വെടിപ്പുരകൾക്ക് തീ വീഴുന്പോൾ
വെടിമരുന്നു പുരകൾ തീയേറ്റു വാങ്ങിയാൽ പിന്നെ കത്തിത്തീരേണ്ടതൊക്കെ കത്തി തീർന്നേ പറ്റൂ. പൊട്ടിത്തകരേണ്ടതൊക്കെ തകർന്നേ ഒക്കൂ. പാതിവഴിയിൽ ആർക്കെങ്കിലും അതിനെ തടയാനാവില്ല. അതിനുള്ള ആഗ്രഹങ്ങളും പരിശ്രമങ്ങളും ഒക്കെ വൃഥാ വ്യായാമങ്ങളായി തീരും. വിശ്വ മാനവ സംസ്കൃതി അത്തരത്തിലുള്ള ഒരു വെടിപ്പുരയാണോ? അത് തീയേറ്റു വാങ്ങി കഴിഞ്ഞോ? ഇനി മനുഷ്യകുലത്തിന്റെയോ ജൈവമണ്ധലത്തിന്റെയോ ഭൂമിയുടെ തന്നെയോ നാശം കാണാതെ ആ തീ അണയില്ല എന്നാണോ? ഒരുപക്ഷേ പുരോഗതിയിലേക്ക് വികസനത്തിലേക്ക് എന്നൊക്കെ നാം പുരപ്പുറത്ത് കയറി വിളിച്ചുകൂവുന്നത് വെടിപ്പുരകൾ കത്തിയമരുന്നതിന്റെ പ്രഭാപൂരം കണ്ട് കണ്ണുകൾ മഞ്ഞളിച്ചിട്ടാണോ?
ആധുനിക നാഗരികതയുടെ ഓരോ മണ്ധലവും മനുഷ്യന്റെ ഉള്ളം കയ്യിൽ അടങ്ങിയൊതുങ്ങി നിൽക്കുന്പോൾ മഹത്തരം തന്നെയാണ്. അത് തീർക്കുന്ന ദൃശ്യവിസ്‌മയം, ശബ്ദവിസ്‌മയം ഒക്കെ അപാരം തന്നെ. ‘മനുഷ്യൻ ഹാ എത്ര സുന്ദരമായ പദം’ എന്നൊക്കെ കവികൾക്ക് പറയാൻ തോന്നിയതും അത് കൊണ്ടായിരിക്കും. പ്രപഞ്ചത്തിന്റെ ഇരുളടഞ്ഞ ഭൂതകാലത്തിൽ നിന്ന് പുരോഗതിയുടെയും വികസനത്തിന്റെയും ഒരു കൈത്തിരിയുമായി പ്രയാണമാരംഭിച്ച മനുഷ്യൻ ഇന്നെവിടെ എത്തിയിരിക്കുന്നു? ആ കൈത്തിരിക്കൊണ്ട് അവൻ തീർത്ത അനന്തവിസ്മയങ്ങൾ അസാമാന്യം തന്നെ. ചുറ്റുപാടും ‘വികസനത്തിന്റെ, പുരോഗതിയുടെ’ പ്രഭാപൂരം തന്നെ സൃഷ്ടിച്ചു. ആ പ്രഭാപൂരം നാം ഹിരോഷിമയിലും നാഗസാക്കിയിലും കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടാകും. പ്രപഞ്ചത്തിന്റെ അതിരുകൾ തേടി ശൂന്യാകാശ വാഹനങ്ങളും ഉപഗ്രഹങ്ങളും തൊടുത്തു വിട്ടപ്പോൾ ഒരു കൊച്ചുകുട്ടിയുടെ അന്പരപ്പോടെ അത് നോക്കി നിൽക്കുകയാണ് മനുഷ്യകുലം. പ്രപഞ്ചത്തിന്റെ ഉൽപ്പത്തി തേടി ദൈവകണങ്ങൾ അന്വേഷിച്ച് ലാർജ് ഹെഡ്രോൺ കൊളൈഡറിൽ ചെന്നപ്പോഴും ഈ അന്പരപ്പ് കൂടുക തന്നെയായിരുന്നു. പ്രപഞ്ചത്തെ കുറിച്ചുള്ള അനന്തമായ അറിവുകളൊക്കെ ഒരു ബ്ലൂചിപ്പിനകത്ത് ഒതുക്കി, ഒരു വെർച്വൽ ലോകം തന്നെ സൃഷ്ടിച്ച്, അത് സ്വന്തം പോക്കറ്റിലൊതുക്കി വെച്ച് നടക്കുന്ന മനുഷ്യനെ കാണുന്പോഴും എന്തോ ഒരു അന്പരപ്പ് ഒരു ഭയം അനുഭവപ്പെടാറുണ്ട്.
