നിലമറന്ന് ഓരിയിടുന്ന നീലക്കുറുക്കന്മാർ


ഹൈസ്കൂൾ വിദ്യാർത്ഥി ആയിരുന്ന കാലത്തെ കുറുപ്പ് മാഷിന്റെ പ്രസംഗങ്ങൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്. ജനാധിപത്യത്തിന്റെ മൂന്ന് സ്തംഭങ്ങളെക്കുറിച്ച്, നിയമ നിർമ്മാണം (legisture) ഭരണ നിർവ്വഹണം (executive) നീതിനിർവഹണം (judiciary) അദ്ദേഹം വാചാലമായി സംസാരിക്കുകയായിരുന്നു. വർത്തമാന പത്രങ്ങൾ അഥവാ മാധ്യമങ്ങൾ എന്ന ജനാധിപത്യത്തിന്റെ കാവൽപ്പട്ടിയെക്കുറിച്ചും നാലാം തൂണിനെക്കുറിച്ചും അദ്ദേഹത്തിന്റെ പതിവ് വിശദീകരണം കേൾക്കുന്പോൾ സന്തോഷം തോന്നും. ഇന്ത്യയെന്ന, ലോകത്തിലെ തന്നെ മഹത്തായ ജനാധിപത്യ രാജ്യം, എല്ലാ ഭാരതീയരും സഹോദരീസഹോദരൻമാരാണെന്ന അസംബ്ലിയിലെ പ്രതിജ്ഞ, ത്രിവർണ്ണ പതാക നെഞ്ചിൽ കുത്തിവെച്ച് മധുരം വിളന്പാനുള്ള സ്വാതന്ത്ര്യ ദിനാചരണം, ചാച്ചാ നെഹ്്റുവിന്റെ ജന്മദിനമായ ശിശുദിനം, ഭാവി പൗരന്മാരായ കുട്ടികളിൽ ദേശാഭിമാനവും ജനാധിപത്യ ബോധമുണർത്താൻ എന്തെന്ത് പരിപാടികളായിരുന്നു. ഇന്നിപ്പോ ഇതൊക്കെ കേൾക്കുന്പോൾ ചിരിക്കണോ അതോ കരയണോ എന്ന് പോലും നിശ്ചയിക്കാൻ കഴിയുന്നില്ല. നമ്മുടെ ജനാധിപത്യ വ്യവസ്ഥ പടുത്തുയർത്തിയ അടിസ്ഥാന സ്തംഭങ്ങളൊക്കെ ഇന്നെവിടെയാണ്‌?. അവയ്ക്ക് മുകളിൽ ജനാധിപത്യത്തിന്റെ മനോഹരമായ ആ മഹാസൗധം ഇപ്പോഴുമുണ്ടോ? അല്ല അത് തകർന്നു തരിപ്പണമായി പോയോ? ജനാധിപത്യത്തിന്റെ സ്തംഭങ്ങൾ പടുത്തുയർത്തിയത് എന്തുകൊണ്ടായിരിക്കും. സിമന്റും കല്ലും കൊണ്ടുമൊന്നും ആകാനിടയില്ല. അത് പടുത്തുയർത്തിയത് ജനവിശ്വാസം കൊണ്ടാണ്. ആ വിശ്വാസം തകരുന്പോഴോ?

ലോകത്ത് ഇന്ത്യയെപ്പോലെ സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളിലും ജനാധിപത്യവും മത നിരപേക്ഷതയും വാണില്ല. അത് പലപ്പോഴും രാജഭരണത്തിലേയ്ക്കും ഏകാധിപത്യത്തിലേയ്ക്കും മതഭരണത്തിലേക്കുമൊക്കെ വഴുതി വീണു. അപ്പോഴുംനാം അഭിമാനത്തോടെ നെഞ്ച് വിരിച്ചു പറഞ്ഞു; ജനാധിപത്യ ഇന്ത്യ. അഞ്ചു വർഷം കൂടുന്പോൾ തിരഞ്ഞെടുപ്പ്, അധികാര മാറ്റങ്ങൾ, പഞ്ചശീല തത്വങ്ങൾ, ജയ്‌ ജവാൻ ജയ്‌ കിസാൻ, ഗരീബി ഹഠാവോ, ബേക്കാരി ഹഠാവോ തുടങ്ങി മുദ്രാവാക്യങ്ങളുടെ ഘോഷയാത്രകൾ, ജനാധിപത്യത്തിനെതിരായ വെല്ലുവിളികൾ, ഗാന്ധി വധം, അടിയന്തരാവസ്ഥ, രഥയാത്രകൾ, ബാബറി മസ്ജിദിന്റെ പതനം, വർഗ്ഗീയ കലാപങ്ങൾ, ഇന്ദിര, രാജീവ്‌ ഗാന്ധിമാരുടെ കൊലപാതകങ്ങൾ, ഗുജറാത്ത് കലാപം, തീവ്രവാദ ആക്രമണങ്ങൾ, കാശ്മീർ പ്രശ്നം, അതിർത്തി പ്രശ്നങ്ങൾ, പ്രകൃതിദുരന്തങ്ങൾ. പക്ഷെ അവയൊക്കെ അതിജീവിക്കാനും നമുക്ക് കഴി‍‍ഞ്ഞു. നമ്മുടെ ജനാധിപത്യം നില നിന്നു. അതൊന്നും മൂന്നു സ്തംഭങ്ങളുടെ കരുണയിൽ ആയിരുന്നില്ല. ജനാധിപത്യത്തിന്റെ കാവൽപ്പട്ടികളായ മാധ്യമങ്ങൾ കുരച്ചത് കൊണ്ടായിരുന്നില്ല. എല്ലാ ദുർബ്ബലതകൾക്കും അപ്പുറം ജന വിശ്വാസം എന്ന ശക്തമായ പാറക്കെട്ടിൻമേലാണ് ഇന്ത്യൻ ജനാധിപത്യം നിലയുറപ്പിച്ചത്. മലവെള്ള പാച്ചിലിനെയും കൊടുങ്കാറ്റിനെയുമൊക്കെ അതിജീവിക്കാൻ സാധിച്ചതും അതുകൊണ്ടായിരുന്നു. ഇന്നിപ്പോൾ ജനാധിപത്യത്തിന്റെ അടിത്തറയായി വർത്തിച്ച ജനവിശ്വാസത്തിന്റെ പാറക്കെട്ടുകൾ നാമറിയാതെ പൊടിഞ്ഞിറങ്ങി കഴിഞ്ഞുവോ എന്ന തോന്നൽ ശക്തിപ്പെടുകയാണ് എന്നു പറയാതിരിക്കാനാവില്ല. എല്ലാ തെറ്റുകളോടും സമരസപ്പെട്ടു പോകുന്ന ഒരു മനോഭാവം− എല്ലാറ്റിനോടും നിസംഗമായ ഒരു മനോഭാവം−. ഒരിക്കലും ഇതു നന്നാവില്ല എന്നൊരു തോന്നൽ, എല്ലായിടത്തും ശക്തിപ്പെടുന്നതായി എല്ലാവരും തല കുലുക്കി സമ്മതിക്കുകയാണിന്ന്. നമ്മുടെ രാഷ്ട്രീയ പാർട്ടികളും ജന നേതാക്കളും ഭരണാധികാരികളും കോടതികളും മാധ്യമ സംവിധാനങ്ങളുമൊക്കെ മൂലധനം വലിഞ്ഞു മുറുക്കുന്ന ഒരു വലയത്തിനകത്ത് ഞെരിഞ്ഞമരുകയാണോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ സമീപകാല അനുഭവങ്ങളിൽ ചിലത് അത്തരം ചിന്തകൾക്ക് കാരണമാകുന്നുണ്ട് എന്ന് പറയാതെ വയ്യ. 

