അണിയറയിൽ വിമോചന സമരത്തിന്റെ കരിവേഷങ്ങൾ
മലയാളത്തിലെ ഒരു പ്രമുഖപത്രത്തിന്റെ വരാന്ത്യത്തിൽ ഒരു പഴയ കമ്യൂണിസ്റ്റുകാരന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ. കേളപ്പൻ ഉൾപ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികളെ കൊലപ്പെടുത്താൻ കമ്യൂണിസ്റ്റ് പാർട്ടി ഗൂഢാലോചന നടത്തിയിരുന്നു എന്നും തലനാരിഴക്ക് കേളപ്പൻ രക്ഷപ്പെടുകയായിരുന്നു എന്നുമൊക്കെയുള്ള സംഭ്രമജനകമായ വെളിപ്പെടുത്തലായിരുന്നു ആ ‘ഓർമ്മപ്പെടുത്ത’ലിൽ ഉണ്ടായിരുന്നത്. പത്തെഴുപത് വർഷം മുന്പത്തെ കാര്യമാണ്. അതിന്റെ ആധികാരികത വെളിപ്പെടുത്താൻ ഇന്നാരെങ്കിലും ജീവിച്ചിരിപ്പുണ്ടാകുമോ എന്നൊന്നും അറിയില്ല. ഓർമ്മക്കുറിപ്പിൽ ഒരിടത്ത് കെ. കേളപ്പനെ കുത്തിക്കൊല്ലാനായിരുന്നു തീരുമാനം എന്ന് പറയുന്നുണ്ട്. മറ്റൊരിടത്താണെങ്കിൽ ഡിസ്ട്രിക്റ്റ് ബോർഡ് മീറ്റിംഗിലേക്ക് ബോംബും ആസിഡ് ബൾബുമൊക്കെ എറിഞ്ഞ് കൊല്ലാനായിരുന്നു നീക്കം എന്നും പറയുന്നുണ്ട്. 70 വർഷം മുന്പുണ്ടായതായി പറയപ്പെടുന്ന ഒരു സംഭവം സ്ഥലത്തിൽ നിന്നും കാലത്തിൽ നിന്നും വസ്തുതകളിൽ നിന്നും അടർത്തിയെടുത്ത് 2016ലെ ഒരു ചരിത്ര മുഹുർത്തത്തിൽ പ്രതിഷ്ഠിച്ച് വെളിപ്പെടുത്തുന്നതിലെ ‘സദുദ്ദേശ’മെന്ത് എന്നത് തീർച്ചയായും കൗതുകമുളവാക്കുന്നുണ്ട്.
വന്ദ്യവയോധികനായ എം.സി കൃഷ്ണന്റെ വെളിപ്പെടുത്തലുകളെ ചോദ്യം ചെയ്യാനുള്ള ബാധ്യതയോ പ്രായമോ പക്വതയോ ഒന്നും ഈ ലേഖകനില്ല, അതിനൊരുപക്ഷേ കമ്യൂണിസ്റ്റ് പാർട്ടിയിലെ പഴയ തലമുറയിൽപ്പെട്ട വല്ലവരും തയ്യാറായി കൂടായ്കയുമില്ല. അതവർ ചെയ്യട്ടെ. പക്ഷേ വാരന്ത്യത്തിൽ ഇത് ഇടംപിടിക്കുന്നത് കേരളത്തിൽ ഒരു പുതിയ ഗവൺമെന്റ് സത്യപ്രതിജ്ഞക്ക് തയ്യാറെടുക്കുന്നതിന്റെ ദിവസങ്ങളിലാണ്. അതും ഒരു കമ്യൂണിസ്റ്റ് പാർട്ടികളുടെ നേതൃത്വത്തിലുള്ള ഒരു മന്ത്രിസഭ. ജനങ്ങൾ നിർല്ലോഭമായി വോട്ട് നൽകി സഹായിച്ചതിനെ തുടർന്ന് ജനാധിപത്യപരമായ ഒരു കടമ, എന്ന നിലയിലാണ് പുതിയ സർക്കാർ ചുമതലയേറ്റെടുക്കാൻ പോകുന്നത്. ഈ സർക്കാരിന്റെ വക്താവായി അതിന്റെ എല്ലാ ചെയ്തികളെയും ന്യായീകരിക്കാൻ ചുമതലപ്പെട്ടയാളോ, അല്ലെങ്കിൽ ആ സർക്കാരിനെ കുറിച്ച് എന്തെങ്കിലും വ്യാമോഹങ്ങൾ സൂക്ഷിക്കുന്നയാളോ അല്ല ഈ കുറിപ്പെഴുതുന്നത്. പക്ഷേ ഇതിലൊക്കെ എന്തെല്ലാമോ ഗൂഢാലോചനകൾ മണക്കുന്നില്ലേ എന്നൊരു സന്ദേഹം സ്വാഭാവികമായും ഉയർന്നുവരുന്നുണ്ട്. ഈ ‘ഓർമ്മപ്പെടുത്തൽ’ അച്ചടി മഷി പുരണ്ട് നമുക്ക് മുന്പിലെത്തിയ ദിവസം തന്നെ മറ്റൊരു സംഭവം ഉണ്ടായി. അത് ഡൽഹിയിലെ സിപി.