അറിവ് തേടിയുള്ള മനുഷ്യന്റെ അനന്തമായ യാത്ര! അത് അനന്ത വേഗങ്ങൾ കൈവരിക്കുന്പോൾ നാം ഓടിയടുക്കുന്നത് എങ്ങോട്ടാണ്? പ്രപഞ്ചാവസാനത്തിന്റെ ആരംഭങ്ങളിലേക്കാണോ? ‘എതിരുകളോട് ഏറ്റുമുട്ടി ഏറ്റുമുട്ടി അവനവന്റെ പ്രതിരോധം പലകാലം കൊണ്ട് വളർത്തി’യത് അല്ലെങ്കിൽ വളർന്നത് എങ്ങോട്ടാണ്? ‘ഇരുളടഞ്ഞ ഭൂതകാല ഗഹ്വരത്തിൽ നിന്നുമവൻ അറിവുകളുടെ പുതിയവെട്ടം’ പകർന്നത് വെടിപ്പുരകൾക്ക് തന്നെയാണോ?
ഈ യാത്ര സർവ്വനാശത്തിലേക്കാണെങ്കിൽ അത്തരമൊരു തിരിച്ചറിവ് മനുഷ്യരാശിയുടെ പൊതു ബോധമാകാത്തത് എന്ത് കൊണ്ടായിരിക്കും? പാരിസ്ഥിതികമായ തകർച്ചകൾക്കെതിരായ കുറച്ചുപേരുടെ വിലാപങ്ങൾ ആരൊക്കെയോ ചേർന്ന് തൊണ്ടയിൽ തന്നെ കുരുക്കി കളയുന്നുണ്ടോ?
വനാന്തരങ്ങളിൽ നായാടിയായി, തെണ്ടിപ്പെറുക്കിയായി, നടന്ന മനുഷ്യൻ തന്നെയാണ് കൃഷി കണ്ടുപിടിച്ചത്. അങ്ങനെയാണ് അഗ്രികൾച്ചർ (Agriculture) ഉണ്ടായത്. ഇന്നത് ബയോടെക്നോളജിയും നാനോടെക്നോളജിയും ജീനോംടെക്നോളജിയും ഒക്കെയായി വികസിച്ചിരിക്കുന്നു. കൃഷിയിലൂടെ കോടാനുകോടി മനുഷ്യരെ ഊട്ടാനുള്ള സാങ്കേതിക വിദ്യകൾ അവന്റെ കൈവശമുണ്ട്. അപ്പോഴും കൃഷിക്കാരനെന്ത് കൊണ്ടാണ് ആത്മഹത്യയിൽ അഭയം തേടേണ്ടിവരുന്നത്? പട്ടിണി കൊണ്ട് ലോകത്താകമാനം കോടിക്കണക്കിനു മനുഷ്യർ ഇന്നും ചത്തൊടുങ്ങുന്നത് എന്തുകൊണ്ടാണ്? ഭക്ഷ്യപ്രതിസന്ധി രാജ്യങ്ങളെ തന്നെ തകർത്തുകളയുന്നത് എന്തു കൊണ്ടായിരിക്കും? കാട്ടിലകളും പഴയ തുകൽ ചെരിപ്പുകളും കളിമണ്ണ്‍ ചുട്ടെടുത്ത അപ്പങ്ങളൊക്കെ തിന്നു വിളർച്ചയും രോഗങ്ങളും ബാധിച്ച് മരിച്ചു കൊണ്ടിരിക്കുന്ന അമ്മമാർ, അവസാനകാലത്ത് ഇത്തിരി കഞ്ഞിവെള്ളം ചോദിക്കുന്പോൾ അത് ലഭിക്കാതെ മരിച്ചു പോകുന്നതിന്റെ വാർത്തകൾ നാം കേൾക്കേണ്ടി വരുന്നത് എന്തുകൊണ്ടായിരിക്കും? ജനനവും മരണവും കുട്ടിയൂണും പിറന്നാളും വിവാഹവും എന്നുവേണ്ട കിട്ടുന്ന ഓരോ നിമിഷവും ഭക്ഷണവും മദ്യവും കൊണ്ട് അർമാദിക്കുന്ന മലയാളക്കരയിൽ അട്ടപ്പാടിയിലെ ആദിവാസി കുഞ്ഞുങ്ങൾ പോഷകാഹാര കുറവ് മൂലം മരിച്ചു പോകുന്നുണ്ടെങ്കിൽ അതെന്തുകൊണ്ടായിരിക്കും? കടലിലും കായലിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും എന്നുവേണ്ട എല്ലായിടത്തും കൊക്കെയിനും പെണ്ണും മദ്യവുമായി അർമാദിക്കുന്ന കേരളത്തിൽ തന്നെയാണ് അട്ടപ്പാടി എന്ന് നാം എത്ര മലയാളികൾക്കറിയാം?
