ചുവപ്പിന്റെ പ്രതീക്ഷയ്ക്ക് ലാൽസലാം- എൻ.വി ബാലകൃഷ്ണൻ
പതിവിൻപടി ഭരണസൂചി ഇടത്തോട്ട് ചരിഞ്ഞ് ചുവപ്പുരാശി പടർത്തി. വലിയ അക്രമ സംഭവങ്ങളോ സംഘർഷങ്ങളോ ഇല്ലാതെ മഹത്തായ ഒരു ജനാധിപത്യ പ്രക്രിയക്ക് നേതൃത്വം നൽകി, 140 മണ്ധലങ്ങളിൽ തങ്ങളുടെ ജനപ്രതിനിധികളെ തിരഞ്ഞെടുത്ത ജനങ്ങൾക്ക് അഭിവാദനങ്ങൾ. വിജയ തിലകമണിഞ്ഞ മുഴുവൻ ജനപ്രതിനിധികൾക്കും എല്ലാ ഭാവുകങ്ങളും. ‘എൽ.ഡി.എഫ് വരും എല്ലാം ശരിയാകും’ എന്ന മുദ്രാവാക്യം കേവലം ചുവരുകളിലും പോസ്റ്ററുകളിലും മാധ്യമ പരസ്യങ്ങളിലും മാത്രമല്ല. മലയാളിയുടെ ജീവിതത്തിലും അതിന് വലിയ പ്രഭാവമുണ്ട് എന്ന് തെളിയിക്കാൻ ഭരണത്തിലേക്ക് ആവേശത്തോടെ എടുത്തുയർത്തപ്പെടുന്ന ഇടതുമുന്നണിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. ആര് നയിക്കും എന്നതിനെ ചൊല്ലിയുള്ള തർക്കങ്ങൾ ഉയർന്നുവന്നാൽ പുത്തരിയിൽ തന്നെ കല്ലുകടിക്ക് അവസരമുണ്ടാകും, എന്ന് മനപ്പായസമുണ്ട എല്ലാവർക്കും നിരാശ വിളന്പാൻ കഴിഞ്ഞു എന്നത് സന്തോഷകരം തന്നെ. പ്രത്യേകിച്ച് ബംഗാളിൽ കോൺഗ്രസ് ബാന്ധവം ഉണ്ടായിട്ടു കൂടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു പോയ സി.പി.ഐ(എം)ന് പുതുജീവൻ പകർന്നു കിട്ടാനുള്ള ഇടം കേരളമായിരിക്കുന്പോൾ. വലിയ തോതിൽ അരാഷ്ട്രീയവൽക്കരിക്കുന്പോഴും കേരളം അതിന്റെ സിരകളിലെവിടെയൊക്കയോ ശോണിമയുടെ തിളക്കവും ഊഷ്മളതയും കൈമോശം വരാതെ സൂക്ഷിക്കുന്നുണ്ട്. അവരുടെ പ്രതീക്ഷക്കനുസരിച്ച് ഉയരാൻ നേതൃത്വത്തിന് കഴിയും എന്ന് നമുക്ക് പ്രതീക്ഷിക്കാം. നിയുക്ത മുഖ്യമന്ത്രിയായി പാർട്ടി നിർദേശിച്ച പിണറായി വിജയന് എല്ലാ വിജയ ആശംസകളും നേരുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് പടക്കുതിരയായി നിന്ന് പ്രചാരണം നയിച്ച തലമുതിർന്ന പാർട്ടി നേതാവ്, കാലഘട്ടത്തിന്റെ ഗൗരവമുൾക്കൊണ്ട് ഉയർന്ന കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മാതൃക കാട്ടി. അദ്ദേഹത്തിനും എല്ലാ ഭാവുകങ്ങളും നേരട്ടെ.
