ചില പരിസ്ഥിതി ചിന്തകൾ


ലോകത്ത് ആദർശങ്ങൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അന്വേഷണം; എത്രമാത്രം കൗതുകകരമാണോ അത്രമാത്രം ഭയാനകവുമാണ്. കപിലവസ്തുവിലെ കൊട്ടാരക്കെട്ടുകളിൽ നിന്ന് ഗൗതമബുദ്ധൻ ഇറങ്ങിനടന്നത് അദ്ദേഹത്തിന് ഭൗതിക സുഖങ്ങളൊന്നും ആനന്ദം കൊണ്ടുവരുന്നില്ല എന്നതു കൊണ്ടായിരുന്നു. നാമോരോരുത്തരും നിർമ്മിച്ചെടുക്കുന്ന കോട്ടകൊത്തളങ്ങൾക്കകത്തുള്ള ലോകം യഥാർത്ഥ ലോകമല്ലെന്നും അതിനു വെളിയിലുള്ള വിശാലതകളിലാണ് യഥാ‍‍‍‍ർത്ഥ ജീവിതം സംഭവിക്കുന്നത് എന്നും ഗൗതമബുദ്ധന് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ലോകത്തെ തന്നിലേക്ക് ചുരുക്കുകയല്ല വേണ്ടത് തന്നെ ലോകങ്ങളിലേക്ക് വികസിപ്പിക്കുകയാണ് വേണ്ടത് എന്ന തിരിച്ചറിവിൽ നിന്നാണ് ഗൗതമൻ ബുദ്ധനായി പരിണമിക്കുന്നത്. അങ്ങിനെയാണ് മദിരാക്ഷിയും മദ്യവും ഭക്ഷണവും പുളയ്ക്കുന്ന കൊട്ടാരമതിൽക്കെട്ടുകളിൽ നിന്ന് ബുദ്ധൻ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നത്. ആഗ്രഹങ്ങളാണ്, ഭൗതിക വസ്തുക്കളുടെ, ഉൽപ്പന്നങ്ങളുെട, സാങ്കേതിക വിദ്യയുടെ പെരുക്കമാണ് ദുഃഖങ്ങൾക്ക് കാരണമാകുന്നത് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. തിരസ്കാരങ്ങളുടെ നി‍‍‍‍ർമ്മലമായ ഒരു ലോകത്തേക്ക് അദ്ദേഹം പ്രവേശിക്കുകയും ആനന്ദം അനുഭവിക്കുകയും ചെയ്യുന്നു. അപരത്വം എന്നൊന്നില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ഒന്നിനേയും; അത് ജീവിതമോ ജീവിയോ വികാരങ്ങളോ പ്രകൃതിയോ എന്തുമായിക്കൊള്ളട്ടെ മുറിവേൽപ്പിക്കരുത് എന്നദ്ദേഹം അറിഞ്ഞത്. അങ്ങിനെ ഏൽപ്പിക്കുന്ന എല്ലാ മുറിവുകളും തന്നിൽ തന്നെയാണ് മുറിയുന്നത് എന്നതാണ് ശ്രീബുദ്ധന്റെ തിരിച്ചറിവ്. ഇതാണ് അഹിംസാ സിദ്ധാന്തത്തിന്റെ കാതൽ. “ഈ പ്രകൃതി നിന്റെ തന്നെ അഭൗതിക ശരീരമാണ്” എന്ന് കാറൽമാർക്സ് പ്രഖ്യാപിക്കുന്പോൾ കാറൽ മാർക്സും ഗൗതമബുദ്ധനും വ്യത്യസ്ത കാലങ്ങളിൽ ജീവിച്ച സമശീർഷന്മാരാണ് എന്ന തിരിച്ചറിവുള്ളവരായി നാം പരിണമിക്കുന്നത്, അതേ ഗൗതമബുദ്ധന്റെയും കാറൽമാർക്സിന്റെയും താവഴി പിന്തുടർച്ചക്കാർ തിരിച്ച് കൊട്ടാരക്കെട്ടുകൾക്കകത്തേയ്ക്ക് കയറിപ്പോകുകയും ഭൗതികസുഖങ്ങളിൽ രമിക്കുകയും ഹിംസ കൊടിയടയാളമാക്കുകയും ചെയ്യുന്പോൾ ലോകത്ത് ആദർശങ്ങൾക്ക് എന്തു സംഭവിക്കുന്നു എന്ന ചോദ്യം പ്രസക്തമാകുന്നു.

