ആനക്കൊന്പിൽ പണി തീർത്ത വിഗ്രഹങ്ങൾ
കാട്ടിലെത്തടി തേവരുടെ ആന വലിയെടാ വലി എന്നത് ജന്മി വാഴിത്തകാലം നമുക്ക് നല്കിയ ഒരു ചൊല്ലാണ്. കാലം നിശ്ചലമായി മരവിച്ചു നില്ക്കുന്ന ഒന്നല്ല. അത് നിരന്തരം വളർന്ന് കൊണ്ടിരിക്കുന്ന ഒന്നാണ്. ജന്മി നാട് വാഴിത്തകാലത്തെക്കാൾ നാം ഒരുപാട് വളർന്നിരിക്കുന്നു. ഇത് നവ ഉദാരവൽക്കരണത്തിന്റെ കാലമാണ്. ഇക്കാലത്ത് നമുക്ക് പഴയ ചൊല്ല് മതിയാവില്ല. അതിനെ പുതുക്കി പണിയേണ്ടതായുണ്ട്. തീർച്ചയായും അതിന് അർഹതപ്പെട്ട ഭരണാധികാരിയാണ് ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ ഭാഷാ പരിജ്ഞാനം വേണ്ടത്രയില്ലെങ്കിൽ അദ്ദേഹത്തിന് സംസക്കാരിക വകുപ്പ് മന്ത്രിയുണ്ട്, കെ.സി ജോസഫ്. അദ്ദേഹം ആ പണി ഏറ്റടുക്കണം, നമുക്ക് പുതിയ ശൈലികളും ചൊല്ലുകളുമൊക്കെ വേണം. അതിനെയാണ് നാം പുരോഗമിക്കുന്നതായി, വികസിക്കുന്നതായി ലോകം അടയാളപ്പെടുത്തുക. ആളുകൾക്ക് പരിസ്ഥിതി ബോധം വളർത്തുന്നതിന് ഞങ്ങൾക്കൊരു പരിസ്ഥിതി ക്ലബുണ്ട്. താല്പര്യമുള്ളവരെ സംഘടിപ്പിച്ച് ഞങ്ങൾ വനയാത്രകളും മഴയാത്രകളും സംഘടിപ്പിക്കാറുണ്ട്. അക്കൂട്ടത്തിലൊരു യാത്രയിൽ ഞങ്ങളുടെ സംഘത്തിൽ വന്ന ഒരു രാഷ്ട്രീയകാരനുണ്ടായിരുന്നു. യാത്രയുടെ അവസാനം അനുഭവങ്ങൾ ക്രോഡീകരിക്കാൻ ഞങ്ങൾ കൂടിയിരുന്നപ്പോൾ ആദ്യം സംസാരിക്കാൻ ക്ഷണിച്ചത് അദ്ദേഹത്തെ ആയിരുന്നു. അദ്ദേഹം തുടങ്ങിയത് തന്നെ ഇങ്ങനെയായിരുന്നു. നമ്മുടെ സർക്കാർ ഒന്നിനും കൊള്ളില്ല. സാന്പത്തിക പ്രതിസന്ധിയെ കുറിച്ചൊക്കെ സംസാരിക്കുന്നത് വേണ്ടുവോളം സന്പത്ത് കൺമുന്നിൽ നശിക്കുന്പോൾ അതൊന്നും ഉപയോഗപ്പെടുത്താനറിയില്ല. ഈ കാടുകളിൽ എത്രയാനകളുണ്ട്. അവയെയൊക്കെ വാരിക്കുഴികളിൽ വീഴ്ത്തി പിടിച്ചുമെരുക്കി വിറ്റാൽ സർക്കാരിന്റെ സാന്പത്തിക ബുദ്ധിമുട്ട് തീരില്ലേ? ആനകൊന്പിനൊക്കെ ഇപ്പോൾ എന്താ വില? കാട്ടിലെയൊക്കെയും അതുപോലെ ഉപയോഗപ്പെടുത്തേണ്ടേ? ഞങ്ങളുടെയൊക്കെ കാലിലൂടെ ഒരു മരവിപ്പ് മുകളിലോട്ട് കയറി. സാമാന്യം വിദ്യാഭ്യാസമുള്ള പൊതുപ്രവർത്തകനായ ഒരാളുടെ മനസിനും പുതിയ കാലത്തെ ഓർത്തും പൊന്തുന്ന ചോദ്യം ഉപയോഗപ്പെടുത്തലിന്റെതാണ്. അപ്പോഴാണ് പുതിയ കാലത്ത് ആളുകളെ കാടു കാണിക്കുന്നതും അപായമാണ് എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത്. അപ്പോഴും നമുക്ക് അഭിമാനിക്കുന്ന ഒന്നുണ്ട്. പുതിയ കാലത്തിന്റെ മനസുള്ള അതിന് ശേഷിയുള്ള വളച്ചുകെട്ടില്ലാത്ത ഒരു മുഖ്യമന്ത്രിയാണ് നമുക്കുള്ളത്. അദ്ദേഹത്തിന്റെ ആദർശം പണ്ട് വേണ്ടുവോളമുണ്ടെന്നായിരുന്നു കേട്ടത്. ആന്റണി ആയിരുന്നു അദ്ദേഹത്തിന്റെ നേതൃരൂപ മാതൃക. വി.എം സുധീരനോടൊക്കെ തോൾ ചേർന്ന് നിന്നാണ് അദ്ദേഹം കോൺഗ്രസിലെ യാഥാസ്ഥിതിക വിഭാഗമായിരുന്ന കെ. കരുണാകരനോട് പൊരുതിയത്. ആ ഉമ്മൻ ചാണ്ടിയിൽ നിന്ന് ഇന്നത്തെ ഉമ്മൻ ചാണ്ടിയിലേയ്ക്കുള്ള പരിവർത്തനം നമുക്ക് അത്ഭുതകരമായി തോന്നാം. നാം ചിന്താശേഷിയില്ലാത്തവരും പ്രായോഗിക ബുദ്ധിയില്ലാത്തവരും ആയതുകൊണ്ട് തോന്നുന്നതാണ് പുതിയ കാലത്തിന് പുതിയ നീതിയും നിയമവുമാണെന്ന്. അതിനനുസരിച്ച് നാം വരുന്നില്ലെങ്കിൽ നാം കാലഹരണപ്പെടും. അങ്ങിനെ വളരാൻ കഴിയുന്നത് കൊണ്ടാണ് ഉമ്മൻ ചാണ്ടി കലഹരണപ്പെടാത്തത്. തിളച്ചു മറിയുന്ന എണ്ണയിൽ പരിപ്പുവട ചുട്ടെടുക്കുന്ന പോലെ അരുവിക്കര ജയിപ്പിച്ചെടുക്കാനുള്ള ആ മിടുക്കില്ലേ? അത് അദ്ദേഹം ആർജിച്ചത് കാലത്തിനനുസരിച്ച് വളരാനുള്ള ആ മിടുക്കിൽ നിന്നാണ്.