ഭരണവിരുദ്ധ വികാരം, ഫിയർ സൈക്കോസിസ്, എൻ.ഡി.എ ഫോബിയ തുടങ്ങി തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിച്ച ഘടകങ്ങളെ കുറിച്ചുള്ള പഠനങ്ങളൊക്കെ വരും നാളുകളിൽ നടക്കാനിരിക്കുന്നതേ ഉള്ളൂ. ഒരുപക്ഷേ ഇത്രയും സങ്കീർണ്ണമായ തിരഞ്ഞെടുപ്പു ഫലങ്ങൾ ഇതിന് മുന്പ് ഒരിക്കൽ പോലും സംഭവിച്ചിട്ടുണ്ടാവണമെന്നില്ല. കേരളം പൊതുവായി ചുവന്നു എന്ന് പറയുന്പോഴും അതിന്റെ സ്വഭാവങ്ങൾ വ്യത്യസ്തമാണ്. മലബാറിനും മധ്യകേരളത്തിനും തെക്കൻ കേരളത്തിനും അതാതിന്റെ തനതായ സവിശേഷതകളുണ്ട്. ഓരോ മണ്ധലത്തിന്റെയും സവിശേഷതകൾക്കനുസരിച്ച് പഠനങ്ങൾ ഓരോ മണ്ധലത്തിലും നടത്തേണ്ടതുണ്ട്. അവയൊക്കെ ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കുകയും ചെയ്യും. ഒന്നോ രണ്ടോ ലേഖനങ്ങൾക്കപ്പുറം വലിയ പുസ്തകങ്ങൾ തന്നെ അനിവാര്യമാകുന്ന തരത്തിലുള്ള സങ്കീർണതകളുണ്ടതിന്. അപ്പോഴും പൊതുവായി പറയാവുന്ന ഒന്നുണ്ട്. മതന്യൂനപക്ഷങ്ങൾ വലിയ തോതിൽ ഇടതുപക്ഷത്തെ ആശ്രയിക്കാൻ തുടങ്ങിയിരിക്കുന്നു. ഇടതുപക്ഷത്തോട് ന്യൂനപക്ഷത്തിനുണ്ടായിരുന്ന അസ്പൃശ്യത ഇല്ലാതാകുന്നു. ഉമ്മൻചാണ്ടിയുടെ ചാണക്യസൂത്രങ്ങൾ കൊണ്ട് യു.ഡി.എഫ് സർക്കാർ ഓരോ പ്രതിസന്ധിയേയും അതിജീവിക്കുന്പോൾ അദ്ദേഹം ജനങ്ങളോട് ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു. ‘എങ്ങനെയുണ്ടെന്റെ പുത്തി?’ പക്ഷേ ജനങ്ങൾ അവയൊക്കെ സ്വന്തം മനസിൽ കോറിയിടുകയായിരുന്നു എന്നും അവസരം വന്നപ്പോൾ ഒന്നിച്ചു കണക്കു തീർക്കുകയായിരുന്നു എന്നും ഇപ്പോൾ വ്യക്തമാകുന്നു.
സ്വാഭാവികമായും സി.പി.ഐ(എം) തന്നെയാണ് ഒന്നാം സ്ഥാനത്ത്. 84 ഇടത്ത് മത്സരിച്ച് 58 സീറ്റുകൾ അവർ നേടിയെടുത്തു. അഞ്ചു സ്വതന്ത്രരെ കൂടി കണക്കിലെടുത്താൽ അത് 63ലേക്ക് ഉയരും. കഴിഞ്ഞ തവണത്തേക്കാൾ 13 സീറ്റ് കൂടുതൽ നേടാൻ സി.പി.ഐ(എം)നായി. 87 സീറ്റിൽ മത്സരിച്ച് 22 ഇടത്ത് വിജയിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന് 17 സീറ്റുകൾ നഷ്ടപ്പെട്ടു. 25 ഇടത്ത് മത്സരിച്ച് 19 ഇടത്ത് വിജയിച്ച സി.പി.ഐ ആണ് മൂന്നാമത്തെ വലിയ കക്ഷി. അവർ കഴിഞ്ഞ തവണത്തേക്കാൾ ആറ് സീറ്റുകൾ കൂടുതൽ നേടി. 