അഴിമതി കൂടാരത്തിലെ ഒട്ടകങ്ങളും ഒട്ടക പക്ഷികളും


ടി .വിയിൽ കണ്ട ഒരു പരസ്യം മനസ്സിലേയ്ക്ക് തള്ളിക്കയറി വരുന്നുണ്ടിപ്പോൾ. ഏതോ പെരുങ്കായത്തിന്റെ പരസ്യം. പെരുങ്കായം ചേർത്ത് കറിവെച്ച മദ്ധ്യവയസ്കയും സുന്ദരിയുമായ തന്റെ ഭാര്യയുടെ കൈകളിൽ ഒരു പൊൻവളയിട്ടു തരട്ടെ എന്ന ഇന്നസെന്റ് ചോദിക്കുന്നതാണ് പരസ്യത്തിലെ രംഗം. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഇപ്പോഴത്തെ നിൽപ്പു കാണുന്പോൾ ഈ ചോദ്യം ഈ ലേഖകന്റെ മനസ്സിലേക്ക് തള്ളിക്കയറി വരുന്നുണ്ട്. ആദർശത്തിന്റെ കട്ടികരിന്പടം കൊണ്ട് കേരളരാഷ്ട്രീയത്തിന്റെ ദുർഗന്ധം മൂടിവെയ്ക്കാൻ ശ്രമിച്ച വി.എം സുധീരനെ ഉള്ളത് ഉള്ളപോലെ പറഞ്ഞ് ലോകത്തിന്റെ മുന്പിൽ തുറന്നുകാട്ടിയ ഉമ്മൻചാണ്ടിയെ അരികെത്തെങ്ങാനും കിട്ടിയാൽ ആ കൈകളിൽ ഒരു സ്നേഹചുംബനം നൽകാമായിരുന്നു. തിരഞ്ഞെടുപ്പിന്റെ 24ാം മണിക്കൂറിലാണല്ലോ കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരുൾപ്പെടുന്ന അഴിമതിക്കാരായ അഞ്ചുപേർ സ്ഥാനാർത്ഥി പട്ടികയിലുണ്ടാവരുത് എന്ന ഇരുന്പുലക്ക തീരുമാനം കെ.പി.സി.സി പ്രസിഡണ്ടായ വി.എം സുധീരൻ എടുത്തത്. അവസാനം അത് മന്ത്രി കെ.ബാബു, അടൂർപ്രകാശ് എന്നീ രണ്ടു പേരിലേയ്ക്ക് ചുരുക്കിക്കെട്ടി, വി.എം സുധീരൻ മഹാമനസ്കതയുടെ കൊടുമുടിയിൽ കയറി. കെ.സി ജോസഫ്, െബന്നിബഹന്നാൻ, പാലോട് രവി എന്നിവരോടൊക്കെ വിട്ടുവീഴ്ച ചെയ്യാമെന്നായി. തിരഞ്ഞെടുപ്പ് തലക്കുമുട്ടി നിൽക്കുന്ന കാലത്തെ ഒരാഴ്ചയാണ് ഇക്കാര്യത്തിനു മാത്രമായി വി.എം സുധീരൻ തുലച്ചു കളഞ്ഞത്. പക്ഷേ ഉമ്മൻചാണ്ടി എന്ന മലയോട് കല്ലെറിയാൻ വി.എം സുധീരൻ എന്ന ആദർശ ശിശുആര്? അല്ലെങ്കിലും അങ്ങിനെയല്ലേ ഉള്ളതിനെ ഉള്ളതുപോലെ കാണുന്നതല്ലേ അന്തസ്സ്? അല്ലാതെ കോൺഗ്രസ് എന്ന ചാണകക്കുഴിക്ക് മേലെ ആദർശത്തിന്റെ ചന്ദനം പൂശുന്നതിൽപരം കാപട്യവും അസംബന്ധവും മറ്റെന്തുണ്ട്? ഇക്കാര്യത്തിലൊക്കെയാണ് നമുക്ക് ഉമ്മൻചാണ്ടി എന്ന കോൺഗ്രസ് നേതാവിനോട് ബഹുമാനം തോന്നേണ്ടത്. എല്ലാം അദ്ദേഹം സ്ട്രൈറ്റ് ഫോർവേഡായി അങ്ങ് പറഞ്ഞുവെച്ചു. “അഴിമതി ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും വിധേയമായവരെ മാറ്റി നിർത്തണമെന്ന ആദർശബുദ്ധിയാണ് വി.എം സുധീരൻ എന്ന കെ.പി.സി.സി പ്രസിഡണ്ടിന്റെ മനസിലുള്ളതെങ്കിൽ ആദ്യം തന്നെയാണ് മാറ്റേണ്ടത്. അന്തസ്സോടെ അതങ്ങ് ചെയ്ത് നോക്ക്” സുധീരനെ അദ്ദേഹം വെല്ലുവിളിച്ചു. താൻ മത്സരരംഗത്ത് നിന്ന് മാറി നിൽക്കാൻ തയ്യാറാണെന്നും അദ്ദേഹം തീർത്തു പറഞ്ഞു. നമ്മുടെ നാട്ടിലെ ആദർശ കോമരങ്ങൾ പൊതുവെ സ്വീകരിക്കുന്ന ഒരു രീതിയുണ്ട്. പൂച്ച പാലു കുടിക്കുന്നതുപോലെ കണ്ണടച്ചു കളയുക. ആക്ഷേപം ഉയരുന്പോൾ ഒട്ടകപക്ഷിയെപ്പോലെ തല മണ്ണിലേയ്ക്ക് പൂഴ്ത്തിക്കളയുക. എന്നിട്ട് സ്വന്തം ഖദർകുപ്പായത്തിൽ ചളി തെറിച്ചിട്ടുണ്ടോ എന്ന് വ്യാകുലപ്പെടുക. തങ്ങളെല്ലാ കാലത്തും പരിശുദ്ധന്മാരും പുണ്യവാളന്മാരുമായി ചമഞ്ഞ് വെളുക്കെ ചിരിക്കുക. ഇത് ഒരു തരത്തിലുള്ള കാപട്യരാഷ്ട്രീയമല്ലാതെ മറ്റെന്താണ്?

