കൃഷി ഫേസ്ബുക്കിൽ പോര : പാടത്തു വേണം
വി.എസ് സുനിൽകുമാർ ഊർജസ്വലനായ ഒരു മന്ത്രിയാണ്. കൃഷിവകുപ്പിന് അത്തരം ഒരു മന്ത്രിയുടെ നേതൃത്വം ഇപ്പോൾ അത്യാവശ്യവുമാണ്. ഒരു ജനപ്രതിനിധി എന്ന നിലയിൽ കാര്യങ്ങൾ കൃത്യമായി പഠിക്കാൻ ശ്രമിക്കുന്നയാളാണ് ഇദ്ദേഹം. ഏറ്റവും അടിസ്ഥാനപരമായ ഇടപെടലുകൾ നടക്കേണ്ട മേഖലയാണല്ലോ കൃഷി. അത്തരം ഒരു വകുപ്പിന്റെ ചുമതലയിലേക്ക് വി.എസ് സുനിൽകുമാറിനെപ്പോലൊരാൾ വരുന്നത് തീർച്ചയായും പ്രതീക്ഷ നൽകുന്നതുമാണ്. മന്ത്രിക്കസേരയിൽ ഒരു മാസമേ ആയുള്ളു എങ്കിലും ഏറ്റെടുത്ത ചുമതലയുടെ വൈപുല്യവും മുൻപരിചയമില്ലായ്മയുമൊക്കെ കണക്കിലെടുക്കുന്പോൾ, ഒരു സ്റ്റാർട്ടിംഗ് ട്രബിൾ പൊതുവേ ദൃശ്യമാകാറുണ്ട്. എന്നാൽ ഇദ്ദേഹത്തിന്റെ കാര്യത്തിൽ അതൊന്നുമുണ്ടായില്ല. ചുമതല ഏറ്റെടുത്ത ദിവസം മുതൽ അദ്ദേഹം കർമ്മനിരതനായിരുന്നു. പ്രശ്നങ്ങളിൽ ഇടപെട്ട് സംസാരിച്ചും ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി അവരിൽ നിന്ന് പഠിച്ചും അവരെ ഊർജസ്വലരാക്കിയും തെറ്റുകളോടും അഴിമതിയോടും വിട്ടുവീഴ്ചയുണ്ടാവില്ല എന്ന സന്ദേശം നൽകിയും പ്രശ്നമേഖലകൾ സന്ദർശിച്ചുമൊക്കെ അദ്ദേഹം കർമനിരതനായിരുന്നു. ഇടതുപക്ഷം ജനങ്ങൾക്ക് മുന്പിൽ വെച്ച പ്രകടനപത്രികക്ക് അനുസരിച്ച് കാർഷിക പ്രവർത്തനങ്ങൾക്ക് ഒരു പുതിയ മുഖം നൽകാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. യു.ഡി.എഫിന്റെ കൊള്ളരുതായ്മകൾക്കെതിരെ ജയിച്ചുകയറിയ ഒരു മുന്നണിയുടെ അമരക്കാരൻ എന്ന നിലയിൽ പഴയ സർക്കാറിന്റെ കൊള്ളരുതായ്മകൾക്കെതിരെ സ്വീകരിക്കുന്ന നിലപാടുകൾ മനസിലാക്കാവുന്നതേയുള്ളൂ. ചുരുക്കത്തിൽ കേരളം ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിച്ച ഒരു മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് എല്ലാ വിജയവും ആശംസിക്കുന്നു.
