തെരുവു പട്ടികളോട് മുരണ്ടിട്ട് കാര്യമില്ല
കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നങ്ങളിലൊന്നായി തെരുവ് പട്ടികളുടെ ആക്രമണം മാറിത്തീർന്നിരിക്കുന്നു. നവജാത ശിശുക്കൾ മുതൽ മുതിർന്ന പൗരന്മാർ വരെ നിരന്തരമായി പട്ടികളുടെ കടിയേൽക്കേണ്ടി വരുന്നു. താരതമ്യേന കന്നുകാലി സന്പത്ത് ശോചിച്ചു വരുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇപ്പോൾ കാലി വളർത്തലിന് താൽപ്പര്യമെടുക്കുന്നവർ തന്നെ അത് ഉപേക്ഷിക്കാൻ തയ്യാറെടുക്കുകയാണ്. തെരുവു പട്ടികൾ കന്നുകാലികൾക്ക് എതിരെ നിരന്തരം ആക്രമണം നടത്തുന്നു. കന്നു കാലികൾക്ക് ഉണ്ടാകുന്ന പേവിഷ ബാധ തടയുന്നതിനുള്ള സംവിധാനം ഇപ്പോൾ കേരളത്തിൽ ഫലപ്രദമല്ല. മരുന്നിന്റെ ലഭ്യതക്കുറവ്, വെറ്റിനറി ഡോക്ടർമാരുടെ കുറവ്, ഇവയ്ക്ക് കുത്തി വെപ്പ് നൽകാൻ വാഹനങ്ങളിലും മറ്റും എത്തിക്കാനുള്ള ബുദ്ധിമുട്ട്, പേയിളകി കന്നുകാലികൾ മരിച്ചാൽ അവയുടെ ജഡം മറവു ചെയ്യുന്നതിനുള്ള പ്രയാസം, അർഹമായ നഷ്ടപരിഹാരം കിട്ടാത്തത്, പട്ടിയുടെ കടിയേറ്റ മൃഗങ്ങളുടെ പാലും മറ്റുൽപ്പന്നങ്ങളും വിൽക്കാൻ കഴിയാത്തത് ഇതൊക്കെ ചേരുന്പോൾ ഇന്നു കന്നുകാലികളെ വളർത്താൻ താൽപ്പര്യപ്പെടുന്നവർ പോലും അത് ക്രമത്തിൽ ഉപേക്ഷിക്കാൻ നിർബന്ധിക്കപ്പെടുന്നു. ഇത് കാർഷിക പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കാൻ തുടങ്ങുകയാണ്. വലിയ തോതിലുള്ള കീടനാശിനി പ്രയോഗം നടത്തിയ ഇറക്കുമതി ചെയ്ത പച്ചക്കറികളുടെ ഉപയോഗം മലയാളികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയതിന്റെയും വിഷത്തിന്റെ ആധിക്യം മൂലം അർബ്ബുദ ബാധയുടെ വ്യാപനവുമൊക്കെ മലയാളി സമൂഹം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളായി ഇന്നു തിരിച്ചറിയപ്പെട്ടിട്ടുണ്ട്.
ഇതിനെതിരെ നിലപാട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകളും പരിസ്ഥിതി പ്രവർത്തകരുമൊക്കെ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. തങ്ങൾക്ക് ആവശ്യമുള്ള പഴങ്ങളും പച്ചക്കറികളും പയറുവർഗ്ഗങ്ങളും ധാന്യങ്ങളുമൊക്കെ സ്വയം കൃഷി ചെയ്യുക എന്നൊരു അവബോധം വളർന്നു വരുന്നുണ്ട്. ഇതിനു മുതിരുന്നവർക്ക് ഏറ്റവും ആവശ്യം വേണ്ടത് ജൈവ വളങ്ങളുടെ ലഭ്യതയാണ്. കന്നുകാലി സന്പത്ത് ഇന്നുള്ളതിന്റെ എത്രയോ ഇരട്ടി വർദ്ധിച്ചെങ്കിൽ മാത്രമേ ഈ രംഗത്ത് നാമാഗ്രഹിക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ പ്രകടമാകൂ. പക്ഷെ തെരുവു പട്ടികളുടെ ശല്യം നിമിത്തം ഇന്നു കാലി വളർത്തലിന് തയ്യാറാകുന്നവർ പോലും പിന്തിരിയുകയാണ്. അതായത് തെരുവു പട്ടികളുടെ സംഘടിതമായ ആക്രമണം കാലി വളർത്തലിനെയും കൃഷിയെയും പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. മനുഷ്യർക്ക് ധാരാളമായി