ആർ­ത്തി­ തീ­രാ­ത്ത അധി­കാ­രം


സീൻ ഒന്ന്

മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനം. ജിഷയുടെ ഘാതകരെ പിടികൂടിയ കേരളാ പോലീസിനെ അഭിനന്ദിച്ചു. “തന്റെ കാലത്തെ ഒന്നാം അന്വേഷണ സംഘം പോയ വഴിയിലൂടെ സഞ്ചരിച്ചതു കൊണ്ടാണ് രണ്ടാം അന്വേഷണ സംഘത്തിന് പ്രതിയിലെത്തിച്ചേരാൻ കഴിഞ്ഞത്. അതുകൊണ്ട് ഒന്നാം അന്വേഷണ സംഘത്തെ പ്രത്യേകം അഭിനന്ദിക്കുന്നു. അന്ന് ഒന്നാം അന്വേഷണ സംഘം കണ്ടെത്തിയ ഒരു ജോടി ചെരുപ്പുകളാണ് തെളിവിന്റെ ലോകം തുറന്നത്. തന്നെ ചെരിപ്പ് കണ്ടെത്തിയ ആഭ്യന്തര മന്ത്രി എന്ന് കളിയാക്കിയവർക്കുള്ള ഉത്തരം കൂടിയാണിത്.” മുൻ ആഭ്യന്തരമന്ത്രി മുഖത്ത് പ്രസന്നഭാവം വരുത്താനൊക്കെ പ്രത്യേകം ശ്രദ്ധിച്ചിരുന്നെങ്കിലും ജാള്യതയുടെ കരിമേഘങ്ങൾ എവിടെയൊക്കയോ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. പിന്നീട് പെരുന്പാവൂരിലും കേരളത്തിന്റെ പല കേന്ദ്രങ്ങളിലും കോൺഗ്രസ്, യു.ഡി.എഫ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രകടനങ്ങൾ വാശിയോടെ നടന്നു. കേസ് തെളിയിച്ചതിന് ഉമ്മൻചാണ്ടിക്കും ചെന്നിത്തലക്കുമൊക്കെ അഭിവാദ്യങ്ങൾ നേർന്നു.

 

സീൻ രണ്ട്

സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പത്രസമ്മേളനം. ജിഷാ കേസ് തെളിയിച്ച രണ്ടാം അന്വേഷണസംഘത്തിനും എ.‍ഡി.ജി.പി സന്ധ്യക്കും ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കുമൊക്കെ അദ്ദേഹം അഭിനന്ദനം രേഖപ്പെടുത്തി. േകരളത്തിൽ ഇടതുസർക്കാർ അധികാരത്തിൽ വന്നതുകൊണ്ടു മാത്രമാണ് കേസിന് തുന്പുണ്ടാക്കാൻ കഴിഞ്ഞത്. ഇല്ലെങ്കിൽ രാജേശ്വരി എന്ന അമ്മയുടെ കണ്ണുനീരിന് ഒരു വിലയുമുണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം ജനങ്ങളെ ഓ‍ർമ്മിപ്പിച്ചു. തുടർന്ന് കേരളമങ്ങോളം മുഖ്യമന്ത്രിയേയും ആഭ്യന്തരവകുപ്പിനെയും എ.ഡി.ജി.പിയേയും പോലീസിനെയും സർവോപരി എൽ.ഡി.എഫ് സർക്കാരിനെയും അഭിവാദ്യം ചെയ്ത് ഡി.വൈ.എഫ്.ഐ, സി.പി.ഐ(എം) പ്രകടനങ്ങൾ.