ഐ (എം) ആസ്ഥാനത്തിന് നേരെ സംഘപരിവാറുകാർ സംഘടിതമായി ആക്രമണം നടത്തിയ ദിവസം കൂടിയായിരുന്നു. അഞ്ചാം തവണയാണ് സംഘപരിവാറുകാർ ഈ ഓഫീസിൽ അക്രമണം നടത്തി വസ്തുവകകൾ നശിപ്പിക്കുന്നത് എന്ന് സി.പി.ഐ(എം) നേതൃത്വം വെളിപ്പെടുത്തുന്നു. ഇതിന്റെ ദൃശ്യങ്ങൾ ടി.വി ചാനലുകൾ പുറത്തു വിട്ടിട്ടുണ്ട്. എ.കെ.ജി ഭവന് മുന്പിൽ മൂന്ന് ബാരിക്കേഡുകളാണ് പോലീസ് തീർത്തിരുന്നത്. ഡൽഹി പോലീസിന്റെ ബാരിക്കേഡുകളുടെ സ്വഭാവം നേരത്തെ കണ്ടറിഞ്ഞിട്ടുള്ളയാളാണ് ഈ ലേഖകൻ. ബാരിക്കേഡിന് മുകളിൽ ഇരുന്പു മുള്ളുകളും മുള്ളുവേലികളുമൊക്കെ സ്ഥാപിച്ച് ഒരാൾക്കും അടുക്കാൻ കഴിയാത്ത വിധമാണ് അത് നിർമ്മിക്കുക. ഇതിന് അതൊന്നുമുണ്ടായിരുന്നില്ല. ഒരു സാധാരണ ഹഡിൽ മാത്രം. പ്രവർത്തകർ ഓടിയടുത്ത് ബാരിക്കേഡുകൾ ചാടിക്കടന്ന് ഓഫീസിനു മുന്പിലെത്തി എ.കെ.ജി ഭവന്റെ ബോർഡും മറ്റും തകർക്കുന്നു. എ.കെ.ജി ഭവനിലെ ജീവനക്കാരും പാർട്ടി ്രപവർത്തകരുമൊക്കെ പ്രവേശന കവാടത്തിൽ തടിച്ചു കൂടി നിൽക്കുന്നത് കൊണ്ടാണോ, അതോ ഇത്രയൊക്കെ ചെയ്യാനേ നിർദേശമുണ്ടായിരുന്നുള്ളൂ എന്നതുകൊണ്ടാണോ എന്നറിയില്ല, അകത്തെക്കൊന്നും ഇവർ പ്രവേശിക്കുന്നില്ല. ഇതൊക്കെ സംഭവിക്കുന്പോൾ പോലീസ് സമാധാനപരമായി എല്ലാം കണ്ടുനിൽക്കുകയാണ് ചെയ്യുന്നത്. ബലപ്രയോഗത്തിലൂടെ തടയാനൊന്നും മുതിരുന്നുമില്ല.
40 വർഷത്തിലധികം കാലത്തെ പൊതുപ്രവർത്തന അനുഭവങ്ങളുള്ള ഈ ലേഖകന് ഉറപ്പിച്ചു പറയാൻ കഴിയുന്ന ഒന്നുണ്ട്. സാധാരണ തിരഞ്ഞെടുപ്പു കാലത്ത് അരങ്ങേറാറുള്ള നിലയിൽ വ്യാപകമായ ആക്രമണ പരന്പരകളൊന്നും ഇത്തവണ ഉണ്ടായിട്ടില്ല. സി.പി.എം, ബി.ജെ.പി, കോൺഗ്രസ്, ലീഗ് എന്നിവയുടെയൊക്കെ വകയായി അങ്ങിങ്ങ് അക്രമസംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. അവക്കൊന്നും സംഘടിത സ്വഭാവങ്ങളുണ്ടായിട്ടില്ല. സഹജ വൈരികളായ സി.പി.എം-ബി.ജെ.