ഫാസിസത്തിന്റെ കാലൊച്ചകൾ അരികിലെത്തിയ പോലെ
സംഭവിച്ചു കൊണ്ടിരിക്കുന്നതെല്ലാം നല്ലതിന് ; സംഭവിച്ചതെല്ലാം നല്ലതിന്; സംഭവിക്കാനിരിക്കുന്നതും നല്ലതിന് എന്നത് ഭഗവദ്ഗീതയുടെ ദർശനമാണ്. വിശാലമായ അർത്ഥത്തിൽ അത് ശരിയുമായിരിക്കും. പക്ഷേ അങ്ങനെ ചിന്തിച്ച് ഒതുങ്ങി ധ്യാനത്തിലോ തപസ്സിലോ മറ്റോ മുഴുകിയിരിക്കാൻ നാം ഋഷീശ്വരന്മാരൊന്നുമല്ലല്ലോ. ഈ വ്യവഹാരലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതൊക്കെ, കാമക്രോധലോഭമോഹങ്ങളിൽ അകപ്പെടുത്തുക തന്നെ ചെയ്യുന്നുണ്ട്. മനുഷ്യകുലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങൾക്കും പിന്നിൽ ഒരു സാന്പത്തിക നിദാനം ഒളിഞ്ഞിരിപ്പുണ്ട് അത് കണ്ടെത്തി നിർദ്ധാരണം ചെയ്യുകയാണ് ഒരു കാര്യത്തെ മനസ്സിലാക്കാനുള്ള ഏറ്റവും ശരിയായ രീതി എന്ന് നമ്മെ പഠിപ്പിച്ചത് കാറൽമാക്സ് ആയിരുന്നു. അങ്ങിനെയെങ്കിൽ ലോകത്ത് ഒരുപാട് നൃശംസതകൾക്ക് നേതൃത്വം നൽകിയ ഫാസിസത്തിന്റെ നിദാനമെന്തായിരുന്നു എന്നന്വേഷിച്ചു ചെന്ന സാമൂഹ്യ ശാസ്ത്രജ്ഞരുണ്ട്. ഈ നിലയിലുള്ള ധാരാളം പഠനങ്ങൾ യൂറോപ്പിനെ വലിയ തോതിൽ സ്വാധീനിച്ച ക്ലാസിക്കൽ ഫാസിസത്തെ കുറിച്ച് നടന്നിട്ടുണ്ട്. ജർമ്മനി, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ മുസ്സോളിനി, ഹിറ്റ്ലർ എന്നിവരുടെ നേതൃത്വത്തിലായിരുന്നല്ലോ ക്ലാസിക്കൽ ഫാസിസം അരങ്ങേറിയത്. യൂറോപ്പിന്റെ എല്ലാ അധഃപതനങ്ങൾക്കും കാരണം ശുദ്ധരക്തമുള്ള ആര്യന്മാർ മ്ലേച്ചരക്തത്താൽ കളങ്കിതമായതാണ്. വേദനാജനകമായ ഒരു പ്രക്രിയയാണെങ്കിലും കളങ്കിതമായ രക്തത്തെ ശുദ്ധീകരിച്ച് ആര്യരക്തം സിരകളിലൊഴുകുന്നവരുടെ ഒരു സാമ്രാജ്യം പടുത്തുയർത്തേണ്ടതുണ്ട്. അങ്ങിനെ സംഭവിക്കുന്പോൾ ലോകാധിപത്യം തന്നെ യുറോപ്പിന് വിശേഷിച്ച് ജർമ്മനിക്കായിരിക്കും എന്നായിരുന്നു ഹിറ്റ്ലർ സിദ്ധാന്തിച്ചത്. അതനുസരിച്ച് ആര്യരക്തത്തെ കളങ്കിതമാക്കിയ ജൂത രക്തത്തേയും കത്തോലിക്കാ രക്തത്തെയും കമ്യൂണിസ്റ്റ് രക്തത്തേയുമൊക്കെ ഉന്മൂലനം ചെയ്യാനുള്ള കർമ്മപരിപാടികളായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ചത്. അവസാനമത് രണ്ടാം ലോകയുദ്ധത്തിലും മറ്റും ചെന്നു നിന്നു. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള റഷ്യൻ ചെന്പട ജർമ്മനിയെ കീഴ്പ്പെടുത്തുന്നതോടെ ഹിറ്റ്ലർ ആത്മഹത്യ ചെയ്തു. ക്ലാസിക്കൽ ഫാസിസത്തിന്റെ ഒരദ്ധ്യായത്തിന് തിരശീല വീണു. ഇതേക്കുറിച്ച് പഠിച്ചവർ പറയുന്നത് യൂറോപ്യൻ മൂലധനത്തിന്റെ പടയോട്ടവും അത് നടത്തിയ അതികഠിനവും പൈശാചികവുമായ കൊള്ളയും അതിന്റെ ഭാഗമായി പാപ്പരായ ജനങ്ങളുടെ ചെറുത്തുനില്പും മുതലാളിത്ത ഭരണത്തിന്റെ തന്നെ അന്ത്യം കുറിക്കാവുന്ന വിധത്തിൽ ശക്തി പ്രാപിച്ച കമ്യൂണിസ്റ്റ് മുന്നേറ്റവുമൊക്കെയാണ് ഫാസിസത്തിന് മണ്ണൊരുക്കിയത് എന്നാണ്. ഒരുകാര്യം ഉറപ്പിച്ചു പറയാം. യൂറോപ്പിൽ ആദ്യമായി രൂപം കൊള്ളുന്ന കമ്യൂണിസ്റ്റ് ഗവൺമെന്റ് ജർമ്മനിയിലായിരിക്കും എന്ന് എല്ലാവരും കരുതിയിരുന്നു. ഒരു വിപ്ലവത്തിലേക്ക് ആ പാർട്ടി ഉയർത്തപ്പെടും എന്ന പ്രതീക്ഷയും നിലനിന്നിരുന്നു. അപ്പോഴായിരുന്നു ചുവന്ന കൊടിയും നാഷണൽ സോഷ്യലിസവുമൊക്കെയായി നാസി പാർട്ടിയുടെ രംഗപ്രവേശം.
ലോകത്ത് മൂലധനത്തിന്റെ കേന്ദ്രം ഇപ്പോഴും അമേരിക്ക തന്നെയാണെന്ന് ഏറെക്കുറേ ഉറപ്പിച്ച് പറയാമെന്ന് തോന്നുന്നു. അമേരിക്ക സ്വന്തം പ്രവർത്തികളെ ഇക്കാലത്തും സാധൂകരിക്കുന്നത് ഹണ്ടിംഗ് ടൺ സിദ്ധാന്തങ്ങളിലൂടെയാണ്. അമേരിക്കൻ ജനത ഒരു സവിശേഷ ജനതയാണെന്നും ലോകാധിപത്യത്തിന് ദൈവത്താൽ നിശ്ചയിക്കപ്പെട്ട ജനതയാണെന്നുമൊക്കെയാണ് സാമുവൽ പി. ഹണ്ടിംഗ് ടൺ എന്ന പ്രൊഫസറുടെ സിദ്ധാന്തം. സംസ്കാരങ്ങൾ തമ്മിലുള്ള സംഘർഷം എന്ന തന്റെ പുസ്തകത്തിൽ ലോകത്ത് സംഭവിക്കുന്നത് വർഗ്ഗസമരമൊന്നുമല്ല സംസ്കാരങ്ങൾ തമ്മിലുള്ള സംഘർഷമാണ് നടക്കുന്നത്, ഇതിൽ അമേരിക്ക ആധുനിക നാഗരിക സംസ്കാരത്തെ പ്രതിനിധീകരിക്കുന്നു. ഇതിനെ എതിരിടുന്നത് പ്രാകൃത ഗോത്രസംസ്കൃതിയായ ഇസ്ലാം ആണ് എന്നും അദ്ദേഹം സ്ഥാപിക്കുന്നു. ഇത്തരം വാദങ്ങളുടെ അടിത്തറ പരിശോധിച്ചാലും അത് സാന്പത്തികഘടനയിൽ തന്നെയാണ് ചെന്നെത്തുക. ആധുനിക കാലത്തെ മൂലധന നീക്കങ്ങളെയും അമേരിക്ക നേരിടുന്ന പ്രതിസന്ധിയും അതിനെ അതിജീവിക്കാനുളള നീക്കങ്ങളുമൊക്കെ നമുക്ക് മാന്തിയെടുത്ത് പുറത്ത് വെക്കാനാകും.
ലോകത്ത് ഏറ്റവും കൂടുതൽ ചെറുത്തു നിൽക്കുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത ഒരു ജനതയാണ് ജൂതവിഭാഗം. ഒരു മതം എന്നതിൽ നിന്ന് ഒരു വംശരാഷ്ട്ര ഘടനയാർജ്ജിച്ച് അതിജീവിച്ചതാണ് അതിന്റെ ചരിത്രം. ഇന്നും ചോരയുണങ്ങാതെ നിൽക്കുന്ന ഇസ്രയേൽ പലസ്തീൻ സംഘർഷവും അതിൽ അമേരിക്കയും അറബ് രാഷ്്ട്രങ്ങളുമൊക്കെ നിർവ്വഹിച്ചു കൊണ്ടിരിക്കുന്ന പങ്കുമൊക്കെ സവിശേഷമായ പഠനങ്ങൾ അനിവാര്യമാക്കുന്നുണ്ട്.ജൂതമതം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഗോത്ര സ്വഭാവങ്ങൾ നിലനിർത്തുന്ന മതമാണ് ഇസ്ലാം. തുടക്കം മുതൽ ജിഹാദിന് വലിയ പ്രധാന്യം കിട്ടിയ ഒരു മതം എന്ന നിലയിൽ ഇത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മതം ഒരു സാമൂഹ്യ വിശ്വാസ പ്രശ്നം എന്നതിനപ്പുറത്ത് ഒരു രാഷ്ട്രീയഘടനാ രൂപം എന്ന നിലയിൽ തന്നെയാണ് ഇസ്ലാമിൽ നിലനിന്നിട്ടുള്ളതും.
ഈ സാമൂഹിക രാഷ്ട്രീയ സവിശേഷതകളിൽ നിന്നാണ് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് വലിച്ചെറിയാവുന്ന തരത്തിൽ തീവ്രവാദ പ്രസ്ഥാനങ്ങളെ ഇസ്ലാമിനകത്ത് അമേരിക്ക രൂപപ്പെടുത്തിയത്. അതിന്റെ പ്രതിനിധാനമാണ് ഒസാമ ബിൻ ലാദൻ. അൽഖ്വയ്ദ എന്ന തീവ്രവാദ പ്രസ്ഥാനം രുപം കൊള്ളുന്നതും അതിന്റെ സൈദ്ധാന്തിക അടിത്തറ തയ്യാറാക്കുന്നതും സായുധ പരിശീലനം നടത്തുന്നതും ആവശ്യമായ പടക്കോപ്പുകളും പണവുമൊക്കെ നൽകുന്നതുമൊക്കെ അമേരിക്കയായിരുന്നു. അഫ്ഗാനിസ്ഥാനിലെ ഇടതുപക്ഷ സർക്കാറിനെ അട്ടിമറിക്കാനാണ് ലോകത്ത് ആദ്യമായി ഇത് ഉപയോഗിക്കപ്പെട്ടത്. തുടർന്നുണ്ടായ സംഭവവികാസങ്ങൾ എല്ലാവർക്കും അറിവുള്ളതാണ്. സെപ്തംബർ 11ലേക്ക് അതു വളർന്നെത്തുന്നു. അതോടെ ഒന്നുകിൽ അമേരിക്കയോടൊപ്പം അല്ലെങ്കിൽ തീവ്രവാദത്തോടൊപ്പം എന്ന അങ്ങേയറ്റം സങ്കുചിതവും അപകടകരവുമായ ഒരു പിളർപ്പിലേക്ക് കാര്യങ്ങളെ എത്തിച്ചതും അമേരിക്ക തന്നെ. സോവിയേറ്റ് യൂനിയന്റെ തകർച്ചയുടെ കൂടെ പശ്ചാത്തലത്തിലായിരുന്നു ഇത്. തങ്ങളുടെ സ്വതന്ത്ര പദവിയെപ്പോലും അംഗീകരിക്കാതെ അമേരിക്ക നടത്തിയ ആക്രമങ്ങൾ അഫ്ഗാൻ, ഇറാൻ, ഇറാക്ക് ലിബിയ തുടങ്ങി നിരവധി