മാറേണ്ടത് സിവിൽ സർവീസ് മാത്രമാണോ?
ഞങ്ങളുെട നാട്ടിൻപുറങ്ങളിലാകെ പണ്ട് പട്ടാളഭരണത്തിന്റെ ആരാധകരുണ്ടായിരുന്നു. ഇവിടെ പട്ടാളഭരണം വരാതെ ഒന്നും ശരിയാവില്ല എന്ന് സ്ഥിരമായി ശപിച്ചു കൊണ്ടിരിക്കും. ഒന്നും ചരിത്രബോധത്തിന്റെ അടിസ്ഥാനത്തിൽ പറയുന്നതല്ല. എങ്കിലും അവരൊക്കെ വലിയ വിവരമുള്ളവരാണെന്ന് ഞങ്ങൾ കുട്ടികൾ ധരിച്ചിരുന്നു. “തെറ്റു കണ്ടാൽ ഷൂട്ട് അറ്റ് സൈറ്റ് ആയിരിക്കണം. എങ്കിലെ നാടു നന്നാവൂ. അതിന് പട്ടാളഭരണം തന്നെ വേണം”. യഥാർത്ഥത്തിൽ പറയുന്നയാൾക്ക് പട്ടാള ഭരണത്തെക്കുറിച്ചെന്തെങ്കിലും അറിയാമോ? അതനുഭവിച്ചിട്ടുണ്ടോ? എന്നതൊക്കെ വേറെ കാര്യം. പട്ടാളം നാട്ടിലിറങ്ങിയാൽ തങ്ങളുടെ വളർത്തു കോഴികളും ആടുകളുമൊക്കെ അപ്രത്യക്ഷമാകും. നാട് അരക്ഷിതമായിരിക്കും എന്ന യാഥാർത്ഥ്യം പോലും പരിഗണിക്കപ്പെടാറില്ല. ഇനി ഇതുപോലെ രാജഭരണത്തിന്റെ ആരാധകരുമുണ്ട്. പട്ടാളഭരണത്തിന്റെ പ്രധാന ആരാധകർ ചില എക്സ് മിലിട്ടറിക്കാരൊക്കെയായിരുന്നെങ്കിൽ പഴയ ഗൾഫുകാരാണ് രാജഭരണത്തിന്റെ ആരാധകർ. സൗദി അറേബ്യ പോലെ രാജഭരണം വേണം. കട്ടവന്റെ കൈ വെട്ടണം. മയക്കുമരുന്നുകാരന്റെ തല വെട്ടണം. അങ്ങിനെ കടുത്ത ശിക്ഷ നൽകണം എങ്കിലെ നാടു നന്നാവൂ എന്നാണവരുടെ വാദം. ഏതാണ്ടിതിന് അടുത്തു നിൽക്കുന്ന ഒരു കാഴ്ചപ്പാട് അടിയന്തിരാവസ്ഥയിൽ ഞങ്ങൾ കണ്ടിട്ടുണ്ട്. ‘നാവടക്കൂ പണിയെടുക്കൂ’ എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം. എല്ലാവരും ഒരുപാട് സംസാരിക്കുന്നു. സമരങ്ങളും പ്രക്ഷോഭങ്ങളുമൊക്കെ നടക്കുന്നു. ജയപ്രകാശ് നാരായണനെപ്പോലുള്ളവർ സന്പൂർണ്ണവിപ്ലവം എന്ന് പറഞ്ഞ് ജനങ്ങളെ ഇളക്കിവിടുന്നു. അലഹബാദ് ഹൈക്കോടതി പ്രധാനമന്ത്രി ഇന്ദിരക്കെതിരെ വിധി പ്രസ്താവിക്കുന്നു. ഇത്തരം ഒരു പശ്ചാത്തലത്തിലായിരുന്നല്ലോ അടിയന്തിരാവസ്ഥ എന്ന ഏകാധിപത്യവാഴ്ചയുടെ ആവിർഭാവം. പക്ഷേ ഇതൊന്നുമല്ല; നാടിന്റെ കുഴപ്പങ്ങൾക്ക് കാരണം നമ്മുടെ സർക്കാർ ഓഫീസിലെ ജീവനക്കാരും മറ്റ് ജോലിക്കാരും പണിയെടുക്കാത്തതാണ്. അവർ നാവടക്കി പണിയെടുത്താൽ മതി എല്ലാം ശരിയാകും എന്നൊരു തോന്നൽ ജനങ്ങളിൽ സൃഷ്ടിക്കുന്നതിന് ഇത് ഇടയാക്കി.
