തേജസ്വിനിപ്പുഴ തിരിഞ്ഞൊഴുകുന്പോൾ
ചിരസ്മരണ എന്ന പേരിൽ ഒരു നോവലുണ്ട് മലയാളത്തിൽ. എഴുതിയത് മലയാളിയല്ല, കന്നഡ ഭാഷയിലാണ്. നിരഞ്ജന എന്നാണ് എഴുത്തുകാരന്റെ പേര്. മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയതാണ്. നമ്മുടെ പുതുതലമുറയില എത്ര പേർ ഈ നോവൽ കണ്ടിട്ടുണ്ടാകും എന്നറിയില്ല. കേട്ടിട്ടുള്ളവർ പോലും വിരളം. പിന്നെ വയിച്ചവരെ കുറിച്ച് പറയേണ്ടതില്ലല്ലോ. കയ്യൂർ സമര ചരിത്രമാണ് പ്രതിപാദ്യ വിഷയം. കൃഷി ഭൂമി കർഷകന് എന്നത് കോൺഗ്രസ് മുദ്രാവാക്യമാണ്. എ.ഐ.സി.സി സമ്മേളനങ്ങളിലൊക്കെ ഇങ്ങനെ പ്രമേയം പാസ്സാക്കപ്പെട്ടു. പക്ഷെ അതിനപ്പുറം ഈ മുദ്രാ വാക്യത്തോട് ആത്മാർത്ഥതയൊന്നും കോൺഗ്രസിന് ഉണ്ടായിരുന്നില്ല. എന്നാൽ ഈ മുദ്രാവാക്യം ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയത് കമ്മ്യൂണിസ്റ്റ്കാരായിരുന്നു. അവർ ജന്മിനാട് വാഴിത്ത വ്യവസ്ഥക്കെതിരെ കർഷകരെ സംഘടിപ്പിച്ചു. ജാതീയതയും ജന്മിത്വവും പുഴുത്തു കെട്ടുകിടന്ന മലബാറിന്റെ ഗ്രാമങ്ങളിൽ കർഷകരനുഭവിക്കുന്ന, നരകം തോറ്റു പോകുന്ന പീഡനങ്ങൾക്കെതിരെ ഗ്രാമീണ ജനങ്ങളെ സംഘടിപ്പിച്ചു. അങ്ങിനെയാണ് കയ്യൂർ സംഭവിച്ചത്. ഗ്രാമത്തിലെ ചെറുപ്പക്കാർ ജന്മിമാർക്കെതിരെ സംഘടിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരിനിറങ്ങി. കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യം വിളിച്ചു. ആളുകൾക്ക് അക്ഷരാഭ്യാസം കൊടുത്തു. വായനശാലകൾ കെട്ടിയുണ്ടാക്കി, വെള്ളരിനാടകങ്ങൾ കളിച്ചു. ഗ്രാമങ്ങളിൽ നവോത്ഥാനത്തിന്റെ വെളിച്ചം പരക്കാൻ തുടങ്ങി. ജന്മിമാർക്ക് വിറളി പിടിച്ചു. ബ്രട്ടീഷ് ഭരണകൂടത്തിനു ഈ ഗ്രാമം കണ്ണിലെ കരടായി. അവിടെ പോലീസ് ഔട്ട്‌ലെറ്റുകൾ ഉയർന്നു. ജാഥകളും യോഗങ്ങളുമൊക്കെ നിരോധിച്ചു. സുബ്ബരായാൻ എന്ന മർദക വീരനായ പോലീസുകാരൻ കയ്യൂർ ഗ്രാമത്തിലെത്തി. ജന്മിയുടെ വീട്ടിൽ മുഴുത്ത കോഴിയും പെണ്ണും വാറ്റു ചാരയവുമൊക്കെയായി സുഖിച്ചു കഴിയുന്നതനിടയിലാണ് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഒരു ജാഥ നടക്കുന്നത്. വാറ്റിന്റെ ലഹരിയിൽ, ജന്മിയോടുള്ള സ്നേഹത്തിൽ അയാൾ ജാഥയ്ക്ക് മുന്നിൽ കയറി നിന്ന് തടഞ്ഞു. ജാഥ നിരോധിച്ചതായി പ്രഖ്യാപിച്ചു. നേതാക്കൾ ചോദിച്ചു ആരാണ് ജാഥ നിരോധിച്ചത്? ഉടൻ ഉത്തരം വന്നു. ‘ഞാൻ ജാഥ നിരോധിച്ചിരിക്കുന്നു. മദ്യലഹരിയിൽ കാലു നിലത്തുറക്കാത്ത സുബ്ബരായന്റെ നടപടി ജാഥക്കാർക്കിടയിൽ ചിരിപടർത്തി. അവർ അയാളെ ചെറുതായി ഒന്ന് കൈകാര്യം ചെയ്തു. ചുവന്ന കൊടി കയ്യിൽ കൊടുത്തു. അതുംപിടിച്ചു മുന്നിൽ നടക്കാൻ ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാതെ സുബരായൻ എന്ന പോലീസുകാരൻ യൂണിഫോമിൽ ജാഥ നയിച്ചു. അത് തേജസ്വിനി പുഴയുടെ തീരത്തെത്തിയപ്പോൾ ചുവന്ന കൊടി വലിച്ചെറിഞ്ഞ സുബ്ബരായാൻ പുഴയിലേക്ക് എടുത്തു ചാടി. കരയിൽ നിന്ന് കല്ലെറിഞ്ഞപ്പോൾ നേതാക്കൾ വിലക്കി. പക്ഷെ മദ്യ ലഹരിയിലായിരുന്ന അയാൾക്ക് നീന്താൻ കഴിഞ്ഞില്ല. അയാൾ പുഴയിൽ മുങ്ങിപ്പോയി. രക്ഷപ്പെടുത്താൻ സഖാക്കൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ സംഭവം നിമിത്തമാക്കി അധികാരി വർഗം രംഗത്തെത്തി. പോലീസുകാരനെ കൊന്നു പുഴയിലെറിഞ്ഞതായി പ്രചാരണം ഉണ്ടായി. കയ്യൂർ ഗ്രാമത്തെ ലക്ഷ്യമാക്കി ഇടി വണ്ടികൾ പാഞ്ഞു. ഗ്രാമത്തിലെ ചെറുപ്പക്കാരൊക്കെ ഒളിവിൽ പോയി. ബ്രിട്ടീഷ് പട്ടാളം ഗ്രാമം തകർത്തു. സ്ത്രീകൾ മൃഗീയമായി ബലാത്സംഗം ചെയ്യപ്പെട്ടു. പോലീസ് അതിക്രമം പരിധി വിട്ടപ്പോൾ കീഴടങ്ങാൻ സഖാക്കൾ തീരുമാനിച്ചു. മർദ്ദനം തങ്ങളേറ്റു വാങ്ങിയാൽ സഹോദരിമാരുടെ ജീവിതം രക്ഷിക്കാം എന്നവർ കരുതി. പക്ഷെ അധികാരം ആ സംഭവത്തെ നിമിത്തമാക്കി കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടുകയായിരുന്നു. വിചാരണ പ്രഹസനങ്ങളൊക്കെ നടന്നു. അവസാനം അപ്പു, അബൂബക്കർ, ചിരുകണ്ടൻ, കുഞ്ഞന്പു എന്നീ നാലു യുവ ധീരരെ തൂക്കികൊല്ലാൻ ബ്രട്ടീഷ് കോടതി വിധിച്ചു. ഇവർ പ്രകടിപ്പിച്ച അസാമാന്യ ധീരത ഇതിഹാസ സമാനമായ പ്രാധാന്യം കയ്യൂർ സംഭവത്തിനു നൽകി. മഹത്തായ ഒരു ലക്ഷ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്യുന്നതിൽ ഈ നാല് ചെറുപ്പക്കാരും അഭിമാനം കൊണ്ടു. തങ്ങളെ ജയിലിൽ സന്ദർശിക്കുന്നവരെ അവർ ഇൻക്വിലാബ് വിളികളോടെ എതിരേറ്റു. ദേശീയ നേതൃത്വം ശിക്ഷ നടപ്പിലാക്കുന്നതിനെതിരെ രംഗത്തെത്തിയെങ്കിലും ബ്രട്ടീഷുകാർ കനിഞ്ഞില്ല. അവസാനമായി ഈ ധീര വിപ്ലവകാരികളെ സന്ദർശിക്കാൻ അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി പി.