രാജ്യങ്ങളിൽ അമേരിക്ക നടത്തിയ കടന്നുകയറ്റങ്ങൾ പാകിസ്ഥാന്റെ ഭൂപരമായ അതിർത്തിക്കകത്ത് ആ രാജ്യത്തിന്റെ അനുമതിയില്ലാതെ പ്രവേശിച്ച് ഒസാമ ബിൻ ലാദനെ പിടികൂടി വധിച്ച സംഭവം, സദ്ദാം ഹുസൈന്റെ കൊലപാതകം, കേണൽ ഗദ്ദാഫിയുടെ കൊല തുടങ്ങി സാമാന്യ നീതിക്ക് നിരക്കാത്ത നിരവധി സംഭവങ്ങൾ അമേരിക്കയുടെ നേതൃത്വത്തിൽ അരങ്ങേറിക്കൊണ്ടേയിരിക്കുന്നു. ഇത് ഒരുതരം അരക്ഷിതാവസ്ഥ ലോകത്തെ വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടിയിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നുണ്ട്. അമേരിക്കയുടെ നേതൃത്വത്തിലുള്ള മൂലധന ശക്തികൾക്ക് ഇത് ആവശ്യമായിരിക്കാം. ജൂത ഇസ്ലാം മതപാരന്പര്യങ്ങളുടെ സവിശേഷതകൾ ഉപയോഗിച്ച് അതിനുള്ള അവസരങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിൽ അവർ വിജയിക്കുന്നുമുണ്ട്. അൽഖ്വയ്ദയും ബോക്കോഹറാമും ഐഎസ്ഐസുമൊക്കെ പിറവിയെടുക്കുന്നതും ഇത്തരം പശ്ചാത്തലങ്ങളിലാണ്.
ഇന്ത്യയിലേയ്ക്ക് വന്നാൽ ഇതിന്റെയൊക്കെ മിനിയേച്ചർ പതിപ്പുകൾ തനിയാവർത്തനങ്ങളായി നമ്മുടെ മുന്പിൽ വന്നണിനിരക്കും. ദേശീയ പ്രസ്ഥാനം മതനിരപേക്ഷവും ജനാധിപത്യപരവുമായി വികസിക്കാനാരംഭിച്ചപ്പോഴാണ് ഹിന്ദു മഹാസഭയും സർവ്വേന്ത്യാ മുസ്ലീം ലീഗും ആർ.എസ്.എസ്സും പാകിസ്ഥാൻ വാദവും ജിന്നയും സവർക്കറുമൊക്കെ പിറവിയെടുത്തത്. ഇതിന്റെ തിരക്കഥകൾ രചിച്ച് പണം ഒഴുക്കി സംവിധാനം ചെയ്തത് ബ്രിട്ടീഷ് സാമ്രാജ്യത്വമായിരുന്നു എന്ന് എല്ലാവർക്കും അറിയാം. ഇന്ത്യയുടെ വിഭജനത്തിലൂടെ അവരതിന്റെ ഫലം കൊയ്യുകയും ചെയ്തു. ഒരിക്കലുമുണങ്ങാത്ത എപ്പോഴും പൊട്ടിയൊലിക്കുന്ന ഒരു വ്രണമായ അതിർത്തി പ്രദേശം ഇരു രാജ്യങ്ങൾക്കുമിടയിലുണ്ട്. സ്വാതന്ത്ര്യം അനുവദിക്കുന്ന സമയത്ത് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾക്ക് സ്വതന്ത്ര പദവി സ്വീകരിക്കാനോ ഇന്ത്യയിലോ പാകിസ്ഥാനിലോ ലയിക്കാനോ അവസരമൊരുക്കിയതും ബ്രിട്ടനായിരുന്നു. അങ്ങിനെയാണ് കാശ്മീർ പ്രശ്നം ഉണ്ടായത്. ഒരു കാലത്തും ഇന്ത്യയുടെ ഭാഗമായിരുന്നിട്ടില്ല കാശ്മീർ. കാശ്മീർ സ്വതന്ത്ര പരമാധികാര രാജ്യമായി തുടരനാഗ്രഹിക്കുന്നു എന്ന് രാജാവ് ഹരിസിംഗ് പ്രഖ്യാപിച്ചപ്പോൾ അതിന് ആദ്യമായി പിന്തുണ നൽകിയത് ആർ.