ഒന്നിനും ഒരു വ്യവസ്ഥയുമില്ലാതെ ആന കയറിയ കരിന്പിൻതോട്ടം പോലെ കിടന്നിരുന്ന കേരളത്തിൽ ‘എല്ലാം ശരിയാക്കാനാ’ണല്ലോ എൽ.ഡി.എഫിനെ ജനങ്ങൾ അധികാരമേൽപ്പിച്ചത്. നമ്മുടെ ഉദ്യോഗസ്ഥ വൃന്ദത്തിൽ വലിയൊരു പങ്ക് പൊതുവായി പണിയൊന്നും ചെയ്യാതെ, ഓരോ ഫയലിലും ഓരോ മനുഷ്യന്റെ ജീവിതമാണുള്ളത് എന്ന് തിരിച്ചറിയാതെ സർക്കാരിൽ നിന്ന് മോശമല്ലാത്ത ശന്പളം പറ്റുന്നു. ജീവനക്കാർ ഒരു പണിയും ചെയ്യാതെ ഈ ഫയലുകൾക്ക് മുകളിൽ അടയിരിക്കുന്നത് വഴി ആത്മഹത്യയിൽ അഭയം തേടേണ്ടി വന്നവർ വരെ നമ്മുടെ നാട്ടിലുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ശരിയായി തന്നെ ചൂണ്ടിക്കാണിക്കുകയുണ്ടായി. വലിയ അംഗീകാരമാണ് പൊതുസമൂഹത്തിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ചതും. പിന്നീട് തുടർച്ചയായി ജീവനക്കാരെക്കുറിച്ച് ഇത്തരം നിലപാടുകൾ അദ്ദേഹം ആവർത്തിച്ചു പോന്നു. പണിയെടുക്കാത്തവരെയും കൈക്കൂലിക്കാരെയും സംരക്ഷിക്കേണ്ട യാതൊരു ബാധ്യതയും സർവീസ് സംഘടനകൾ ഏറ്റെടുക്കേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞുവെച്ചു. തുടർച്ചയായ ഈ നിലപാടിനെതിരെ സർക്കാർ ജീവനക്കാരുടെ സംഘടനാ നേതാക്കന്മാരുടെ ഭാഗത്തു നിന്ന് ചില മുറുമുറുപ്പുകളൊക്ക ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെയും അവരുടെ ഒത്താശക്കാരായ രാഷ്ട്രീയക്കാരുടെയും വേട്ടയാടലിന് നന്നായി ഇരയായതാണ് ഈ ലേഖകന്റെ കുടുംബം. നഗരസഭാ അദ്ധ്യക്ഷ എന്ന നിലയിൽ പൂർണ്ണമായി അവധിയെടുത്ത് ശന്പളം ഉപേക്ഷിച്ച് പ്രവർത്തിച്ച ഭാര്യക്കെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച്, ഒരേസമയം നഗരസഭയിൽ നിന്നും സ്കൂളിൽ നിന്നും ശന്പളം പറ്റുന്നു എന്ന് പ്രചരിപ്പിച്ചു. ഇരട്ട ശന്പള വിവാദമുയർത്തി നഗരസഭാദ്ധ്യക്ഷയുടെ രാജി ആവശ്യപ്പെട്ട് നിരന്തര പ്രക്ഷോഭങ്ങൾ ഉണ്ടായി. പരാതികളുടെ പ്രളയമുണ്ടായി. കഴിഞ്ഞ സർക്കാരിലുള്ള സ്വാധീനമുപയോഗിച്ച് ഇരട്ടശന്പളം കൈപ്പറ്റിയിട്ടുണ്ടെന്നും നഗരസഭയിൽ നിന്ന് കൈപ്പറ്റിയ ഓണറേറിയം തിരിച്ചടക്കണമെന്നും നഗരകാര്യ ഡയറക്ടറെ കൊണ്ട് ഉത്തരവിറക്കിച്ചു. ഇരട്ടവേതനം കൈപ്പറ്റിയതായി തന്റെ അറിവിൽ ഇല്ലെന്നും അഥവാ അങ്ങിനെയുണ്ടെങ്കിൽ തിരിച്ചു പിടിക്കേണ്ടത് ഓണറേറിയമല്ല സ്കൂളിൽ നിന്നുള്ള ശന്പളമാണ്, അങ്ങിനെ ശന്പളം വാങ്ങിയതായി അറിവില്ല, അഥവാ ഉണ്ടെങ്കിൽ ശന്പളം തിരിച്ചു പിടിക്കാൻ നഗരസഭാ സെക്രട്ടറിക്ക് അധികാരവുമില്ല എന്ന് വ്യക്തമായ നിയമോപദേശത്തിന്റെ പിൻബലത്തിൽ സെക്രട്ടറി മറുപടി കൊടുത്തു. മണിക്കൂറുകൾക്കകം സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് നീക്കി തരംതാഴ്ത്തി നിയമിച്ചു. സർക്കാർ ഉത്തരവിനെതിരെ നിയമോപദേശം തേടി എന്നായിരുന്നു കാരണം. കോടതിയെ സമീപിക്കുക മാത്രമേ ഗത്യന്തരമുണ്ടായിരുന്നുള്ളൂ കോടതി ഉത്തരവാകട്ടെ നഗരസഭാ സെക്രട്ടറി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നടപടികളെല്ലാം നിയമപരമാണ് എന്നും രാഷ്ട്രീയ ദുരുദ്ദേശം വെച്ച് സെക്രട്ടറിയെ നീക്കം ചെയ്ത നടപടി 24 മണിക്കൂറികം തിരുത്തി പഴയ ലാവണത്തിൽ പുനർ നിയമിക്കണം എന്നായിരുന്നു. എന്നിട്ടും പ്രതികാര നടപടികൾ തുടർന്നു. അവധി ഒന്നിച്ച് സർക്കാറാണ് പാസാക്കി നൽേകണ്ടതെന്നും പ്രധാന അദ്ധ്യാപകന് പാസാക്കാൻ അധികാരമില്ലെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‍ടർ ഉത്തരവിറക്കി. അവധി പാസാക്കി നൽകിയ പ്രധാനദ്ധ്യാപകന്റെ ശന്പളം, വിരമിക്കലിനെ തുടർന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ എന്നിവ തടഞ്ഞു വെച്ചു. തുടർന്ന് ഞങ്ങളുടെ പരാതിയെ തുടർന്ന് സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടർ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം അട്ടിമറിക്കാൻ സർക്കാർ തലത്തിലും ജീവനക്കാരുടെ സംഘടനാ തലത്തിലും വലിയ ശ്രമങ്ങൾ നടന്നു. കുറച്ച് കാലതാമസം സംഭവിച്ചെങ്കിലും അന്വേഷണം നടത്തി. എല്ലാവരിൽ നിന്നും തെളിവെടുത്ത് കമ്മീഷൻ അന്വേഷണം പൂർത്തിയാക്കി. ആക്ഷേപങ്ങൾ നൂറ് ശതമാനം തെറ്റാണെന്നും നഗരസഭാദ്ധ്യക്ഷ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കണ്ടെത്തി. ഇരട്ടവേതനം കൈപ്പറ്റി എന്ന ആക്ഷേപത്തിന് പ്രസക്തിയില്ലെന്നും അവധി പാസാക്കി നൽകേണ്ടത് പ്രധാന അദ്ധ്യാപകൻ തന്നെയാണെന്നും പ്രധാന അദ്ധ്യാപകന്റെ ആനുകൂല്യങ്ങൾ തടഞ്ഞു വെച്ച നടപടി ശരിയല്ലെന്നുമൊക്കെ അസിസ്റ്റന്റ് വിദ്യാഭ്യാസ ഡയറക്ടർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. അതോടെ റിപ്പോർട്ട് പൂഴ്ത്തിവെക്കാനായി ശ്രമം. വിദ്യാഭ്യാസ വകുപ്പ് നാളിതുവരെ പ്രസ്തുത റിപ്പോർട്ട് ഔദ്യോഗികമായി ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റ് സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ നൽകിയിട്ടില്ല. ഏതാണ്ട് രണ്ടര വർഷം മുന്പാണ് അസിസ്റ്റന്റ് ഡി.