ദേവലോകങ്ങളിലെ ഞങ്ങളുടെ നേതാക്കളോട്
മൂന്നു പതിറ്റാണ്ട് കാലം പൊതുപ്രവർത്തനം നടത്തിയതിന്റെ അനുഭവങ്ങളുണ്ട് ഈ കുറിപ്പ് എഴുതുന്നയാൾക്ക്. സമൂഹം പൊതു പ്രവർത്തകർക്ക് നൽകുന്ന ആദരവ് അവരിലർപ്പിക്കുന്ന വിശ്വാസം ഇതൊക്കെ സാധാരണ മനുഷ്യരിൽ നിന്ന് അവരെ വ്യത്യസ്തരാക്കുന്നുണ്ട്. സ്വാഭാവികമായും സമൂഹത്തോടുള്ള ഉത്തരവാദിത്തം ഓരോ പ്രവർത്തകരിലും ഓരോ നിമിഷവും വർദ്ധിച്ചു കൊണ്ടിരിക്കും. തനിക്കില്ലാത്ത എന്തൊക്കെയോ സിന്ദിവൈഭവങ്ങൾ അവർക്കുണ്ട് എന്ന് ജനം കരുതുന്നുണ്ട്. താൻ വിചാരിച്ചാൽ നടക്കാത്ത ഒരുപാട് കാര്യങ്ങൾ അവർക്ക് നിഷ്‌പ്രയാസം നടത്താൻ കഴിയുന്നുണ്ടെന്ന് അനുഭവങ്ങളിൽ നിന്നവർക്കറിയാം. ജനകീയനായ ഒരു പൊതുപ്രവർത്തകനാണെങ്കിൽ രാപ്പകൽ വ്യത്യാസമില്ലാതെ ഒരു സമൂഹത്തിന്റെ ജീവിതം സ്പന്ദിച്ച് നിൽക്കുന്ന കാക്കത്തൊള്ളായിരം പ്രശ്നങ്ങളുമായി ജനങ്ങൾ സമീപിച്ചു കൊണ്ടിരിക്കും. ഒന്നോ രണ്ടോ വാചകങ്ങളിൽ പറഞ്ഞാൽ നമുക്ക് മനസ്സിലാവുന്നതായിരിക്കും പ്രശ്നം. പക്ഷേ അവരത് പറയുന്നതിന് ഒരു പക്ഷെ മണിക്കൂറുകൾ തന്നെ എടുക്കും. കഴിയുന്നിടത്തോളം അത് കേട്ട്കൊള്ളുക. അതിന്റെ വികാരം ചോർന്നു പോകാതെ കഴിയാവുന്ന പരിഹാരം നിർദേശിക്കുക. അവ പരിഹരിക്കുന്നതിനു സഹായിക്കുക. ഒന്നും ചെയ്യാൻ കഴിയില്ലെങ്കിലും അത് കേൾക്കാനുള്ള സൻമനസ്സെങ്കിലും കാണിക്കുക. ആരോടെങ്കിലും തന്റെ പരിദേവനങ്ങൾ പറയുന്പോൾ അവർക്ക് ലഭിക്കുന്ന ആത്മസംതൃപ്തിയുണ്ട്. അതൊരുപക്ഷേ മറ്റെല്ലാത്തിനെക്കാളും അവർക്ക് വലുതായിരിക്കും. ഒന്ന് സ്വാന്തനിപ്പിച്ച് വിട്ടാൽ ഒരു പക്ഷേ അത് മതിയാകും അവർക്ക് പ്രതീക്ഷയോടെ പ്രശ്നത്തെ സമീപിക്കാൻ. ഇനി ഈ പൊതു പ്രവർത്തകൻ ജനപ്രതിനിധി കൂടിയാണേങ്കിലോ ഇദ്ദേഹം അധികാര സംവിധാനത്തിന്റെ ഒരു പ്രതിനിധി ആണെങ്കിൽ; ഒരു പഞ്ചായത്ത് മെന്പർ, ഒരു തദ്ദേശ ഭരണ സംവിധാനത്തിന്റെ പ്രസിഡന്റ്, അല്ലെങ്കിൽ ഒരു ബാങ്ക് ഡയറക്ടറോ പ്രസിഡന്റോ, എം.എൽ.എ, എം.