എന്തതി­ശയമേ­ ഈ ഹൈ­ക്കമാ­ൻ­ഡ്...?


ഈ ത്രിമൂർത്തി സങ്കൽപ്പം കേവലം തത്വചിന്തയുടെ ഭാഗം മാത്രമായി ആരും ചുരുക്കി കാണണ്ട. ലോകത്തെ പ്രശസ്തമായ ചിന്താപദ്ധതികളിലാകെ ഈ ട്രിനിറ്റി സങ്കൽപ്പമുണ്ട്. ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്ന നിലയിൽ; സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയുടെ അധിപന്മാരായി ഇവരെ അവരോധിക്കപ്പെട്ടത് ഭാരതീയ തത്വചിന്തയിലാവാം. ആയിക്കോട്ടെ, ഇത്രയും അർത്ഥ സന്പുഷ്ടവും വിശാലവുമായ ഒരു കാഴ്ചപ്പാട് അതിന്റെ മൂലധർമ്മത്തിൽ തിരിച്ചറിയാനും ഉൾക്കൊള്ളാനും പ്രാവർത്തികമാക്കാനും സാധിച്ചവ‍ർ കേരളത്തിലെ കോൺഗ്രസുകാരെപ്പോലെ മറ്റാരുണ്ട്? ഉമ്മൻചാണ്ടി, െചന്നിത്തല, സുധീരൻ. എന്ന് പറഞ്ഞാൽ അത് ശരിയോ എന്നൊരു പ്രശ്നമുണ്ട്. ഇനിയിപ്പോൾ ചെന്നിത്തല, ഉമ്മൻചാണ്ടി, സുധീരൻ എന്ന് പറയണം എന്ന് ശഠിക്കുന്നവർ കോൺഗ്രസിലുമുണ്ട്. കെ.പി.സി.സി പ്രസിഡണ്ട് എന്ന നിലയിൽ സുധീരൻ ആണ് ഇനിയിപ്പോൾ ഒന്നാം സ്ഥാനത്ത്, അതുകൊണ്ട് സുധീരൻ, ചെന്നിത്തല, ഉമ്മൻചാണ്ടി എന്നാണ് പറയേണ്ടത് എന്ന വാദക്കാരായി ചിലരിപ്പോൾ നടപ്പുണ്ട്. ഇത്തരം തർക്കങ്ങൾ അനന്തമായി തുടരുകയും ചെയ്യും. ഈ ത്രിമൂർത്തി സങ്കൽപ്പത്തിന് മാറ്റം പാടില്ല എന്ന് ഹൈക്കാമാൻഡ് ശഠിക്കുന്നതിൽ ചില‍ർക്ക് നീരസമുണ്ട്. ത്രിമൂർത്തി സങ്കൽപ്പത്തിന്റെ പ്രധാന്യം കേരളത്തിലെ കോൺഗ്രസുകാരെ ബോധ്യപ്പെടുത്താൻ ഇവരെ ഇടയ്ക്കിടക്ക് ഡൽഹിയിലേയ്ക്ക് വിളിപ്പിക്കും. അവർക്ക് ഗുലാംനബി ആസാദോ മുകൾ വാസനിക്കോ ഒക്കെ ക്ലാസെടുക്കും. എ.ഐ.സി.സി ആപ്പീസിൽ സമൃദ്ധമായി കഞ്ഞിയും കാപ്പിയും കൊടുക്കും. തിരിച്ചു പോകാൻ നേരത്ത് പൊറോട്ട പയ്യനെയും അത്യാവശ്യമാണെങ്കിൽ മദാമ്മ ഗാന്ധിയെയും മുഖം കാണിക്കും. അവരുടെ പ്രസന്നവദനം കാണുന്പോഴേ ഒരു മനസമാധാനം കൈവരൂ. കേരളത്തിൽ ഉണ്ട് എന്ന് തോന്നുന്ന പ്രശ്നങ്ങളൊക്കെ മായയാണെന്നും അതിനു