സി ജോഷി എത്തി. സഖാക്കളെ ആശ്വസിപ്പിക്കാൻ അദ്ദേഹത്തിന് വാക്കുകളുണ്ടായിരുന്നില്ല. ആ വൃദ്ധനേത്രങ്ങളിൽ നനവ് പടർന്നപ്പോൾ തിളങ്ങുന്ന കണ്ണുകളോടെ അവർ തങ്ങളുടെ നേതാവിന് ധൈര്യം പകർന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി, ഒരു പിടി മണ്ണിനു വേണ്ടിയുള്ള സമരത്തിൽ തൂക്കുമരം കേറുന്നതിൽ തങ്ങൾക്കുള്ള അഭിമാനം അവർ രേഖപ്പെടുത്തി. ഇൻക്വിലാബ് സിന്ദാബാദ്, ജന്മിത്വം നശിക്കട്ടെ, ബ്രിട്ടീഷ് സാമ്രാജ്യത്വം നശിക്കട്ടെ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി അവർ അദ്ദേഹത്തെ യാത്രയാക്കി. മലയാളത്തിന്റെ ഒരു പിടി മണ്ണ് തങ്ങളുടെ പിൻ തലമുറയുടേതാകുന്നത് അവർ സ്വപ്നം കണ്ട് തൂക്കുമരത്തിൽ തൂങ്ങിയാടി, തൊണ്ടയിൽ കുരുക്ക് മുറുകി, ശബ്ദം നിലയ്ക്കുന്നതുവരെ അവർ ഇൻക്വിലാബ് വിളിച്ചു. ഇത് കയ്യൂർ സമര ഗാഥ, ചരിത്രത്തിന്റെ ഗതി നിശ്ചയിച്ച രക്തസാക്ഷിത്വം. നിരഞ്ജനയുടെ ചിരസ്മരണ വായിച്ച് ആവേശം കൊണ്ട്, കണ്ണുകൾ നിറഞ്ഞ് പുസ്തകത്താളുകൾ നനച്ച ഒരു കൗമാരക്കാലം ഈ ലേഖകനുണ്ടായിരുന്നു. വളർന്നു വലുതാകുന്പോൾ, സ്വന്തമായി ഒരു വീട് നിർമ്മിക്കുന്പോൾ ചരിത്രമുറങ്ങുന്ന തേജസ്വിനി പുഴയുടെ പേർ അതിന് നൽകണം എന്നത് ഒരാഗ്രഹമായി മനസ്സിൽ കൊണ്ട് നടന്നു. തറവാട് വീട് പുതുക്കിപ്പണിഞ്ഞപ്പോൾ വീടിന്റെ ജാതിപ്പേരിനു പകരം തേജസ്വിനി എന്ന് പുനർനാമകരണം ചെയ്തു.
ഇന്നത്തെ കേരളത്തെ നിർമ്മിച്ചെടുത്തത് മണ്ണിനു വേണ്ടി വടക്കേ മലബാറിലെ കർഷകർ നടത്തിയ സമരങ്ങളാണ്. കയ്യൂർ, കരിവെള്ളൂർ, മുനയാൻ കുന്ന്, പാടിക്കുന്ന്, ഒഞ്ചിയം തുടങ്ങി ധാരാളം സമര കേന്ദ്രങ്ങൾ. ധാരാളം രക്തസാക്ഷികൾ. ഉത്തരവാദ ഭരണത്തിനു വേണ്ടി ആലപ്പുഴയിലെ പുന്നപ്രയിലേയും വയലാറിലേയും പ്രക്ഷോഭം, കൃഷ്ണപിള്ള നേതൃത്വം നൽകിയ തൊഴിലാളി സമരങ്ങൾ, അങ്ങിനെയെന്തൊക്കെ. 1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്ര്യത്തിലേക്ക് കണ്ണ് തുറന്നപ്പോൾ കയ്യൂർ സഖാക്കൾ വിളിച്ച മുദ്രവാക്യം സ്വാർത്ഥകമായി. 