കരിനഖങ്ങളും തേറ്റകളും ദീർഘകാലം മറച്ചു വെയ്ക്കാനാവില്ല
വർത്തമാനം
കാലത്തിന്റെ ചുമരുകളെ വെള്ളപൂശി മനോഹരമാക്കി വെക്കാൻ ലോകത്തിന്റെ മുതലാളികൾക്ക് ബാധ്യതയുണ്ട്. അവരത് ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും. മനോഹരമായ പൂക്കൾകൊണ്ട്, ഛായചിത്രങ്ങൾ കൊണ്ട്, സംഗീതം കൊണ്ട് ഒക്കെ അവൻ ചുമരുകൾ അലങ്കരിക്കും. ചുവരിനപ്പുറത്തെ വിശപ്പിന്റെ ദുർഗന്ധം, യുദ്ധത്തിന്റെ ചോരക്കറകൾ, അഭയാർത്ഥിയുടെ ആർത്തനാദങ്ങൾ ഒക്കെ മറക്കാൻ ഇതൊക്കെ മതിയാകും എന്ന് അവർ കരുതുകയും ചെയ്യും. അപ്പോഴും കാലത്തിന്റ നേർചിത്രം ചരിത്രത്തിന്റെ അടയാളപ്പെടലായി ചുമരുകളിൽ തെളിയും. വെള്ള പൂശി മനോഹരമാക്കിയ ചുമരിൽ നിന്ന് ചോരയൊഴുകും. പൂക്കളിൽ നിന്ന് ചലം പൊട്ടി പരക്കും. ഛായാചിത്രങ്ങളിൽ വ്രണങ്ങൾ പ്രത്യക്ഷപ്പെടും. തംബുരുകളിൽ നിന്ന് ആർത്തനാദങ്ങൾ അലർച്ചയായി പുറത്ത് വരും. അങ്ങിനെ ചരിത്രം യാഥാർത്ഥ്യങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് തന്നെയിരിക്കും.
അത്തരം ഒരടയാളപ്പെടുത്തലാണ് തുർക്കിയുടെ കടലോരത്ത് തിരമാലകളുെട തലോടലേറ്റ് നനഞ്ഞ പൂഴിമെത്തയിൽ ചേതനയറ്റ് കിടക്കുന്ന ആ കുഞ്ഞ് ശരീരം. ഐലാൻ കുർദി എന്ന മൂന്നു വയസ്സുകാരൻ. ആ ചിത്രത്തിലേയ്ക്ക് ഒരു നിമിഷം നോക്കി നിൽക്കൂ, ലോകം മുഴുവൻ ആ ചിത്രത്തിൽ പ്രതിബിംബിക്കുന്നത് കാണാം. തന്റെ ഇടം നഷ്ടപ്പെട്ടവന്റെ പലായനങ്ങൾ കാണാം. പട്ടിണിയുടെ ഏകതാനമായ ഭാഷയറിയാം. വെട്ടിപ്പിടുത്തങ്ങളുടെ കോന്പല്ലുകളിലൊടുങ്ങിപ്പോയ മനുഷ്യരെ കാണാം. ആര് എത്രയൊക്കെ ആഗ്രഹിച്ചാലും നിലൂഫർ ഡെമിറിന്റെ ചിത്രത്തെ മറയ്ക്കാനാവില്ല. ദുഗാൻ വാർത്താ ഏജൻസിയുടെ ലേഖികയും ഫോട്ടോഗ്രാഫറുമായ ഇവർ തന്റെ തൊഴിലിന്റെ ഭാഗമായി പകർത്തിയ ഒരു ചിത്രം. അത് തന്റെ ക്യാമറയെ അതിലംഘിച്ച്, തന്നെത്തന്നെ അതിലംഘിച്ച് വളരുന്നത് ഒരുപക്ഷേ അത്ഭുതത്തോടെയായിരിക്കും അവരും കണ്ടു നിൽക്കുന്നത്. ഐലാന്റെ അപ്പുറത്ത് സഹോദരൻ ഗാലിഫ് അതിനുമപ്പുറം ഒരു പതിനൊന്നുകാരൻ. അപ്പോൾ 150 മൈലുകൾക്കപ്പുറം കടൽത്തീരത്ത് ഐലാന്റെ അമ്മ കിടപ്പുണ്ടായിരുന്നു. റെഹൻ എന്ന പെറ്റമ്മ. മൊത്തം 12 പേർ. ആർക്കും ജീവനുണ്ടായിരുന്നില്ല. സിറിയയിൽ നിന്ന് യൂറോപ്പിലേക്കുള്ള പലായനത്തിനിടയിൽ ഇജിയൻ കടലിൽ വീണ് മരിച്ചവർ...
