ബഹുമാന്യ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർക്ക്
എൻ.വി ബാലകൃഷ്ണൻ
താങ്കളെ ഇങ്ങനെ സംബോധന ചെയ്യുന്നതിൽ എനിക്ക് അഭിമാനമുണ്ട്. മറ്റൊരു ജില്ലയിൽ നിന്നുള്ള വനിതാ സഖാവായിരിക്കുന്പോഴും മനസ് നിറഞ്ഞ സൗഹൃദം സൂക്ഷിക്കാനും സ്വന്തം സഹോദരിയെപ്പോലെ എന്റെ ജീവിതത്തിൽ ഇടപെടാനുമൊക്കെ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്ത ഒരാൾ എന്ന നിലയിൽ വിശേഷിച്ചും. ഇപ്പോൾ ഏറ്റെടുത്ത ഈ ദൗത്യം ജനപക്ഷത്ത് നിന്ന് ഭംഗിയായി നിർവ്വഹിക്കാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
സംസ്ഥാനത്തെ ആരോഗ്യമന്ത്രിയുടെ ചുമതലയേറ്റെടുത്ത് ആദ്യം തന്നെ താങ്കൾ െചയ്തത്, അതിവേഗം മലയാളക്കരയെ പുൽകാൻ കാത്തിരിക്കുന്ന കാലവർഷത്തിന്റെ മുന്നോടിയായി നാം സ്വീകരിക്കേണ്ട അടിയന്തിര പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചായിരുന്നല്ലോ. ഒരുപക്ഷേ മുൻസർക്കാർ ചെയ്തു തീർക്കേണ്ടിയിരുന്നതെങ്കിലും മറ്റു പലതിലുമെന്ന പോലെ ഇക്കാര്യത്തിൽ അവർ തികഞ്ഞ അലംഭാവമാണ് പുലർത്തിയിരുന്നത് എന്നറിയുകയും ചെയ്യാം. സമയബന്ധിതമായി ഒരു പദ്ധതി തയ്യാറാക്കി ഉദ്യോഗസ്ഥ വൃന്ദത്തെയാകെ ജാഗ്രത്താക്കി വലിയ ജനപങ്കാളിത്തത്തോടെ അവയൊക്കെ പൂർത്തീകരിക്കാൻ മന്ത്രിയുടെ മുൻകയ്യിൽ തന്നെ ഇപ്പോൾ ധാരണയുണ്ടായിരിക്കുന്നു. അക്കാര്യത്തിൽ താങ്കളെ ഒരിക്കൽ കൂടെ അഭിനന്ദിക്കട്ടെ.
പക്ഷേ ടീച്ചർ ഞാനൊരു കാര്യം ചോദിക്കട്ടെ; നാമെന്തിനാണ് മഴക്കാലത്തെ രോഗങ്ങളുടെയും ദുരന്തങ്ങളുടെയും കാലമായി ജനങ്ങൾക്ക് മുന്പിൽ അവതരിപ്പിക്കുന്നത്? യഥാർത്ഥത്തിൽ അതങ്ങിനെയാണോ? പഴയകാലത്ത് മൺസൂണിന്റെ കഠിനമായ ആദ്യമാസങ്ങളെ (മിഥുനം, കർക്കിടകം) വറുതിയുടെ കാലമായി സാധാരണ മനുഷ്യൻ കണ്ടിരുന്നു. അതിന് കാരണം അക്കാലങ്ങളിൽ അവർക്ക് തൊഴിൽ ചെയ്യാൻ അവസരം കുറയുന്നതും അതുവഴിയുള്ള വരുമാന നഷ്ടവും പ്രയാസങ്ങളുമാണ്. അതല്ലാതെ മഴക്കാലത്ത് രോഗങ്ങളുടെയും ദുരന്തങ്ങളുടെയും കാലമായി അവരൊരിക്കലും കണ്ടിരുന്നില്ല. മഴക്കാല രോഗങ്ങളെ വിശേഷിച്ച് കൊതുകു പരത്താനുള്ള രോഗങ്ങൾ, എലിപ്പനി, ജലജന്യമായ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങളെക്കുറിച്ചുള്ള ഭീതിയുളവാക്കാനാണ് നാം ശ്രമിക്കുന്നത്. പക്ഷേ ആധുനിക മനുഷ്യന്റെ അശാസ്ത്രീയമായ ‘വികസന മോഹങ്ങളും’ പ്രകൃതിയേയും പ്രകൃതി പ്രതിഭാസങ്ങളെയും അംഗീകരിക്കാനുള്ള കഴിവില്ലായ്മയുമാണ് ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്നത് എന്ന യാഥാർത്ഥ്യം തിരിച്ചറിയുകയും അതനുസരിച്ച് നമ്മുടെ കാഴ്ചപ്പാടുകളിൽ പൊളിച്ചെഴുത്ത് വരുത്തുകയുമല്ലേ അടിസ്ഥാനപരമായി നാം ചെയ്യേണ്ടത്? വൈറസ് രോഗങ്ങളുെട പെരുക്കത്തിന് ഇടയാക്കിയത് മനുഷ്യന്റെ ആർത്തിയാണ് എന്ന് മനസിലാക്കാൻ അതിബുദ്ധിയൊന്നും ആവശ്യമില്ലല്ലോ. വൈറസ് രോഗങ്ങൾ മൂലം ഉണ്ടായി വരുന്ന അവസരങ്ങളുപയോഗിച്ച് ജനങ്ങളെ മരുന്നു വില്പ്പനയിലൂടെ കൊള്ളയടിക്കുക എന്ന മുതലാളിത്ത തന്ത്രം ഇവിടെയും നന്നായി പ്രവർത്തിക്കുന്നത് കാണാം. അതിനനുരോധമായ പ്രചാരണ പ്രവർത്തനങ്ങളും ഭീതിയുടെ ഉല്പ്പാദനവുമാണ് കാലാകാലങ്ങളായി എല്ലാ സർക്കാരുകളും സ്വീകരിച്ചു വരുന്നത്. അത്തരം ഒരു നിലപാട് ബന്ധപ്പെട്ട അധികാരികളെ കൊണ്ട് സ്വീകരിപ്പിക്കുന്നതിൽ ആരോഗ്യമാഫിയ എല്ലാ കാലത്തും വിജയിക്കുന്നുമുണ്ട്. ഇത്തവണ വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് മുന്പോട്ടു വെക്കാൻ നമുക്ക് സമയമില്ലെങ്കിലും അടുത്ത വർഷം മുതലെങ്കിലും അത്തരം ഒരു ബദൽ സമീപനം മുന്നോട്ടു വെയ്ക്കാൻ താങ്കൾ മുൻകൈ എടുക്കുമോ?
യഥാർത്ഥത്തിൽ മഴക്കാലം ഉർവ്വരതയുടെ മാസങ്ങളാണ്. എല്ലാ ജീവന്റെ തുടിപ്പുകളും നന്മകളും മുളയെടുക്കുന്നത് ഈ മാസങ്ങളിലാണ്, മലയാളിയുടെ ആർദ്രതയും ഉദാരതയും കലയും സാഹിത്യവും ഒക്കെ കിളിർക്കുന്നത് ഈ മഴവെള്ളത്തിലാണ്. വർഷത്തിൽ 300 മി.മീറ്റർ മഴ ലഭിക്കുക എന്നതിൽ കവിഞ്ഞ ഒരനുഗ്രഹം പ്രകൃതിയിൽ നിന്ന് നമുക്കെന്താണ് കിട്ടാനുള്ളത്. നാം കൃഷിയെ മറന്നു പോകുകയും കോൺക്രീറ്റ് കാടുകളും ആറ് വരി പാതകളും അതിവേഗ റെയിൽ ഇടനാഴികകളുമൊക്കെ മാത്രമാണ് വികസനം എന്ന് കരുതുകയും ചെയ്തിടത്താണ് നമുക്ക് പിഴച്ചത്. എന്തുകൊണ്ടാണ് നമുക്ക് ലഭിക്കുന്ന പ്രകൃതിയുടെ ഈ വരദാനത്തെ ഈ വർഷപാതത്തെ മനസിൽ ആവാഹിക്കാനും ഉൾക്കൊള്ളാനും അതിനനുരോധമായ ഒരു വികസന കാഴ്ചപ്പാട് മുന്നോട്ടു വെയ്ക്കാനും നമുക്ക് കഴിയാത്തത്? വല്ലപ്പോഴും ഒരു ചാറ്റൽമഴ മാത്രം ലഭിക്കുന്ന യുറോപ്പുകാരന്റെ കാഴ്ചപ്പാടുകളും വികസന സങ്കൽപ്പവുമാണ് ലോകത്തെ മുന്തിയ കാഴ്ചപ്പാട് എന്ന അബദ്ധ പഞ്ചാംഗം നമ്മുെട മനസ്സിൽ നട്ടു