ജനാ­ധി­പത്യം കോ­ഴി­പ്പോ­രാ­യി­ തരംതാ­ഴരു­ത്


കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ വനാതിർത്തിയിലുള്ള ചില തമിഴ് കേരളാ ഗ്രാമങ്ങളിൽ സഞ്ചരിക്കാനും വനത്തിനകത്ത് താമസിക്കാനുമൊക്കെയുള്ള അവസരം ഈ ലേഖകനുണ്ടായി. വനാന്തർഭാഗത്തെ മനുഷ്യരുടെ, വിശേഷിച്ച് ആദിവാസികളുടെ ജീവിതം അറിയുക, പരിസ്ഥിതിയെ ആസ്വദിക്കുക, വന്യമൃഗങ്ങളെ നീരിക്ഷിക്കുക തുടങ്ങിയ ആഗ്രഹങ്ങളോടെയാണ് ഞങ്ങൾ ഓരോ വനയാത്രയും സംഘടിപ്പിക്കുക. കഴിഞ്ഞ യാത്രയിൽ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ട ഏറ്റവും കൗതുകമുളവാക്കിയ വളർത്തുപക്ഷി പോരുകോഴികളായിരുന്നു. കോഴിയങ്കത്തിന് വേണ്ടി അതിർത്തി ഗ്രാമങ്ങളിലെ മനുഷ്യ‍ർ അതീവ ശുഷ്കാന്തിയോടെ പോറ്റി വളർത്തുന്നവയാണിവയൊക്കെ. മലയാളികൾ പോരുകോഴികൾ എന്ന് വിളിക്കുന്ന ഇവയെ ശണ്ഠ കോഴികൾ എന്നാണ് തമിഴ് മക്കൾ വിളിക്കുന്നത്. സ്വന്തം കുഞ്ഞുങ്ങളെക്കാൾ ലാളിച്ചും ഓമനിച്ചും വളർത്തി ഉശിരും കരുത്തും ശൗര്യവും കൂടാനുള്ള ഭക്ഷണവും നാട്ടുമരുന്നുകളും ഒക്കെ നൽകിയാണിവയെ വളർത്തുന്നത്. ഏറ്റുമുട്ടാനുള്ള നിരന്തരമായ പരിശീലനവും ഇവക്ക് നൽകും. വിശ്വാസപരമായ ചില പരിരക്ഷകളും ഇവയ്ക്കുണ്ട്. തങ്ങളുെട മലദൈവത്തിന് കാണിക്ക വെച്ച് നടയിൽ കുടിയിരുത്തിയ ശേഷമാണ് ഓരോ പോരുകോഴിയേയും അങ്കത്തിന് വിടുക. കോഴിയങ്കം തമിഴ്നാട്ടിലും കേരളത്തിലുമൊക്കെ നിരോധിച്ച ഒരു വിനോദമാണ്. പക്ഷേ ഈ അതിർത്തി ഗ്രാമങ്ങളിൽ ഇവ ഇപ്പോഴും നിർബാധം നടന്നുവരുന്നു. ഭക്തിയുടെയും വിശ്വാസത്തിന്റെയുമൊക്കെ കടുത്ത നിറങ്ങൾ ചാർത്തി ഇവ അവതരിപ്പിക്കപ്പെടുന്പോൾ നിരോധനം നടപ്പിലാക്കാൻ ബുദ്ധിമുട്ടുണ്ട് എന്നതാണ് പോലീസ് ഉദ്യോഗസ്ഥരുടെ ന്യായവാദം. പോരുകോഴികളെ വളർത്തുന്നതിലും കോഴിയങ്കം സംഘടിപ്പിക്കുന്നതിലുമൊക്കെ സി.ഐ നിലവാരത്തിനു താഴോട്ടുള്ള പോലീസുകാരുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്. പതിനായിരത്തിന് മുകളിലാണ് ഓരോ പോരുകോഴിയുടെയും വില. 25,000, 30,000 രൂപയൊക്കെ വിലയുള്ള പോരുകോഴികളുണ്ടത്രേ! കാൽവിരലുകളിൽ പ്രത്യേകതരം കത്തി കെട്ടിവെച്ച് കോഴികൾ എല്ലാ പൂജകൾക്കും ശേഷം കളത്തിൽ പറന്നിറങ്ങുന്പോൾ ഉയരുന്ന മനുഷ്യരുടെ ആരവം, അതൊന്നു കേൾക്കേണ്ടതു തന്നെയാണ്. പല തരത്തിലുള്ള ലഹരിയിൽ (മദ്യം, പ്രകൃതിയിലെ സസ്യങ്ങളിൽ നിന്നും ജന്തുക്കളിൽ നിന്നും ശേഖരിക്കുന്ന ലഹരി വസ്തുക്കൾ, വിശ്വാസത്തിന്റെ ലഹരി, ഒന്നിനെ കീഴ്പ്പെടുത്തി ആധിപത്യം സ്ഥാപിക്കാനുള്ള ത്വര രക്തധമനികൾ ചേർക്കുന്ന  ലഹരി) ഇളകി മറിയുന്ന ആ ജനക്കൂട്ടം ഒരു കാഴ്ച തന്നെയാണ്. ഒരുപക്ഷേ മനുഷ്യാവസ്ഥയെ കുറിച്ചുള്ള പഠനത്തിന് ധാരാളം വാതായനങ്ങൾ തുറന്നു തരാവുന്ന ഒന്ന്. കാൽനഖങ്ങൾ കൊണ്ടും കെട്ടിവെച്ച കത്തികൊണ്ടും കൊക്കു കൊണ്ടുമൊക്കെ മുൻപരിചയമോ ജീവസത്താപരമായ എന്തെങ്കിലും ശത്രുതയോ ഇല്ലാത്ത എതിരാളികളെ കൊത്തിക്കീറി പരസ്പരം ചോര തെറിപ്പിക്കുന്ന കോഴികൾ. ഒന്നിനെ കൊത്തിക്കീറി കുടൽ മാല വെളിയിലാക്കി കൊന്നിടുന്പോൾ ഏതാണ്ട് അതേ പരുവമായ എതിരാളി വിജയശ്രീലാളിതനായി പ്രഖ്യാപിക്കും. അതുവരെ മായികമായ ഏതോ ലോകത്ത് കോഴിയങ്കത്തിലെ എതിരാളികൾക്കു വേണ്ടി പക്ഷം പിടിച്ച് മപ്പടിച്ച് ആർത്തലച്ച് കൂവിയാർത്ത് നിന്നിരുന്നവർ. ഒരു കൂട്ടർ ആഹ്ലാദാരവങ്ങളിലേയ്ക്കും മദ്യത്തിലേയ്ക്കും കാട്ടുമൃഗങ്ങളുടെ മാംസം വെന്ത ഭക്ഷണത്തിലേയ്ക്കും ആഘോഷ പെരുമഴയിലേയ്ക്കുമൊക്കെ നീങ്ങും. മറുഭാഗം ഉടപ്പിറപ്പുകളാരോ കൊല്ലപ്പെട്ടതു പോലെ അലറിക്കരഞ്ഞും അടുത്ത പോരിനു വെല്ലുവിളി നടത്തിയും രംഗം വിടും. അതിനിടയിൽ ലക്ഷങ്ങളുടെ വാതുവെപ്പുകൾ, മീശ വടിക്കുന്നതും തല മുണ്ധനം ചെയ്യുന്നതുൾപ്പെടെയുള്ള വിചിത്രമായ പന്തയങ്ങൾ വരെ കത്തിപ്പടരുന്നുണ്ടാവും. നിസാര പ്രശ്നങ്ങളിൽ പരസ്പരം ഏറ്റുമുട്ടും, കത്തിക്കുത്തും കൊലപാതകവുമൊക്കെ സംഭവിച്ച ഒരുപാട് അനുഭവങ്ങളുണ്ട്. പിന്നെ അടുത്ത അങ്കത്തിനുള്ള വെല്ലുവിളി ഉയരും. അതിന് തിയ്യതിയും സ്ഥലവും നിശ്ചയിക്കുന്നതോടെ ജനങ്ങൾ പിരിഞ്ഞുപോകും. കോഴിപ്പോര് നിരോധിച്ചതാണെങ്കിലും അങ്കം നടക്കുന്ന ദിക്കിലേയ്ക്ക് പോലീസോ വനപാലകരോ ഒന്നും എത്തിനോക്കാറേയില്ല. നിരോധിത ‘കലാപരിപാടി’യായതുകൊണ്ട് പരസ്യമായ പ്രചാരണ പരിപാടികളൊന്നുമുണ്ടാവില്ല. എന്നാൽ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ആധുനിക വാർത്താവിനിമയ സംവിധാനങ്ങളിലൂടെ വിവരം കൈമാറുകയും അറിയേണ്ടവരൊക്കെ അറിയുകയും എത്തേണ്ടവരൊക്കെ എത്തുകയും ചെയ്തു കൊണ്ടു തന്നെയാണ് അടുത്ത അങ്കവും നടക്കുക.