കാലം ചലച്ചിത്രമായി പിറക്കുന്പോൾ.....
(പത്തൊന്പതാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ രണ്ട് സിനിമകളെക്കുറിച്ചുള്ള ലേഖകന്റെ നിരൂപണം ഫോർ പി.എം ന്യൂസിൽ പ്രസിദ്ധീകരിച്ചത്.)
“രാത്രികൾക്ക് ദൈർഘ്യമേറുന്നു,
എന്റെ മുറിവുകൾ, അവയുടെ
സമയം നിശ്ചയിക്കുന്നു.
കണ്ണുകൾ വരണ്ടുണങ്ങുന്നു,
കണ്ണുകളിൽ ചോര തളം കെട്ടുന്നു”
ഏതോ അജ്ഞാതനായ കവിയുടെ വരികൾ. പള്ളികളിലെ പ്രാർത്ഥനയുടെ ഈണത്തിൽ ഈ വരികൾ നമ്മെ തേടിയെത്തുന്പോൾ വിശാലവും മനോഹരവും പുരാതനവുമായ ആ ആരാധനാലയത്തിന്റെ വൃത്തിയും വെടിപ്പുമുള്ള മുറ്റത്ത് പർദ്ദയണിഞ്ഞ ഒരു സ്ത്രീ കടന്നുവരുന്നു. ഇറാഖി എഴുത്തുകാരനായ സഖറിയ ദുഃഖഭാരം കൊണ്ട് കുനിഞ്ഞ ശിരസ്സോടെ അവരെ ശ്രദ്ധിക്കുന്പോൾ പിറകെ പർദ്ദയണിഞ്ഞ ധാരാളം സ്ത്രീകൾ. അവർക്കിടയിലകപ്പെടുന്ന സഖറിയ അവരുടെ മുഖങ്ങളെ മറന്നുപോകുന്നു. ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പൂത്തു നിൽക്കുന്ന ആ മുഖങ്ങൾ വിസ്മൃതിയിലാകുന്പോൾ അത് കാലത്തെ അടയാളപ്പെടുത്തുന്നു. കാലത്തിന്റെ കറുപ്പും പർദ്ദയുടെ കറുപ്പും ഒന്നായിത്തീരുന്നു. പർദ്ദയണിഞ്ഞ സ്ത്രീകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സ്ക്രീനിലെ വെളിച്ചം ചുരുങ്ങി വരികയും അവസാനം അത് പൂർണ്ണമായി കറുത്തുപോകുകയും ആ കറുപ്പിനകത്ത് എവിടെയോ സഖറിയ എന്ന എഴുത്തുകാരന് സ്വന്തം മുഖം നഷ്ടപ്പെടുകയും ചെയ്യുന്നു.