പി, മന്ത്രിമാരാണെങ്കിലോ അവരോടൊക്കെ ഒരു സമൂഹം കാണിക്കുന്ന ആദരവ് ജനാധിപത്യത്തിന് ഭൂഷണം തന്നെയോ എന്ന പ്രശ്നം ഇപ്പോൾ പലവിധത്തിൽ ഉയർന്നുവരുന്നുണ്ട്. ഈയിടെ പ്രശസ്ത സാഹിത്യകാരനായ സക്കറിയ നടത്തിയ ഒരു പ്രസംഗം വിവാദമായിരുന്നു. നമ്മുടെ ചിലവിൽ ഉണ്ണുകയും ഉടുക്കുകയും കള്ളു കുടിക്കുകയും എല്ലാ വി.ഐ.പി പരിഗണനകളും അനുഭവിക്കുകയും സഞ്ചരിക്കുകയും വ്യഭിചരിക്കുകയും ഒക്കെ ചെയ്യുന്ന ഇവരെ കാണുന്പോൾ നാം ജനങ്ങൾ എന്തിനാണ് എഴുന്നേറ്റ് നിൽക്കുന്നത്. നാം അവിടെ തന്നെ ഉറച്ചിരിക്കുകയും നമ്മെ കാണുന്പോൾ അവർ എഴുന്നേറ്റ് നിൽക്കുകയുമല്ലെ വേണ്ടത് എന്നായിരുന്നു സക്കറിയ ചോദിച്ചത്. ഇതിലടങ്ങിയിട്ടുള്ളത് കേവലമായ യുക്തിയല്ല; ഒരു സമൂഹം മൂല്യങ്ങളിൽ നിന്നകന്ന് പോകുന്നതിനെതിരെ; സമൂഹം കേട്ടു പോകുന്നതിനെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു.
സോവിയറ്റ് ഭരണാധികാരിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന സ്റ്റാലിൻ നേതൃത്വത്തെ കുറിച്ച് നടത്തിയ ഒരു നിരീക്ഷണമുണ്ട്. നേതാക്കൾ വെള്ളത്തിലെ തമാരപോലെയാണ് എന്നാണു അദ്ദേഹം നിരീക്ഷിച്ചത്. വെള്ളത്തിന്റെ നിലവാരത്തിനനുസരിച്ച് താമര ഉയർന്നുയർന്ന് വരും. അത് താണു പോകുന്പോഴോ ചളിയിൽ വീണു പോകുകയും ചെയ്യും. നമ്മുടെ നേതാക്കൾ ചളിയിൽ വീണു പോകുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം കുറ്റമായി പരിഗണിക്കേണ്ടതില്ല; സമൂഹത്തിന്റെയാകെ നിലവാരത്തകർച്ചയിൽ നിന്നാണത് സംഭവിക്കുന്നത് എന്ന് ചുരുക്കം. അതിൽ നമ്മുക്കൊരോരുത്തർക്കും ഉത്തരവാദിത്വമുണ്ട്.
പക്ഷെ നമ്മുടെ നേതാക്കളിപ്പോൾ ചളിയിൽ പുളക്കുകയും അഭിരമിക്കുകയും അതിൽ അഭിമാനിക്കുകയുമൊക്കെ ചെയ്യാൻ തുടങ്ങിയാലോ. ഒരു സമൂഹത്തിന്റെ തകർച്ച പൂർണ്ണമായിരിക്കുന്നു എന്ന പ്രഖ്യാപനം കൂടിയായി തീരുന്നില്ലേ അത്. ഇങ്ങനെ മുന്നോട്ടു പോയാൽ നമ്മുടെ ജനാധിപത്യ വ്യവസ്ഥ തന്നെ തകരുകയും സമൂഹം അരാചകമായി തീരുകയുമായിരിക്കില്ലേ ഫലം?
