യോ­ഗ: സംവാ­ദങ്ങൾ സൃ­ഷ്ടി­പരമാ­യി­ തീ­രട്ടെ­


ണ്ടാം അന്താരാഷ്ട്ര യോഗാദിനവും ആവശ്യത്തിനു വിവാദങ്ങളുമായി കടന്നുപോയി. യോഗ മതാത്മകമോ അതോ മതേതരമോ എന്നതായിരുന്നു ഇത്തവണയും വിവാദങ്ങൾക്ക് ഇടയാക്കിയത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അത് മതപരമല്ല എന്ന് പറഞ്ഞതോടെ വിവാദങ്ങൾ അവസാനിക്കേണ്ടതായിരുന്നു. പക്ഷേ അത്ര ലളിതമല്ല പ്രശ്നം. ഇന്ത്യയിൽ നാമിന്ന് വിവക്ഷിക്കുന്ന അർത്ഥത്തിലുള്ള മതങ്ങളൊക്കെ ആരംഭിക്കുന്നതിന് മുന്പ് യോഗദർശനം ഉണ്ട് എന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. അതുകൊണ്ട് അത് ഒരു മതത്തിന്റെയുമല്ല എന്ന പ്രധാനമന്ത്രിയുടെ നിലപാട് സവിശേഷ ശ്രദ്ധയാകർഷിക്കുന്നുണ്ട്. അതോടൊപ്പം ചേർത്തുവെച്ച് മറ്റൊന്നുകൂടെ നാം പരിഗണിക്കേണ്ടതുണ്ട്. മതങ്ങളെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് പോലും ആധുനികമാണ്. ഇന്ത്യാ ചരി്രതത്തെ തന്നെ മതാത്മകമായി വിശദീകരിക്കാൻ ശ്രമിച്ചത് ബ്രിട്ടീഷുകാരാണ്. അവ‍ർ അത് ചെയ്തത്, ബോധപൂർവവും ഇന്ത്യയിലെ കൊളോണിയൽ ആധിപത്യം അരക്കിട്ടുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമായിരുന്നു. അങ്ങിനെയാണ് ചരിത്രകാരൻ പോലും അല്ലാതിരുന്ന ബ്യൂറോക്രാറ്റ് ആയിരുന്ന ജെയിംസ് മില്ലിന്റെ നേതൃത്വത്തിൽ ഓറിയന്റലിസ്റ്റ് ചരിത്ര നിർമ്മിതി നടന്നത്. അതുവരെ ലോകത്തെല്ലായിടത്തും ചരിത്രത്തെ മൂന്ന് ഘട്ടങ്ങളായാണ് വിഭജിച്ചത്. പ്രാചീന ചരിത്രം, (Ancient History) മധ്യകാല ചരിത്രം, (Medival History) ആധുനിക ചരിത്രം (Modern History) എന്നിങ്ങനെ. പക്ഷേ ജയിംസ് മിൽ ഇതിൽ ഒരു ചെറിയ ട്വിസ്റ്റ് കൊണ്ടുവന്നു. പ്രചീന ചരിത്രത്തിന് പകരം ചരിത്രത്തിന്റെ ഹൈന്ദവ കാലഘട്ടം എന്നും ഈ ഹൈന്ദവ കാലഘട്ടം ഇന്ത്യയുടെ സുവർണഭൂതകാലമായിരുന്നു (Glorious past) എന്നും സിദ്ധാന്തിച്ചു. മധ്യകാലഘട്ടത്തെ മുസ്ലീംകാലമായാണ് ജെയിംസ് മിൽ വിശദീകരിച്ചത്. ഈ കാലഘട്ടമാകട്ടെ മുസ്ലീം വൈദേശിക ആക്രമണത്തിന്റെ കാലമായും മഹത്തായ ഹൈന്ദവ സുവർണകാലം തകർക്കപ്പെടുന്നതായും വ്യാഖ്യാനിച്ചു. ആധുനിക ചരിത്രത്തിന് ബ്രിട്ടീഷ് കാലം എന്നാണ് ജെയിംസ് മിൽ പേര് നൽകിയത്. എല്ലാവിധ അപരിഷ്കൃതാചാരങ്ങളുടെയും കാടന്മാരുടെയും പരസ്പര ആക്രമണങ്ങളുടെയും നാടായ ഭാരതത്തിൽ ആധുനികതയുടെ വെളിച്ചം എത്തിക്കുകയും ഭാരതത്തെ മൊത്തത്തിൽ സാംസ്കരിക്കുകയും ചെയ്തത് ബ്രിട്ടീഷുകാരാണ് എന്ന് ജെയിംസ് മിൽ സിദ്ധാന്തിച്ചു. സ്വാഭാവികമായും ബ്രിട്ടീഷുകാർ‍ നല്ല കാര്യങ്ങൾ മാത്രമാണ് ഇന്ത്യക്ക് വേണ്ടി ചെയ്തത് എന്ന് ചരിത്രം പഠിക്കുന്നവരെയൊക്കെ ബോധ്യപ്പെടുത്താനായിരുന്നു നീക്കം. പുരുഷ സൂക്ത സങ്കല്പവും വർണാശ്രമ വ്യവസ്ഥയും ബ്രാഹ്മണാധിപത്യവുമൊക്കെ അരങ്ങു വാണ ഇന്ത്യയുടെ പ്രാചീന കാല ചരിത്രം ഒട്ടും ശോഭയുള്ളതായിരുന്നില്ല. ജാതീയമായ ഉച്ചനീചത്വങ്ങൾ, ശൂദ്രരെയും ചണ്ധാളരെയുമൊക്കെ മനുഷ്യരായി പോലും പരിഗണിക്കാത്ത അവസ്ഥ, ബ്രാഹ്മണ ക്ഷത്രിയാദികൾക്ക് എല്ലാ തരത്തിലുമുള്ള സൗകര്യങ്ങളും ഒക്കെയാണന്നുണ്ടായിരുന്നത്. എന്നാൽ ലോകത്തിലെ മറ്റിതര ഇടങ്ങളെ വെല്ലുന്ന വിജ്ഞാന സന്പത്തും ശാസ്ത്ര ദർശന പുരോഗതിയുമൊക്കെ ശൈവ, വൈഷ്ണവ, ശാക്തേയ, ശ്രമണ മതങ്ങളൊക്കെ രൂപം കൊള്ളുന്നതിന് മുന്പ് തന്നെ ഭാരത ഉപഭൂഖണ്ധത്തിൽ വികസിച്ചിരുന്നു. ഇന്നത്തെ ഭാരത സങ്കല്പമൊന്നും അന്ന് വികസിച്ചിരുന്നില്ല. സാംഖ്യം, ന്യായം, യോഗം, വൈശേഷികം, മീമാംസ, വേദാന്തം, ലോകായതം തുടങ്ങി ധാരാളം ദർശനങ്ങൾ അന്നുണ്ടായിരുന്നു. അവയിൽ ആസ്തികവും നാസ്തികവുമായവ ഉണ്ട്. പിന്നീടാണ് ബൗദ്ധ, ജൈന ദർശനങ്ങൾ രൂപപ്പെട്ടത്. ഇതിൽ ജൈന ബൗദ്ധദ‍ർശനങ്ങളൊഴികെയുള്ള ദർശനങ്ങളുടെയും ശാസ്ത്രത്തിന്റെയും മറ്റെല്ലാ അറിവുകളുടെയും മൂല ഗ്രന്ഥങ്ങൾ സംസ്കൃതത്തിലായിരുന്നു. സംസ്കൃതമാകട്ടെ ജനങ്ങൾ സംസാരിക്കുന്ന ഭാഷയായിരുന്നില്ല. അത് പണ്ധിതന്മാരുെട (Scholar) മാത്രം ഭാഷയായിരുന്നു. സ്വാഭാവികമായും ഈ വിജ്ഞാന സന്പത്തൊക്കെ ജനങ്ങൾക്ക് അപ്രാപ്യമായിരുന്നു. എന്നാൽ ജനങ്ങളുടെ ഭാഷയിൽ ആദ്യമായി സംസാരിക്കാനും സാഹിത്യം ചമക്കാനുമൊക്കെ ആരംഭിച്ചത് ഗൗതമബുദ്ധനായിരുന്നു. ബുദ്ധനാണ് തന്റെ ദർശനങ്ങളെ, ജനങ്ങളുടെ ഭാഷയായ പാലിയിൽ അവതരിപ്പിച്ചത്. അതുകൊണ്ട് അത് വളരെ പെട്ടെന്ന് ജനകീയമായി തീരുകയും ചെയ്തു.