ഇത്തവണ തിരുവനന്തപുരം ചലച്ചിത്രമേളയിൽ കണ്ട ‘ദി നേരോ ഫ്രെയിം ഓഫ് മിഡ്നൈറ്റ്’ എന്ന മൊറോക്കൻ സിനിമയുടെ അവസാന ഫ്രെയിമാണിത്. പ്രശസ്ത സംവിധായകൻ താലാ ഹദീദിന്റെ 93 മിനുട്ട് ദൈർഘ്യമുള്ള സിനിമ. 2014ൽ ഒരു മൊറോക്കൻ ബ്രിട്ടീഷ്, ഫ്രാൻസ്, ഖത്തർ സംരഭമായി പിറന്ന വീണ തികച്ചും പുതിയ ഈ ചലച്ചിത്രകാവ്യം, നാം ജീവിക്കുന്ന കാലത്തെ ഒരു കണ്ണാടിയിലെന്ന പോലെ നമുക്ക് മുന്പിൽ അടയാളപ്പെടുത്തുന്നു. അനിവാര്യമായും നമ്മുടെ മുന്പിലെത്തുന്ന ജീവിതത്തെ ഒരു ദൈവനിശ്ചയം പോലെ അബോധപൂർവ്വം ജീവിച്ചു തീർത്തുകൊണ്ടിരിക്കുന്ന മനുഷ്യനെ ബോധത്തിലേക്ക് കുലുക്കിയുണർത്തുകയാണീ ചിത്രം. സഖറിയ എന്ന എഴുത്തുകാരൻ, യുദ്ധത്തിലും അഭയാർത്ഥി പ്രവാഹങ്ങൾക്കിടയിലും നഷ്ടപ്പെട്ടുപോയ തന്റെ സഹോദരനെ അന്വേഷിച്ചുള്ള അലച്ചിലിനിടയിലാണ്, വർത്തമാനകാലത്തിന്റെ ജീവിതം നമുക്ക് മുന്പിൽ തുറന്നു വെയ്ക്കുന്നത്. കിണറ്റിലെ തവളയെപ്പോലെ, തന്റെ ഇത്തിരി വെട്ടത്ത്, കൊഴുത്ത ചവർപ്പുകളിൽ നീന്തി കുഴയുന്പോഴും ഇത്തിരി ശർക്കരയുടെ മധുരം സ്വപ്നം കാണുന്നു. അത് തനിക്ക് വേണ്ടി എവിടെയോ ആരോ കരുതി വെച്ചിട്ടുണ്ടെന്നും അത് കണ്ടെത്തെനാണീ യാത്ര എന്നും ആശ്വസിക്കുന്നു. ആ ഇത്തിരി മധുരത്തെകുറിച്ചുള്ള പ്രതീക്ഷയിൽ അവർക്ക് ഒക്കെ മറക്കാൻ കഴിയും. സഹജീവികളുടെ ദുരന്തങ്ങൾ കാണാതെ അവനവനിലേക്ക് തന്നെ ഉൾവലിയാൻ കഴിയും. കബന്ധങ്ങൾ ചീഞ്‍ഞളിയുന്ന, ചോര ചാലിട്ടൊഴുകുന്ന ലോകം കാണാതെ, പാർശ്വങ്ങളിലെ കാഴ്ചകൾ മറക്കപ്പെട്ട കുതിരയെപ്പോലെ അവൻ ഓടിക്കൊണ്ടേയിരിക്കുന്നു. ഇത്തിരിപോന്ന ശർക്കരയുടെ മധുരം തേടി.