കെ. ബാബു എന്ന കോൺഗ്രസ് നേതാവിനെ അദ്ദേഹം കേരള മന്ത്രി സഭയിൽ അംഗമാകുന്നത് വരെ സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന ഒരു ജന നേതാവായിരുന്നില്ല. കൊച്ചി ഭാഗത്ത് ഒരുപക്ഷേ അറിയുമായിരിക്കാം; മലബാറിലും തിരുവിതാംകൂറിലുമൊന്നും അദ്ദേഹം പരിഗണിപ്പെട്ടിരുന്നില്ല. പക്ഷേ സ്വന്തം മണ്ധലത്തിൽ എന്ത് കൊടുങ്കാറ്റുണ്ടായാലും ട്രയിൻ കയറി വരുന്ന ഒരു കോൺഗ്രസ് നേതാവാണത്രെ ഈ ബാബു. അതിനദ്ദേഹം കണ്ടു പിടിച്ച ഒരു കുറുക്കുവഴിയുണ്ട്; ജനകീയനാകാനുള്ള ഒരു കുറുക്കു വഴിയാണത്. ഒരു നിയമ സഭാംഗം എന്ന നിലയിലുള്ള തന്റെ മുഖ്യമായ ജോലി നിയമ നിർമ്മാണത്തിനു സഹായിക്കുകയാണല്ലോ. അതിന് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന ആഴത്തിലുള്ള പഠനങ്ങൾ തയ്യാറാക്കണം, അവയൊക്കെ അടുക്കും ചിട്ടയുമായി നിയമ സഭയുടെ മുന്പാകെ കൊണ്ട് വരണം. ബന്ധപ്പെട്ട നിയമസഭാ കമ്മിറ്റിയുടെ മുന്പാകെ സമർപ്പിക്കണം. മന്ത്രിമാരെയും മുഖ്യമന്ത്രിയുമൊക്കെ ഇത്തരം പ്രശ്നങ്ങളായി സമീപിക്കണം. ആവശ്യമെങ്കിൽ സ്വകാര്യ ബില്ലുകളായി സഭയിലവതരിപ്പിക്കണം. ഇതൊക്കെയാണ് ഒരു എം.എൽ.എയുടെ അടിസ്ഥാന ജോലി. ഈ വസ്തുതയെ ലളിതമായ ചില ടെക്നിക്കുകൾ കൊണ്ട് പൊളിച്ചു പണിത കേരളത്തിലെ പ്രധാനപ്പെട്ട ജനപ്രതിനിധികളിൽ ഒരാളാണ് കെ.ബാബു. ജനകീയനാകാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം തന്റെ മണ്ധലത്തിലെ ഓരോ കുടുംബത്തിലും ഉണ്ടാകുന്ന കല്യാണം, മരണം, കുട്ടിയൂൺ, പിറന്നാൾ, തിരണ്ടു കല്യാണം, എന്നിവയിലൊക്കെ പങ്കെടുക എന്നതാണെന്ന് മറ്റ് ജനപ്രതിനിധികളെപ്പോലും പഠിപ്പിക്കുകയാണ് കെ.ബാബു. ഒന്നോർത്തു നോക്കിയാൽ നമ്മുടെ ജനാധിപത്യ സംവിധാനത്തെ ഇത്രയേറെ വില കെടുത്തുന്ന മറ്റെന്തെങ്കിലും ഉണ്ടോ ? ഒരു ജനപ്രതിനിധി തന്നിലർപ്പിതമായ ജനാധിപത്യപരമായ ചുമതലകൾ യഥാർത്ഥത്തിൽ നിറവേറ്റുന്നുണ്ടെങ്കിൽ അയാൾക്കെങ്ങനെയാണ് തന്റെ മണ്ഡലത്തിലെ മുഴുവൻ കുടുംബങ്ങളിലും ഇങ്ങനെ കയറി ചെല്ലാനാവുക? ഇനി ഇതാണ് ഒരു