വനം; വന്യജീവി വകുപ്പ് പിരിച്ചു വിട്ട് വനം വനവാസികൾക്ക് കൊടുക്കണം എന്നാലെ കാട് സംരക്ഷിക്കപ്പെടൂ എന്നഭിപ്രായമുള്ള തീവ്ര നിലപാടുള്ള കുറേപേർ നമുക്കിടയിലുണ്ട്. അവർ അതിനു ചില സിദ്ദാന്തങ്ങളും ഉദാഹരണങ്ങളും കാരണങ്ങളുമൊക്കെ നിരത്താറുണ്ട്. അവയൊന്നും എഴുതി തള്ളാവുന്നതല്ല എന്നറിയുകയും ചെയ്യാം. അപ്പോഴും പ്രായോഗികത എന്നൊന്നുണ്ടല്ലോ? വനം വകുപ്പില്ലാതെ എങ്ങിനെ നാം വനത്തെ ഭരിക്കും എന്ന പ്രശ്നം വരും. ഈ ഭരിക്കലാണ് എല്ലാ അവകാശങ്ങൾക്കും കാരണമെന്ന് അവരും പറയും. ഇത്തിരി മിടുക്കുള്ളയാൾക്ക് നിങ്ങളുടെ ശരീര ഭാഷയും വീടും പരിസരവുമൊക്കെ കണ്ടാൽ നിങ്ങൾ എവിടെയാണ് ജോലി ചെയ്യുന്നത് എന്നറിയാൻ കഴിയുമായിരുന്നു. ഉദാഹരണത്തിന് ഒരു എക്സ്സൈസ് ഉദ്യോഗസ്ഥനെ കണ്ടാൽ എളുപ്പം തിരിച്ചറിയാം. മുഖവും ശരീരവുമൊക്കെ നീര് വന്ന് ചീർത്തിരിക്കും. മദ്യം സുലഭമായി ലഭിക്കുന്നത് കൊണ്ടാണ് കുടിച്ച് ചീർക്കുന്നത്. പഴയ പോലീസുകാരെ കണ്ടാലും അറിയാം, ശരീരം അനങ്ങാതെ വല്ലതുമൊക്കെ കിട്ടുന്നതുകൊണ്ട് ഒരു പണക്കുന്പയൊക്കെ ഉണ്ടാകും. ഫോറസ്റ്റ് കാരും അവരുടെ ബന്ധുക്കളെയുമൊക്കെ പരിശോധിച്ചാൽ കാണാം മര ഉരുപ്പിടികളും മറ്റും. പഴയ പുതിയ ചെറുപ്പക്കാർ വന്നതോടെ ഈ അവസ്ഥയൊക്കെ പോയി വനപാലകരിൽ വലിയൊരു വിഭാഗവും പരിസ്ഥിതിസംരക്ഷണത്തിൽ തികഞ്ഞ ജാഗ്രതയുള്ളവർ എന്നൊക്കെ കരുതിയിരുന്നു.
യു.ഡി.എഫ് സർക്കാരുകൾക്ക് ഒരു സവിശേഷതയുണ്ട്. അവരുടെ അവസാന വർഷം പൊതുവെ അടിച്ചുപൊളി ആയിരിക്കും. ഇനി തങ്ങൾക്കൊരു അവസരമുണ്ടാവില്ല എന്ന നിലയിലുള്ള കവർച്ചയും കത്തിപ്രയോഗവുമൊക്കെ അക്കാലത്ത് പതിവാണ്. എൽ.ഡി.എഫ്.കാർ പൊതുവെ അവസാന വർഷം നടപ്പിലാക്കാൻ കഴിയാത്ത കുറെ പ്രഖ്യാപനങ്ങൾ നടത്തി ഇറങ്ങിപോകും.
മതികെട്ടാൻ ചോല, ഇടമലയാർ, ചാലക്കുടി വന മേഖലയിൽ നിന്ന് 27 ആനകളെ വെടി വെച്ചിട്ട് വെട്ടി പിളർന്ന് കൊന്പെടുത്ത് കടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ നമുക്കൊന്നും തോന്നിയില്ല. കൊന്നു കൊന്പെടുത്ത ആനയുടെ അവശിഷ്ടങ്ങൾ കുന്നുകൂടി കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നപ്പോഴും നമുക്കൊന്നും തോന്നിയില്ല. ആന വേട്ട സംഘത്തിലെ ഒരു പഴയ ഫോറസ്റ്റ് വാച്ചർ ഒരു ഓട്ടോറിക്ഷയിലിരുന്നു നടത്തിയ ചില വെളിപ്പെടുത്തലുകളിലൂടെയാണ് പ്രശ്നം പുറത്ത് വരുന്നത്. പിന്നീടിയാൾ ഈ മേഖലയിലെ ഒരു ഫോറസ്റ്റ് ഓഫിസിൽ മൊഴിനൽകാനെത്തിയ ഇയാളെ ഫോറസ്റ്റുകാർ തല്ലിയോടിച്ചു. കാലത്തിന്റെ നിയോഗം പോലെ ഇയാൾ മറ്റൊരു ഫോറസ്റ്റ് ഓഫീസിൽ ചെന്ന് മൊഴി നൽകി. സംഗതി പന്തിയല്ലെന്ന് തോന്നിയ അവർ ഇയാളെ കസ്റ്റഡിയിലെടുത്ത് നന്നായി പെരുമാറി. ഒരു ആനകുട്ടിയെ വെടിവെച്ചിട്ടതിന് ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി രേഖകളുണ്ടാക്കി ഒതുക്കി. ഇയാളുടെ മൊഴി രേഖപ്പെടുത്തുന്നതിന് പകരം അവരുണ്ടാക്കിയ ഒരു മൊഴിയിൽ ഇയാളെ കൊണ്ട് ഒപ്പിടുവിച്ചു. ഇങ്ങനെ ഈ കേസ് ഒതുക്കാൻ ശ്രമിച്ചെങ്കിലും വിവരം മണത്തറിഞ്ഞെത്തിയ പരിസ്ഥിതി പ്രവർത്തകർ പ്രശ്നം ഉയർത്തിക്കൊണ്ടു വന്നു. ചില പത്രങ്ങളിൽ എക്സ്ക്ലൂസീവ് വാർത്തകൾ വന്നു. അതും മലയാള മനോരമ പോലുള്ള മുൻനിരപത്രങ്ങളിൽ. യഥാർത്ഥത്തിൽ ഈ വാർത്തകളെ തുടർന്ന്, പഴയ കേരളത്തിന്റെ പ്രതികരണ സ്വഭാവം വെച്ചു കേരളം ഇളകിമറിയണമായിരുന്നു. കാരണം അതുപോലുള്ള ഒരു വലിയ ആനവേട്ടയായിരുന്നു നടന്നത്. ഒരു ചെറിയ പ്രദേശത്ത് ഇത്രയേറെ ആനകളെ ചുരുങ്ങിയ കാലത്തിനിടെ കൊലപ്പെടുത്തി കൊന്പെടുത്ത് കടത്തി എന്നു കേട്ടിട്ട് നമ്മുടെ വനം മന്ത്രി ഒന്ന് ഇളകിയിരിക്കുക പോലും ചെയ്തില്ല, അദ്ദേഹം പതിവ് ചിരി ചിരിച്ചു. പേരിൽ എലിഫന്റ് എന്നുള്ള ഒരു സന്നദ്ധ സംഘടനയുടെ സഹായത്തോടെ അന്വേഷിച്ചു വരികയാണെന്ന് വെച്ചു കാച്ചി. അന്വേഷിച്ച് ചെന്നപ്പോഴാണ് അവർക്ക് അത് അന്വേഷിക്കാനുള്ള ഒരു സംവിധാനമോ അധികാരമോ ഒന്നും ഇല്ലെന്നറിയുന്നത്. ജനങ്ങളെ കബളിപ്പിക്കാനുള്ള തന്റെ പതിവ് രീതിയെന്നപോൽ വനം മന്ത്രി വെച്ച് കാച്ചിയതായിരുന്നുവത്രെ അത്. ഇതിനിടെ, വിവരം നൽകിയ വാച്ചർ, തന്നെ കാട്ടിൽ കൊണ്ടുപോയാൽ ആനവേട്ട നടന്ന സ്ഥലങ്ങൾ കാണിക്കാമെന്ന് അറിയിച്ചെങ്കിലും വനം വകുപ്പുകാർ കേട്ടതായി പോലും നടിച്ചില്ല. അവസാനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഒന്നു രണ്ടു സ്ഥലങ്ങളിൽ പോയതായി വരുത്തി. ഇതിനിടെ, പരിസ്ഥിതി പ്രവർത്തകരുടെ പരാതിയെ തുടർന്ന് അന്വേഷിച്ചെത്തിയ കേന്ദ്ര സംഘത്തെ അങ്ങനെയൊരു സംഭവമേയില്ല എന്ന് ബോധ്യപ്പെടുത്തിവിടാനായി വനം വകുപ്പിന്റെ നീക്കം. ഏതാനും ആനകൾ ചത്തത് ശരിയാണ്. പക്ഷേ അത് ആനവേട്ട ഒന്നുമല്ല. എരണ്ടക്കെട്ട് ബാധിച്ചു ചത്തതാണ്, ഇവയ്ക്കൊന്നും കൊന്പുണ്ടായിരുന്നില്ല. കാരണം ഇവയൊക്കെ പിടിയാനകളായിരുന്നു എന്നൊക്കെയുള്ള മനോഹരമായ റിപ്പോർട്ട് വനം വകുപ്പ് തയ്യാറാക്കി വെച്ചിരുന്നു. ആനവേട്ട