 

സീൻ മൂ-ന്ന്

മരണപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിനെ അണിനിരത്തി ബി.ജെ.പിയുടെ പത്രസമ്മേളനം. സംസ്ഥാന വൈസ് പ്രസിഡണ്ട് വേലായുധനും പത്രസമ്മേളനത്തിൽ. ജിഷാ  കേസന്വേഷണം ഇടതു വലതു മുന്നണികളുടെ ഒത്തുകളിയാണെന്നും യഥാ‍‍ർത്ഥ പ്രതികൾ ഇപ്പോഴും തിരശീലക്ക് പിറകിലാണെന്നും ഇവരെ രക്ഷിക്കാൻ ഇരുമുന്നണികളും ഗുഢാലോചന നടത്തുകയാണെന്നും ഒരു അന്യസംസ്ഥാന തൊഴിലാളിയെ ബലിയാടാക്കുകയാണെന്നും യഥാർത്ഥ പ്രതികളെ കണ്ടെത്താൻ കേന്ദ്രകുറ്റാന്വേഷണ ഏജൻസിയായ സി.ബി.ഐ യെ കൊണ്ട് അന്വേഷിക്കണമെന്നും ആവശ്യമുയർന്നു. ഈ ആവശ്യമുന്നയിച്ച് ബി.ജെ.പിയുടെ പ്രകടനങ്ങളൊന്നും ഇതുവരെ നടന്നതായി കണ്ടിട്ടില്ല. നടക്കുമായിരിക്കും.

 

ഈ പ്രസ്താവനകളിലൊക്കെ നെല്ലും പതിരുമുണ്ട്. നെല്ലത്ര പതിരെത്ര എന്ന് പറയാറായിട്ടില്ല. പക്ഷേ ഈ പ്രസ്താവനകൾ ഇപ്പോൾ തന്നെ ഉയർത്തുന്ന ചില നൈതിക പ്രശ്നങ്ങളുണ്ട്. ഒന്ന്. 29 വയസുകാരിയായ ഒരു ദളിത് യുവതി, അവസാന വർഷ നിയമവിദ്യാർത്ഥി, അതിദാരുണമായി ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു. ഒരു കനാൽ പുറന്പോക്കിെല സുരക്ഷിതമല്ലാത്ത കാലിതൊഴുത്തിന് സമാനമായ വീട്ടിൽ കഴിഞ്ഞു കൂടുന്നതിന് നിർബന്ധിതമായിരുന്നു അവൾ. കത്തിപോലുള്ള ആയുധം കൈവശം വെച്ചുകൊണ്ട് അരക്ഷിതമായ ഉറക്കമായിരുന്നത്രേ അവൾക്ക് വിധിച്ചിരുന്നത്. ദാരിദ്ര്യത്തിനിടയിലും ഒരു പെൻ സ്പൈ ക്യാമറ അവർ കൊണ്ടുനടക്കുമായിരുന്നത്രേ! സ്വന്തം സമൂഹത്തിൽ നിന്നുള്ള അതിക്രമങ്ങളെ പ്രതിരോധിക്കാൻ അവ‍ർ കൊണ്ടുനടന്നിരുന്ന കത്തിയും സ്പൈ ക്യാമറയുമൊന്നും അവസാനം അവരുടെ രക്ഷക്കുതകിയില്ല. തന്റെ പെൺ ശരീരത്തെ രക്ഷിച്ചെടുക്കുന്നതിൽ ആ പെൺകുട്ടി ദയനീയമായി പരാജയപ്പെട്ടു. നിങ്ങളിനി എ്രതയൊക്കെ നീതി നടപ്പിലാക്കിയാലും ആ പെൺകുട്ടിക്ക് ജീവിതം തിരിച്ചു കിട്ടില്ല. അവരുടെ പടം ഒരു ചോദ്യചിഹ്നം പോലെ ഇനിയും കുറച്ചു നാളുകൾ മാത്രം, നമ്മുടെ പൊതു ഇടങ്ങളിലൊക്കെ പതിച്ചുവെച്ചിട്ടുണ്ടാവും. പിന്നീടത് കീറിയും പറിഞ്ഞും മഴ നനഞ്ഞ് അഴുകിയുമൊക്കെ നശിച്ചുപോകും. അപ്പോഴേക്കും നമ്മൾ ഈ സംഭവങ്ങളൊക്കെ മറക്കും. നമ്മുടെ ഏത് രാഷ്ട്രീയപാർട്ടിയാണ് നല്ലത് മോശം എന്നൊക്കെ തർക്കിക്കാനും, നമുക്ക് സങ്കടപ്പെടാനും രോഷം കൊള്ളാനുമൊക്കെയായി പുതിയ സംഭവങ്ങൾ എത്രയോ കടന്നുവരും. അപ്പോൾ പുതിയ ഇരകൾക്ക് വേണ്ടി നാം സംഭാവനകൾ ശേഖരിക്കുകയോ വീട് നിർമ്മിച്ചു നൽകുകയോ ചെയ്യും. സിനിമാനടന്മാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ഇരകളുടെ വീട് സന്ദർശിക്കുകയും ചെയ്യും.

