പ്രേമം പൂത്തിരിയായി കത്തുന്പോൾ...
കഴിഞ്ഞ ദിവസം ഒരു സ്ത്രീപള്ളിക്കൂടത്തിലെ അദ്ധ്യാപകനായ സുഹൃത്തിനെ കണ്ട് പെൺകുട്ടികൾക്കിടയിലെ പുതിയ ട്രെന്റുകളെക്കുറിച്ച് പറയുന്ന കൂട്ടത്തിൽ അദ്ദേഹം രസകരമായ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. ഒരുദിവസം ക്ലാസ്റൂമിലെ കുട്ടികൾക്കിടയിൽ അടക്കിപ്പിടിച്ച സംസാരവും ചിരിയുമൊക്കെ ശ്രദ്ധയിൽപ്പെട്ടപ്പോൾ ഒരു പെൺകുട്ടി സ്വന്തം കൈവെള്ളയിൽ മുത്തം വെയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പരിശോധിച്ചപ്പോൾ നിവിൻ പോളി എന്ന ന്യൂജനറേഷൻ നടന്റെ പേരെഴുതി അതിലാണ് ചുംബനം. മറ്റു കുട്ടികളുടെ കൈകൾ പരിശോധിച്ചപ്പോഴും മിക്കവാറും പേർ നിവിൻപോളിയുടെ പേരും പ്രണയമുദ്രയുമൊക്കെ വരച്ചുവെച്ചതായി കണ്ടു. ‘പ്രേമം’ സിനിമ ഹിറ്റായതിനെ തുടർന്ന് ഇയാളുടെ ആരാധകരായി തീർന്നവരാണ് മിക്കവാറും കൗമാരക്കാരായ പെൺകുട്ടികളും. ഈ കുട്ടികളിൽ ധാരാളം േപർ സ്വന്തം കവിളുകൾ കൈകൊണ്ട് ഉരസി ചൂടാക്കുന്നു. തങ്ങളുടെ മുഖത്ത് മുഖക്കുരു പ്രത്യക്ഷപ്പെടണമെന്ന ആഗ്രഹത്തോടെ കണ്ണാടിക്കു മുന്പിൽ പ്രാർത്ഥിക്കുന്നു. ഈ സിനിമയിലെ നായികാ നടിമാരിലൊരാളെ സായി പല്ലവി അവതരിപ്പിച്ച (മലർ) കഥാപാത്രത്തെ റോൾ മോഡലായി കണ്ട; രൂപത്തിലും ഭാവത്തിലും അവരെ അനുകരിക്കാനുള്ള വെപ്രാളങ്ങളിലും ഒരുതരം ഭ്രാന്തമായ ആവേശത്തിലുമാണ് ഈ പെൺകുട്ടികൾ. മുടിയിൽ ഷാന്പു തേച്ച് ഉണക്കിയുലർത്തി പനങ്കുല പോലെ ഇടതു ചുമലിലേക്ക് പിന്നിയിട്ട് തലവെട്ടിച്ച് നടക്കുന്ന ധാരാളം പെൺകുട്ടികളെ നമുക്കിപ്പോൾ തെരുവുകളിൽ കാണാം. ഇതേ ചിത്രത്തിലെ സ്കൂൾ വിദ്യാർത്ഥിനിയായ നായികാ കഥാപാത്രത്തെ അബോധത്തിലും ബോധത്തിലും അനുകരിക്കാൻ പ്രയാസപ്പെടുകയാണിവർ. മുണ്ടുടുത്ത് നടക്കുന്ന കൗമാരക്കാരെ നമ്മുടെ തെരുവുകളിൽ ഇക്കാലത്ത് കണ്ടുമുട്ടുക പ്രയാസമായിരുന്നു. എന്നാലിപ്പോൾ കറുത്ത ഷർട്ടും കറുത്ത കരയുള്ള മുണ്ടും ധരിച്ച്, മാടിക്കുത്തിയും അല്ലാതെയുമൊക്കെ നടക്കുന്ന ധാരാളം കുമാരന്മാരെ തെരുവുകളിൽ കണ്ടുമുട്ടാം. പ്രേമം സിനിമ പുതുതലമുറയിലുളവാക്കിയ സ്വാധീനത്തിന് ഇതിൽ കൂടുതൽ തെളിവുകൾ വേണ്ടതില്ലല്ലോ.
തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലചിത്ര മേള അരങ്ങേറുന്പോൾ അവിടെ ചെന്ന് താമസിച്ച് ദിവസവും തുടർച്ചയായി ധാരാളം സിനിമകൾ കാണുക, അതു കഴിഞ്ഞാൽ അപൂർവ്വമായി മാത്രം തിയേറ്ററുകളിലെത്തി സിനിമ കാണുന്ന ഒരാൾ എന്ന നിലയിൽ പ്രേമം സിനിമ ശ്രദ്ധയിലേ ഉണ്ടായിരുന്നില്ല. തുടർച്ചയായി ഹൗസ് ഫുൾ ആയി ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ നടന്ന വിനോദനികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകളാണ് സിനിമ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. ചുമരുകളിൽ ഒട്ടിച്ചുവെച്ചിരിക്കുന്ന ചിത്രശലഭത്തിന്റെ ചിത്രം പ്രേമം എന്ന സിനിമയുടേതാണെന്ന് ശ്രദ്ധിച്ചത് അങ്ങിനെയാണ്. ഒരു പരിഗണനയുമർഹിക്കാത്ത ഒരു പൈങ്കിളിക്കോവാലൻ സിനിമ എന്ന പരിഗണന മാത്രമേ അപ്പോഴും നൽകിയുള്ളൂ. ആ പടം കാണുന്നതിന് ടിക്കറ്റ് ലഭിക്കാൻ ശിപാർശക്കായി പലരും സമീപിച്ചപ്പോൾ സിനിമ ഹിറ്റാണെന്ന് മനസ്സിലായി. അങ്ങിനെയാണ് സിനിമ എന്ന നിലയിൽ ഇത് ശ്രദ്ധയിലേക്ക് വരുന്നത്. പിന്നെ സിനിമയുടെ പകർപ്പുകൾ ചോർന്നതും പ്രൈറസിയെക്കുറിച്ചുള്ള ചർച്ചകളും കേസും അന്വേഷണവുമൊക്കെ ആയതോടെ ആർക്കും ഒഴിഞ്ഞുമാറി നടക്കാൻ കഴിയാത്ത വിധത്തിൽ തള്ളിക്കയറി ഈ പടം മുന്പിലേക്കു വന്നു. മകൾ തിയേറ്ററിൽ പോയി ആ സിനിമ കാണണം എന്ന ആവശ്യമുന്നയിക്കുന്നത് അച്ഛനും അമ്മക്കും ഇഷ്ടപ്പെട്ട സിനിമ കാണാൻ ഞങ്ങളും വരാറില്ലേ അതേപോലെ ഞങ്ങൾക്കിഷ്ടപ്പെട്ട സിനിമ കാണാൻ നിങ്ങളും വരേണ്ട? എന്ന ഒരു യുക്തിവിചാരവും അവളുടെ വകയായി ഉന്നയിക്കപ്പെട്ടു. എങ്കിൽ ഒന്നു കണ്ടുകളയാം എന്ന് കരുതിയാണ് പോയത്. സിനിമ കണ്ടിറങ്ങിയപ്പോൾ ചിന്തിച്ചത് ഈ സിനിമ കണ്ടില്ലെങ്കിൽ മഹാമോശമായിരുന്നു എന്നാണ്. സിനിമയുടെ കലാമൂല്യമോ ആസ്വാദ്യതയോ ഒന്നും ഓർത്തിട്ടല്ല. ഈ സിനിമ കണ്ടിരുന്നില്ലെങ്കിൽ നമ്മുടെ ന്യൂജനറേഷൻ എങ്ങിനെ ചിന്തിക്കുന്നു എന്നറിയാത്ത ഔട്ട് ഡേറ്റായി പോകുകയായിരുന്നല്ലോ എന്ന് കരുതിയാണ്.