തന്നെ എന്ന് വ്യക്തമായതോടെ സംഭവങ്ങൾ പൂഴ്ത്തിക്കളയാനുള്ള വനം വകുപ്പിന്റെ നീക്കവും പാളി. പിന്നെ ഇതിലകപ്പെട്ട വന്പന്മാരെ രക്ഷിക്കാനായി നീക്കം. അന്താരാഷ്ട്ര ബന്ധങ്ങളുള്ള രാഷ്ട്രീയ അധികാര സംഘടനയുമായി ഇഴയടുപ്പമുള്ള ഈ സംഘത്തലവൻ പാവം വാസുവാണെന്നായിരുന്നു പിന്നെ വനം വകുപ്പിന്റെ പ്രചാരണം. കോടികൾ വില വരുന്ന ആനക്കൊന്പ് വ്യാപാരം നടത്തുന്ന വേട്ടത്തലവന്റെ വീടന്വേഷിച്ച് മാധ്യമ പ്രവർത്തകർ ചെന്നപ്പോഴാണ് പൂച്ചു പുറത്തായത്. വീട് പണി പോലും പൂർത്തിയാക്കാൻ കഴിയാത്ത മക്കളുടെ രോഗത്തിൽ ചികിത്സിക്കാൻ പോലും ശേഷിയില്ലാത്ത ഒരു ദരിദ്രനാണിയാൾ എന്ന് പുറം ലോകം അറിഞ്ഞു. അതിനിടെ ഇയാൾക്ക് ഒളിവിൽ പോകാനുള്ള എല്ലാ സൗകര്യങ്ങളും വനം വകുപ്പ്കാർ തന്നെ ഒരുക്കി കൊടുത്തിരുന്നു. മഹാരാഷ്ട്രയിലെ ഒരു തോട്ടത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ ആത്മഹത്യ ചെയ്തതായാണ് ഇപ്പോഴത്തെ വിവരം. ഇത് വ്യാപം അഴിമതിയുടെ ഒരു മിനിയേച്ചർ പതിപ്പാണോ എന്ന് ഇനി അറിയാനിരിക്കുന്നതേ ഉള്ളൂ. ഏതായാലും ഇക്കാര്യത്തിൽ ഒരുപാട് വിവരങ്ങൾ അറിയാവുന്ന വാസു ഇന്ന് ജീവിച്ചിരിപ്പില്ല.
ഇപ്പോഴും വനം വകുപ്പ് പറഞ്ഞു കൊണ്ടിരിക്കുന്നത് ഈ ആന വേട്ടയൊന്നും തങ്ങൾ അറിഞ്ഞിരുന്നില്ല എന്നാണ്. എന്തൊരു അസംബന്ധമാണിത് എന്നറിയാത്ത രണ്ട് പേരെ നമ്മുടെ നാട്ടിൽ ഇന്നുള്ളൂ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വനം വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും. കള്ളത്തോക്ക് െവച്ചു വെടിയുതിർക്കുന്നതിന്റെ ശബ്ദം കിലോമീറ്ററുകൾക്കപ്പുറം കേൾക്കാനാകും. ആനയെ പോലെ ഒരു വലിയ മൃഗം കാറ്റിൽ ചത്തു ജീർണിച്ചാലുള്ള ദുർഗന്ധം ഒന്നോർത്തു നോക്കൂ. കിലോമീറ്ററുകൾക്ക് അപ്പുറം അത് ചെന്നെത്തും. അഴുകിയതും അല്ലാത്തതുമായ ആനയുടെ മാംസം ഭക്ഷിക്കാൻ ധാരാളം മൃഗങ്ങളും പക്ഷികളും ഒക്കെ ഈ പ്രദേശത്ത് ഒത്തു കൂടും. ആകാശത്ത് പോലും അതിന്റെ അടയാളങ്ങൾ തിരിച്ചറിയാമെന്നിരിക്കെയാകും ഇതൊക്കെ നിരീക്ഷിക്കുന്നതിന് ദിവസ കൂലിക്കാരായ ആദിവാസിവാച്ചർമാർ വനത്തിനുള്ളിൽ എല്ലായിടത്തുമുണ്ട്. അവർക്ക് ക്യാന്പ് ഷെഡുകളുമുണ്ട്. ഇത്രയൊക്കെ സംവിധാനമുണ്ടായിട്ടും 27 ആനകളെ വെടിെവച്ചിട്ട വിവരം തങ്ങൾക്ക് അറിയില്ലെന്ന് വനം വകുപ്പ് പറഞ്ഞാൽ അത് വിശ്വസിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണന് മാത്രമേ കഴിയൂ.
