ബ‍ഡ്ജറ്റ് എന്ന അയലിലെ കോഴി


ജൂലൈ എട്ടിന് ബഡ്ജറ്റ് നിയമസഭയിലവതരിപ്പിച്ച ദിവസം വൈകീട്ടാണ് ബഡ്ജറ്റിന്റെ നെറ്റ് പകർപ്പ് ലഭിച്ചത്. വിശദമായ വായനക്കൊന്നും അവസരമില്ല. എങ്കിലും ബഡ്ജറ്റിന് ഒരു പൊതുസ്വീകാര്യത ഉള്ളതായി പ്രതികരണങ്ങളിൽ നിന്ന് മനസ്സിലായി. വിമർശനങ്ങളില്ലെന്നല്ല. അവയിൽ പലതും രാഷ്ട്രീയ കാരണങ്ങളാലുള്ള വിമർശനങ്ങളായിരുന്നു. പൊതുവായി നമ്മുടെ നാട്ടിലിപ്പോൾ ബ‍ഡ്ജറ്റിന്റെ വർഗ്ഗ ഉള്ളടക്കവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ കുറവുമാണ്. കാരണം രാഷ്ട്രീയ സമൂഹം ഏതാണ്ട് ഒരേ കാഴ്ചപ്പാടിൽ നിന്നാണ് ബ‍ഡ്ജറ്റിനെ സമീപിക്കുന്നത്. മറ്റൊന്ന് ബഡ്ജറ്റ് പ്രഖ്യാപനങ്ങൾക്കൊക്കെ പഴയ കാലത്തെ പോലെ അത്ര വലിയൊരു പ്രാധാന്യം ആരും കൽപ്പിക്കുന്നില്ല. ബ‍ഡ്ജറ്റ് എന്തുമായിക്കോട്ടെ കാര്യങ്ങൾ അതാത് സമയത്തെ അവസ്ഥക്കനുസരിച്ചാവും സംഭവിക്കുക. വർഷാന്ത്യത്തിലെ സാന്പത്തിക അവലോകന റിപ്പോർട്ടുകളിലൂടെ കടന്നുപോയാൽ അത് ബോധ്യമാവുകയും ചെയ്യും. വിശ്വപ്രസിദ്ധ സാന്പത്തിക ശാസ്ത്രജ്ഞനായ ജോസഫ് സ്റ്റിഗ്ളിറ്റ്സ് ശരിയായി തന്നെ ചൂണ്ടിക്കാട്ടുന്നത് ലോകത്തൊരിടത്തും ബ‍ഡ്ജറ്റുകളിലും അച്ചടിച്ചവതരിപ്പിക്കുന്ന രേഖകളിലുമുള്ള അക്കങ്ങളും മനുഷ്യന്റെ ജീവിതഗുണതയും തമ്മിൽ പലപ്പോഴും പൊരുത്തപ്പെടുന്നില്ല എന്ന യാഥാർത്ഥ്യമാണ്. അമർത്യാസെൻ 2011ൽ ഇതേ കാഴ്ചചപ്പാട് മുന്നോട്ടു വെച്ചിട്ടുണ്ട്. പക്ഷേ അതുകൊണ്ടൊന്നും ഡോ. തോമസ് ഐസക് നമുക്കു മുന്പിൽ അവതരിപ്പിച്ച 2016-17 സാന്പത്തിക വർഷത്തെ പുതുക്കിയ സംസ്ഥാന ബഡ്ജറ്റിന്റെ പ്രാധാന്യം കുറച്ചുകാണാനുമാവില്ല.