പി.ഐ റിപ്പോർട്ട് സമർപ്പിച്ചത് എന്നോർക്കണം. ഗത്യന്തരമില്ലാതെ വന്നപ്പോൾ ഞങ്ങൾ വിവരാവകാശ നിയമപ്രകാരം, അവസാന ദിവസം റിപ്പോർട്ടിന്റെ കോപ്പി കൈവശപ്പെടുത്തി. അതിന്റെ എല്ലാ നിയമപ്രാബല്യമുള്ള പകർപ്പ് ബന്ധപ്പെട്ട കേന്ദ്രങ്ങളിലൊക്കെ എത്തിച്ചെങ്കിലും സർക്കാർ ഔദ്യോഗികമായി അയച്ചു നൽകാതെ നടപടികൾ കൈക്കൊള്ളില്ല എന്നായിരുന്നു മറുപടി. നിയമപരമായ ലീവ് പാസാക്കി നൽകാതെ അംഗീകാരമില്ലാതെ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതായി (un authorized absence) കാണിച്ച് സസ്പെൻഡ് ചെയ്യാമോ എന്നായി അടുത്ത നീക്കം. പക്ഷേ കോടതിയെ സമീപിച്ചാൽ ഉണ്ടായേക്കാവുന്ന നിരീക്ഷണങ്ങൾ ഭയന്ന് അതിന് തയ്യാറായില്ല. നാളിതുവരെ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നടപടികൾ പൂർത്തിയാക്കിയില്ല. പ്രധാന അദ്ധ്യാപകൻ തന്നെയാണ് അവധി പാസാക്കി നൽകേണ്ടത് എന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് ചെയ്യാതെ വീണ്ടും സർക്കാരിലേക്ക് അയച്ചു. നഗരസഭാ അദ്ധ്യക്ഷയായ സ്കൂൾ അദ്ധ്യാപികയ്ക്ക് ലീവ് പാസാക്കി നൽകുന്നതിൽ അപാകതയുണ്ടോ എന്നന്വേഷിച്ച് മൃഗസംരക്ഷണ വകുപ്പിന്റേതുൾപ്പെടെ അഭിപ്രായം തോടി, ഫയൽ അനാവശ്യമായി വൈകിക്കുകയായിരുന്നു ഉദ്ദേശ്യം. ഇതിനിടയിൽ നഗരസഭാ അദ്ധ്യക്ഷയുടെ കാലാവധി കഴിഞ്ഞതോടെ നവംബർ രണ്ട് മുതൽ അദ്ധ്യാപികയായി സ്കൂളിൽ ചേർന്നു. അന്നു മുതൽക്കുള്ള ശന്പളത്തിന് അർഹതയുണ്ടെങ്കിലും ഇതുവരെ നൽകിയിട്ടില്ല. ലീവ് സർക്കാരിൽ നിന്ന് പാസായി വന്നിട്ടില്ല, സർവ്വീസ് ബുക്ക് സർക്കാരിൽ നിന്ന് തിരിച്ചെത്തിയിട്ടില്ല എന്നതൊക്കെയാണ് ശന്പളം തടഞ്ഞുവെയ്ക്കാൻ കാരണമായി പറഞ്ഞത്. അനാവശ്യമായ ക്വാറികളൊക്കെ എഴുതിവെച്ച് ഫയൽ തീർപ്പാക്കുന്നത് അനന്തമായി നീട്ടാനുള്ള നീക്കമാണെന്ന് മനസിലാക്കിയ നല്ലവനായ ഒരുദ്യോഗസ്ഥൻ, ഫയലിൽ കുത്തികുറിച്ചു വെച്ച കാര്യങ്ങൾ അനാവശ്യവും അസംബന്ധവുമാണെന്നും അതുകൊണ്ട് അവയൊക്കെ ഒഴിവാക്കപ്പെടേണ്ടതാണെന്നും