എസ്സ്.എസ്സ് നേതാവ് പ്രേംനാഥ ദോഗ്രയായിരുന്നു, അഖണ്ധഭാരതത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്ന ആർ.എസ്സ്.എസ്സിന് അതിന് ഒരു ന്യായമേ ഉണ്ടായിരുന്നുള്ളൂ. ഹരിസിംഗ് ഹിന്ദുവാണ്. മുസ്ലീം ഭൂരിപക്ഷ കാശ്മീരിൽ ഒരു ഹിന്ദുരാജാവിന്റ ഭരണമാണ്, അത് തുടരട്ടെ. പക്ഷേ കാശ്മീരിലെ മുസ്ലീം ഭൂരിപക്ഷ ജനത അത് അംഗീകരിച്ചില്ല. അവർ പാകിസ്ഥാനോട് ആയുധമെടുത്തു പോരാടി. മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയോടൊപ്പം ചേർന്ന് നില്ക്കാൻ തീരുമാനിച്ചു. അവരുടെ സാംസ്കാരിക തനിമ നിലനിർത്തുന്നതിനുള്ള പദ്ധതികൾ പണ്ധിറ്റ് ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ തയ്യാറാക്കി. അങ്ങിനെയാണ് കാശ്മീരിന് പ്രത്യേക പദവിയും 370ാം വകുപ്പും പ്രത്യേക ഭരണഘടനയും പ്രധാനമന്ത്രി പദവിയുമൊക്കെ നല്കിയത്. ഹിന്ദുപക്ഷപാതിയായിരുന്ന ആഭ്യന്ത്രമന്ത്രി സർദാർ വല്ലഭായ് പട്ടേലിന് അന്നേ ഇതിലൊക്കെ നീരസമുണ്ടായിരുന്നു. ഇന്ത്യൻ മിലിട്ടറിയുടെ കരുത്തുകൊണ്ട് കാശ്മീരിനെ ബലമായി ഇന്ത്യയോടൊപ്പം കുട്ടിച്ചേർക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. പക്ഷേ നെഹ്റുവിനെപ്പോലെയുള്ള ശക്തനായ ആധുനിക ജനാധിപത്യ വാദിയുടെ മുന്പിൽ അതൊന്നും വിലപ്പോയില്ല. കാലം മാറി നെഹ്റുവിന് പകരം ഇന്ദിരയും മൊറാർജി ദേശായിയുമൊക്കെ ഭരണാധികാരികളായി കാശ്മീരിന്റെ പ്രത്യേക പദവി ചോദ്യം ചെയ്യപ്പെട്ടു. അവയിൽ പലതും അകാല ചരമമടഞ്ഞു. സൈന്യം അതിന്റെ മുഷ്ക്കുമായി കാശ്മീരിലേയ്ക്ക് കയറിക്കൊണ്ടിരുന്നു. അതിന്റെ പ്രതികരണമായി മാത്രമേ ഇന്നത്തെ കാശ്മീർ പ്രശ്നത്തെ ഒരു ജനാധിപത്യവാദിക്ക് കാണാൻ കഴിയൂ. അഫ്സൽ ഗുരു പാർലമെന്റിനെ ആക്രമിച്ച, ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ച രാജ്യദ്രോഹിയാണെന്ന് ഇന്ത്യയിലിരുന്ന് നമുക്ക് പറയാം. അതണ് നമ്മുടെ ശരിയും. പക്ഷേ കാശ്മീരിന്റെ മണ്ണിൽ ജീവിക്കുന്ന ഒരാൾക്ക് അത് സ്വന്തം നാടിന്റെ സ്വയം