നിയമം നിയമത്തിന്റെ വഴിക്ക് എന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം ഉരുവിട്ട ഒരു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെപ്പോലെ വേറൊരാളില്ല. നീതിന്യായ സംവിധാനങ്ങളെ, കോടതികളെ, സർവതന്ത്ര സ്വതന്ത്രമാക്കുക; അധികാരത്തിന്റെ കൊന്പും കുഴലുമായി ഒരിക്കലും അതിനു മാർഗതടസ്സം സൃഷ്ടിക്കാതിരിക്കുക, എന്നതാണ് തന്റെ രീതി എന്നദ്ദേഹം ഉരുവിട്ടു കൊണ്ടിരുന്നു. ചീകിയൊതുക്കാതെ പാറിപ്പറന്നു കിടക്കുന്ന മുടിയും കീറിപ്പറിഞ്ഞു തുന്നിക്കെട്ടിയ വസ്ത്ര ധാരണവും ഒരു പ്രത്യേക തരം ശരീര ഭാഷയും സംഭാഷണ രീതിയുമൊക്കെയായി ഉമ്മൻചാണ്ടി ഇതു പറഞ്ഞു കൊണ്ടിരുന്നപ്പോൾ ജനവിശ്വാസ്യത ആർജ്ജിക്കാൻ അദ്ദേഹത്തിനു കഴിയുകയും ചെയ്തിരുന്നു. കോടതി വിധികൾ, പരാമർശങ്ങൾ എന്നിവ തങ്ങൾക്കനുകൂലമായി വരുന്പോൾ അതിനെ ഉയർത്തിപ്പിടിക്കുകയും വിധി എതിരാവുന്പോൾ അതിനെ തള്ളിപ്പറയുകയും ചെയ്യുന്നത് എന്റെ രീതിയല്ല എന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷെ നേരെ എതിർദിശയിലുള്ള അനുഭവങ്ങളാണ് ചുരുങ്ങിയത് കഴിഞ്ഞ 4 വർഷം ആയെങ്കിലും കേരള ജനതയ്ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. താരതമ്യേന നിരുപദ്രവകരങ്ങളായ കോടതി പരാമർശങ്ങളോടൊക്കെ അദ്ദേഹം സഹിഷ്ണുതയോടെ പെരുമാറുകയും ചെയ്തു. പക്ഷെ തന്റെ അസ്ഥിയിൽ തൊടുന്ന ചില വിധി ന്യായങ്ങളും പരാമർശങ്ങളും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായപ്പോൾ അദ്ദേഹത്തിന്റെ മട്ടുമാറി. അപ്പോഴും നേരിട്ട് പ്രശ്നങ്ങളിൽ പെടാതെ കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടുചോറു മാന്തിക്കുന്ന സമീപനമായിരുന്നു അദ്ദേഹം കൈക്കൊണ്ടത്. പി.സി. ജോർജും തന്റെ തന്നെ സാംസ്കാരിക മന്ത്രി കെ.സി. ജോസഫും ഒക്കെയായിരുന്നു കുട്ടികുരങ്ങന്മാർ. പി.സി.ജോർജ് കുട്ടികൊരങ്ങൻഎന്ന നിലവിട്ട് അക്കാലത്ത് വേട്ടപട്ടിയായി വളർന്നിരുന്നു. പാമോയിൽ കേസിലും മറ്റു ചില പ്രധാന കേസുകളിലും അങ്ങേയറ്റം ഗുരുതരമായ പരാമർശം കോടതിയിൽ നിന്നുണ്ടായപ്പോൾ അദ്ദേഹം പ്രതികരിച്ചില്ല. തനിക്കെതിരായ വിജിലൻസ് അന്വേഷണം വന്നപ്പോൾ മുഖ്യ മന്ത്രിപദം ഒഴിഞ്ഞു സ്വതന്ത്രമായ അന്വേഷണത്തിനു അവസരമൊരുക്കുന്നതിനു പകരം വിജിലൻസ് വകുപ്പ് തന്റെ വിശ്വസ്തനെ ഏൽപ്പിച്ച് തെളിവെള്ളത്തിൽ ഇറങ്ങിനിൽക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഇത് യാഥാർത്ഥത്തിൽ ക്രൂരമായ തമാശ ആയിരുന്നു. മുഖ്യമന്ത്രിയാണ് ഭരണത്തലവൻ എന്നിരിക്കെ വിജിലൻസ് വകുപ്പ് മറ്റൊരു മന്ത്രിയെ ഏൽപ്പിച്ചത് കൊണ്ട് മാത്രം സ്വതന്ത്രമായ അന്വേഷണം മുഖ്യമന്ത്രിക്കെതിരെ നടത്താൻ ഒരു സർക്കാർ വകുപ്പായ വിജിലൻസിനാവില്ല എന്നറിയാത്ത ആളല്ല ഉമ്മൻ‌ചാണ്ടി. വിജിലൻസ് വകുപ്പ് വിട്ടൊഴിഞ്ഞ ശേഷം ഉമ്മൻചാണ്ടി ചെയ്തത് അന്നത്തെ തന്റെ വേട്ടപട്ടിയായ പി.സി.ജോർജ്ജിനെ വിട്ടു ബന്ധപ്പെട്ട കോടതി ജഡ്ജിയെ തെരുവിൽ വലിച്ചു കീറുകയായിരുന്നു. ഗത്യന്തരമില്ലാതെ ഈ കേസ് കേൾക്കുന്നതിൽ നിന്ന് ജഡ്ജി സ്വമേധയാ ഒഴിഞ്ഞു മാറി. തങ്ങൾക്കു വേണ്ടപ്പെട്ട ഒരു ബഞ്ചിലേയ്ക്ക് കേസ് എത്തിയപ്പോഴും ഉമ്മൻ‌ചാണ്ടി പറഞ്ഞത് നിയമം നിയമത്തിന്റെ വഴിക്ക് എന്നായിരുന്നു. പാതയോരത്തെ പൊതുയോഗങ്ങൾ നിരോധിച്ച ഒരു കോടതി വിധിയിൽ എം.എൽ.എ ആയ ജയരാജൻ ഒരു വഴിവിട്ട പരാമർശം നടത്തിയപ്പോൾ ഉമ്മൻ ചാണ്ടി കോടതിയുടെ രക്ഷകനായി എത്തി. ഇക്കാര്യത്തിൽ കോടതി സ്വമേധയാ സ്വീകരിച്ച കോടതിയലക്ഷ്യ നടപടികളൊക്കെ അദ്ദേഹം പിന്തുണച്ചു. അന്ന് അഭിഭാഷകന്മാരും രാഷ്ട്രീയ നേതാക്കളും ഉൾപ്പടെ കോടതി നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയപ്പോൾ ഉമ്മൻ ചാണ്ടി പൊട്ടിത്തെറിച്ചു. ഇത്തരം നടപടികൾ ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കും. കോടതികളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തും എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഒരു കോടതിയുടെ പരാമർശം തങ്ങൾക്കെതിരായി വന്നാൽ പരസ്യമായ അഭിപ്രായ പ്രകടനം നടത്തുന്നതിനു പകരം അത്തരം പരാമർശം നീക്കി കിട്ടാൻ മേൽക്കോടതിയെ സമീപിക്കുകയാണ് വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. അപ്പോഴും മാട്ട കെട്ടിയ കുതിരയെപ്പോലെ അദ്ദേഹം തൊട്ടുമുന്പിൽ ഉള്ളത് മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ. തന്റെ കെ.പി.സി.സി വൈസ് പ്രസിഡണ്ട്് കെ.സുധാകരൻ ഒരു ജഡ്ജിക്ക് കൈക്കൂലി നൽകുന്നതിന് ഞാൻ ഇടനിലക്കാരനായി നിന്നിട്ടുണ്ട് എന്ന ഞെട്ടിക്കുന്ന പ്രസ്താവന അദ്ദേഹം കണ്ടിരുന്നില്ല. ഇക്കാര്യത്തിൽ സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ ഒരു കോടതിയും സന്നദ്ധമായിരുന്നില്ല. നമ്മുടെ ജഡ്ജിമാർ പണം വാങ്ങി കക്ഷികൾക്ക് വേണ്ടിയുള്ള വിധിന്യായങ്ങൾ ആണ് പുറപ്പെടുവിക്കുന്നത് എന്ന് പച്ചക്കു പറയുന്നതിനപ്പുറം ജനാധിപത്യ വിരുദ്ധവും കോടതിയെ വിലകെടുത്തുന്നതുമായ മറ്റൊരു പ്രസ്താവന ഉണ്ടാകാൻ വഴിയില്ലല്ലോ. പക്ഷെ അതൊന്നും ഉമ്മൻ ചാണ്ടി അറിഞ്ഞതേയില്ല. അപ്പോഴും സാംസ്കാരിക വകുപ്പ് മന്ത്രിയായ കെ.സി ജോസഫിനെ കൊണ്ട് അദ്ദേഹം ചൂട് ചോറ് മാന്തിച്ചു കൊണ്ടിരുന്നു. തന്റെ ഫേസ് ബുക്ക്‌ പോസ്റ്റിനു ഉമ്മൻചാണ്ടിയുടെ കവർഫോട്ടോ നൽകിയ ബൗദ്ധിക പരിമിതിയും സാംസ്ക്കാരിക പരിമിതിയുമുള്ള മന്ത്രിയാണ് കെ.സി ജോസഫ് എന്ന് പറയേണ്ടി വന്നതിൽ ഖേദമുണ്ട്. മഹാത്മാ ഗാന്ധിയുടെയോ ജവഹർലാൽ നെഹ്്റുവിന്റെയോ, ഇന്ദിരഗാന്ധിയുടെയോ പടം കെ.സി ജോസഫിനെ പോലെ ഒരാൾ കവർഫോട്ടോ ആക്കുന്നത് മനസ്സിലാകും. ഉമ്മൻ ചാണ്ടിയുടെ ചാവേറായി, അദ്ദേഹത്തിന്റെ മെഗാ ഫോണായി സംസാരിക്കുന്നതാണല്ലോ കെ.സി. ജോസഫിന്റെ രീതി.

പക്ഷെ അവസാനം കെ.സി ജോസഫ് പറഞ്ഞ നീലകുറുക്കന്റെ കഥ അന്വർത്ഥമായി. സ്വന്തം പിള്ളയായ  അഡ്വക്കേറ്റ് ജനറൽ ദണ്ധപാണിക്കെതിരെ കോടതി കൈ ചൂണ്ടിയതോടെ ഉമ്മൻ ചാണ്ടി എന്ന നിഷ്കളങ്കൻ അറിയാതെ ഓരിയിട്ടുപോയി.

സംസ്ഥാനത്തെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ശന്പളം പറ്റി ജന താൽപ്പര്യ സംരക്ഷകരായി കോടതിയിൽ വാദമുഖങ്ങൾ ഉന്നയിക്കേണ്ട 120 അഭിഭാഷകർ പച്ചയായി പരസ്യമായി നമ്മുടെ സന്പാദ്യം കുത്തിക്കവരുന്ന മാഫിയകൾക്ക് വേണ്ടിയാണ് വാദിക്കുന്നത് എന്ന ആക്ഷേപം പുതിയതല്ല. ഉമ്മൻ ചാണ്ടി ഈ 120 പേരെയും നിശ്ചയിച്ചതും ഇങ്ങനെയൊരു മാനദണ്ധം വെച്ചാണത്രേ! ടാറ്റയുടേയും ഹാരിസൺ‍ മലയാളത്തിന്റെയും നോമിനികൾ, എൻ.എസ്.എസ്സിന്റെയും എസ്.എൻ.ഡി.പിയുടേയും നോമിനികൾ, സകലജാതിമത സമുദായ സംഘടനയുടെയും നോമിനികൾ, കാട്ടു കള്ളന്മാരുടെ, ആനക്കൊന്പ് ലോബിയുടെ, ഭൂമാഫിയയുടെ എന്നിങ്ങനെയാണത്രെ 120 പേരെ നിശ്ചയിച്ചത്. കേരള കോൺ‍ഗ്രെസ്സിന്, മുസ്ലിം ലീഗിന്, സലിം രാജിന് ഭൂമാഫിയകൾക്കൊക്കെ അഡ്വക്കേറ്റ്  ജനറൽ ഓഫീസിൽ പ്രതിനിധികളുണ്ടായിരുന്നത്രേ! ഇവരൊക്കെയാണ് ജനങ്ങൾ എന്ന് കരുതുന്ന ഒരു മുഖ്യമന്ത്രിക്ക് സ്വാഭാവികമായും