സിനിമ കണ്ട് പുറത്തിറങ്ങുന്നതിനിടയിൽ ഒരു നാല്പത്തഞ്ച് വയസ്സു തോന്നിക്കുന്ന അമ്മയുടെ കമന്റ് ഛെ വൃത്തികെട്ട കാട്ടം പോലെ ഒരു സിനിമ. പക്ഷേ ഇതു കേട്ട കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനിയായ മകൾ തല്ലുകൊണ്ടതുപോലെ പുളയുന്നുണ്ടായിരുന്നു. അവൾക്ക് മേരി ബോയ് ഐസ്ക്രീം കഴിച്ച അനുഭവമായിരുന്നു ഈ സിനിമ ഒരു തവണയെങ്കിലും തിയേറ്ററുകളിൽ ചെന്ന് കണ്ടില്ലെങ്കിൽ എന്തിന് കൊള്ളാം? നാട്ടുകാരുടെ ഇടയിൽ നാം ഒന്നിനും കൊള്ളാത്തവരായി തീരില്ലേ എന്ന ചിന്തയിലാണിവർ. ടീനേജുകാരാകട്ടെ പല തവണയായി തിയേറ്ററുകളിലെത്തി വീണ്ടും വീണ്ടും കാണുന്നു. ഇന്റർനെറ്റിൽ ധാരാളം സൈറ്റുകളിൽ സിനിമ ചേർന്നെത്തിയതോടെ ദിവസത്തിൽ പല തവണ ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്നു.
പ്രമേയത്തിൽ ഒരു പുതുമയുമില്ലാത്ത ഒരു പതിവ് പ്രണയ ചിത്രം. മീശ കിളിർത്തു തുടങ്ങുന്ന കാലത്ത് തന്റെ സഹപാഠിയോട് തോന്നുന്ന പ്രണയം. അത് എങ്ങിനെ അവളെ അറിയിക്കണമെന്ന് തലപുകഞ്ഞ ആലോചന. അതിന്റെ മാധ്യമമായി സുഹൃത്തുക്കൾ, ലാൻഡ്സ്കേപ്പുകൾ, ബന്ധുക്കൾ, രക്ഷിതാക്കൾ, അസംബന്ധങ്ങൾ. അവസാനം തന്റെ കാമുകനെ ബന്ധപ്പെടാൻ പെൺകുട്ടി സഹായം അഭ്യർത്ഥിക്കുന്നതോടെ ഒന്നാം പ്രണയത്തിന്റെ ലോകം കീഴ്മേൽ മറിയുന്നു. അതിൽ നിരാശനായി താടിയും തലയമുമൊക്കെ നീട്ടി മദ്യത്തിലഭയം തേടി കോളേജ് വിദ്യാഭ്യാസം. അതിനിടയിൽ മനസ്സിൽ അമിട്ടു കുറ്റി പൊട്ടിച്ചിതറി വർണ്ണപ്രഭ ചൊരിയുന്നതു പോലെ പുതിയൊരു പ്രണയലോകം പൊട്ടിവിരിയുന്നു. കലാലയത്തിന്റെ കാല്പനികത, യൗവനത്തിന്റെ കായിക ക്ഷമത, റാഗിങ്ങിലൂടെ നേടിയെടുക്കുന്ന അധീശത്വം, ചടുലമായ നൃത്തം, ഗദ്യപദ്യങ്ങളുടെ അതിർവരന്പുകളില്ലാത്ത ഗാനങ്ങൾ മൊബൈൽ ഫോണുകൾ ഒക്കെ ഇവിടെ പ്രണയത്തിന്റെ മാധ്യമങ്ങളായി തീരുന്നു. സ്വാഭാവികമായും ഈ പ്രണയത്തിന്റെ അന്തകനാകേണ്ടത് ഒരു വാഹനാപകടം തന്നെ. വാഹനാപകടത്തിൽ ബോധം നഷ്ടപ്പെട്ട പ്രണയിനിക്ക് കാമുകനെ തിരിച്ചറിയാനാകുന്നില്ല. അതോടെ രണ്ടാം പ്രണയവും തല്ലിക്കൊഴിക്കപ്പെടുന്നു. ഉപജീവനത്തിന് ഉപ്പും ചോറും തേടിത്തുടങ്ങുന്ന തിരിച്ചറിവിന്റെയും സ്വന്തം കാലിൽ നിൽപ്പിന്റേയും കാലത്താണ് ഓർക്കാപ്പുറത്ത് മൂന്നാം പ്രണയം