കാരണം സ്വന്തം അജ്ഞാനമാണെന്നും അവർ തിരിച്ചറിയും. അപ്പോൾ തന്നോടു തന്നെ കുറ്റബോധം തോന്നും. താൻ ഇങ്ങനെ മായാമോഹങ്ങൾക്കകത്ത് അകപ്പെട്ടു പോയല്ലോ എന്ന കുണ്ഠിതം ഇവരിൽ നിറയും. ഈ വ്യവഹാര ലോകം മുഴുവൻ മായയാണെന്നും യഥാർത്ഥത്തിൽ ഉള്ളത് ഹൈക്കമാൻഡ് മാത്രമാണെന്നും തിരിച്ചറിയും. അങ്ങിനെ ആത്മീയചൈതന്യം ഒക്കെ വീണ്ടെടുത്ത് പുറത്ത് കടക്കുന്പോഴായിരിക്കും ചപ്പില പൂതങ്ങളെപ്പോലെ കുറെയെണ്ണം വട്ടമിടുക. അവരുടെ കൈയിലൊരു കുന്ത്രാണ്ടം ഉണ്ട്. ഉരുണ്ടിട്ടാണോ എന്ന് ചോദിച്ചാൽ അതേ എന്നുത്തരം. ഉറപ്പിച്ചു ചോദിച്ചാൽ അല്ല എന്നാവും ഉത്തരം. ഇനി നീണ്ടിട്ടാണോ എന്ന് ചോദിച്ചാലും ഇതേ ഗതി. ചതുരത്തിലാണോ എന്ന് ചോദിച്ചാലും അതെയെന്നും അല്ലെന്നും പറയാം. അതൊരു വല്ലാത്ത സാധനം തന്നെയാണ്. അത് മുഖത്തിനു നേരെ പിടിച്ചു കഴിയുന്പോൾ ഒരു പരവേശം വരും. ആനയെ ചൂണ്ടാണി മർമ്മം കാണിച്ചു വരച്ചവരയിൽ നിർത്തുന്ന ആന മർമ്മജ്ഞരെ കുറിച്ച് കേട്ടിട്ടുണ്ട്, കണ്ടിട്ടില്ല. ഏതാണ്ടിത്തരമൊരു പരുവമാകും. ചില ഹിപ്നോട്ടിക് വിദഗ്ദ്ധന്മാർ ആളുകളെ കൊണ്ട് കോലം കെട്ടിക്കുന്നത് കണ്ടിട്ടില്ലേ? അതുമാതിരി ഒരു അവസ്ഥയാകും. പിന്നെ ആടും, പാടും, പ്രസംഗിക്കും, ശരണം വിളിക്കും, എന്തും ചെയ്യും. ഏതാണ്ടിതുപോലെയാണീ മാധ്യമ സുഹൃത്തുക്കൾ. മായാമോഹങ്ങളിൽ നിന്നൊക്കെ വിരക്തി നേടി യഥാർത്ഥ സച്ചിദാനന്ദത്തിലെത്തിയ, ബ്രഹ്മം മാത്രമാണ് ശരി എന്ന് തിരിച്ചറിഞ്ഞ് പുറത്തിറങ്ങിയ നേതാക്കളെ, ഇവരാകെ കൊഴപ്പിച്ചു കളയും. മായാലോകത്തെ വ്യവഹാരങ്ങളെക്കുറിച്ചായിരിക്കും ചോദ്യങ്ങളൊക്കെ. മറുപടി പറയാതെ നിവൃത്തിയില്ല. അത് കഴിയുന്പോഴേക്കും വേതാളം പഴയതുപോലെ മരത്തിൽ തൂങ്ങിയിരിക്കും. കാര്യങ്ങളൊക്കെ പഴയതു പോലെ തനിയാവർത്തനങ്ങളാകും. ഇതിൽ നിന്ന് രക്ഷനേടി മായാമോഹങ്ങളിൽ നിന്നു പുറത്തു കടക്കാൻ ആഗ്രഹിച്ച് ഗുലാം നബിയേയോ മുകുൾ വാസനിക്കിനിയോ ഒന്നു കൂടി കാണാമെന്ന് ധരിച്ച് എ.