പി സംഘർഷങ്ങൾക്ക് അൽപ്പം രൂക്ഷത കൂടുതലാണ്. ഇരുഭാഗത്തും ആൾനാശവും പരിക്കേൽക്കലുകളും ഉണ്ടായിട്ടുണ്ട്. പക്ഷേ ഈ പ്രശ്നങ്ങളെല്ലാമുയർത്തി കേരളത്തിൽ ബഹുജനങ്ങളെ അണിനിരത്തി വലിയ പ്രചാരണവും ക്യാന്പയിൻ പ്രവർത്തനങ്ങളൊന്നും സംഘടിപ്പിക്കാൻ ഇരുകൂട്ടരും സന്നദ്ധമായിട്ടുമില്ല. എന്നാൽ കേന്ദ്രഗവൺമെന്റിലെ രണ്ട് ഉത്തരവാദപ്പെട്ട മന്ത്രിമാർ, അവരിപ്പോൾ രാജ്യം ഭരിക്കുന്ന, ജനങ്ങളുടെയാകെ പ്രതിനിധികളായ, മന്ത്രിമാർ എന്ന നിലവിട്ട് സാധാരണ സംഘപരിവാറുകാരായി ചുരുങ്ങി ചില പ്രസ്താവനകൾ നടത്തിയതായി കണ്ടു. സി.പി.എമ്മിനെ തെരുവിൽ നേരിടും എന്നായിരുന്നു പ്രസ്താവനയുടെ ഉള്ളടക്കം. വി.എസ് അച്യുതാനന്ദൻ കഴിഞ്ഞാൽ ഇന്ന് പൊതുരംഗത്തുള്ള ഏറ്റവും പ്രായം കൂടിയ പ്രവർത്തകനാണ് ബി.ജെ.പിയിലെ ഒ. രാജഗോപാൽ. അദ്ദേഹമാകട്ടെ എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഒ. രാജഗോപാൽ തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിൽ ചെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെ അനുമോദിച്ചു തിരിച്ചുപോന്ന ഉടനെ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രസ്താവന പുറത്തു വന്നു. പിണറായി ഫാസിസ്റ്റ് ഭരണം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കും എന്നായിരുന്നു കുമ്മനത്തിന്റെ പ്രസ്താവന. ഇതിനിടയിൽ ‘മാർക്സിസ്റ്റ് അക്രമ’ങ്ങൾ തടയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ ഗവർണർ സദാശിവത്തെ സന്ദർശിക്കുകയും ചെയ്തു. ഇതുമാത്രമല്ല ഡൽഹിയിൽ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയെ സന്ദർശിച്ച് മാർക്സിസ്റ്റ് ആക്രമങ്ങൾ പ്രതിരോധിക്കാൻ നിയമപരമായി ഇടപെടണമെന്നഭ്യർത്ഥിച്ചു. ഇതൊക്കെ കണ്ട് ജനങ്ങൾ വലിയ ആശയക്കുഴപ്പത്തിലായി. ഇതിനുമാത്രം എന്താണിവിടെ സംഭവിച്ചത്? ഇനിയിപ്പോൾ ഏതെങ്കിലും കാരണവശാൽ കേരളത്തിൽ എന്തെങ്കിലും വലിയ അക്രമസംഭവങ്ങളുണ്ടായാൽ അന്ന് ആരോടാണിവർ പരാതി പറയുക? സംസ്ഥാനത്ത് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് പോലും ഇനിയും നടന്നിട്ടില്ല. പക്ഷേ വരാനിരിക്കുന്ന ആ സർക്കാരിനെ കേന്ദ്രസർക്കാറിൽ നിക്ഷിപ്തമായ 356ാം വകുപ്പുപയോഗിച്ച് പിരിച്ചുവിട്ടു കളയും എന്നുവരെ പറയാനാളുണ്ടായി.