വാതിൽ തള്ളി അകത്തോട്ട് കയറിവരുന്നത്. അതും അസമയത്ത്. അടച്ചിട്ട കഫേയിലേക്ക്, എച്ചിലും തുടച്ച് വലിച്ചെറിഞ്ഞ നാപ്കിനുകൾ ഒക്കെ കഴുകി വൃത്തിയാക്കുന്നതിനിടയിൽ മധുരമുള്ള പിറന്നാൾ കേക്കിന് വേണ്ടി പ്രതിബന്ധങ്ങളെ കൂസാതെ അവൾ കടന്നുവന്നു. ശുചീകരണ ജോലിയിലേർപ്പെട്ട ജീവനക്കാർ അവളെ പറഞ്ഞു വിടുന്പോഴും തിരിച്ച് വിളിച്ച് കേക്ക് നൽകാൻ ഒരു ഉൾവിളി പോലെ എന്തോന്ന്. കേക്കിന് മുകളിലെ പേരെഴുതി കഴിയുന്പോൾ അതിലറിയാതെ സംഭവിച്ച തെറ്റ് ചിരി പടർത്തുന്നെങ്കിലും അവയൊക്കെ തിരുത്തപ്പെടുന്നു. ദോശ മൊരിഞ്ഞു വരുന്നതുപോലെ വെന്തു വരുന്ന പ്രണയം പെട്ടെന്ന് വിവാഹ അഭ്യർത്ഥനയിലേക്കും വില്ലാനായി മുന്പിലുള്ള എൻഗേജ്മെന്റിലേക്കും അവസാനം അയാളെ നോപ്പോളിയൻ കട്ട് ആന്റ് റൈറ്റ് ആയി പിടിച്ചു കെട്ടിയ പ്രണയ സാഫല്യത്തിലേക്കും വളരുന്നതോടെ മൂന്നാം പ്രണയത്തിനും പടത്തിനും പരിസമാപ്തിയാകുന്നു. ഒരു സാധാരണ പ്രമേയം, ധാരാളം കണ്ട് മടുത്തത്. ഒരുപക്ഷേ വള്ളിപുള്ളി വിസർഗ്ഗ വ്യത്യാസങ്ങളില്ലാത്ത സിനിമകളും കണ്ടെത്താനാകും. അതൊക്കെയിരിക്കട്ടെ പിന്നെ പ്രേമം എന്ന സിനിമ മാത്രം എന്തുകൊണ്ട് ഹിറ്റായി? എല്ലാവരേയും തിയേറ്ററുകളിലെത്തിക്കുക എന്ന തന്ത്രം എങ്ങനെ വിജയിച്ചു? ന്യൂ ജനറേഷനെ ഈ നിലയിൽ ആകർഷിക്കുന്ന എന്ത് സവിശേഷതയാണ് ഈ ചിത്രത്തിനുള്ളത്?
ഇതിന് ഉത്തരം കണ്ടെത്തണമെങ്കിൽ ജീവിത വീക്ഷണത്തിന്റെ അരനൂറ്റാണ്ടിനെയെങ്കിലും പഠനവിധേയമാക്കേണ്ടി വരും. ഒരു ചുറ്റുകോണിയിലെന്നോണമാണ് പ്രപഞ്ച വികാസവും ജീവന്റെ വികാസവുമൊക്കെ സംഭവിക്കുന്നത് എന്ന് നമുക്കറിയാം. മനുഷ്യസമൂഹത്തിന്റെ വികാസവും ഈ നിലയിലേ വിശദീകരിക്കാനാകൂ. ഈ ജീവിത വികാസത്തിന്റെ പ്രത്യേകത അനുനിമിഷം വേഗത വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്. അരനൂറ്റാണ്ടു മുന്പുള്ള ജീവിതവും ഇന്നത്തെ ജീവിതവും പരിശോധിച്ചാൽ നമ്മെ അന്പരിപ്പിക്കുന്ന വേഗതയിലാണ് ജീവിതം വികസിക്കുന്നത് എന്ന് കാണാൻ കഴിയും. ഈ നിലയിലുള്ള ഗതിവേഗം എവിടെപ്പോയി അവസാനിക്കും എന്നത് ഭയപ്പെടുത്തുന്ന ഒരു ചോദ്യം തന്നെയാണ്. മനുഷ്യകുലത്തിന്റെ അന്ത്യത്തിലേക്കാണോ നാം പാഞ്ഞടുക്കുന്നത് എന്ന ചോദ്യത്തിന് ഇന്നത്തെ നിലയിൽ നമുക്ക് നൽകാവുന്ന