അരയപ്പം കൊണ്ട് ഒരു ജനതയെ ഊട്ടുകയും വെള്ളത്തെ വീഞ്ഞാക്കുകയുമൊക്കെ ചെയ്ത കഥ ബിബ്ലിക്കൻ പുരാവൃത്തത്തിൽ നിന്നാണ് നമുക്ക് ലഭിച്ചത്. അത് നിർവ്വഹിച്ചത് ദൈവപുത്രനായ യേശുവായിരുന്നു. ഇവിടെ നമുക്ക് മുന്പിലുള്ളത് മാർക്സിയൻ സാന്പത്തിക ശാസ്ത്രത്തിൽ തികഞ്ഞ അവഗാഹമുള്ളയാളും കേരള രാഷ്ട്രീയത്തിലെ പുത്തൻ പ്രതീക്ഷയുമായ നാസ്തികനായ തോമസ് ഐസക്കാണ്. ദൈവപുത്രന്റെ ക്രൂശിത രൂപത്തിന് മുന്പിൽ മുട്ടുകുത്തി മുട്ടിപ്പായി പ്രാർത്ഥിക്കാതെ ഒരു കാര്യവും ചെയ്യാത്ത കരിംകോഴക്കൽ മാണിമകൻ മാണി, അതായത് സാക്ഷാൽ കെ.എം മാണി അവതരിപ്പിച്ച ബഡ്ജറ്റിനെയാണ് ഐസക് ഇപ്പോൾ പുതുക്കുന്നത്. മാണിക്കോ മറ്റ് പ്രതിപക്ഷക്കാർക്കോ ആചാരപരമായ ചില മുട്ടാപ്പോക്കുകളല്ലാതെ മനസറിഞ്ഞ് ബ‍ഡ്ജറ്റിനെതിരെ ഒരു വിമർശനവും ഉന്നയിക്കാനുമായിട്ടില്ല. യു.ഡി.എഫ് ഭരണകാലത്തെ അവസ്ഥയൊന്ന് ഇപ്പോൾ ഓ‍ർത്തു നോക്കുന്നത് നന്നായിരിക്കും. അവതരിപ്പിക്കുന്ന സമയം വരെ അതീവ രഹസ്യമായിരിക്കേണ്ട ബ‍ഡ്ജറ്റ് നിർദ്ദേശങ്ങൾ അക്കാലത്തൊക്കെ മാസങ്ങൾക്ക് മുന്പു തന്നെ നാട്ടിൽ പാട്ടാകുന്ന സ്ഥിതിയുണ്ടായിരുന്നു. ബ‍ഡ്ജറ്റ് കൊണ്ട് മെച്ചം കിട്ടുന്നവരുമായി വില പേശി ഉറപ്പിച്ച് കോടികൾ വാങ്ങുന്നതായി ആക്ഷേപമുയർന്നു. സ്വർണത്തിന്റെ നികുതിയുമായി ബന്ധപ്പെട്ട് ഇത്തരം ആക്ഷേപങ്ങൾ ഉയർന്നു. ബ‍ഡ്ജറ്റ് തന്നെ മറിച്ചു വിൽക്കുന്നു എന്ന നിലയിലേക്ക് ആക്ഷേപങ്ങൾ ഉയ‍രുന്ന സ്ഥിതിയുണ്ടായി. ഒരു കാര്യത്തിൽ നമുക്ക് ഐസക്കിനെ അഭിനന്ദിച്ചേ ഒക്കൂ. അത്തരം യാതൊരു സ്ഥിതിവിശേഷവും ഇത്തവണയുണ്ടായില്ല. ബ‍‍ഡ്ജറ്റിന് തലേന്നാളാണ് പത്തുവർഷം പഴക്കമുള്ള വാഹനങ്ങൾക്ക് ഹരിത നികുതി ഏർപ്പെടുത്തിയേക്കും എന്നൊരു വാർത്ത പുറത്തുവന്നത്. അത് ചോർന്നു കിട്ടിയത് കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും മെച്ചം ലഭിക്കാനുമുണ്ടായിരുന്നില്ല.

