നനഞ്ഞു കുതിരേണ്ട വെടിമരുന്നും നാട്ടാനകളുടെ സ്വാതന്ത്ര്യവും


ഒരു പതിറ്റാണ്ടു മുന്പ് കലാകൗമുദി വാരികയിൽ ‘സാഹിത്യവാരഫലം’ എന്നൊരു പംക്തി ഉണ്ടായിരുന്നു. പ്രശസ്ത സാഹിത്യ കലാനിരൂപകനായ എം. കൃഷ്ണൻ നായരാണ് അത് കൈകാര്യം ചെയ്തിരുന്നത്. തന്റെ സൗന്ദര്യ സങ്കല്പങ്ങളെ പല തരത്തിലുള്ള സംഭവങ്ങളിലൂടെ അദ്ദേഹം വിശദീകരിച്ചു പോന്നു. അതിലൊന്ന് ഇങ്ങനെയായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് ഒരിക്കൽ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് ഒരു ക്യാബറെ നൃത്തം കാണാനിടയായി. അതിസുന്ദരിയും അസാമാന്യമായ ശരീരവടിവുമുള്ള ഒരു യുവതിയാണ് നർത്തകി. പ്രശസ്തരായ സംഗീതജ്ഞരുടെ നേതൃത്വത്തിൽ ഒഴുകിവന്ന ലാസ്യസംഗീതവും മിന്നിത്തെളിയുന്ന വർണ്ണ ദീപങ്ങളുമൊക്കെ ചേർന്നു അന്തരീക്ഷത്തിൽ അല്പം വീഞ്ഞ്് കൂടി നുകർന്നതോടെ അദ്ദേഹം സ്വർഗ്ഗീയമായ അനുഭൂതികൾ ഭൂമിയിൽ തന്നെ അനുഭവിക്കുകയായിരുന്നു. നൃത്തം കഴിഞ്ഞ് പിൻവാങ്ങിയ അവരെ പ്രാപിച്ചേ അടങ്ങു എന്ന ചിന്തയിൽ അദ്ദേഹം അവളെ തേടിയിറങ്ങി. ഹോട്ടലിന്റെ പിന്നാന്പുറത്തെ എച്ചിലിലും മാംസവശിഷ്ടങ്ങളുമൊക്കെ ചീഞ്ഞുനാറുന്ന അഴുക്കു ചാലിനരികിലെ കുടുസ്സു മുറിയിൽ അദ്ദേഹം അവളെ കണ്ടെത്തി. നൃത്തത്തിന്റെ ക്ഷീണത്തിൽ അവൾ വസ്ത്രങ്ങളൊന്നും മാറാതെ തളർന്നുറങ്ങുകയായിരുന്നു. തളർന്നു തൂങ്ങിയ അവളുടെ മാറിൽ‍ എല്ലും തോലുമായ ഒരു കുഞ്ഞ് മയങ്ങുന്നുണ്ടായിരുന്നു. വിയർപ്പിൽ കുതിർന്ന മേക്കപ്പിനിടയിലൂടെ മുഖത്ത് പ്രായത്തിന്റെ വടുക്കൾ പ്രത്യക്ഷമായിരുന്നു. അവളുടെ ചുണ്ടുകൾക്കിടയിലൂടെ ചളുവ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ഒരുതരം അസ്വസ്ഥയുണ്ടാക്കുന്ന വാട ആ മുറിയിലാകെ തങ്ങിനിന്നു. അവളെ പ്രാപിക്കണമെന്ന കാമാവേശത്തിന് പകരം ഒരുതരം അറപ്പാണ് അപ്പോൾ അയാളെ പൊതിഞ്ഞു നിന്നത്.

ഈ കല്പിത കഥയിലൂടെ തന്റെ സൗന്ദര്യസങ്കല്പങ്ങളെ പ്രകടിപ്പിക്കുകയായിരുന്നു കലാനിരൂപകനായ എം. കൃഷ്ണൻ നായർ. ഞായറാഴ്ച പുലർച്ചെ മൂന്നുമണിവരെ കൊല്ലം പരവൂരിലെ പുറ്റിങ്ങൽ ക്ഷേത്രത്തിൽ നിറഞ്ഞു നിന്നതും പഞ്ചനക്ഷത്ര ഹോട്ടലിലെ ക്യാബറേ ന‍ർത്തകയിൽ അടങ്ങിയതും മനുഷ്യനിർമ്മിത സൗന്ദര്യമായിരുന്നു. ഇപ്പോൾ നാമതിന്റെ മറുപുറത്ത് എല്ലാതരം വൈരൂപ്യങ്ങളും വൈകൃതങ്ങളും കാണുന്നു. ഇത് ഒരു അനിവാര്യതയാണ്. പ്രപഞ്ചത്തിന്റെ നിലനില്പുമായി ബന്ധപ്പെട്ട ഒരു അനിവാര്യത. നമ്മുടെ ഈ പ്രപഞ്ചത്തെപ്പോലെ, പ്രകൃതിയെപ്പോലെ സുന്ദരമായത് മറ്റെന്തുണ്ട്? ആ സൗന്ദര്യം ആസ്വദിക്കാൻ കഴിയണമെങ്കിൽ ്രപപഞ്ചത്തിന്റെ ആത്മാവിൽ തൊട്ടറിയാനുള്ള ശേഷി മനുഷ്യനുണ്ടാവണം. പക്ഷേ നാം സാധാരണ മനുഷ്യർക്ക് അത്തരം സിദ്ധിവൈഭവങ്ങളില്ലാത്തതു കൊണ്ട് മനുഷ്യൻ കൃത്രിമമായ  (Synthetic) സൗന്ദര്യങ്ങളുടെ പിന്നാലെ പോകുന്നു. കരിമരുന്നിൽ വിരിയുന്ന വർണ്ണകാഴ്ചകളും കാതടപ്പിക്കുന്ന ശബ്ദവും തേടി നാം യാ്രത ചെയ്തുകൊണ്ടേയിരിക്കുന്നു. കരിവീരന്മാരുടെ തലയെടുപ്പും സൗന്ദര്യവും തേടി തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ പൂരങ്ങളും വേലകളും തേടി യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ദുരന്തവും സംഹാരവും പൂത്തിറങ്ങുന്ന അതിന്റെ തന്നെ മറുപുറങ്ങളെ ദിവസങ്ങൾ കൊണ്ട് നാം മറന്നുപോകുന്നു. അതിനെയൊക്കെ അവഗണിച്ച് അടുത്ത പൂരപ്പറന്പു തേടി പോകാൻ അജ്ഞാനത്തിൽ നിന്നുടലെടുക്കുന്ന നമ്മുടെ തന്നെ ആന്തരികചോദന നിർബന്ധിക്കുകയും ചെയ്യുന്നു. പക്ഷേ ജ്ഞാനികൾക്ക് പ്രകൃതിയുടെ യഥാർത്ഥ സൗന്ദര്യം ആവോളം നുകരുവാൻ കഴിയുന്നതുകൊണ്ടായിരിക്കാം അവർ ഇത്തരം കൃത്രിമ സൗന്ദര്യങ്ങളിലൊന്നും അഭിരമിക്കുന്നില്ല. ഒരിക്കലും തന്റെ മുന്പിൽ ആടിക്കുഴയുന്ന മാദകതിടന്പുകളിലോ കാലിൽ ചങ്ങല കൊണ്ട് കെട്ടിപ്പൂട്ടിയ കരീവീരന്മാരിലോ കന്പക്കെട്ടുകളിലോ ഒന്നും അവർ സൗന്ദര്യം ദർശിക്കുന്നില്ല. അതുകൊണ്ടായിരിക്കാം ശ്രീനാരായണഗുരു ‘രണ്ട് കരികളെയും (കരിമരുന്ന്, ആന) നമുക്ക് വർജിക്കേണ്ടതുണ്ട്’ എന്ന് പറഞ്ഞുവെച്ചത്. ജീവിതത്തിലെ ഇത്തരം കൃത്രിമമായ സൗന്ദര്യ നി‍‍‍‍ർമ്മിതികളെയൊക്കെ നിരാകരിച്ചയാളായിരുന്നു ശ്രീനാരായണൻ. മരിച്ചുപോയ സ്വന്തം പിതാവിന്റെ ജ‍ഡം എന്തു ചെയ്യണം എന്ന അസംബന്ധമായ ചോദ്യം ഗുരുവിനോട് ശിഷ്യൻ ചോദിച്ചപ്പോൾ “ചക്കിലിട്ടാട്ടി എണ്ണയെടുത്തോളൂ; പിണ്ണാക്ക് തെങ്ങിന് വളമാക്കിക്കൊള്ളൂ” എന്നായിരുന്നു ഗുരുവിന്റെ മറുപടി. തന്റെ വിവാഹത്തിന് എത്രപേരെ ക്ഷണിക്കണം എന്നന്വേഷിച്ച ശിഷ്യനോട് “പരമാവധി അഞ്ചുപേർ; ഒരു പെട്രോൾ മാക്സും ഇരുന്നോട്ടെ” എന്നൊരിക്കൽ ഗുരു പറഞ്ഞിട്ടുണ്ട്. കൃത്രിമമായ ജീവിതസൗന്ദര്യങ്ങളെ ത്യജിക്കാനും യഥാർത്ഥ പ്രപഞ്ച സൗന്ദര്യം നുണയാനുമാണ് ഗുരു ശ്രമിച്ചത്. പക്ഷേ ശ്രീനാരായണൻ നമുക്ക് ചില്ലിട്ട് സൂക്ഷിക്കാനുള്ള ആത്മീയ ഗുരുവും വെള്ളാപ്പള്ളി നടേശൻ നമുക്ക് പ്രായോഗികമാക്കാനുള്ള ഭൗതിക ഗുരുവുമായി തീരുന്നു. ഈ കാലത്തിന്റെ ദുരന്തവും വൈകൃതവും സംഹാരവുമാണ് കൊല്ലം പരവൂരിൽ നമുക്ക് കാണേണ്ടിയും അനുഭവിക്കേണ്ടിയും വന്നത്.

ഭരണകൂടവും മാധ്യമങ്ങളുമൊക്കെ ഇപ്പോൾ ഉണർന്നിരിക്കുന്നു. ഒരു ചാനൽ ഇന്നലെ തന്നെ എസ്.എം.എസും, വാട്സ് ആപ്പുമുപയോഗിച്ചുള്ള ഗ്യാലപ്പ് പോൾ നടത്തി. 96 ശതമാനം ജനങ്ങളും ക്ഷേത്രോത്സവങ്ങളിൽ വെടിക്കെട്ട് നിരോധിക്കണം എന്നഭിപ്രായക്കാരണത്രേ! കേവലം നാല് ശതമാനമാണ് വെടിക്കെട്ട് തുടരണം എന്നാവശ്യപ്പെട്ടത്. അതേതായാലും നന്നായി, ജനഹിതമാണല്ലോ ജനാധിപത്യ ഭരണാധികാരികൾ നടപ്പിലാക്കേണ്ടത്. അതുകൊണ്ട് നിരോധനം ഉടൻ നിലവിൽ വരുമായിരിക്കും. അതെന്തേ ഈ ടി.