വി­മോ­ചന സമരം മലയാ­ളത്തി­നേ­ൽപ്പി­ച്ച ക്ഷതങ്ങൾ


നിയൊരിക്കലും കരകയറാൻ കഴിയില്ല എന്ന തോന്നലുളവാക്കും വിധം കേരളരാഷ്ട്രീയം ഒരു ദൂഷിതവലയത്തിനകത്ത് അകപ്പെട്ടതായി എല്ലാവരും സമ്മതിക്കുന്നുണ്ട്. എന്നാൽ ലോകത്തിന് തന്നെ മാതൃകയായ പാർലമെന്ററി പരീക്ഷണങ്ങൾ നടന്ന ഒരു സംസ്ഥാനമാണ് കേരളം. ഇന്ത്യൻ നവോത്ഥാനം, മേലാള കീഴാള നവോത്ഥാനങ്ങളായി പിളർന്ന് വഴിയിലെവിടെയൊക്കെയോ മരവിച്ചു പോയപ്പോൾ, മേലാള കീഴാള നവോത്ഥാനങ്ങളെ കൂട്ടിയിണക്കി മുന്നേറുകയും അതുവഴി സാമൂഹ്യപരിഷ്കരണവും അതിന്റെ അടിത്തറയിൽ പ്രബുദ്ധമായ ഒരു രാഷ്ട്രീയ സംസ്കാരവും മലയാളി വികസിപ്പിച്ചെടുത്തു. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ നിമിത്തവും സുഗന്ധവിളകളുടെ ജന്മദേശമായി അറിയപ്പെട്ടതിനാലും ലോകത്തിന്റെ അതിരുകൾ തേടിപ്പോകാനും വിവിധങ്ങളായ സംസ്കാരങ്ങളുമായി ഇടപഴകാനും അവയൊക്കെ ഇങ്ങോട്ടു എതിരേൽക്കാനും നമുക്ക് സാധിച്ചു. അനുഗ്രഹീതമായ കാലാവസ്ഥ ‘ദൈവത്തിന്റെ സ്വന്തം നാടെന്ന’ സൽപ്പേരിന് ഉടമകളാക്കി. പക്ഷേ ഇതൊക്കെ ഇന്ന് ഗതകാല സ്മരണകളാണ്. ഇന്ന് ചെകുത്താന്റെ സ്വന്തം നാട് എന്നാരെങ്കിലും നമ്മെ വിശേഷിപ്പിച്ചാൽ ചെകുത്താൻമാ‍ർ അവരോട് കലഹിക്കും. ജീവിതത്തിന്റെ സമസ്ത മേഖലകളിലും അതിഭയാനകമായ തകർച്ചയേയാണ് മലയാളം ഇന്ന് പ്രതിനിധീകരിക്കുന്നത്. തകർച്ചയുടെ ബീജങ്ങൾ അടിത്തട്ടിലുണ്ടാവാം. പക്ഷേ അത് പ്രകടമായത് എവിടം മുതലാണ്? 

We had twice, but only twice, interfered in Indian politics to the extent of providing money to a political party. Both times this was done in the face of a prospective Communist victory in a state election, once in Kerala and once in West Bengal, where Calcutta is located. Bothe times the money was given to the Congress Party, which had asked for it. Once it was given to Mrs. Gandhi herself, who was then a party official.  