കേരളം ഒരു രാ‍‍ജ്യമല്ല; ഇന്ത്യമഹാരാജ്യത്തെ ഒരു സംസ്ഥാനം മാത്രമാണ്. ഇന്ത്യാ ഗവൺമെന്റാകട്ടെ പഴയ നെഹ്റുവിയൻ വികസന കാഴ്ചപ്പാട് (മിശ്ര സന്പദ്് വ്യവസ്ഥ) ഉപേക്ഷിച്ച് പച്ചയായ മുതലാളിത്ത വികസന പാതയാണ് അംഗീകരിക്കുന്നത്. ലോകബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഡോക്ടർ മൻമോഹൻ സിംഗ് ധനമന്ത്രിയും തുടർന്ന് പ്രധാനമന്ത്രിയുമായതോടെ ആരംഭിച്ച ഉദാരവൽക്കരണ കാഴ്ചപ്പാട് ഇന്നതിന്റെ പാരമ്യത്തിലുമാണ്. മോഡിയാകട്ടെ കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ ആസ്ഥാനമായ അമേരിക്കയുടെ ആശ്രിതരാജ്യമായി ഇന്ത്യയെ മാറ്റുകയാണ്. ഈ കേന്ദ്ര കാഴ്ചപ്പാടിന്റെ ചട്ടക്കൂടിന് പുറത്ത് സ്വതന്ത്രമായ നിലപാടുകളൊന്നും ഒരു സംസ്ഥാനത്തിനും സ്വീകരിക്കാൻ ഭരണഘടനാപരമായ ബാധ്യതകൾ വെച്ച് സാധ്യവുമല്ല. നവ ഉദാരവൽകരണത്തിന്റെ ഇന്ത്യൻ വക്താവായിരുന്നല്ലോ ആസൂത്രണ കമ്മീഷൻ വൈസ് ചെയർമാനായ മൊണ്ടക്സിംഗ് അഹലൂവാലിയ. മോഡി വന്നതോടെ നെഹ്റുവിയൻ സാന്പത്തികാസൂത്രണത്തിന്റെ നട്ടെല്ലായ ആസൂത്രണ കമ്മീഷൻ തന്നെ പിരിച്ചുവിട്ടു. ഏത് വിധേനയെും പൊതുമേഖലാ ആസ്ഥികളെ ലഘൂകരിക്കുകയും പകരം കോർപ്പറേറ്റ് മൂലധനത്തിന് ആധിപത്യം നൽകാനുമാണ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി കേന്ദ്രസർക്കാർ പരിശ്രമിക്കുന്നത്. ഇത് സാധ്യമാക്കുന്നതിന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ഒരു നിയന്ത്രണമാണ് ആഭ്യന്തര ഉൽപ്പാദനത്തിന്റെ മൂന്ന് ശതമാനത്തിലധികം കടമെടുക്കരുത് എന്ന നിബന്ധന. സ്വകാര്യ മുതലാളിമാർ, കുത്തകകൾ എന്നിവർക്കൊക്കെ എത്ര വേണമെങ്കിലും കടമെടുക്കാം. സംസ്ഥാന സർക്കാറിന് മാത്രം പാടില്ല എന്നു പറയുന്നതിന്റെ സാരാംശം വികസന ചുമതലകളൊക്കെ സ്വകാര്യ കോർപ്പറേറ്റുകൾക്ക് കയ്യൊഴിയുക എന്നതു മാത്രമാണ്. ക്ഷേമപ്രവർത്തനങ്ങൾ, ഊർജോൽപ്പാദനം, പശ്ചാത്തല സൗകര്യ വികസനം എന്നിവയ്ക്കൊന്നും കടമെടുക്കാൻ പാടില്ല എന്ന നിബന്ധന വന്നാൽ ഇവയൊക്കെ കോർപ്പറേറ്റുകളെ ഏൽപ്പിക്കേണ്ടി വരും. ഇതിനെ മറികടക്കുന്നതിനുള്ള ഒരു മാർഗം റവന്യൂ ചിലവുകൾ കുറച്ച് റവന്യൂ വരുമാനം ഉയർത്തി പരമാവധി റവന്യൂ മിച്ചം ഉണ്ടാക്കുകയാണ്. ശന്പളം, പെൻഷൻ, മുൻകാല കടത്തിനുള്ള പലിശ എന്നിവയാണ് പ്രധാനമായ റവന്യൂ ചിലവ്. ഇതിൽ എത്രയൊക്കെ ശ്രമിച്ചാലും കുറയ്ക്കാവുന്നതിന് പരിമിതിയുണ്ട്. ഇവിടെയാണ് ഡോക്ടർ തോമസ് ഐസക്കിന്റെ പൊടിക്കൈകൾ പ്രസക്തമാകുന്നത്. നിത്യനിദാന ചിലവുകൾക്ക് കൂടി പണമില്ലാത്ത അവസ്ഥ, 173 കോടിയുടെ ധനക്കമ്മി, അടിയന്തിര ബാധ്യതകൾ തീർക്കാൻ മറ്റൊരു 10,000 കോടി. ഇത്രയും പെട്ടെന്നുള്ള ബാധ്യതകൾ ഏറ്റെടുക്കുന്നതോടൊപ്പം പിടിമുറുക്കി കൊണ്ടിരിക്കുന്ന സാന്പത്തിക മാന്ദ്യത്തെ നേരിടാൻ 12000 കോടിയുടെ പാക്കേജ് എന്നിവ നിർവഹിച്ചു കൊണ്ടു വേണം ബ‍‍ഡ്ജറ്റിൽ പ്രഖ്യാപിച്ച എല്ലാ വികസന, ക്ഷേമ ്രപവർത്തനങ്ങൾക്കും പണം കണ്ടെത്താൻ. കേന്ദ്ര ഗവൺമെന്റിന്റെ കടമെടുക്കൽ നിരോധനം സംസ്ഥാന സർക്കാറിന് മാത്രമാണല്ലോ ബാധകം. അപ്പോൾ പൊതു കന്പോളത്തിൽ നിന്ന് കടമെടുക്കാൻ ‘പ്രത്യേക ഉദ്ദേശ സ്ഥാപനങ്ങൾ’ (Special purpose Vehicle) രൂപീകരിച്ച് കടമെുക്കാനാണ് ഡോക്ടർ ഐസക് പദ്ധതി തയ്യാറാക്കുന്നത്. ഇതിലേക്കായി കേരള ഇൻഫ്രാസ്ട്രെക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) എന്നൊരു സ്ഥാപനം രൂപീകരിക്കുകയും മോട്ടോർ വാഹന നികുതിയുടെ നിശ്ചിതമായ ഒരു ശതമാനവും പെട്രോൾ സെസ്സും ഇതിന് കൈമാറുകയും ചെയ്യുന്നു. തുടർന്ന് വിശ്വാസ്യത നേടുന്ന മുറക്ക് വലിയ തോതിൽ വായ്പെടുക്കാൻ ഈ സ്ഥാപനത്തെ പ്രാപ്തരാക്കും. തന്റെ ധനതത്വശാസ്ത്ര വൈഭവത്തിലൂടെ കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നിലപാടുകളെ മറികടക്കാനും സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് നല്ല നിലയിൽ സ്വാധീനം സൃഷ്ടിച്ച് നിലനിർത്താനുമാണിവിടെ പരിശ്രമിക്കുന്നത്. തീർച്ചയായും ഇത്തരമൊരു പരീക്ഷണം ശ്ലാഘനീയം തന്നെയാണ്, പക്ഷേ ഇതൊരു പരീക്ഷണം മാത്രമാണെന്നും ഇതിന്റെ വിജയപരാജയങ്ങൾ നിശ്ചയിക്കുന്നത് അനന്തമായ സാധ്യതകളുള്ള കോർ‍പ്പറേറ്റ് ലോകവും അവരുടെ ഇടപെടലുകളും തന്നെയായായിരിക്കും എന്ന വസ്തുതയും നാം വിസ്മരിക്കാൻ പാടില്ല. 

ഇത്തരത്തിൽ പണം സമാഹരിച്ച് കുടിവെള്ള പദ്ധതികൾക്ക് 1235 കോടിയും മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികൾക്ക് 827 കോടിയും ഐസക് വകയിരുത്തുന്നു. എല്ലാ ജില്ലയിലും 40 കോടികൾ വീതം ചിലവിട്ട് സാംസ്കാരിക സമുച്ചയങ്ങൾ നിർമ്മിക്കുന്നു. മരുന്നു നിർമ്മാണത്തിന് 250 കോടി ചിലവിൽ ഫാക്ടറി, 100 കോടി ചിലവിൽ പാരന്പര്യ വിനോദ സഞ്ചാര വികസനം, എൽ.ഇ.ഡി ബൾബുകൾ മാറ്റി നൽകാൻ 250 കോടി, 17 റവന്യു ടവർ, ഏഴ് പോലീസ് േസ്റ്റഷൻ, നാല് എക്സൈസ് ടവർ, 5000 കോടിയുടെ പുതിയ റോഡുകളും പാലങ്ങളും, കെ.