ഒരു വേള പഴക്കമേറിയാൽ
ഒരു വേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായ് വരും. പ്രശസ്തമായ ഈ വരികൾ അക്കിത്തം അച്യുതൻ നന്പൂതിരിയുടേതാണ്. ഇരുളിനെ മഹത്വവൽക്കരിക്കുന്ന ഈ നിലപാടിനെതിരെ അന്ന് സാഹിത്യലോകം ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇപ്പോൾ തിരിഞ്ഞുനോക്കുന്പോൾ എ്രതയേറെ അർത്ഥസന്പുഷ്ടമാണ് ആ വരികൾ എന്ന് സമ്മതിക്കാതെ വയ്യ. രാത്രിയേയും ഇരുട്ടിനെയുമൊക്കെ പകൽപ്പൂരം പോലെ വെളിച്ചത്തിലാറാടിക്കാൻ കഴിയും വിധം സാങ്കേതിക വിദ്യകൾ ഇന്ന് വികസിച്ചിട്ടുണ്ട്. രാപ്പകൽ വ്യത്യാസങ്ങളില്ലാതെ ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്പോഴും ലോകത്താകെയുള്ള മനുഷ്യരുടെ മനസ്സുകൾ ഇരുൾമൂടി കഴിഞ്ഞിട്ടുണ്ടെന്നും പഴക്കമേറിക്കൊണ്ടിരിക്കുന്ന ആ ഇരുളിനെ വെളിച്ചമായ് കരുതിയാണ് നാമിന്ന് ഓരോ നിമിഷവും ജീവിച്ചു കൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയല്ല.
ഒരു അഴിമതി അന്വേഷണവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ട 32 മരണങ്ങൾ ഇതിനകം സംഭവിച്ചതായി ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘം (Special investigation Team SIT)കണ്ടെത്തിയിരിക്കുന്നു. മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നതും കോൺഗ്രസ് വക്താവ് െവളിപ്പെടുത്തുന്നതുമൊക്കെ 45 മരണങ്ങൾ ഇതിനകം സംഭവിച്ചു കഴിഞ്ഞു എന്നാണ്. മധ്യപ്രദേശിലെ വ്യാപം അഴിമിതി, അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ, ദുരൂഹ മരണങ്ങൾ, അരോപിതരായ വി.ഐ.പികളുടെ പട്ടിക, ഒക്കെ പരിശോധിച്ചാൽ ഒരുകാര്യം ഖണ്ധിതമായി പറയാം. മനുഷ്യമനസ്സുകൾ ഇരുൾ വീണ് മൂടപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ആ ഇരുട്ടിനെ വെളിച്ചമാക്കിയാണ് നാം വലിയ അഹങ്കാരത്തോടെ തീവെട്ടികൾക്ക് പിന്നാലെ നടക്കുന്നത്.
മധ്യപ്രദേശ് ഗവർണർ രാം നരേഷ് യാദവിന്റെ മകൻ ശൈലേഷ് യാദവ് തന്റെ ലഖ്നൗവിലെ വസതിയിൽ കഴിഞ്ഞ മാർച്ച് 25ന് മരിച്ചുകിടക്കുന്നതായി കണ്ടെത്തി. മസ്തിഷ്കത്തിലെ രക്തസ്രാവമായിരുന്നു മരണകാരണം. ഗ്രേഡ് 3 അദ്ധ്യാപക നിയമനങ്ങൾക്കായി ഇദ്ദേഹം മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങി 10 പേരെ നിയമിക്കാൻ ഇദ്ദേഹം നൽകിയ ശിപാർശ ലിസ്റ്റ് ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഒരു കാര്യം തീർച്ച; പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമായിരിക്കും. സമുദ്രത്തിനടിയിൽ മറഞ്ഞിരിക്കുന്നത് ഭയാനകമായ അഴിമതിയുടെ പർവ്വതമായിരിക്കും. പക്ഷേ ഇനി അത് പുറംലോകം അറിയാനിടയില്ല. കാരണം ഗവർണറുടെ മകനാണെങ്കിലും ശൈലേഷ് യാദവിന് ഇനി വെളിപ്പെടുത്തലുകൾ സാദ്ധ്യമല്ല. അന്വേഷണ സംഘത്തിന് അദ്ദേഹത്തെ ചോദ്യം ചെയ്യാനുമാവില്ല. He is no more അദ്ദേഹം തലച്ചോറിലെ രക്തസ്രാവം മൂലം മരിച്ചു. രക്തസ്രാവം എങ്ങിനെയുണ്ടായി? തനിയേ വന്നതോ, അതോ ആരെങ്കിലും ഉണ്ടാക്കിയതോ? ഇതിനൊക്കെ ഉത്തരമന്വേഷിച്ച് ഉദ്യോഗസ്ഥൻ തല വിയർക്കേണ്ട കാര്യമൊന്നുമില്ല. ദുരൂഹമരണങ്ങളുടെ അറ്റമില്ലാത്ത പട്ടികയിലെ ഇങ്ങേയറ്റത്തെ പേരുകാരിൽ ഒരാളായി ശൈലേഷ് യാദവിന്റെ പേരെഴുതി ചേർക്കുന്നതോടെ എല്ലാം ശുഭം. സംഭവത്തിൽ ഗവർണറും ഭരണത്തലവനുമായ രാംനരേഷ് യാദവിനും പരാതിയൊന്നുമില്ല. കഴിഞ്ഞ ജൂലൈ നാലിനാണ് പ്രശസ്ത പത്രപ്രവർത്തകനും ആജ് തക്കിന്റെ റിപ്പോർട്ടറുമായ അക്ഷയ് സിംഗ് ഹൃദയാഘാതം മൂലം മരിക്കുന്നത്. ഔദ്യോഗിക രേഖകളിൽ സ്വാഭാവിക മരണം. നമുക്കിപ്പോൾ ഇതിലെന്ത് ചെയ്യാൻ കഴിയും? ഒരാൾ ഹൃദയാഘാതം വന്ന് മരിക്കുന്പോൾ; മരിക്കേണ്ടതില്ല എന്ന് നാം പറഞ്ഞത് കൊണ്ട് കാര്യമുണ്ടോ? ഏതായാലും അദ്ദേഹം മരിച്ചു കഴിഞ്ഞു. പക്ഷേ ഒന്നുണ്ട് വ്യാപം അഴിമതിക്കു പിന്നിലെ വന്പന്മാരെ വെളിച്ചത്തു കൊണ്ടുവരാനുള്ള പരിശ്രമത്തിലായിരുന്നു അദ്ദേഹം. ഇതേ അഴിമതിയുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടതായി സംശയിക്കപ്പെടുന്ന മെഡിക്കൽ വിദ്യാർത്ഥിനി നമ്രതാ ദാമറിന്റെ പിതാവുമായി സംസാരിച്ചു കഴിഞ്ഞ തിരിച്ചു പോയ ശേഷമാണ് അക്ഷയ് സിംഗിന് ഹൃദയാഘാതമുണ്ടായത്. അവിഹിത നിയമനങ്ങൾക്ക് കുപ്രസിദ്ധി നേടിയ എം.