ശബ്ദം, വെളിച്ചം, മതിഭ്രമം
‘സുബൈദ’ എന്ന പേരായ ഒരു ബസ്, ഞങ്ങൾക്കൊക്കെ ഏറെ പ്രിയപ്പെട്ടതായി ഉണ്ടായിരുന്നു. മൂന്ന് പതിറ്റാണ്ട് മുന്പാണ്, തെരുവത്ത്കടവിൽ നിന്ന് കോഴിക്കോട്ടേക്കായിരുന്നു അത് ഓടിയിരുന്നത്. കാലത്ത് 5.30ന് ഫസ്റ്റ് ട്രിപ്പ്. കാക്ക പറക്കുന്ന ദൂരം കണക്കാക്കിയാൽ എന്റെ വീട്ടിൽ നിന്ന് എട്ട് കിലോമീറ്റർ കിഴക്കാണ് തെരുവത്തെകടവ്. റോഡിലൂടെ ചുറ്റിവരുന്പോൾ പത്ത് കിലോമീറ്റർ കാണും. അഞ്ചരക്ക് ബസ് പുറപ്പെടുന്പോൾ നീട്ടി ഹോൺ മുഴക്കും. വളരെ വ്യക്തമായി എന്റെ വീട്ടിലും പരിസരങ്ങളിലുമൊക്കെ കേൾക്കാം. അതുകേട്ടാണ് ഞങ്ങളുെട നാട് ഉണരുക. കോഴി കൂവുന്നത് പോലെ. കോഴിക്കോട്ടോ ആശുപത്രിയിലോ ഒക്കെ പോകേണ്ടവർ ഹോൺ മുഴങ്ങുന്നത് കേട്ട് ഉണർന്ന് ഝടുതിയിൽ പ്രഭാതകർമ്മങ്ങളൊക്കെ നിർവഹിച്ച് ഓടി റോഡിലെത്തും. വഴിയിൽ ഓടി വരുന്നവരെ കണ്ടാൽ ബസ് കാത്തുനിൽക്കും. അത് രസമുള്ള കാഴ്ച തന്നെയായിരുന്നു ഊടുവഴികളിലൂടെയൊക്കെ സുബൈദ ബസിനെ പ്രതീക്ഷിച്ച് ഓടിയെത്തുന്ന നാട്ടുകാർ. ആ ബസ് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇപ്പോഴാ ബസില്ല. അതിനെക്കുറിച്ചുളള നല്ല ഓർമ്മകൾ മാത്രം ബാക്കി. ഇതിപ്പോൾ ഓർത്തു പോകാൻ കാരണം നിശബ്ദതയെക്കുറിച്ചുള്ള ചിന്തകളാണ്. പുലർകാലത്തെ നിശബ്ദതയിൽ (Sailence) എട്ട് കിലോമീറ്റർ അകലെ നിന്ന് ബസിന്റെ ഹോൺ മുഴങ്ങുന്നത് വ്യക്തമായി കേൾക്കാമായിരുന്ന ഒരു കാലം അധികമൊന്നും പഴക്കം ചെല്ലാതെ തങ്ങളുെട ഭൂതകാലത്തിലുണ്ട്. അതേപോലെ ഞങ്ങളുടെ വീട്ടിൽ നിന്ന് നാല് കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് അറബിക്കടൽ. ഞങ്ങളുടെ ജീവിതത്തിൽ നിത്യമായ ഒരു മുഴക്കമായി കടലിരന്പമുണ്ടായിരുന്നു. ഒരു മൂളൽ പോലെ എപ്പോഴും ഞങ്ങൾക്കത് കേൾക്കാമായിരുന്നു. മഴക്കാലത്താണെങ്കിൽ തൊട്ടരികിലെവിടെയോ എത്തിയത് പോലെ ആ മുഴക്കം പേടിപ്പെടുത്തുന്നതായി ചെവിയിലുണ്ടാകും. അതുപോലെ തന്നെയാണ് മൂന്ന് കിലോമീറ്റർ പടിഞ്ഞാറുള്ള പാതയിലൂടെ തീവണ്ടികൾ കടന്നുപോകുന്ന ശബ്ദവും. കൊയിലാണ്ടി റെയിവേേസ്റ്റഷനിൽ നിന്ന് സൈറൺ മുഴക്കി തീവണ്ടികൾ പുറപ്പെടുന്ന ശബ്ദമാണ് അമ്മക്ക് സമയം നിശ്ചയിക്കാനുള്ള ഉപാധികളിലൊന്ന്. 