നവ ഉദാരവൽക്കരണത്തിന്റെ വർത്തമാനകാലത്തെ ലോകത്തിന്റെ പരിഛേദമാണ് സിനിമക്ക് കുറുകെ കടന്നുപോകുന്നത്. അത് അവതരിപ്പിക്കുന്നതിന് മൊറോക്കോ, ഇസ്താബൂൾ, കുർദിസ്ഥാൻ സമതലങ്ങൾ കടന്നുള്ള ഒരു യാത്രയെ, തന്റെ സഹോദരനെ തേടിയുള്ള അലച്ചിലിനെ, സഖറിയ എന്ന എഴുത്തുകാരൻ മറ്റൊരർത്ഥത്തിൽ സംവിധായകനായ തലാഹദീദ് മാധ്യമമാക്കുന്നു. മൂലധനം ചോരയും നീരും ഊറ്റിയെടുത്ത് ജീവിതത്തിന്റെ പുറന്പോക്കുകളിലേക്ക് നിരന്തരമായി വലിച്ചെറിഞ്ഞുകൊണ്ടിരിക്കുന്ന കുടിയേറ്റക്കാർ, നാടു കടത്തപ്പെട്ടവർ, അഭയാർത്ഥികൾ, നാടോടികൾ എന്നിവരുടെയൊക്കെ ഭയാനകമായി വളർന്നുകൊണ്ടിരിക്കുന്ന ജീവിതങ്ങൾക്കിടയിലൂടെയാണ് അയാൾ അലയാൻ വിധിക്കപ്പെടുന്നത്. ഇറാഖിലെ ബാഗ്ദാദ് നഗരത്തിലെ തകർന്നു കിടക്കുന്ന ലൈബ്രറിയുടെ തടവിൽ നിന്ന് വിടുതൽ നേടാനാവാതെ അവിടെ തന്നെ കഴിയുന്ന ലൈബ്രേറിയനെ സഖറിയ സഹോദരന്റെ പടവുമായി സമീപിക്കുന്നുണ്ട്. ചുമരിലൊട്ടിച്ചു വെച്ച കാൾമാർക്സിന്റെ പടം ലോകത്തിന്റെ ഭാവിയെക്കുറിച്ചുള്ള അയാളുടെ പ്രതീക്ഷ തന്നെയാണ്. സഹോദരനെ അയാൾക്ക് തിരിച്ചറിയാനാവുമെങ്കിലും അത് മുഖമുള്ള ഒരു വ്യക്തി എന്ന നിലയിലല്ല. കബന്ധങ്ങളാക്കപ്പെട്ട അനേകായിരങ്ങളിൽ ഒന്ന് എന്ന നിലയിലാണ്. ഇത് മനുഷ്യരുടെ നഗരമല്ല, ശവശരീരങ്ങളുടെ നഗരമാണ് എന്ന് പറയുന്പോൾ ഒരുപക്ഷേ സഖറിയ പ്രതീക്ഷിക്കുന്ന ഉത്തരമാകുന്നില്ല. പക്ഷെ സത്യസന്ധമായി ഈ ലോകത്തെ കണ്ടെത്തുന്ന തനിക്ക് ഇതേ പറയൻ കഴിയൂ എന്ന് ആ മുഖത്തെ നിസ്സംഗത വിളിച്ചു പറയുന്നുമുണ്ട്. മൂലധനത്തിന്റെ പടയോട്ടത്തിൽ വറ്റിവരണ്ടുപോയ ജീവിതത്തിന്റെ ചോരയുടെയും കണ്ണീരിന്റെയും ഉപ്പും ചവർപ്പും നമ്മെ എളുപ്പം ബോധ്യപ്പെടുത്തുന്നതിന് ഒരു പെൺകുട്ടിയുടെ സഹായം സംവിധായകൻ തേടുന്നുണ്ട്. വീട്ടിൽ നിന്ന് തട്ടിയെടുക്കപ്പെടുകയും വിൽക്കപ്പെടുകയുമൊക്കെ ചെയ്യുന്ന, മൊറോക്കോയുടെ കാടുകളിൽ നിന്ന് കണ്ടെടുക്കപ്പെടുന്ന ഒരു പെൺകുട്ടി ആയിഷ, അവൾ കുറ്റവാളിയായ അബ്ബാസ് എന്നൊരാളുടെയും അയാളുടെ കാമുകിയും സ്വകാര്യസ്വത്തുമായ നാദിയുടെയും കൈകളിലെത്തപ്പെടുന്നു. ആയിഷയുടെ നിഷ്കളങ്കമായ കണ്ണുകളും കുട്ടിത്തത്തിന്റെ പ്രകാശവുമൊക്കെ അവശിഷ്ടലോകത്തെ അറിയാനുള്ള താരതമ്യങ്ങളായി തീരുന്നു. തന്നെ രക്ഷിക്കുമോ എന്ന ആയിഷയുടെ ചോദ്യത്തിനു മുന്നിൽ സഖറിയ തളർന്നു വീണുപോകുന്നുണ്ട്. പക്ഷേ തന്നോടൊപ്പം അവളെ കൂടെ കൊണ്ടുപോകാൻ കഴിയുന്നില്ലെങ്കിലും അവളെ രക്ഷിച്ച്, തന്റെ സുഹൃത്തിന്റെ സുരക്ഷിതം എന്ന് കരുതുന്ന കേന്ദ്രത്തിൽ കുട്ടിയെ എത്തിച്ചാണയാൾ യാത്ര തുടരുന്നത്. പക്ഷേ അവിടെ നിന്ന് വീണ്ടും അബ്ബാസ് എന്ന കുറ്റവാളി കുട്ടിയെ കവർന്നെടുക്കുകയും ചെയ്യുന്നുണ്ട്. അബ്ബാസിൽ നിന്നും വീണ്ടും രക്ഷപ്പെടുന്ന ആയിഷ കുട്ടികളോടൊത്ത് കഴിഞ്ഞതൊക്കെ വിസ്മരിച്ച് സന്തോഷത്തോടെ കളികളിൽ മുഴുകുന്ന രംഗം കുട്ടികളിലെ ദൈവാംശത്തെയാണ് വെളിപ്പെടുത്തുന്നത് എന്ന് നമുക്ക് തോന്നും. സാധാരണ മനുഷ്യന് ജീവിക്കാനുള്ള ഒരു ഇടമില്ലാതായി പുതിയ കാലം മാറിക്കൊണ്ടിരിക്കുന്നതിന്റെ, ഇടമില്ലാത്തവരുടെ ജീവിതം അടയാളപ്പെടത്താനുള്ള, വികാരങ്ങളുടെ ചോര കിനിയുന്ന, കണ്ടിരിക്കേണ്ട ഒരു സിനിമയാണ് ‘ദി നേരോ ഫ്രെയിം ഓഫ് മിഡ് നൈറ്റ്’ എന്ന് നിസ്സംശയം പറയാം.”
പ്രതീക്ഷ
“മേളയിൽ സെക്സും വയലൻസും ചേർന്ന് സൃഷ്ടിക്കുന്ന സ്ത്രീവിരുദ്ധമായ പരിസരങ്ങളെ അവതരിപ്പിക്കുന്ന ധാരാളം സിനിമകൾ പ്രദർശിപ്പിക്കപ്പെട്ടു. ഒരുപക്ഷേ മേളയുടെ ഏറ്റവും ശ്രദ്ധാകേന്ദ്രമായി തീർന്നതും അത്തരം സിനിമകളായിരുന്നു. തികച്ചും വസ്തുനിഷ്ഠമായ ലോകത്തിന്റെ അടയാളപ്പെടലായി അത് മാറിത്തീരുന്നു എങ്കിൽ മൂലധനം എത്ര ആഗ്രഹിച്ചാലും യാഥാർത്ഥ്യങ്ങളെ എല്ലാ കാലത്തേക്കുമായി തമസ്കരിക്കാൻ കഴിയില്ല എന്ന സത്യം അത് വിളിച്ചു പറയുന്നുണ്ട്. ഇവയിൽ ആദ്യമേ ഓർമ്മയിലേയ്ക്ക് തികട്ടി വരുന്ന ചലച്ചിത്രമാണ് ഹോപ്പ്. 