നിർണ്ണയാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രശ്നമാണ്. അതുകൊണ്ടാണ് അഫ്സൽ ഗുരുവിനെ സ്വാതന്ത്ര്യ പോരാളിയായി വാഴ്്ത്താൻ ഇന്നും കാശ്മിരിൽ ധാരാളം അനുയായികളുള്ളത്. അവർക്കത് അവരുടെ മാതൃഭൂമിയുടെ ശരിയാണ് ശരി. നാം അദ്ദേഹത്തെ രാജ്യദ്രോഹിയായി പ്രഖ്യാപിച്ച് തൂക്കിക്കൊല്ലുന്പോൾ നമുക്ക് തീർച്ചയായും അഭിമാനമുണ്ടാവും. പക്ഷേ കാശ്മീരിലെ അഫ്സൽഗുരിവിന്റെ അനുയായികൾക്ക് അദ്ദേഹം തങ്ങളുടെ സ്വപ്നങ്ങൾക്ക് വേണ്ടി ജീവൻ വെടിഞ്ഞ രക്തസാക്ഷിയാണ്. പാർലമെന്റിൽ ബോംബ് വലിച്ചെറിഞ്ഞ ഭഗത് സിംഗ് ബ്രിട്ടീഷുകാർക്ക് അവരുടെ സാമ്രാജ്യത്വ ഭരണത്തെ വെല്ലുവിളിക്കുന്ന രാജ്യദ്രോഹിയായിരുന്നു. അപ്പോഴും അന്നും ഇന്നും ഇന്ത്യക്കാർക്ക് അദ്ദേഹം ധീരദേശാഭിമാനിയായ രക്തസാക്ഷിയാണെന്നോർക്കണം. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റുന്പോൾ ഒരു മലയാള പത്രം ലീഡ് വാർത്ത നൽകിയത് ഈ തൂക്കിക്കൊല നടപ്പിലാക്കുക വഴി കേന്ദ്രം ഭരിക്കുന്ന യു.പി.എക്ക് ഹിന്ദുത്വ േദശാഭിമാനികളുടെ വോട്ട് വലിയ തോതിൽ ലഭിക്കുമെന്നും അതുവഴി ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് സാധ്യതയെ ദുർബലമാക്കാനും കഴിയുമെന്നായിരുന്നു. അഫ്സൽ ഗുരു എന്ന ഒരു മനുഷ്യൻ്റെ ജീവൻ എങ്ങിനെയൊക്കെ രാജ്യസ്നേഹവും ദ്രോഹവും വോട്ടും കക്ഷിരാഷ്ട്രീയവും മൂലധന താല്പര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നുണ്ട്.
സ്വാതന്ത്ര്യാനന്തരം ഗാന്ധിവധത്തോടെ ജനങ്ങളിൽ നിന്ന് വലിയ തോതിൽ ഒറ്റപ്പെട്ടു പോയ സവർണ്ണ ഫാസിസം മണ്ധൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ വി.പി സിംഗ് തയ്യാറായി രംഗത്തെത്തിയതോടെയാണ് മറനീക്കി രംഗത്ത് സജീവമായത്. ബാബറി മസ്ജിദ് പ്രശ്നമുയർത്തി രഥയാത്രകളിലൂടെയും മറ്റും തീവ്രവാദ ഹിന്ദുദേശീയത മുന്നേറി. കേവലം രണ്ട് സീറ്റിൽ നിന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് അവരെത്തി. ബാബറി മസ്ജിദ് തകർക്കപ്പെട്ടത് ഇന്ത്യൻ മതനിരപേക്ഷതയുടെ തകർച്ച തന്നെയായിരുന്നു. സാംസ്കാരികമായ അർത്ഥത്തിൽ തീവ്രവാദി ആക്രമങ്ങളിൽ നടന്ന മനുഷ്യഹിംസയേക്കാൾ വലുതായിരുന്നു അത്.