എന്താണിതൊക്കെ കാണിക്കുന്നത്? പിറക്കാനിരിക്കുന്ന ഇടതുസർക്കാരിനെതിരെ അണിയറയിൽ വിമോചന സമരത്തിന്റെ കരിവേഷങ്ങൾ തയ്യാറായികഴിഞ്ഞു എന്നു തന്നെയല്ലേ? ഞങ്ങളായിരിക്കും കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷം എന്ന് ബി.ജെ.പി നേതാക്കൾ പ്രസ്താവിച്ചിട്ടുണ്ട്. തെരുവിലും സഭയിലും ഞങ്ങൾ യഥാർത്ഥ പ്രതിപക്ഷമായി പ്രവർത്തിക്കും എന്നാണവരുടെ മുന്നറിയിപ്പ്. കേരളത്തിൽ കേവലം ഒരു സീറ്റിൽ മാത്രമാണ് ബി.ജെ.പി വിജയിച്ചത്. അതിനെ നിസ്സാരമായി കാണേണ്ടതില്ല. ഏഴിടത്ത് അവർ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. വോട്ടിംഗ് നിലയിൽ കുതിച്ചു ചാട്ടം തന്നെ ഉണ്ടായിട്ടുമുണ്ട്. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ അവഗണിക്കാവുന്ന അവസ്ഥയിലല്ല കേരളത്തിൽ ബി.ജെ.പി എന്നതും വാസ്തവം. 40ലധികം സീറ്റ് നേടിയ യു.ഡി.എഫ് സഭയിലുണ്ടെങ്കിലും “അവർക്ക് സി.പി.ഐ(എം)നെ ഒന്നും ചെയ്യാൻ കഴിയില്ല. അതിന് ഫയൽമാന്മാരായ ഞങ്ങൾ തന്നെ വേണം” എന്നാണവരുടെ അവകാശവാദം. അതിൽ തെല്ലൊരു വസ്തുതയില്ലാതല്ല. ഇത്രയൊക്കെ വലിയ പ്രഹരമേറ്റിട്ടും യു.ഡി.എഫിന് യാഥാർത്ഥ്യബോധമുണ്ടാകുന്നില്ല. പ്രതിപക്ഷ നേതാവാരായിരിക്കണം എന്ന തർക്കം പോലും അവിടെ അവസാനിച്ചിട്ടില്ല. ഇക്കണക്കിന് ഭരണം കിട്ടിയാലത്തെ സ്ഥിതി എന്താകുമായിരുന്നു? പരസ്പരം പാര വെക്കുകയും തമ്മിൽ തല്ലുകയും ചെയ്യുന്ന ഒരു അവസരവാദകൂട്ടം എന്നതിനപ്പുറം കോൺഗ്രസിന് കേരളത്തിൽ ഇനി പ്രസക്തിയൊന്നുമുണ്ടാകാനിടയില്ല. താഴെ തലത്തിൽ അവർക്ക് ഫലപ്രദമായ സംഘടനാ സംവിധാനങ്ങളൊന്നും ഇന്ന് നിലവിലില്ല. ഉള്ളത് ഛിന്നഭിന്നമാണ്. ദൈവം തന്പുരാൻ വിചാരിച്ചാൽ പോലും അത് പരിഹരിക്കാനുമാകില്ല. ന്യൂനപക്ഷ വിഭാഗങ്ങൾ ഇടതുപക്ഷത്തേക്കും ഭൂരിപക്ഷ സമുദായം ഹൈന്ദവ വർഗീയതയിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ ദയനീയമായ അന്ത്യത്തിലേക്കാണ് കേരളത്തിൽ കോൺഗ്രസ് നീങ്ങിക്കൊണ്ടിരിക്കുന്നത്, എന്നാരെങ്കിലും പറഞ്ഞാൽ, അവരെ കുറ്റപ്പെടുത്താനാവില്ല. ഈ സാഹചര്യം ഉപയോഗപ്പെടുത്തി സമുദായ ധ്രൂവീകരണം ശക്തിപ്പെടുത്തി സ്വന്തം ശക്തി വർദ്ധിപ്പിക്കാനുള്ള നീക്കങ്ങളാണ് ബി.ജെ.