80കൾക്ക് ശേഷമാണ് ക്ലോക്ക് എന്ന ആധുനിക സമയമാപിനി വീട്ടിലെത്തിയത്. അതിന്റെ സൂചികൾ ചലിക്കുന്നത് കൗമാര പ്രായക്കാരനായ എനിക്കും വലിയ കൗതുകം തന്നെയായിരുന്നു. തീവണ്ടിയുടെ ശബ്ദവും കടലിരന്പുമൊക്കെ പണ്ട് കേട്ടതിനെക്കുറിച്ച് പറഞ്ഞപ്പോൾ ഭാര്യ പറഞ്ഞു. അവരുടെ വീട് കടലിൽ നിന്ന് 20 കിലോമീറ്റർ എങ്കിലും അകലെയാണ്. പക്ഷേ തീവണ്ടിയാപ്പീസിൽ നിന്നുള്ള ചൂളം വിളിയും കടലിരന്പവുമൊക്കെ അവരും വളരെ വ്യക്തമായി കേൾക്കുമായിരുന്നത്രേ! പക്ഷേ ഇന്ന് കടൽക്കരയിൽ നിൽക്കുന്പോഴല്ലാതെ നൂറ് വാര മാറിക്കഴിഞ്ഞാൽ കടലിരന്പം കേൾക്കാൻ കഴിയില്ല. തീവണ്ടിയുടെ സാന്നിധ്യമറിയുന്നത് ലവൽക്രോസിംഗുകളിലും റെയിൽവെ േസ്റ്റഷനിലും മാത്രം. സുബൈദ എന്ന ഞങ്ങളുടെ സ്വപ്നങ്ങളിലെ സുന്ദരിയായ ബസ് ഇപ്പോഴില്ല. പക്ഷേ കാതുകളിൽ ഇപ്പോഴും അതിന്റെ ഹോൺ മുഴങ്ങാറുണ്ട്.
ഇത്രയും പറഞ്ഞത് നിശബ്ദത (Sailence) എന്നൊരവസ്ഥയെക്കുറിച്ച് ചിന്തിക്കാനാണ്. പരവൂർ വെടിക്കെട്ട് ദുരന്തത്തിന്റെയും യുദ്ധങ്ങളുടെയും സ്ഫോടനങ്ങളുടെയും ആധുനിക യന്ത്രങ്ങളുടെയുമൊക്കെ ശബ്ദായമാനമായ ലോകത്ത് നമ്മുടെ പുതിയ തലമുറക്ക് നിശബ്ദത എന്നത് എന്താണെന്ന് പോലും അറിയില്ല. അതവർ ഒരിക്കലും അറിയുകയോ അനുഭവിക്കുകയോ ചെയ്യുന്നില്ല. അല്പനേരം വെറുതെയിരിക്കുന്നതിനെയാണവർ നിശബ്ദതയായി കണക്കാക്കുന്നത്. പല തരത്തിലുള്ള ശബ്ദങ്ങൾ കൊണ്ട് മുഖരിതമാക്കാതെ ഒരു നിമിഷം പോലും അവരുടെ ജീവിതത്തിലുണ്ടാകുന്നില്ല. ഞങ്ങളുടെ തലമുറക്ക് പതിഞ്ഞ താളത്തിലുള്ള ഭാവസാന്ദ്രമായ പാട്ടുകൾ കേൾക്കാനാണിഷ്ടം. എന്നാൽ പുതു തലമുറയ്ക്ക് അത് അരോചകമായി തീരുന്നു. അമിതവേഗതയിലുള്ള ശബ്ദമാനമായ ചടുലമായ പാട്ടുകളും നൃത്തവുമൊക്കെയാണവർക്കിഷ്ടം. ചെവിക്കല്ല് തെറിച്ചു പോകുന്ന ശബ്ദഘോഷങ്ങളോടു കൂടിയ പാട്ടുകൾ ഇയർഫോൺ ഉപയോഗിച്ചു കേൾക്കുന്പോഴേ അവർക്ക് എന്തെങ്കിലും ഒന്ന് കേട്ടതായ അനുഭൂതിയുണ്ടാകൂ. ജാംഗീർ ബിറ്റ്സും സൂപ്പർജംഗിൾ ബിറ്റ്സും ഒക്കെ തകർക്കുന്നതാണ് അവർക്ക് സംഗീതം.