കാണിച്ച്, അതിന് നിയമവകുപ്പിന്റെ അംഗീകാരവും വാങ്ങിച്ച്, വീണ്ടും സർക്കാറിന്റെ വിദ്യാഭ്യാസ വകുപ്പിലേയ്ക്ക് അയച്ചു. ഇനി രണ്ടാഴ്ച കൊണ്ട് ഫയലിൽ തീർപ്പാകും എന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഒന്പത് മാസം വീണ്ടും കഴിഞ്ഞു. ഫയൽ സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യസ വകുപ്പിൽ എത്തിയപ്പോൾ ധനകാര്യ വകുപ്പിന്റെ അംഗീകാരം എന്തായാലും വേണം എന്നായിരുന്നു അവരുടെ നിലപാട്. സർക്കാരിന് ഈ വകയിൽ ഒരു നയാപൈസ പോലും അധിക ബാധ്യത വരുന്നില്ല. പിന്നെയെന്തിനാണ് ധനകാര്യവകുപ്പിന്റെ അംഗീകാരം എന്ന ചോദ്യത്തിന് അതൊക്കെ നടപടി ്രകമമാണ് എന്നായിരുന്നു മറുപടി. രണ്ട് മാസം ഫയലിൽ അടയിരുന്ന ശേഷം ധനകാര്യവകുപ്പ് ഒരു ‘വലിയ സത്യം’ കണ്ടെത്തി. ഈ ഫയൽ അയക്കേണ്ടത് വിദ്യഭ്യാസ വകുപ്പിന്റെ ജെ സെക്ഷനിൽ (Edn.J) നിന്നാണ്. പക്ഷേ അയച്ചത് ഇ സെക്ഷനിൽ (Edn.E) നിന്നാണ്. അതുകൊണ്ട് ഫയൽ തിരിച്ചുപോയി ജെ സെക്ഷനിലൂടെ വരണം. വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള എല്ലാ ഫയലുകളും ഒരേ അണ്ടർ സെക്രട്ടറി തന്നെയാണല്ലോ കാണുന്നത് പിന്നെ എന്തിന് തിരിച്ചയക്കണം എന്നന്വേഷിച്ചപ്പോൾ എല്ലാം പ്രോപ്പർ ചാനലിലൂടെ മാത്രമേ ചെയ്യാൻ പറ്റൂ എന്നായിരുന്നു മറുപടി. അങ്ങനെ ഫയൽ വീണ്ടും തിരിച്ച് വിദ്യാഭ്യാസ വകുപ്പിലെത്തി. ജെ സെക്ഷനിൽ രണ്ട് മാസം അടയിരുന്നു. വീണ്ടും ധനകാര്യവകുപ്പിലേക്ക്് പോയി. ഫയൽ അവിടെ അട വെച്ച് കിടക്കുന്പോൾ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ വന്നു. പിന്നെ മൂന്നാഴ്ച കൊണ്ട് ലീവ് പാസായി ഉത്തരവ് സ്കൂളിലെത്തി. തന്നെപ്പോലെ സർക്കാർ ശന്പളം പറ്റി കുടുംബം പുലർത്തുന്ന ഒരാളുടെ ജീവിതം സ്പന്ദിക്കുന്നതാണീ ഫയൽ എന്ന് അറിയാത്തവരായിരിക്കില്ലല്ലോ അതിന്മേൽ അടയിരുന്നതും അനാവശ്യ ക്വറികളെഴുതി ഉപദ്രവിച്ചതും. ഇനിയിപ്പോൾ ഏതാനും ആഴ്ചകൾ കൊണ്ട് നവംബർ മുതലുള്ള ശന്പളം ലഭിക്കുമായിരിക്കും.
രാഷ്ട്രീയവും വിഭാഗീയവുമൊക്കെയായ പകപോക്കലിന്റെ ഭാഗമായാണ് ഒരു തെറ്റും ചെയ്യാത്ത ഒരു കുടുംബത്തെ ഈ വിധം ഉപദ്രവിച്ചത്. ഒരുപക്ഷേ കോടതിയെ സമീപിച്ചാൽ അല്ലെങ്കിൽ ഭരണ സ്വാധീനം ഉപയോഗിച്ചാൽ ഇതൊക്കെ നിമിഷങ്ങൾ കൊണ്ട് നടക്കുകയും ചെയ്യും. മെത്രാൻ കായലിന്റെയും ആറന്മുള വിമാനത്താവളത്തിന്റെയുമൊക്കെ ഫയലുകൾ എത്രവേഗമാണ് സഞ്ചരിക്കുന്നത്?