കടിയേൽക്കാൻ തുടങ്ങിയതോടെ പ്രതിരോധ കുത്തി വെപ്പിനുള്ള മരുന്നിനു ആവശ്യമേറിയിട്ടുണ്ട്. വില കൂടിയ ഈ മരുന്ന് സമയബന്ധിതമായി ആവർത്തിച്ച് കുത്തി വെയ്ക്കേണ്ടതുണ്ട്. മിക്കവാറും സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനു മരുന്ന് ലഭ്യമല്ല. വല്ലപ്പോഴും ഏതാനും വയൽ മരുന്ന് ആശുപത്രിയിൽ എത്തിക്കുക മാത്രമാണ് സർക്കാർ ഇപ്പോൾ ചെയ്തു വരുന്നത്. ആവശ്യവുമായി തട്ടിച്ചു നോക്കുന്പോൾ ഇത് തീരെ കുറവാണ്. ഒരു ഡോസ് മരുന്ന് നൽകി രോഗി നിശ്ചിത ദിവസം ആവർത്തന കുത്തിവെപ്പിനു ആശുപത്രിയിൽ എത്തുന്പോഴാണ് മരുന്ന് സ്റ്റോക്കില്ല എന്ന വിവരം അറിയുക. വലിയ വില കൊടുത്ത് ഏതെങ്കിലും വിധത്തിൽ മരുന്ന് സ്വകാര്യ മരുന്ന് കടകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ല. കാര്യങ്ങൾ ഇത്ര ഗൗരവപ്പെട്ടതായിട്ടും അതനുസരിച്ച ആലോചനകളോ നടപടികളോ സർക്കാർ തലത്തിൽ ആരംഭിച്ചതായി കാണുന്നില്ല. മൃഗങ്ങൾക്ക് എതിരായ ക്രൂരതകൾ തടയുന്ന നിയമത്തിന്റെ പരിധിയിൽ വരുന്നതായതു കൊണ്ട് തെരുവ് പട്ടികളെ പിടികൂടി കൊന്നൊടുക്കുന്നത് ശിക്ഷാർഹമാണ്. ഒരു സർക്കാരിനോ തദ്ദേശഭരണ സ്ഥാപനങ്ങൾക്കോ ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ലല്ലോ. അതുമാത്രമല്ല, ഒരു ജീവി വർഗ്ഗത്തെ അങ്ങേയറ്റം അപരിഷ്കൃതമായ നിലയിൽ തെരുവുകളിലും സമൂഹ മധ്യത്തിലും വെച്ച് പിടികൂടി ഭീകരമായി കൊല ചെയ്യുന്നത് ശരിയായ നടപടിയുമല്ല.
ഇതിനു പകരമായി മുന്നോട്ട് വെയ്ക്കുന്ന വന്ധീകരണ നടപടിയൊക്കെ അനുഭവത്തിൽ അപ്രായോഗികവും ചിലവേറിയതുമൊക്കെയാണ്. മൃഗങ്ങളെ കൈകാര്യം ചെയ്യാനുള്ള അധികാരങ്ങളുപയോഗിച്ച് അങ്ങേയറ്റം സംസ്ക്കാര ശൂന്യമായി തെരുവ് പട്ടികളെ പിടികൂടി കുത്തിവെച്ചു കൊലപ്പെടുത്തുക തന്നെയാണ്. നമ്മുടെ കുട്ടികളും മറ്റും ഇത്തരം ദൃശ്യങ്ങൾ കാണുന്പോഴുണ്ടാകുന്ന പ്രതികൂല മാനസികാവസ്ഥ ആരും പരിഗണിക്കുന്നില്ല. ഇനി അത് തന്നെ ചെയ്യാമെന്ന് വെച്ചാൽ പട്ടി പിടിത്തം എന്ന തൊഴിലിന് ഇപ്പോൾ ആരും സന്നദ്ധമാകുന്നില്ല. ഇതിനായി അന്യസംസ്ഥാനങ്ങളിൽ നിന്നൊക്കെ എത്തുന്നവർ അങ്ങേയറ്റം സാമൂഹ്യ വിരുദ്ധ സ്വഭാവമുള്ളവരാണ്. കുത്തിവെച്ചു കൊല്ലാനുള്ള മരുന്ന് അവരുടെ കൈവശം നൽകുന്നത് വളരെയേറെ അപകട സാധ്യത യുള്ളതാണ്. ഒരു പട്ടിയെ കൊല്ലുന്നതിനു നൽകുന്നതിന്റെ പത്തിരട്ടി നൽകിയാലും പട്ടികളെ പിടിക്കാൻ ആരും തയ്യാറാവില്ല. ഒരു പഞ്ചായത്തിൽ നിന്ന് 100 പട്ടിയെ പിടിച്ചു എന്ന് പത്രത്തിൽ വാർത്ത കണ്ടാൽ നാം മനസ്സിലാക്കേണ്ടത് പത്തിൽ താഴെ പട്ടികളെ പിടിച്ചു എന്നാണ്. ഇനി മറ്റൊരു പ്രശ്നം പട്ടികൾ അതീവ സംവേദനക്ഷമയുള്ള ജീവികളാണ് എന്നതാണ്. ഒരു പട്ടി പിടിത്തക്കാരന്റെ സാന്നിദ്ധ്യം മിക്കവാറും പട്ടികൾ വളരെ പെട്ടന്ന് തിരിച്ചറിയും.
