മണിമുഴങ്ങുന്നത് ആർക്കു വേണ്ടി?...


ഒരിടത്ത് ഭയപ്പാടോടെ ഒത്തുകൂടിയിരിക്കുകയാണവർ. പുറത്ത് കണ്ടാമൃഗം ജനങ്ങളെ തേറ്റയിൽ കൊരുക്കുന്നുണ്ട്. അതിന്റെ വാർത്തകൾ വന്നുകൊണ്ടിരിക്കുന്പോൾ അടുത്തത് ആര് എന്ന ആകാംക്ഷ അവരിൽ ഭയപ്പാടിന്റെ പുതിയ പുതിയ അനുഭവങ്ങളാകുന്നു. അതിനിടയിൽ അവരുടെ ഇടയിൽ നിന്ന് പുറത്ത് വിവരങ്ങളറിയാൻ പോകുന്നവരാരും തിരിച്ചു വരുന്നില്ല. അത് ആ അന്തരീക്ഷത്തിന്റെ ചങ്കിടിപ്പ് കൂട്ടുന്നു. ഒടുവിൽ അവർ രണ്ടുപേർ മാത്രമാവുന്നു. അപ്പോഴേക്കും പരസ്പരവിശ്വാസം പോലും അവർക്ക് നഷ്ടമാകുന്നു. ഭയം ഒരാവണം പോലെ അവരെ പൊതിഞ്ഞു കഴിഞ്ഞിരുന്നു. ഇതിനിടയിൽ ആര് ആരുടെ ഒറ്റുകാരനാകും എന്ന ഉത്‌കണ്‍ഠ അവരെ വേട്ടയാടുന്നു. അപ്പോഴാണ്‌ സുഹൃത്തിന് തേറ്റയുള്ളത് മറ്റെയാൾ കാണുന്നത്. ഫാസിസത്തിന്റെ ഉന്മൂലന സിദ്ധാന്തം എത്രമാത്രം സൂക്ഷ്മമായാണ് നമ്മെ കീഴ്പ്പെടുത്തുക എന്ന് ബോധ്യപ്പെടുത്തുന്നതാണ് യൂജിൻ യോനസ്കിന്റെ കണ്ടാമൃഗം എന്ന ഈ നാടകം. ഈ നാടകം പതിറ്റാണ്ടുകൾക്ക് മുന്പ് എഴുതപ്പെട്ടതാണെങ്കിലും നമ്മുടെ ചുറ്റുപാട് ഏതാണ്ട് ഇതേ പരുവത്തിൽ ആയി കഴിഞ്ഞിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. 

രാജ്യത്ത് ഭരണം കയ്യാളുന്ന സംഘപരിവാറുകാർ നടപ്പാക്കുന്ന ഫാസിസ്റ്റ് അജണ്ട, മതേതരവും പുരോഗമനപരവുമായ നമ്മുടെ മൂല്യങ്ങളെ കൊന്നൊടുക്കാൻ തുടങ്ങിയിരിക്കുന്നു. ശാസ്ത്രചിന്തകനും ഇന്ത്യൻ കമ്മ്യൂണിസ്റ്റുമായിരുന്ന ഗോവിന്ദ് പൻസാരെ ഫാസിസ്റ്റുകൾ നടപ്പിലാക്കുന്ന ഉന്മൂലന സിദ്ധാന്തത്തിനു ഇരയായിട്ട് ഏറെ നാളുകളായി. ഇക്കഴിഞ്ഞ ദിവസമാണ് പൻസാരെയുടെ കൊലയാളികളെ തിരിച്ചറിയാനെങ്കിലും പോലീസ് തയ്യാറായത്. ഒരാളെ പിടികൂടിയെങ്കിലും മറ്റുള്ളവർക്കു വേണ്ടിയുള്ള അന്വേഷണം എങ്ങുമെത്തിയില്ല. സംഘപരിവാറുകാരുടെ കണ്ണിലെ കരടായത് കൊണ്ടാണ് ധാൽബോക്കറിനും ജീവിതം നഷ്ടമായത്. ഫാസിസം നടപ്പാക്കുന്ന ഉന്മൂലനത്തിന്റെ ഒടുവിലത്തെ ഇരയാണ് കന്നട സാഹിത്യകാരനായ പ്രൊ. കൽബുർഗി. ഹംബിയിലെ കന്നട സർവകലാശാലയുടെ വൈസ് ചാൻസലർ ആയിരുന്നു കൽബുർഗി. കന്നട സാഹിത്യ അക്കദമിയും ലോകസാഹിത്യ അക്കാദമിയും അവാർഡ് നൽകി ആദരിച്ച സാഹിത്യ പ്രതിഭ. ചിന്തയുദിച്ച കാലം മുതലെ കൽബുർഗി കർണാടകത്തിലെ നവോത്ഥാന നായകൻ ബഡവേശ്വരന്റെ കാഴ്ച്ചപാടിലൂടെയാണ് ലോകത്തെ അദ്ദേഹം നോക്കിക്കണ്ടത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബഡവേശ്വരൻ അനാചാരങ്ങളെ തിരുത്താൻ ശ്രമിച്ച മഹാത്മാവ് ആയിരുന്നു. ശ്രീനാരായണ ഗുരുവിന് സംഭവിച്ചത് പോലെ ബഡവേശ്വരനും തന്റെ ആശയഗതിക്ക് നേർവിപരീതമായി ദൈവീക പരിവേഷം നൽകാനായിരുന്നു സമുദായം ശ്രമിച്ചത്. കർണാടകയിലെ ലിംഗായത്ത് സമുദായത്തിന്റെ കാണപ്പെട്ട ദൈവമാണിന്നു ബഡവേശ്വരൻ. അതെസമയം കൽബുർഗി ലിംഗായത്ത് സമുദായ നേതാക്കൾ ആഗ്രഹിച്ച പോലെ ബഡവേശ്വരന്റെ ആത്മീയ വായനയ്ക്ക് അല്ല മുതിർന്നത്.