ജനപ്രതിനിധിയുടെ ഇച്ഛ എന്ന് ജനങ്ങൾ ധരിച്ചു വശാകുകയും ചെയ്താലത്തെ സ്ഥിതിയോ? അതാണിപ്പോൾ കേരളത്തിൽ സംഭവിച്ചിരിക്കുന്നത്. എല്ലാ പണച്ചാക്കുകളുടെയും പ്രമാണിമാരുടെയും കല്യാണത്തിൽ പങ്കെടുക്കേണ്ടാവരാണ് താങ്കൾ എന്ന് നേരത്തെ തന്നെ ധരിച്ചു വെച്ചവരാണ് നമ്മുടെ മന്ത്രിമാർ. കാവിലെ പൂരത്തിന് എത്ര ആനകളെ എഴുന്നള്ളിച്ചൂ എന്നന്യോഷിക്കുന്നതു പോലെയാണ് കല്യാണത്തിനു എത്ര മന്ത്രിമാരെത്തി; അവരിൽ കേന്ദ്രന്മാരെത്തി വേന്ദ്രന്മാരെത്തി മുഖ്യമന്ത്രി എത്തിയോ എന്നൊക്കെയുള്ള അന്വേഷണം. അന്തസ് ഉയരാൻ ഇപ്പോൾ അത് പോര എണ്ണം പറഞ്ഞ സിനിമാതാരങ്ങൾ ആണും പെണ്ണും പന്തലിൽ നിരത്തണം. ഇപ്പോൾ അതും പോരാതായിരിക്കുന്നു. ഗൾഫു നാടുകളിലെ ഭരണാധികാരികൾ, ഷേക്കുമാർ എന്നിവരൊക്കെ പന്തലിൽ എത്തണം. പിറ്റേന്ന് വധുവരന്മാരോടൊപ്പം ആറാട്ട്‌പുഴ പൂരം പോലെ ഇവരൊക്കെ നിരന്നു നിൽക്കുന്ന കളർപടം പ്രധാന പത്രങ്ങളുടെ പ്രധാന പേജിൽ അച്ചടിച്ചു വരികയും വേണം. സാധാരണക്കാരന് ഇതൊന്നും കഴിയില്ലെങ്കിലും തങ്ങളുടെ എം.എൽ.എ എത്തണം. നഗരസഭാ ചെയർമാനോ പഞ്ചായത്ത് പ്രസിഡന്റോ പങ്കെടുക്കണം. വെറുതെ പങ്കെടുത്താൽ പോര ഔദ്യോഗിക വാഹനവുമായി എത്തണം. വീഡിയോ ഗ്രാഫർമാരും ഫോട്ടോ ഗ്രാഫർമാരും അതൊക്കെ പകർത്തിയെടുത്ത് ആൽബത്തിന്റെ ഭാഗമാക്കണം.
ജനങ്ങളുടെ മൃദുല വികാരം നന്നായി ഉപയോഗിച്ച് വിജയിച്ച ഒരു ജനപ്രതിനിധിയാണ് കെ.ബാബു. മറ്റൊന്നും ചെയ്യാനുള്ള ശേഷിയോ തന്റെ ധൈഷനികത കൊണ്ട് സമൂഹത്തിന് എന്തെങ്കിലും സംഭാവന നൽകാനുള്ള കഴിവോ ബാബുവിൽ നിന്ന് അതും പ്രതീക്ഷിക്കുന്നില്ല. എന്നാൽ ഓണപ്പൊട്ടനെ പോലെ എല്ലായിടത്തും ഓടികയറി ജനകീയനായി വോട്ടു പിടിക്കാനും ആ അവസരം ഉപയോഗിച്ച് കഴിയാവുന്നിടത്തോളം സന്പാദിച്ചു കൂട്ടാനും ബാബുവിനറിയാം.
പക്ഷെ ഇങ്ങനെ ഓണപ്പൊട്ടനെ പോലെ അളവറ്റ് സന്പാദിച്ച് കഴിഞ്ഞപ്പോൾ അദ്ദേഹം ഭൂമിയിൽ നിന്ന് ഉയർന്നു ദേവലോകത്തേക്ക് പോയിരിക്കുന്നു എന്ന് തെളിയിക്കുന്നതായി കാസർഗോഡ് അദ്ദേഹം നടത്തിയ ചില വെളിപ്പെടുത്തലുകൾ.