വി ചാനലുകാർക്ക് ഇത്തരം ഒരു ഗ്യാലപ്പ് പോൾ നേരത്തെ നടത്താൻ തോന്നിയില്ല? വെടിക്കെട്ടപകടം നടന്ന ദിവസം തന്നെ നടത്തണം എന്ന നിർബന്ധമെന്തിനായിരുന്നു? ജനത്തിന്റെ സുചിന്തിതമായ അഭിപ്രായമായിരുന്നു വെടിക്കെട്ട് നിരോധനമെങ്കിൽ പിന്നെയെന്തിനാണ് നമ്മുടെ പൂരപ്പറന്പുകളിൽ പതിനായിരങ്ങൾ തടിച്ചു കൂടുന്നത്? ഈ പൂര വെറി ജനങ്ങളിൽ കുത്തിവെക്കുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് നിസ്സാരമാണോ? തൃശ്ശൂർ പൂരത്തിന്റെ തത്സമയ സംപ്രേഷണത്തിനായി മാധ്യമങ്ങൾ മത്സരിക്കുകയല്ലേ? അതൊക്കെ കേൾക്കുന്പോൾ ആർക്കാണ് ജീവിതത്തിലൊരു തവണയെങ്കിലും തൃശൂർ പൂരത്തിന് പോകണമെന്ന ആഗ്രഹം ജനിക്കാത്തത്. ആറ്റുകാൽ പൊങ്കാലയെ ഈ വിധത്തിൽ പൊലിപ്പിച്ചെടുക്കുന്നതിന് മാധ്യമങ്ങൾ വഹിച്ച പങ്ക് നിസ്സാരമാണോ? ഈയടുത്ത വർഷങ്ങളിലായി തങ്ങൾക്ക് താൽപര്യമുള്ള എത്ര പൂരങ്ങളെയും ഉത്സവങ്ങളെയുമൊക്കെയാണ് ഇവർ പ്രമോട്ട് ചെയ്തുകൊണ്ടിരിക്കുന്നത്? വെടിക്കെട്ടാവാമോ ഇല്ലയോ എന്ന ഗ്യാലപ്പോൾ സംഘടിപ്പിക്കുക വഴി മൊബൈൽ കന്പനികൾക്ക് എസ്.എം.എസും, വാട്സ് ആപ്പു വഴി ലക്ഷങ്ങളുടെ ബിസിനസ് ഉണ്ടാക്കുകയും അതിന്റെ കമ്മീഷൻ കൈപ്പറ്റുകയും ചെയ്യുക എന്ന ബിസിനസ് തന്ത്രമല്ലേ ഈ ചുടലപ്പറന്പിൽ വെച്ചും നമ്മുടെ മാധ്യമങ്ങൾ അനുവർത്തിക്കുന്നത്? ഞായറാഴ്ച വൈകുന്നേരം മുതൽ ഒരു ദൃശ്യമാധ്യമം വിളിച്ചു കൂവിക്കൊണ്ടിരുന്നത് ദുരന്തത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ടത് തങ്ങളായിരുന്നു എന്നാണ്. ആ ചാനലിനെ ഉദ്ധരിച്ചാണത്രേ േദശീയ മാധ്യമങ്ങളൊക്കെ വാർത്തകൾ നൽകി തുടങ്ങിയത്. തങ്ങളുടെ ഉറ്റവരും ബന്ധുക്കളുമൊക്കെ നഷ്ടപ്പെട്ടോ എന്ന വേവലാതിയിൽ പൂരപ്പറന്പിൽ അലമുറയിട്ട് നടക്കുന്ന ബന്ധുക്കളെപ്പോലും ന്യൂസ് റൂമിലെത്തിച്ച് ഇന്റർവ്യൂ നടത്തി അത് വിപണനം ചെയ്യാൻ കഴിയുമോ എന്ന ഓട്ടപ്പാച്ചിലിലായിരുന്നു എല്ലാ ദൃശ്യമാധ്യമങ്ങളും. എന്തൊരു നീചമായ കച്ചവടമാണ്, നെല്ലു കണ്ട കാക്കയപ്പോലെ ഇവരൊക്കെക്കൂടെ നടത്തിക്കൊണ്ടിരുന്നത്.