പക്ഷേ പ്രശ്നമതല്ല. നമ്മുടെ പോരായ്മ നല്ല കഴിവുള്ള മന്ത്രിമാരില്ലാത്തതായിരുന്നില്ല. യു.ഡി.എഫ് സർക്കാറിന്റെ കൃഷിമന്ത്രി കെ.പി മോഹനൻ നല്ല കൃഷിമന്ത്രിയായിരുന്നു. കൃഷിയോട് താൽപര്യവും അനുഭവസന്പത്തുമുള്ളയാളായിരുന്നു. കൃഷിക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ അദ്ദേഹം ഉത്സാഹിച്ചിട്ടുമുണ്ട്. യു.ഡി.എഫ് സർക്കാരിന്റെ മൂലധനാഭിമുഖ്യമുള്ള നിലപാടുകളും നിക്ഷിപ്ത താൽപര്യങ്ങളുമൊക്കെ അദ്ദേഹത്തിന് കൂച്ചുവിലങ്ങുകൾ തീർത്തിരിക്കാം. അതിനു മുന്പുള്ള കൃഷിമന്ത്രിമാർ മുല്ലക്കര രത്നാകരനും കൃഷ്ണൻ കണിയാന്പറന്പിലും രാജനുമൊക്കെ നല്ല മന്ത്രിമാർ തന്നെ. പക്ഷേ ഇവരൊക്കെയുണ്ടായിട്ടും നമ്മുടെ കാർഷിക മേഖല പുരോഗമിക്കുന്നതിന് പകരം അധോഗതിയെ തന്നെ പ്രാപിക്കുന്നതെന്തു കൊണ്ടായിരിക്കും എന്ന ചോദ്യം പ്രസക്തം തന്നെ.
സമൂഹത്തിന്റെ പ്രാഥമിക ഉൽപാദനമേഖലാണല്ലോ കൃഷി. മനുഷ്യർ എത്ര പുരോഗമിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന ആവശ്യങ്ങളായ വായു, വെള്ളം, ഭക്ഷണം എന്നിവക്ക് പകരം സംവിധാനങ്ങളൊന്നും മനുഷ്യൻ കണ്ടുപിടിച്ചിട്ടില്ല. ഇവയില്ലാതെ ജീവൻ നിലനിർത്താനുമാവില്ല. ഇതിൽ വായുവും വെള്ളവും പ്രകൃതിയിൽ സുലഭമായി നിലനിന്നതാണ്. മനുഷ്യൻ അതിനെ മലിനമാക്കാത്തിടത്തോളം അവന് ആവശ്യത്തിന് ലഭ്യമാകുകയും ചെയ്യും. എന്നാൽ മനുഷ്യന്റെ ഭക്ഷണം അവൻ ബോധപൂർവം ഉൽപാദിപ്പിക്കുന്നതാണ്. ഗോർഡൻ ചൈൽഡ് എന്ന ദാർശനികനായ ചരിത്രകാരൻ രചിച്ച പുസ്തകത്തിന് അദ്ദേഹം നൽകിയ പേര് ‘മനുഷ്യൻ സ്വയം നിർമ്മിക്കുന്നു’ എന്നാണ്. മറ്റ് ജന്തുജാലങ്ങളിൽ നിന്ന് മനുഷ്യനെ വേർതിരിക്കുന്ന അടിസ്ഥാന ഘടകവും ഇതുതന്നെ. മറ്റുജീവികളൊക്കെ പ്രകൃതിയിലുള്ള വിഭവങ്ങൾ തെണ്ടി പെറുക്കി കണ്ടെത്തി അതിന്റെ അസംസ്കൃത രൂപത്തിൽ തന്നെ ഭക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ മനുഷ്യൻ ഭക്ഷണം ഉൾപ്പെടെ അവനാവശ്യമുള്ളതൊക്കെ സ്വയം നിർമ്മിച്ചെടുക്കുകയാണ് ചെയ്യുന്നത്. മറ്റു ജീവജാലങ്ങളെപ്പോലെ പ്രകൃതിയിൽ സംസ്കരിക്കപ്പെടാത്ത അവസ്ഥയിലുള്ളവ, ആ നിലയിൽ ഉപയോഗിച്ച് ജീവിക്കുകയായിരുന്നെങ്കിൽ, ഭൂമുഖത്ത് ഇന്ന് കാണുന്നതിന്റെ നൂറിലൊന്ന് മനുഷ്യർ നിലനിൽക്കുമായിരുന്നില്ല. കൃഷി ചെയ്ത് ഭക്ഷണം ഉൽപ്പാദിപ്പിച്ചും പിന്നീട് കടുംകൃഷി ചെയ്ത് ഭക്ഷണത്തിന്റെ അളവ് വർദ്ധിപ്പിച്ചും ഉപകരണങ്ങൾ ഉപയോഗിച്ച് വേട്ടയാടിയുമൊക്കെ, ഭക്ഷണം ഉറപ്പുവരുത്തിയതുകൊണ്ടാണ് ഭൂമിയിൽ മനുഷ്യരുെട എണ്ണം ഇന്നത്തെ നിലയിൽ വർദ്ധിച്ചത്. നൈസർഗികമായ രീതിയിൽ, കൃഷിചെയ്യാതെ ഭക്ഷ്യവസ്തുക്കൾ ഉൽപ്പാദിപ്പിക്കുക സാധ്യമല്ല എന്നതാണ് ഇതുവരെയുള്ള അനുഭവം. രാസവസ്തുക്കളുപയോഗിച്ച് കൃത്രിമമായി (Synthetic) കാബേജും ബീറ്റ്റൂട്ടുമൊക്കെ ഉണ്ടാക്കാമെന്നും അവ ഭക്ഷ്യയോഗ്യമാണെന്നുമൊക്കെ ചിലർ അവകാശപ്പെടുന്നുണ്ട്. ചില ഉൽപ്പന്നങ്ങൾ ഈ വിധം ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇത്തരം ഉൽപ്പന്നങ്ങൾ ഒരുപക്ഷേ വിശപ്പടക്കുകയും ചില പോഷകഘടകങ്ങളൊക്കെ നൽകുകയും ചെയ്തേക്കാം. മനുഷ്യന്റെ നിലനിൽപ്പിനെ തന്നെ നിഷേധാത്മകമായി ബാധിക്കുന്ന ഘടകങ്ങൾ അതിൽ അന്തർലീനമായിരിക്കും എന്നുറപ്പ്. അതായത് കൃഷി ചെയ്ത് ഭക്ഷണം ഉൽപ്പാദിപ്പിക്കാതെ ഒരു ജനപഥത്തിനും നിലനിൽപ്പ് സാധ്യമാകില്ല.
അത്തരമൊരു ശാസ്ത്രീയ കാഴ്ചപ്പാടാണോ നമ്മുടെ സമൂഹം കൃഷിയോടും കർഷകരോടും സ്വീകരിക്കുന്നത്. നമ്മുടെ രാഷ്ട്രീയ അധികാര ഘടനയെ കൈകാര്യം ചെയ്യുന്നവർക്ക് ഇത്തരം ഒരു കാഴ്ചപ്പാട് പുലർത്താൻ എന്തുകൊണ്ട് കഴിയുന്നില്ല? നമ്മുടെ രാജ്യത്ത് കർഷകൻ എന്നത് എരപ്പാളി എന്നതിന്റെ പര്യായപദമായാണ് പരിഗണിക്കുന്നത്. മണ്ണിൽ പണിയെടുക്കുന്നത് ആദിവാസികളുടെയും ദളിതുകളുടെയുമൊക്കെ ചുമതലയാണ്. അവരാകട്ടെ ചാണകപ്പുഴുക്കളെപ്പോലെ ഒരു ജീവിതത്തിനായി നരകിക്കുന്നവരുമാണ്. മണ്ണ് മാലിന്യമാണെന്നും അതിൽ രോഗാണുക്കൾ കുടിയിരിപ്പുണ്ടെന്നും ഒരു കാരണവശാലും കാലിലോ ശരീരത്തിലോ വസ്ത്രങ്ങളിലോ മണ്ണ് പുരളരുത് എന്നാണ് നാം മക്കളെ പഠിപ്പിക്കുന്നത്. തണുപ്പിലും ചൂടിലും മഴയിലുമൊക്കെ ജീവിതം വഴിമുട്ടി തെരുവിൽ മരവിച്ചും പൊള്ളിയും രോഗബാധിതരായും മരിക്കുന്നത് തെരുവാധാരമാക്കപ്പെട്ട കർഷകരും കർഷകതൊഴിലാളികളുമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നതും കർഷകർ തന്നെ. ഇന്ത്യയിൽ ഒരു സമൂഹം എന്ന നിലയിൽ ഏറ്റവും പിന്നോക്കം നിൽക്കുന്നതും അങ്ങേയറ്റത്തെ ദുരിതജീവിതം നയിക്കുന്നതും കൃഷിക്കാർ തന്നെ. രാസവസ്തുക്കളുെട അനിയന്ത്രിതവും അമിതവുമായ ഉപയോഗം നിമിത്തം കാൻസർ പോലുള്ള മാരകരോഗങ്ങൾക്കടിപ്പെട്ട് നരകിക്കുന്നതിലും ഏറ്റവും കൂടുതൽ കർഷക ജനസമാന്യമാണ്.
എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നു ചോദിച്ചാൽ സമൂഹത്തിന്റെ കാഴ്ചപ്പാടിലെ വൈകല്യം എന്നായിരിക്കും ഉത്തരം. പ്രകൃതിയെയും മനുഷ്യാദ്ധ്വാനത്തെയും കൊള്ളയടിച്ച് സന്പത്ത് കുന്നുകൂട്ടുന്ന കോർപ്പറേറ്റുകളാണ് സമൂഹത്തിലെ ഏറ്റവും ബഹുമാന്യർ. പല തരത്തിലുള്ള ഊഹകച്ചവടത്തിലൂടെയും മറ്റും പണമുണ്ടാക്കുന്നവർ മാന്യന്മാർ തന്നെ. മറ്റ് പലവിധ തൊഴിൽ ചെയ്തു ജീവിക്കുന്ന സാധാരണ തൊഴിലാളികൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങി എല്ലാ വിഭാഗത്തിന്റെയും സാമൂഹ്യനില കർഷകസമൂഹത്തിന്റെ എത്രയോ മുകളിലായിരിക്കും. എന്നാൽ ഇക്കണ്ട എല്ലാ വിഭാഗത്തെയും ജീവനോടെ നിലനിർത്തുന്ന മണ്ണിലും ചളിയിലും പണിയെടുക്കുന്നവർ, കൊള്ളരുതാത്തവനും കഴിവില്ലാത്തവനുമായി പരിഗണിക്കപ്പെടുന്നു. ഒരു സർക്കാറും ഈ അടിസ്ഥാന പ്രശ്നത്തെ നിർദ്ധാരണം ചെയ്യുന്നതിന് സന്നദ്ധമാകുന്നില്ല. അതവരുടെ വർഗ്ഗ കാഴ്ചപ്പാടിന്റെ ബഹിർസ്ഫുരണമാണ് എന്നതും അനിഷേധ്യമായ വസ്തുത തന്നെ. ഏതാനും മാസം മുന്പ് തിരുവനന്തപുരത്ത് നടന്ന കേരള പഠന കോൺഗ്രസിൽ പങ്കെടുത്ത് ഒരു നേതാവ് സംസാരിച്ചത് പുതുതലമുറയ്ക്ക് കൃഷിയിൽ താൽപര്യമില്ല; അവരെ അതിന് നിർബന്ധിച്ചത് കൊണ്ട് പ്രയോജനമില്ല. അവർ അർഹിക്കുന്ന തൊഴിൽ തന്നെ അവർക്ക് നൽകണം എന്നായിരുന്നു. അതായത് പുതിയ തലമുറ അർഹിക്കുന്ന ഒരു തൊഴിലല്ല കൃഷി എന്ന്. അപ്പോൾ പിന്നെ കൃഷി ചെയ്യാതെ എങ്ങിനെ ഉണ്ടു സുഖിച്ച് ജീവിക്കും എന്ന ചോദ്യത്തിന് നേതാവിനും മറുപടി ഉണ്ടാവില്ല. കേരളത്തിലേയ്ക്ക് അന്താരാഷ്ട്ര മൂലധനത്തെ ആകർഷിച്ച് ‘വൻ വികസന കുതിപ്പ്’ ഉണ്ടാക്കുന്നതിന് സംഘടിപ്പിച്ച ‘എമർജിംഗ് കേരള’ പരിപാടിയിൽ പങ്കെടുത്ത് അന്നത്തെ ആസൂത്രണ കമ്മീഷൻ വൈസ് ചെയർമാൻ അഹലുവാലിയ ചോദിച്ചത്, നിങ്ങൾ മലയാളികൾ എന്തിനാണ് ഈ നെൽപ്പാടങ്ങളൊക്കെ കെട്ടിപ്പിടിച്ച് ഇങ്ങനെ ഇരിക്കുന്നത്. അതൊക്കെ നികത്തി റിസോർട്ടുകളും മറ്റും സ്ഥാപിച്ചാൽ ടൂറിസം വ്യവസായത്തിലൂടെ നല്ല വരുമാനം ഉണ്ടാക്കാം എന്നായിരുന്നു. ഇദ്ദേഹമായിരുന്നു നമ്മുടെ ആസൂത്രണ കമ്മീഷൻ വൈസ് ചെയർമാൻ എന്നും ഭക്ഷണം കഴിച്ചതിന്റെ ഒരു ബുദ്ധിയും അങ്ങേർക്കുണ്ടായിരുന്നില്ലെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതൊക്കെ വെളിവാക്കുന്ന ഒരു കാര്യമുണ്ട്. അധികാര രാഷ്ട്രീയമാണ് സമൂഹത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ശിലയായ കൃഷിയെ തകർക്കുന്നത്; കൃഷിക്കാരനെ അവമതിക്കുന്നത്.
യഥാർത്ഥത്തിൽ ദൃഷ്ടിദോഷം സംഭവിച്ചിട്ടില്ലാത്ത ഒരു സമൂഹം ഏറ്റവും കൂടുതൽ ആദരിക്കേണ്ടത് കർഷകരെയാണ്. സമൂഹത്തിൽ ഏറ്റവും ഉന്നതമായ പദവി അലങ്കരിക്കേണ്ടത് അവരാണ്. അവർക്കാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കേണ്ടത്. ഏറ്റവും കൂടുതൽ സാമൂഹ്യ അന്തസ്സുള്ള വിഭാഗവും മണ്ണുമായി ഇടപഴകുന്ന ഇവരായിരിക്കണം.
ഇതിന് ആദ്യം വേണ്ടത് നമ്മുടെ വിദ്യാഭ്യാസ ക്രമത്തിൽ മാറ്റം വരുത്തുകയാണ്. അക്ഷരങ്ങളും അക്കങ്ങളും ഭാഷയും സാഹിത്യവും സാങ്കേതിക വിദ്യയുമൊക്കെ പഠിക്കുന്നതിനേക്കാൾ മുൻഗണന വിദ്യാഭ്യാസ രംഗത്ത് നൽകേണ്ടത് കൃഷി പഠിപ്പിക്കാനാണ്. നമ്മുടെ ഭരണാധികാരികൾ പറയുന്നത് കൃഷിയെക്കുറിച്ച് നമ്മുടെ എല്ലാ ക്ലാസിലും പാഠങ്ങളുണ്ട് എന്നാണ്. കൃഷിയെക്കുറിച്ചുള്ള പാഠങ്ങൾ നടക്കേണ്ടത് ക്ലാസ് മുറികൾക്കകത്താണോ? അതോ പാടത്തോ. മണ്ണിൽ ചെരിപ്പിടാതെ ചവിട്ടുന്ന, ഷർട്ടിൽ ചളി പുരണ്ട ഒരാളെയും നാം അദ്ധ്യാപകനായി അംഗീകരിക്കുന്നില്ല. ഷൂസും ടൈയുമൊക്കെയായി സ്കൂളിലയച്ച നമ്മുടെ കുട്ടികളെ ഏതെങ്കിലും അദ്ധ്യാപകൻ ചളിയിലിറക്കിയാൽ സ്ഥിതിയെന്താവും? ഇനി വിദ്യാഭ്യാസം കഴിഞ്ഞു വരുന്ന ഒരാൾക്ക് ലഭിക്കാവുന്ന ഉന്നത തൊഴിൽ കൃഷിയായിരിക്കണം. ഒരു ഡോക്ടർക്ക് നാം കൽപ്പിച്ചു നൽകുന്ന സാമൂഹ്യപദവിയും കർഷകന് നൽകുന്ന സാമൂഹ്യപദവിയും താരതമ്യം ചെയ്തു നോക്കൂ. അത് മാറണം, കർഷകരാണ് സമൂഹത്തെ തീറ്റിപോറ്റുന്നത് എന്നതുകൊണ്ട് കൃഷിക്കാരന് ഉത്തമമായ ജീവിതം ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ ബാധ്യതയാവണം. അവന്റെ എല്ലാ ജീവിതച്ചിലവും സമൂഹത്തിന്റെ പൊതുചുമതലയാകണം. കാർഷികമേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇന്നൊരു യോഗ്യതയും വേണ്ട. അത് മാറണം. കൃഷിയെക്കുറിച്ച് അവർ ശാസ്ത്രീയമായി പഠിക്കണം. യൂണിഫോം ഉൾപ്പെടെയുള്ള ആധുനിക തൊഴിലാളിവർഗ്ഗത്തിന്റെ സാമൂഹ്യപദവിയും അംഗീകാരവും വേതനവും ഉറപ്പുവരുത്തണം. നമ്മുടെ കൃഷി ഡിപ്പാർട്ടുമെന്റിനെ ആകെ പൊളിച്ചു പണിയണം. ഇന്ന് നമ്മുടെ കാർഷിക ഗവേഷണ സ്ഥാപനങ്ങൾ (അവയൊക്കെ ഇന്ന് ആവശ്യവുമായി തട്ടിച്ചു നോക്കുന്പോൾ തീെര കുറവാണ്.) കാർഷിക കോളേജുകൾ, കൃഷി ഭവനുകൾ എന്നിവയൊക്കെ പൊളിച്ചടുക്കണം. മണ്ണിൽ ചവിട്ടാൻ സന്നദ്ധതയുള്ള എത്ര പേർ ഇന്ന് ഇത്തരം സ്ഥാപനങ്ങളിലുണ്ട് എന്ന് പരിശോധിക്കണം. 18ാം വയസിൽ ഒരു സാധാരണ കോൺസ്റ്റബിളായി പോലീസ് സേനയിൽ പ്രവേശിക്കപ്പെട്ട ഒരാൾ ഉത്സാഹിയാണെങ്കിൽ അദ്ദേഹത്തിന് റിട്ടയർമെന്റിന് മുന്പ് പോലീസ് സൂപ്രണ്ട് നിലവാരം വരെയെങ്കിലും എത്താം. ഐ.പി.എസ് പരീക്ഷ എഴുതി പാസാകാത്തയാളാണെങ്കിലും ഭരണാധികാരികളുടെ താൽപ്പര്യമനുസരിച്ച് ഐ.പി.എസ് ലഭിക്കാം. ഈ പ്രമോഷൻ സന്പ്രദായം വലിയ ഒരു ഉത്തേജനമാണ്. എന്നാൽ കൃഷിക്കാ
രുടെ നിലയോ, ബാല്യകാലത്ത് അച്ഛനോടും അമ്മയോടും ഒപ്പം കൃഷിയിലിറങ്ങിയാൽ മരിക്കുന്പോഴും അതേ നിലയിൽ തന്നെയാകും. പ്രമോഷനായി ലഭിക്കുക ദുരിതം, മാനഹാനി, രോഗങ്ങൾ എന്നിവയായിരിക്കും. എന്നാൽ ഏറ്റവും കഴിവുള്ള കർഷകർ നമ്മുടെ കാർഷിക ഗവേഷണ സ്ഥാപനത്തിന്റെ അധിപനായി തീരുന്നത് ഒന്നു സങ്കൽപ്പിച്ചു നോക്കൂ. അദ്ധ്യാപകന് അദ്ധ്യാപക പരിശീലന പരീക്ഷ പാസാവേണ്ടത് നിർബന്ധമാകുന്നതു പോലെ തന്നെനിർബന്ധമായിരിക്കണം കൃഷിവിജ്ഞാനവും. ഇത് എല്ലാ പൗരന്മാർക്കും അടിസ്ഥാന യോഗ്യതയാക്കണം. കർഷകരിൽ നിന്ന് പ്രമോട്ട് ചെയ്യപ്പെടുന്നവരായിരിക്കണം കൃഷിഭവൻ, കാർഷിക കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവിടങ്ങളിലൊക്കെയുണ്ടാവേണ്ടത്. തന്റേയും സമൂഹത്തിന്റെയും നിലനിൽപ്പിന്റെ അടിസ്ഥാന ശിലയായ കൃഷിയിൽ ഏതെങ്കിലും വിധത്തിൽ ഇടപെടാത്ത ഒരാളും സമൂഹത്തിൽ ഉണ്ടാവരുത്.