അല്പം ദീ‍‍‍‍ർഘമായ ഈ ഉദ്ധരണി ഇന്ത്യയിലെ അമേരിക്കൻ അംബാസിഡറായിരുന്ന ഡാനിയൽ പാട്രിക് മൊയ്നിഹാന്റെ ‘എ ഡെയ്ഞ്ചറസ് പ്ലേസ്’ എന്ന പുസ്തകത്തിൽ നിന്നാണ്. വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ ഈ പുസ്തകം 1979ൽ ഇംഗ്ലണ്ടിലാണ് പ്രസിദ്ധീകരിച്ചത്. ‍ഞങ്ങൾ (അമേരിക്ക) രണ്ട് തവണ നേരിട്ട് പണം നൽകിക്കൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും രണ്ടു തവണയും അത് ശ്രദ്ധേയമായ കമ്യൂണിസ്റ്റ് വിജയങ്ങളെ തുടർന്നായിരുന്നെന്നും മൊയ്നിഹാൻ വ്യക്തമാക്കുന്നുണ്ട്. ഒരിക്കൽ കേരളത്തിലാണെങ്കിൽ മറ്റൊരിക്കൽ പടിഞ്ഞാറൻ ബംഗാളിൽ. രണ്ട് തവണയും പണം നൽകിയത് കോൺഗ്രസ് പാർട്ടിക്കായിരുന്നെന്നും അവരത് ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. ഒരിക്കൽ അത് നൽകിയത് ശ്രീമതി ഗാന്ധിക്ക് തന്നെയായിരുന്നെന്നും അന്നവർ പാർട്ടി ഭാരവാഹിയായിരുന്നെന്നും മൊയ്നിഹാൻ വ്യക്തമാക്കുന്നു. 1979ലാണ് ഈ പുസ്തകം പ്രകാശിതമായത്. അതിനുശേഷം നേരിട്ട് പണം നൽകിയും അല്ലാതെയും എത്ര തവണ ഇന്ത്യൻ രാഷ്ട്രീയത്തിൽ അമേരിക്ക ഇടപെട്ടിട്ടുണ്ട് എന്ന് വ്യക്തമല്ല. ഏതായാലും ഒരുകാര്യം വ്യക്തം ക്യൂണിസ്റ്റുകാ‍ർ തിരഞ്ഞെടുപ്പ് വിജയങ്ങൾ നേടിയ ആദ്യവർഷങ്ങളിലൊക്കെ, അത് കേരളത്തിലായാലും ബംഗാളിലായാലും ആ സർക്കാരുകളെ അട്ടിമറിക്കുന്നതിന് അമേരിക്കൻ ചാരസംഘടനയായ സി.ഐ.എയുടെ പണം വാങ്ങാൻ കോൺഗ്രസിന് മടിയുണ്ടായില്ല. അതിന്റെ സ്വാതന്ത്ര്യസമര പൈതൃകവും സാമ്രാജ്യത്വ വിരുദ്ധ രാഷ്്ട്രീയവുമൊന്നും അതിന് തടസ്സമായിരുന്നില്ല. 1957ൽ ഒന്നാം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുക്കുകയും ഇ.എം.എസ് നന്പൂതിരിപ്പാട് പ്രഥമ മുഖ്യമന്ത്രിയാവുകയും ചെയ്തപ്പോൾ അത് ലോകചരിത്രത്തിലെ, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യസംഭവമായി. ആ സർക്കാരാണ് ആധുനിക കേരളത്തിന് അസ്ഥിവാരമിട്ട ഭൂപരിഷ്കരണ നിയമങ്ങൾ, വിദ്യാഭ്യാസാനുബന്ധ നിയമം, അധികാര വികേന്ദ്രീകരണ നടപടികൾ, വ്യവസായ വികസന പരിപാടികൾ എന്നിവയ്ക്കൊക്കെ തുടക്കം കുറിച്ചത്. എന്നാൽ ആ സർക്കാരിനെ ഭരിക്കാൻ കോൺ്രഗസ് അനുവദിച്ചില്ല. ആ സർക്കാരിനെതിരെ ‘വിമോചന സമരം’ പ്രഖ്യാപിക്കപ്പെട്ടു. കമ്യൂണിസ്റ്റു