ജി.എം മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിനിയായ നമ്രതാ ദാമർ 2012 ജനുവരിയിൽ െറയിൽപ്പാളത്തിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. മാധ്യമങ്ങളിൽ ഇത്തരം ദുരൂഹമരണങ്ങളുെട ഒരു പരന്പര തന്നെ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഒക്കെ ഇതുമായി ബന്ധപ്പെടുത്താനാവില്ല എന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വാദം. അത് നമുക്ക് മുഖവിലക്കെടുക്കുകയുമാവാം. പക്ഷേ അപ്പോഴും ഒന്നുണ്ട്. തന്റെ കിടക്കയിൽ നിന്ന് എന്തോ ചീഞ്ഞ് നാറുന്നുണ്ട്. തന്റെ സിംഹാസനത്തിനടിയിൽ മാംസം ഭക്ഷിച്ച് വലിച്ചെറിഞ്ഞ എല്ലും കോലുമൊക്കെ കുന്നുകൂടിയിട്ടുണ്ട്. ഇനി ഈ ശിവരാജ് സിംഗിന്റെ കഥകൂടി അറിയുന്പോഴാണ് അടിയന്തിരം വെളുത്തു കിട്ടുക. ആരായിരുന്നു ഇദ്ദേഹം? ബി.ജെ.പിയിൽ വോട്ടു പിടിക്കാൻ കഴിയുന്ന വ്യക്തിപ്രഭാവം ഒരാൾക്കേയുള്ളൂ എന്ന് ബി.ജെ.പിയും ആർ.എസ്സ്.എസ്സുമൊക്കെ പാടി നടന്ന കാലത്ത്, അതു പുല്ലുപോലെ തള്ളിക്കളഞ്ഞ യഥാർത്ഥ സിംഹമാണദ്ദേഹം. മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോഡിയൊന്നും വേണ്ട; താൻ തന്നെ ധാരാളം മതി എന്നായിരുന്നു ശിവരാജ് സിംഗ് ചൗഹാന്റെ നിലപാട്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അത് ശരിയെന്ന് തെളിയുകയും ചെയ്തു. ആ ചൗഹാനാണ് വ്യാപം കൂട്ടക്കൊലയ്ക്ക് പിന്നിൽ എന്ന് ആക്ഷേപം ഉയരുന്പോഴും അദ്ദേഹത്തിന് അതൊന്നും അത്രക്കങ്ങ് ഏശിയിട്ടില്ല. ഇപ്പോഴും വലിയ കുഴപ്പമില്ലാതെ “എല്ലാം ഇപ്പോ ശരിയാക്കാം ഒരു ചെറിയ സ്പാനർ മതി” എന്ന മട്ടിലാണദ്ദേഹം.
നമ്മുടെ സമൂഹവും കാലവും എത്രയേറെ തലതിരിഞ്ഞതും ഷണ്ധീകരിക്കപ്പെട്ടതുമാണ് എന്ന് ഭാവി തലമുറയ്ക്ക് കണ്ടെത്താൻ കൂടുതൽ അന്വേഷണങ്ങളൊന്നും ആവശ്യമില്ല. വ്യാപം അഴിമതിയുടെ വിശദാംശങ്ങൾ മതിയാകും. ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഒന്നൊന്നായി പുറത്തുവരുന്പോഴും ഇത്രയേറെ നിസ്സംഗമായി പ്രതികരിക്കാൻ നമുക്കല്ലാതെ മറ്റാർക്കു കഴിയും? വ്യാപം നമുക്ക് അങ്ങേയറ്റം ആസ്വാദ്യമായ ഒരു വിഭവമാണ്. ദൃശ്യമാധ്യമങ്ങൾക്കും പത്ര മാധ്യമങ്ങൾക്കുമൊക്കെ വെച്ചു വിളന്പാവുന്ന ഒരു വിഭവം. നമുക്കത് ആസ്വദിച്ച് ചിരിച്ചുല്ലസിച്ച് രുചിയറിഞ്ഞ് കഴിക്കുകയുമാവാം. അതിലപ്പുറം അതിനൊരു പ്രാധാന്യവും നാം കല്പിക്കുന്നില്ല. ഏതെങ്കിലും വ്യക്തികളോ ചെറു ഗ്രൂപ്പുകളോ ഭരണസ്വാധീനം ഉപയോഗിച്ചും ഉദ്യോഗസ്ഥരെ വിലക്കെടുത്തുമൊക്കെ നടത്തുന്ന കോടികളുടെ വെട്ടിപ്പിനെയാണ് നാം അഴിമതി എന്ന ഓമനപ്പേരിട്ട് വിളിച്ചിരുന്നത്. പക്ഷേ വ്യാപത്തിലേക്കടുക്കുന്പോൾ അതിന്റെ വ്യാപ്തിയും സ്വാഭാവുമൊക്കെ ജനകീയവൽക്കരിക്കപ്പെടുന്നു. ഇതേത് കാലത്ത് തുടങ്ങി എന്ന് ആർക്കും തിട്ടമില്ല. 2000 വരെ വ്യാപം അഴിമതിയെ കുറിച്ച് അടക്കിപ്പിടിച്ച സംസാരങ്ങൾ, പത്രവാർത്തകൾ ചില ആരോപണങ്ങൾ ഒക്കെ നിലനിന്നിരുന്നു. എന്നാൽ 2000മാണ്ടോടെ വ്യാപം അഴിമതിയുടെ ദുർഗന്ധം രാജ്യത്തിന്റെ അതിരുകളോളം ചെന്നെത്തി മധ്യപ്രദേശ് സർക്കാരിനേയും ഭരണക്കാരേയും മാത്രമല്ല ഡൽഹിയിലെ അധികാര കേന്ദ്രത്തിന്റെ ഇടനാഴികകളിൽ വരെ വ്യാപം അഴിമതിയുടെ ദുർഗന്ധം എത്തി. ഈ കാലത്തിന്റെ സവിശേഷതകളും ഓർമ്മയിലുണ്ടാവണം. 1991ൽ നവഉദാരവൽക്കരണ സാന്പത്തിക സാമൂഹ്യക്രമങ്ങൾ യാഥാർത്ഥ്യമായി ഒരു പതിറ്റാണ്ട് കഴിഞ്ഞിരുന്നു. അപ്പോഴേയ്ക്കും അഴിമതിയുടെ രൂപഭാവങ്ങളിലും മാറ്റം സംഭവിച്ചിരുന്നു. ചങ്ങാത്ത മുതലാളിത്തം (Friendship capital) അഴിച്ചുവിട്ട അശ്വമേധം പോലെ സാധാരണ മനുഷ്യന്റെ ജീവിതത്തെ കീഴടക്കിയിരുന്നു. മൂലധനശക്തികൾ, ഭരണാധികാരികൾ, രാഷ്ട്രീയ നേതൃത്വം, ഉദ്യോഗസ്ഥ മേധാവികൾ, കോടതി, പോലീസ്, മാധ്യമസംവിധാനം ഇവയൊക്കെ ഒരുമിച്ചണിനിരന്ന് ആയിരക്കണക്കിന് കോടികൾ ഒന്നിച്ച് കൊള്ളയടിക്കുന്നതിലേയ്ക്ക് അഴിമതിയുടെ സ്വഭാവം മാറിതീർന്നു. ഇന്ന് ആരോപണവിധേയരായ രാഷ്ട്രീയ നേതൃത്വത്ത പരിശോധിച്ചാൽ നമുക്കത് വ്യക്തമാകും. മധ്യപ്രദേശിൽ യു.പി.എയുടെ പ്രതിനിധിയായി വന്ന ഗവർണർ, രാംനരേഷ് യാദവ്, ബി.ജെ.പി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഭാര്യ സുധാസിംഗ്, വിദ്യാഭ്യാസ മന്ത്രി ലക്ഷ്മികാന്ത ശർമ്മ, കോൺഗ്രസ് എം.