1956 നവംബർ ഒന്നിന് ഐക്യ കേരളം യാഥാർത്ഥ്യമായി. ആദ്യത്തെ പൊതു തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തി. ആ സർക്കാരിന്റെ ആദ്യ ഉത്തരവ് കുടി ഒഴിപ്പിക്കൽ നിരോധിച്ചുകൊണ്ടുള്ളതായിരുന്നു. കയ്യൂർ സഖാക്കൾ അപ്പു, അബൂബക്കർ, ചിരുകണ്ടൻ, കുഞ്ഞന്പു എന്നിവരുടെ രക്തം ആ ഉത്തരവിലൂടെ തിളങ്ങി. വടക്കേ മലബാറിലെ എണ്ണമറ്റ രക്തസാക്ഷി കുടീരങ്ങളിലെ കർഷക രക്തസാക്ഷികൾ ചിരിച്ചു. തുടർന്ന് പ്രതിഫലം നൽകിയാണെങ്കിലും ജന്മിത്തം അവസാനിപ്പിക്കുന്ന ഭൂപരിഷ്ക്കരണ നിയമം ആ സർക്കാർ പാസ്സാക്കി. ഇന്ന് തിരിഞ്ഞു നോക്കുന്പോൾ ആ നിയമത്തിനു പരിമിതികളുണ്ടാവും. ആദിവാസി, ദളിത് ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതിരുന്നത് ഭൂപരിഷ്ക്കരണ നിയമത്തിന്റെ ഗൗരവതരമായ പരിമിതി തന്നെയാണ്. അപ്പോഴും ഒരുകാര്യം നാം മറക്കരുത്. മലയാളിക്ക് ഈ മണ്ണിൽ തന്റേതായ ഒരിടം, സ്വന്തമായ ഒരിടം ഉണ്ടാക്കികൊടുത്തത് ആ നിയമമാണ്. മലയാളിയെ തന്റേടി (തന്റെ+ഇടം= തന്റേടം) യാക്കിയത് ആ നിയമമാണ്. ആ ചരിത്രപരമായ ദൗത്യം നിർവഹിച്ച സർക്കാരിനെതിരെ ആണ് വിമോചന സമരം നടന്നത് എന്നത് വിരോധാഭാസം. ഇന്ദിരയുടെ മർക്കടമുഷ്ടിക്കുമുന്നിൽ ജവഹർലാൽ നെഹ്‌റു എന്ന ഇന്ത്യൻ പ്രധാനമന്ത്രി, 356 വകുപ്പ് എന്ന ജനാധിപത്യ വിരുദ്ധ വകുപ്പുപയോഗിച്ച് ആ സർക്കാരിനെ പിരിച്ചുവിട്ടു. പിന്നീട് 1969ൽ ഇടതു സർക്കാർ വീണ്ടും അധികാരത്തിലെത്തി. ദളിത് വിഭാഗങ്ങളേയും കീഴാളന്മാരെയും ഒരു തുണ്ട് ഭൂമിക്ക് അവകാശിയാക്കുന്ന, കുടിക്കിടപ്പ് സ്വന്തമാക്കുന്ന നിയമം കൊണ്ടുവന്നു. ആ നിയമമനുസരിച്ച് ഒരു കുടിയാൻ കുടിൽ കെട്ടി പാർക്കുന്ന കുടിലിന്റെ ചുറ്റുമുള്ള 10 സെന്റ് സമസ്ത കഴുക്കൂർ ചമയങ്ങളോട് കൂടി, കുടിയാന് കൈവശാധികാരവും ക്രയവിക്രയാധികാരവും ലഭിക്കും. പക്ഷെ ആ സർക്കാരും കാലാവധി എത്തുന്നതിനുമുന്പ് പുറത്തായി. നിയമസഭ പാസ്സാക്കി അയച്ച ഭൂനിയമം പ്രസിഡണ്ട് ഒപ്പ് ചാർത്താത്തത് നിമിത്തം നടപ്പിലായില്ല. ഇതേ തുടർന്നാണ് ലോക കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഐതിഹാസിക സമരങ്ങളിൽ ഒന്നായ കുടിക്കിടപ്പ് വളച്ചുകെട്ട്, മിച്ച ഭൂമി സമരങ്ങൾ കേരളത്തിൽ അരങ്ങേറുന്നത്. 1969 അവസാനം കർഷക −തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ആ പ്രക്ഷോഭം. കാസർഗോഡു നിന്ന് എ.കെ.