ഐ.സി.സി ആസ്ഥാനത്തോട്ട് തിരിച്ചു കയറിയാൽ കഞ്ഞിയും കാപ്പിയും വീണ്ടും സമൃദ്ധമായി കിട്ടും. പക്ഷേ ഉപദേശം കിട്ടില്ല. അവരപ്പോൾ ആന്ധ്രയിലോ ആസാമിലെയോ കോൺഗ്രസ് നേതാക്കൾക്ക് ക്ലാസെടുക്കുകയായിരിക്കും. പിന്നെ വീണ്ടും ഒരു ഊഴം ഒത്തുകിട്ടണമെങ്കിൽ രണ്ട് മൂന്നു മാസം പിടിക്കും. അപ്പോൾ പിന്നെ രക്ഷയില്ല. അടുത്ത ഫ്ളൈറ്റിന് കേരളത്തിലേയ്ക്ക് വെച്ചുപിടിക്കും. ഇവിടെയെത്തുന്പോഴേക്കും എല്ലാം പഴയപടി. ഒന്നിനും ഒരു മാറ്റവുമില്ല. നേതൃമാറ്റം, പുനഃസംഘടന, ശൈലീമാറ്റം, പരാജയം അന്വേഷിക്കൽ, പരസ്യപ്രസ്താവന വിലക്കൽ എല്ലാം പഴയപടി ആവർത്തിക്കും. കെ.പി.സി.സി ആസ്ഥാനത്തെ കഞ്ഞിവെപ്പുകാരും അടിച്ചുതളിക്കാരുമൊക്കെ കർമ്മനിരതരാകും.

കോൺഗ്രസിൽ ആദ്യം സംശയങ്ങൾ മുളപൊട്ടി വിരിയുന്നതിന് ചില പ്രത്യേക ആളുകളുണ്ട്. അതിലൊന്നാണ് കെ.സുധാകരൻ. തൊട്ടുപിന്നാലെ എം.എം ഹസന്റെ തലയിൽ സംശയം ഉണ്ടാകും. പിന്നെ കെ. മുരളീധരന്റെ തലയിൽ സംശയങ്ങൾ കിളിർത്തു വരും. ഇതൊക്കെ കഴിയുന്പോൾ കാണാം തിരുവഞ്ചൂരിന്റെ തല പിളർന്ന് സംശയങ്ങൾ പുറത്തുവരുന്നത്. പക്ഷേ അദ്ദേഹം സംശയങ്ങൾ പ്രകടിപ്പിക്കുന്നത് കൊണ്ട് വലിയ ദോഷമില്ല. പറഞ്ഞ് പറഞ്ഞ് വരുന്പോൾ അതാ‍‍ർക്കും മനസിലാകണമെന്നില്ല. ഈ ത്രിമൂർത്തികളെ മാത്രം വിളിച്ച് എ.ഐ.സി.സി ആപ്പീസിൽ കഞ്ഞിയും പുഴുക്കും കാപ്പിയുമൊക്കെ വിളന്പുന്നതിൽ കടുത്ത ആക്ഷേപമുള്ളയാളാണ് തിരുവഞ്ചൂ‍ർ. ഇനി വിളിച്ചില്ലെലും അങ്ങോട്ട് ചെന്ന് ചിലത് പറഞ്ഞു കളയാം എന്ന് കരുതി കെ.പി.സി.സി ചിലവിൽ ഫ്ളൈറ്റ് ബുക്ക് ചെയ്ത് അങ്ങേരും ഡൽഹിയിലെത്തി. എ.ഐ.സി.