സർക്കാരിനെതിരെ കേരളത്തിലെ സകലവിധ പിന്തിരിപ്പൻ പ്രതിലോമ രാഷ്ട്രീയ ഘടകങ്ങളേയും ജാതിമത ശക്തികളെയും പള്ളിയേയും പള്ളിക്കൂടങ്ങളെയുമൊക്കെ കോൺഗ്രസ് അണിനിരത്തി പൊതു നിരത്തിൽ സമരരംഗത്തെത്തിച്ചു. ഇത് അേമരിക്കൻ പണം കൊണ്ടാണ് എന്ന ആക്ഷേപം അന്ന് തന്നെ കമ്യൂണിസ്റ്റുകാർ ഉന്നയിച്ചിരുന്നെങ്കിലും അന്നത്തെ മാധ്യമങ്ങളൊക്കെ അതവഗണിക്കുകയായിരുന്നു. അത് മാത്രമല്ല മാധ്യമങ്ങൾ ഏറെക്കുറെ പൂർണ്ണമായി വലതുപക്ഷ നിയന്ത്രണത്തിലുള്ളവയായിരുന്നു. വലിയ പിന്തുണയാണ് അവ വിമോചന സമരത്തിന് നൽകിയത്. ശ്രീമതി ഇന്ദിരഗാന്ധിയുടെ നേതൃത്വത്തിൽ ശക്തമായ ഇടപെടൽ തന്നെയാണ് വിമോചന സമരത്തിൽ കോൺഗ്രസ് നടത്തിയത്. ഈ അ്രകമ സമരത്തിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പലപ്പോഴും അതൃപ്തി പ്രകടിപ്പിച്ചതായും കേട്ടിട്ടുണ്ട്. വിമോചന സമരത്തിലാണ് സർക്കാർ ഓഫീസുകൾ, വാഹനങ്ങൾ, കെ.എസ്.ആർ.ടി.സി എന്നിവക്കെതിരായ ആക്രമണങ്ങൾ ആദ്യമായി അരങ്ങേറിയതും സമരം കൊഴുപ്പിക്കാൻ ഇതൊക്കെയാവാം എന്ന നിലപാടുണ്ടായതും. അതിന് നേതൃത്വം നൽകിയത് കെ.എസ്.യു എന്ന കോൺഗ്രസ്സിന്റെ വിദ്യാർത്ഥി സംഘടനയായിരുന്നു. ഒരണ സമരം എന്നാണത് അറിയപ്പെട്ടത്. ആലപ്പുഴയിലെ വിദ്യാർത്ഥികളുടെ ബോട്ടുയാത്രാക്കൂലിയുമായി ബന്ധപ്പെട്ടുണ്ടായ വിദ്യാർത്ഥി സമരമാണ് വിമോചന സമരവുമായി കണ്ണിചേർത്തത്. പിൽക്കാലത്തെ കോൺഗ്രസ് നേതൃത്വത്തിന് കേരളത്തിന്റെ സംഭാവനയായി തീർന്ന എ.കെ ആന്റണി, വയലാർ രവി, വി.എം സുധീരൻ, ഉമ്മൻചാണ്ടി തുടങ്ങിയവരൊക്കെ ഒരണ സമരത്തിലൂടെ കെ.എസ്.യു നേതൃത്വത്തിലും പിന്നീട് പാർട്ടി നേതൃത്വത്തിലും എത്തിയവരായിരുന്നു. വലിയ ആക്രമണങ്ങളൊക്കെ അരങ്ങേറിയെങ്കിലും വിമോചന സമരം കൊണ്ട് ഇ.എം.എസ് സർക്കാരിനെ പുറത്താക്കാൻ കോൺഗ്രസിന് സാധിച്ചില്ല. മൂന്ന് സ്വതന്ത്രരുടെ മാത്രം പിന്തുണയിൽ ഏതാനും േപരുടെ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന ആ സർക്കാരിനെ, ചിലരെ കാലു മാറ്റി അട്ടിമറിക്കാനൊക്കെ വലിയ പരിശ്രമങ്ങളുണ്ടായി. പണച്ചാക്കുകളുമായി എം.എൽ.