ഉത്തരം അതേ എന്നു തന്നെയാണ്. അരനൂറ്റാണ്ട് മുന്പ് ജനിച്ച ഈ കുറിപ്പെഴുതുന്നയാളെ അപേക്ഷിച്ച് പുതിയ തലമുറയെ പഠിച്ചാൽ അവരുടെ ജീവിതവളർച്ച അതിവേഗത്തിലാണ് സംഭവിക്കുന്നത്. എന്റെ തലമുറക്കറിയാവുന്നതിന്റെ എത്രയോ ഇരട്ടി കാര്യങ്ങൾ പുതിയ തലമുറയിലെ കൊച്ചുകുട്ടികൾക്ക് പോലും അറിയാം. എന്റെ തലമുറക്ക് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ അവർ അനായാസം കൈകാര്യം ചെയ്യുന്നു. ഡിജിറ്റൽ ടെക്നോളജി, നാനോ ടെക്നോളജി, ബയോ ടെക്നോളജി തുടങ്ങിയ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾക്ക് മുന്പിൽ നാം പകച്ചു നിൽക്കുന്പോൾ പുതുതലമുറ അനായാസം അതിനകത്ത് വ്യാപരിക്കുന്നു. ജീവിതത്തിൽ എനിക്കൊരിക്കലും കാണാനവസരം ലഭിക്കാത്ത കാഴ്ചകൾ, ശബ്ദങ്ങൾ, ദൂരങ്ങൾ, സൂക്ഷ്മലോകങ്ങൾ, സ്തൂല പ്രപഞ്ചം ഒക്കെ അവരുടെ ഉള്ളം കൈയിലാണ്. ഇതൊന്നും മനുഷ്യൻ ബോധപൂർവ്വം പകർന്നു നൽകുന്ന കേവലമായ അറിവുകളായി അവരിലേക്ക് പകരുന്നത് മാത്രമല്ല. ജനിതകമായി തന്നെ അവരിലേക്ക് അവ പകർന്നു നൽകപ്പെടുന്നുണ്ട്. അവരുടെ അബോധത്തിൽ അത് ഉൾച്ചേർന്നിട്ടുണ്ട്. എന്റെ കാലത്തെ മനുഷ്യരിൽ ജനിതകമായി കന്പ്യൂട്ടറിനെ കുറിച്ചുള്ള ജ്ഞാനം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഈ പ്രായത്തിൽ ഞാനത് ബോധപൂർവ്വം പഠിച്ചുവേണം പ്രയോഗിക്കാൻ. എന്നാൽ എന്റെ മക്കളുടെ കാര്യം അങ്ങനെയല്ല. അവർ ജനിച്ചുവീണ ലോകത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യ വസ്തുനിഷ്ഠമായ ഒരു യാഥാർത്ഥ്യമാണ്. അതവരുടെ ജനിതക ഘടനയിൽ ഉൾച്ചേർന്നിട്ടുണ്ട്. അതുകൊണ്ട് അവർക്കത് സായത്തമാക്കാനും പ്രയോഗിക്കാനും വളരെ എളുപ്പം സാധിക്കുന്നു. അതുകൊണ്ടാണ് എന്റെ മക്കൾ അവർ കുട്ടികളാണെങ്കിലും എന്നേക്കാൾ എത്രയോ ഇരട്ടി ബുദ്ധിശക്തിയുള്ളവരാണ് എന്ന് അംഗീകരിക്കേണ്ടി വരുന്നത്. ഒരു വലിയ കാലത്തെ മൂർത്തമായ ജീവിതാനുഭവങ്ങളുടെ ബലത്തിലാണ്, ആനയെ പാപ്പാൻ നിയന്ത്രിക്കുന്നത് പോലെ മക്കളുടെ മേലെ രക്ഷിതാക്കൾ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. പക്ഷേ അത് വലിയ തോതിൽ വെല്ലുവിളിക്കപ്പെടുന്നുണ്ട് എന്നത് യാഥാർത്ഥ്യം. ഈ അവസ്ഥ ഇനിയും രൂക്ഷമായി തീരുക തന്നെയാണ് സംഭവിക്കുക.