സി ആസ്ഥാനത്തെ കേരള ചുമതലയുള്ള പൂജാരിമാരെയൊക്കെ കണ്ട് വണങ്ങാൻ അവസരം ഒത്തുകിട്ടി. മുഖ്യപ്രതിഷ്ഠകളെ തൊഴാനൊന്നും അവസരം കിട്ടിയില്ലെന്നും അതല്ല ഉപപ്രതിഷ്ഠയിൽ അഭിഷേകം നടത്തിയതായും പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ വരവോടെയാണ് കാര്യങ്ങളൊക്കെ ഹൈക്കമാൻഡുകാർക്ക് പിടികിട്ടയത് എന്നും അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്. പണ്ട് അൽപ്പം മന്ദബുദ്ധിയായ മകന് അച്ഛൻ വൈകി വിവാഹം കഴിച്ചുകൊടുത്ത ഒരു കഥയുണ്ട്. ഏതാനും ദിവസം കൊണ്ട് കല്യാണവും ഭാര്യയും രതിസുഖവുമൊക്കെ നന്നായി ആസ്വദിച്ച മകൻ അച്ഛന്റെ ചെപ്പകുറ്റിക്ക് ഒന്നു പൊട്ടിച്ചു. കല്യാണം ഇത്ര സുഖമുള്ള ഒരു കാര്യമായിട്ടും എന്തുകൊണ്ട് നേരത്തെ കഴിച്ചു തന്നില്ല എന്ന് ചോദിച്ചായിരുന്നു അടി. അതുപോലെ ഒന്ന് പൊറോട്ട പയ്യന്റെ കൈയിൽ നിന്ന് തിരുവഞ്ചൂരിന് കിട്ടി എന്നാണ് പറഞ്ഞു കേൾക്കുന്നത്. കേരളത്തിലെ കോൺഗ്രസിനെ രക്ഷപ്പെടുത്താൻ ഇത്ര നല്ല പരിപാടികൾ കൈയിലുണ്ടായിട്ട് എന്തുകൊണ്ട് ഇതുവരെ പറഞ്ഞില്ല എന്ന് ചോദിച്ചായിരുന്നത്രേ അടി. പക്ഷേ തിരുവഞ്ചൂർ പത്രക്കാരോട് പറഞ്ഞതൊന്നും പതിവു പോലെ അദ്ദേഹത്തിനും പത്രക്കാർക്കും നാട്ടുകാർക്കും മനസിലായില്ല എന്നു മാത്രം.

കെ. സുധാകരൻ പിന്നെ കാര്യങ്ങളിലെല്ലാം സ്ട്രൈറ്റ് ഫോർവേ‍‍ഡാണ്. പറയാനുള്ളത് ഖണ്ധിപ്പായും പറഞ്ഞിരിക്കും. ആരെയും കൂസമാട്ടൈ! അതൊരു ഒന്നൊന്നൊര പറച്ചിലായിരിക്കും. ഇപ്പോൾ അവസാനത്തെ ‘പേച്ചി’ തന്നെ നോക്ക്. ഈ പിണറായി വിജയൻ എന്ന കണ്ണൂർക്കാരനായ ചിരിക്കാത്ത ഭൂതത്തെ മുട്ടുകുത്തിക്കാൻ അതിനു പോന്ന തടിമിടുക്കും താക്കത്തുമൊക്കെയുള്ള ഒരുത്തൻ തന്നെ വേണം. അതിനു ഈ ആദർശം ചാലിച്ച് മൂന്ന് നേരം കർക്കിടക കഞ്ഞി കുടിക്കുന്ന വി.എം സുധീരൻ പോരാ എന്ന് ആർക്കാണ് അറിയാത്തത് എന്നാണ് സുധാകരൻ ചോദിക്കുന്നത്. ഇതുപോലും ഹൈക്കമാൻഡുകാർക്ക് മനസിലാകുന്നില്ലെങ്കിൽ ഒരു അഗസ്താ വെസ്റ്റ് ലാൻഡ് ഹെലികോപ്റ്ററിൽ ഇറ്റലിയിലേക്ക് തന്നെ തിരിച്ചു പോകുന്നതാണ് നല്ലത് എന്നാണ്  സുധാകരന്റെ അഭിപ്രായം. ഈ കമന്റ് കേട്ടപ്പോൾ എ.ഐ.സി.