പിയുടെ കേന്ദ്രനേതൃത്വം തയ്യാറാക്കുന്നത് എന്ന് തീർച്ചയായും സംശയിക്കേണ്ടി വരും. ‘ഫിയർ സൈക്കോസിസി’ന്റെ ഭാഗമായി മുസ്ലിം ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ഒരുമിച്ച് ഇടതുപക്ഷത്തേക്ക് മാറിക്കൊണ്ടിരിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യം. അതിനവർക്ക് തടസമായി നിന്നിരുന്ന പ്രത്യയശാസ്ത്രപരവും വർഗപരവുമായ വേലികളൊക്കെ ഇടതുപക്ഷം പൊളിച്ചുമാറ്റിയിട്ടുമുണ്ട്. ഇന്നത്തെ നിലയിൽ കാര്യങ്ങൾ മുന്നോട്ടു പോയാൽ ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗുപോലുള്ള പാർട്ടികളും ആസന്ന ഭാവിയിൽ ഇടതുമുന്നണിയുടെ ഭാഗമായി തീരാനാണിട. ഇതിനൊരു മറുപുറമുണ്ട്. സമാന്തരമായി ഭൂരിപക്ഷ ഹിന്ദുസമുദായത്തിൽ ‘എൻ.ഡി.എ ഫോബിയ’ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. മാർക്സിസ്റ്റ് പാർട്ടിയിലും കോൺഗ്രസിലുമൊക്കെയുള്ള ഹിന്ദുവിഭാഗത്തിന് സംഘപരിവാറിനോടുളേള അസ്പൃശ്യത മാറിയിട്ടുണ്ട്. ജാതീയത ശക്തിപ്പെടുകയും സാമുദായിക സംഘടനകൾ ശക്തമായി നിലയുറപ്പിക്കുകയും അവയെ ഒന്നിച്ച് തങ്ങളിലേക്കാകർഷിക്കാൻ സംഘപരിവാരം തന്ത്രങ്ങൾ മെനയുകയും ചെയ്യുന്നതാണ് വർത്തമാനകാല സാഹചര്യം. കേന്ദ്രഭരണ കക്ഷിയായ, കേരളത്തിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ബി.ജെ.പിയോടൊപ്പം നിലയുറപ്പിക്കുന്നത് തങ്ങളുടെ മൂലധന താല്പര്യങ്ങളെ സംരക്ഷിക്കാൻ സഹായകരമായിരിക്കും എന്നൊരു കാഴ്ചപ്പാട് മൂലധനശക്തികൾക്കിടയിൽ ശക്തവുമാണ്. ഇടതുപക്ഷവും ഇതേമൂലധന താൽപര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നതു മൂലമുണ്ടാകുന്ന ചില ‘എക്കച്ചക്ക’കൾ നിലനില്ക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യം തന്നെ. ഇത്തരം ഒരു സാഹചര്യത്തിൽ ആശയപരമായും സംഘടനാപരമായും കായികമായും സി.പി.ഐമ്മിനെ അടിച്ചു നിലംപരിശാക്കാവുന്ന ശക്തിമാന്മാരായി അവതരിക്കുക എന്ന സംഘപരിവാറിന്റെ രാഷ്ട്രീയ തന്ത്രമാണ് വരുംനാളുകളിൽ കേരളം കാണാൻ പോകുന്നത്. ഒരുപക്ഷേ കേരളത്തിലാകെ കത്തിപ്പടരുന്ന നിയന്ത്രിത വർഗ്ഗീയകലാപങ്ങൾക്കുള്ള സാധ്യതകളും ഇത്തരുണത്തിൽ നമുക്ക് നിഷേധിക്കാനാവില്ല. ഇങ്ങനെയൊന്ന് സംഭവിക്കുക വഴി സംഘപരിവാറിന് ഇരട്ടനേട്ടങ്ങൾ കൈവരിക്കാൻ കഴിയും. കേരളീയ സമൂഹത്തിന്റെ വളർച്ചക്കും വികാസത്തിനും