തായ്്വാനിലെ ഒരു ബുദ്ധ ക്ഷേത്രത്തിനകത്തെ ശീതികാരികൾക്കകത്ത് 400 കടുവാ കുഞ്ഞുങ്ങളുടെ ജഡങ്ങൾ സൂക്ഷിച്ചിരുന്നതായി വാർത്തകളും ചിത്രങ്ങളും ഈയിടെ പുറത്ത് വരികയുണ്ടായി. ധാരാളം വന്യമൃഗങ്ങളുടെ ജഡാവശിഷ്ടങ്ങളും അവിടെ നിന്ന് ലഭിക്കുകയുണ്ടായി. തൊട്ടയൽപക്കത്ത് ഗൗതമബുദ്ധന്റെ താവഴി പിന്തുടർച്ചക്കാരാണ് തമിഴ് വംശജരെ ഏറ്റവും ആധുനികമായ നശീകരണ യന്ത്രങ്ങൾ ഉപയോഗിച്ച് വംശവിച്ഛേദം വരുത്തിയത്. സ്വന്തം ‘ദൈവങ്ങളെ’ കാത്തു കൊള്ളാൻ, അവരുടെ ലോകം വരാൻ, എല്ലാ അപരത്വങ്ങളേയും വിച്ഛേദിക്കുക എന്നതാണ് വർത്തമാനത്തിന്റെ ആദ‍ർശം എന്നായിരിക്കുന്നു.

രണ്ട് പതിറ്റാണ്ട് മുന്പ് ഈ ലേഖകൻ ഒരു യുവജനസംഘടനയുടെ നേതാവും പ്രവർത്തകനുമൊക്കെയായിരുന്ന കാലത്ത് ആ യുവജന സംഘടനയുടെ മുഖപത്രമായിരുന്ന യുവധാരക്കകത്ത് തുടർച്ചയായി ലേഖനങ്ങൾ എഴുതാറുണ്ടായിരുന്നു. അത്തരത്തിൽ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് ‘ചുവപ്പ് പച്ചയ്ക്ക് വഴിമാറുമോ’ എന്നതായിരുന്നു. ചെറിയ തോതിൽ വിവാദമുണ്ടാക്കിയതായിരുന്നു ആ ലേഖനം. ചുവപ്പ് വിമോചനത്തിന്റെ നിറമായാണ് പൊതുവായി കണക്കാക്കപ്പെടുന്നത്. ചൂഷണ വിമുക്തമായ ഒരു ലോകത്തിനു വേണ്ടി പൊരുതുന്നതായി അവകാശപ്പെടുന്ന എല്ലാ സംഘടനകളും മനുഷ്യവിമോചനം സ്വപ്നം കാണുന്നവയാണ്. പക്ഷേ ഉന്നയിക്കപ്പെട്ട പ്രശ്നം, മനുഷ്യവിമോചനം എന്നത് ഏകപക്ഷീയമായ ഒരു നിലപാടായി ന്യൂനീകരിക്കപ്പെടുകയല്ലേ ഇതുവഴി െചയ്യുക എന്നതായിരുന്നു. ഭൂമിയുടെയും പ്രകൃതിയുടെയും നിലനിൽപ്പു തന്നെ അപകടപ്പെടുത്തുന്ന ഒരുകാലത്ത് ഭൂമിയിലെ അസംഖ്യം ജീവജാലങ്ങളിൽ ഒന്നുമാത്രമായ മനുഷ്യന് മാത്രമായി വിമോചനം സാദ്ധ്യമാണോ? അതോ പുരോഗതി, വികസനം തുടങ്ങിയ പരികൽപ്പനകളുടെ ഭാഗമായി മനുഷ്യൻ ചെയ്തു തീർക്കുന്ന അക്ഷന്തവ്യമായ തെറ്റുകൾ പ്രകൃതിയുടെ നിലനിൽപ്പ് തന്നെ അപകടപ്പെടുത്തുകയല്ലേ ചെയ്യുന്നത്? അത്തരം ഒരു സാഹചര്യത്തിൽ പ്രകൃതിയുടെ നിലനിൽപ്പിന് വേണ്ടിയുള്ള സമരങ്ങളും കാഴ്ചപ്പാടും വികസിപ്പിക്കുകയല്ലേ പ്രാഥമികമായി ചെയ്യേണ്ടത്. പ്രകൃതിസംരക്ഷണവുമായി കണ്ണി ചേർത്തു കൊണ്ടല്ലാതെ മനുഷ്യവിമോചനം സ്വപ്നം കാണാൻ കഴിയുമോ? ഇത്യാദി പ്രശ്നങ്ങളാണ് ആ ലേഖനത്തിൽ ഉന്നയിച്ചിരിക്കുന്നത്. അതായത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടേ മനുഷ്യവിമോചന പ്രസ്ഥാനങ്ങൾക്ക് പോലും അർത്ഥമുണ്ടാകൂ എന്ന് സാരം. അത്തരം ഒരു കാഴ്ചപ്പാടിനെ അന്ന് അപഹസിച്ചവരിൽ പലരും ഇപ്പോൾ ഈ കാഴ്ചപ്പാടിലേക്ക് വികസിക്കാനും അത് നിലപാടായി അവതരിപ്പിക്കാനുമൊക്കെ തയ്യാറാകുന്നുണ്ട് എന്നത് സന്തോഷകരം തന്നെ. അതുകൊണ്ടാണല്ലോ ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയായ യുണൈറ്റഡ് നേഷൻസ് എൻവെയർമെന്റ് പ്രോഗ്രാം (UNEP) ഇത്തവണത്തെ മുഖ്യപരിസ്ഥിതി സന്ദേശമായി വന്യജീവികളുടെ സംരക്ഷണത്തിന്, അതിശക്തമായി മുന്നേറുക (Go wild for life) എന്ന മുദ്രാവാക്യം മുന്നോട്ടു വെച്ചത്. അതായത് വന്യമൃഗങ്ങൾക്കെതിരായ ഇന്നത്തെ അനിയന്ത്രിതമായ കയ്യേറ്റങ്ങൾ ജൈവമണ്ധലത്തെ തന്നെ അപകടപ്പെടുത്തിയിരിക്കുന്നു. പാരിസ്ഥിതിക വ്യതിയാനങ്ങൾ, ആഗോള താപനം എന്നിവ നിമിത്തവും ഭൂമിയിലെ ജന്തുസസ്യജാലങ്ങൾ അതിവേഗത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. 2050 ആകുന്പോഴേക്കും 70,000 സസ്യവിഭാഗങ്ങൾക്ക് വംശനാശം സംഭവിക്കുമെന്നാണ് കണക്ക്. സൂക്ഷ്മജീവികൾ മുതൽ കൂറ്റൻ തിമിംഗലങ്ങൾ വരെ നൂറ് കണക്കിന് ജന്തുജാലങ്ങൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. 2011ൽ 2500 ആനകളെ കൊന്പിനു വേണ്ടി കൊലപ്പെടുത്തി എന്നാണ് കണക്ക്. 2014−−15ൽ കേരള സർക്കാറിന്റെയും വനംവകുപ്പിന്റെയും ഒത്താശയോടെ 200 ആനകൾ കൊന്പിനു വേണ്ടി വേട്ടയാടപ്പെട്ടു. കടവുകളുടെ എണ്ണം ഒരു നൂറ്റാണ്ട് കൊണ്ട് ഒരു ലക്ഷത്തിൽ നിന്ന് 3200ൽ എത്തി. കണ്ടാമൃഗങ്ങൾ ഭൂമിയിൽ നിന്ന് അതിവേഗം അപ്രത്യക്ഷമാകുകയാണ്. ഈ മൃഗങ്ങൾ ധാരാളമായി ഉണ്ടായിരുന്ന കാമറൂൺ വിയറ്റ്നാം എന്നിവടങ്ങളിലൊക്കെ ഒന്നുപോലും അവശേഷിപ്പിക്കാതെ മനുഷ്യൻ വേട്ടയാടി. ആനകളെയും കണ്ടാമൃഗങ്ങളെയും മാനിനെയും പ്രധാനമായി വേട്ടയാടപ്പെടുന്നത് മാംസത്തിനും കൊന്പിനും വേണ്ടിയാണ്. ഒരു കടുവയെ വേട്ടയാടിപ്പിടിച്ച് അന്താരാഷ്ട്ര മാർക്കറ്റിലെത്തിച്ചാൽ 80 ലക്ഷത്തോളം രൂപ ലഭിക്കുമത്രേ. അതിന്റെ തോല്, നഖം, മാംസം, എല്ലുകൾ തുടങ്ങി എല്ലാ ശരീരഭാഗങ്ങളും അത്ഭുത സിദ്ധികളുള്ള