ജിയുടെ നേതൃത്വത്തിലും തിരുവനന്തപുരത്ത് നിന്ന് വി.എസ് അച്ചുതാനന്ദന്റെ നേതൃത്വത്തിലും രണ്ടു കർഷക ജാഥകൾ ആരംഭിച്ച് ആലപ്പുഴയിൽ സംഗമിച്ചു മഹത്തായ ഒരു പ്രഖ്യാപനം നടത്തി. 1970 ജനുവരി 1 എന്നൊരു തിയതിയുണ്ടെങ്കിൽ, അന്നത്തെ സൂര്യോദയം സംഭവിക്കുമെങ്കിൽ, അന്നേക്ക് കുടികിടപ്പ് നിയമം പാസ്സായതായി കണക്കാക്കും എന്നായിരുന്നു പ്രഖ്യാപനം. പ്രസിഡണ്ട് ഒപ്പിട്ടാലും ശരി ഇല്ലെങ്കിലും ശരി, നിയമസഭ പാസ്സാക്കിയ നിയമം അന്നേക്കു നടപ്പിലായതായി കണക്കാക്കി 10 സെന്റ് ഭൂമി വളച്ചു കെട്ടുമെന്ന് ആലപ്പുഴ കൺവെൻഷൻ പ്രഖ്യാപിച്ചു. സർക്കാർ അതൊരു തമാശയായി മാത്രമേ കണക്കാക്കിയിരുന്നുള്ളൂ. കാരണം നിയമം പാസ്സകാത്തിടത്തോളം അത് നടപ്പിലാക്കാൻ കഴിയില്ല എന്നാണവർ കരുതിയത്. പക്ഷെ 1970 ജനുവരി 1നു സൂര്യോദയത്തിനു മുന്പ് തന്നെ കേരളത്തിലങ്ങോളമിങ്ങോളം കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ ഭൂമിയില്ലാത്ത പതിനായിരങ്ങൾ തങ്ങളുടെ പുരയിടത്തിലെ 10 സെന്റ് ഭൂമി അളന്നു തിരിച്ചു അതിരിട്ട് അതിലെ കഴുക്കൂർ ചമയങ്ങൾ സ്വന്തമാക്കി അനുഭവിച്ചു അവകാശം സ്ഥാപിച്ചു. പോലീസിന്റെ വലിയ തോതിലുള്ള ബലപ്രയോഗങ്ങളുണ്ടായി മതിൽ ചാടിക്കടന്ന് മുടവൻ മുകൾ കൊട്ടാരത്തിലെ മിച്ചഭൂമിയിൽ പ്രവേശിച്ച് കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തിയ എ.കെ.ജി സമരനേതാവായി. വളച്ചുകെട്ടിയ കുടികിടപ്പിനകത്തെ തേങ്ങകളും മറ്റ് വിഭവങ്ങളും സ്വന്തമാക്കിയതിന് പോലീസ് വ്യാപകമായി കേസ് രജിസ്റ്റർ ചെയ്തു. മോഷണക്കേസ്സായിരുന്നു എല്ലാവരുടേയും പേരിൽ ചാർജ്ജ് ചെയ്തത്. അതുകൊണ്ട് ജാമ്യമില്ലാതെ ആയിരങ്ങൾ ജയിലിലായി. പക്ഷെ സമരം തുടർന്നു. ജയിലിൽ നിന്ന് പുറത്ത് വരുന്നവർ വീണ്ടും ഭൂമിയിൽ പ്രവേശിച്ച് വളച്ചുകെട്ടി വീണ്ടും ജയിലിൽ പോയി. അവസാനം ഭേദഗതികളോടെ ആണെങ്കിലും സർക്കാരിനു കുടികിടപ്പ് നിയമം അംഗീകരിക്കേണ്ടി വന്നു. ഇത് ലോക ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത സമരമായി മാറി. 27 ലക്ഷത്തോളം കുടികിടപ്പുകാർക്ക് സ്വന്തമായി 10 സെന്റ് ഭൂമി കിട്ടി. ആ കുടികിടപ്പിൽ കാലൂന്നി നിന്നാണ് മലയാളി വിദ്യഭ്യാസവും തൊഴിലും സംസ്കാരവുമൊക്കെ ചിന്തിച്ച്, പ്രവർത്തിച്ച്, ലോകത്തിലെ തന്നെ വേറിട്ട ഒരു ജനപഥമായി തീർന്നത്.