2013ൽ പുറത്തിറങ്ങിയ ഈ ഫ്രഞ്ച് ചിത്രം 91 മിനുട്ട് ദൈർഘ്യമുള്ളതാണ്. ബോറിസ് ലോജ്കിൻ ആണ് പടം അണിയിച്ചൊരുക്കിയത്. സാമ്രാജ്യത്വ രാജ്യങ്ങൾ ചവച്ചു തുപ്പിയ മൂന്നാം ലോകമാണല്ലോ ആഫ്രിക്കയിലേത്. ഇപ്പോഴും ആഫ്രിക്കക്കാരന്റെ മുന്നിലുള്ള സ്വപ്നലോകം തന്നെയാണ് യൂറോപ്പ്. തങ്ങളെ ചവച്ചുതുപ്പി ചണ്ടിയാക്കിയ യൂറോപ്പിന്റെ സ്വപ്ന സദൃശ്യമായ ജീവിതത്തിലേക്കുള്ള ഒരുതരം രക്ഷപ്പെടലാണ് ജീവിതസാക്ഷാത്കാരം എന്ന് ആഫ്രിക്കക്കാരൻ ഇപ്പോഴും ധരിച്ചുവശാക്കുന്നുണ്ട്. നരകതുല്യമായ തങ്ങളുടെ ജീവിതത്തിൽ നിന്ന് സ്വർഗ്ഗതുല്യമായ ഒരു ലോകത്തിലേക്കുള്ള രക്ഷപ്പെടലാണ് അവർക്ക് യൂറോപ്പിലേക്കുള്ള കുടിയേറ്റം. കാമറൂൺകാരനായ ചെറുപ്പക്കാരൻ ലിയോനാർഡ് എന്ന ദരിദ്രനായ ചെറുപ്പക്കാരൻ യൂറോപ്പിലേയ്ക്ക് കുടിയേറാൻ തയ്യാറെടുക്കുകയാണ്. ഔദ്യോഗിക യാത്രാപഥങ്ങളിലൂടെയുള്ള ഒരു യാത്ര ഇയാൾക്ക് സ്വപ്നം കാണാൻ പോലും കഴിയില്ല. അതിനുള്ള പാങ്ങും സാന്പത്തികശേഷിയും അയാൾക്കില്ല. അതുകൊണ്ട് സഹാറ മരുഭൂമിയിലൂടെയുള്ള അതിസാഹസികമായ പലായനത്തിനാണയാൾ ശ്രമിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ കുടിയേറ്റക്കാർ യാത്ര ചെയ്യുന്ന, ഈ മരുപ്പാതയിലൂടെയുള്ള യാത്ര മനുഷ്യന്റെ അതിജീവനത്വരയെ െവളിപ്പെടുത്തുന്നു. യാത്രക്കിടയിൽ പാതയോരത്ത് കൊടുംതണുപ്പിൽ ഒരു ഭാണ്ധകെട്ടുപോലെ കാണപ്പെട്ട മനുഷ്യജീവിയെ അയാൾ ശ്രദ്ധിക്കുന്നു. അവർ ഒരു സ്ത്രീയാണെന്ന് തിരിച്ചറിയുന്ന മുറക്ക് അവൾ ഇരുളിലേക്ക് വലിച്ചിഴക്കപ്പെടുന്നു. കൂട്ടമായ ബലാത്സംഗത്തിനിരയായ ഈ പെൺകുട്ടി വേദനയിൽ പുളയുന്പോൾ പുറത്തുവരുന്ന സ്ത്രീ ശബ്ദം പോലും മരുഭൂമിയിലെ കാമവെറിയൻമാരെ ഹരം കൊള്ളിക്കുന്നുണ്ട്. അതിഭീകരമായി പീഡിപ്പിക്കപ്പെട്ട് ചോര വാർന്നൊഴുകി മരുഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട പെൺകുട്ടിയെ വിട്ടുപോകാൻ ലിയോനാർഡിന് കഴിയുന്നില്ല. ഏതാനും ചുവടുകൾ പിന്നിടുന്പോൾ അയാൾ അറിയാതെ പെൺകുട്ടിയെ തിരിഞ്ഞുനോക്കുന്നു. അയാൾ തിരിച്ചുചെന്ന് തന്റെ കൂടെ പോരാൻ അവളോട് ആജ്ഞാപിക്കുന്നു. അടുത്ത ബലാത്സംഗത്തിനാണ് തന്നെ നിർബന്ധിക്കുന്നതെന്ന സംശയത്തിൽ പെൺകുട്ടി ചെറുത്തു നിൽക്കുന്നു. ഒറ്റക്കുള്ള സഞ്ചാരം അപകടകരമാണെന്നും കൂടെപ്പോരാൻ അയാൾ നിർബ്ബന്ധിക്കുകയും ചെയ്യുന്പോൾ ഭയചകിതമായെങ്കിലും അവൾ വേച്ച് വേച്ച് കൂടെ ചെല്ലുന്നു. മരുഭൂമിയിലെ കത്തിയാളുന്ന വെയിലിൽ പെൺകുട്ടി തളർന്നു വീഴുന്നു. നടന്ന് ഏറെ മുന്നിലെത്തിയിരുന്നെങ്കിലും ആ പെൺകുട്ടിയെ ഉപേക്ഷിച്ചു പോകാൻ ലിയോനാർഡിന്റെ മനസ്സ് അനുവദിക്കുന്നില്ല. അവൾക്ക് േവണ്ടി ചിലവഴിക്കുന്ന ഓരോ നിമിഷവും തന്നെ തന്നെ അപകടപ്പെടുത്തുകയാണ് ചെയ്യുക എന്ന് കൂട്ടുകാർ ഇയാളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ലിയോനാർഡ് എന്ന ചെറുപ്പക്കാരന് അതിന് കഴിയുന്നില്ല. കൂട്ടുകാരൊക്കെ നടന്നകലുന്പോഴും അയാൾ തിരിച്ചു ചെന്ന് പെൺകുട്ടിയെ നിർബ്ബന്ധിച്ച് എഴുന്നേൽപ്പിച്ച് കൂടെ നടത്തുന്നു. തന്നെ മരുഭൂമിയിലുപേക്ഷിച്ച് പോകാൻ പെൺകുട്ടി നിർബന്ധിക്കുന്പോഴും അയാളതിന് സന്നദ്ധമാകുന്നില്ല. അവരൊന്നിച്ച് ആ മരുഭൂമിയിലെ പകൽച്ചൂടിലും രാത്തണുപ്പിലും തളർന്നും വിറങ്ങലിച്ചും യാത്ര തുടരുന്നു. കരുതിവെച്ച വെള്ളവും ഭക്ഷണവും പങ്കിട്ട് കഴിച്ചു നടക്കുന്നതിനിടയിൽ അവർ പരസ്പരം പരിചയപ്പെടുന്നു. അവളുടെ പേര് ‘ഹോപ്പ്’ നൈജീരിയൻ സ്വദേശിയാണ്. ചതഞ്ഞരഞ്ഞുപോയ തന്റെ നാട്ടിലെ നരകജീവിതത്തിൽ നിന്ന് സ്വപ്നഭൂമിയായ യൂറോപ്പിലേക്ക് കുടിയേറാൻ പരിശ്രമിക്കുകയാണ് അവളും. വഴിയിൽ പല സംഘങ്ങളിലൂടെ അവർ കടന്നുപോകുന്നു. സ്ത്രീയാണ് എന്ന് തിരിച്ചറിയപ്പെടുന്ന മുറക്ക് ചോദ്യം ചെയ്യലിനും മർദ്ദനത്തിനും ലിയോണാർഡ് ഇരയാകുന്നു. ഇവൾ നിന്റെയാരാണ് എന്ന ചോദ്യത്തിനു മുന്പിൽ അയാൾക്ക് ഉത്തരമില്ല. കാമറൂൺകാരനും നൈജീരിയക്കാരിയും തമ്മിലെന്ത് എന്ന ചോദ്യം എല്ലാ സദാചാരവാദികളും ഉന്നയിക്കുന്നുണ്ട്. അതിന്റെ പേരിൽ ഇയാൾ കടുത്തമർദ്ദനത്തിനിരയാകുന്നു. ജീവൻ പറന്നുപോകുന്ന പോലെയുള്ള അലർച്ചകളും ചോരച്ചുവപ്പും മരുഭൂമിക്ക് പുത്തരിയല്ലാത്തതുകൊണ്ട് അതാരും പരിഗണിക്കുന്നില്ല. കൊള്ളക്കാരുടെയും തീവ്രവാദികളുടെയും വ്യത്യസ്ത ഗ്രൂപ്പുകളിലൂടെ അവൾ കൈമാറ്റം ചെയ്യപ്പെടുന്നു. മരുഭൂമിയുടെ കരിഞ്ഞുണങ്ങിയ ഗ്രാമങ്ങളിലൂടെ അവർ കടന്നുപോകുന്നു. മിക്കവാറും കേന്ദ്രങ്ങളിൽ ലിയോനാർഡിനെ അടിച്ചോടിച്ച് ഹോപ്പിനെ പലരും സ്വന്തമാക്കുന്നു. ഒരു റബ്ബർ ഡമ്മി പോലെ ഓരോരുത്തരും തങ്ങളുടെ രതിവൈകൃതങ്ങൾക്ക് ഇരയാക്കുന്നു. അവിെട നിന്നെല്ലാം ഒളിച്ചോടിയും ശത്രുവിനെ ഓർക്കാപ്പുറത്ത് ആക്രമിച്ചുമൊക്കെ ഹോപ്പിനെ ലിയോനാർഡ് വീണ്ടെടുക്കുന്നു. നീർചോലയിലെ വെള്ളത്തിൽ വസ്ത്രം കഴുകി വിവസ്ത്രരായി കുളിക്കുന്നതിനിടയിൽ ഇരുവർക്കുമിടയിൽ കാമം ഒരു നനുത്ത ശ്രേഷ്ഠവികാരമായി കടന്നുവരുന്നു. ആ നീർചോലയിലും അരികിലെ തോട്ടങ്ങളിലുമൊക്കെയായി അവർ കാമകേളികളിൽ ഏർപ്പെടുന്നു. ഒരായിരം ഇലകളുള്ള ഒരു തളിർമരം പോലെ അവരുടെ ജീവിതം പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്നു. ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ ഒരുപാട് ഇടങ്ങളിൽ ഒളിച്ചു താമസിക്കുന്നു. തോട്ടങ്ങളിലെ ഫലങ്ങൾ മോഷ്ടിച്ച് തിന്നുന്നതിനിടയിലെത്തുന്ന തോട്ടമുടമയിൽ നിന്ന് ഓടി കിതച്ച് പരസ്പരം കെട്ടിപ്പിടിച്ച് അണച്ചു വീഴുന്പോൾ അവർ ജീവിതത്തിന്റെ മധുരം അനുഭവിക്കുന്നു. വരണ്ടുണങ്ങിയ മരുഭൂമിയിലും കടുത്ത പീഢനങ്ങൾക്കിടയിലും ജീവിതത്വര എത്ര ശക്തമായി നമ്മിൽ ഉണർന്നിരിപ്പുണ്ട് എന്ന് ഈ ചിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു. അവസാനം തങ്ങളുടെ സ്വപ്നഭൂമി വിശാലമായ ജലപ്പരപ്പിനപ്പുറത്ത് ദൃശ്യമാകുന്പോൾ, വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന യൂറോപ്പിന്റെ നഗരചിത്രങ്ങൾ ദൃശ്യമാകുന്പോൾ അവർ ആവേശഭരിതരാകുന്നു. അതിനിടയിൽ ഇസ്ലാമികഗ്രൂപ്പിന്റെ തടവിലാകുന്ന ഹോപ്പിനെ കായികാക്രമണത്തിലൂടെ മോചിപ്പി