ഔഷധങ്ങൾ നിർമ്മിക്കാനായി ഉപയോഗിക്കുന്നു. ഇത് വലിയൊരളവിൽ അന്ധവിശ്വാസമാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും വേട്ടയാടൽ നിർബാധം തുടരുന്നു. ചൈനയിലേക്കാണ് ഇവ വ്യാപകമായി കടത്തിക്കൊണ്ടു പോകുന്നത്. മയിലിനെയും കരടിയെയും വേട്ടയാടുന്നത് പ്രധാനമായും അവയുടെ കൊഴുപ്പിന് വേണ്ടിയാണ്. പൊങ്ങച്ച പ്രകടനത്തിന് വേണ്ടി സ്വന്തം കിടപ്പറകൾ ആനക്കൊന്പുകൾ കൊണ്ട് അലങ്കരിക്കുന്നവർ തന്നെയാണ് ഫെയ്സ്ബുക്കിലും ബ്ലോഗിലുമൊക്കെ പരിസ്ഥിതിക്ക് വേണ്ടി വിലപിക്കുന്നത്. സർക്കാറിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും അറിവോടെയും സമ്മതത്തോടെയും നമ്മുടെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും റിസോർട്ടുകളിലും ഹൗസ്ബോട്ടുകളിലുമൊക്കെ ധാരാളമായി വെടിയിറച്ചികൾ വിളന്പുന്നുണ്ട്. വെടിയിറച്ചി കഴിച്ചതിൽ അഭിമാനിക്കുന്ന സമൂഹത്തിലെ ഉന്നതർ തന്നെയാണ് പരിസ്ഥിതിയുടെ സംരക്ഷകരായി പലപ്പോഴും നമുക്ക് മുന്നിലെത്തുന്നത്. ഇത്തരം ഭക്ഷണാവശ്യങ്ങൾക്ക് മാത്രമല്ല കള്ളക്കടത്തിന് വേണ്ടിയും വന്യമൃഗങ്ങളെ വലിയ തോതിൽ േവട്ടയാടുന്നു. എന്തിനധികം നമ്മുടെ നാട്ടിലെ നിർഗുണപര ബ്രഹ്മങ്ങളായ നക്ഷത്രയാമകൾ, വെള്ളിമൂങ്ങകൾ, ഇരുതല മൂരികൾ തുടങ്ങി ഒരു സാധുമൃഗത്തേയും നാം വെറുതെ വിടുന്നില്ല. നമ്മുടെ കേരളത്തിൽ ഇഴജന്തുക്കളുടെ എണ്ണം ഇതിനകം ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. വിഷപാന്പുകളെയൊന്നും കാണാനേയില്ല എന്നതാണ് സ്ഥിതി. വിഷപാന്പുകൾ വലിയ അപകടകാരികളാണ് അവയെ കാണുന്ന നിമിഷത്തിൽ അടിച്ചു കൊല്ലുകയാണ് വേണ്ടത് എന്നാണ് കേരളത്തിലെ പരിസ്ഥിതി ബോധമുള്ള സാമാന്യജനങ്ങൾ പോലും ചിന്തിക്കുന്നത്. അവ നമുക്ക് ഒരു ഗുണവും ചെയ്യുന്നില്ലെന്നും എന്നാൽ അവയുടെ വിഷമേറ്റ് ആയിരക്കണക്കിന് മനുഷ്യർ മരിക്കുന്നുണ്ടെന്നും വസ്തുതാവിരുദ്ധമായ കിംവദന്തികൾ പ്രചരിക്കുന്നു. ഏറ്റവും കൂടുതൽ വിഷം കുത്തിവെക്കാൻ കഴിയുന്ന പാന്പാണ് രാജവെന്പാല. ഒറ്റക്കടിയിൽ ഒന്നര ഔൺസ് വിഷംവരെ അത് ഇരയുടെ ശരീരത്തിലെത്തിക്കും. രാജവെന്പാല എന്ന് കേൾക്കുന്പോൾ തന്നെ സാമാന്യജനം പേടിച്ചു വിറക്കും. രാജവെന്പാല നിത്യഹരിതവനങ്ങൾക്കകത്തെ തണുപ്പുള്ള അന്തരീക്ഷത്തിൽ മാത്രം ജീവിക്കുകയും കരിയിലകൾ കൂട്ടിയിട്ട് അതിനകത്ത് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുകയും ചെയ്യുന്ന ജീവിയാണ്. സാധാരണ നിലയിൽ മനുഷ്യസാമീപ്യമുണ്ടായാൽ അവരുടെ കണ്ണിൽപ്പെടാതെ ഒഴിഞ്ഞുമാറുകയാണ് ഈ പാന്പു ചെയ്യുന്നത്. എന്നാൽ നിവൃത്തിയില്ലാത്ത ഘട്ടത്തിൽ തന്റെ മുട്ടയോ കുഞ്ഞുങ്ങളെയോ നശിപ്പിക്കും എന്നുറപ്പാകുന്പോൾ മാത്രമേ അവ ആക്രമിക്കാറുള്ളൂ. അറിയാതെയാണെങ്കിലും അതിനെ ചവിട്ടി പരിക്കേൽപ്പിക്കുന്ന സാഹചര്യമുണ്ടായാലും കടിച്ചെന്നിരിക്കും. കേരളത്തിൽ ഇതുവരെയുള്ള കണക്കനുസരിച്ച് രാജവെന്പാലയുടെ കടിയേറ്റ് മരിച്ച മനുഷ്യരുടെ കണക്ക് പരിശോധിച്ചാൽ അത് പരിഗണനീയമായ നിലയിലും എത്രയോ കുറവാണ് എന്ന് മനസിലാക്കാം. അതായത് നമ്മുടെ മനസിലുണ്ടാക്കുന്ന അസാധാരണമായ ഭീതി നിമിത്തം നാം അവയെ കൊന്നൊടുക്കുകയാണ് ചെയ്യുന്നത്. നമ്മുെട നാട്ടിൽ മരണകാരണങ്ങളുടെ കണക്കുകൾ പരിശോധിച്ചാലും പാന്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം തുലോം കുറവാണ് എന്നതാണ് യാഥാർത്ഥ്യം. എന്നിട്ടും നാം പാന്പുകടിയെ അനാവശ്യമായി ഭയപ്പെടുകയും അവയെ കൊന്നൊടുക്കുകയും ചെയ്യുന്നു. പാന്പുവിഷത്തിനെതിരെ പ്രതിരോധ ഔഷധങ്ങൾ ഇപ്പോൾ വികസിപ്പിക്കപ്പെട്ടിട്ടുള്ളതിനാലും കടിയേറ്റയാളെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിക്കാൻ കഴിയുന്നതിനാലും മരണനിരക്ക് തീരെ കുറഞ്ഞിട്ടുണ്ട്. ഉൾവനങ്ങളിലും മറ്റും ആദിവാസികളെ വിഷം തീണ്ടുന്പോൾ അതിനെ പ്രതിരോധിക്കാനുള്ള ധാരാളം നാട്ടറിവുകളും ഔഷധങ്ങളുമൊക്കെ അവർക്കിടയിൽ പ്രചാരത്തിലുണ്ട്. എന്നാൽ അവയൊക്കെ ശേഖരിച്ച് ഡോക്യുമെന്റ് ചെയ്യാനുള്ള സംവിധാനങ്ങളൊന്നും ഇപ്പോഴും നമുക്കില്ല. അവരാകട്ടെ അത്തരം വിജ്ഞാനങ്ങൾ വാമൊഴിയായി ഇഷ്ടപ്പെട്ട വല്ലവർക്കും കൈമാറും എന്നതല്ലാതെ അത് പൊതുവിജ്ഞാനമായി മാറ്റാൻ താൽപര്യപ്പെടാറുമില്ല. മനുഷ്യരുടെ ഇടപെടൽ നിമിത്തം വനപരിസ്ഥിതിയിലും കാലാവസ്ഥയിലുമൊക്കെ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ഇത്തരം ജീവികളുടെയൊക്കെ ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്നുമുണ്ട്.