എന്റെ ഗ്രാമത്തിൽ ഒരു പട്ടിപിടിത്തക്കാരൻ ഒരു ബസ്സിൽ വന്നിറങ്ങിയത് ഞാൻ ഓർക്കുന്നു. അയാൾ ബസ്സിൽ നിന്നിറങ്ങേണ്ട താമസം തൊട്ടരികിലുണ്ടായിരുന്ന പട്ടി ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കികൊണ്ട് വേഗത്തിൽ ഓടി മറഞ്ഞു. പട്ടിശല്യം കൊണ്ട് പൊറുതി മുട്ടിയ ഞങ്ങളുടെ ഗ്രാമത്തിൽ വൈകുന്നേരം വരെ അയാൾ കറങ്ങി നടന്നെങ്കിലും 3 പട്ടികളെ മാത്രമേ പിടിക്കാൻ കഴിഞ്ഞുള്ളൂ. 33 പട്ടികളെ പിടിച്ചതായി വാർഡ് മെന്പറോട് എഴുതി വാങ്ങിയാവും ഇയാൾ പോയത്. എന്നാൽ കൊലപ്പെടുത്തിയ പട്ടിയെ മറവ് ചെയ്യാൻ ഇവർ തയ്യാറല്ല. തങ്ങളുടെ സമീപപ്രദേശത്തൊന്നും ഇത് ചെയ്യാൻ ആരും അനുവദിക്കുകയുമില്ല. ഫലത്തിൽ സംഭവിക്കുക കൊന്ന പട്ടികളുടെ ജഡം പോലും അഴുകി ജീർണ്ണിച്ചു ദുർഗന്ധം പരത്തി പല തരത്തിലുള്ള രോഗ കീടങ്ങൾക്ക് കാരണമാകുന്നതാണ്. ഇതൊക്കെ പരിശോധിച്ചാൽ വ്യക്തമാവുന്ന രണ്ടു വസ്തുത സരക്കാരിന്റെ പതിവ് രീതികൾ കൊണ്ട് പട്ടി ശല്യത്തെ നേരിടാൻ കഴിയില്ല എന്ന് തന്നെയാണ്.
മനുഷ്യരോടൊപ്പം ഇണങ്ങി അവർ നൽകിയ ആഹാരം കഴിച്ചു അവരെ സ്നേഹിച്ച നാട്ടു നായ്ക്കൾ അല്ല നാം ഇന്ന് കാണുന്ന തെരുവ് പട്ടികൾ. അവർ നാട്ടിൽ ജീവിക്കുന്ന വന്യ ജീവികളാണ്. മനുഷ്യന്റെ ജീവിത രീതിയാണ് നമുക്കിടയിൽ നായ്ക്കളുടെ ഇത്തരം ഒരു വിഭാഗത്തെ സൃഷ്ടിച്ചത്. പണ്ട് നമ്മുടെ നാട്ടിൽ വളർത്തു പട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എങ്കിലെ അവർക്ക് ഭക്ഷണം ലഭിക്കുമായിരുന്നുള്ളൂ. അപൂർവ്വം പട്ടികൾ തെരുവിൽ പിറക്കാറുണ്ടെങ്കിലും അവയുടെ ജീവിതം ദയനീയമായിരുന്നു. ആരോഗ്യം വളരെ കുറവായിരുന്നു. വളർത്ത് പട്ടികൾ അവരെ കണ്ടാൽ ആക്രമിക്കുകയും ചെയ്യും. അതുകൊണ്ട് വീടുകളിലേക്കൊന്നും കയറി വരാൻ അവ ധൈര്യപ്പെടില്ല. എന്നാലിന്നത്തെ അവസ്ഥ അതല്ല. മലയാളികളുടെ നീതീകരണമില്ലാത്ത ആർ ഭാടജീവിതവും, പ്രകടനപരതയും ഭക്ഷണത്തോടുള്ള അനാദരവും പരിസ്ഥിതിയെ മലിനമാക്കുന്ന ജീവിത രീതിയുമൊക്കെയാണ് നാട്ടിൽ വന്യജീവി വിഭാഗമായി പട്ടികളിറങ്ങിയത്. മറ്റു ജീവിവർഗ്ഗങ്ങൾ ക്കെന്നപോലെ ഇവറ്റകളുടേയും പ്രാഥമികമായ ആവശ്യം ഭക്ഷണമാണല്ലോ. തിന്നു പുളയ്ക്കാനുള്ള സൗകര്യമാണ് ഇന്ന് കേരളം നൽകുന്നത്. ഒരു കാലത്ത് തന്റെ ചുറ്റുപാടുകളിൽ വിളയിച്ചെടുക്കുന്ന സസ്യങ്ങളായിരുന്നു ആഹാരത്തിന്റെ പ്രധാന ഭാഗം. കുറച്ചു മത്സ്യവും. മാംസം വിശേഷാവസരങ്ങളിൽ മാത്രം. എത്ര സന്പന്നനായാലും ദൈവീകമോ, മതപരമോ ആയ വിലക്കുകൾ നിമിത്തം കരുതലോടെ മാത്രമേ ഭക്ഷണം ഉണ്ടാക്കു. ഉണ്ടാക്കിയ ഭക്ഷണം തീർത്തും ഭക്ഷിക്കണം എന്ന നിർബന്ധ വ്യവസ്തയും ഉണ്ടായിരുന്നു. സദ്യയൊക്കെ കഴിഞ്ഞു വലിച്ചെറിയുന്ന എച്ചിലുകൾ പോലും പട്ടികൾക്ക് കിട്ടില്ല. താഴ്ന്ന ജാതിക്കാരായ ആളുകൾ ആ ഇലകൾ ശേഖരിച്ചു അതിലെ എച്ചിലുകൾ ശേഖരിച്ചു അവരുടെ ഭക്ഷണ മാക്കും. കേരളത്തിൽ നവോത്ഥാന പ്രസ്ഥാനം, ദേശീയ പ്രസ്ഥാനം, ഇടതു പ്രസ്ഥാനം എന്നിവയുടെ പ്രവർത്തന ഫലമായി ഈ പ്രാകൃതാവസ്ഥയ്ക്ക് മാറ്റം വന്നു. കീഴാള, മേലാള വിഭജനങ്ങളും അട്ടിമറിഞ്ഞു. പൊതുവിതരണ സന്പ്രദായം വികസിച്ചതും പണി ചെയ്‌താൽ മാന്യമായ കൂലി കിട്ടും എന്ന നില വന്നതും കാരണം പട്ടിണി വലിയ തോതിൽ ഇല്ലെന്നായി. പക്ഷെ, പിന്നീടുണ്ടായ മാറ്റങ്ങൾ അങ്ങേയറ്റം പ്രതിലോമപരവുമായിരുന്നു. പണിയെടുക്കാതെ ജീവിക്കാൻ കഴിയുന്ന ഒരു ബൂർഷ്വാ വിഭാഗം എല്ലാ ജാതികളിലും മതങ്ങളിലും വളർന്നു വന്നു. വിശേഷിച്ച്, ഗൾഫ് കുടിയേറ്റത്തെ തുടർന്നാണിത്. രാഷ്ട്രീയ പ്രവർത്തകർ, ഉദ്യോഗസ്ഥ വിഭാഗങ്ങൾ, സംഘടിത തൊഴിലാളി വിഭാഗങ്ങൾ, മറ്റു വ്യാപാരികൾ തുടങ്ങി ധാരാളം വരുമാനം ലഭിക്കുന്ന ആളുകളായി സമൂഹത്തിൽ നല്ലൊരു പങ്കും. കാർഷിക തകർച്ചയെ തുടർന്ന് കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങൾ പാപ്പരാവുകയോ മറ്റു മേച്ചിൽ പുറങ്ങൾ തേടി പോവുകയോ ചെയ്തു. അതോടെ തങ്ങൾക്കുള്ള ആഹാരം കൃഷി ചെയ്തുണ്ടാക്കുന്നതിനു പകരം എല്ലാം വിപണിയിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്ന രീതി വന്നു. അങ്ങനെയാണ് മലയാളികൾക്ക് തിന്നാൻ വിഷം കൊണ്ട് പൊലിപ്പിച്ചെടുക്കുന്ന പച്ചക്കറി തോട്ടങ്ങൾ നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ നിറഞ്ഞത്. വിദേശികളുമായുള്ള സഹവാസം കൂടിയതോടെ പരന്പരാഗത ഭക്ഷണ സങ്കൽപ്പങ്ങൾ തകർന്നു. ചോറിനു പകരം ബിരിയാണി