ജെയിംസ് മില്ലിന്റെ ചരിത്ര രചന കൃത്യമായ ലക്ഷ്യത്തോടു കൂടിയുള്ളതും ബ്രിട്ടീഷുകാർക്ക് വേണ്ടിയുള്ളതുമായിരുന്നു എന്ന് വളരെ വ്യക്തമാണ്. അദ്ദേഹത്തിന്റെ ചരിത്ര പുസ്തകങ്ങൾ ലക്ഷക്കണക്കിന് കോപ്പി അച്ചടിച്ച് സൗജന്യമായി ഇന്ത്യയിലാകെയുള്ള ചരിത്രകാരന്മാരിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബുദ്ധിജീവികളിലുമൊക്കെ വിതരണം ചെയ്യപ്പെട്ടു. ബ്രിട്ടീഷ് ഗവൺമെന്റിന്റെ അംഗീകാരത്തോടെ അത് ആധികാരികമായ ഇന്ത്യാചരിത്രമായി. ഫലമോ ഇന്ത്യയിൽ ആധുനികതാ കാലഘട്ടം വരെ നിലനിന്നിട്ടില്ലാത്ത മതസ്പർദ ഉടലെടുത്തു. അതിനിടയിൽ തന്നെ സെമിറ്റിക് മതങ്ങളിലേക്ക് മാറിപ്പോകാതെ അവശേഷിച്ച എല്ലാ ഇന്ത്യക്കാരെയും ഉൾച്ചേർത്ത് പൊതുവായി ഹിന്ദുക്കൾ എന്ന മതരൂപത്തെ സൃഷ്ടിച്ചെടുക്കാനുള്ള നീക്കങ്ങളും ശക്തമായി. ഇന്ത്യയുടെ പൗരാണികമായ എല്ലാ വിജ്ഞാന, ദർശന, ശാസ്ത്ര സന്പത്തിനും അവകാശികൾ ഹിന്ദുക്കളാണെന്നും ഈ നാട് ഹിന്ദുരാജ്യമാണെന്നും മുസ്ലിംങ്ങളും ക്രിസ്ത്യാനികളുമൊക്കെ മധ്യകാലത്തിനു ശേഷം ഇങ്ങോട്ട് അതിക്രമിച്ച് കയറിയ വരുത്തന്മാരാണെന്നും ഔദ്യോഗികമായി തന്നെ പ്രചരിപ്പിക്കപ്പെട്ടു. ഒന്നിച്ച് ഒരു മനസായി ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ അണിനിരക്കുന്ന ഇന്ത്യക്കാരെ ഭിന്നിപ്പിക്കാനുള്ള ഒന്നാന്തരം മരുന്നായി ഇത് ഉപയോഗിച്ചു. യഥാർത്ഥത്തിൽ ഇന്നത്തെ സംഘപരിവാരത്തിന്റെ രാഷ്ട്രീയ ഹിന്ദുത്വ ആശയം രൂപം കൊണ്ടത് ഈ ജെയിംസ് മിൽ ചരിത്രത്തിൽ നിന്നാണ്. ബ്രിട്ടീഷുകാരായിരുന്നു അതിന്റെ പ്രയോക്താക്കൾ. ആർ.എസ്.