മൊത്തം പരിസ്ഥിതിയുടെ സംരക്ഷണത്തിലൂടെ മാത്രമേ നമുക്ക് ജൈവ ആവാസ വ്യവസ്ഥകളെ സംരക്ഷിക്കാനാകൂ. വനങ്ങളിലെ വൃക്ഷങ്ങൾ, കുറ്റിച്ചെടികൾ, വള്ളിപടർപ്പുകൾ, പുൽച്ചെടികൾ, കുമിളുകൾ, പന്നൽ ചെടികൾ, സൂക്ഷ്മ ജീവികൾ, മണ്ണ്, ആർദ്രത, നീർച്ചാലുകൾ, അരുവികൾ, പുഴകൾ, ജലസ്രോതസുകൾ, കാർഷിക വ്യവസ്ഥ, ഭൗമജലവും ഭൂഗ‍ർഭജലവും തുടങ്ങി പരിസ്ഥിതി വ്യൂഹങ്ങൾ ഒന്നിനൊന്ന് ബന്ധപ്പെട്ടാണിരിക്കുന്നത്. ഇവയിലേതെങ്കിലും ഒന്നിനുണ്ടാകുന്ന ക്ഷതം ഈ വ്യവസ്ഥയെ മൊത്തമായാണ് ബാധിക്കുക. അവ തക്ക സമയത്ത് കണ്ടെത്തി പരിഹരിക്കാൻ കഴിയില്ലെങ്കിൽ മൊത്തം ജൈവമണ്ധലം (Eco sphere) നാശോന്മുഖമായി തീരും. അതോടെ ജൈവ ശൃംഖലയിലെ (web of life) കണ്ണികൾ അറ്റു തുടങ്ങും. ഉദാഹരണത്തിന് പാന്പുകളുടെ കാര്യം തന്നെയെടുക്കാം. അവ മനുഷ്യന് എന്തെങ്കിലും പ്രത്യക്ഷ പ്രയോജനം ചെയ്യുന്നതായി സാമാന്യ ജനത്തിന് അറിവുണ്ടായിരുന്നില്ല. എന്നാലിപ്പോൾ കണ്ടെത്തിയിട്ടുള്ള വിവരങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്. അന്തരീക്ഷത്തിലെ ഹാർഡ് പ്രോട്ടീൻ (Hard protien) ആണ് പാന്പിന്റെ വിഷമായി തീരുന്നത്. വിഷപാന്പുകൾ അന്തരീക്ഷത്തിൽ നിന്ന് ഹാർഡ് പ്രോട്ടീൻ നിരന്തരമായി വലിച്ചെടുക്കുന്നത് കൊണ്ട് അന്തരീക്ഷത്തിലെ ഇതിന്റെ അളവ് നിശ്ചിത അനുപാതത്തിൽ നിന്ന് ഉയരാതെ സംരക്ഷിക്കാൻ കഴിയുന്നു. എന്നാൽ പാന്പുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തുടങ്ങിയതോടെ അവയുടെ എണ്ണം ക്രമാതീതമായി കുറയാനിടയാകുകയും മനുഷ്യന്റെ ആവാസ വ്യവസ്ഥയിലെ അന്തരീക്ഷത്തിൽ ഹാർഡ് പ്രോട്ടീന്റെ അളവ് കൂടാൻ ഇടയാക്കുകയും ചെയ്യുന്നു. ഇതാണ് മനുഷ്യരിൽ ആമവാതം (Arthritis) ഉൾപ്പെടെയുള്ള, ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത അസുഖങ്ങൾ കൂടാനിടയാക്കുന്നത്. ഇന്ന് നമ്മുടെ നാട്ടിൻപുറങ്ങളിലൊക്കെ ഇത്തരം രോഗങ്ങൾ കൊണ്ട് കടുത്ത വേദന തിന്ന് കഷ്ടപ്പെടുന്നവരുടെ എണ്ണം വലിയ തോതിൽ പെരുകിയിട്ടുണ്ട്. പാന്പു കടിയേറ്റ് മരിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടിയാണ് ഇത്തരം അസുഖങ്ങൾ മൂലം മനുഷ്യർ മരിക്കാനിട വരുന്നത്. വിഷപ്പാന്പുകൾ അധികമുള്ള മേഖലകളിൽ അധിവസിക്കുന്ന മനുഷ്യർക്ക് ഇത്തരം രോഗങ്ങൾ വളരെ വളരെ കുറവാണെന്നും പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