എല്ലാ വൻനഗരങ്ങളിലും സ്വന്തമായി ഫ്ളാറ്റുള്ള ധാരാളം മലയാളികൾ നമുക്കിടയിലുണ്ട്. മലയാളക്കരയിലെ ധാരാളം പഞ്ചനക്ഷത്ര കൊട്ടാരങ്ങൾ താമസിക്കാൻ ആളില്ലാത്തതുകൊണ്ട് അടച്ചിട്ടിരിക്കുകയാണ്. കുറെ കാവൽ നായ്ക്കളും സെക്യൂരിറ്റി ഏജൻസികൾ ചുമതലപ്പെടുത്തിയ വൃദ്ധരും, നൽകുന്ന കൂലിക്ക് ഉറക്കമൊഴിച്ച് ഈ സൗധങ്ങൾക്ക് കാവൽ നിൽക്കുന്നു. അപ്പോഴും സർക്കാറിന്റെ ഭവനനിർമ്മാണ പദ്ധതികളിൽ നിന്ന് വീടുവെക്കാൻ ലഭിച്ചേക്കാവുന്ന ഏതാനും ആയിരങ്ങൾക്കായി ജനപ്രതിനിധികളുടെ വീടുകളിലും സർക്കാർ ഓഫീസുകളിലും തിണ്ണ നിരങ്ങുന്നു. സ്വന്തം കൂരയിൽ കിടന്നു അന്ത്യശ്വാസം വലിക്കണമെന്ന ആഗ്രഹം നിറവേറപ്പെടാതെ പുറംപോക്കിലും ചേരികളിലുമൊക്കെ ചാണക പുഴുക്കളെ പോലെ നരകിക്കുന്നു. ഇതിനെയാണോ ആധുനിക നാഗരികത എന്ന് വിളിക്കുന്നത്?
ബുർജ് ഖലീഫകൾ പോലുള്ള പതിനായിരക്കണക്കിന് അന്പര ചുംബികളായ കെട്ടിടങ്ങൾ മനുഷ്യ സംസ്കൃതിയുടെ ചിഹ്നങ്ങളായി ഉയർന്നു നില്ക്കുന്ന നാടുകളിൽ തന്നെയാണ് ഐസ്സിന്റേയും ബോക്കോഹറാമിന്റേയുമൊക്കെ ഹിംസകളെ ഭയന്ന് പതിനായിരങ്ങൾ പലായനം തുടർന്നുകൊണ്ടിരിക്കുന്നത്. അക്കരപ്പച്ചകളെ കുറിച്ചുള്ള പ്രതീക്ഷകൾ ഇപ്പോഴും അവരുടെ മനസ്സിലുറങ്ങുന്നുണ്ട്. യൂറോപ്പ് എന്ന സ്വപ്നഭൂമിയെ ലക്ഷ്യമാക്കി അവർ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അശാന്തിയുടെ യാത്രകൾ; ഒരു ബോട്ടിൽ ആയിരങ്ങളെ കുത്തി നിറച്ചുള്ള കടൽ യാത്രകൾ; ഭക്ഷണമില്ലാതെ വെള്ളമില്ലാതെ പരസ്പരം തിങ്ങി നിറഞ്ഞിരുന്നു അവർ യാത്ര തുടരുന്നു. ആയിരങ്ങൾ കടൽ മൽസ്യങ്ങൾക്ക് ഭക്ഷണമായി അടിഞ്ഞു തീരുന്നു. ഐലാൻ കുർദിമാർ സമുദ്രത്തിന്റെ തലോടലേറ്റ് തീരങ്ങളിൽ മണൽ മെത്തകളിൽ അനന്തശാന്തത കൈവരിക്കുന്നു.