എന്റോസൾഫാൻ ഇരകളുടെ ദൃശ്യങ്ങൾ ടിവിയിൽ വരുന്പോൾ കണ്ണടച്ചു കളയുകയാണ് ഈ കുറിപ്പെഴുതുന്നയാളിന്റെ രീതി. അത് കണ്ടു നിൽക്കാനുള്ള ശേഷിയില്ല. തൊട്ടരികിൽ മകളിരിക്കുന്നുണ്ടെങ്കിൽ അവളുടനെ ചാനൽ മാറ്റും. കണ്ണേ മടങ്ങുക എന്ന് പ്രാർത്ഥിക്കാനല്ലാതെ നമുക്ക് മറ്റൊന്നും ചെയ്യാൻ കഴില്ല എന്നോർക്കുന്പോൾ ജീവിതത്തിന്റെ അന്തസ്സാര ശൂന്യതയെ കുറിച്ചോർക്കും. പഴയ ബാബു ദേവലോകത്തായത് കൊണ്ട് അദ്ദേഹത്തിനിതൊന്നും ബാധകമല്ല.
പ്ലാന്റേഷൻ കോർപ്പറേഷന്റെ നേതൃത്വത്തിൽ 1980ൽ കാസർഗോഡൻ ഗ്രാമത്തിൽ എന്റോസൾഫാൻ തളിച്ച ഹെലികോപ്ടറിൽ താനുമുണ്ടായിരുന്നു എന്ന് അഭിമാന ബോധത്താൽ തിളങ്ങുന്ന കണ്ണുകളോടെയാണ് അദ്ദേഹം പ്രസ്താവിച്ചത്. പ്ലാന്റേഷൻ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗമായിരുന്ന താൻ അന്നാണ് ആദ്യമായി ഹെലികോപ്ടറിൽ കയറിയതെന്നും അദ്ദേഹം അഭിമാനത്തോടെ പ്രസ്ഥാപിച്ചു. തന്റെ മുന്പിലിരിക്കുന്നത് അറിഞ്ഞോ അറിയാതെയോ താനുൾപ്പെടുന്ന ഭരണകൂടം നടത്തിയ ഒരു മഹാ ക്രൂരതയുടെ ഇരകളാണെന്നും ഗതികേട് കൊണ്ട് തങ്ങളുടെ ഭിക്ഷയ്ക്കായി കാത്തിരിക്കുന്നവരാണെന്നും തിരിച്ചറിയാനുള്ള വകതിരിവ് പോലും നഷ്ടപ്പെട്ട ഒരു മന്ത്രിയെ കുറിച്ച് എന്ത് പറയാനാണ്. തന്റെ കുഞ്ഞിനെയുമെടുത്ത് ഭാര്യ ഇത് പോലെ ഒരു ഭിക്ഷ തേടിയിരിക്കുന്പോൾ അവരാണിത് കേൾക്കുന്നതെങ്കിലുള്ള മനോവിഷമം എന്തായിരിക്കുമെന്ന് തിരച്ചറിയാൻ കഴിയണമെങ്കിൽ നാം ഭൂമിയിൽ ജീവിച്ചിരിക്കുകയായിരിക്കണം. ദേവലോകത്തിരിക്കുന്നവർക്ക് ഇതൊന്നും മനസിലാകണമെന്നില്ല. ബാബുവിനിപ്പോൾ ആ ഹെലികോപ്ടർ യാത്ര ആസ്വാദകരമായി തോന്നുന്നതിൽ പ്രശ്നമില്ല. കാരണം പത്തുകാശിന് ശരിയില്ലാതെ പൊതുപ്രവർത്തകനായി വന്ന ഇദ്ദേഹത്തിനു ഇപ്പോൾ ഹെലികോപ്ടർ മാത്രമല്ല ബോയിംഗ് വിമാനങ്ങൾ വരെ സ്വന്തമായി വാങ്ങാനുള്ള ആസ്തിയുണ്ട്. അദ്ദേഹത്തിന് ഇപ്പോൾ 200 കോടി രൂപയുടെ സ്വത്തുണ്ടെന്നും തമിഴ്‌നാട്ടിൽ വാങ്ങി കൂട്ടിയ തോട്ടങ്ങളെ കുറിച്ചുമൊക്കെ പരസ്യമായി ആക്ഷേപം ഉന്നയിച്ചത് ബിജുരാജ് എന്ന ബാർ ഉടമയാണ്. തെളിവ് നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷേ ഉമ്മൻചാണ്ടിക്ക് പതിവുള്ള ത
രികിടകളല്ലാതെ ഒരു നടപടിയും സർ
ക്കാർ സ്വീകരിച്ചതായി അറിവില്ല.