എൽ.എ മീർസിംഗ് ബൂരിയ, ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടായിരുന്ന പ്രഭാത്ഝാ എന്നീ വി.ഐ.പികളിൽ തുടങ്ങി ഉയർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ, ഇടനിലക്കാർ എന്നിങ്ങനെ താഴെ തലത്തിലെ ഏജന്റുമാർ വരെ നൂറ് കണക്കിന് ആളുകളാണ് വ്യാപം അഴിമതിക്ക് പിന്നിൽ, ഒരു മാഫിയ റാക്കറ്റ് ആയി പ്രവർത്തിച്ചത്. അക്ഷരാർത്ഥത്തിൽ അഴിമതിയെ ജനാധിപത്യവൽക്കരിക്കുകയും വികേന്ദ്രീരിക്കുകയും ചെയ്യാനുള്ള സാദ്ധ്യതയുടെ ഉത്തമ ദൃഷ്ടാന്തം. ഇത്രയേറേ ഭീകരമല്ലെങ്കിലും അഴിമതിയെ ജനാധിപത്യവൽക്കരിച്ച മറ്റൊന്ന് ബീഹാറിലെ കാലിത്തീറ്റ കുംഭകോണമായിരുന്നു. അതിന് നേതൃത്വം വഹിച്ച ലാലുപ്രസാദ് യാദവ് അഴിമതിപ്പണത്തിന്റെ പങ്ക് താഴെതട്ടുകാർ വരെയുള്ളവർക്ക് ജനാധിപത്യപരമായി വീതിച്ചിരുന്നുവത്രേ. രാഷ്ട്രീയ പാർട്ടികൾക്കൊക്കെ ഈ വകയിലുള്ള മിച്ചത്തിൽ നിന്ന് അദ്ദേഹം പങ്ക് അനുവദിച്ചിരുന്നതായി പറയപ്പെടുന്നു. ചില കക്ഷികൾ തുക കൈപ്പറ്റാൻ വിസമ്മതിച്ചപ്പോൾ സന്തോഷപൂർവ്വം ഏറ്റുവാങ്ങി പുട്ടടിച്ചവരാണ് രാഷ്ട്രീയപാർട്ടികളിലേറെയും.
അപ്പോഴും സിനിമാ കഥകളെ വെല്ലുന്ന, കൊല്ലും കൊലയും പണാധിപത്യവും ചേർന്ന് മര്യാദയുടെ എല്ലാ അതിർത്തികളും ലംഘിച്ച് അഴിമതിയുടെ ദുർഗന്ധം പടർത്തിയ, മറ്റൊരു അഴിമതി കേസ്സ് വേറെ ഉണ്ടാവില്ല. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർത്ഥി, അദ്ധ്യാപക നിയമനങ്ങൾക്കകം പ്രവേശന പരീക്ഷകൾക്കും, പബ്ലിക്ക് സർവീസ് കമ്മീഷൻ പോലെ സർക്കാർ ഉദ്യോഗങ്ങൾക്ക് അർഹരായവരെ കണ്ടെത്താനുള്ള എഴുത്തുപരീക്ഷയും മറ്റും നടത്തുന്നതിന്, മധ്യപ്രദേശ് സർക്കാർ രൂപീകരിച്ച സംവിധാനമാണ്, മധ്യപ്രദേശ് വ്യവസായിക് പരീക്ഷ മണ്ധൽ. (വ്യാപം) ഇതുവഴി തൊഴിൽ നൽകാം എന്ന് വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളെ കണ്ടെത്തി കൈക്കൂലി വാങ്ങുന്നതാണ് തട്ടിപ്പ് രീതി. ലക്ഷങ്ങൾ നൽകിയവർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ നേരത്തെ എത്തിച്ചു നൽകി പഠിപ്പിച്ച് ഉത്തരമെഴുന്നതാണ് ഈ രീതി. അത് കഴിയാത്തിടത്ത് കൃത്യമായി