എസ് ഉൾപ്പെടെ എല്ലാ രാഷ്ട്രീയ ഹിന്ദുത്വ സംഘടനകളെയും മുസ്ലിംലീഗ് ഉൾപ്പെടെ എല്ലാ രാഷ്ട്രീയ ഇസ്ലാം പ്രസ്ഥാനങ്ങളെയും രൂപപ്പെടുത്തുന്നത് ബ്രിട്ടീഷുകാരന്റെ ആവശ്യ പ്രകാരമാണ്. ഇതിന് ചരിത്രത്തിൽ ധാരാളം തെളിവുകളുണ്ട്. സ്വാതന്ത്ര്യപ്രസ്ഥാനത്തോടൊപ്പം വളർന്നുവന്ന ബിപിൻ ചന്ദ്രയുടെയും ആർ.എസ് ശർമ്മയുടെയുമൊക്കെ നേതൃത്വത്തിലുള്ള ആധുനിക ചരിത്രകാരന്മാരാണ് ഓറിയന്റലിസ്റ്റ് ചരിത്രത്തിന്റെ ഈ അപകടം തിരിച്ചറിഞ്ഞ് ശാസ്ത്രീയമായ ചരിത്ര രചനാ രീതി അവലംബിക്കാൻ തുടങ്ങിയത്. ദാമോദർ ധർമ്മാനന്ദ് കൊസംബി, രാഹുൽ സാംകൃത്യാൻ, ദേബി പ്രസാദ് ചതോപാധ്യായ തുടങ്ങിയ പുരോഗമനവാദികളായ ദാർശനികന്മാർ ഇന്ത്യാ ചരിത്രത്തിലെ ശാസ്ത്രദർശന വിജ്ഞാന വളർച്ചകളെ ശരിയായി മനസിലാക്കാനും സംസകൃതഭാഷയുടെ പ്രാധാന്യം മനസിലാക്കാനുമൊക്കെ തയ്യാറായി മുന്നോട്ടു വരികയും ധാരാളം ഗ്രന്ഥരചനകൾ നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴും നമ്മുടെ പൗരാണിക  കാലഘട്ടത്തിലെ ശാസ്ത്ര വിജ്ഞാന ദർശന ശാഖകളെ ശരിയായി പഠിച്ച് അവയെ ജനങ്ങളുടെ സ്വത്താക്കി മാറ്റി, ബ്രിട്ടീഷ് അനുകൂല, യൂറോ കേന്ദ്രീകൃത, വിജ്ഞാന ദർശന ശാസ്ത്ര ശാഖകൾക്ക് സമാനമായും സമാന്തരമായും പ്രതിഷ്ഠിക്കുന്നതിൽ വേണ്ടത്ര ജാഗ്രത പുരോഗമനവാദികളിൽ നിന്നുണ്ടായില്ല. ഇന്ത്യയിൽ ദേശീയ പ്രസ്ഥാനമാണ് ഇത് ചെയ്യേണ്ടിയിരുന്നത്. ദേശീയ പ്രസ്ഥാനം രാഷ്ട്രീയ ഉള്ളടക്കത്തിൽ മാത്രം ഊന്നുകയാൽ ഇത്തരം മേഖലകൾ അവഗണിക്കപ്പെട്ടു. ഒരു സമരമായി ഇതേറ്റെടുത്ത് ജനകീയമാക്കേണ്ട ബാധ്യത ഇടതുപക്ഷത്തിനുണ്ടായിരുന്നെങ്കിലും അവരും വളരെ യാന്ത്രികമായി ഭൗതിക വിശകലന ഉപാധികളിലും യൂറോ സെ്രന്റിക് മാർക്സിസത്തിലും അഭിരമിക്കുകയാണുണ്ടായത്. ഈയവസരം ഫലപ്രദമായി ഉപയോഗിച്ചു കൊണ്ടാണ്, ഇന്ത്യൻ രാഷ്ട്രീയ ഹിന്ദുത്വം (സംഘപരിവാരം) യോഗ ഉൾപ്പെടെയുള്ള ദർശനങ്ങൾ ഹിന്ദുത്വത്തിന്റെ സ്വകാര്യസ്വത്താണ് എന്ന നിലയിലുള്ള നിലപാടുകളുമായി അല്ലലില്ലാതെ മുന്നോട്ടു പോയത്. തീർച്ചയായും കേന്ദ്ര ബി.