പ്രകൃതിയുടെ നിശ്ചയങ്ങളെ മറികടന്നുള്ള, അത്യുൽപാദനത്തിന്റെ അഹങ്കാരം തല ഉയർത്തി പിടിച്ചു നിൽക്കുന്ന മനുഷ്യന്റെ മുന്പിൽ തന്നെയാണ് അർബുദം പോലുള്ള രോഗങ്ങൾ അവരെ കാർന്നു തിന്നുകൊണ്ടിരിക്കുന്നത്. കോശങ്ങളുടെ അനിയന്ത്രിതമായ അത്യുൽപാദനമാണത്രേ അർബുദം. അപ്പോൾ നാം മനുഷ്യർ നടത്തുന്നത് എന്തിന്റെ അത്യുൽപാദനമാണ്? അർബുദത്തിന്റെയും മാറാരോഗങ്ങളുടേതുമാണോ? മനുഷ്യകുലത്തിന്റെ അന്ത്യത്തെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഇന്ന് പലവിധ വയറസ് രോഗങ്ങൾ ഉയർന്നു വരുന്നത്. മനുഷ്യന് നശിപ്പിക്കാൻ കഴിയാത്ത ഒരേസമയം നിർജീവവും സജീവവുമായ വയറസുകൾ മനുഷ്യകുലത്തിന്റെ അന്ത്യത്തിന് കാരണമായേക്കാം എന്ന ഒ.വി വിജയന്റെ പ്രവചനം യാഥാർത്ഥ്യമായി തീരുകയാണോ? നാം അവയവദാനത്തിന്റെ മഹത്വം ഉദ്ഘോഷിക്കുന്പോൾ അതിന്റെ നേട്ടം കൊയ്യുന്നതാരാണ്? നഷ്ടപ്പെടുന്നതാർക്കാണ്? ഒന്നോ രണ്ടോ വർഷക്കാലം ആയുസ്സ് നീട്ടിയെടുക്കുന്നതിനു കിടപ്പാടം പോലും വിറ്റുപെറുക്കി തെരുവ് തെണ്ടികളാകുന്ന സാധാരണ മനുഷ്യർ. അപ്പോഴും കോടികൾ തട്ടിയെടുക്കുന്നത് ആൾദൈവങ്ങളുടെ പഞ്ചനക്ഷത്ര ആശുപത്രികൾ. ട്രാഫിക് ബ്ലോക്കുകൾക്കിടയിലൂടെ ഹൃദയം കുതിച്ചെത്തുന്നത് സിനിമയ്ക്ക് വിഷയമാകുന്നു. ഏതാനും മാസങ്ങൾക്ക് ശേഷം അത് യാഥാർത്ഥ്യമാകുന്പോൾ നാം അഭിമാനം കൊള്ളുന്നു. ഹൃദയം വിമാനത്തിൽ പറന്നെത്താൻ സഹായിച്ച മുഖ്യമന്ത്രിയെ നാം അഭിനന്ദിക്കുന്നു. നമ്മുടെ മന്ത്രിമാർ കൂട്ടത്തോടെ ആശുപത്രികളിലെത്തി ശാസ്ത്രക്രിയ നടത്തിയ പഞ്ചനക്ഷത്ര ആശുപത്രി മുതലാളിയെ, മുതലാളികളുടെ കോടികൾ പ്രതിഫലം പറ്റുന്ന ഡോക്ടർമാരെ അഭിനന്ദിക്കുന്നു. അതിന്റെ പടങ്ങളും വാർത്തകളും നമ്മുടെ മാധ്യമങ്ങളിൽ നിറയുന്നു. പക്ഷെ പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ഒരു സർക്കാർ ആശുപത്രിയിൽ സമർപ്പണ ബോധത്തോടെ കുറെ ഡോക്ടർമാർ ഹൃദയമാറ്റ ശാസ്ത്രക്രിയ നടത്തുകയും വിജയിപ്പിക്കുകയും ചെയ്തിരുന്നു. ആൾദൈവങ്ങളുടെ ആശുപത്രികളിൽ കോടികൾ ചിലവാകുന്ന ഈ പ്രക്രിയ ഏതാനും ലക്ഷങ്ങൾ കൊണ്ടാണവർ പൂർത്തീകരിച്ചത്. പക്ഷെ അത് നമ്മുടെ മാധ്യമങ്ങൾക്ക് വാർത്തയാകുന്നില്ല. അഥവാ അത് വാർത്തയാകുന്നുവെങ്കിൽ ഉൾപ്പേജിൽ ഒറ്റ കോളം മാത്രമായി