സരിസ്കയിൽ 4 കടുവകളെ വെടി വെച്ചതായി വാർത്ത വന്നപ്പോൾ പ്രധാന മന്ത്രി നേരിട്ടിടപെട്ടാണ് അതിന് നടപടികൾക്കും കടുവകുളുടെ സംരക്ഷണത്തിനും ആവശ്യമായ നിലപാടുകൾ സ്വീകരിച്ചത്. ഒരു പക്ഷെ ലോകത്തൊരിടത്തും അടുത്ത കാലത്തൊന്നും നടന്നിട്ടില്ലാത്ത അത്രയും വലിയ ഭയാനകമായ ആന വേട്ട സ്വന്തം സംസ്ഥാനത്ത് നടന്നിട്ട് മുഖ്യമന്ത്രിയോ, സർക്കാരോ അറിഞ്ഞതായി പോലും നടിക്കുന്നില്ല. സർക്കാർ മുറപോലെ എന്ന നിലയിലാണ് കാര്യങ്ങളൊക്കെ. ഐ.ജിക്കെതിരായ ഒരു ജഡ്ജിയുടെ പരാമർശത്തിൽ രോഷം കൊണ്ട കേരള മുഖ്യമന്ത്രിക്ക് ഇതൊന്ന് ഒരു വിഷയമായി പോലും തോന്നുന്നുണ്ടാവില്ല. കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിന്റെ വനമേഖലയിൽ അഞ്ഞൂറിലധികം ആനകളെ കൊന്നു കൊന്പെടുത്തതായി പരിസ്ഥിതി പ്രവർത്തകനായ ജോൺ പെരുവന്താനം പറയുന്നു. വന്യ മൃഗങ്ങളെ വേട്ടയാടാൻ ഉപയോഗിക്കുന്ന 7000 കള്ളത്തോക്കുകൾ വനം മാഫിയയുടെ കൈവശം ഉണ്ടെന്നാണ് വനം വകുപ്പിന്റെ മതിപ്പ് കണക്ക്. വനം വകുപ്പ് അൽപ്പം ശ്രദ്ധ കാണിച്ചാൽ ഇത് പിടിച്ചെടുക്കാൻ സാധിക്കും. പക്ഷെ യാതൊരു നീക്കവും അവർ നടത്തുന്നില്ല. സംസ്ഥാന വനവകുപ്പിന്റെ വഴുതകാട്ടുള്ള ആസ്ഥാനത്തിൽ തന്നെയാണ് ആനകൊന്പിൽ കരകൗശല വസ്തുക്കള നിർമ്മിക്കുന്ന കേന്ദ്രം പ്രവർത്തിക്കുന്നത്. ഈ കേന്ദ്രത്തെ മാത്രം രഹസ്യമായി നിരീക്ഷിച്ചാൽ കടൽ കടന്നു പോകുന്ന ആനകൊന്പുകളുടെ ഒരു പാട് കാര്യങ്ങൾ അറിയാനാവും. പക്ഷെ അതിനൊന്നും വനം വകുപ്പോ പോലീസോ മെനക്കെടാറില്ല. കാരണം ആന കൊന്പുകൊണ്ട് വീടുകളും പൂജമുറികളുമൊക്കെ അലങ്കരിക്കുന്നവർ സധാരണക്കാരാവിലല്ലോ. അതൊക്കെ പണച്ചാക്കുകളും മന്ത്രിമാരും രാഷ്ട്രീയക്കാരുമൊക്കെയായിരിക്കും.