ജെ.പി സർക്കാർ മുൻകൈ എടുത്ത് ലോകയോഗാദിനം ആചരിക്കുന്പോൾ അവർക്ക് വളരെ സങ്കുചിതമായ അജണ്ടകൾ ഉണ്ടാവുക സ്വാഭാവികമാണ്. അതിനവർ എല്ലാ അർത്ഥത്തിലും പരിശ്രമിക്കുകയും ചെയ്യും. പക്ഷേ മതപരമായ മാനങ്ങളില്ലാതെ, യോഗ ഉൾപ്പെടെയുള്ള ഭാരതീയരുടെ പൊതുസ്വത്തായ ദർശനങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള ഏതവസരവും ഉപയോഗപ്പെടുത്തുകയാണ് പുരോഗമന വാദികൾ ചെയ്യേണ്ടത്.

നരേന്ദ്രമോഡിയെപ്പോലൊരു പ്രധാനമന്ത്രിയും സംഘപരിവാറുമൊക്കെയാണ് യോഗയുടെ വക്താക്കളായി രംഗത്തെത്തുന്നത് എന്ന് ന്യൂനപക്ഷ വിഭാഗങ്ങളിലും പുരോഗമന വാദികളുമൊക്കെ ആശയകുഴപ്പമുണ്ടാക്കുന്നുണ്ട്. അതനുസരിച്ച പ്രതികരണങ്ങളും നമുക്ക് പത്രങ്ങളിൽ കാണാം. അതിൽ പലതും യോഗയെ മനസിലാക്കാനുള്ള തങ്ങളുടെ പരിമിതികളെ വെളിപ്പെടുത്തുന്നതുമാണ്. സംസ്ഥാനത്ത് യോഗാദിനാചരണത്തിന്റെ ഭാഗമായി ഉപയോഗിച്ച സംസ്കൃത ശ്ലോകങ്ങളെക്കുറിച്ചും ചില ആശങ്കകൾ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർ പങ്കുവെക്കുകയുണ്ടായി. അത് പൂർണ്ണമായും അസ്ഥാനത്താണ് എന്ന് പറയാനുമാകില്ല. ബ്രാഹ്മണിക്കലായ ഭൂരിപക്ഷ മതാചാരങ്ങൾ നമ്മുടെ പൊതു ചടങ്ങുകളിൽ മേധാവിത്വം വഹിക്കാൻ കഴിയുന്ന മതേതരമല്ലാത്ത കാഴ്ചപ്പാടുകൾ പ്രബലമായ ഒരു സമൂഹമാണ് നമ്മുടേത്. ദളിതനായ ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയപ്പോൾ അടുത്തയാൾ ചാർജെടുക്കുന്നതിന് മുന്പ് ശുദ്ധി കലശം നടത്തിയ അനുഭവം നമുക്കുണ്ട്. സർക്കാ‍ർ വക കെ.എസ്.