ഉത്തരവാദപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും ദുരന്തത്തിൽ വഹിച്ച പങ്ക് എന്തുമാത്രം ഭീകരമാണ്? ജില്ലാ കലക്ടർ, ഇത്രയും ഇടുങ്ങിയ ഒരു സ്ഥലത്ത് ഒരു കന്പക്കെട്ടിന് അനുമതി കൊടുക്കരുത് എന്ന് വ്യക്തമായി ഉത്തരവിട്ട ശേഷവും അത് മറികടന്ന് ആരെങ്കിലും വെടിക്കെട്ട് നടത്താൻ ശ്രമിച്ചാൽ പോലീസിനെ ഉപയോഗിച്ച് തടയണമെന്നും നിർദേശം കൊടുത്ത ശേഷമാണത്രേ നൂറുകണക്കിന് പോലീസുകാരുടെ സാന്നിധ്യത്തിൽ കോടികൾ മുതലിറക്കിയുള്ള വെടിക്കെട്ട് മത്സരങ്ങൾ നടത്തിയത്. പോലീസ് റവന്യൂ അധികാരികളിൽ ഒരുവിഭാഗം അതിന് കൂട്ടുനിന്നു. പീതാംബരക്കുറുപ്പിനെപ്പോലുള്ള ഭരണകക്ഷി നേതാക്കൾ അതിന് വേണ്ടി ശക്തമായി സമ്മർദ്ദം ചെലുത്തി? നമ്മുടെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും അലംഭാവവവും, കന്പക്കെട്ടിനോടുള്ള ആഭിമുഖ്യവും കൈക്കൂലിയും കോഴയുമൊക്കെ ഇതിൽ ഒളിഞ്ഞു കിടപ്പുണ്ടാകും. ഒരു തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്പോൾ തന്റെ സ്വാധീനം വെളിപ്പെടുത്താനും പൂരം നടത്തിപ്പ് നിയമങ്ങളെ മറികടക്കാനുമൊക്കെ ഒത്താശ ചെയ്യുന്പോൾ പീതാംബര കുറുപ്പുമാർ സങ്കുചിത ലക്ഷ്യങ്ങളെ മാത്രമേ കണ്ടിരിക്കാനിടയുള്ളൂ. അപകടങ്ങളൊന്നും സംഭവിക്കുന്നില്ലെങ്കിൽ അത് കേവലം ഒരു സൗന്ദര്യകാഴ്ച മാത്രമായിരിക്കുമല്ലോ.

ഇത്തരം വിശ്വാസവുമായി ബന്ധപ്പെട്ട ആഘോഷങ്ങളോടും ആചാരങ്ങളോടുമൊക്കെ എന്തായിരിക്കണം ഭരണകൂടത്തിന്റെ സമീപനം? ഈ വിശ്വാസത്തെ വിറ്റ് അധികാരം ഉറപ്പിക്കുക എന്നതായിരിക്കണമോ? നമ്മുടെ നാട്ടിൽ നരബലിയും സതിയുമൊക്കെ അനുഷ്ഠിച്ച കാലമുണ്ടായിരുന്നു. വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് പറഞ്ഞ്  ബ്രിട്ടിഷുകാർ അതൊക്കെ അനുവദിക്കുകയായിരുന്നില്ല. അവരത് നിയമം മൂലം നിരോധിച്ചു. അത് ശക്തമായി നടപ്പിലാക്കുകയും ചെയ്തു. എന്നാൽ സ്വതന്ത്രഭാരതത്തിലെ നമ്മുടെ ഭരണാധികാരികൾ ഇതൊക്കെ വോട്ടുണ്ടാക്കാനുള്ള ഉപാധികളായി കാണുന്നതുകൊണ്ട് ധാരാളം പഴുതുകൾ ഉണ്ടായി വരുന്നു. അവിടവിടെയായി ഇതൊക്കെ തിരിച്ചെത്തുന്നതായുള്ള വാർത്തകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. കോഴിവെട്ട്, ആട് വെട്ട് തുടങ്ങിയ ജന്തുബലികൾ നിരോധിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ പല ക്ഷേത്രങ്ങളിലും അതിപ്പോഴും നിർബാധം തുടരുന്നുണ്ട്. ബന്ധപ്പെട്ട അധികാരികൾ അതൊക്കെ കണ്ടില്ലെന്ന് നടിക്കുന്നു. ആചാരത്തിന്റെ ഭാഗമായുള്ള നായാട്ടും കാട്ടുമൃഗങ്ങളെ വേട്ടയാടലുമൊക്കെ കാസർഗോഡ് ജില്ലയിലെ ചില മേഖലകളിൽ ഇപ്പോഴും നടക്കുന്നുണ്ട്. സ്വകാര്യ സേനയെ ഉപയോഗിച്ച് എതിർക്കുന്നവരെ കൈകാര്യം ചെയ്യാൻ പോലും ഇവർ തയ്യാറാകുന്നുണ്ട്. വിശ്വാസവും വോട്ടും ഇടകലരുന്പോൾ ഭരണാധികാരികൾ പലപ്പോഴും ഇതൊന്നും കണ്ടതായി നടിക്കുന്നില്ല.