പക്ഷേ ഇത് തീവ്രവാദ പ്രവർത്തനത്തിനുള്ള അംഗീകാരമോ അതിന് ക്ലീൻ ചീറ്റ് നൽകലോ അല്ല. അങ്ങിനെ പരിഗണിക്കുകയുമരുത്. മുംബൈ സ്ഫോടന േകസ്സിൽ നിരപരാധികളായ ധാരാളം മനുഷ്യരെ കൊന്നൊടുക്കിയതിൽ യാക്കൂബ് മേമൻ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അദ്ദേഹത്തെ കുറ്റവാളിയായി തന്നെയാണ് പരിഗണിക്കേണ്ടത്. പക്ഷേ അദ്ദേഹം ബന്ധപ്പെട്ട കേസിൽ ഗുഢാലോചനക്കാരൻ മാത്രമാണെന്ന് വിചാരണ നടത്തിയ ബഞ്ചിലെ ന്യായാധിപൻ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ ഉയർന്നുവരുന്ന ഒരു ചോദ്യമുണ്ട്. ബാബറി മസ്ജിദ് തകർക്കുന്നതിന് ഗൂഢാലോചന നടത്തിയ അദ്വാനിയും ഉമാഭാരതിയും സ്വാതി റിത്താംബരയും പ്രവീൺ തൊഗാഡിയയും ഒക്കെ സ്വൈര്യവിഹാരം നടത്തുക മാത്രമല്ല ഭരണം നിയന്ത്രിക്കുന്ന ഒരു നാട്ടിൽ അവർക്കെതിരെ ഇതുവരെ ചെറുവിരലുകൾ പോലും അനങ്ങിയിട്ടില്ല. അപ്പോഴാണ് ഗുഢാലോചനക്കാരൻ മാത്രമായ ഒരാൾ തൂക്കിലേറ്റപ്പെടുന്നത്. ബാബറി മസ്ജിദിന്റെ തകർച്ചയെ തുടർന്നാണല്ലോ ഇന്ന് കാണുന്ന രീതിയിലുള്ള തീവ്രവാദ പ്രവർത്തനങ്ങൾ ഇന്ത്യയെ വേട്ടയാടാൻ തുടങ്ങിയത്. മുംബൈ സ്ഫോടനങ്ങൾക്ക് മുന്പ് മുംബൈയിൽ ഒരു കലാപം നടന്നിരുന്നു. അതെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് ശ്രീകൃഷ്ണാ കമ്മീഷന്റെ റിപ്പോർട്ട് നമുക്ക് മുന്പിലുണ്ട്. അതിൽ പ്രതികളായി പ്രഖ്യാപിക്കപ്പെട്ട ഹിന്ദുത്വ തീവ്രവാദികൾക്കെതിരെ ഒരു നീതിന്യായ കോടതിയിലും വാദങ്ങൾ ഉയരുന്നില്ല. ആരെങ്കിലും തൂക്കിലേറ്റുന്നത് പോയിട്ട് ഒരു ദിവസത്തെ തടവു പോലും അനുഭവിച്ചിട്ടില്ല. ഗുജറാത്തിലെ നാരോദപാട്യ സംഭവത്തിൽ നാൽപ്പതിലധികം കുഞ്ഞുങ്ങളെപ്പോലും കൊല ചെയ്ത സംഭവത്തിൽ ശരിയായ വിചാരണയോ അപ്പീൽ നടപടികളോ ഒന്നുമുണ്ടാകുന്നില്ല. യാക്കൂബ് മേമൻ വധശിക്ഷ ഏറ്റുവാങ്ങിയ ഈ കേസിൽ പ്രധാന പ്രതികൾ ഇനിയും പിടിക്കപ്പെട്ടിട്ടില്ല. അവരെ എപ്പോഴെങ്കിലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നാൽ ശിക്ഷ നല്കാൻ കഴിയണമെങ്കിൽ യാക്കൂബ് മേമൻ ജീവിച്ചിരിക്കേണ്ടത് അനിവാര്യമാണ് എന്ന് കേസ്സന്വേഷിച്ച ‘രാമൻ’ എന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നിട്ടുണ്ട്. ഡത്ത് വാറന്റും ദയാഹർജിയുടെ പുനഃപരിശോധനയും പ്രസിഡണ്ടിന്റെ തീർപ്പും ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി രാത്രി ഉറക്കമിളിച്ചിരുന്ന് വിചാരണ പൂർത്തിയാക്കുകയും ചെയ്യുന്പോൾ ഭരണകൂടം ധൃതിപിടിച്ച് ഒരു കൊല നടപ്പാക്കുകയാണ് ചെയ്യുന്നത്. ഇത് ആശ്വാസ്യമായ നടപടി തന്നെയോ എന്ന് മനസ്സ് വീണ്ടും വീണ്ടും ചോദി