ബഡവേശ്വരൻ എന്ന ആത്മീയബിംബത്തെ ചരിത്രപരമായി വായിച്ച കൽബുർഗി യുക്തിമാർഗത്തിലേക്ക് തന്റെ ചിന്തയെ നയിച്ചു. കൽബുർഗിയുടെ വിവാദമായ ‘മാർഗ് ഒന്തും’ എന്ന പുസ്തകത്തിലും ഇതുപോലൊരു വായനയാണ് കൽബുർഗി നടത്തിയത്. ‘മാർഗ് ഒന്തും’ എന്ന് പറഞ്ഞാൽ മാർഗം ഒന്ന്. അതായത് ഒന്നാമത്തെ മാർഗം; സാഹിത്യത്തിലേക്കുള്ള ആദ്യമാർഗം കന്നഡ സാഹിത്യ പ്രവേശിക. ഈ പുസ്തകത്തിൽ തെറ്റായ രീതിയിൽ ബഡവേശ്വരനെ ചിത്രീകരിച്ചു എന്നതായിരുന്നു സംഘപരിവാറുകാരുടെ പ്രധാന ആരോപണം. 

ബഡവേശ്വരന്റെ ചിന്ത ഉൾക്കൊണ്ട് വിഗ്രഹാരാധനയ്ക്ക് എതിരേയും ആരാധനാലയങ്ങളിലെ ചൂഷണത്തെ കുറിച്ചും ഒക്കെ കൽബുർഗി പ്രസംഗിച്ചു തുടങ്ങിയത് സംഘപരിവാറുകാരെ കൂടുതൽ പ്രകോപിതരാക്കി. അവർ ബജ്്റംഗദളിന്റേയും വിശ്വഹിന്ദു പരിഷത്തിന്റേയും ഒക്കെ പേരിൽ കൽബുർഗിക്കെതിരെ പോസ്റ്റർ യുദ്ധം നേരത്തെ തന്നെ തുടങ്ങിയിരുന്നു. കേന്ദ്രത്തിൽ വന്ന ഭരണമാറ്റം അവരെ കൂടുതൽ ധൈര്യമുള്ളവരാക്കി എന്ന് വേണം കരുതാൻ. ഭരണം മാറിയതോടെ ജൂത പാതിരി പാസ്റ്റർ നീം മുള്ളർ ഫാസിസത്തെ വിശദീകരിച്ച് എഴുതിയ മണി മുഴങ്ങുന്നത് ആർക്കുവേണ്ടി എന്ന കവിതയിൽ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു.

‘‘അവർ ആദ്യം തൊഴിലാളികളെ, കമ്മ്യൂണിസ്റ്റുകാരെ തേടി വന്നു. ഞാൻ മിണ്ടിയില്ല. കാരണം ഞാൻ തൊഴിലാളി അല്ലായിരുന്നു. പിന്നീടവർ ക്രിസ്ത്യാനികളെ തേടി വന്നു. ഞാൻ മിണ്ടിയില്ല. കാരണം ഞാൻ പ്രൊട്ടസ്റ്റന്റ് ആയിരുന്നു. അവസാനം അവർ എന്നെ തേടി വന്നു. അപ്പോൾ തെരുവിൽ എനിക്ക് വേണ്ടി സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ല.” അതുപോലെ ഇവിടെ ആദ്യം അവർ പൻസാരയെ തേടി വന്നു. നാം മിണ്ടിയില്ല. കാരണം നാം പൻസാരയുടെ ആരും ആയിരുന്നില്ല. പിന്നീടവർ ധാൽബോക്കറെ തേടി വന്നു. അപ്പോഴും നാം മിണ്ടിയില്ല കാരണം ധാൽബോക്കർ നമ്മുടെ ആരുമായിരുന്നില്ല. പിന്നീടവർ കൽബുർഗിയെ തേടി വന്നു. നാം മിണ്ടിയില്ല കാരണം കൽബുർഗി നമ്മുടെ ആരുമായിരുന്നില്ല. അവസാനം അവർ നമ്മെ ഓരോരുത്തരെയും തേടി വരും. നാം ഇനിയും നിശബ്ദരായി നിന്നാൽ തെരുവിൽ നമുക്ക് വേണ്ടി ശബ്ദിക്കാൻ ആരും ബാക്കി ഉണ്ടാവില്ല.

You might also like

Most Viewed