24 ഇടത്ത് മത്സരിച്ച് 18 സീറ്റിൽ വിജയിച്ച ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗാണ് നാലാമത്ത വലിയ കക്ഷി. അവർക്ക് രണ്ട് സീറ്റുകൾ കഴിഞ്ഞ വർഷത്തേക്കാൾ നഷ്ടപ്പെട്ടു. കേരളാ കോൺഗ്രസ് മാണി ആറ് സീറ്റ് നേടി. കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് സീറ്റുകൾ കുറഞ്ഞു. യു.ഡി.എഫിൽ മത്സരിച്ച ആർ.എസ്.പി, ജനതാദൾ യുനൈറ്റഡ്, സി.എം.പി കക്ഷികൾക്ക് നിയമസഭാ പ്രാതിനിധ്യം തന്നെ ഇല്ലാതായി. ജനതാദൾ യുനൈറ്റഡ് ഏഴിടത്തും ആർ.എസ്.പി അഞ്ചിടത്തും സി.എം.പി ഒരിടത്തുമാണ് മത്സരിച്ചത്. ഇടതുമുന്നണിയോടൊപ്പം മത്സരിച്ച പുതുതായി പിറവികൊണ്ട കേരള കോൺഗ്രസ് (ഡമോക്രാറ്റിക്) നാല് ഇടത്ത് മത്സരിച്ചെങ്കിലും ഒരിടത്തും പച്ച തൊട്ടില്ല. രണ്ട് സീറ്റിൽ മത്സരിച്ച ഐ.എൻ.എൽ, ഒരിടത്ത് മത്സരിച്ച കേരള കോൺഗ്രസ് സെക്കുലർ എന്നിവയും അപ്രത്യക്ഷമായി. എൻ.ഡി.എയുടെ ഭാഗമായി 98 മണ്ധലങ്ങളിൽ മത്സരിച്ച ബി.ജെ.പി തിരുവന്തപുരത്ത് ഒ. രാജഗോപാലനിലൂടെ നിയമസഭയിൽ പ്രവേശിച്ചു. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ 89 വോട്ടിനാണ് പരാജയം സമ്മതിച്ചത്. ഈ മണ്ധലത്തിൽ സുരേന്ദ്രന്റെ അപരൻ ഇതിൽ കൂടുതൽ വോട്ട് നേടുകയും ചെയ്തു. ഒരിടത്തെ വിജയിച്ചുള്ളുവെങ്കിലും വോട്ടിംഗ് നിലയിൽ വൻ കുതിപ്പു തന്നെയാണ് ബി.ജെ.പി നടത്തിയത്. കാസർഗോഡ്, മഞ്ചേശ്വരം, മലന്പുഴ, പാലക്കാട്, ചാത്തന്നൂർ, കഴക്കൂട്ടം, വട്ടിയൂർകാവ് തുടങ്ങി എട്ടിടത്ത് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. ഇതിൽ നാലിടത്ത് എൽ.ഡി.എഫും നാലിടത്ത് യു.ഡി.എഫും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ചന്ദ്രശേഖരന്റെ വിധവയും ആർ.എം.പി നേതാവുമായ കെ.കെ രമയുടെ മത്സരം കേരളമാകെ ശ്രദ്ധിച്ച ഒന്നായിരുന്നു. വിജയിക്കുമെന്ന പ്രചാരണം ശക്തമായിരുന്നെങ്കിലും അവർക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇടതു കോട്ടയായ മണ്ധലത്തിൽ അവർ 20,504 വോട്ട് നേടിയത് വലിയ കാര്യം തന്നെയാണ്. പെരുന്പാവൂരിലെ സാജുപോളിന്റെ പരാജയം, കുറ്റ്യാടിയിൽ സി.പി.ഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററുടെ ഭാര്യയായ കെ.