ആർ.ടി.സി ഡിപ്പോവിൽ പ്രേതബാധ ഒഴിവാക്കാൻ മന്ത്രവാദം നടത്തിയ അനുഭവവും, റോക്കറ്റ് വിക്ഷേപണത്തിന് മുന്പ് ബ്രാഹ്മണ പൂജ വേണമെന്ന് ശഠിക്കുന്നവരും പോലീസ് േസ്റ്റഷനുകളിൽ സരസ്വതീ പൂജ നടത്തുന്നവരുമൊക്കെ നമുക്കിടയിൽ സർവസാധാരണമാണ്. പൊതുചടങ്ങുകൾക്ക് മുന്നോടിയായി ഹൈന്ദവാചാരപരമായ പ്രാർത്ഥനകളും പലയിടത്തും പതിവുള്ളതാണ്. ഇതൊക്കെ കാണിക്കുന്നത് മതേതര രാഷ്ട്രമായി അവകാശപ്പെടുന്പോഴും ദേശീയതയുടെ മറവിൽ ഹിന്ദുത്വ മേധാവിത്വം സ്ഥാപിക്കുന്നതിനുള്ള ബോധപൂർവ്വമായ നീക്കങ്ങൾ നമുക്കിടയിൽ ശക്തമാണ് എന്നു തന്നെയാണ്. ഇതിനെതിരായ ജാഗ്രത അത്യാവശ്യം തന്നെ. പ്രത്യേകിച്ച് സംസ്ഥാന ഭരണാധികാരികളിൽ നിന്ന്. യോഗ ചെയ്യുന്നതിന് ഏതെങ്കിലും കീ‍‍ർത്തനങ്ങളുടെ അകന്പടി ആവശ്യമുണ്ടോ എന്നത് വേറെ കാര്യം. പക്ഷേ തിരുവനന്തപുരത്ത് യോഗാ ഡെമോൺസ്ട്രേഷന് ഉപയോഗിച്ച ശ്ലോകം, പത്രത്തിൽ വന്ന വാ‍‍ർത്ത ശരിയാണെങ്കിൽ മതപരമായി കാണേണ്ട ഒന്നല്ല. ‘സംഘച്ഛധ്വം സംവദത്വം, സംവോ മനാംസി, ജാനതാം ദേവഭാഗം യഥാ പൂർവേ, സംജനനോ ഉപാസതേ’ എന്ന ശ്ലോകമാണ് ചൊല്ലിയത് എന്ന് പറയുന്നു. ആ ശ്ലോകത്തിന്റെ അർത്ഥം ‘ഒന്നിച്ചു ചരിക്കുക, ഒന്നിച്ചിരിക്കുക, നിങ്ങളുടെ ഹൃദയങ്ങൾ ഒന്നായിത്തീരട്ടെ, പണ്ട് ദേവന്മാർ ചെയ്തിരുന്നതുപോലെ നിങ്ങളുടെ സ്വത്തുക്കൾ കൂട്ടായി പങ്കിട്ടെടുത്ത് അനുഭവിക്കുക’ എന്നാണ്. ഇത് ഒരു മോശം സന്ദേശവും നൽകുന്നില്ല. ഒട്ടും മതപരവുമല്ല. കൂട്ടായ്മയുടെയും സ്ഥിതി സമത്വത്തിന്റെയും ആദർശങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. പക്ഷേ ഈ ശ്ലോകത്തിന്റെ ഉള്ളടക്കം അവിടെ പരിപാടിയിൽ പങ്കെടുത്ത മിക്കവർക്കും മനസിലാകാനിടയില്ല. കാരണം ഇത് സംസ്കൃത