ഇതേപോലെ നിരോധിക്കപ്പെട്ട ഒന്നാണ് കാളകളും മനുഷ്യരും തമ്മിലുള്ള യുദ്ധമായ ജെല്ലിക്കെട്ട്. ഇതിനുള്ള നിരോധനം, വിശ്വാസപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പിൻവലിച്ചാലത്തെ, വോട്ടു സാധ്യത കണക്കിലെടുത്ത്, ജെല്ലിക്കെട്ട് നിയമവിധേയമാക്കാൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സ്വീകരിച്ച നടപടി കോടതിയുടെ ഇടപെടൽ മൂലം നടക്കാതെ പോകുകയായിരുന്നല്ലോ. ലോകത്തിന്റെ നാനാഭാഗങ്ങളിലും ഇത്തരത്തിലുള്ള ഒരുപക്ഷേ നാം അപരിഷ്കൃതം എന്ന് പേര് നൽകി വിളിക്കുന്ന ധാരാളം മത്സരങ്ങൾ ഇപ്പോഴും നടക്കുന്നുമുണ്ട്. ഇനി മനുഷ്യർ നേരിട്ട് പങ്കെടുത്ത് നടക്കുന്ന ധാരാളം മത്സരങ്ങളും ഇത്തരത്തിലുള്ള മാനങ്ങൾ കൈവരിക്കുന്നുണ്ട്. ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക വിനോദങ്ങളിലെ വാതുവെപ്പ്, ഒത്തുകളി ഒക്കെ ഉദാഹരണങ്ങൾ. ദാവൂദ് ഇബ്രാഹിം ഉൾപ്പെടെയുള്ള നമ്മുടെ അധോലോക നായകൻ കോടാനുകോടിയുടെ ചൂതാട്ടങ്ങളാണത്രേ ഇതുവഴി നടത്തുന്നത്. വളരെ വിശദമായ പഠനങ്ങൾ ആവശ്യപ്പെടുന്ന ഒരു മേഖലാണിത്. പക്ഷേ ഈ ലേഖനത്തിന്റെ വിഷയം അതല്ലാത്തതു കൊണ്ടും അതിന് തയ്യാറാവേണ്ടത് വിദഗ്ദ്ധരായ ഗവേഷകരാണ് എന്നതുകൊണ്ടും മുതിരുന്നില്ല.

പക്ഷേ കഴിഞ്ഞ ദിവസം ഞങ്ങൾ കോഴിക്കോട്ടുകാർ ഇത്തരത്തിലൊരു കോഴിപ്പോര് ദിവസങ്ങളോളം മപ്പടിച്ചുനിന്ന് കണ്ട് ആസ്വദിച്ചു. സാമൂഹ്യമാധ്യമങ്ങൾ ഉൾപ്പെടെ ഇരുഭാഗത്തേയും ഹരം പിടിപ്പിച്ചു. പക്ഷേ ഓർക്കാപുറത്ത് ബ്രേക്കിട്ടപ്പോലെ അതങ്ങ് അവസാനിച്ചുപോയി. കോഴിക്കോട്ടെ ന്യൂജെൻ താരമായ ‘കലക്ടർ ബ്രോ’ പ്രശാന്ത് നായരും, പൊതുവെ സാത്വികനായി അറിയപ്പെടുന്ന എം.പി എം.കെ രാഘവനും ആയിരുന്നു പോരുകോഴികൾ. “ആരാന്റെ അമ്മക്ക് പ്രാന്തെടുക്കുന്നത് കാണാൻ നല്ല ചേല്” എന്ന് പറഞ്ഞതു പോലെ ജനത്തിന് ഇതൊക്കെ കണ്ട് മപ്പടിച്ച് രസിക്കാൻ നല്ല അവസരം തന്നെയാണ് കൈവന്നത്. മഞ്ഞുമലയുടെ അറ്റമായി പുറത്തുവന്നത് എം.പി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഇത് അവലോകനം ചെയ്യാൻ കലക്ടറേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഒരുപക്ഷേ ഒന്നാമൻ തന്നെയായി പങ്കെടുക്കേണ്ടിയിരുന്ന കലക്ട‍ർ ബ്രോ പങ്കെടുത്തില്ല. പകരം ആർ.ഡി.ഒയെ ചുമതലപ്പെടുത്തുകയായിരുന്നത്രേ. ആ യോഗത്തിൽ പങ്കെടുത്ത് എം.