ആന പിടിത്തം നിഷേധിച്ച ഒരു നാട്ടിൽ ആനകൊന്പുകൊണ്ട് കരകൗശല വസ്തുക്കൾ ഉണ്ടാക്കാനും അത് ഉപയോഗിക്കാനുമൊക്കെ അനുമതി നൽകുന്നതിലെ അസംഗത്യം ഒന്നോർത്ത് നോക്കൂ. ആനകളെ മാത്രമല്ല കടുവകളെയും ഈ വിധം വേട്ടയാടുന്നുണ്ട്. അവയുടെ തോലും നഖങ്ങളും ശരീരത്തിന്റെ പല ഭാഗങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് കയറ്റി അയക്കുന്ന മാഫിയ സംഘങ്ങൾ ഒളിച്ചിരിക്കുന്നത് മന്ത്രി മന്ദിരങ്ങളിലാണ്. നക്ഷത്ര ആമകൾ മുതൽ മൃഗങ്ങൾ പക്ഷികൾ എന്നിവയെ ജീവനോടെ പിടികൂടി വിമാനമാർഗ്ഗം യഥേഷ്ടം കടത്തികൊണ്ടു പോകുന്ന സംസ്ഥാനമാണിന്ന് കേരളം. പത്രത്തിൽ പരസ്യം നൽകി വെടിയിറച്ചി വിളന്പുന്ന റിസോർട്ടുകളും മറ്റും കേരളത്തിലുണ്ട്. ചന്ദനമരങ്ങൾ മുറിച്ചു കടത്തുന്നതിലും ഇപ്പോൾ നമ്മുടെ നാട് റിക്കാർഡിട്ടുകൊണ്ടിരിക്കുകയാണ്.
ഒരു കാലത്ത് ചെറിയ കാട് കയ്യേറ്റങ്ങൾ പോലും പ്രക്ഷുബ്ധമാക്കിയ മലയാളിയുടെ മനസ് ഇന്നൊരു മരവിപ്പിലാണ്. 27 ആനകളെ വെടി വെച്ചിട്ട് കൊന്പുകൾ കവർന്നു എന്ന് കേട്ടിട്ട് പോലും അതൊക്കെ നിസംഗതമായി കേട്ടുകൊണ്ടിരിക്കുന്നവരായി മലയാളികൾ മാറിത്തീർന്നിരിക്കുന്നു. ഭരണാധികാരികൾക്കും രാഷ്ട്രീയകാർക്കും ഇതിൽ ഉൽക്കണ്‍ഠയൊന്നും ഉണ്ടാവില്ല. കാരണം ആനക്കും കാട്ടുമൃഗങ്ങൾക്കും ഒന്നും വോട്ടില്ല. എന്നാൽ അത് വെട്ടി വെളുപ്പിക്കുന്നവരൊക്കെ വലിയ വോട്ടു ബാങ്കുകൾ കൈവശമുള്ളവരാണ്. കോടികൾ സംഭാവന ചെയ്യുന്നവരാണ്. ഈ പ്രായോഗിക രാഷ്ട്രീയം നന്നായി അറിയാവുന്ന മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി. അതുകൊണ്ടാണ് ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ അദ്ദേഹം ഉറഞ്ഞ് തുള്ളിയത്. നെൽവയൽ നികത്താനും കാട് കയ്യേറാനും അദ്ദേഹം കൂട്ടുനിൽക്കുന്നു. വനഭൂമിയെ കൃഷിഭൂമിയാക്കി പ്രത്യേക നന്പറിട്ട് നൽകാൻ വലിയ ഉത്സാഹവുമായിരുന്നു ഉമ്മൻ ചാണ്ടിക്ക്. ഇദ്ദേഹത്തിന്റെ കാലം അടയാളപ്പെടണം. ആന കൊന്പിൽ തീർത്ത ഉമ്മൻ ചാണ്ടിയുടെ ഒരു പൂർണ്ണകായ പ്രതിമ നമ്മുക്ക് സെക്രട്ടറിയേറ്റിന് മുന്പിൽ സ്ഥാപിക്കാം.