23 വയസുകാരനായ അമീറുൽ ഇസ്ലാം എന്ന് പേരായ ഒരു അന്യസംസ്ഥാന തൊഴിലാളിയാണ് കൊല നടത്തിയത് എന്ന് പോലീസ് പറയുന്നു. ഇയാൾ ഇന്ത്യൻ പൗരത്വമുള്ള ഒരു കുടുംബത്തിലെ അംഗമാണെങ്കിലും പണ്ട് ബംഗ്ലാദേശ് അഭയാർത്ഥിയായി ഇന്ത്യയിലേക്ക് പറിച്ചെറിയപ്പെട്ട ഒരു കുടുംബത്തിൽ പെട്ടതാണ്. അതിദയനീയമാണ് ഇയാളുടെ കുടുംബ പശ്ചാത്തലം. ഇയാൾ പ്രായപൂർത്തിയാകുന്നതിന് മുന്പ് ഒരു വിവാഹം കഴിച്ചിട്ടുണ്ടത്രേ! പിന്നീട് 32 വയസുള്ള മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. അതിൽ ഒരു കുട്ടിയുണ്ട്. പിന്നീട് വീണ്ടും മറ്റൊരു വിവാഹം കൂടി കഴിച്ചിട്ടുണ്ട്. സ്ത്രീ ശരീരത്തിന് വേണ്ടിയുള്ള ആർത്തി, മദ്യാസക്തി ഒക്കെ ഇയാളുടെ വികലമായ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. കുറ്റവാസന, ഇരയെ മുറിവേൽപ്പിക്കൽ എന്നിവയിലൊക്കെ ഇയാൾ ആനന്ദം കണ്ടെത്തിയിരുന്നു. ഇങ്ങ് തെക്കെ അറ്റത്തെ കേരളം എന്ന കൊച്ചു സംസ്ഥാനത്ത് കായിക ജോലികൾ ഒന്നും ചെയ്യാൻ ആളില്ലെന്നും അവിടെയെത്തിയാൽ ധാരാളം തൊഴിൽ ലഭിക്കുമെന്നും പണമുണ്ടാക്കാമെന്നും കരുതി ഇവിടെയെത്തിയതാണ് ഈ ചെറുപ്പക്കാരൻ. 