കെ രാഘവൻ എം.പി ചില പ്രശ്നങ്ങൾ ഉന്നയിച്ചു. തന്റെ എം.പി ഫണ്ട് വിനിയോഗം കലക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടു മൂലം അവതാളത്തിലാകുന്നു എന്നാണ് പറഞ്ഞതിന്റെ രത്നച്ചുരുക്കം. നിയമപരമായ എല്ലാ പരിശോധനകളും നടത്തി മാത്രം അനുമതി തന്നാൽ മതി എന്ന് എം.പി ഉറപ്പിച്ചു പറയുന്പോഴും അതിനുണ്ടാവുന്ന കാലവിളന്പത്തെ ചോദ്യം െചയ്്തു. മറ്റ് എം.പി മാർക്കൊന്നും ബാധകമല്ലാത്ത പരിശോധനകൾ തന്റെ ഫണ്ട് വിനിയോഗത്തിൽ മാത്രം ബാധകമാകുന്നത് ബോധപൂർവ്വമാണോ എന്ന സന്ദേഹവും അദ്ദേഹം പ്രകടിപ്പിച്ചു. സ്വാഭാവികമായും ഇതൊക്കെ മാധ്യമങ്ങൾക്ക് മുന്പിലാണ് എന്നതുകൊണ്ട് വാർത്തയായേക്കാം എന്ന സംശയത്തിലാണോ എന്നറിയില്ല; കലക്ടറും മാധ്യമങ്ങളോട് ചില പ്രതികരണങ്ങൾ നടത്തി. അത് ഏറെക്കുറെ ഒരു ജനപ്രതിനിധിയെ, അദ്ദേഹമർഹിക്കുന്ന ആദരവ് നൽകാത്ത നിലയിലായി എന്ന് പറയാതെ വയ്യ. കോഴിക്കോട് എം.പിയുടെ പദ്ധതികൾക്കൊന്നും അനുമതി നിഷേധിച്ചിട്ടില്ലെന്നും എന്നാൽ നിയമപരമായ എല്ലാ പരിശോധനകൾക്കും ശേഷമേ പദ്ധതി നടപ്പിലാക്കൂ എന്നുമായിരുന്നു കലക്ടറുടെ മറുപടി. ഒരു ജനപ്രതിനിധി എന്ന നിലയിൽ നിയമപരമായി വിളിച്ചു ചേർക്കപ്പെട്ട ഒരു യോഗത്തിൽ ഉന്നയിച്ച പ്രശ്നങ്ങൾക്ക് അത് നടപ്പിലാക്കേണ്ട എക്സിക്യൂട്ടീവിന്റെ തലവൻ എന്ന നിലയിൽ കലക്ടർ ബ്രോ പരസ്യമായി പ്രതികരിച്ചത് ഒട്ടും അശ്വാസകരമായ നടപടിയായില്ല. എം.പിയുടെ പരാമർശ വിഷയങ്ങളിൽ തനിക്ക് ദോഷകരമായി ബാധിക്കുന്നതോ തന്റെ സൽപ്പേരിന് ദോഷം വരുത്തുന്നതോ ആയ വല്ല പരാമർശങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതിലദ്ദേഹത്തിന് ആക്ഷേപമുണ്ടെങ്കിൽ, അത് സംബന്ധിച്ച് പ്രധാനമന്ത്രി, മുഖ്യമന്ത്രി, വകുപ്പുമന്ത്രി തുടങ്ങിയ ഭരണാധികാരികൾക്കോ കേന്ദ്രസെക്രട്ടറി മുതൽ റവന്യൂ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥ പ്രമുഖർക്കോ പരാതി നൽകാം. താനിങ്ങനെ പരാതി നൽകിയിട്ടുണ്ട് എന്ന വിവരം മാധ്യമങ്ങളെ അറിയിച്ച് അത് വാർത്തയായി വരുത്തുന്നതും കീഴ്്വഴക്കമാണ്. അതിലൊന്നും ഒരാളും അപാകതകൾ ചൂണ്ടിക്കാട്ടുകയുമില്ല. എന്നാൽ പ്രോട്ടോകോൾ അനുസരിച്ച് തന്നേക്കാൾ എത്രയോ ഉയരത്തിലുള്ള ഒരു ജനപ്രതിനിധി അതും ഒരു പൊതുവേദിയിലല്ലാതെ ഉന്നയിച്ച ആക്ഷേപങ്ങളോട് പരസ്യമായി പ്രതികരിക്കാൻ കലക്ടർ ബ്രോവിന് നിയമപരമായി അധികാരമില്ല. സ്വാഭാവികമായും നിയമവിരുദ്ധമായ ഒരു നടപടി കലക്ടർ ബ്രോയിൽ നിന്നുണ്ടായാൽ പീന്നീടത് പരസ്യമായ വിഴുപ്പലക്കലിന് വിട്ടുകൊടുക്കാതിരിക്കാനുള്ള മാന്യത എം.