വെടിക്കെട്ടിനെക്കുറിച്ച് ചില വിതണ്ധവാദങ്ങളൊക്കെ ചിലർ പ്രചരിപ്പിക്കാറുണ്ട്. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലും മറ്റും ഗന്ധകം ഉൾപ്പെടെയുള്ളവ കത്തിക്കുന്നത് അണുനാശിനിയായി പ്രവർത്തിക്കും  എന്നൊക്കെ. പക്ഷെ ഇതിലൊന്നും ശാസ്ത്രീയമായ ഒരു ഉള്ളടക്കവും ഇതുവരെ കണ്ടെത്തിയിട്ടില്ല. അതുമാത്രമല്ല, പരവൂരിലേത് പോലുള്ള കൂറ്റൻ വെടിക്കെട്ടുകൾ ഗുരുതരമായ അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുകയാണ് ചെയ്യുന്നത്. അപകടകരമായ രീതിയിൽ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ വ്യാപിക്കാനിടയാകുന്നു. രാത്രിയിലാണല്ലോ സാധാരണയായി വെടിക്കെട്ടുകൾ വലിയ തോതിൽ പൊട്ടിത്തിമർക്കുക. രാത്രി യഥാർത്ഥത്തിൽ പ്രകൃതിയിലെ സൈലന്റ് സോൺ ആണ്. മനുഷ്യർക്ക് വിശേഷിച്ചും, പകൽ ജോലികൾക്ക് ശേഷം പൂർണ്ണമായി വിശ്രമം ലഭിക്കേണ്ട സമയം. ശബ്ദമോ വെളിച്ചമോ ഉണ്ടാവാൻ പാടില്ലാത്ത സമയം. അവിടെയാണ് നാം കൃത്രിമമായ വിളക്കുകൾ ഉപയോഗിച്ച് രാത്രികളെ പകലുകളാക്കുന്നത്. വെട്ടിക്കെട്ടുകളാകട്ടെ അപകടകരമായ ശബ്ദത്തിനും വെളിച്ചത്തിനും കാരണമാകുകയും ചെയ്യുന്നു. ഇതിന് പുറമേയാണ് തുടർച്ചയായി ഉണ്ടാകുന്ന ദുരന്തങ്ങൾ. ഇതൊന്നും ഒരു പരിഷ്കൃത സമൂഹത്തിനും അനുവദിക്കാവുന്നതല്ല. വിശ്വാസത്തിന്റെ പേര് പറഞ്‍ഞാണ് ഇത്തരം അതിക്രമങ്ങളൊക്കെ ഇന്നും തുടരുന്നത്. വിശ്വാസത്തിന്റെ ഭാഗമായ എന്തൊക്കെ കാര്യങ്ങൾ ഒരു ജനാധിപത്യഭരണകൂടം നിരോധിച്ചിരിക്കുന്നു. തമിഴ്നാട്ടിലെ ജല്ലിക്കെട്ട്, കാളപ്പോര്, കോഴിപ്പോര് ഒക്കെ വിശ്വാസത്തിന്റെ പിന്തുണയുള്ളതാണ്. പക്ഷേ അതൊക്കെ നിരോധിക്കാൻ ഗവൺമെന്റുകൾ നിർബന്ധിതമാകുന്നില്ലേ? മനുഷ്യന്റെ വിശ്വാസത്തിന് വേണ്ടി സാധുമൃഗങ്ങളെ പൈശാചികമായി കൊല്ലാൻ വിടുന്നത് അനുവദനീയമാണോ? 