എസ്.ആർ.ടി.സിക്ക് 1000 സി.എൻ.ജി ബസുകൾ, ജലഗതാഗതം നവീകരിക്കാൻ നാനൂറ് കോടി എന്നിങ്ങനെയാണ് അടിസ്ഥാന വികസന മേഖലക്ക് മാറ്റിവെച്ചത്. സാമൂഹ്യ സുരക്ഷയ്ക്കും വലിയ ഊന്നൽ ബഡ്ജറ്റിൽ നൽകിയിട്ടുണ്ട്. നിലവിലുള്ള മത്സരാധിഷ്ഠിത രാഷ്ട്രീയത്തിൽ താൻ മുന്പൻ എന്ന് സ്ഥാപിക്കുന്നതിന് ഇത് അനിവാര്യവുമാണ്. ജൂൺ മാസം മുതലുള്ള ക്ഷേമപെൻഷനുകൾ മുൻകാല പ്രാബല്യത്തോടെ 1000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. 60 വയസ് കഴിഞ്ഞ എല്ലാവരും ഏതെങ്കിലും ഒരു പെൻഷന് അർഹരായിരിക്കും. ഇ.എം.എസ് ഭവന പദ്ധതി പുനസ്ഥാപിക്കാനും മുടങ്ങിയവയുടെ നിർമ്മാണം പൂർത്തിയാക്കാനും ബഡ്ജറ്റിൽ തുക വകയിരുത്തി. ഭൂമിയില്ലാത്ത എല്ലാവർക്കും മൂന്ന് സെന്റ് വീതം ഭൂമി നൽകും. ആശ്രയ പദ്ധതി വിപൂകരിക്കും. അങ്കണവാടി, ആശാവർക്കർ തുടങ്ങിയ വിഭാഗങ്ങൾക്കൊക്കെ സഹായകരമായ പദ്ധതികൾ നടപ്പിലാക്കും. സൗജന്യ റേഷൻ വിപൂലീകരിക്കാൻ 300 കോടി നീക്കി വെച്ചിട്ടുണ്ട്. പട്ടികജാതി, ആദിവാസി വിഭാഗങ്ങൾക്ക് 25 ശതമാനം ആനൂകൂല്യവർദ്ധനവ് നടപ്പിലാക്കാൻ പണം വകയിരുത്തി. പട്ടികജാതിക്കാ‍‍ർക്ക് ഭൂമി വാങ്ങി വീടു വെക്കാൻ 456 കോടി നീക്കി വെച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമ പദ്ധതികൾക്ക് 20 കോടി, മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കും 100 ദിവസം ജോലി ഉറപ്പാക്കൽ, മത്സ്യ തൊഴിലാളികൾക്ക് ട്രോളിംഗ് നിരോധന കാലത്തും മറ്റുള്ള സമാശ്വാസ പദ്ധതി 1800ൽ നിന്ന് ഇരട്ടിയാക്കി. 60 വയസു കഴിഞ്ഞ ട്രാൻസ്ജെന്ററുകാർക്ക് പെൻഷൻ തുടങ്ങി ഒട്ടേറെ ജനപ്രിയ പദ്ധതികൾ പതിവു പോലെ ഡോക്ടർ ഐസക് ബ‍‍ഡ്ജറ്റിന്റെ ഭാഗമാക്കിയിട്ടുണ്ട്. യഥാർത്ഥത്തിൽ ഈ മേഖലയിൽ ഗൗരവപരമായ ഒരു സാമൂഹ്യ പരിശോധന ആവശ്യമാണെങ്കിലും അതിന് ആരും തയ്യാറാവുന്നില്ല. കാരണം അത് വോട്ടുമായി നേരിട്ട് ബന്ധപ്പെട്ടതാണ് എന്നതാണ് കാരണം. കായികാദ്ധ്വാനത്തിന് മാത്രമല്ല യാതൊരു വിധ തൊഴിലിനും ആളെ കിട്ടാത്ത അവസ്ഥ കേരളത്തിലുണ്ട്. പക്ഷെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റ‍ർ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നതായി സ്ഥിതിവിവരക്കണക്കുകളിൽ കാണുന്നവരുടെ സംഖ്യ വളരെ വലുതാണ്. തൊഴിൽ രഹിതവേതനം വാങ്ങിക്കുന്നവരുടെ സംഖ്യയും നമ്മെ അത്ഭുതപ്പെടുത്തും. രണ്ട് രൂപയ്ക്ക് അരി നൽകാനും ഒരു രൂപയ്ക്ക് നൽകാനും