പിയിൽ നിന്നുണ്ടാവേണ്ടതായിരുന്നു. കലക്ടറുടെ നിയമവിരുദ്ധ നടപടിക്കെതിരെ അദ്ദേഹം നിയമാനുസൃതം പരാതി നൽകുകയും ആയത് പത്രക്കാരുടെ ചോദ്യങ്ങൾക്കുള്ള മറുപടി രൂപേണയോ മറ്റോ വെളിപ്പെടുത്തുകയുമായിരുന്നു അദ്ദേഹം െചയ്യേണ്ടത്. അതിനുപകരം പൊതുവേ ശാന്തസ്വഭാവക്കാരനായ എം.പി, കലക്ടറുടെ പ്രതികരണത്തിന് പത്രപ്രസ്താവനയിലൂടെ അക്കമിട്ട് മറുപടി നിരത്താനാണ് മുതിർന്നത്. താൻ ഉന്നയിച്ച പ്രശ്നങ്ങൾക്കൊന്നുമല്ല കലക്ടർ ബ്രോ മറുപടി പറഞ്ഞത്. രാമന് മുറിഞ്ഞപ്പോൾ കോമന് മരുന്നു വെക്കുകയായിരുന്ന അദ്ദേഹം എന്ന നിലയിൽ കലക്ടർ വിശദീകരിച്ചു. ഇരുകൂട്ടരുടെയും പ്രസ്താവനകളിലൂടെ കടന്നുപോയതിൽ എം.പി പറഞ്ഞതാണ് കാതലായ പ്രശ്നം എന്നു തന്നെയാണ് ഈ ലേഖകന്റെ അഭിപ്രായം. ഇതൊക്കെ വ്യക്തമാക്കിയശേഷം കലക്ടർ അതിന് മാപ്പു പറയണം എന്നൊരാവശ്യവും അദ്ദേഹം ഉന്നയിച്ചു. തുടർന്നെങ്കിലും അതിനോട് പ്രതികരിക്കാതിരിക്കുക എന്നൊരു നിലപാട് ‘കലക്‍ടർ ബ്രോ’യിൽ നിന്നുണ്ടാവും എന്ന് നമ്മളൊക്കെ പ്രതീക്ഷിച്ചത് തെറ്റി. കുന്ദംകുളത്തിന്റെ ‘മാപ്പ്’ ഫേയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ട് ജനങ്ങൾ തിരഞ്ഞെടുത്ത തന്നേക്കാൾ എത്രയോ ഉന്നതനായ ഒരു ജനപ്രതിനിധിയെ പരസ്യമായി അപമാനിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സത്യത്തിൽ എം.കെ രാഘവൻ എം.പിക്ക് പകരം കണ്ണൂരിലെ കെ. സുധാകരനോ മറ്റോ ആണ് എം.പി എങ്കിൽ കലക്ടറുടെ ചേന്പറിനകത്ത് നല്ലൊരു തല്ല് (കോഴിപ്പോര്) നാം കാണേണ്ടി വരുമായിരുന്നു എന്നുറപ്പ്. കുന്ദംകുളത്തിന്റെ മാപ്പ് എം.പിക്കുള്ള മറുപടിയല്ല എന്ന് കലക്ടർ ബ്രോ പറയുന്പോൾ അദ്ദേഹം കേവലം ഫേയ്സ്ബുക്കിലും വാട്സാപ്പിലും ചുറ്റിക്കളിക്കുന്ന ഒരു ന്യൂ ജെൻ പയ്യൻ മാത്രമായി തീരുകയായിരുന്നു. താൻ ജില്ലാ മജിസ്റ്റ്രേറ്റാണെന്നും ഒരുപാട് കേസുകൾ വിചാരണ നടത്തി തീർപ്പു കൽപ്പിക്കേണ്ടയാളാണെന്നും അവിടെ ഇത്തരം യുക്തികളുമായി ഒരാൾ വന്നാൽ താനെന്തു നിലപാടായിരിക്കും സ്വീകരിക്കുക എന്നദ്ദേഹം ഓർത്തതായി കണ്ടില്ല.