കെ ലതികയുടെ പരാജയം, നേമത്ത് ശിവൻകുട്ടിയുടെ പരാജയം, കോവളത്തെ ജമീലാ പ്രകാശത്തിന്റെ പരാജയം ഒക്കെ ഇടതുവിജയത്തിന് മങ്ങലേല്പിച്ചു. 36 ഇടത്ത് മത്സരിച്ച നടേശൻ മുതലാളിയുടെ ബി.ഡി.ജെ.എസ് ഒരിടത്തും പച്ച തൊട്ടില്ല. തൃശൂർ, കൊല്ലം ജില്ലകളിൽ എൽ.ഡി.എഫിന് സന്പൂർണാധിപത്യം നേടാനായപ്പോൾ മിക്കവാറും ജില്ലകളിൽ നില മെച്ചപ്പെടുത്തി. രണ്ട് ന്യൂനപക്ഷ ജില്ലകളായ കോട്ടയം, മലപ്പുറം എന്നിവടങ്ങളിൽ മേധാവിത്വം നിലനിർത്താനായത് യു.ഡി.എഫിന് ആശ്വാസം പകർന്നു. മലയോര ജില്ലകളായ വയനാട്ടിലും പത്തനംതിട്ടയിലും ഇടതുപക്ഷത്തിന് ശക്തമായി മുന്നേറനായി. 84 സിറ്റിംഗ് എം.എൽ.എമാർ വിജയിച്ചപ്പോൾ അതിലും എൽ.ഡി.എഫിനാണ് മേധാവിത്വം; 45 പേർ. യു.ഡി.എഫിൽ നിന്ന് 38 പേർ വീണ്ടും നിയമസഭയിലെത്തിയവരാണ്. ഇടതു തരംഗത്തിൽ കടപുഴകി വീണുപോയ വൻമരങ്ങൾ, മന്ത്രിമാരായ കെ.ബാബു, കെ.പി മോഹനൻ, ഷിബു ബേബി ജോൺ, പി.കെ ജയലക്ഷ്മി എന്നിവരാണ്. സ്പീക്കർ എൻ ശക്തൻ, ഡെപ്യൂട്ടി സ്പീക്കർ പാലോട്ട് രവി, കെ.സുധാകരൻ, ശ്രേയാംസ്കുമാർ. പി.സി വിഷ്ണുനാഥ്, ശെൽവരാജ്, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ എന്നിവരും പരാജയപ്പെട്ടവരിൽ ഉൾപ്പെടും. ഇടതുപക്ഷത്തിന്റെ ബാലികേറാമലയായ കല്പറ്റയിൽ ശരീരം കൊണ്ടും സന്പത്ത് കൊണ്ടും സ്വാധീനം കൊണ്ടും അജാനുബാഹുവായ ശ്രേയാംസ്കുമാർ കടപുഴകിയത് ശ്രദ്ധേയമായി. രാഷ്ട്രീയ മൂല്യസംരക്ഷണത്തിന്റെയും ലളിതജീവിതത്തിന്റെയും മൂർത്തിമദ് ഭാവമായ സി.പി.എം ജില്ലാ സെക്രട്ടറിയായ സി.കെ ശശീന്ദ്രനോടാണ് ശ്രേയാംസ്കുമാർ പരാജയപ്പെട്ടത്. കേരളത്തിലെ ഏറ്റവും വലിയ ഒരു പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായിരിക്കുന്പോഴും സ്വന്തം വീട്ടിൽ പശുവളർത്തി അതിന്റെ പാൽ കറന്ന് നഗ്നപാദനായി നടന്നു പോയി പാൽ വിറ്റ് കിട്ടുന്ന തുക കൊണ്ട് ഉപജീവനം കഴിക്കുന്ന ശശീന്ദ്രൻ പല തവണ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. രാഷ്ട്രീയക്കാരുടെ പ്രത്യേക അവകാശങ്ങളൊന്നും അനുഭവിക്കാൻ താല്പര്യം കാട്ടാത്ത, വയനാട്ടിൽ നിന്ന് സാധാരണ കെ.