സൗജന്യറേഷൻ നൽകാനും ഒക്കെ രാഷ്ട്രീയ പാർട്ടികളും മുന്നണികളുമൊക്കെ മത്സരിക്കുന്ന കേരളത്തിൽ ഇത്തരം ആനുകൂല്യങ്ങൾ വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്ന യാഥാർത്ഥ്യം വോട്ടിനു വേണ്ടിയുള്ള മത്സരത്തിൽ മുന്നണികളും സർക്കാരുകളും കണ്ടതായി നടിക്കുന്നില്ല. ഇങ്ങനെ വിതരണം ചെയ്യുന്ന വിഭവങ്ങൾ വൻതോതിൽ കരിഞ്ചന്തയിലൂടെ പൊതുവിപണിയിൽ എത്തിപ്പെടുകയാണിന്ന്. എന്നാൽ ജീവൻ നിലനിർത്താൻ ഇത്തരം കൈത്താങ്ങുകൾ മാത്രമുള്ള നിരാലംബരും സമൂഹത്തിൽ ധാരാളമുണ്ട്. അവരെപ്പോലെ അർഹതപ്പെട്ടവരുടെ കരങ്ങളിൽ തന്നെയാണ് ഇത് എത്തിച്ചേരുന്നത് എന്നുറപ്പു വരുത്താനുള്ള ബാധ്യത സർക്കാരിനുണ്ട്. വോട്ടായിരിക്കരുത് അവിടെ മാനദണ്ധം. അതേപോലെ വീടുവെയ്ക്കാനും ഭൂമി വാങ്ങാനുമൊക്കെ നൽകുന്ന സഹായങ്ങൾ. ഒരേ കുടുംബത്തിന് പലതവണ ഇത്തരം സഹായം ലഭിച്ചിട്ടും അവർക്ക് ഭൂമി വാങ്ങാനും വീടുവെക്കാനുമൊന്നും കഴിയാതിരിക്കുന്ന അവസ്ഥയുണ്ട്. ദിവസേന അദ്ധ്വാനിച്ച് നല്ല വരുമാനം ലഭിക്കുന്പോഴും വീടുവെക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് സർക്കാർ തന്നെ പണം തരണം എന്ന് ശഠിക്കുന്നവരുണ്ട്. അവർ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം പലപ്പോഴും ദുരുപയോഗപ്പെട്ട് പോകുകയും െചയ്യും. ആദിവാസി മേഖലകളിലുള്ള സഹായങ്ങളും ഇങ്ങനെ ലക്ഷ്യം നേടാതെ വൻതോതിൽ പാഴായി പോകുന്നു. കേവലം സാന്പത്തിക സഹായങ്ങൾ നൽകിയത് കൊണ്ടുമാത്രം ഇത്തരം കീഴാള വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടു വരാൻ കഴിയില്ല. അവരുടെ സാമൂഹ്യ പദവിയുടെ വർത്തമാനകാല അവസ്ഥ, തലമുറകളായി ആ സമുദായം അനുഭവിച്ച അടിമത്തത്തിന്റെ ആഴം, അവരുടെ പരന്പരാഗതമായ ആവാസ സ്വഭാവം, ആചാര മര്യാദകൾ ഇവയൊക്കെ പരിഗണിച്ചും പഠിച്ചും നല്ല നിലയിൽ മോണിറ്ററിംഗ് നടത്തി േവണം ഇത്തരം വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും. ഇതിന് പകരം വോട്ടുമാത്രം മാനദണ്ധമാക്കി കുറെ വാരിക്കോരി പണം നൽകിയാൽ അതൊക്കെ പാരസൈറ്റുകളായ ഒരു വിഭാഗം ഇടത്തട്ടുകാർ തട്ടിയെടുക്കുമെന്നല്ലാതെ ബന്ധപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതത്തെ അത് സ്പർശിക്കുക പോലും ചെയ്യില്ല. ഇതൊക്കെ പരിഗണിച്ച് തിരുത്തൽ നടപടികൾ സ്വീകരിക്കാനുള്ള മുൻകൈ ഐസക്കിനെ പോലെയൊരാളിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നുണ്ട്.