അറിയുന്ന ഉത്തരം മാത്രം എഴുതി ബാക്കിഭാഗം ഒന്നുെമഴുതാതെ ഉത്തരക്കടലാസ് തിരിച്ചു നൽകണം. പിന്നീട് ഉദ്യോഗാർത്ഥിയെ വിളിച്ച് വിട്ട ഭാഗങ്ങളിൽ യഥാർത്ഥ ഉത്തരം എഴുതി മുഴുവൻ മാർക്കും നൽകി റാങ്ക് പട്ടികയിൽ മുകളിലെത്തിക്കും. ഇതിനും കഴിയാത്തിടത്ത് ഉത്തരകടലാസ് മാറ്റി എഴുതി പകരം വെയ്ക്കും. 2007 ഓടെയാണ് ക്രമേക്കേടുകൾ എല്ലാ അതിർവരന്പുകളും ലംഘിച്ച് വ്യാപകമായത്. ഇത് ശ്രദ്ധയിൽപെട്ട ആശിഷ്കുമാർ ചതുർവേദി എന്ന ഒരു ചെറുപ്പക്കാരൻ ആണ് ഇത് പുറത്തു കൊണ്ടുവരാനുള്ള നീക്കങ്ങൾക്ക് നിമിത്തമായത്. തന്റെ അമ്മയെ ചികിത്സിക്കുന്ന ഡോക്ടർമാർക്ക് വൈദ്യശാസ്ത്ര സംബന്ധിയായ വിവരങ്ങളിലുള്ള അജ്ഞത അയാളെ അത്ഭുതപ്പെടുത്തി. തുടർന്ന് വിവരാവകാശ നിയമപ്രകാരം ഡോക്ടർമാരുെട യോഗ്യതാ പത്രങ്ങളുടെ ശരിപ്പകർപ്പുകൾ കൈവശപ്പെടുത്തിയ ഇദ്ദേഹം അത്ഭുതപ്പെട്ടുപോയി. യഥാർത്ഥ യോഗ്യതയുള്ളവർക്ക് പകരം പണം നൽകി ജോലി നേടിയവരാണ് അമ്മയെ ചികിത്സിക്കുന്നത് എന്നറിഞ്ഞതോടെ 2003 മുതൽ മധ്യപ്രദേശ് സംസ്ഥാനത്ത് വൈദ്യശാസ്ത്ര പഠനത്തിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ യോഗ്യതകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ടു അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചു. പ്രാഥമിക പരിശോധനയിൽ തന്നെ കോടതിയുടെ മുന്പിലെത്തിയ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇതോടെ ഇയാളെ കൊലപ്പെടുത്താനുള്ള നീക്കങ്ങളുണ്ടായി. മൂന്ന് തവണ ഇയാളെ വധിക്കാൻ അജ്ഞാതർ നീക്കം നടത്തിയതിനെ തുടർന്ന് ഇയാൾക്ക് കോടതി ആജീവനാന്ത പോലീസ് സംരക്ഷണം ഏർപ്പെടുത്തി. മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ ബന്ധുക്കളാണ് ഈ തീവെട്ടിക്കൊള്ളകളുടെ മുഖ്യസംഘാടകർ എന്ന് ആദ്യം ആക്ഷേപം ഉന്നയിച്ചത് ആശിഷ്കുമാർ ചതുർവേദ് എന്ന ഈ ചെറുപ്പക്കാരനായിരുന്നു. അഴിമതിക്കെതിരായ പ്രതിരോധം ശക്തമായപ്പോൾ അത്തരക്കാരെ കൊന്നു തള്ളി തെളിവുകൾ ഇല്ലാതാക്കുക എന്ന ഫാസിസ്റ്റ് പ്രശ്ന നിർദ്ധാരണ രീതി ഒരു മറയുമില്ലാതെ നടപ്പിലാക്കാൻ തുടങ്ങിയതോടെയാണ് ഈ വിഷയം മാധ്യമശ്രദ്ധയിൽ വരുന്നത്.