വെടിക്കെട്ടും ആനച്ചമയങ്ങളുമൊക്കെ കാണാൻ രസമുള്ളതു തന്നെയാണ്. അത് തുടരുന്നിടത്തോളം കാലം അത് കാണാൻ ആളുകൾ കൂടുകയും ചെയ്യും. പക്ഷേ പ്രശ്നമതല്ല, ഒരു പരിഷ്കൃത ഭരണകൂടത്തിന് അനുവദിക്കാൻ കഴിയാത്ത വിധം അപരിഷ്കൃതമാണത്.

ക്ഷേത്രോത്സവങ്ങളിലെ വെടിക്കെട്ടുകൾ മാത്രമല്ല പ്രശ്നം. സ്ഫോടകവസ്തുക്കളുടെ ദുരുപയോഗങ്ങൾ മൊത്തമാണ്. ഇതേ വസ്തുക്കൾ ഉപയോഗിച്ചാണ് നമ്മുടെ രാഷ്ട്രീയ പാർട്ടികൾ നാടൻ ബോംബും പൈപ്പ് ബോംബുമൊക്കെ നിർമിക്കുന്നത്. അതുപയോഗിച്ച് ആളെ കൊല്ലുന്നത് മാത്രമല്ല നിർമാണത്തിനിടയിൽ മനുഷ്യർ ചിന്നിച്ചിതറിപ്പോകുന്നതും കേരളത്തിൽ പതിവാണ്. ഇത്തരം പ്രവർത്തികൾ സ്വമേധയാ നിർത്താലാക്കുന്നതിനെ കുറിച്ച് ജനാധിപത്യപരമായി ഒന്നിച്ച് ചിന്തിക്കാൻ ഇവർക്ക് കഴിയാത്തത് എന്തുകൊണ്ടാണ്? പാറമടകളിലെ സ്ഫോടനങ്ങൾ പ്രകൃതിക്കും മനുഷ്യർക്കും ഉണ്ടാക്കുന്ന ദുരന്തം ആരെങ്കിലും പരിഗണിക്കുന്നുണ്ടോ? ആണവായുധങ്ങൾ ഉൾപ്പെടെ നിർമിച്ച് യുദ്ധ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന ഭരണാധികാരികളും ഇതേ അളവിൽ അപരിഷ്കൃതർ തന്നെയാണ്. ഇത്തരം കാഴ്ചപ്പാടുള്ള ഭരണാധികാരികൾക്ക് മാത്രമേ തീവ്രവാദത്തിനും മനുഷ്യത്വമില്ലായ്മക്കുമെതിരെ സംസാരിക്കാൻ പോലും കഴിയൂ.

 

ശാസ്ത്രവും കലയും ദർശനവും ഇഴ ചേർന്ന ഒരു ആധുനിക മാനവികതക്ക് മാത്രമേ ആധുനിക മനുഷ്യന്റെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ കഴിയൂ. കേവലമായ അധികാരത്തിനും ശാസ്ത്ര വിനിയോഗത്തിനും അത് സാധ്യമാകില്ല. ചങ്ങലപ്പൂട്ടുകളിൽ ഞെരിപിരി കൊള്ളുന്ന സാധുമൃഗമായ ആനയും ഗുണ്ടുകൾക്കിടയിൽ ചിതറിപ്പോകുന്ന മനുഷ്യരും ഒരേ ദുരന്തത്തിന്റെ അടയാളങ്ങൾ തന്നെയാണ്. പക്ഷേ, ഒന്നുണ്ട് നിങ്ങൾ എത്രയാഗ്രഹിച്ചാലും ഇതൊക്കെ ഇനിയുമൊരുപാട് കാലം തുടരാനാവില്ല. നാട്ടാനകളുടെ സ്വാതന്ത്ര്യസമരവും വെടിമരുന്ന് നനയ്ക്കലും അനിവാര്യത തന്നെയാണ്.

You might also like

Most Viewed