ഈ അവസ്ഥയ്ക്ക് നാം കേവലം ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയായിരിക്കുമോ? ഒരു കാരണം സിവിൽ സർവ്വീസിന് അതിന്റെ സ്വതന്ത്ര അസ്ഥിത്വം നഷ്ടപ്പെടുന്നു എന്നതാണ്. അപ്പപ്പോൾ അധികാരത്തിലെത്തുന്ന സർക്കാരിന്റെ ഇംഗിതം നടപ്പിലാക്കാനുള്ള കേവലം പാവകളായി ഉദ്യോഗസ്ഥവൃന്ദം മാറിതീരുന്നു. അതിന് സന്നദ്ധമല്ലാത്തവൻ കടുത്ത നിലയിൽ പീഡിപ്പിക്കപ്പെടുന്നു. ഒരുപാട് ഉദാഹരണങ്ങൾ നാമോരോരുത്തരുടെയും മനസിലുണ്ടാകും. കേരളത്തിലെ സിവിൽ സർവീസിലെ ഏറ്റവും വലിയ സംഘടനകളാണ് കേരള എൻ.ജി.ഒ യൂണിയൻ, ഗവ ഓഫീസേഴ്സ് അസോസിയേഷൻ, കേരളാ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ എന്നിവ. എല്ലാം ഇടതുപക്ഷ ആഭിമുഖ്യമുള്ളത്. കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി ഉൾപ്പെടെ നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളിലൊക്കെ മുഖ്യ ട്രേഡ് യൂണിയൻ സി.ഐ.ടി.യു ആണ്. ഓരോ ഭരണമാറ്റം സംഭവിക്കുന്പോഴും പുതിയ സർക്കാരിനോട് ആഭിമുഖ്യമുള്ള സംഘടനയിലേയ്ക്ക് ജീവനക്കാർ കൂട്ടത്തോടെ മാറിപ്പോകുന്നു. കേവലം അംഗസംഖ്യ കൂട്ടുന്നതിന് വേണ്ടി മാത്രം ഇത്തരക്കാരെ സ്വീകരിക്കുന്നത് ശരിയല്ല എന്നൊരു നിലപാട് ജീവനക്കാരുടെ സംഘടനകൾക്കൊന്നുമില്ല. ഇടതുമുന്നണി അധികാരത്തിലെത്തുന്പോൾ പോലീസ് അസോസിയേഷൻ ഇടതുപക്ഷത്താവും. യു.ഡി.എഫ് ഭരിക്കുന്പോൾ വലതുപക്ഷത്തും. ഒരേ പോലീസുകാരാണല്ലോ ഇങ്ങനെ മാറി മാറി വോട്ട് ചെയ്യുന്നത്. ഭരണസ്വാധീനം ഉപയോഗിച്ച് കൃത്യമായി ജയിക്കാൻ ആവശ്യമായ എണ്ണം പോലീസുകാരെ ബന്ധപ്പെട്ട യൂണിറ്റിലേയ്ക്ക് സ്ഥലം മാറ്റി സംഘടന പിടിച്ചെടുക്കുന്നതും പതിവാണ്. ഇത് വ്യക്തിത്വമില്ലാത്ത അവസരവാദികളാക്കി സർക്കാർ ജീവനക്കാരെ മാറ്റി തീർക്കുന്നുണ്ട്. അഴിമതി രഹിത സിവിൽ ഭരണം എന്ന മുദ്രാവാക്യം മുന്നോട്ടു വെയ്ക്കുന്പോഴും പണം കിട്ടാതെ ഒരു പണിയും ചെയ്യില്ല എന്ന നിലപാടിലേയ്ക്ക് ജീവനക്കാർ എത്തുന്നു. ഇതിന് യൂണിയൻ വ്യത്യാസമൊന്നും ഇപ്പോൾ ബാധകമല്ല. ഒരു കുടുംബത്തിന് പട്ടിണിയില്ലാതെ ജീവിക്കാനുള്ള വരുമാനം ശന്പളമായി ലഭിക്കുന്പോഴും ജീവനക്കാർ പണത്തിന് പിറകെ പായുന്നത് എന്തുകൊണ്ടായിരിക്കും? സർക്കാർ ജോലിയുള്ളവരെ മാത്രമേ വിവാഹം കഴിക്കൂ എന്നത് ഇന്ന് ജീവനക്കാർക്കിടയിൽ നാട്ടുനടപ്പാണ്. അതിന് ആദർശങ്ങളൊന്നും തടസ്സമാകുന്നില്ല. സർക്കാർ ജോലിയില്ലെങ്കിൽ നല്ല വരുമാനമുള്ള പുളിക്കൊന്പ് മാത്രമേ ഏത് ആദർശവാദിയും എത്തിപ്പിടിക്കുന്നുള്ളൂ. ഇതിനെ അവരുടെ മാത്രം തകരാറായി കാണുന്നിടത്താണ് പിശക്. നിലവിലുള്ള സമൂഹം ആർത്തിയുടെ സമൂഹമാണ്. എത്ര തിന്നാലും ആർത്തി ശമിക്കാത്ത ബകന്മാരുെട സമൂഹം. ചേരയെ പാന്പു വിഴുങ്ങുന്നു എന്ന് പറയുന്നതു പോലെ, വായ്് വലിപ്പമുള്ളവർ വായിലൊതുങ്ങുന്നതും അതിനപ്പുറവും വിഴുങ്ങാൻ ശ്രമിക്കും. ഒരു തരത്തിലുള്ള മാനവികതയും അതിന് തടസ്സമാകുന്നില്ല. ഇത്തരം ഒരു സമൂഹത്തിൽ ജീവനക്കാർ മാത്രം ഹരിശ്ചന്ദ്രന്മാരാകണം എന്ന് ശഠിക്കുന്നതിൽ കാര്യമില്ല. സർവ്വീസ് സംഘടനകളിലെ അംഗസംഖ്യ കൂടുന്നോ കുറയുന്നോ എന്നതല്ല അടിസ്ഥാന പ്രശ്നം. അത് കേവലം വോട്ടുമായി മാത്രം ബന്ധമുള്ള സംഖ്യാശാസ്ത്രമാണ്. ഇടതുപക്ഷം മുന്നോട്ടു വെയ്ക്കുന്ന കാഴ്ചപ്പാടുകൾ കേവലം സംഖ്യാശാസ്ത്രപരമായിരിക്കരുത്. ഇടതുപക്ഷ ബദൽ മുന്നോട്ടു വെയ്ക്കാൻ പര്യാപ്തമായിരിക്കണം. ഇത് സർവ്വീസ് സംഘടനകൾക്ക് മാത്രം ബാധകമായതല്ല. പൊതുവായ ഒരിടതു ബദൽ വികസിക്കുന്പോഴേ ജീവനക്കാർക്കിടയിലും അത്തരം നിലപാടുകൾ പ്രകടമാകൂ. അതുകൊണ്ട് ഇപ്പോൾ മുഖ്യമന്ത്രി മുന്നോട്ടു വെച്ച നിലപാടുകൾ പ്രസക്തമല്ലെന്നല്ല. അത് നല്ലതു തന്നെ. രണ്ടുവർഷം നിയമവിരുദ്ധമായി തങ്ങൾ അടയിരുന്ന ഒരു ഫയൽ രണ്ട് ആഴ്ചകൊണ്ട് പാസാക്കി അയക്കുന്നുണ്ടെങ്കിൽ അതിന് ഭരണമാറ്റം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ കർക്കശ നിലപാടുകളും സ്വാധീനം ചെലുത്തുന്നുണ്ടാവാം. അത്രത്തോളം നല്ലതു തന്നെ. യു.ഡി.എഫ് അനുകൂലികളെ പീഡിപ്പിക്കൽ ഒരിക്കലും ഇടതുനയമാകരുത്. ഇത്തരം വിശാല കാഴ്ചപ്പാടോടെ പ്രശ്നങ്ങളെ സമീപിക്കുന്നില്ലെങ്കിൽ പട്ടാളഭരണത്തെക്കുറിച്ചും നാവടക്കൂ പണിയെടുക്കൂ എന്ന അടിയന്തിരാവസ്ഥാ മുദ്രാവാക്യം പോലുള്ള താൽക്കാലിക വ്യാമോഹങ്ങൾ മാത്രമേ മുഖ്യമന്ത്രിയുടെ ഇടപെടൽ കൊണ്ടും ഉണ്ടാകൂ. പുതുക്കത്തിന്റെ ആവേശം പരന്പരാഗത അവസ്ഥയിലേയ്ക്ക് ആറിത്തണുക്കുകയും ചെയ്യും.