ഇതൊക്കെ വായിക്കുന്പോൾ ‘ഒക്കെയൊരു വെറും ഭ്രാന്തന്റെ സ്വപ്നം’ എന്ന് തോന്നുന്നുണ്ടാവും. അതവരുടെ കുറ്റമല്ല. സമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ തകരാറാണ്. ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം തയ്യാറുണ്ടെങ്കിൽ നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ളവയല്ല ഇതൊന്നും. വി.എസ് സുനിൽകുമാർ എന്നൊരു മന്ത്രി വിചാരിച്ചാൽ കേരളത്തിൽ മാത്രമായി ഇതൊക്കെ നടപ്പിലാക്കി കളയാമെന്നല്ല വിവക്ഷ. പക്ഷേ ഇത്തരം ഒരു കാഴ്ചപ്പാട് അദ്ദേഹത്തിന്റെ മനസ്സിൽ കത്തി നിന്നാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞേക്കാം.
അതിശക്തമായ കർഷക സമരങ്ങളും രക്തസാക്ഷിത്വങ്ങളും ഭൂപരിഷ്കരണവും ഒക്കെ അരങ്ങേറിയ നാടാണ് കേരളം. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മഹത്തായ സംഭാവനകൾ അർപ്പിച്ച നാട്. പക്ഷേ കേരളത്തിൽ സ്ഥായിയായി (sustainbale) കൃഷി ചെയ്യാവുന്ന വിളയെന്ത് എന്ന് പോലും മലയാളിക്കിപ്പോഴും അറിയില്ല. തെങ്ങ് കൃഷിയല്ല. കാല മുളച്ചതുപോലെ ആകാശത്തിൽ ഉയർന്നു നിൽക്കുന്ന തെങ്ങുകൾ, വല്ലപ്പോഴും വീണു കിട്ടുന്ന തേങ്ങ മിച്ചം. നെല്ലും തഥൈവ. ഒന്നിനും പണിക്കാരെ കിട്ടാനില്ല. കോർപ്പറേറ്റുകൾക്ക് അതാത് കാലത്ത് എന്തുൽപ്പന്നമാണോ വേണ്ടത് അതിന് പ്രചാരണം നൽകി കൃഷിയിലേയ്ക്ക് കൊണ്ടുവരും. കൊക്കോ, മൾബറി, സഫേദ് മുസലി, വാനില തുടങ്ങി എന്തൊക്കെ കൃഷിയുടെ പിന്നാലെ മലയാളികൾ ഓടിത്തളർന്നു? നമ്മുടെ കർഷകരെ ഇങ്ങനെ കോർപ്പറേറ്റുകളുടെ ഊഹക്കച്ചവടത്തിന് വിട്ടുകൊടുക്കുന്നത് തടയാൻ ഇടതുപക്ഷ പ്രസ്ഥാനത്തിന് ബാധ്യതയില്ലേ? ജനങ്ങളിൽ നിന്ന് കോടികൾ സംഭാവന പിരിച്ച് അമ്യൂസ്മെന്റ് പാർക്കുകൾ, ആശുപത്രികൾ, വ്യവസായ സംരംഭങ്ങൾ, പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയ ഓഫീസുകൾ ഒക്കെ പടുത്തുയർത്താൻ ശേഷിയുള്ള ഇടതുപക്ഷ പ്രസ്ഥാനം, എന്തുകൊണ്ടാണ് കാർഷിക ഗവേഷണ കേന്ദ്രങ്ങൾ പടുത്തുയർത്താൻ മുൻകൈ എടുക്കാത്തത്? യഥാർത്ഥത്തിൽ അത്തരം സ്ഥാപനങ്ങൾക്കല്ലേ നാം മുന്തിയ പരിഗണന നൽകേണ്ടത്? ഇന്ന് എല്ലാവരും ജൈവകൃഷിയെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ ജൈവ വള പ്രയോഗം ജൈവവള കീടനാശിനി എന്നിവയെക്കുറിച്ചൊക്കെ ഗവേഷണം നടത്താൻ ഒരു ജനകീയ ഗവേഷണ കേന്ദ്രമെങ്കിലും പടുത്തുയർത്താൻ നമുക്കെന്തുകൊണ്ട് കഴിഞ്ഞില്ല? ഇത്തരം ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിയാൻ ഇടതുപക്ഷ പ്രസ്ഥാനത്തിന് കഴിയുമോ? കാലിവളം, ചാരം, പച്ചിലത്തൂപ്പ്് എന്നിവയൊക്കെ കിട്ടാക്കനിയായ കേരളത്തിൽ ഇന്നത്തെ നിലയിൽ എങ്ങിനെയാണ് ജൈവകൃഷി വളരുക?
ഒന്നാം ഭൂപരിഷ്കരണത്തിൽ കർഷകർക്ക് ഭൂമി ലഭിച്ചെങ്കിലും കർഷകതൊഴിലാളികൾ, ദളിതുകൾ, ആദിവാസികൾ എന്നിവരൊക്കെ മണ്ണവകാശത്തിന് വെളിയിൽ നിർത്തപ്പെടുകയാണ് ഉണ്ടായത്. അപ്പോൾ ഒരു രണ്ടാം ഭൂപരിഷ്കരണം അനിവാര്യമല്ലേ? ഭൂപരിഷ്കരണത്തെ തുടർന്ന് സമഗ്ര കാർഷിക പരിഷ്കരണ നടപടികളെക്കുറിച്ച് ആലോചിക്കേണ്ടി വരില്ലേ? തുണ്ടുവൽക്കരിക്കപ്പെട്ട ഭൂമിയിൽ ഇന്ന് വ്യക്തി എന്ന നിലയിൽ ലാഭകരമായ കൃഷി സാധ്യമല്ല തന്നെ. ഭൂമി കൈവശമുണ്ടെങ്കിലും കൃഷി ചെയ്യാത്ത വിവിധതരം ഉടമകളെയും വ്യക്തികളായ കൃഷിക്കാരെയും ഒക്കെ ചേർത്ത് പഞ്ചായത്തടിസ്ഥാനത്തിലോ മറ്റോ പടുത്തുയർത്താവുന്ന കാർഷിക സഹകരണ സംഘങ്ങളെ കൊണ്ട് ഓരോ ഇഞ്ചിലും കൃഷി ചെയ്യിക്കുകയും കാർഷിക വിളകളെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി വിപണനം നടത്താനുള്ള സംവിധാനം ഒരുക്കുകയും ചെയ്താൽ കർഷകരുടെ ഇന്നത്തെ നിലയ്ക്ക് വലിയ മാറ്റം വരില്ലേ?
മുകളിൽ വിവരിച്ച കാര്യങ്ങളിൽ ഒരു ചെറിയ ശതമാനമെങ്കിലും നിർവ്വഹിക്കാൻ സാധിച്ചാൽ കേരള ചരിത്രത്തിൽ എക്കാലവും സ്മരിക്കപ്പെടുന്ന കൃഷിമന്ത്രിയായിരിക്കും യുവാവായ വി.എസ് സുനിൽകുമാർ.