കേരളം എന്ന രാഷ്ട്രീയ പ്രബുദ്ധതയുടെ കൊച്ചു സംസ്ഥാനത്ത് കായികമായി അദ്ധ്വാനിക്കാൻ മലയാളികളാരും സന്നദ്ധമാകുന്നില്ല. കൃഷി പ്രധാനമായും ഫേസ്ബുക്കിലാണ്. സമൂഹത്തിനു വേണ്ടിയുള്ള ഉല്പാദനം എന്നതിലുപരി ആദർശകൃഷി എന്ന നിലയിൽ ജൈവകൃഷി ഒരു ഫാഷനായി നിലനിൽക്കുന്നുണ്ട്. പക്ഷേ ബാർബർ ഷാപ്പുകൾ, ചായക്കടകൾ, ഹോട്ടലുകൾ, മറ്റ് കച്ചവട കേന്ദ്രങ്ങൾ, മത്സ്യബന്ധനം, നിർമാണ മേഖല തുടങ്ങി അഴുക്കു പുരളുന്നതോ, ഉയർന്ന സാമൂഹ്യ പദവി ലഭ്യമല്ലാത്തതോ ആയ എല്ലാ തൊഴിലും ചെയുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. അവർ കൂട്ടത്തോടെ വന്ന് തൊഴിൽ െചയ്ത് ലഭിക്കുന്ന പണം അന്നന്ന് ബാങ്കുകളിലെ ഡിജിറ്റൽ ഡിവൈസസ് വഴി നാട്ടിലേക്ക് അയയ്ക്കുന്നു. സ്വാഭാവികമായും ദാരിദ്ര്യം മൂലമോ കുറ്റകൃത്യങ്ങളിലും മറ്റും അകപ്പെടുകയാലോ സ്വന്തം നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുകയും ചെയ്യുന്പോഴാണ് ഇവർ ദേശാന്തര ഗമനം നടത്തുക. കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ഉയർന്ന കൂലിയും ഇവർക്ക് പ്രചോദനമാകും. ഇങ്ങനെയെത്തുന്നവർ എത്തരക്കാരാണ് എന്നന്വേഷിക്കാനുള്ള യാതൊരു സംവിധാനവും ഇപ്പോൾ കേരളത്തിലില്ല. ഇവരെക്കൊണ്ട് തൊഴിൽ ചെയ്യിപ്പിക്കുന്ന മേസ്തിരിമാരായി നിന്ന് വലിയ ചൂഷണം നടത്തുന്ന മലയാളികളായ ഇടനിലക്കാരെ നിയന്ത്രിക്കാൻ ഇന്ന് സംവിധാനമില്ല. ഇവർക്ക് നാമമാത്രമായ തുക നൽകി കടുത്ത ചൂഷണം ഈ രംഗത്ത് നടക്കുന്നുണ്ട്. ട്രേഡ് യൂണിയനുകളൊക്കെ കേവലമായ പ്രമേയങ്ങൾ അവതരിപ്പിക്കുകയല്ലാതെ ഇവർക്കിടയിൽ ്രപവർത്തിക്കാൻ സന്നദ്ധരാകുന്നില്ല. കാരണം ഇവരിൽ മിക്കവർക്കും നാട്ടിൽ തന്നെയാണ് വോട്ടവകാശം. ഭാഷാപരമായ പരിമിതികളുമുണ്ട്. ഇവർ താമസിക്കുന്ന ഇടങ്ങൾ അങ്ങേയറ്റം വൃത്തിഹീനങ്ങളാണ്. ഒരു കുടുസ്സുമുറിയിൽ ധാരാളം പേരെ ഒരുമിച്ച് താമസിപ്പിച്ച് എല്ലാവരോടും പ്രത്യേകം പ്രത്യേകം വാടക പിരിച്ച് വൻ തുക ഉടമകൾ പിഴിഞ്ഞെടുക്കുന്നു. സ്വാഭാവികമായും നല്ല കുടിവെള്ളം, മലിനമാകാത്ത വായു, അലക്കാനും കുളിക്കാനുമുള്ള സൗകര്യങ്ങൾ, ശൗച്യാലയങ്ങൾ, ഒക്കെ ഇവർക്ക് നിഷേധിക്കപ്പെടുന്നു. കേരളം നിർമാർജനം ചെയ്തതായി അവകാശപ്പെടുന്നതുൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ വാഹകരായി ഇവർ മാറുന്നുണ്ട്. ഇവരുടെ ക്യാന്പുകൾ രോഗങ്ങളുടെ വിതരണ കേന്ദ്രങ്ങളായി തീരുന്നു. ലഹരി വസ്തുക്കൾ, പുകയില, കഞ്ചാവ്, മദ്യം എന്നിവയുടെ അമിതമായ ഉപയോഗത്തിലൂടെയാണ് ഇവർ അല്പമെങ്കിലും സുഖം കണ്ടെത്തുന്നത്. ആനന്ദകരമായ സ്ത്രീപുരുഷ ബന്ധങ്ങൾക്ക് അവസരമില്ലാത്തതുകൊണ്ട് ലൈംഗിക വൈകൃതങ്ങൾക്കും പണം നൽകിയുള്ള ശാരീരിക ബന്ധങ്ങൾക്കും ഇവർ ശ്രമിക്കുന്നു. തൊഴിൽ തേടി എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ജന്മനാ കുറ്റവാസനയുള്ളവർ ധാരാളമുണ്ട്്. അത്തരക്കാർ ഇവിടെ പണത്തിന് വേണ്ടിയും ലഹരിക്ക് വേണ്ടിയും സ്ത്രീശരീരത്തിന് വേണ്ടിയുമൊക്കെ കുറ്റകൃത്യങ്ങളിലേ‍‍ർപ്പെടാനുള്ള സാധ്യത അവഗണിക്കാനാവില്ല.