ഇത്രയും ഭീകര കീടനാശിനിയാണ് തളിച്ചതെന്നു അന്നെനിക്കറിയില്ലായിരുന്നു എന്നദ്ദേഹം പറയുന്നു. അത് നമുക്ക് വിശ്വസിക്കുകയുമാവാം. കാരണം ∍സംക്രാന്തരിസ്തുകിമുകാനന കുക്കുടസ്യ∍ എന്നൊരു ചൊല്ലുണ്ട് സംസ്കൃതത്തിൽ. മലയാളത്തിൽ പരിഭാഷപ്പെടുത്തിയാൽ ‘കാട്ടുകോഴിക്ക് എന്ത് സംക്രാന്തി’ എന്നാവും. ധൈഷണിക മികവുകൊണ്ടൊന്നുമല്ലല്ലോ അദ്ദേഹം നേതാവായത്. പക്ഷേ ഇത് തളിക്കുന്പോൾ കിണറുകൾ മൂടണമെന്നും കുട്ടികൾ പുറത്തിറങ്ങരുതെന്നുമൊക്കെ അന്ന് മുന്നറിയിപ്പുണ്ടായിരുന്നല്ലോ. ഇതെന്തായാലും പുണ്യാകമല്ല എന്ന തിരിച്ചറിവെങ്കിലും ഉണ്ടായിരുന്നെങ്കിൽ അപ്പുക്കിളിക്ക് പതിവുള്ള ഒരു അന്വേഷണമെങ്കിലും അങ്ങ് നടത്താമായിരുന്നില്ലേ? വളർത്തു മൃഗങ്ങൾ അസ്വസ്ഥത പ്രകടിപ്പിക്കുകയും മത്സ്യങ്ങൾ ചത്തു പൊങ്ങുകയുമൊക്കെ ചെയ്തിരുന്നപ്പോൾ അന്വേഷിക്കുമായിരുന്നില്ലേ? അതും പോട്ടെ അദ്ദേഹം പറയുന്ന ലീലാകുമാരി കോടതിയെ സമീപിച്ചെങ്കിലും പ്ലാന്റെഷൻ കോർപ്പറേഷൻ ഡയറക്ടറായ അങ്ങ് അന്വേഷിക്കേണ്ടിയിരുന്നില്ലേ? അതും പോട്ടെ ആ കേസിൽ വിധി വന്നിട്ട് ഇപ്പോൾ 17 വർഷം കഴിഞ്ഞല്ലോ താങ്കളെന്തു ചെയ്തു?
താങ്കളുൾപ്പെടുന്ന ഭരണകൂടത്തിന്റെ അതിരില്ലാത്ത ക്രൂരത നിമിത്തം, പ്രകൃതിയുടെ മുന്നറിയിപ്പും ജീവിത കാഴ്ചപ്പാടിനെ കുറിച്ചുള്ള ചോദ്യ ചിഹ്നവുമായി നമുക്ക് മുന്പുള്ള ഈ ഇരകൾക്ക് വേണ്ടി ഒരു സമൂഹത്തിന്റെ സന്പത്ത് കുത്തി കവർന്ന് സന്പാദിച്ചതിൽ നിന്ന് ഒരു ചില്ലി കാശ് ഇവർക്ക് വലിച്ചെറിഞ്ഞ് കൊടുക്കാൻ താങ്കൾക്ക് തോന്നിയോ. ഇപ്പോൾ താങ്കൾ മന്ത്രിയായപ്പോൾ താങ്കൾക്കർഹതപ്പെട്ട ഒരു സമൂഹത്തിന്റെ പ്രായിശ്ചിതമായി നഷ്ടപരിഹാരങ്ങൾക്ക് വേണ്ടി അമ്മമാർ മന്ത്രി മന്ദിരങ്ങൾക്ക് മുന്നിൽ കാത്തു കെട്ടി കിടക്കുന്പോൾ ഒന്നിറങ്ങി വന്ന് അന്വേഷിക്കാനുള്ള മര്യാദയെങ്കിലും കാണിച്ചോ?
ഒന്നും വേണ്ട സാർ, ആ വായ തുറന്ന ദുർഗന്ധം ആ പാവങ്ങളെ ശ്വസിപ്പിക്കാതിരിക്കുകയെങ്കിലും ചെ
യ്തു കൂടെ?..