എസ്.ആർ.ടി.സി ബസിൽ തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുന്ന ശശീന്ദ്രൻ ഏത് കാലത്ത് ജീവിക്കേണ്ടയാളാണെന്ന് ചിലരുടെ പരിഹാസത്തിനുള്ള ഉത്തരമായി ഈ പൊൻതിളക്കമുള്ള വിജയം. ഏതാണ്ട് 3−0 ഓളം പേർക്ക് 30,000ത്തിലധികം ഭൂരിപക്ഷം നേടാനായി എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ഇതിൽ മിക്കവാറും പേർ ഇടതുപക്ഷക്കാരാണെങ്കിലും കോട്ടയത്ത് തിരുവഞ്ചൂരും ഉമ്മൻചാണ്ടിയുമൊക്കെ നല്ല ഭൂരിപക്ഷം നേടി തന്നെയാണ് ജയിച്ചത്. ഏറ്റവും വലിയ ഭൂരിപക്ഷം ഇടുക്കിയിലെ തൊടുപുഴയിൽ മത്സരിച്ച പി.ജെ ജോസഫിനാണ്്; 45,587 വോട്ട്. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിച്ചതും യു.ഡി.എഫുകാരൻ തന്നെ. തൃശൂർ വടക്കാഞ്ചേരിയിലെ അനിൽ അക്കര, 43 വോട്ടിന്റെ ബലത്തിലാണ് എൽ.ഡി.എഫിലെ മേരി തോമസിനെ തോല്പിച്ച് ഇക്കരയെത്തിയത്. ഒരു യന്ത്രത്തിലെ വോട്ട് പ്രകാശിതമാകാതിരുന്നത് വലിയ വാഗ്്്വാദങ്ങൾക്ക് കാരണമായെങ്കിലും ആ യന്ത്രത്തിന്റെ ഹാർഡ് ഡിസ്ക് മറ്റൊന്നിലേക്ക് മാറ്റി എണ്ണാൻ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ ഉത്തരവിടുകയായിരുന്നു. ഇത്തവണത്തെ നിയമസഭയിൽ താരത്തിളക്കവുമായി കടന്നെത്തിയത് രണ്ടു പേരാണ്. രണ്ട് പേരും കൊല്ലം ജില്ലയിൽ നിന്ന്. കൊല്ലത്തുനിന്നും മുകേഷും പത്തനാപുരത്ത് നിന്ന് കെ.ബി ഗണേഷ് കുമാറും. കഴിഞ്ഞ നിയമസഭയിൽ വലിയ വിവാദങ്ങൾക്ക് കാരണക്കാരനായ ഗണേഷ്കുമാർ ഇടതു തണലിൽ സുരക്ഷിതനായി. രാഷ്ട്രീയ പ്രവർത്തകരും മാധ്യമപ്രവർത്തകരുമായ ധാരാളം പേർ സാധാരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാറുണ്ടെങ്കിലും തനി മാധ്യമ പ്രവർത്തകരായ രണ്ടുപേർ തിരഞ്ഞെടുപ്പ് രംഗത്തെത്തിയത് ഇത്തവണത്തെ പ്രത്യേകതയായിരുന്നു. സി.എം.പി നേതാവായിരുന്ന എം.വി രാഘവന്റെ മകൻ കൂടിയായിരുന്ന പ്രസിദ്ധനായ മാധ്യമപ്രവർത്തകൻ എം.വി നികേഷ് കുമാർ കണ്ണൂരിലെ അഴീക്കോട് മത്സരിച്ചതായിരുന്നു ഏറ്റവും ശ്രദ്ധേയമായത്. ഇടതു കോട്ടയായ ഈ മണ്ധലം പിടിച്ചെടുത്തത് മുസ്ലിംലീഗിലെ കെ.എം ഷാജിയായിരുന്നു. സി.പി.