യു.പി.എയുടെ അഴിമതിക്കെതിരായ പോരാട്ടത്തിലെ ചാന്പ്യന്മാർ എന്ന നിലയിലാണല്ലോ നരേന്ദ്രമോഡി സർക്കാറിന്റെ അധികാരാരോഹണം. അഴിമതികാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്ന് തെളിയിക്കുന്നതായി വ്യാപം അഴിമതിക്കേസ്സ്. മറ്റൊരു വിചിത്രമായ വസ്തുത പരസ്പരം കോഴി കൊത്തിപ്പറിക്കന്നതുപോലെ ഏത് സമയവും ശണ്ഠ കൂടുന്ന ഇവർ തമ്മിൽ അഴിമതികാര്യത്തിലുള്ള ചങ്ങാത്തമാണ്. യു.പി.എ സർക്കാരിന്റെ കാലത്ത് അവരുടെ പല്ലുകൊഴിഞ കിഴവന്മാെര വിവിധ സംസ്ഥാനങ്ങളിൽ ഗവർണർമാരായി നിയമിക്കുന്ന കൂട്ടത്തിലാണ് രാം നരേഷ് യാദവിനെ മധ്യപ്രദേശ് ഗവണറായി നിയമിച്ചത്. മോഡി അധികാരത്തിലെത്തിയപ്പോൾ ആദ്യമായി സ്വീകരിച്ച നടപടികളിലൊന്ന് ഇത്തരം യു.പി.എ ഗവർണർമാരെയെല്ലാം മാലയും ബൊക്കയും നൽകി തിരിച്ചയക്കലായിരുന്നു. കടിച്ചു തൂങ്ങാൻ ശ്രമിച്ചവരെയൊക്കെ സ്ഥലം മാറ്റി പീഡിപ്പിച്ചു. പക്ഷേ അപ്പോഴും മധ്യപ്രദേശത്തെ കോൺഗ്രസ് ഗവർണർ രാം നരേശ് യാദവിന് സ്ഥാനചലനം സംഭവിച്ചില്ല. വ്യാപം അഴിമതിയിൽ സ്വന്തം മകൻ മരിച്ചിട്ടുപോലും തികഞ്ഞ സൗഹൃദത്തിലായിരുന്നു മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഗവർണർ യാദവും തമ്മിൽ. അതുകൊണ്ട്് അദ്ദേഹം എല്ലാവിധ സുഖസമൃദ്ധിയോടും കൂടി മധ്യപ്രദേശിലെ തന്റെ ഔദ്യോഗിക വസതിയിൽ സസുഖം വാണു. ഇപ്പോൾ കോൺഗ്രസ് വലിയ വായിൽ ഒച്ച വെച്ചതു കൊണ്ടോ ഒട്ടകപക്ഷിയെപ്പോലെ ഇതൊന്നും കണ്ടില്ലെന്ന നിലയിൽ തല മണ്ണിൽ പൂഴ്ത്തിയതു കൊണ്ടോ പ്രയോജനമില്ല.
ഇനി ഇതൊക്കെ മധ്യപ്രദേശിൽ മാത്രം അരങ്ങേറുന്ന അരുതായ്മകളായി എഴുതിത്തള്ളാം എന്ന് നാം മലയാളികളാരും ധരിച്ചു വഷളാകരുത്. ഇതിന്റെ ധാരാളിത്തം മിനിയേച്ചർ പതിപ്പുകൾ കേരളത്തിൽ കാലാകാലമായി നടന്നുവരുന്നുണ്ട്. അതു മറ്റൊരു വ്യാപം ആയി വളരുന്നത് എപ്പോഴായിരിക്കും എന്നേ അറിയേണ്ടതുള്ളൂ. ഇത്തരം ഇരുട്ടുകൾ നമുക്കിടയിലും നന്നായി പഴക്കമേറി വരികയാണ്. അതുകൊണ്ട് ആ ഇരുട്ട് തന്നെയാണ് വെളിച്ചം എന്ന് കരുതി ജീവിക്കുന്നതിന് നാം മലയാളികളും ഇന്ന് മത്സരിക്കുക തന്നെയാണ്.