വളർത്തിയത് വൈദേശിക ആധിപത്യവും സാമ്രാജ്യത്വ ചിന്താപദ്ധതികളുമാണ് എന്ന യാഥാർത്ഥ്യം മറ്റാർക്കും തിരിച്ചറിയാനാവില്ലെങ്കിലും കമ്യൂണിസ്റ്റുകാരായ നമുക്കെങ്കിലും അത് കഴിയേണ്ടതല്ലേ? യഥാർത്ഥ ജനകീയ ബദൽ വികസിപ്പിക്കാനുളള ഉത്തരവാദിത്വം നാം നിർവ്വഹിക്കാതിരിക്കുന്പോൾ നാം മറ്റെല്ലാ പാർട്ടികളിലും ഒന്നായി തീരുകയും പടിഞ്ഞാറൻ ബംഗാളും തമിഴ്നാടുമൊക്കെ സംഭവിക്കുകയും ചെയ്യുന്നു എന്ന് ഇപ്പോഴെങ്കിലും നമുക്ക് തിരിച്ചറിയാൻ സാധിക്കേണ്ടതല്ലേ?
പലതരം വൈറൽ പനികളും വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങളുമൊക്കെയാണല്ലോ മഴക്കാലത്തെ രോഗങ്ങളുടെ കാലമായി ചിത്രീകരിക്കാൻ കാരണമാകുന്നത്. കൊതുകു നിയന്ത്രണത്തിന് ഇന്ന് നാം സ്വീകരിക്കുന്ന നടപടികൾ താല്ക്കാലികമായെങ്കിലും ഫലം ചെയ്യുന്നുണ്ടോ? കേരളം പോലെ നഗര ഗ്രാമ വ്യത്യാസങ്ങൾ അതിവേഗത്തിൽ മറഞ്ഞു പോകുന്ന ഒരു ഉപഭോക്തൃ സംസ്ഥാനത്ത് ജനകീയ ഇടപെടലിലൂെട മാലിന്യങ്ങളെ ഒരു പരിധി വരെ താല്ക്കാലികമായി കുറച്ചു കൊണ്ടു വരാൻ കഴിയും എന്നതിനപ്പുറം പ്രശ്നത്തിന്റെ അരികം തൊടാൻ പോലും ഇത് പര്യാപ്തമാകുന്നില്ല എന്നതാണ് വാസ്തവം. ഭൗമോപരിതലത്തിലെ പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളുമൊക്കെ കുറയൊക്കെ നമുക്ക് പെറുക്കിയെടുക്കാം. പക്ഷേ കൊതുകിന്റെ വളർച്ചയെ കുറിച്ചുള്ള പുതിയ പഠനങ്ങൾ പറയുന്നത് അവ ഭൗമോപരിതലത്തിലെ വെള്ളത്തിൽ മാത്രമല്ല മുട്ടയിട്ട് പെരുകുന്നത്. മണ്ണിനടിയിൽ പ്ലാസ്റ്റിക്കിന്റെ അടരുകൾ തന്നെ ഇപ്പോൾ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അതിൽ വെള്ളവും ഈർപ്പവും കെട്ടിനിൽക്കുന്നുമുണ്ട്. അതായത് ഉപരിതലത്തിൽ കൊതുകിന് മുട്ടയിടാനുള്ള അവസരങ്ങളെ നിങ്ങളെത്ര ശ്രമിച്ചാലും അതിന്റെ ചെറിയൊരു ശതമാനം ഇല്ലാതാക്കാനേ കഴിയൂ. അപ്പോഴും കൊതുകിന് അതൊരു പ്രശ്നവും സൃഷ്ടിക്കുകയില്ല. നമുക്ക് പെറുക്കി മാറ്റാൻ കഴിയാത്ത മണ്ണിൽ മറഞ്ഞു കിടക്കുന്ന പ്ലാസ്റ്റിക്കുകളിൽ ഇവ വ്യാപകമായി മുട്ടയിട്ട് പെരുകും. ഇതിനെ പ്രതിരോധിക്കാൻ ഒറ്റമാർഗ്ഗമേയുള്ളൂ. പ്ലാസ്റ്റിക്കിനെ നന്നായി നിയന്ത്രിക്കുക. ഞാനീ കത്തെഴുതുന്നത് കൊയിലാണ്ടി നഗരസഭയിൽ നിന്നാണ്. അഞ്ചു വർഷക്കാലം പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ വ്യാപനം തടഞ്ഞ നഗരസഭയായിരുന്നു കൊയിലാണ്ടി. ഒരുപക്ഷേ പ്ലാസ്റ്റിക് ക്യാരിബാഗുകൾ നിരോധിച്ച കേരളത്തിലെ ആദ്യത്തെ നഗരസഭയും. ചുറ്റുപാടുമുള്ള പഞ്ചായത്തുകളിൽ നിന്നും മറ്റെല്ലാ പ്രാന്തപ്രദേശങ്ങളിൽ നിന്നുമുള്ള ക്യാരീബാഗുകളുടെ ഒഴുക്ക് തടയാൻ സാധിച്ചില്ലെങ്കിലും കൊയിലാണ്ടിയിൽ അതുണ്ടാക്കിയ മാറ്റം വിപ്ലവകരം തന്നെയായിരുന്നു. കൊതുകിന്റെ വ്യാപനത്തെ വലിയൊരളവിൽ തടയാൻ അതുകൊണ്ട് സാധിക്കുകയും െചയ്തു. പ്ലാസ്റ്റിക് ലോബിയുടെ ശക്തമായ സമ്മർദ്ദങ്ങളെയും ഭീഷണികളെയും പ്രലോഭനങ്ങളെയും മറികടന്നുകൊണ്ടാണ് പ്ലാസ്റ്റിക് ക്യാരിബാഗുകളെ 90 ശതമാനത്തിലധികം കുറയ്ക്കാൻ സാധിച്ചത്. ടീച്ചറെപ്പോലൊരാൾ കേരളത്തിൽ ആരോഗ്യമന്ത്രിയായിരിക്കുന്പോൾ കേരളത്തിലാകെ ഇത്തരം ഒരു തീരുമാനം നടപ്പിലാക്കാൻ സാധിക്കുമോ എന്നതാണ് ചോദ്യം. പ്ലാസ്റ്റിക്കിന് 400 ശതമാനം സബ്സിഡി കൊടുക്കുന്ന ഒരു കേന്ദ്രസർക്കാർ മുകളിലുണ്ട് അറിയാം. കേരളത്തിൽ നയരൂപീകരണ രംഗത്ത് സ്വാധീനം ചെലുത്താൻ കഴിയുന്ന ഉദ്യോഗസ്ഥരെ രാഷ്ട്രീയ നേതാക്കളെ ഒക്കെ പ്ലാസ്റ്റിക് ലോബി കയ്യിലെടുക്കുകയും ചെയ്തേക്കാം. വലിയ ഒരു വെല്ലുവിളി തന്നെയാണ് ഏറ്റെടുക്കേണ്ടത് എന്നുമറിയാം. പക്ഷേ ടീച്ചറെപ്പോലെയൊരാൾക്ക് അത്തരം ഒരുകാര്യം സ്വന്തം ഇച്ഛാശക്തികൊണ്ട് നടപ്പിലാക്കാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. രണ്ടാമത്തെ കാര്യം കുപ്പിവെള്ള വില്പ്പനയുടെ നിയന്ത്രണമാണ്. അതിനായി ശക്തമായ ബോധവൽക്കരണവും നിയമനടപടികളും ഒരുപോലെ അനിവാര്യമാണ്. വയറിളക്ക രോഗങ്ങൾ തടയുന്നതിനും കൊതുകു നിയന്ത്രണത്തിനും സർക്കാർ ഖജനാവ് ചെലവഴിക്കുന്ന തുകയുടെ ചെറിയൊരംശം ചെലവിട്ടാൽ നമ്മുടെ പൊതു ഇടങ്ങളിലൊക്കെ തിളപ്പിച്ച് തണുപ്പിച്ച (കുടിവെള്ളത്തെ അണുവിമുക്തമാക്കാൻ തല്ക്കാലം അതേ വഴിയുള്ളൂ) വെള്ളം വിതരണം ചെയ്യാൻ സൗജന്യമായി സംവിധാനം ഒരുക്കാൻ കഴിയും. പൊതു ഇടങ്ങളിലൊക്കെ ഇത് വ്യാപകമായാൽ കുപ്പിവെള്ളത്തിന് നിയന്ത്രണമാകാം. ആദ്യം ചെയ്യേണ്ടത് വെള്ളത്തിന്റെ വില ഇന്നുള്ളതിന്റെ ഇരട്ടിയോ അതിലധികമോ ആയി വർദ്ധിപ്പിക്കലാണ്. കാലികുപ്പികൾ തിരിച്ചേൽപ്പിച്ചാൽ മോശമല്ലാത്ത തുക തിരിച്ചു കിട്ടും എന്ന് വന്നാൽ ആളുകൾ അതിന് തയ്യാറാകും. കുപ്പി കേടുകൂടാതെ തിരിച്ചേൽപ്പിക്കണം എന്ന് നിഷ്കർഷിക്കേണ്ടതില്ല.
ഇന്ന് വിദ്യാർത്ഥികളും ജോലിക്കാരും യാത്രക്കാരുമൊക്കെ കുടിവെള്ളം കൊണ്ടുപോകുന്നത് പ്ലാസ്റ്റിക് പെറ്റ് ബോട്ടിലുകളിലാണ്. അവ കേരളത്തിൽ അടിയന്തിരമായി നിരോധിക്കണം. പകരമായി നല്ല തോതിൽ സബ്സിഡി നൽകി തുകലിന്റെയും റബ്ബറിന്റെയുമൊക്കെ മനോഹരമായ പൊതികളിലുള്ള ഉടയാത്ത പിഞ്ഞാണ പാത്രങ്ങൾ കൊണ്ടുണ്ടാക്കിയ വാട്ടർ ബോട്ടിലുകൾ വിപണിയിലിറക്കണം. പ്ലാസ്റ്റിക് കുപ്പിയിൽ ചൂടു വെള്ളം ഒഴിച്ചു കുടിച്ചാൽ അത് ക്യാൻസറിന്റെ വ്യാപനത്തിന് വരെ കാരണമാകുന്നുണ്ട് എന്ന യാഥാർത്ഥ്യം നന്നായി പ്രചരിപ്പിക്കണം. മറ്റൊരു പ്രധാന കാര്യം കേരളത്തിൽ മദ്യവില്പനക്കുള്ള പ്ലാസ്റ്റിക് കുപ്പികൾ ഒന്നടങ്കം നിരോധിക്കാൻ കഴിയണം എന്നതാണ്. ഗ്ലാസിന്റെ ഉരുണ്ട കുപ്പികളിൽ നിറച്ച് മാത്രമേ മദ്യം കേരളത്തിൽ വിൽക്കാവൂ എന്ന് നിയമം മൂലം തീരുമാനിച്ചാൽ എല്ലാ മദ്യ ഉല്പാദകരും അതിന് നിർബന്ധിതമാകും. അവർ കോടതിയെ സമീപിച്ചേക്കാം. സർക്കാറിന് വേണ്ടി തന്നെയാണ് സർക്കാർ അഭിഭാഷകർ കേസ് വാദിക്കുന്നതെങ്കിൽ േകസ് തോൽക്കുകയുമൊന്നുമില്ല. ഈയൊരൊറ്റ തീരുമാനം കൊണ്ട് മാത്രം കേരളത്തിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണം പകുതിയിലധികമായി കുറയും. ഉരുണ്ട ഗ്ലാസ് കുപ്പികളിൽ മാത്രമാകുന്പോൾ മദ്യം നിയമവിരുദ്ധമായി രഹസ്യമായി ധാരാളമായി കൊണ്ടു നടന്ന് വില്പ്പന നടത്തുന്നതിലും കള്ളക്കടത്തിനുമൊക്കെ ബുദ്ധിമുട്ടുകളുണ്ടാക്കും. അത് വ്യാജ മദ്യവില്പ്പനയെ വലിയ തോതിൽ കുറയ്ക്കുകയും ചെയ്യും. കേരളത്തിൽ വില്പ്പന നടത്തുന്ന ശീതളപാനീയങ്ങൾ പേക്ക് ചെയ്യുവാൻ ഒരിക്കലും പ്ലാസ്റ്റിക് കുപ്പികൾ അനുവദിക്കരുത്. പകരം ടിൻ പാത്രങ്ങളായിക്കോട്ടെ. പക്ഷെ അവയുടെ ഉല്പ്പാദകർക്ക് തിരിച്ചു കിട്ടത്തക്ക വിധത്തിൽ വില നൽകി തിരിച്ചു വാങ്ങുന്ന സംവിധാനം ഒരുക്കണം. മരുന്നുകൾക്കും ഈ തിരിച്ചുവാങ്ങൽ സംവിധാനം ഒരുക്കാൻ കഴിയും. പ്ലാസ്റ്റിക് ബാഗുകളിലുള്ള വെളിച്ചെണ്ണ, മറ്റ് സസ്യ എണ്ണകൾ എന്നിവയുടെ വിപണനം നിരോധിക്കണം. നല്ല കേനുകളിൽ മാത്രമായിരിക്കണം വില്പ്പന. വാങ്ങിയ കേൻ തിരിച്ചു കൊടുത്താൽ പുതുതായി വാങ്ങുന്ന എണ്ണക്ക് നല്ല വിലക്കിഴിവ് കിട്ടും എന്ന് വന്നാൽ എല്ലാ വീട്ടമ്മമാരും പലചരക്ക് സാധനങ്ങൾക്കായി കടയിൽ വരുന്പോൾ ഉപയോഗിച്ച ശേഷമുള്ള ഇത്തരം കേനുകൾ തന്നെ തിരിച്ചേൽപ്പിക്കും. സൂപ്പർ മാർക്കറ്റുകളിൽ പലചരക്ക് ഇപ്പോൾ പ്ലാസ്റ്റിക് കവറുകളിലാണ് തൂക്കി നിറച്ച് പാക്ക് ചെയ്യുന്നത്. അതിന് പകരം ഉപയോഗിക്കാവുന്ന മണ്ണിൽ ലയിക്കുന്ന കവറുകൾ കണ്ടെത്തണം. തുണിത്തരങ്ങളും മറ്റും പേക്ക് ചെയ്തുവരുന്ന പ്ലാസ്റ്റിക്കിനും ഇത്തരത്തിൽ നിയന്ത്രണമേർപ്പെടുത്താൻ കഴിയും. ഇത്തരം പരിഷ്കാരങ്ങൾക്ക് ഉദ്യോഗസ്ഥർ പറയുന്ന മുഖ്യമായ തടസ്സം സാന്പത്തിക ബുദ്ധിമുട്ടായിരിക്കും. അത് വസ്തുതയല്ല. പ്ലാസ്റ്റിക്കിന് ചുമത്തുന്ന അധിക ചുങ്കത്തിലൂടെയും കൊതുകു ജന്യരോഗങ്ങൾ നിയന്ത്രിക്കാൻ ഇപ്പോൾ ചിലവഴിക്കുന്ന തുക വലിയൊരളവിൽ കുറയ്ക്കാൻ സാധിക്കുക വഴിയും ഈ ചിലവ് കണ്ടെത്താനാകും. യഥാർത്ഥത്തിൽ സർക്കാറിന് ചെലവ് കുറയുക തന്നെയാണ് ചെയ്യുക. ഇത് വിജയിക്കാനുള്ള മുന്നുപാധി ജനങ്ങളുടെ സഹകരണവും രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശക്തിയുമാണ്. പ്ലാസ്റ്റിക് മാഫിയ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളിലും പ്രലോഭനങ്ങളിലും കുടുങ്ങുകയുമരുത്. നമ്മുടെ ഓടകൾ മുഴുവൻ അടഞ്ഞ് നീരൊഴുക്ക് നിലച്ച് കൊതുകു പെരുകുന്നത് പ്ലാസ്റ്റിക് കുപ്പികളിലും ക്യാരിബാഗുകളും നിറഞ്ഞാണ്. ഒരു ദിവസം 20ലധികം ക്യാരിബാഗുകൾ ഒരു വീട്ടിലെത്തുന്നു എന്നാണ് കൊയിലാണ്ടി നഗരസഭയിൽ ഞങ്ങൾ നടത്തിയ പഠനം തെളിയിച്ചത്. അതിന്റെ കൂടെയാണ് പ്ലാസ്റ്റിക്ക് കുപ്പികൾ, ഇവയെല്ലാം ചേർന്നാൽ ഉണ്ടാവുന്ന മാലിന്യ പ്രശ്നത്തെ ഡ്രൈഡേ ആചരിച്ചതു കൊണ്ടൊന്നും പരിഹരിക്കാനാവില്ല. പണ്ടൊക്കെ താഴ്ന്ന പ്രദേശങ്ങളിലാണ് കൊതുകു ശല്യം രൂക്ഷമായിരുന്നതെങ്കിൽ ഇപ്പോൾ ഉയർന്ന പ്രദേശത്തും കൊതുകുകൾ വിരാചിക്കുന്നുണ്ട്. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. ഭൗമോപരിതലത്തിലെ കെട്ടികിടക്കുന്ന വെള്ളത്തിൽ മാത്രമല്ല, കൊതുകുകൾ പ്രജനനം നടത്തുന്നത്. അടുത്ത മഴക്കാലത്തിന് മുന്പെങ്കിലും പ്ലാസ്റ്റിക് നിയന്ത്രണം നടപ്പിലാക്കാനായാൽ അതായിരിക്കും ടീച്ചർ ആരോഗ്യമന്ത്രി എന്ന നിലയിൽ സ്വീകരിക്കുന്ന ഏറ്റവും മഹത്തരമായ കാര്യം. ഇത് അത്ര വലിയ ഒരു വെല്ലുവിളിയൊന്നുമല്ല എന്ന് ഇന്ത്യയിലെ പല വിനോദസഞ്ചാര കേന്ദ്രങ്ങളും തെളിയിച്ചിട്ടുണ്ട്. ആസാമിലെ ബ്രഹ്മപുത്ര തടത്തിലെ മനുഷ്യർ ദരിദ്രരാണെങ്കിലും അവർ പ്ലാസ്റ്റികിനെ അവരുടെ ഗ്രാമങ്ങളിലേക്ക് കയറ്റുന്നില്ല.
നാമിന്നനുവർത്തിക്കുന്ന കൊതുകു നിവാരണ പ്രവർത്തനങ്ങളൊന്നും യഥാർത്ഥത്തിൽ പ്രയോഗികമല്ല. ഉദ്യോഗസ്ഥ തലത്തിലും മറ്റും കോടികളുടെ കമ്മീഷൻ കൈമറിയാൻ സഹായിക്കുന്നതിനപ്പുറം അവ കാര്യമായ പ്രയോജനമൊന്നും ചെയ്യുന്നില്ല. ഓടകളിലും മറ്റും മാലിന്യം കെട്ടിക്കിടക്കാതെ നോക്കുകയാണ് വേണ്ടത്. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി പോലുള്ള നഗരങ്ങളിലൊക്കെ കോടികൾ ചിലവിട്ട് ഓടകൾ പണിയുന്നു. പക്ഷേ ഓടകൾക്ക് വെള്ളം ഒഴുക്കികളയാനേ ആകൂ. കുടിച്ചു വറ്റിക്കാൻ അവക്ക് നിവർത്തിയില്ല. നഗരപ്രാന്തങ്ങളിലെ ചതുപ്പുകളൊക്കെ നികത്തി കഴിയുന്പോൾ ഓടകളിൽ വെള്ളം കെട്ടി നിന്ന് വെള്ളപ്പൊക്കം ക്ഷണിച്ചു വരുത്തും. ശുദ്ധജലവും മലിനജലവും ഇടകലരും. ജലജന്യരോഗങ്ങൾ പടരും. അതാണ് ചെന്നൈയിൽ സംഭവിച്ചത്. ഓടകളിൽ മാരകമായ കീടനാശിനികൾ തളിച്ചതു കൊണ്ടോ ഫോംഗിംഗ് നടത്തിയത് കൊണ്ടോ അത് കൊതുകിനെ സാരമായി ബാധിക്കാറില്ല. കാരണം കൊതുക് പറന്ന് നടക്കുന്ന ജീവിയാണ്. വെള്ളത്തിലെ മുട്ടകൾ നശിക്കുമെങ്കിലും അതിന് പറന്ന് ചെന്ന് മറ്റൊരിടത്ത് മുട്ടയിടാനാകും. എന്നാൽ കൊതുകിനെതിരെ തളിച്ച മരുന്നുകൾ കൊണ്ട് ഓടകളിൽ കൊതുകിനെ തിന്ന് ജീവിക്കുന്ന ജീവികൾക്ക് നാശം സംഭവിക്കുകയും ചെയ്യും. അപ്പോൾ ദീർഘക