ഐ (എം) മായി കൊന്പുകോർത്ത് പുറത്തുപോയ എം.വി രാഘവന്റെ മകനായിരുന്നിട്ടും സി.പി.ഐ സ്ഥാനാർത്ഥിയായി ചുറ്റിക അരിവാൾ ചിഹ്നത്തിൽ തന്നെ മത്സരിച്ച നികേഷ് കുമാറിനെ കിണറ്റിലിറക്കാൻ കെ.എം ഷാജിക്ക് സാധിച്ചത് വളരെയേറെ ജനശ്രദ്ധയാകർഷിച്ച ഒന്നായി. കൂത്തുപറന്പ് സംഭവത്തിനുത്തരവാദിയായ ഒരാളുടെ മകനും മാധ്യമപ്രവർത്തകനുമായ, ധാരാളം ചെക്കു കേസുകളിൽ പ്രതിയായ നികേഷിനെ സി.പി.എം ബാനറിൽ മത്സരിപ്പിക്കുന്നതിനെതിരെ ആക്ഷേപങ്ങൾ ഉയർന്നിരുന്നെങ്കിലും നികേഷിന് തന്നെ നറുക്ക് വീഴുകയായിരുന്നു. നികേഷിന്റെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടറിൽ തന്നെ മാധ്യമപ്രവർത്തകനായിരുന്ന വീണാ ജോർജ് ആറന്മുളയിൽ സി.പി.എം ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച് നിയമസഭയിലെത്തിയത് ശ്രദ്ധേയമായി. ഇത്തവണ എട്ട് വനിതകളാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എട്ടുപേരും ഇടതുപക്ഷത്തു നിന്ന്. പ്രതിപക്ഷത്തെ പ്രതിനിധീകരിക്കാൻ ഒരു വനിത പോലും ഇല്ല. ജനസംഖ്യയിൽ പകുതിയിലധികം സ്ത്രീകളുള്ള ഒരു സമൂഹത്തിൽ അവരെ പ്രതിനിധീകരിക്കാൻ വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ് അവസരമുണ്ടാകുന്നത് എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ പരിമിതി തന്നെയാണ്.
ഇടതുമുന്നണിയോടൊപ്പം നിന്ന് മത്സരിച്ച ഐ.എൻ.എൽ ഒഴികെയുള്ള എല്ലാ ചെറുകക്ഷികളും പ്രാതിനിധ്യം ഉറപ്പിച്ചപ്പോൾ യു.ഡി.എഫിൽ സ്ഥിതി തിരിച്ചായിരുന്നു. എൽ.ഡി.എഫിൽ തിരിച്ചെത്തിയ ഗൗരിയമ്മയുടെ ജെ.എസ്.എസ് വിഭാഗത്തിന് മത്സരിക്കാൻ ഇടം കിട്ടിയിരുന്നില്ല. എന്നാൽ ജനതാദൾ (എസ്) മൂന്ന് സിറ്റിൽ വിജയിച്ചപ്പോൾ എൻ.സി.പി രണ്ട് സീറ്റ് നിലനിർത്തി. കോൺഗ്രസ് എസ്സിന് ഒന്ന്, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോട യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫിലേക്കെത്തിയ കോവൂർ കുഞ്ഞുമോൻ്റെ ആർ.എസ്.പി ലെനിനിസ്റ്റ് ഒന്ന്, സി.എം.പി ഒന്ന് എന്നിങ്ങനെ സീറ്റ് നേടി. യു.ഡി.