ഒതുങ്ങുന്നു. ചാനലുകളിലൊക്കെ ന്യൂസ് ഇൻ ബ്രീഫ് ആയി ചുരുക്കുന്നു. അതെന്തു കൊണ്ടായിരിക്കും? സർക്കാർ ആശുപത്രികൾക്കും അവിടുത്തെ ഡോക്ടർമാർക്കും അവിടെ ശാസ്ത്രക്രിയക്ക് വിധേയമായ രോഗികൾക്കുമൊന്നും ഹൃദയമില്ലെ? അല്ലെങ്കിൽ ആ ഹൃദയങ്ങൾക്ക് വിലയില്ലാതാകുന്നത് എന്തുകൊണ്ടായിരിക്കും? അർബുദ രോഗികൾക്ക് ലക്ഷങ്ങൾ വിലവരുന്ന മരുന്നുകളെ ഇന്ന് മാർക്കറ്റിൽ ഉള്ളു. പലതും ഒരു പ്രയോജനവും ചെയ്യാത്തതാണ് എന്ന് ഡോക്ടർമാർ തന്നെ പറയുന്നു. പക്ഷെ ഒരു പ്രയോജനവുമില്ലെങ്കിലും ഇത്തരം മരുന്നുകൾ ഡോക്ടർമാർ കുറിച്ചു കൊടുത്തുകൊണ്ടിരിക്കും. തന്റെ പ്രിയപ്പെട്ടവരേ രക്ഷപ്പെടുത്താനുള്ള വെപ്രാളത്തിൽ കിടപ്പാടം വിറ്റ് അത്തരം മരുന്നുകൾ വാങ്ങി നൽകും. ഫലത്തിൽ പ്രിയപ്പെട്ടവരോടൊപ്പം ഉള്ള കിടപ്പാടവും നഷ്ടപ്പെടും. അർബുദ മരുന്ന് ഗവേഷണം ഇന്ന് പൂർണ്ണമായും സ്വകാര്യ കുത്തകയുടെ അധീനതയിലാണ്. എന്തുകൊണ്ടായിരിക്കാം സർക്കാരുകൾ ഇത്തരം മേഖലയിൽ ശ്രദ്ധിക്കാത്തത്? ഒരു മരുന്ന് ഗവേഷണ സ്ഥാപനം പോലും വികസിപ്പിക്കാത്തത്? ലോകത്താകമാനം അർബുദം ഉൾപ്പെ
ടെയുള്ള രോഗങ്ങൾക്ക് സമാന്തര ചികിത്സയുണ്ട്.ഒന്നിനെയും ഒരു സർക്കാരും ഒരാവശ്യമായി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടായിരിക്കും? അത്ഫലപ്രദമാണോ എന്ന് അന്വേഷിച്ച് സാക്ഷ്യപ്പെടുത്താനുള്ള സംവിധാനങ്ങളൊന്നും ഒരുക്കാത്തത് എന്തുകൊണ്ടായിരിക്കും? ഒരു പ്രോത്സാഹനവും സർക്കാർ ഇവർക്ക് നൽകുന്നില്ലല്ലോ? അത്തരം ചികിത്സകൾ ‘നിയമവിരുദ്ധമായത്’ എന്ന് കണ്ണുരുട്ടുകയും
ശിക്ഷാവിധിയുമായി ഇറങ്ങിപ്പുറപ്പെടുകയും ചെയ്യുന്നു. ഇതൊക്കെ എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് അന്വേഷിക്കാൻ ഏതെങ്കിലും ജനകീയ ശാസ്ത്ര പ്രവർത്തകൻ ഇറങ്ങി തിരിച്ചാൽ ആദ്യം അദ്ദേഹത്തെ പ്രലോഭിച്ചും സമ്മാന പൊതികൾ നൽകിയും പിന്തിരിപ്പിക്കും. അതിനു വഴങ്ങിയില്ലെങ്കിൽ ഭീഷണിയും കേസ്സും ജയിലുമൊക്കെയാകും. അയാൾ ഏതെങ്കിലും തീവ്രവാദിയോ അക്രമിയോ ആയി മുദ്രകുത്തപ്പെടും. വിചാരണ പോലുമില്ലാതെ തടവിലാകും. ഇത്രയൊക്കെയായിട്ടും പഠിച്ചില്ലെങ്കിൽ അയാൾ ഒരജ്ഞാത ശവമായി ഒടുക്കുകയും ചെയ്യും. ഇതൊക്കെ ചേരുന്നതാണ് നമ്മുടെ ആധുനിക നാഗരികത എന്ന് നമ്മിൽ എത്ര പേർക്കറിയാം?