കാരണഭൂതമായ ചില ചരിത്ര യാഥാർത്ഥ്യങ്ങളുണ്ട്. ഭൂമിശാസ്ത്രം, കാലാവസ്ഥ, കുടിയേറ്റം, ഭൂമിയുടെ വിതരണം എന്നിവയോടൊപ്പം നവോത്ഥാന പ്രസ്ഥാനം, ദേശീയപ്രസ്ഥാനം, കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്നിവ വഴി കൈവന്ന മഹത്തായ ചരിത്രപാരന്പര്യമാണത്. സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് രാഷ്ട്രീയത്തെ ഇന്നും പ്രതിരോധിച്ചു നിർത്താനുള്ള ശക്തി സ്രോതസായി പ്രവർത്തിക്കുന്നത് ഈ ചരിത്ര പാരന്പര്യമാണ്. ഇടതുപക്ഷം തുടർച്ചയായി ഇതിനെ കൈയൊഴിഞ്ഞു കൊണ്ടിരിക്കുന്നുണ്ടെങ്കിലും മലയാളിയുടെ ബോധത്തിലും അബോധത്തിലും ഇതിപ്പോഴും ഉണർന്നിരിക്കുന്നുണ്ട്. നിയന്ത്രിതമായ വർഗ്ഗീയ കലാപങ്ങളിലൂടെ ഈ പാരന്പര്യത്തെ ആകെ ചുട്ട് വെണ്ണീറാക്കിയ മണ്ണിലെ ഫാസിസത്തിന് സുഗമമായി തഴച്ചു വളരാനാകൂ എന്നവർക്ക് കൃത്യമായി ബോധ്യമുണ്ട്. എന്നാൽ സംഘപരിവാര നേതൃത്വം ആഗ്രഹിക്കുന്ന തരത്തിൽ ഇപ്പോഴും അവർക്ക് മുന്നേറാൻ കഴിയുന്നില്ല. മധ്യവർഗ്ഗങ്ങളിൽ നിന്നുവരുന്ന കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിൽ, പാർലമെന്ററി ജനാധിപത്യം വലിയ തോതിൽ സ്വാധീനിക്കപ്പെടുന്നുണ്ട്. അതുവഴി തങ്ങൾക്ക് ലഭിക്കാവുന്ന പ്രത്യേക അവകാശങ്ങൾ അവരിൽ വ്യാമോഹങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്. സി.പി.ഐ(എം) ചൂണ്ടിക്കാട്ടുന്ന പാർലമെന്ററി വ്യാമോഹം എന്ന അസുഖം വലിയൊരളവിൽ ബി.ജെ.പിയേയും ഇതിനകം പിടികൂടി കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പി.എസ് ശ്രീധരൻപിള്ളയും ശോഭാസുരേന്ദ്രനുമൊക്കെ നടത്തിയ പ്രസ്താവനകളിലും, ബി.ജെ.പിയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിഭാഗീയമായ ചേരിതിരിവുകളിലുമൊക്കെ നമുക്കിത് കാണാം. രണ്ടാമത്തെ കാര്യം, കേന്ദ്രത്തിൽ ബി.ജെ.പിയുടെ ഗവൺമെന്റ് ഭരണത്തിലിരിക്കുന്പോൾ ഉണ്ടാവുന്ന ഏത് ക്രമസമാധാന ്രപശ്നത്തെയും അവർക്ക് സമർത്ഥമായി ഉപയോഗിക്കാൻ കഴിയുമെന്നതാണ്. 356ാം വകുപ്പുപയോഗിച്ചുള്ള പിരിച്ചുവിടലും രാഷ്ട്രപതി ഭരണത്തിന്റെ മറവിലുള്ള സംഘപരിവാർ ഭരണവുമൊക്കെ അവർക്ക് പുതിയ ധാരാളം അവസരങ്ങൾ കൈവരുത്തും എന്നവർ പ്രതീക്ഷിക്കുന്നു. അമിതാധികാര പ്രവണതകൾ ഫാസിസത്തിന്റെ കൂടെപ്പിറപ്പുകളാണല്ലോ. ബി.ജെ.പിയുടെതല്ലാത്ത സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടാനും ഭരണപ്രതിസന്ധി സൃഷ്ടിക്കാനുമൊക്കെ അവർ നടത്തുന്ന നീക്കങ്ങൾ സുവ്യക്തവുമാണല്ലോ. ഡൽഹിയും ഛത്തീസ്ഗഡുമൊക്കെ സമീപകാല ഉദാഹരണങ്ങൾ.