പ്രേമം സിനിമ ദഹിക്കാത്ത പഴയ തലമുറയുടെ പ്രേമസങ്കല്പങ്ങളും ഇന്നത്തെ തലമുറയുടെ പ്രേമ സങ്കല്പങ്ങളും വിശകലനം ചെയ്താൽ അത് വ്യക്തമാകും. മേഘസന്ദേശവും മയൂരസന്ദേശവുമൊക്കെയാണ് നമ്മുടെ പഴയകാല പ്രണയകാവ്യങ്ങൾ. ഒരാണിന് പെണ്ണിനോടോ മറിച്ചോ പ്രണയം തോന്നിയാൽ അത് പരസ്പരം അറിയിക്കാനുള്ള സന്ദേശ വാഹകർ പണ്ട് മേഘവും മയിലും അരയന്നവുമൊക്കെയായിരുന്നു. വസ്തുനിഷ്ഠ ലോകത്ത് സംഭവിക്കുന്നതല്ലെങ്കിലും സൗന്ദര്യത്തിന്റെ ലോകത്ത് അത്തരം കാവ്യങ്ങളൊക്കെ രചിച്ചും വായിച്ചുമൊക്കെയാണ് നാം പ്രണയസാഫല്യം അമൂർത്തമായെങ്കിലും അനുഭവിച്ചത്. ഒരു നൂറ്റാണ്ടു മുന്പൊക്കെയാണെങ്കിൽ കടക്കണ്ണിൻ മുന കൊണ്ട് കത്തെഴുതി പോസ്റ്റ് െചയ്യാൻ ഇടക്കിടെ വേലിക്കൽ വരുന്ന ബീവിയായിരുന്നു പ്രണയം. കൺമണിയത് കേട്ട് കാൽനഖം കൊണ്ടൊരു വര വരച്ചിതിൽ നിന്ന് പഴയ കാമുകൻ തന്റെ പ്രണയം അവൾ സ്വീകരിച്ചിരിക്കുന്നതായി അറിഞ്ഞ് ആഹ്ലാദിക്കുന്നു. അവിടെ നിന്ന് ഇങ്ങോട്ട് പ്രണയഗാനങ്ങളിലുണ്ടായ മാറ്റം മാത്രം പരിശോധിച്ചാൽ മതി ജീവിതത്തിന്റെ ഗതിവേഗം എത്രയധികം വർദ്ധിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാൻ. പ്രേമം സിനിമയിലെ ഗാനങ്ങൾ വിശേഷിച്ച് അവസാന ഗാനം ഇത് വ്യക്തമാക്കി തരും. മേഘം, മയൂരം, അരയന്നം, താമരയില, കടലാസ്, സൈക്കിൾ, മോട്ടോർ ബൈക്ക്, തപാൽ, ഫോൺ, മൊബൈൽ ഫോൺ, ഇന്റർനെറ്റ്, വാട്സ്ആപ്പ് എന്നിങ്ങനെ പ്രണയ സാങ്കേതിക വിദ്യകൾ വികസിച്ചപ്പോൾ ഒരു സെക്കന്റിന്റെ ഒരംശം കൊണ്ട് പ്രണയം മുളപൊട്ടുകയും കൈമാറുകയും കാമിക്കുകയും പ്രാപിക്കുകയും പിരിയുകയും ഒക്കെ ചെയ്യാവുന്ന ഗതിവേഗം ആർജ്ജിച്ചിട്ടുണ്ട്. ഒരു പാട്കാലം പ്രേമിച്ച് നടക്കാനും വിവാഹത്തിലൂടെ പ്രണയ സാഫല്യം കൈവരിക്കാനും അങ്ങിനെ ജീവിതമുണ്ടാക്കാനുമൊന്നും പുതുതലമുറക്ക് സമയമില്ല. അവർക്ക് എല്ലാം സെക്കന്റിന്റെ ഒരംശം കൊണ്ട് സംഭവിക്കണം. എന്റെ തലമുറക്ക് പ്രണയം സുന്ദരമായ ഒരനുഭൂതിയായിരുന്നെങ്കിലും പ്രേമം എന്ന വാക്ക് പോലും ഉച്ചരിക്കാൻ കൊള്ളാത്ത ഒരശ്ലീലമായിരുന്നു. എന്നാലിന്ന് സ്വന്തം മക്കൾ ഒരു മടിയുമില്ലാതെ പ്രേമകഥകളും അവരുടെ അനുഭവങ്ങളുമൊക്കെ അച്ഛനമ്മമാരോട് പങ്കുവെക്കും. അതിൽ ഒരു അശ്ലീലവുമില്ല. അതുകൊണ്ട് അത് കൈകാര്യം ചെയ്യുന്നതിൽ അവർക്ക് ഒരു ജാള്യതയുമില്ല. പഴയ തലമുറയിൽപ്പെട്ട അമ്മക്ക് പ്രേമം ഒരു അപ്പിപ്പടമായി തോന്നുന്പോൾ കൂടെയിരിക്കുന്ന മകൾ അത് അടക്കാനാവാത്ത ആനന്ദ അനുഭൂതിയായി അനുഭവിക്കുകയും ചെയ്യുന്നു.