വന്നു. അതിപ്പോൾ ഫ്രൈഡ് റൈസും ഖുബ്ബൂസും കുഴിമന്തിയും ഒക്കെയായി. പാശ്ചാത്യ ഭക്ഷണ രീതികളും, ചൈനീസ്, അറേബ്യൻ ഭക്ഷണ രീതികളുമൊക്കെ സർവ്വ സാധാരണവുമായി. അറബികളുടെയൊക്കെ ഒരു പ്രത്യേകത, അവരുടെ പരന്പരാഗത രീതിയനുസരിച്ച് ധാരാളം മാംസാഹാരം കഴിക്കും. പക്ഷെ അതിനൊപ്പം, തിരഞ്ഞെടുക്കപ്പെട്ട ധാരാളം ഇലകളും പച്ചക്കറികളും കഴിക്കും. എന്നാൽ നമ്മൾ ചെയ്യുന്നതോ, നമ്മുടെ പരന്പരാഗത ഭക്ഷണ രീതികൾ ഉപേക്ഷിച്ച് മാംസാഹാരത്തിനു വലിയ പരിഗണന നൽകുന്നു. നിത്യേന ഒന്നിൽ അധികം മാംസവും മത്സ്യ വിഭവങ്ങളും കഴിക്കുന്നവരായി മലയാളികൾ മാറി. മലയാളികൾക്ക് വിറ്റു കാശാക്കാൻ വേണ്ടി ശവം അഴുകാതിരിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ പ്രയോഗിച്ചാണ് ഇവ കേരളത്തിൽ എത്തിക്കുന്നത്. ധാരാളം ഹോർമോണുകളും ആന്റി ബയോട്ടിക്കുകളുമൊക്കെ നൽകി വളർത്തുന്ന ഇത്തരം ജീവികളുടെ മാംസം മനുഷ്യന് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
പണ്ട് ആളുകളെ സൽക്കരിക്കാൻ ഏതെങ്കിലും ഒരുതരം മാംസം കുറച്ച് വിളന്പാറുണ്ടായിരുന്നു. എന്നാൽ ആ സ്ഥാനത്ത് ഒരിക്കലും ഭക്ഷിക്കാൻ കഴിയാത്തത്ര തരം മാംസങ്ങളാണ് ഇപ്പോൾ വിളന്പുക. എത്ര അധികം വിളന്പിയോ അത്രയും തന്റെ അന്തസ്സ് വർദ്ധിക്കുമെന്നാണ് പണം മാത്രമുള്ള മന്ദബുദ്ധികളും അഹങ്കാരികളുമായ മലയാളികൾ ചിന്തിക്കുന്നത്. ബാക്കി വന്ന ഭക്ഷണവും അറവു മാലിന്യങ്ങളും മത്സ്യാവശിഷ്ടങ്ങളും വലിച്ചെറിയപ്പെടുന്നു. ഇതു തിന്നു കൊഴുത്ത് ആരെയും ആക്രമിക്കാൻ കഴിയും വിധം വന്യത കൈവന്ന മൃഗമായി തെരുവ് പട്ടികൾ മാറുന്നു. അതായത്, നാം നടത്തിക്കൊണ്ടിരിക്കുന്ന അപഥ സഞ്ചാരത്തോടുള്ള പ്രതികരണമാണ് തെരുവ് നായ്ക്കളുടെ പെരുപ്പവും അവയുടെ ആക്രമണവും പേവിഷബാധയുമൊക്കെ. ആദ്യം ഈ ശീലങ്ങളിലാണ് നാം മാറ്റം വരുത്തേണ്ടത്. പഴയ പോലെ മിതാഹാരികളും വല്ലപ്പോഴും മാത്രം മാംസം കഴിക്കുന്നവരും ഒക്കെയായി ഒന്നും തെരുവിൽ വലിച്ചെറിയാൻ ഇല്ലാത്തവരായാൽ സ്വാഭാവികമായും തെരുവ് പട്ടികളും ഇല്ലാതാവും. ഇതിനു മുതിരാതെ, തങ്ങളുടെ ശീലങ്ങൾ മറക്കാതെ പട്ടിയോട് മുരണ്ടത് കൊണ്ട് പ്രയോജനമൊന്നും ഉണ്ടാകില്ല...