നതുൾപ്പെടെയുള്ള വീട്ടുജോലികൾ 100%വും വരുമാനത്തിന് വേണ്ടിയുള്ള സർക്കാർ ജോലി ഉൾപ്പെടെയുള്ള തൊഴിലുകളിൽ ഒരു വലിയ ശതമാനവും ചെയ്തു തീർത്തുകൊണ്ടാണ് പൊതുരംഗത്തും ഇവർ പ്രവർത്തിക്കേണ്ടി വരുന്നത്. ഇത് അവരിൽ വലിയതോതിലുള്ള പിരിമുറുക്കത്തിനു ഇടയാക്കുന്നുണ്ട്.