ജിഷമാരെ സൃഷ്ടിച്ചെടുക്കുന്ന സാമൂഹ്യ പരിസരം

എന്തുകൊണ്ടാണ് വർത്തമാന കാലത്ത് സ്ത്രീകൾ, കുട്ടികൾ, ദളിതുകൾ, ഗോത്രമനുഷ്യർ, പരിസ്ഥിതി തുടങ്ങിയവക്കെതിരായ ഇത്രയേറെ അതിക്രമങ്ങളുണ്ടാവുന്നത് എന്ന ചോദ്യം പ്രസക്തം തന്നെയാണ്. അതിനുള്ള ഒരു ഉത്തരം സാമൂഹ്യസാഹചര്യങ്ങളിൽ വന്ന മാറ്റം തന്നെയാണ്. ജന്മിനാടുവാഴിത്ത കാലഘട്ടത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ പ്രകൃതി നിയമം പോലെ വ്യവസ്ഥാപിതമായി അംഗീകരിക്കപ്പെട്ടവയായിരുന്നു. അത് ചോദ്യം ചെയ്യപ്പെടേണ്ട ഒന്നായിട്ടോ മനുഷ്യത്വ വിരുദ്ധമായ നടപടിയായോ ആരും പരിഗണിച്ചിരുന്നില്ല. പലപ്പോഴും ശൂദ്രവിഭാഗത്തിന് പുറത്തുള്ള പഞ്ചപാമരായ മനുഷ്യർക്ക് വളർത്തുമൃഗങ്ങളുടെ അവകാശം പോലുമുണ്ടായിരുന്നില്ല. സ്ത്രീകൾ എല്ലാ മതങ്ങൾക്കകത്തും സമുദായങ്ങൾക്കകത്തും നിർജീവമായ ഒരു വിത്തുപാടമായാണ് പരിഗണിക്കപ്പെട്ടത്. ആരാണോ ഉടമസ്ഥൻ അയാൾക്ക് തന്റെ ഭോഗാസക്തി ശമിപ്പിക്കാനുള്ള സ്വന്തം ഉടമസ്ഥതയിലുള്ള ഒരു വസ്തു. തന്റെ ഭ്രൂണം വളർത്തിയെടുത്ത് തന്റെ മക്കളെ സൃഷ്ടിച്ച് തന്റെ സ്വകാര്യ സ്വത്തു മുഴുവൻ അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കാനുള്ള വിത്തുപാടം. മുലക്കരം പോലുള്ള നികൃഷ്ടമായ ആചാരങ്ങൾ നിലനിന്ന കാലം. അന്ന് സ്വത്തുടമസ്ഥരും മേൽജാതിക്കാരുമായ പുരുഷന്മാർക്ക് സ്ത്രീകളുടെ ശരീരത്തിൽ യഥേഷ്ടം പെരുമാറാനുള്ള അവകാശമുണ്ടായിരുന്നു. അത് പൊതുവായി പ്രതിരോധിക്കാൻ ആരും തയ്യാറായിരുന്നില്ല. മേൽജാതി സ്ത്രീകൾ മറ്റാർക്കും പെരുമാറാനവകാശമില്ലാത്ത ഒരു സവർണ്ണ പുരുഷന്റെ സ്വകാര്യ അഭിമാനമായി അവൻ കൊണ്ടുനടന്നു. കീഴ്ജാതി സ്ത്രീകളെകട്ടെ യജമാനന്റെ ആവശ്യത്തിനനുസരിച്ച് ആളയച്ചു വരുത്തിയോ അല്ലെങ്കിൽ കുടിലോട്ട് ചെന്നോ പ്രാപിക്കാനുള്ളതായിരുന്നു. യജമാനൻ വരുന്പോൾ കീഴാള സ്ത്രീയുടെ ഭർത്താവ് മാറിപ്പോകുകയാണ് ചെയ്യുക. ചാരിത്ര്യശുദ്ധി എന്നതൊന്നും ഇവർക്കിടയിൽ അത്ര വിശുദ്ധമായ സങ്കല്പവുമായിരുന്നില്ല. ഇത്തരം ചരിത്ര സന്ദർഭങ്ങൾ ചിത്രീകരിക്കുന്ന ധാരാളം സിനിമകളും നാടകങ്ങളും ഉണ്ടായിട്ടുണ്ട്. ഇവയൊന്നും കേവലം നാടകങ്ങളായിരുന്നില്ല. ചരിത്ര യാഥാർത്ഥ്യങ്ങൾ തന്നെയായിരുന്നു. ഇത്തരം സംസ്കാര ശൂന്യമായ നടപടിക്കെതിരെ വ്യക്തിപരമായ ധീരത കൊണ്ട് ചെറുത്തവരുണ്ടാകാം. അവർ മിക്കവാറും അറുകൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഇവർ രക്തസാക്ഷികളോ പ്രതികാരദാഹികളായ ക്ഷുദ്രദൈവങ്ങളോ, സാക്ഷാൽ ദൈവങ്ങളോ ഒക്കെയായി മാറ്റപ്പെട്ടിട്ടുണ്ട്. ഇന്നും വടക്കെ മലബാറിൽ കെട്ടിയാടുന്ന തെയ്യങ്ങളിലും മറ്റും ഇത്തരം ചരിത്ര വസ്തുതകൾ ഉരുകിച്ചേർന്ന പുരാവൃത്തങ്ങൾ കാണാം.
എന്നാൽ നവോത്ഥാനവും മുതലാളിത്ത ആധുനികതയുമൊക്കെ യാഥാർത്ഥ്യമായതോടെ ഇത്തരം കൊള്ളരുതായ്മകൾക്കെതിരെ സംഘടിതമായ പ്രതിഷേധങ്ങളും രൂപപ്പെടുകയും ഇവ സമൂഹത്തിന്റെ പൂമുഖപ്പടിയിൽ നിന്ന് ഉള്ളറകളിലേയ്ക്ക് നിഷ്ക്രമിക്കപ്പെടുകയും ചെയ്തു. ഇത്തരത്തിലുള്ള കൊള്ളരുതായ്മകൾക്ക് വഴങ്ങുന്നവരല്ല ഞങ്ങൾ എന്ന് ആധുനികതാ ബോധം എല്ലാ വിഭാഗം സ്ത്രീകളിലും ശക്തിപ്പെട്ടിട്ടുണ്ട്. അതോടെ ഇത്തരം സംഭവങ്ങൾ വിരളമായി തീർന്നു. എവിടെയെങ്കിലും അത്തരം ഹത്യകൾ ഉണ്ടായാൽ സംഘടിതമായ പ്രതിരോധവും പ്രതിഷേധവും ഉയരാറുണ്ട്. എന്നാൽ നവഉദാരവൽക്കരണം യാഥാർത്ഥ്യമായതോടെ വിശേഷിച്ച് സ്ത്രീകൾക്കെതിരായും ദളിത്, ആദിവാസി തുടങ്ങിയ സാമൂഹ്യമായ ദുർബല വിഭാഗങ്ങൾക്കെതിരായുമുള്ള അതിക്രമങ്ങൾ എണ്ണത്തിൽ പെരുകി. എന്നാൽ പഴയതുപോലെ ഇത്തരം സംഭവങ്ങൾ പ്രതിഷേധങ്ങളൊന്നുമില്ലാതെ കെട്ടടങ്ങുന്നില്ല. ഇതൊക്കെ അംഗീകരിച്ചു കൊടുക്കാവുന്ന നിലയിലുള്ള അധമബോധത്തിലല്ല ഇത്തരം വിഭാഗങ്ങൾ ഇപ്പോൾ ഉള്ളത്. അവ സ്വാഭാവികമായും ശക്തമായ പ്രതിഷേധം ഉയർത്തും. വിപുലീകൃതമായ ഒരു മാധ്യമസംവിധാനം നിലനിൽക്കുന്നതു കൊണ്ട് അത്തരം സംഭവങ്ങളൊക്കെ ജനങ്ങൾക്കിടയിൽ നിമിഷനേരം കൊണ്ട് ചെന്നെത്തുകയും ചെയ്യും.
നവ ഉദാരവൽക്കരണം ശക്തിപ്പെട്ടതോടെ റൊക്കം പണം എന്നത് എല്ലാവരുടെയും തത്വശാസ്ത്രമായി തീരുന്നു. പണമാണ് യഥാർത്ഥ ദൈവം എന്നു വരുന്നു. അതുകൊണ്ടാണ് നമ്മുടെ പരന്പരാഗത ദൈവങ്ങളെക്കാൾ പതിന്മടങ്ങു ശക്തിയുള്ള ആൾദൈവങ്ങൾ ഉയർന്നുവരുന്നത്. നവഉദാരവൽകരണത്തിൽ മൂലധനശക്തികൾ സമാനതകളില്ലാത്ത ഭീമമായ കൊള്ളകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രകൃതി സന്പത്തിന്റെ അനിയന്ത്രിതമായ ചൂഷണമാണ് ഒന്ന്. ഭൂമിയുടെ നിലനില്പ്പിനെ പോലും അപകടപ്പെടുത്തുന്ന പാരിസ്ഥിതിക ആക്രമണങ്ങൾ പതിവാകുന്നു. പാരിസ്ഥിതിക വ്യൂഹങ്ങളുടെ ഭയാനകമായ തകർച്ച സംഭവിക്കുന്പോഴും മനുഷ്യരാശിയുടെ നിലനിൽപ്പ് തന്നെ അപകടപ്പെടുന്പോഴും അതൊന്നും പരിഗണിക്കപ്പെടുന്നില്ല. ജാതി, മതം, ആരാധന, വിശ്വാസം, സന്നദ്ധപ്രവർത്തനം, വിദ്യാഭ്യാസം, മാധ്യമ സംവിധാനം, രാഷ്ട്രീയ പാർട്ടികൾ എന്നിവയൊക്കെ സാമൂഹ്യസ്ഥാപനങ്ങളായി വികസിക്കുകയും എല്ലാറ്റിനും മൂലധനം ആധിപത്യം ഉറപ്പിക്കുകയും ചെയ്യുന്നു. അതുവഴി എല്ലാവിധ പ്രകൃതിചൂഷണങ്ങളെയും വ്യവസ്ഥാപിതമാക്കി തീർക്കുന്നു.
കോർപ്പറേറ്റുകൾ അനന്തമായി വാരിക്കൂട്ടുന്ന ചൂതാട്ട മൂലധനത്തിന്റെ (speculative capital) ഒരു ചെറിയ പങ്ക് സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുന്നു. സന്നദ്ധ സംഘടനകളെയാകെ ഫണ്ടിംഗിലൂടെ സഹായിക്കാനും തങ്ങളുടെ വറുതിയിൽ നിർത്താനും ഇവർ പരിശ്രമിക്കുന്നു. ചെറുതും വലുതുമായ ധാരാളം ആൾദൈവങ്ങൾ ഇങ്ങനെ തങ്ങൾ കൊള്ളയടിക്കുന്ന മൂലധനത്തിന്റെ ഒരു ചെറുപങ്ക് സാമൂഹ്യപ്രവർത്തനങ്ങൾക്കും അവശരെ സഹായിക്കാനും മാറ്റിവെക്കുന്നു. ഇത് തന്നെ മൂലധന ശക്തികളും ചെയ്യുന്നുണ്ട്. ഫലത്തിൽ അധികാര കേന്ദ്രങ്ങൾക്കും ഭരണസംവിധാനങ്ങൾക്കും രാഷ്ട്രീയപാർട്ടികൾക്കുമൊക്കെ പകരം വെയ്ക്കാവുന്ന സംവിധാനമായി ഇവർ ആ വഴി വളരുന്നു. രാഷ്ട്രീയ പാർട്ടികളുടെ തകർച്ച കൂടിയാകുന്പോൾ ഇവർ രക്ഷക സ്വരൂപങ്ങളായി വളരുന്നു.