ഭാഷയിലാണ്. സംസ്കൃതം മഹത്തരമായ ഭാഷയാണ്. വിജ്ഞാനത്തിന്റെ അതിരുകളില്ലാത്ത ഭണ്ധാകാരം തുറക്കുന്നതാണ്. സൗന്ദര്യശാസ്ത്ര പരമായി വിലയിരുത്തിയാലും ഭാരതീയ ഭാഷകളിൽ ഒന്നാം സ്ഥാനത്ത് സംസ്കൃതമാണ്. പക്ഷേ അതിനൊരു പരിമിതിയുണ്ട്. അത് ജനങ്ങളുടെ വ്യവഹാര ഭാഷയല്ല. അത് പണ്ധിത വരേണ്യരുടെ ഭാഷയാണ്. കീഴാളന് നിഷിദ്ധവുമായിരുന്നു. ആ പരിമിതിയെ മറികടക്കാനാണ് ഗൗതമബുദ്ധൻ തന്റെ സാഹിത്യം മുഴുവൻ ജനങ്ങളുടെ ഭാഷയായ പാലിയിൽ ആക്കിയത്. ഭാഷയുടെ ജനാധിപത്യം ഏതൊരു പുരോഗമന ്രപവർത്തനത്തിന്റെയും അടിസ്ഥാന ശിലയാണ്. ഇതിന് നേതൃത്വം നൽകാനുള്ള ചുമതല ദേശീയ പ്രസ്ഥാനത്തിനുണ്ടായിരുന്നു. കാഴ്ചപ്പാടുകളിലെ പരിമിതി നിമിത്തം അവർക്കത് നിർവഹിക്കാനായില്ല. ഭാഷയുടെ ജനാധിപത്യവൽക്കരണം എന്നത് ബൂർഷ്വാ ജനാധിപത്യവൽക്കരണത്തിന്റെ അടിസ്ഥാന ശിലയാണ്,  എന്നതാണ് ഇടതുപക്ഷ കാഴ്ചപ്പാട്. അത് നിർവഹിക്കേണ്ടത് ബൂർഷ്വാ വ‍ർഗവും അവരുടെ പ്രസ്ഥാനങ്ങളുമാണ്. എന്നാൽ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവാനന്തര കാലത്ത് ബൂർഷ്വാസി ഇത്തരം ജനാധിപത്യവൽക്കരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നില്ലെന്ന് ഇടതുപക്ഷം ലോകമാകെ ശരിയായി വിലയിരുത്തിയിട്ടുണ്ട്. ആ ചുമതല തൊഴിലാളി വർഗം നിർവ്വഹിക്കണം എന്നതാണ് കാഴ്ചപ്പാട്. ഇത് ശൈലജ ടീച്ചറുടെ പാർട്ടി അവരുടെ പരിപാടിയിൽ രേഖപ്പെടുത്തി വെച്ചിട്ടുമുണ്ട്. അതൊക്കെ ഇപ്പോഴും ഏട്ടിലെ പശുവായി കിടക്കുകയാണ്. അത് പുല്ലൊന്നും തിന്നുന്നില്ല. അതുകൊണ്ടാണ് യോഗാദിനചാരണത്തിന് ആർക്കും മനസിലാകാതെ സംസ്കൃതശ്ലോകങ്ങൾ ഇപ്പോഴും ഉപയോഗിക്കേണ്ടി വരുന്നതും മന്ത്രി ഉൾപ്പെടെയുള്ളവർ അസ്വസ്ഥരാകുന്നതും.