സി ആസ്ഥാനത്തെ സ്വന്തം മുറിയിലിരുന്ന് വെറുതെ പൊട്ടിച്ചിരിക്കുന്ന ഗുലാം നബി ആസാദിനോട് തൂപ്പുകാരൻ കാര്യം തിരക്കിയത്രേ! അപ്പോൾ അദ്ദേഹം മൊഴിഞ്ഞത് കേട്ട് തൂപ്പുകാരൻ നിലത്തു കിടന്ന് ചിരിച്ചു. ഡൽഹിയിൽ നരേന്ദ്രമോഡി എന്ന ഫാസിസ്റ്റ് ഭീകരനെ നേരിടാൻ കൈയും തെറുത്ത് കയറ്റി പൊറാട്ട തിന്നു നടക്കുന്ന, ചങ്കുറപ്പുണ്ടാകാൻ ആരുമറിയാതെ മുങ്ങി ധ്യാനത്തിന് പോയ രാഹുൽ എന്ന പയ്യനെ ചുമതലപ്പെടുത്തിയത് മദാമ്മഗാന്ധിയെന്ന ഈ ഹൈക്കമാൻഡ് ആണ്. ഇതിനേക്കാൾ ഭേദമാകില്ലെ പിണറായിയെ നേരിടാൻ സുധീരൻ? പക്ഷേ സുധാകരൻ പറഞ്ഞതിന്റെ പൊരുൾ ഇദ്ദേഹത്തിനും മനസിലായില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ കാടിളക്കി മത്സരിച്ചിട്ടും തോറ്റുപോയി വെറുതെ ഇരിക്കുന്ന തനിക്ക് ഒരവസരം നൽകിക്കൂടെ എന്നാണ് സുധാകരൻ ഉദ്ദേശിച്ചത്. സുധാകരനാണെങ്കിൽ ‘എതിരാളിക്കൊരു പോരാളി’ എന്ന നിലയിലാണല്ലോ കണ്ണൂരിൽ പൊരുതി നിൽക്കുന്നത്. നിലത്തു വീണ കരിയിലയെക്കുറിച്ചാണെങ്കിൽ പോലും  ഒന്നൊന്നൊര കനത്തിലെ മൂപ്പർ സംസാരിക്കൂ. ശരീരം കൊണ്ടും ബുദ്ധി കൊണ്ടും കണ്ണൂരിൽ തനിക്കെതിരാളിയായി അദ്ദേഹം കാണുന്നത് ഇ.പി ജയരാജനെയാണ്. സുമോ ഗുസ്തി കേരളത്തിലും പ്രോത്സാഹിപ്പിക്കണം എന്ന നിലക്കാണല്ലോ ഇടതുമുന്നണി ജയരാജനെ തന്നെ സ്പോർട്സ് വകുപ്പ് ഏൽപ്പിച്ചതും. ചുമതല ഏറ്റ നിമിഷം മുതൽ അദ്ദേഹം കായിക പ്രതിഭകളെയാകെ പോരിന് വിളിക്കുന്നുമുണ്ട്. മുഹമ്മദ് അലി ദിവംഗതനായപ്പോൾ അദ്ദേഹത്തിനിട്ടായിരുന്നു ഇടി. അതുകേട്ട് മുഹമ്മദ് അലി കബർസ്ഥാനിൽ നിന്ന് ഉയിർത്തെഴുന്നേറ്റതായും ജയരാജന്റെ മുഖം ഒന്നുകൂടി ഇടിച്ചു പത്തിരിയാക്കാൻ തീരുമാനിച്ചതായും അശിരീരിയുണ്ട്. പിന്നെ അദ്ദേഹത്തിന്റെ ബയോഡാറ്റ പരിശോധിച്ചപ്പോൾ സങ്കടം വന്ന് അത് ഉപേക്ഷിച്ചതാണത്രേ! ജയരാജനോട് സ്നേഹം തോന്നി കഴുത്തിലണിയാൻ ബുള്ളറ്റുകൾ കൊണ്ടുള്ള ഒരു മാല കൊടുത്തയച്ചതായും അശിരീരിയുണ്ട്. രണ്ടാമതായി ജയരാജന്റെ പിടി വീണത് അർജുന അവാ‍‍ർഡ് ജേതാവ് അഞ്ജു ബോബി ജോർജിന്റെ കഴുത്തിനാണ്.  