കോഴിക്കോട് ജില്ലാ കലക്ടർ പദവി സംസ്ഥാനത്തെ ഏറ്റവും ഉത്തമന്മാരായ ഉദ്യോഗസ്ഥ പ്രമുഖർ സ്വപ്നം കാണുന്ന ഒരു പദവിയാണ്. ആ കസേരയിൽ ഇതിന് മുന്പ് ഇരുന്നവരുടെ ലിസ്റ്റ് പരിശോധിച്ചാൽ അത് വ്യക്തമാകുകയും ചെയ്യും. അത്തരം ഒരു കസേരയിലേക്കാണ് ഒരു ന്യൂജെൻ ബ്രോ ആയ പ്രശാന്ത് നായർ കയറി ഇരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലെ നിറസാന്നിദ്ധ്യമായും പ്രേമം സിനിമയിലെ നിവിൻപോളിയായും ഒക്കെ എന്തൊക്കെയോ നല്ല കാര്യങ്ങൾ ചെയ്യാൻ പോകുന്നു എന്ന തോന്നലാണ് കോഴിക്കോട്ടെ ജനങ്ങൾക്ക് അദ്ദേഹത്തെക്കുറിച്ചുണ്ടായിരുന്നത്. പക്ഷേ അനുഭവങ്ങൾ പറയുന്നത് ചില ഓൺലൈൻ കോപ്രായങ്ങൾക്കപ്പുറത്ത് ഇതുവരെ ഒന്നും െചയ്യാൻ അദ്ദേഹത്തിന് സാധിച്ചില്ല എന്ന വസ്തുതയാണ്.

നേരത്തെ രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചയാളാണ് പ്രശാന്ത് നായർ. പക്ഷേ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന്റെ മാനസപുത്രനായാണ് കോഴിക്കോട് അദ്ദേഹത്തോടടുത്ത് നിൽക്കുന്നവർ അവകാശപ്പെടുന്നത്. എം.പിയും കലക്ടറും കണ്ണൂർ ജില്ലാ സ്വദേശികളാണ് എന്നതും പ്രസക്തം. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസുകാർ ഒന്നിച്ചു വോട്ടു ചേർക്കാൻ നൽകിയ അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളാണത്രേ എം.പിക്കും കലക്ടർ ബ്രോക്കുമിടയിൽ അസംതൃപ്തി നീറിപ്പുകയാൻ കാരണമായത്. പക്ഷേ നമ്മുടെ പ്രശ്നം ഇതൊന്നുമല്ല. ജനാധിപത്യ സംവിധാനത്തെ ഉദ്യോഗസ്ഥ മേധാവികളെക്കൊണ്ട് പകരം വെയ്ക്കാനുള്ള ആസൂത്രിതമായ നീക്കം ലോകത്താകെ കോ‍‍ർപ്പറേറ്റ് മൂലധനം ഇപ്പോൾ നടത്തിവരുന്നുണ്ട്. (ഇതേക്കുറിച്ച് വിശദമായി മറ്റൊരു ലക്കത്തിൽ) ഗതാഗത വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ ഗതാഗത സെക്രട്ടറി നയപരമായ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതുൾപ്പെടെ ജനപ്രതിനിധികളെ താഴ്ത്തിക്കെട്ടാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. പഴിേകൾക്കുന്നത് കോൺഗ്രസ് എം.പിയാണ് എന്നതുകൊണ്ട് കലക്ടർ ബ്രോവിന്റെ നടപടികളെ പിന്തുണയ്ക്കുന്ന ഒരു പ്രസ്താവന കോഴിക്കോട്ടെ സി.പി.ഐ (എം) നേതൃത്വത്തിൽ നിന്നുണ്ടായത് ആശ്വാസകരമല്ല എന്ന് പറയാതെ വയ്യ. പക്ഷേ ജനപ്രതിനിധികളെ താഴ്ത്തി കെട്ടുന്ന ഒരു നടപടിയും അംഗീകരിക്കില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് കാലോചിതമായി. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം നിരുപാധികമായി മാപ്പു പറഞ്ഞ് കലക്ടർ ബ്രോ രംഗം വിട്ടതും.

You might also like

Most Viewed