ഒരു മാസം മുന്പ് കേരളം വെന്തുരുകിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയിൽ കൊടൈക്കനാലിന് മുകളിലുള്ള വനത്തിനകത്ത് ഒരു ജർമ്മൻകാരിയോടൊപ്പം താമസിക്കാൻ എനിക്കും കുടുംബത്തിനും അവസരം ലഭിക്കുകയുണ്ടായി. അവരുടെ പേര്, പടം, മറ്റ് വിവരങ്ങൾ ഒന്നും അവരെ തിരിച്ചറിയും വിധം പ്രസിദ്ധീകരിക്കരുത് എന്ന ആവശ്യം കണക്കിലെടുത്ത് അവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്തുന്നില്ല. 18ാമത്തെ വയസിൽ ജർമ്മനിയിലെ ഒരു വിനോദസഞ്ചാര സംഘത്തോടൊപ്പം ഇന്ത്യയിലെത്തിയതാണവർ. ഞാനവർക്ക് തല്ക്കാലം ‘സൂസന്ന’ എന്ന പേരിടുന്നു. സൂസന്ന സഞ്ചാരത്തിനിടയിൽ കൊടൈക്കനാലിന് മുകളിലെ കൊടും വനത്തിനകത്ത് എത്താനിടയായി. ഇതാണ് തന്റെ ഇടം എന്നവർ തിരിച്ചറിയുകയായിരുന്നു. പിന്നീടവർ തിരിച്ചുപോയില്ല. 35 വർഷമായി അവരിവിടെയുണ്ട്. വനത്തിനകത്ത് അവർക്ക് ആറ് ഏക്കർ ഭൂമിയുണ്ട്. സർക്കാർ നിബന്ധനകളോടെ പതിച്ചു നൽകിയത്. പക്ഷേ അതിരുകളിൽ ചില കുറ്റികളും മറ്റും തിരിച്ചറിയാനായി നാട്ടിയിട്ടുണ്ട് എന്നതൊഴികെ കാടിന് ഒരുവിധ മാറ്റങ്ങളും അവരായിട്ട് നടത്തിയിട്ടില്ല. വേലിയൊന്നുമില്ല. മരംകൊണ്ട് ഒരു അറപ്പീടിക പോലെ തയ്യാറാക്കിയ ഒരു െചറിയ വീടുണ്ട്. നമ്മുടെ സങ്കല്പത്തിലുള്ള വീടേയല്ല. മൈനസിലേക്ക് ചായുന്നതാണ് തണുപ്പ്. അവർ സാധാരണയായി പാകം ചെയ്ത ഭക്ഷണം കഴിക്കാറില്ല. കാട്ടിലെ പഴങ്ങളും കിഴങ്ങളുമൊക്കെ പച്ചക്ക് കഴിക്കുന്നതാണ് ശീലം. അരുവിയിലെ വെള്ളം പാത്രത്തിൽ ചുമന്ന് കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. വല്ലപ്പോഴുമൊക്കെ കാടിറങ്ങിപ്പോയി താഴെ ഗ്രാമത്തിലെ വീടുകളിൽ നിന്ന് ജൈവ ഉല്പ്പന്നങ്ങളും ആട്ടയുമൊക്കെ ശേഖരിക്കും. അതിഥികളൊക്കെയുണ്ടാകുന്പോൾ അവരെ പഴങ്ങൾ കൊണ്ട് സൽക്കരിക്കും. ആട്ടപ്പൊടി കൊണ്ട് റൊട്ടിയുണ്ടാക്കി നൽകും. രാത്രിയിൽ ഒരുവിധ വിളക്കുകളും ഉപയോഗിക്കുന്നില്ല. ധ്യാനത്തിനും ഉറക്കിനും മാത്രമായാണ് രാത്രികൾ ഉപയോഗിക്കുക. നാം ഫയർ ഗ്യാസ് ടെക്നോളജി എന്ന് വിളിക്കുന്ന ഒരു സാങ്കേതിക വിദ്യയുണ്ട്. അടുപ്പിലെ പുകയും കരിയും ചാരവുമൊക്കെ ഒന്നിച്ച് കത്തി ഗ്യാസടുപ്പു പോലെ എരിയുന്ന ഒന്ന്. പക്ഷേ നമ്മുടെ ആദിവാസികൾക്ക് പണ്ടേ ഈ സാങ്കേതികവിദ്യ അറിയാമായിരുന്നു. അവർ മണ്ണുകൊണ്ട് മെഴുകി അത്തരം നല്ല അടുപ്പുകൾ ഉണ്ടാക്കാറുണ്ട്. അതേ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച മൂന്ന് അടുപ്പുകൾ ഉണ്ടവിടെ. പ്രധാനമായും തണുപ്പിൽ നിന്ന് രക്ഷനേടാനുപയോഗിക്കുന്നു. ഒന്നിച്ച് കൂടെ കഴിയുന്ന ഒരു പുരുഷനുണ്ട്. അയാൾ വേവിച്ച ഭക്ഷണം കഴിക്കും. അതിനും ഈ അടുപ്പുകൾ ഉപയോഗിക്കും. 53ാമത്തെ വയസിലും തികഞ്ഞ പ്രസരിപ്പോടെ, ഉത്സാഹത്തോടെ സൂസന്ന ജീവിക്കുന്നു. ധാരാളമായി പുസ്തകങ്ങൾ വായിക്കും. ധ്യാനിക്കും. കാട്ടിലൂടെ സഞ്ചരിച്ച് ഭക്ഷണവും മറ്റും ശേഖരിക്കും. പൂർണ്ണമായ സസ്യഹാരിയാണ്. അവരുടെ അതിഥിയായാണ് നാല് ദിവസം കാട്ടിനകത്ത് തണുപ്പ് പുതച്ച് ഞങ്ങൾ കഴിഞ്ഞത്. ഞങ്ങൾക്ക് താമസിക്കാൻ കാട്ടിന്റെ ഓരത്തുള്ള ഒരു വീട് ഏർപ്പാട് ചെയ്തിരുന്നു. അവരുടെ വീട്ടിൽ നിന്ന് ഒരു നേരം മാത്രമാണ് ഞങ്ങൾ ഭക്ഷണം കഴിച്ചത്. ഗോതന്പു പൊടി കൊണ്ട് ചുട്ടെടുത്ത റൊട്ടി, പലതരം പയറുകളും കിഴങ്ങുകളും ചേർത്ത് എരിവ് തീരെ ചേർക്കാത്ത കറി, വേവിക്കാത്ത ധാരാളം ഇലകൾ, കായ്കൾ, പഴങ്ങൾ. കുട്ടികൾക്കും ഭാര്യക്കുമൊക്കെ ഭക്ഷണത്തിന്റെ രുചി പിടിക്കാതെ പ്രയാസപ്പെടുന്പോൾ ഞാൻ ആസ്വദിച്ചു കഴിച്ചു. ആരേയും അതിശയിപ്പിക്കുന്ന ആരോഗ്യമുണ്ടവർക്ക്. കാട്ടിനകത്ത് ഒരു മാൻപേടയെപ്പോലെ, ഉത്സാഹത്തോടെ അവർ കുന്നുകൾ കയറി ഇറങ്ങുന്നു. ഞങ്ങൾ താഴ്്വാരത്ത് നിന്ന് കിതക്കുന്പോൾ അവർ പ്രോത്സാഹിപ്പിക്കും. സുഖമായി കയറിവരാൻ പറയും. ഞങ്ങൾ അവരുടെ വീട്ടുമുറ്റത്തിരുന്ന് ഭക്ഷണം കഴിക്കുന്പോൾ കാട്ടുപോത്തുകൾ കൂട്ടമായി അപ്പുറത്ത് മേയുന്നുണ്ട്. അപരിചിതരായ ഞങ്ങളെ കണ്ടപ്പോൾ അവ തലയുയർത്തി നോക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. ഒരു സുരക്ഷിത വലയവുമില്ലാത്ത, വീടും കാടും വേർപിരിയാത്ത ഒരിടത്ത് യാതൊരു പ്രാണഭയവുമില്ലാതെ, കാട്ടിലെ മരങ്ങളും ജന്തുക്കളുമൊക്കെയായി, യാതൊരു വേർതിരിവും അപരത്വവുമില്ലാതെ അവർ കഴിയുന്നു. അപ്പോൾ എന്റെ ഉള്ളിൽ ഉയർന്ന ചോദ്യം ആരുടെതാണ് ജീവിതം എന്നതായിരുന്നു. നമ്മുടേതോ അതോ അവരുടേതോ?