അവിടെയും സുധാകരൻ രക്ഷക്കെത്തിയില്ലെങ്കിൽ അഞ്ജുവിന്റെ അവസ്ഥ ഇപ്പോൾ എന്താകുമായിരുന്നു? ശരിക്കും ജയരാജനെ വെല്ലുവിളിച്ചുകൊണ്ട് ബോക്സിംഗ് ഫീൽഡിലേക്ക് എടുത്തു ചാടാൻ സുധാകരനല്ലാതെ കേരളത്തിൽ മറ്റാരുണ്ടായിരുന്നു? ബുദ്ധിയിലും തങ്ങൾ രണ്ടുപേരും ഇരട്ട പെറ്റവരാണ് എന്ന് തെളിയിക്കേണ്ട ബാധ്യതയും സുധാകരനുണ്ടായിരുന്നു. അങ്ങിനെയാണ് മുൻ സ്പോർട്സ് വകുപ്പ് മന്ത്രി കൂടിയായ സുധാകരൻ അഞ്ജുവിന് ഭർത്താവിന്റെ സഹോദരനായ ജിമ്മി ജോർജുമായി വിവാഹാലോചന നടത്തികളഞ്ഞത്. അവിടെയൊന്നുമല്ല സുധാകരന്റെ മിടുക്ക് നാം കാണേണ്ടത്. ‘ജിമ്മി ജോർജിന്റെ ഭാര്യയാണെന്നൊന്നും താൻ പറഞ്ഞിട്ടില്ല അതൊക്കെ ഈ മാധ്യമ കുന്ത്രാണ്ടക്കാർ വളച്ചൊടിച്ചതാണ്’ എന്ന് ഒരൊന്നൊന്നര കനത്തിൽ മുഖത്തൊരു ഭാവ വ്യത്യാസവുമില്ലാതെ തട്ടിവിട്ടു കളഞ്ഞു. ബോബി ജോർജിനെയും ജിമ്മി ജോർജിനേയും മാത്രമല്ല അവരുടെ അച്ഛനെ വരെ എനിക്കറിയാം എന്ന് അസന്നിഗ്ദ്ധമായി അദ്ദേഹം പ്രസ്താവിച്ചു. ഒരു തെറ്റും ചെയ്യാത്ത ഭർത്താവിന്റെ അച്ഛനെ കേൾപ്പിച്ചതിൽ അഞ്ജുവിന് സങ്കടമുണ്ടെങ്കിലും ഒന്നും പുറത്തുപറയാൻ പറ്റില്ലല്ലോ. ഇത്രയൊക്കെ പറഞ്ഞതിൽ നിന്ന് കെ.പി.സി.സിയുടെ വൈസ് പ്രസിഡണ്ട് പദം വരെ അലങ്കരിക്കുന്ന സുധാകരനെക്കാൾ കോൺഗ്രസിനെ സംരക്ഷിക്കാൻ മറ്റാരുണ്ട് എന്ന ചോദ്യം ഇപ്പോൾ ഹൈക്കമാൻഡുകാ‍ർ തല പുകഞ്ഞാലോചിക്കുന്നുണ്ടത്രേ. അപ്പോഴാണ് എം.എം ഹസന്റെ രംഗപ്രവേശം. “അച്ഛനാണെ അമ്മയാണെ ചത്തുപോയ മക്കളാണെ എം.എം ഹസൻ ഇന്നു വരെ പാസായിട്ടില്ല” എന്ന് പണ്ട് എസ്.എഫ്.ഐക്കാർ മുദ്രാവാക്യം വിളിച്ചത് ഓർമ്മയുണ്ട്. അന്ന് കെ.എസ്.