നമുക്കിടയിൽ ജീവിക്കുന്ന ചെറുജീവികളെയാകെ വിഷവസ്തുക്കളുപയോഗിച്ചും തല്ലിക്കൊന്നുമൊക്കെ നശിപ്പിക്കുന്ന പ്രവണത മനുഷ്യർക്കിടയിൽ ശക്തമായിരുന്നു. അത് പല ജീവജാലങ്ങളുടെയും നാശത്തിനിടയാക്കിയിട്ടുമുണ്ട്. എന്നാൽ അനാവശ്യമായി ജന്തുജാലങ്ങളെ കൊല്ലുന്ന പ്രവണതക്ക് നേരിയ തോതിൽ കുറവുണ്ടായിട്ടുണ്ട് എന്നത് ശുഭകരമായ കാര്യം തന്നെയാണ്. പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളുമായി സമാധാനപരമായി സഹവർത്തിക്കുക (Peaceful co-existence) എന്നത് തന്നെയാണ് മനുഷ്യൻ ഉൾപ്പെടെയുള്ള ജൈവമണ്ധലത്തിന്റെ നിലനില്പ്പിന് അടിസ്ഥാനം. അത് ബോധപൂർവ്വം മനസിലാക്കി ഇടപെടാനുള്ള ശേഷിയുള്ള ഏകജീവി മനുഷ്യനാണ് എന്നതും നമ്മുടെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നുണ്ട്. തനിക്ക് നിലനിൽക്കാനുള്ളത് മാത്രം പ്രകൃതിയിൽ നിന്നെടുത്തുകൊണ്ട് പ്രകൃതി സംരക്ഷിച്ചു കൊണ്ടു മാത്രമേ നമുക്ക് നിലനിൽപ്പുള്ളൂ. പക്ഷേ ഇത്തരമൊരു ബോധത്തിലേയ്ക്ക് മനുഷ്യരാശിയെ ഉണർത്താനുള്ള ബോധവൽക്കരണ പരിപാടിയായാണ് 1972 ജൂൺ 5ന് പരിസ്ഥിതി ദിനാചാരണം ആരംഭിച്ചത്. പക്ഷേ 44 പരിസ്ഥിതി ദിനാചാരണങ്ങൾ കടന്നു പോയ ശേഷം തിരിഞ്ഞു നോക്കുന്പോൾ പരിസ്ഥിതി കൂടുതൽ ക്ഷയോന്മുഖമാകുക തന്നെയാണ് ചെയ്യുന്നത് എന്ന യാഥാർത്ഥ്യം നമുക്ക് മുന്നിൽ ചോദ്യചിഹ്നം ഉയർത്തുക തന്നെയാണ്്. 19ാം നൂറ്റാണ്ടിൽ 76 ശതമാനം കാടുണ്ടായിരുന്ന കേരളത്തിലെ ഇന്നത്തെ വനവിസ്തൃതി 26.5 ശതമാനം മാത്രമായി കുറഞ്ഞിരിക്കുന്നു. വനം കൈയേറ്റം, പാറ ഖനനം, റിസോർട്ട് നി‍‍‍‍ർമ്മാണം, തുടങ്ങി മനുഷ്യന്റെ ഇടപെടൽ നിമിത്തം 40 കോടിയോളം മനുഷ്യർക്ക് കുടിവെള്ളമെത്തിക്കുകയും 20 കോടി ജനങ്ങൾക്ക് ഉപജീവന ഉപാധികൾ എത്തിക്കുകയും ചെയ്യുന്ന പശ്ചിമഘട്ട മലനിരകൾ മെലിഞ്ഞ് ശോഷിച്ച് നാശോന്മുഖമായി കൊണ്ടിരിക്കുന്നു. അപ്പോഴും മാധവ് ഗാ‍‍‍‍ഡ്ഗിലിന്റെ റിപ്പോർട്ട് ജനവിരുദ്ധമായ എന്തോ അശ്ലീലമായാണ് അധികാരമുള്ളവരൊക്കെ കാണുന്നത്.

You might also like

Most Viewed