എമാരെ കാലുമാറ്റിക്കാനുള്ള  ആദ്യശ്രമവും കേരളത്തിൽ ഈ സർക്കാരിന്റെ കാലത്താണ് തുടക്കം കുറിച്ചത്. പക്ഷേ ഒരാളെപ്പോലും കാലുമാറ്റാൻ സാധിച്ചില്ല. അവസാനം അന്ന് കോൺഗ്രസ് പ്രസിഡണ്ടായ ശ്രീമതി ഇന്ദിരാഗാന്ധിയുടെ നിർബന്ധബുദ്ധിക്കു മുന്പിൽ പിതാവായ ജവഹർലാൽ നെഹ്റു ഗവർണറോട് റിപ്പോർട്ട് തേടി. 365ാം വകുപ്പ് എന്ന ജനാധിപത്യവിരുദ്ധ വകുപ്പുപയോഗിച്ച് ആ ഗവൺമെന്റിനെ പിരിച്ചു വിടുകയായിരുന്നു. ഇന്ത്യൻ ഭരണഘടനയിലെ 356ാം വകുപ്പ് എന്ന കരിനിയമം ആദ്യമെടുത്ത് ഉപയോഗിച്ചതും കേരളത്തിലെ കമ്യൂണിസ്റ്റ് ഗവൺമെന്റിനെതിരെയായിരുന്നു എന്നതും ചരിത്രത്തിലെ ചില അടയാളപ്പെടലുകളായി പിന്നീട് പരിഗണിക്കപ്പെടുകയുണ്ടായി. മൊയ്നിഹാന്റെ പുസ്തകം പുറത്തുവന്നതോടെ ഇന്ദിരയുടെ വ്യക്തിത്വത്തിൽ അത് വല്ലാതെ കരിപുരട്ടി. ഇന്ത്യയുെട ദേശീയ ്രപക്ഷോഭത്തേയും അതിന്റെ ചേരിചേരാനയത്തെയും സാമ്രാജ്യത്വ വിരുദ്ധമായ അതിന്റെ പൈതൃകത്തെയും കാറ്റിൽ പറത്തി സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ അമേരിക്കയോട് പണം ചോദിച്ചു വാങ്ങി എന്ന ആക്ഷേപം ഇന്ദിരയുടെ വ്യക്തിത്വത്തിന് തൊല്ലൊന്നുമല്ല മങ്ങലേൽപ്പിച്ചത്. പുസ്തകത്തിലെ വെളിപ്പെടുത്തലുകളെ അവർ നിഷേധിച്ചു. താൻ അങ്ങനെ പണം വാങ്ങിയിട്ടില്ല എന്നവർ അവകാശപ്പെട്ടു. പക്ഷേ മൊയ്നിഹാന്റെ വെല്ലുവിളിക്ക് മുന്പിൽ അവർക്ക് നിശബ്ദയാകേണ്ടി വന്നു. ഇന്ത്യയിലെ അമേരിക്കൻ എംബസിയിൽ പണം നൽകിയതിന്റെ രേഖകൾ ശരിയായി തന്നെ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി എന്ന നിലയിൽ താങ്കൾക്ക് അത് പരിശോധിക്കാൻ അധികാരമുണ്ടെന്നും ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ അപകീർത്തിക്ക് കേസു കൊടുക്കാനും അങ്ങിനെയെങ്കിൽ തന്റെ എല്ലാ പരാമർശങ്ങളും കോടതിയിൽ തെളിയിക്കാമെന്നും മൊയ്നിഹാൻ വെല്ലുവിളിച്ചതോടെ ഇന്ദിരാഗാന്ധി നിശബ്ദയായി.

ഇനി ഏതൊരു സർക്കാരിനെതിരെയാണ് കോൺഗ്രസ് വിമോചന സമരം നയിച്ചത് എന്ന പരിശോധനയും പ്രധാന്യമ‍ർഹിക്കുന്നുണ്ട്. ലോകചരിത്രത്തിൽ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ ഇ.എം.എസ് സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിച്ച് എ.ഐ.സി.സിക്ക് റിപ്പോർട്ട് നല്കാൻ ഇന്ദിരാഗാന്ധി ഒരാളെ ചുമതലപ്പെടുത്തിയിരുന്നു. അന്ന് എ.ഐ.സി.സിയുടെ ജനറൽ സെക്രട്ടറിയായിരുന്ന എച്ച്.