യു ക്കാരുടെ സംസ്ഥാന അദ്ധ്യക്ഷനായിരുന്നു ഹസൻ. അതൊക്കെ പഴയകഥ. ഇപ്പോൾ ഹസനെപ്പോലെ രാഷ്ട്രീയം പഠിച്ച് പാസായവർ മറ്റാരുണ്ട്? അദ്ദേഹത്തിന്റെ മുഖവും ശബ്ദവുമൊക്കെ കാണുന്പോൾ എതിരാളികൾ പലതും പറയുമെങ്കിലും ഇന്ന് കോൺഗ്രസിൽ ജീവിച്ചിരിക്കുന്ന ഏക ഗാന്ധിയല്ലേ അദ്ദേഹം? ഹർത്താൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഉണ്ണാവ്രതമനുഷ്ഠിച്ചവർ കോൺഗ്രസിൽ മറ്റാരുണ്ട്? ഈ മാർക്സിസ്റ്റുകാർ കുടുംബശ്രീ ഉണ്ടാക്കിയപ്പോൾ ജനശ്രീയുണ്ടാക്കി പിടിച്ചുനിൽക്കാൻ ഹസനല്ലാതെ മറ്റാരുണ്ടായിരുന്നു? കോൺഗ്രസിനെ രക്ഷിക്കാൻ ഇതിലേറെ യോഗ്യനായ ഒരാളെ മറ്റെവിടെ നിന്ന് കിട്ടാൻ? ഏക വൈസ് പ്രസിഡണ്ട് വരെ ആയ ആളല്ലേ അദ്ദേഹം. പക്ഷെ ഇതിനൊക്കെ മാർഗ്ഗം തെളിയണമെങ്കിൽ ആ സുധീരൻ ആദർശം തലക്ക് പിടിച്ച് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വെക്കെണ്ടേ? അതിന് എയും ബിയും തലമറന്ന് എണ്ണ തേക്കാൻ തുടങ്ങിയിട്ട് കാലം എത്രയായി? ഒന്നും നടക്കുന്ന മട്ടില്ല. കാരണം ആ പൊറാട്ട പയ്യന് സുധീരനോടുള്ള ആദ‍ർശ പ്രേമം ഇപ്പോഴും ഇറങ്ങിയിട്ടില്ലത്രേ! ചെന്നിത്തല നായരാണെങ്കിൽ പ്രതിപക്ഷ നേതാവായതിന്റെ ആഹ്ലാദത്തിലാണ്. ഇന്നത്തെ പ്രതിപക്ഷ നേതാവല്ലേ നാളത്തെ മുഖ്യമന്ത്രി എന്ന് പത്രക്കാർ ചോദിക്കുന്പോൾ അദ്ദേഹം കാൽനഖം കൊണ്ട് നിലത്ത് ചിത്രം വരക്കുകയായിരുന്നു. അഞ്ചു കൊല്ലം കഴിയുന്പോൾ മുസ്ലിം ലീഗ് ഇടതുമുന്നണിയിലായിരിക്കുമെന്നും ‘കോൺഗ്രസ് പൊടിപോലുമില്ല കണ്ടുപിടിക്കാൻ’ എന്ന പരുവത്തിലാകും എന്നും അറിയാവുന്ന ഒരാളേ കേരളത്തിലുള്ളൂ. ഉമ്മൻഗാന്ധി. അതുകൊണ്ട് അദ്ദേഹം യു.ഡി.എഫ് ചെയർമാൻ പദവി ഏറ്റെടുക്കാതെ വനവാസത്തിന് തയ്യാറെടുക്കുകയാണ്.

ഇനിയിപ്പോ പഴയ കളികളൊക്കെ പൊടിമുട്ടിയെടുത്ത് കളിക്കുക തന്നെ. ്രതിച്ഛായ ചർച്ച, ശൈലീമാറ്റം, നേതൃമാറ്റം, പുനഃസംഘടന എങ്ങിനെയങ്കിലും ചൊറി കുത്തി രണ്ട് മൂന്ന് കൊല്ലം കഴിച്ചു കൂട്ടണ്ടേ? എങ്കിലല്ലേ ഒരു തിരഞ്ഞെടുപ്പിന്റെ ആഹ്ലാദം വരൂ. അന്ന് കോൺഗ്രസുണ്ടാകുമോ, യു.ഡി.എഫ് ഉണ്ടാകുമോ എന്നൊക്കെ ആരറിഞ്ഞു?

You might also like

Most Viewed