മുന്പ് കാണുകയോ പരിചയപ്പെടുകയോ ഒന്നും ചെയ്തിട്ടില്ലാത്ത ഭാര്യയോടും കുട്ടികളോടുമൊക്കെ നിമിഷങ്ങൾ കൊണ്ട് വലിയ സൗഹൃദം സ്ഥാപിച്ച അവരോട് ഭാര്യക്ക് ചോദിക്കാനുണ്ടായിരുന്നത് എന്തിനാണ് ഈ കൊടും കാട്ടിനകത്ത് ഇങ്ങനെ കഷ്ടപ്പെടുന്നത് എന്നായിരുന്നു. നിങ്ങൾ കരുതുന്നത് പോലെ ഞാൻ കഷ്ടപ്പെടുകയല്ല ചെയ്യുന്നത്. ഞാൻ ജീവിതത്തിന്റെ യഥാർത്ഥ ആനന്ദം അനുഭവിക്കുകയാണ് എന്നായിരുന്നു അവരുടെ മറുപടി. “18 വയസു വരെയുള്ള ജർമ്മനിയിലെ ജീവിതത്തിൽ നിങ്ങൾ സുഖസൗകര്യങ്ങൾ എന്ന് വിളിക്കുന്നവയൊക്കെ ആവോളം അനുഭവിച്ചവളാണ് ഞാൻ. പക്ഷേ അതെനിക്ക് നൽകിയത് നൈമിഷിക സുഖങ്ങൾ മാത്രമായിരുന്നു. ആവശ്യത്തിലേറെ ദുഃഖങ്ങൾ അവയൊക്കെ എനിക്ക് സൗജന്യമായി തന്നുകൊണ്ടിരുന്നു. യഥാർത്ഥത്തിലുള്ള ജീവിതത്തിന്റെ ആനന്ദം ഞാനനുഭവിക്കുന്നത് ഇപ്പോഴാണ് ഈ കാട്ടിനകത്ത്.” എന്നിട്ടവർ ഞങ്ങളോടാവശ്യപ്പെട്ടത് പത്ത് മിനുട്ട് കണ്ണുകളടച്ച് സുഖമായി വെറുതെയിരിക്കാനാണ്. ചുറ്റുപാടുനിന്നും കേൾക്കുന്ന ചെറുതും വലുതും സൂക്ഷ്മവുമൊക്കെയായ കാടിന്റെ ശബ്ദവും സംഗീതവുമൊക്കെ കേൾക്കാനും ആസ്വദിക്കാനുമാണ്. അവരും ഞങ്ങളോടൊപ്പം ധ്യാനനിരതയായി. തുടർന്നവർ ചോദിച്ചു. “നിങ്ങൾക്ക് നിശബ്ദത ആസ്വദിക്കാൻ സാധിച്ചോ? നിങ്ങൾ എന്തെങ്കിലും ആനന്ദം അനുഭവിച്ചോ? ഒരാഴ്ച നിങ്ങൾ എന്നോടൊപ്പം ജീവിച്ചാൽ നാട്ടിലെ വ്യവഹാര ജീവിതം നിങ്ങളെ മടുപ്പിക്കും. കാടിന്റെ സ്വച്ഛന്ദത നിങ്ങളെ മോഹിപ്പിക്കും. ജീവിതത്തിന്റെ യഥാർത്ഥ ആനന്ദം നിങ്ങൾ അനുഭവിക്കും.” നാഗരിക ജീവിതം അവസാനിപ്പിച്ച് കാട്ടിൽ മുനികളെപ്പോലെ ജീവിക്കാൻ ആരേയും ഉപദേശിക്കാനല്ല ഇക്കാര്യം ഇവിടെ പരാമർശിച്ചത്. എങ്ങിനെയൊക്കെ പ്രകൃതിയെ നശിപ്പിക്കാമോ, അതൊക്കെ ചെയ്ത് വൈദ്യുതിയും ഊർജവും നിർമ്മിച്ച് ഭൗതിക സുഖങ്ങളുടെ പിന്നാലെ പായുന്നവർ അനുഭവിക്കുന്ന സുഖമെന്താണ്? 80 ഡെസിബലിലധികമുള്ള എല്ലാ ശബ്ദവും നമ്മുടെ തലച്ചോറിനെയും അതുവഴി ബോധാബോധങ്ങളെയും തകരാറിലാക്കുമെന്നും മനുഷ്യരിൽ കുറ്റവാസനകൾക്ക് കാരണമാകുമെന്നും, വിഷാദരോഗങ്ങൾക്ക് ഇടയാക്കുമെന്നും ആധുനിക ശാസ്ത്രം പറയുന്നു. അതൊന്നും കണക്കിലെടുക്കാതെയാണ് നാം കൂടുതൽ ശബ്ദത്തിനും കൂടുതൽ വെളിച്ചത്തിനും പിന്നാലെ പായുന്നത്. സ്വച്ഛന്ദമായ ഉറക്കവും ഉണർവ്വും നഷ്ടപ്പെട്ട് അക്കരപ്പച്ചയായ ഏതോ സുഖത്തിന് വേണ്ടി നാം ഓടിക്കൊണ്ടേയിരിക്കുന്നു.