ഇത്തരം ഒരു പശ്ചാത്തലത്തിൽ വേണം തിരഞ്ഞെടുപ്പാനന്തര അക്രമസംഭവങ്ങളോട് അസാധാരണമായ നിലയിൽ ബി.ജെ.പി നേതൃത്വം വിശേഷിച്ച് കേന്ദ്രനേതൃത്വം ്രപതികരിച്ചുകൊണ്ടിരിക്കുന്നതിനെ മനസിലാക്കാൻ. 1957ലെ ഇ.എം.എസ് സർക്കാരിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ പള്ളിയും പ്രതിലോമ ശക്തികളുമൊക്കെ ഒന്നിച്ചണിനിരന്ന് നടത്തിയ വിമോചന സമരത്തിന്റെ പുതുരൂപമാണ് ഇവരുടെ മനസിലുള്ളത്. ദുർബലമായ യു.ഡി.എഫ് പ്രതിപക്ഷത്തിന് സാധിക്കാത്ത പ്രതിപക്ഷദൗത്യം തങ്ങളേറ്റെടുക്കുന്നു എന്ന പ്രതീതി ജനിപ്പിച്ച് നിരന്തരമായി ഗവൺമെന്റ് വിരുദ്ധ പ്രക്ഷോഭങ്ങൾ ഇളക്കിവിടാനും തെരുവുകളിൽ സംഘർഷാവസ്ഥ നിലനിർത്താനും അരാജകത്വം സൃഷ്ടിക്കാനുമാണ് സമീപ മാസങ്ങളിൽ തന്നെ അവർ ശ്രമിക്കുക. കർക്കശക്കാരനായ പിണറായിയെ പ്രകോപിപ്പിച്ചാൽ ഇതിന് അവർക്ക് അവസരങ്ങൾ കൈവരും എന്നാണവരുടെ നേതൃത്വം പ്രതീക്ഷിക്കുന്നത്. അക്രമസംഭവങ്ങൾക്ക് വഴിമരുന്നായി തീരും വിധം സി.പി.ഐ(എം) പ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായേക്കാവുന്ന പ്രകോപനങ്ങളെയും അവർ ഉപയോഗപ്പെടുത്തും. ഇക്കാര്യത്തിലൊക്കെ തികഞ്ഞ ജാഗ്രത എൽ.ഡി.എഫ് നേതൃനിരയിൽ നിന്ന് ഉണ്ടാവേണ്ടതുണ്ട്. യു.ഡി.എഫ് ഇക്കാലമത്രയും ഇത്തരം പ്രശ്നങ്ങളിൽ സ്വീകരിച്ച തെറ്റായ ഒരു നിലപാടുണ്ട്. മാർക്സിസ്റ്റ് അക്രമ മുറവിളി ആരുടെ ഭാഗത്ത് നിന്നുയർന്നാലും ഉപയോഗപ്പെടുത്തുക. പക്ഷേ ഇനിയങ്ങോട്ട് ഇത്തരം നിലപാട് അവർക്കും വലിയ തോതിൽ ക്ഷതമുണ്ടാക്കും. നേട്ടം മുഴുവൻ കൊയ്യാൻ സംഘപരിവാരത്തിന് അത് അവസരമൊരുക്കും, എന്ന ജാഗ്രത അവർക്കുണ്ടാകേണ്ടതുണ്ട്. ഭരണത്തിന്റെ തണലിൽ അടിഞ്ഞുകൂടി സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലുടെയും അക്രമ പ്രവർത്തനത്തിലൂടെയും അഴിഞ്ഞാടാൻ ശ്രമിക്കുന്ന അടിത്തട്ടിലെ പാർട്ടി സംഘങ്ങളെ നിയന്ത്രിക്കുവാൻ സി.പി.എമ്മിന് കഴിയുന്നില്ലെങ്കിൽ അത് സൃഷ്ടിക്കുന്ന അപ