ഡി മാളവ്യയെ (ഹർഷദേവ് മാളവ്യ) ആണ് അതിന് ചുമതലപ്പെട്ടത്. അദ്ദേഹം കേരളത്തിൽ വന്ന് മാസങ്ങളോളം താമസിച്ച് പഠിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കി.  പതിനെട്ട് മാസം ചെന്ന കമ്യൂണിസ്റ്റ് ഗവൺമെന്റിനെക്കുറിച്ചൊരു വിധി   എന്ന പേരിൽ ഒരു റിപ്പോർട്ട് തയ്യാറാക്കി അദ്ദേഹം എ.ഐ.സി.സിയുടെ അന്നത്തെ അദ്ധ്യക്ഷയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിക്ക് സമർപ്പിച്ചു. ഇന്ദിരയുടെ ജീവചരിത്ര ഗ്രന്ഥമായ ദി റെഡ് റോസ് എഗെയ്ൻ (The Red Rose Again) എന്ന കെ.എ അബ്ബാസിന്റെ പുസ്തകത്തിൽ ഈ റിപ്പോർട്ട് സുദീർഘമായി ഉദ്ധരിക്കുന്നുണ്ട്. ഈ പുസ്തകം ചെന്പനിനീർപൂ വീണ്ടും എന്ന തലക്കെട്ടിൽ പാറുക്കുട്ടി മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഈ പുസ്തകത്തിന്റെ പ്രതി ഇപ്പോഴും പഴയ ലൈബ്രറികളിലൊക്കെയുണ്ട്. അതിൽ മേൽ സൂചിപ്പിച്ച റിപ്പോർട്ടും മലയാളത്തിൽ പരിഭാഷപ്പെടുത്തി ചേർത്തിട്ടുണ്ട്. അത് നേരിട്ടവിടെ ചേർക്കാൻ സ്ഥലപരിമിതി മൂലം സാധ്യമല്ല. പക്ഷേ ഒരു കാര്യം ഉറപ്പിച്ചു പറയാം. ഇ.എം.എസ് സർക്കാരിന് കിട്ടിയ എക്കാലത്തേയും ഏറ്റവും നല്ല സാക്ഷ്യപത്രം എച്ച്.ഡി മാളവ്യ എന്ന എ.ഐ.സി.സി സെക്രട്ടറി തയ്യാറാക്കിയ ആ റിപ്പോർട്ടായിരുന്നു.  കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് വളരെ സൂക്ഷ്മമായും എന്നാൽ ശരിയായും സാധാരണ മനുഷ്യന്റെ ജീവിതത്തിൽ അടയാളപ്പെടുത്തുകയാണ്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി അധികാരത്തിന്റെ ദണ്ധനീതി പ്രമാണി വർഗ്ഗത്തിന്റെ ചൊൽപ്പടിക്കില്ലാതാക്കിയിരിക്കുന്നു. ഇതുവരെ അടിച്ചമർത്തപ്പെട്ടവൻ മുഖമുയർത്തി നോക്കാൻ തുടങ്ങിയിരിക്കുന്നു.   എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ ആമുഖം.

ഇപ്പോൾ തിരിഞ്ഞു നോക്കുന്പോൾ അടിച്ചമർത്തപ്പെട്ടവനെ മുഖമുയർത്തി നോക്കാൻ അവസരം നൽകുകയും അധികാരത്തിന്റെ ദണ്ധനീതി പ്രമാണി വർഗ്ഗത്തിന്റെ ചൊൽപ്പടിക്ക് ഇല്ലാതാക്കുകയും ചെയ്ത ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെതിരായിരുന്നു. കോൺഗ്രസ് നേതൃത്വത്തിൽ വിമോചനസമരം അരങ്ങേറിയത് എന്നത് സത്യത്തിന്റെ മുഖം എത്ര വികൃതമായിരിക്കും എന്ന് വ്യക്തമാക്കുന്നുണ്ട്.