വെളിച്ചവും ഇതേ ആഘാത പ്രത്യാഘാതങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടാക്കുന്നുണ്ട്. രാത്രിയും പകലും പ്രകൃതിയുടെ നിശ്ചിതമായ സമതുലനത്തിന്റെ (Equlibrium constant) ഭാഗമാണ്. ശബ്ദവും വെളിച്ചവുമില്ലാത്ത ഒരവസ്ഥയിൽ ധ്യാനനിരതരായോ ഉറങ്ങിയോ ഒക്കെ വിശ്രമത്തിന്റെ ആനന്ദാനുഭൂതികൾ അനുഭവിക്കേണ്ട സമയത്ത്, ഒരുപാട് ഊർജ്ജം കത്തിച്ചുപിടിച്ച്, കൃത്രിമമായ സൂര്യന്മാരെ ഉണ്ടാക്കി, നാം രാത്രികൾ പകലുകളാക്കുന്നു. ഓവർ ടൈമും നൈറ്റ് ഡ്യൂട്ടിയുമൊക്കെയായി അദ്ധ്വാനിക്കുന്നു. വിഷാദരോഗികളായി കൃത്രിമമായ ഭൗതിക സുഖങ്ങൾക്ക് പിന്നാലെ ഓടി നിരാശരാകുന്നു. തങ്ങളുടെ ധനശേഷിയും ആഡംബരവും പകിട്ടും കാണിക്കാൻ അനാവശ്യമായി ഊർജ്ജം കത്തിച്ചു കളയുന്നു. പ്രകൃതിയെ മലിനമാക്കുന്നു. അതിരപ്പിള്ളിയിൽ ഉള്ള നാമമാത്രമായ മഴക്കാട് നശിപ്പിച്ചിട്ടായാലും നദിയെ പിടിച്ചു കെട്ടി വൈദ്യുതി ഉണ്ടാക്കണം എന്ന് ശഠിക്കുന്പോൾ അനാവശ്യമായി പകിട്ടു കാണിക്കാൻ മാത്രം കത്തിച്ചു കളയുന്ന വൈദ്യുതിയുടെ കണക്ക് ആരെങ്കിലും അന്വേഷിക്കാറുണ്ടോ? രാത്രികൾ രാത്രികൾ തന്നെയായിരിക്കട്ടെ. വെളിച്ചം അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കാം. ശബ്ദകോലാഹലങ്ങളിൽ നിന്നും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൽ നിന്നും നമ്മുടെ രാത്രികളെയെങ്കിലും നമുക്ക് രക്ഷിക്കാനാവില്ലേ? ആനന്ദദായകമായ വിശ്രമവും ഉറക്കവും നമുക്ക് വിധിച്ചിട്ടില്ലേ? അടുത്ത തലമുറ വിഷാദരോഗങ്ങളിൽ നിന്ന് സന്പൂർണ്ണ മതിഭ്രമത്തിലേക്ക് വഴുതി വീഴുന്നതിനെയെങ്കിലും നമുക്ക് തടയാൻ കഴിയുമോ?