സ്ത്രീകൾക്ക് വേണ്ടി പ്രത്യേക വകുപ്പ് ആരംഭിക്കാനുള്ള നീക്കം അഭിനന്ദനം അർഹിക്കുന്നുണ്ട്. അപ്പോഴും കേവലം ഒരു വകുപ്പ് രൂപീകരണത്തിലൂടെ പരിഹരിക്കാവുന്നതല്ല കേരളം നേരിടുന്ന സ്ത്രീ പ്രശ്നം. ഇത്തരത്തിലുള്ള സേഫ്റ്റി വാൾവുകളിലൂടെ സ്ഫോടനാത്മകമായ അവസ്ഥയെ മാറ്റി വെക്കുന്നതല്ലാതെ അടിസ്ഥാനപരമായ നിലപാടുകൾ സ്വീകരിക്കാൻ ഒരു ഗവൺമെന്റും തയ്യാറാകുന്നില്ല. ആദിവാസികൾ, ദളിതുകൾ എന്നിവരുടെ വളരെയേറെ ഗൗരവമായ ഭൂപ്രശ്നത്തെ, എല്ലാവർക്കും മൂന്ന് സെന്റ് ഭൂമി നൽകി പരിഹരിക്കാനാവില്ല. അതിന് പഴയ ഭൂപരിഷ്കരണം പോലെ കാതലിൽ തൊട്ടുള്ള നടപടികൾ അനിവാര്യമാണ്. പക്ഷേ ഇക്കാര്യത്തിൽ ഇടത് വലത് സർക്കാരുകൾ ബോധപൂർവമായ മൗനം അവലംബിക്കുകയാണ് ചെയ്യുന്നത്. സന്പൂർണവും സൗജന്യവുമായ ചികിത്സക്ക് ആരോഗ്യ ഇൻഷൂറൻസ്, ആശുപത്രികളുടെ നവീകരണം, തിരുവനന്തപുരം മെഡിക്കൽ കോളെജിനെ എയിംസ് നിലവാരത്തിലേയ്ക്ക് ഉയർത്തൽ, ഹെൽത്ത് കാർഡുള്ളവർക്കെല്ലാം മാരകരോഗങ്ങൾക്ക് സൗജന്യ ചികിത്സ, ഒക്കെ നല്ലതു തന്നെ. പക്ഷേ കേരളത്തിൽ ആരോഗ്യരംഗത്ത് ചിലവിടുന്ന പണത്തിന്റെ 90 ശതമാനവും ഒഴുകി എത്തുന്നത് കോ‍‍‍‍ർപ്പറേറ്റുകളുടെ കീശകളിലാണ്. കാരുണ്യപദ്ധതിയും അവയവദാനവും മാറ്റിവെക്കലും ലാബോറട്ടറി പരിശോധന, സൂപ്പർ സ്പെഷ്യാലിറ്റി പരിശോധന, ഒക്കെ കോർപ്പറേറ്റുകളുടെ പിടിയിലാണ്. കാരുണ്യപദ്ധതിയിൽ, നാം ലോട്ടറി വിറ്റ് രണ്ട് ലക്ഷം രൂപ ഒരു രോഗിക്ക് ഹൃദയ ശസ്ത്രക്രിയക്ക് നൽകുന്പോൾ, യഥാർത്ഥത്തിൽ രോഗിക്ക് ലഭിക്കുന്നത് കേവലം 20,000ത്തിൽ കുറഞ്ഞ തുകയാണ്. ബാക്കി മുഴുവൻ കോർപ്പറേറ്റുകളും ഡോക്ടർമാരും തട്ടിയെടുക്കുന്നു. ഇവിടെയൊക്കെയുള്ള ജനകീയ ഇടപെടലാണ് ഒന്നിനെ ഇടതുപക്ഷമായി അടയാളപ്പെടുത്തുന്നത്. എന്നാലിന്ന് കേരളത്തിൽ ഇത്തരത്തിലുള്ള കാര്യങ്ങളിലൊന്നും ഇടതു വലതു വ്യത്യാസങ്ങൾ ജനങ്ങൾക്ക് അനുഭവപ്പെടുന്നില്ല. അവയവദാനവും മാറ്റിവെക്കലുമൊക്കെ വലിയ തട്ടിപ്പാണിന്ന്. കോ‍‍ർപ്പറേറ്റ് സ്ഥാപനങ്ങളുടെ വെട്ടിവിഴുങ്ങൽ മാത്രമാണിവിടെ സംഭവിക്കുന്നത്. സർക്കാർ ഈ മേഖലയിലൊക്കെ മുതലിറക്കുന്ന പണം അർഹതപ്പെട്ടവർക്ക് വേണ്ടി അർഹമായ തോതിൽ തന്നെയാണ് ചിലവഴിക്കുന്നത് എന്നുറപ്പു വരുത്താൻ കഴിയുന്നില്ല. ഇതൊക്കെ കോർപ്പറേറ്റ് ബകന് ഭക്ഷണമായി തീരുക തന്നെയാണ് ഇന്ന് സംഭവിക്കുന്നത്.

 

You might also like

Most Viewed