വിമോചന സമരം കേരളീയ സമൂഹത്തിന്റെ മുന്നേറ്റപാതയിൽ ഏൽപ്പിച്ച ആഘാതവും ക്ഷതവും ഇനിയും വേണ്ടപോലെ വിലയിരുത്തപ്പെട്ടിട്ടില്ല. കുറേയേറെ പഠനങ്ങളുണ്ടായി എന്നത് കാണാതിരിക്കുന്നില്ല. ഇന്ന് കേരളം നേരിടുന്ന എല്ലാ പ്രതിലോമപരമായ ആശയങ്ങളുടെയും പ്രവർത്തനങ്ങളുടെയും പ്രഭവകേന്ദ്രം വിമോചന സമരമായിരുന്നു എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. പിൽക്കാലത്ത് പല കോൺഗ്രസ് നേതാക്കൾക്കും വിമോചനസമരത്തെ തള്ളിപ്പറയേണ്ടിവന്നിട്ടുണ്ട്.  ജീവിതത്തിൽ എന്തെങ്കിലും അരുതാത്തത് ചെയ്തുപോയതായി ഇപ്പോൾ തിരിഞ്ഞുനോക്കുന്പോൾ തോന്നുന്നുണ്ടോ?   എന്നൊരു ചോദ്യം തന്റെ ജീവിതാവസാന കാലത്ത് ആദരണീയനായ കോൺഗ്രസ് നേതാവ് കുട്ടിമാളു അമ്മയോട് കലാകൗമുദിയുടെ ലേഖകൻ ചോദിക്കുകയുണ്ടായി. അതിനവർ നല്കിയ മറുപടി  വിമോചനസമരത്തിൽ പങ്കെടുത്തുപോയി എന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത തെറ്റായിരുന്നു എന്ന് ഇപ്പോൾ തിരിഞ്ഞുനോക്കുന്പോൾ തോന്നുന്നു   എന്ന് മറുപടി പറഞ്‍ഞത് രേഖപ്പെടുത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

വിമോചന സമരം കേരളരാഷ്ട്രീയത്തിന് ഏല്പ്പിച്ച ഏറ്റവും വലിയ ആഘാതം എന്നുപറയുന്നത്, അത് സകലവിധ ജാതി, മത, സമുദായ, രാഷ്ട്രീയ പിശാചുക്കളെയും കുടം തുറന്നുവിട്ടു എന്നുള്ളതാണ്. ഇന്നിപ്പോൾ രാഷ്ട്രീയത്തെ വിഴുങ്ങാനും നിയന്ത്രിക്കാനും കഴിയുംവിധം മേധാവിത്വം നേടിയ കത്തോലിക്കാ രാഷ്ട്രീയവും മുസ്ലിം രാഷ്ട്രീയവും ജാതി സമുദായ രാഷ്ട്രീയവുമൊക്കെ പിച്ചവെച്ച് തുടങ്ങിയത് വിമോചന സമരത്തിലാണ്. പണം വാങ്ങി പ്രതിലോമ പ്രവർത്തനങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങുന്നതിന്റെ തുടക്കവും വിമോചനസമരത്തിൽ നിന്നായിരുന്നു. അതുവരെയുള്ള കേരളത്തിന് അങ്ങിനെയൊന്ന് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. എത്രയേറേ ശരിയും നല്ലതുമാണ് ഒരു സർക്കാർ ചെയ്യുന്നതെങ്കിലും അന്ധമായ രാഷ്ട്രീയവിരോധം വെച്ച് അതിനെ എതിർക്കുന്നതാണ് പ്രതിപക്ഷത്തിന്റെ ചുമതല എന്ന പാഠം കേരളീയരെ പഠിപ്പിച്ചതും വിമോചനസമരം തന്നെ. നിക്ഷിപ്ത താല്പ്പര്യങ്ങൾ മറയില്ലാതെ പ്രകടിപ്പിക്കാനും അതിനു വേണ്ടി സമ്മർദ്ദ ഗ്രൂപ്പുകളെ രൂപീകരിച്ച് രംഗത്തിറക്കാനും കേരളത്തെ പഠിപ്പിച്ചത് വിമോചന സമരമായിരുന്നു. ട്രാൻസ്പോർട്ട് ബസ്സുകൾക്കും പൊതുമുതലിനും കല്ലെറിഞ്ഞും തീ കത്തിച്ചുമാണ് സമരവീര്യം പ്രകടിപ്പിക്കേണ്ടത് എന്ന് കേരളത്തിലെ ഇളംതലമുറയെ പഠിപ്പിച്ചത് വിമോചന സമരമാണ്. പ്രതിലോമപരമായ ആശയങ്ങളെ വെള്ള പൂശി അവതരിപ്പിക്കാനും പുരോഗമന ആശയങ്ങളെ വികൃതപ്പെടുത്തി വികലമാക്കുന്നതുമായ മാധ്യമപ്രവർത്തനം കേരളത്തിൽ അവതരിപ്പിക്കപ്പെട്ടത് വിമോചന സമരത്തലാണ്. ഇങ്ങനെ നോക്കിയാൽ വിമോചന സമരം കേരളീയ സമൂഹത്തിനേൽപ്പിച്ച പരിക്ക് ഇന്നും കരിയാവ്രണമായി തുടരുന്നു എന്ന് സമ്മതിക്കേണ്ടിവരും.

You might also like

Most Viewed