ഒരു കാര്യം ഉറപ്പിച്ചു പറയാം. മലയാളിയെ രാഷ്ട്രീയ പ്രക്ഷുബ്ധരും സംസ്ക്കാര സന്പന്നരുമൊക്കെ ആക്കിയത് ഭൂമിക്കു വേണ്ടി നടന്ന ഐതിഹാസികങ്ങളായ സമരങ്ങളും അതിന്റെ ഫലമായി അധികാരത്തിൽ എത്തിയ ഇടതു സർക്കാരുകൾ നടപ്പിലാക്കിയ ഭൂപരിഷ്ക്കരണ നിയമങ്ങളുമൊക്കെയായിരുന്നു. കാല പ്രവാഹത്തിൽ ഇവക്കൊക്കെ കേരളത്തിൽ എന്ത് സംഭവിച്ചു എന്ന പരിശോധന അനിവാര്യമാണ്. കണ്ടെത്തലുകൾ ഞെട്ടിപ്പിക്കുന്നതായിരിക്കും എന്ന കാര്യത്തിലും സംശയം വേണ്ട. നവ ഉദാരവൽക്കരണം ഏറ്റെടുത്ത ഒരു ചരിത്ര ദൗത്യമുണ്ട്. അത് ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ പിന്നിലുള്ള കാലത്തേയ്ക്ക് ചരിത്രത്തെ തിരിച്ചു നടത്തുക എന്നതാണ്. എല്ലാ മേഖലകളിലും അത് ഇന്ന് ഭംഗിയായി സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന് മുന്പ് (1917) കേരളത്തിലെ ഭൂമി മുഴുവൻ ജന്മി നാടുവാഴികളുടേതായിരുന്നു. അവരെ തിരികെ കൊണ്ട് വന്നു ഭൂമി തിരിച്ചേൽപ്പിക്കാൻ ചരിത്രത്തിൽ അവസരങ്ങളില്ല. പക്ഷെ ജന്മി നാടുവാഴികളുടെ നേരവകാശികളായ പുതിയ മൂലധന ശക്തികളെ, ചൂതാട്ട മുതലാളിത്ത ശക്തികളെ (speculative capitalist) ഭൂമി തിരിച്ചേൽപ്പിക്കുന്ന പ്രക്രിയകളാണ് കേരളത്തിൽ അതിവേഗം സംഭവിച്ചു കൊണ്ടിരിക്കുന്നത്. കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ഡി സതീശൻ ശരിയായി ചൂണ്ടികാണിച്ച പോലെ ഭൂമി ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ വിലയുള്ള ക്രയവിക്രയ ചരക്കാണ്. (commercial commoditiy). കേരളത്തിലെ ഏറ്റവും വലിയ ബിസിനസ്സുകളിൽ ഒന്നാണ് റിയൽ എേസ്റ്ററ്റ്. അത് കാട് വെട്ടിയിട്ടാണെങ്കിലും കടൽ നികത്തിയിട്ടാണെങ്കിലും കായലും തണ്ണീർ തടങ്ങളും നെൽപ്പാടങ്ങളും കുന്നുകളും പശ്ചിമഘട്ടങ്ങളുമൊക്കെ ഇടിച്ചു നിരത്തിയിട്ടാണെങ്കിലും അവരത് നിർവ്വഹിച്ചു കൊണ്ടിരിക്കുന്നു. അതിനുള്ള ഒത്താശ പണികൾ ചെയ്തു കൊടുക്കുന്നതിനുള്ള ഉപകരണങ്ങളായി രാഷ്ട്രീയ പാർട്ടികൾ മാറുന്നു. ഗവൺമെന്റുകൾ അധികാരമുപയോഗിച്ച് അത് നടപ്പിലാക്കുന്നു. വന്ധ്യംകരിക്കപ്പെട്ട കർഷക −തൊഴിലാളി സംഘടനകൾ നോക്ക് കൂലി കൈപ്പറ്റി കഴിയുന്ന അവസരവാദ സംഘടനകളായി