പതുതലമുറയുടെ രൂപഭാവങ്ങളെ, അവരുടെ അഭിരുചികളെ ആവശ്യങ്ങളെ ഒക്കെ നാം സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്. അവർ ചെയ്യുന്നതിലൊക്കെ എന്തെല്ലാമോ പന്തികേട് നമുക്കനുഭവപ്പെടുകയും ചെയ്യുന്നു. അതൊക്കെ വാസ്തവം തന്നെയല്ലേ എന്ന് ചോദിച്ചാൽ നമുക്കതൊക്കെ വാസ്തവം തന്നെയാണ്. മൊബൈൽ ഫോൺ ഉപയോഗിച്ച് ഒരു പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി അവളുടെ മനസ്സിലും ശരീരത്തിലും കയറിക്കൂടി തന്റെ ആവശ്യങ്ങളൊക്കെ നിർവ്വഹിച്ച് വലിച്ചെറിഞ്ഞു പോകുന്നവനെ നീചനും നികൃഷ്ടനുമെന്നല്ലാതെ നമുക്ക് കാണാനാവില്ല. കോളേജിലേക്കുള്ള യാത്രാ മധ്യേ വഴിയിലിറങ്ങി ഒന്നിച്ച് റിസോർട്ടിൽ താമസിച്ച് രാത്രി വൈകുവോളം മദ്യത്തിലാറാടി പാർട്ടികളിൽ ഒന്നിച്ച് നൃത്തം ചെയ്ത് രാത്രി രതിക്രീഡകളിലേർപ്പെട്ട് പിറ്റേന്ന് 1000 രൂപ വിലയുള്ള ചുരിദാർ സമ്മാനമായി സ്വീകരിച്ച് കോളേജിലേയ്ക്ക് പോയി പഠനം തുടരുന്ന മക്കളുടെ പ്രവർത്തികളെ രക്ഷിതാക്കൾ എങ്ങിനെ ഉൾക്കൊള്ളാനാണ്? പുതുതലമുറയെല്ലാം ഇങ്ങനെയാണ് എന്ന് ഇതുകൊണ്ടൊന്നും അർത്ഥമാക്കേണ്ടതില്ല. പഴയ തലമുറ സൃഷ്ടിച്ച അച്ചടക്കത്തിന്റെ വേലികളെ അതിലംഘിക്കാതെ രക്ഷിതാക്കളുടെ പ്രതീക്ഷകൾക്കനുസരിച്ച് ജീവിക്കുന്നവരാണ് ഭൂരിപക്ഷവും. അപ്പോഴും വേലികൾ അതിലംഘിക്കാനുള്ള ത്വര അതിശക്തം തന്നെയാണ്. അത്തരം സമ്മർദ്ദങ്ങൾ നിമിത്തം നമ്മുടെ കാലത്തിനും ബോധത്തിനും ഉതകും വിധം നമ്മുടെ കുട്ടികൾക്ക് മുന്പിൽ നാം നിർമ്മിച്ചപ്പോൾ നാം തന്നെ പൊളിച്ചു മാറ്റേണ്ടി വരുന്നു. അവരുടെ താല്പര്യങ്ങൾകൂടി കണക്കിലെടുത്ത് നമുക്കിഷ്ടപ്പെടുന്നില്ലെങ്കിലും വേലികൾ മാറ്റി മാറ്റി പണിയേണ്ടി വരുന്നു. അങ്ങിനെ വേലികൾ മാറ്റാൻ സമ്മതമില്ലാതെ നാം കടുപിടുത്തം പിടിക്കുന്പോൾ അവർ വേലികൾ തന്നെ പൊളിച്ചു മാറ്റി സ്വാതന്ത്ര്യം പ്രഖ്യാപിച