അതിസന്പന്നമായ ഭാരതീയ ദർശനങ്ങളുടെയും ശാസ്ത്രത്തിന്റെയും വിജ്ഞാനങ്ങളുടെയും ലോകത്ത് പ്രവേശിക്കാൻ വരേണ്യഭാഷയായ സംസ്കൃതം എന്ന താക്കോൽ മാത്രമേ ഇപ്പോഴും നമ്മുടെ കൈയിലുള്ളൂ. അറിവുകളത്രയും ഏതാനും പേർക്ക് കൈയടക്കി വെയ്ക്കാൻ അനുവദിക്കേണ്ടവയല്ല. ശക്തമായ ജനകീയ ഇടപെടലിലൂടെ ജനങ്ങളുടെ പൊതുസ്വത്തായി മാറ്റേണ്ടവയാണ്. ജനകീയ ജനാധിപത്യ വിപ്ലവത്തിൽ അതിന് വലിയ പങ്ക് നിർവ്വഹിക്കാനുമുണ്ട്. അത് വേണ്ടവിധം നിർവ്വഹിക്കാൻ കഴിയാതിരുന്നത് ഇടതുപക്ഷത്തിന്റെ പരിമിതിയെയാണ് വെളിവാക്കുന്നത്. ഭാഷാ ജനാധിപത്യത്തിന്റെ ഇത്തരം പരിമിതികൾ പലതും ചൂണ്ടിക്കാണിക്കാനാകും. ലോകത്തിലെ ഏറ്റവും മഹത്തരമായ ഭാഷകളിലൊന്നാണ് അറബി. അറബി ഭാഷ കൈകാര്യം ചെയ്ത വിജ്ഞാനം, ദർശനം, സൗന്ദര്യാവിഷ്കാരങ്ങൾ ഒക്കെ മഹത്തരം തന്നെയാണ്. പക്ഷേ ഇന്ത്യയിലെ മനുഷ്യർ ആ ഭാഷ പഠിക്കുന്നില്ല. അതുകൊണ്ട് ഈ അറബി സാഹിത്യത്തിന്റെ അ‍ർത്ഥം മനസിലാക്കാൻ നിവൃത്തിയുമില്ല. എന്നിട്ടും നമ്മുടെ നാട്ടിലെ മുസ്ലീംങ്ങൾ അറബിഭാഷയിലാണ് അവരുടെ ഈശ്വര പ്രാർത്ഥനകൾ, മതഗ്രന്ഥ പാരായണം, ബാങ്കു വിളികൾ ഒക്കെ നിർവ്വഹിക്കുക. മുസ്ലിംങ്ങൾ ഉൾപ്പെടെ വലിയൊരു വിഭാഗത്തിന് അർത്ഥം ഉൾക്കൊണ്ട് ഇതൊക്കെ ഗ്രഹിക്കാൻ കഴിയുന്നുമില്ല. പുരോഹിത വർഗത്തിന്റെ മധ്യസ്ഥതയും ഇടപെടലും അധീശത്വവുമൊക്കെ ഇതിന് ആവശ്യമായി വരുന്നു. അർത്ഥം അറിയാത്തത് കൊണ്ട് ഇവരുടെ പ്രാർത്ഥനകളൊക്കെ ദേശവിരുദ്ധമാണ് എന്ന് പ്രചരിപ്പിക്കാനും വർഗീയ ശക്തികൾക്ക് കഴിയുന്നു. ഇവയൊക്കെ മലയാളത്തിലായാലെന്ത് എന്ന് ചിന്തിക്കേണ്ടത് ന്യൂനപക്ഷ വിഭാഗങ്ങൾ തന്നെയാണ്. സംസ്കൃതം, അറബി ഉൾപ്പെടെയുള്ള ഭാഷകളിലെ വിജ്ഞാനത്തെ എല്ലാ ജനങ്ങൾക്കും പ്രാപ്യമാകും വിധം ജനാധിപത്യവൽക്കരിക്കേണ്ടത് ഇടതുപക്ഷമാണ്. യോഗ ഉൾപ്പെടെയുള്ള ഭാരതീയ വിജ്ഞാന പാരന്പര്യത്തെ ജനകീയമാക്കാനും അതിന്റെ പൊരുൾ എല്ലാവർക്കും ഉൾക്കൊള്ളാനും കഴിയും വിധം അവയെ വികസിപ്പിച്ചെടുക്കേണ്ട ചുമതല ഇടതുപക്ഷത്തിനുണ്ട്. ഇടതുപക്ഷം അത് നിർവ്വഹിക്കാതിരിക്കുന്പോൾ ഉണ്ടാവുന്ന ശൂന്യതയിലാണ് രാഷ്ട്രീയ ഹിന്ദുത്വം അവരുടെ മറച്ചുവെക്കപ്പെട്ട അജണ്ടകൾ നടപ്പിലാക്കുന്നത്.

You might also like

Most Viewed