നവഉദാരവൽക്കരണത്തിന്റെ പുതിയ കാലത്ത് മലയാളികളുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളുമൊക്കെ ഇടത്തരക്കാരന്റേതു മാത്രമായി തീർന്നിട്ടുണ്ട്. വോട്ടിന് മാത്രമേ അവർക്ക് സാധാരണ മനുഷ്യൻ വേണ്ടൂ. നമ്മുടെ രാഷ്ട്രീയപാർട്ടികളും സാമൂഹ്യ സാംസ്കാരിക സന്നദ്ധ സംഘടനകളുമൊക്കെ കൊണ്ടു നടക്കുന്നത് നല്ല വിദ്യാഭ്യാസമുള്ള മേൽജാതികളിൽ ജനിച്ച, സന്പന്നരും ഇടത്തരക്കാരും ഒക്കെയാണ്. രാഷ്ട്രീയം ഉപജീവനത്തിനും പണ സന്പാദനത്തിനുമുള്ള തൊഴിലായി സ്വീകരിച്ചവർ, അദ്ധ്യാപകർ, ജീവനക്കാർ, കച്ചവടക്കാർ, റിയൽ എേസ്റ്ററ്റ് ബിസിനസുകാർ തുടങ്ങി സാമാന്യം നല്ല വരുമാനവും ജീവിതസൗകര്യങ്ങളുമുള്ളവർ മാത്രമാണ് ഇന്ന് രാഷ്ട്രീയ പ്രവർത്തകർ. അവരെ മാത്രമേ നമ്മുടെ പൊതു മണ്ധലം പ്രതിനിധാനം ചെയ്യുന്നുള്ളൂ. അതിന് പുറത്ത് ലക്ഷക്കണക്കിന് മനുഷ്യരുണ്ട് കേരളത്തിൽ. കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ പങ്കെടുത്ത് വിദ്യാസന്പന്നനും ‘സുന്ദരനും സുമുഖനു’മായ ഉന്നതകുലജാതനുമായ ഒരാൾ ചോദിക്കുന്നത് കേട്ടു. ഇത്രയും പുരോഗമിച്ച കേരളത്തിലിരുന്ന് ജാതിവിവേചനത്തെ കുറിച്ചും ദളിതനെക്കുറിച്ചുമൊക്കെ സംസാരിക്കാൻ മലയാളി ബുദ്ധിജീവികൾക്ക് നാണമില്ലാത്തതെന്തേ എന്ന്. അദ്ദേഹം അല്ലലും അലട്ടുമില്ലാതെ കഴിയുന്ന സ്വന്തം അവസ്ഥയിൽ നിന്നാണ് കേരളത്തെ കാണുന്നത്. കേരളം ഇന്ന് കൊടിയ ജാതിവിവേചനം നിലനിൽക്കുന്ന സംസ്ഥാനമാണ്. 27000 കോളനികളിലായി അരികുവൽക്കരിക്കപ്പെട്ട കേരളത്തിലെ ദളിതുകൾ പൊതുമണ്ധലത്തിൽ നിന്ന് അകന്നു തന്നെയാണ് ഇന്നും കഴിയുന്നത്. ഇത്തരത്തിൽ ധാരാളം വാർത്തകൾ മാധ്യമങ്ങളിൽ സ്ഥാനം പിടിക്കുന്നുമുണ്ട്. മറ്റിതര പിന്നോക്ക ജാതികൾക്കകത്തും ജാതീയമായ അടിച്ചമർത്തലുകൾ സംഭവിക്കുന്നുണ്ട്.