തീരുന്നു. കൃഷി അന്യം നിന്ന് പോകുന്നു. വിയർപ്പ് ചീന്തി പണിയെടുക്കുന്നതിനു അന്യസംസ്ഥാനങ്ങളിലെ പുറം പണിക്കാരെയും ഭക്ഷണാവശ്യങ്ങൾക്ക് പുറം സംസ്ഥാനങ്ങളെയും ആശ്രയിക്കുന്നു. ഭൂമി മിക്കവാറും സ്വകാര്യ കന്പനികളുടെ കൈവശം എത്തിയിരിക്കുന്നു. പണ്ട് പതിച്ചു നൽകിയ മിച്ചഭൂമിയുടെ കണക്കെടുത്താൽ അവയൊക്കെ ഇന്ന് പുത്തൻപണക്കാരുടെ കൈകളിലാണ്. ഈ ദിശയിലുള്ള പരിഷ്ക്കരണങ്ങളാണ് ഉമ്മൻ ചാണ്ടി കയ്യറപ്പില്ലാതെ തുടർച്ചയായി സ്വീകരിച്ചു വരുന്നത്. ‘എമേർജിംഗ് കേരള ‘ അതിന്റെ കൊടി അടയാളമായിരുന്നു. അവിടെ ഈ നയപ്രഖ്യാപനം നടത്തിയത് അന്നത്തെ ആസൂത്രണ കമ്മീഷൻ വൈസ് ചെയർമാൻ അഹലൂവാലിയ ആയിരുന്നു. “ഭക്ഷണം കഴിക്കാൻ അരി ഞങ്ങൾ തരാം, നിങ്ങളീ നെൽവയലുകൾ കെട്ടിപിടിച്ചിരിക്കാതെ നികത്തി റിസോർട്ട് പണിയൂ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. തോട്ടം ഭൂമി വക മാറ്റാനുള്ള നിയമം, നെൽവയൽ നികത്തൽ നിയമവിധേയമാക്കാനുള്ള നിയമം, ഗാഡ് ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരായ സായുധ സമരം, ആറന്മുള വിമാനത്താവള നിർമ്മാണം, സർക്കാർ ഏറ്റെടുത്ത നെല്ലിയാന്പതി തോട്ടങ്ങൾ ഭൂ ഉടമകൾക്ക് വിട്ടുകൊടുക്കൽ, സർക്കാർ തോട്ടങ്ങൾ സ്വകാര്യ വ്യക്തികൾക്ക് കൈമാറാനുള്ള സൂത്രപ്പണികൾ, വനഭൂമി കയ്യേറ്റങ്ങളെ അംഗീകരിക്കാനുള്ള ഉദ്യോഗസ്ഥ തല, രാഷ്ട്രീയതല നീക്കങ്ങൾ, വനഭൂമിക്ക് പ്രത്യേക നന്പർ ഇട്ട് കൃഷിഭൂമിയാക്കി മാറ്റി ഭൂ ഉടമകൾക്ക് അവകാശം സ്ഥാപിക്കാൻ അവസരമൊരുക്കൽ, ഏറ്റവും അവസാനം അവതരിപ്പിച്ച ഭൂപതിവ് നിയമഭേദഗതി എന്നിവ. ഭൂപതിവ് നിയമം ഭേദഗതി നടപ്പിലായിരുന്നെങ്കിൽ പശ്ചിമ ഘട്ടം മുഴുവൻ റിസോർട്ട് മാഫിയ, പാറ മാഫിയ എന്നിവരുടെ കൈവശം വന്നു ചേരുമായിരുന്നു. ഏറെ ദുഃഖകരമായ വസ്തുത താൽക്കാലികമായെങ്കിലും സർക്കാർ അതിൽ നിന്ന് പിന്മാറേണ്ടി വന്നെങ്കിൽ അത് കോൺഗ്രസിലെ തന്നെ വി.എം സുധീരൻ, വി.ഡി സതീശൻ, ടി.എൻ പ്രതാപൻ എന്നിവരുടെ നേതൃത്വത്തിൽ രൂപപ്പെട്ട ശക്തമായ എതിർപ്പുകൊണ്ടായിരുന്നു. കെ.എം മാണിക്ക് പോലും പച്ചയായി ഇതിനെ പിന്തുണയ്ക്കാൻ സാധിച്ചില്ല. അതിലേറെ ദുഃഖകരം പതിവ് പ്രസ്താവനകൾക്കപ്പുറം പോയി ജനങ്ങളെ അണിനിരത്താൻ കഴിയുന്ന നിലയിലുള്ള നീക