ഇതല്ലേ ചെയ്യാൻ കഴിയൂ. സർക്കാരിന്റെ വക്കീലാണ് ദണ്ധപാണി. പക്ഷെ കേസുകളിൽ പ്രതികൾക്കു വേണ്ടി ഹാജരാകുന്നത് അദ്ദേഹത്തിന്റെ ഭാര്യയും മകനും ബന്ധുക്കളും. കോടതി എത്ര തവണ ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല. സർക്കാർ വാദം സമർത്ഥിക്കാനുള്ള രേഖകളൊന്നും കോടതിയിലെത്തിയില്ല. സർക്കാർ തുടർച്ചയായികേസ് തോൽക്കും. ഉമ്മൻ ചാണ്ടി സർക്കാറിലെ വനം വകുപ്പ്, റവന്യു വകുപ്പ് അധികൃതർ രേഖാമൂലം തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിനൽകി. എ.ജി വാദിച്ചാൽ കേരളത്തിൽ റവന്യു ഭൂമിയും വനഭൂമിയും ഒന്നുംബാക്കിയുണ്ടാവില്ല, അതുകൊണ്ട് തങ്ങളുടെ കേസ് വാദിക്കാൻ വേറെ നല്ല വക്കീലിനെ ചുമതലപ്പെടുത്താൻ അനുമതി തരണം എന്നായിരുന്നു ആവശ്യം. കേരളത്തിലെ എല്ലാ മാഫിയകളും തങ്ങൾക്കനുകൂലമായ വിധി യഥേഷ്ടം ഹൈക്കോടതിയിൽ നിന്ന് വാങ്ങിയെടുക്കുന്നു. മുല്ലപ്പെരിയാർ പ്രശ്നത്തിൽ എ.ജി കോടതിയിൽ നടത്തിയ വാദം തമിഴ്നാടിനു വേണ്ടിയായിരുന്നു എന്ന് അവസാനം കെ.എം മാണിക്ക് പോലും സമ്മതിക്കേണ്ടിവന്നു. എ.ജിയെ മാറ്റണമെന്ന് ഏറെക്കുറെ ഏകകണ്ഠമായി തന്നെ ഭരണ കക്ഷി അംഗങ്ങൾ ആവശ്യപ്പെട്ടു. പഴയ ഉമ്മൻചാണ്ടിയുടെ ഓഫീസിലെത്തി ഒരു ചായ കുടിച്ച് പിരിഞ്ഞതോടെ സംശയങ്ങൾ നീങ്ങി. ദണ്ധപാണിയുടെ വദങ്ങൾ കേരളത്തിന് ഗുണകരമാണ് എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ വിശദീകരണം. സർക്കാർവാദം നടത്തേണ്ട സമയത്ത് ഉറങ്ങിപ്പോകുന്ന ദണ്ധപാണി സലിം രാജ് എന്ന വ്യക്തിക്ക് വേണ്ടി ഓടിക്കിതച്ച് കോടതിയിലെത്തി വാദിച്ചത് വിവാദമായതാണല്ലോ.

ഇതൊക്കെ കണ്ടും കേട്ടും പൊറുതിമുട്ടിയപ്പോഴാണ് ഒരു ഹൈക്കോടതി ജഡ്ജിക്ക് അഡ്വക്കേറ്റ് ജനറൽ ആപ്പീസ് അടച്ചുപൂട്ടുന്നതാണ് ജനതാൽപ്പര്യം സംരക്ഷിക്കാൻ നല്ലത് എന്ന് തന്നെ കോടതിയിൽ പറയേണ്ടി വന്നത്. അപ്പോഴാണ്‌ ആദർശത്തിന്റെ നീലത്തിനകത്ത് ഒളിച്ചിരുന്ന ഉമ്മൻ ചാണ്ടിയെന്ന  കുറുക്കൻ നിലമറന്നു ഓരിയിട്ടുപോയത്. പക്ഷെ അപ്പോഴും കേരള ജനതയ്ക്ക് നിസ്സംഗതയായിരുന്നു. ശവങ്ങൾ സൂക്ഷിച്ചിരിക്കുന്ന തണുത്തു മരവിച്ചുകിടക്കുന്ന മോർച്ചറിയുടെ നിസംഗത. ഇത് ഭയാനകമാണ്. ജനാധിപത്യത്തിൽ ജനതയ്ക്ക് വിശ്വാസം നഷ്ടപ്പെട്ടതിന്റെ പ്രഖ്യാപനമാണ്.

You might also like

Most Viewed