ആദിവാസി ഗോത്രജനതയും ഈ വിധം അസ്ഥിത്വം തന്നെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വിഭാഗങ്ങളാണ്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിലൊന്നും ഇവർക്ക് ഇടമില്ലാതാകുന്നു. നവഉദാരവൽക്കരണത്തിന്റെ കുത്തൊഴുക്കിൽ അരികുവൽക്കരിക്കപ്പെട്ടു പോയ ഉന്നത ജാതിക്കാരുൾപ്പെടെയുള്ള ജനവിഭാഗങ്ങളുണ്ട്. അവരുടെ പ്രശ്നങ്ങളും നമ്മുടെ പൊതു സംഘടനകൾക്ക് വിഷയമാകുന്നില്ല. സ്ത്രീകളെ ഇത്രയേറേ ശരീരം മാത്രമാക്കുകയും ഉപഭോഗ ചരക്കാക്കുകയും ചെയ്ത മറ്റൊരു സമൂഹം ഇന്ത്യയിലുണ്ടെന്ന് തോന്നുന്നില്ല. ലൈംഗികതയുടെ യഥാർത്ഥ ആനന്ദം പോലും അനുഭവിക്കാൻ കഴിയാത്ത വിധം വികൃതമാക്കപ്പെട്ടതാണ് മലയാളിയുടെ രതി. സ്ത്രീ ശരീരത്തിലേയ്ക്ക് ഒളിഞ്ഞു നോക്കി വെള്ളമിറക്കുന്നത് മുതൽ ബസ്സുകളിലും പൊതു ഇടങ്ങളിലുമൊക്കെ സ്ത്രീയുടെ ശരീരഭാഗങ്ങളെ ഞെരിച്ചമർത്തുന്നതിൽ ആനന്ദം കണ്ടെത്തുന്നവർ, മയക്കുമരുന്നിനും മദ്യത്തിനുമൊക്കെ അടിമപ്പെട്ട് സ്വന്തം കുഞ്ഞുങ്ങളെപ്പോലും രതിവൈകൃതങ്ങൾക്കിരയാക്കുന്നവർ. ഇതൊരു ഗുരുതരമായ സാമൂഹ്യരോഗത്തിന്റെ ലക്ഷണമാണ്. അനാവശ്യമായ രതിവിലക്കുകൾ പൊളിച്ചു മാറ്റിയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരസ്പരം ഇടപഴകി ജീവിക്കാൻ കഴിയുന്ന വിദ്യാഭ്യാസവും ഒക്കെ മലയാളി ആർജിക്കേണ്ടതുണ്ട്. ഇത്തരം സാമൂഹ്യപശ്ചാത്തലത്തിലാണ് സ്വയം പ്രവർത്തനശേഷിയുള്ള വനിതാസംഘടനകൾ കേരളത്തിൽ വിരളമാകുന്നത്. ലക്ഷങ്ങൾ അംഗങ്ങളായുണ്ട് എന്നവകാശപ്പെടുന്ന മഹിളാ സംഘടനകൾ പോലും പുരുഷ കേന്ദ്രീകൃത രാഷ്ട്രീയപാർട്ടികളുടെ അനുബന്ധവും നിഴലും മാത്രമായി ന്യൂനീകരിക്കപ്പെടുന്നു. ഒരു സ്ത്രീപക്ഷ സാമൂഹ്യദൗത്യവും നിർവഹിക്കാനുള്ള ശേഷി അത്തരം സംഘടനകൾക്കില്ല. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ സാന്പത്തിക നയങ്ങളിലുള്ള വ്യത്യാസം കുറെക്കുറെ ഇല്ലാതാകുകയും ‘വികസനം’ എന്ന വിചിത്ര പരികല്പനയിലൂടെ മൂലധനക്കൊള്ളയ്ക്ക് അവസരമൊരുക്കുകയും ചെയ്യുന്നു. ഇതുവഴി വൻപരിസ്ഥിതി നാശത്തിന് അവസരമൊരുക്കുന്നു. സമാന്തര പ്രസ്ഥാനങ്ങളും സംഘടനകളും ഇതിനെതിരായി നിലകൊള്ളുന്നുണ്ടെങ്കിലും അവക്കൊന്നും പ്രകടമായ ഇടപെൽ ശേഷി കൈവരിക്കാനാകുന്നില്ല. നവോത്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും ഇടതുപക്ഷത്തിന്റെയും പാരന്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഇത്തരം മൂല്യങ്ങൾ തിരിച്ചു പിടിക്കാൻ ശേഷിയുള്ളവരാക്കി തീർക്കാൻ സാധിക്കുമോ എന്നതാണ് പ്രശ്നം. ഈ ചോദ്യത്തിനുള്ള ഉത്തരമായിരിക്കും കേരളത്തിന്റെ ആസന്ന ഭാവി അടയാളപ്പെടുത്തുക.