എഫിലാകട്ടെ കോൺഗ്രസ്, മുസ്ലീംലീഗ് കേരള കോൺഗ്രസ് മാണി, കേരളാ കോൺഗ്രസ് ജേക്കബ് എന്നിവർക്ക് മാത്രമേ സീറ്റ് നേടാനായുള്ളൂ. മന്ത്രി അനൂപ് ജേക്കബിന് സീറ്റ് നിലനിർത്താനായതിൽ ജോണി നെല്ലൂരിന് കുണ്ഠിതമുണ്ടാകാനിടയുണ്ടെങ്കിലും ആ പാർട്ടി കുറ്റിയറ്റ് പോയില്ല. എന്നാൽ വീരേന്ദ്രകുമാറിന്റെ ജനതാദൾ, ആർ.എസ്.പി, സി.എം.പി, ഫോർവേഡ് ബ്ലോക് തുടങ്ങിയ പാർട്ടികളൊക്കെ വംശനാശം സംഭവിച്ചവയായി. പുതുതായി രുപം കൊണ്ട കേരള കോൺഗ്രസ് സെക്കുലർ മത്സരിച്ച എല്ലായിടത്തും തോറ്റെങ്കിലും കോതമംഗലം, മൂവാറ്റുപുഴ സീറ്റുകളിലെ ഇടതുവിജയം അവരുടെ കൂടി സംഭാവനയാണെന്ന് അവർക്ക് അവകാശപ്പെടാം.
എല്ലാവരേയും അന്പരിപ്പിച്ച വിജയം പൂഞ്‍ഞാറിലെ പി.സി ജോർജിന്റേതു തന്നെ. പൂഞ്ഞാറിൽ 27821 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അദ്ദേഹത്തിനുണ്ടായ വിജയം യഥാർത്ഥ അത്ഭുതങ്ങളിൽ ഒന്നു തന്നെ. സാധാരണ രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്തനായി സ്വന്തം പ്രദേശത്തെ ജനങ്ങളുമായി നല്ല ഹൃദയബന്ധം സൂക്ഷിക്കുന്ന ആളാണ് ജോർജ്. എല്ലായ്പ്പോഴും കൊള്ളരുതായ്മകൾക്കെതിരെ നിയന്ത്രണമില്ലാതെ സംസാരിക്കുകയും ചെയ്യും. മാണിയുടെ അഴിമതിയെ തുറന്നെതിർത്തതിന് രക്തസാക്ഷിയായി തീർന്ന ജോർജിന് ഇടതു മുന്നണി സീറ്റ് നൽകും എന്നുറപ്പിച്ചതുമായിരുന്നു. എന്നാൽ അച്യുതാനന്ദനോട് അടുപ്പം പ്രകടിപ്പിച്ച ജോർജിന് അവസാന നിമിഷത്തിൽ സി.പി.എം സീറ്റ് നിഷേധിച്ചത് വൈകാരികമായി ഉയർത്തി കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു. യഥാർത്ഥ ഇടതുമുന്നണി സ്ഥാനാർത്ഥി താനാണെന്നും നിയമസഭയിൽ വി.എസിന് വേണ്ടി കൈ ഉയർത്തുമെന്നും ്രപഖ്യാപിച്ചതോടെ ജോർജിനനുകൂലമായി ജനങ്ങൾ ചിന്തിക്കാനിടയായി. മണ്ധലത്തിൽ പര്യടനത്തിനെത്തിയ വി.എസ് അച്യുതാനന്ദൻ ഒറ്റവാക്കിൽ ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് വോട്ടഭ്യർത്ഥിച്ചതും ജോർജിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാതിരുന്നതും അച്യുതാനന്ദന്റെ മനസ് അദ്ദേഹത്തിനൊപ്പമാണെന്ന് വ്യക്തമാക്കി. ഇതൊക്കെ ചേർന്നപ്പോഴാണ് വൻഭൂരിപക്ഷത്തിന് ജോർജിന് ജയിക്കാനായത്.