തലകറങ്ങുന്നു എന്ന് നാമൊക്കെ പറയാറുണ്ട്. അപ്പോഴും നമ്മുടെ തല കറങ്ങുന്നില്ല. നമ്മുടെ ചുറ്റുമുള്ള ലോകമാണ് കറങ്ങുകയോ നൃത്തം ചെയ്യുകയോ ഒക്കെ ചെയ്യുന്നത്. അപ്പോഴും ലോകത്തിന്റെ കറക്കം ശരിയല്ല എന്ന് പറയാൻ ജനാധിപത്യത്തിൽ നമുക്ക് അധികാരമില്ല. ജനാധിപത്യത്തിൽ അധികാരം കാണാൻ അനുവദിക്കുന്നത് മാത്രം കാണാനേ നമുക്ക് അവകാശമുള്ളൂ. നാം കാണേണ്ടതില്ല; അറിയേണ്ടതില്ല എന്ന് നിശ്ചയിച്ച ഒരു കാര്യം നാം അന്വേഷിച്ച് ചെല്ലുന്പോൾ നാം വിഗ്രഹഭഞ്ജകരോ വ്യവസ്ഥാ വിരോധികളോ ആയി തീരും. അവരെ കൈകാര്യം ചെയ്യാൻ അംബേദ്‌കർ നിർമ്മിച്ച ഭരണഘടനയും രാജ്യത്തെ സാധാരണ നിയമങ്ങളും നീതിന്യായ സംവിധാനങ്ങളും മതിയാവില്ല. അതിനാണ് യു.എ.പി.എയും വെസ്പയും കാപ്പയുമൊക്കെ. അത്തരത്തിലുള്ള നിയമം പ്രയോഗിക്കുന്നത് നമുക്ക് വേണ്ടിയാണ്; അല്ലാതെ ഭരിക്കുന്നവർക്ക് വേണ്ടിയല്ല, എന്ന് വിശ്വസിക്കാൻ എളുപ്പമായതുകൊണ്ട് അതാണ് നമുക്ക് സൗകര്യം.
ഏതായാലും മനുഷ്യൻ വികസനത്തിന്റെ, പുരോഗതിയുടെ, സംസ്കൃതിയുടെ ഒക്കെ പേരിൽ നിർമ്മിച്ചു കൂട്ടുന്ന വെടിപ്പുരകൾക്ക് തീ വീണു കഴിഞ്ഞു എന്നതാവാം വാസ്തവം. ഇനി എല്ലാം കത്തിയമരാതെ ഒരു വെടിനിർത്തൽ സാധ്യമാകണമെന്നില്ല. അപ്പോൾ തീ വിഴുങ്ങി പോകുന്നത് മനുഷ്യൻ മാത്രമായിരിക്കില്ല; ഒരുപക്ഷേ ജൈവ മണ്ധലം ഒരുമിച്ചാകാം. ചിലപ്പോഴത് ഭൗമമണ്ധലം ആകെയാവാം. എന്തായാലും ‘അത് കാണാൻ ഇവിടെ അവശേഷിക്കയില്ല; ആരുമീ ഞാനും.’