ഇത്തരം ഗൗരവതരമായ പ്രശ്നങ്ങൾ പരിഗണിക്കുകയും അതിനുള്ള പരിഹാരങ്ങൾ കണ്ടെത്തുകയുമാണ് യഥാർത്ഥത്തിൽ രാഷ്ട്രീയപാർട്ടികളുടെ കടമ. ബ്രിട്ടീഷ് കൊളോണിയൽ നുകം വലിച്ചെറിഞ്ഞിട്ട് ഏഴ് പതിറ്റാണ്ട് പൂ‍‍ർത്തിയാക്കുന്ന രാജ്യമാണിന്നിന്ത്യ. അത്തരം ഒരു രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങളായ ദളിതുകൾ, ആദിവാസികൾ തുടങ്ങിയവരുടെ ജീവിതാവസ്ഥ ദയനീയവും ഭയാനകവുമാണ്. നമ്മുടെ രാജ്യം ഭരിച്ച രാഷ്ട്രീയപാർട്ടികളും അവരുടെ നയസമീപനങ്ങളുമായിരിക്കണമല്ലോ ഇതിന് ഉത്തരവാദിത്വം ഏൽക്കേണ്ടത്. പ്രകൃതി സന്പത്ത് മുഴുവനും, മൂല്യനിർമ്മിതിയിൽ അത്ഭുതങ്ങൾ കാഴ്ച വെക്കാൻ കഴിയുന്ന മനുഷ്യന്റെ അദ്ധ്വാനശേഷിയും,  മുഴുവൻ കോർപ്പറേറ്റുകൾ കൊള്ളയടിക്കുന്നത് മൂലമാണിത് സംഭവിക്കുന്നത് എന്നത് ധനതത്വശാസ്ത്രത്തിന്റെ പ്രാഥമിക പാഠം. സ്വാതന്ത്ര്യസമരകാലത്തെ കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യം മുഴക്കിയ കോൺഗ്രസാണ് ഇന്ത്യയും കേരളവുമൊക്കെ ദീർഘകാലം ഭരിച്ചത്. പക്ഷേ ഭൂപരിഷ്കരണം ഉൾപ്പെടെയുള്ള അടിസ്ഥാനപരവും അടിത്തട്ടിൽ ഫലമുളവാക്കുന്നതുമായ പരിഷ്കാരങ്ങൾക്കൊന്നും അവർക്ക് താൽപര്യമുണ്ടായിരുന്നില്ല. ‘നവ ഉദാരവൽക്കരണം’ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന കോ‍‍ർപ്പറേറ്റ് അനുകൂല സാന്പത്തിക പരിപാടി മത്സരിച്ച് നടപ്പിലാക്കുകയായിരുന്നു അവർ. ഇപ്പോൾ കോൺഗ്രസിനേക്കാൾ വാശിയോടെ അതേവഴിയിലൂടെ സഞ്ചരിക്കുകയാണ് ബി.ജെ.പി. പിശാചിന്റെ സാമ്രാജ്യമായ അമേരിക്കയുടെ ഒരു സാമന്തരാഷ്ട്രമായി, ഒരു ജൂനിയർ  പാർട്്ണറായി ഇന്ത്യയെ മാറ്റിയെടുക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ഊരു ചുറ്റുകയാണ്. തൊഴിലാളി വർഗത്തിന്റെയും ജനങ്ങളുടെയും പക്ഷത്ത് നിന്ന് പ്രശ്നങ്ങളെ സമീപിക്കുന്ന ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള സംസ്ഥാനമാണ് കേരളം. ജനങ്ങളുടെ പ്രശ്നങ്ങളേറ്റെടുത്ത് ശക്തമായ ജനകീയ സമരങ്ങൾ അവർ വളർത്തിയെടുത്തിട്ടുണ്ട്. അധികാരത്തിലിരുന്നപ്പോൾ ഭൂപരിഷ്കരണങ്ങൾ ഉൾപ്പെടെ അടിസ്ഥാന ജനതയുടെ ജീവിതം മെച്ചപ്പെടുത്താനുതകുന്ന നിയമനിർമ്മാണങ്ങൾ അവ‍ർ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഇടതുപക്ഷം പല തവണയായി കേരളത്തിൽ അധികാരം കയ്യാളുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും കേരളത്തിലുൾപ്പെടെ ആദിവാസികളുടെയും ദളിതുകളുടെയും ജീവിതം മെച്ചപ്പെടുത്താൻ കഴിയാത്തത് എന്തുകൊണ്ടായിരിക്കും? ഇടതുപക്ഷം നടപ്പിലാക്കിയ ഭൂപരിഷ്കരണത്തിന് അടിസ്ഥാനപരമായ ഒരു പരിമിതിയുണ്ടായിരുന്നു. അത് കർഷകർക്ക് ഭൂമി നൽകിയെങ്കിലും കർഷക തൊഴിലാളികൾക്ക് (ദളിതർ, ആദിവാസികൾ) ഭൂമി നൽകിയില്ല. ഇത് ഒന്നാം ഭൂപരിഷ്കരണത്തിന്റെ ഗൗരവമായ പരിമിതിയായിരുന്നു. ഭൂപരിഷ്കരണത്തിന്റെ തുടർച്ചയായി ഏറ്റെടുക്കേണ്ട കാർഷിക പരിഷ്കരണ നടപടികളൊന്നും കേരളത്തിൽ ഏറ്റെടുക്കപ്പെട്ടില്ല. അതോടെ ഭൂമി കൃഷിക്കുള്ളതല്ലാതായി. കൃഷി അന്യം നിന്നു. ഭൂമി വീണ്ടും കോർപ്പറേറ്റുകൾ, റിസോർട്ട് മാഫിയ, റിയൽ എേസ്റ്ററ്റ് മാഫിയ എന്നിവരുടെ കൈകളിലായി. പരിസ്ഥിതി വലിയ തോതിൽ തകർക്കപ്പെട്ടു. പുറം വരുമാനം കൊണ്ട് (ഗൾഫ്) പുളക്കുന്ന ഇടത്തരക്കാരന്റെ സുഖഭോഗങ്ങൾക്ക് മുൻഗണന ലഭിച്ചു. ഫലത്തിൽ ദളിതരും ആദിവാസികളും ഭൂരഹിതരായി പുറന്പോക്കുകളിലും (കായൽ, റവന്യൂ, കനാൽ, വനം) കോളനികളിലും താമസിക്കുന്ന പാർശ്വവൽകൃത സമൂഹമായി. അതുകൊണ്ടാണ് മദ്യപാനിയായ ഒരച്ഛന്റെ മകളായി പിറന്ന ജിഷ, അരക്ഷിതമായി ജീവിക്കേണ്ടി വന്നത്. ഒരമ്മയുെട സ്വാഭാവികമായ പ്രതീക്ഷക്കനുസരിച്ച് മക്കളെ വളർത്താൻ ശേഷിയില്ലാതെ അവർ വിക്ഷുബ്ധമായ ഒരു മനസിന്റെ ഉടമയായിത്തീരുന്നു. തന്റെ ചുറ്റുപാടുമുള്ള ലോകം, സഹജീവികൾ ഏത് നിമിഷവും തന്റെ മകളെ പിച്ചിച്ചീന്തുമെന്ന് അവ‍ർ ഭയപ്പെടുന്നു. ഒരു ദിവസം പോലും സ്വസ്ഥമായൊന്നുറങ്ങാൻ അവർക്ക് കഴിയുന്നില്ല. അവസാനം തലയിണക്കിടയിൽ വെച്ച കൊടുവാളോ, പെൻക്യാമറയോ ഒന്നും രക്ഷക്കെത്താതെ മകൾ പൈശാചികമായി ബലാത്സംഗം ചെയ്യപ്പെടുകയും മൃതദേഹം വികൃതമാക്കപ്പെടുകയും ചെയ്യുന്നു. എന്നിട്ടും സഹപാഠികളായ നിയമവിദ്യാർത്ഥികൾ ബഹളം വെക്കുന്നതുവരെ അത് പുറംലോകം അറിയാതെ പോകുന്നു. നമ്മുടെ നാട്ടിലെ നിയമസംവിധാനം, പോലീസ്, ഒന്നും ഒരു പട്ടി ചത്താൽ കാണിക്കുന്ന ജാഗ്രത പോലും ദളിതയായ നിയവിദ്യാർത്ഥിയുടെ കാര്യത്തിൽ കാണിച്ചില്ല.

അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയതിൽ അഭിമാനം കൊള്ളുന്ന നാടാണ് നമ്മുടെത്. ഗ്രാമപഞ്ചായത്ത് മെന്പർ (തൊട്ടരുകിൽ) ബ്ലോക് പഞ്ചായത്ത് മെന്പർ, ജില്ലാ പഞ്ചായത്ത് മെന്പർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, എം.എൽ.എ, എം.പി തുടങ്ങി വികേന്ദ്രീകൃതാധികാരത്തിന്റെ ഒരു വലിയ ശൃംഖല ജിഷക്കു ചുറ്റുമുണ്ടായിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ പ്രദേശിക ഘടകങ്ങൾ, യുവജനസംഘടനകൾ, മഹിളാ സംഘടനകൾ, സന്നദ്ധസംഘടനകൾ, തുടങ്ങി ‘ജനസേവനം’ മാത്രം ലക്ഷ്യമായ ധാരാളം സംഘടനകൾ ഉണ്ടായിരുന്നു. പക്ഷേ ഇവയൊന്നിൽ നിന്നും ജിഷക്കും കുടുംബത്തിനും ഉപദ്രവങ്ങളല്ലാതെ സഹായമൊന്നും ലഭിച്ചിട്ടില്ല. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളോട് നമ്മുടെ അധികാര രാഷ്ട്രീയ സംവിധാനങ്ങൾ എങ്ങിനെ ഇടപെടുന്നു എന്ന് ഇത് വ്യക്തമാക്കുന്നുണ്ട്.

പക്ഷെ ഇതൊന്നും തിരിച്ചറിയാൻ ശേഷിയില്ലാത്ത വിധം ഒരു സമൂഹം ഷണ്ധീകരിക്കപ്പെടുന്നു. മാധ്യമങ്ങൾ ഇതിൽ പ്രധാന ചുമതലകൾ നിർവഹിക്കുന്നു. ഒരു നാളത്തേക്ക് ലഹരിയുള്ള വാർത്തകൾ മാത്രമായി ഇത് നിർജീവമാകുന്നു. ജിഷമാരുടെ മൃതദേഹങ്ങൾ പകുത്ത് തിന്നിട്ടും വിശപ്പടങ്ങാത്ത അധികാരം ആ കൊലയുടെ പേരിലും വോട്ട് ചോദിക്കുന്നു. എന്ത് ഭക്ഷിച്ചാലും ആർത്തി തീരാത്ത ബകന്മാരായി നമുക്ക് മുന്പിൽ വീണ്ടും വീണ്ടും അത് നാവു നീട്ടുന്നു.

You might also like

Most Viewed