താൻ പരിശുദ്ധനാണെങ്കിൽ വി.എം സുധീരൻ ആദ്യം ചെയ്യേണ്ടത് കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കുകയല്ലേ? കോൺഗ്രസിൽ നേതാവായി നിൽക്കുകയും അതുവഴിയുള്ള പ്രത്യേക അവകാശങ്ങളൊക്കെ അനുഭവിക്കുകയും എന്നാൽ കോൺഗ്രസിലെ വൃത്തികേടുകൾക്കൊന്നും താൻ ഉത്തരവാദിയല്ല എന്ന് നടിക്കുകയും ചെയ്യുന്നത് ധാർമ്മികതയാണോ? ഒരുകാലത്ത് കരുണാകരനെതിരെ കൊലവിളിയുമായി നടന്ന എ ഗ്രൂപ്പിന്റെ നേതാവായിരുന്നല്ലോ വി.എം സുധീരൻ. അന്ന് ഏ.കെആന്റണി ഗ്രൂപ്പിന്റെ നേതാവ് മാത്രമായിരുന്നില്ല, ദൈവവുമായിരുന്നു. ഏറ്റവും വലിയ പോരാളി ഉമ്മൻ ചാണ്ടിയായിരുന്നു. ചെറിയാൻ ഫിലിപ്പ് ചാവേറായിരുന്നു. എ.കെ ആന്റണിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ വയലാർ രവിയും ആര്യാടനും ഇന്നത്തെ എ വിഭാഗക്കാരുമൊക്കെ അന്ന് ഈ ഗ്രൂപ്പിന്റെ ജീവാത്മാവും പരമാത്മാവും ആയി കഴിഞ്ഞിരുന്ന കാലം. അതിനിടയിലാണ് വയലാർ രവിയെ കരുണാകരൻ എ ഗ്രൂപ്പിൽ നിന്ന് പൊക്കിയെടുത്ത് ഐയിലെത്തിച്ചത്. അങ്ങിനെയാണ് വയലാർ രവി കെ.പി.സി.സി പ്രസിഡണ്ടായത്. അന്ന് എല്ലാ വൃത്തികേടുകളുടെയും കിരീടം കരുണാകരന്റെ തലയിൽ വെച്ചു കൊടുക്കുകയും തങ്ങൾ പുണ്യവാളന്മാരായി നടിക്കുകയുമായിരുന്നു എ ക്കാരുടെ കലാപരിപാടി. എന്നാൽ എ ഗ്രൂപ്പുകാരെപ്പോലെ കപടനാട്യക്കാർ (hypocrits) മറ്റാരുണ്ടായിരുന്നു?

കരുണാകരനെ മോശക്കാരനായി നിരന്തരം ചിത്രീകരിച്ചുകൊണ്ട് എല്ലാ ആനുകൂല്യങ്ങളും ഇവർ നിരന്തരമായി തട്ടിയെടുത്തു. എ.കെ ആന്റണി മുഖ്യമന്ത്രിയായതുൾപ്പെടെ എന്തൊക്കെ നേട്ടങ്ങളാണ് ഇവരുണ്ടാക്കിയത്. കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനം പോകുമെന്നായപ്പോൾ ആദർശകുപ്പായവുമായി കേന്ദ്രത്തിൽ ചേക്കേറും. എന്നാൽ പഴി മുഴുവൻ കേട്ടുകൊണ്ടിരുന്നത് കരുണാകരനും. കോൺഗ്രസ് അഴിമതിക്കാരുടെ കൂടാരമായി മാറിയത് ഇന്നും ഇന്നലെയുമൊന്നുമല്ലല്ലോ. നെഹ്റുവിന്റെ കാലത്ത് അഴിമതിയൊക്കെ ഉണ്ടായിരുന്നു. അത് സ്വാഭാവികം. അധികാരമുള്ളിടത്ത് അഴിമതിയുണ്ടാകും. ‘വെണ്ണയുണ്ടെങ്കിൽ നറുനെയ്യ് വേറിട്ടു കരുതേണമോ’ എന്ന് കുഞ്ചൻ നന്പ്യാർ ചോദിച്ചതുപോലെ അധികാരമുണ്ടെങ്കിൽ അഴിമതി വേറെ അന്വേഷിക്കേണ്ടതില്ല. പക്ഷേ നെഹ്റുവിന്റെ കാലത്ത് അതിനെതിരായ സംഘടനാപരവും ധാർമ്മികവുമായ പ്രതിരോധം ശക്തമായിരുന്നു. അഴിമതിക്കാർക്ക് നെഹ്റുവിനെ ഭയമായിരുന്നു. കണ്ടെത്തിയ എല്ലാ അഴിമതിക്കാർക്കും കോൺഗ്രസിന് പുറത്തേക്കുള്ള വഴിയാണ് നെഹ്റു തുറന്നുവെച്ചത്. എന്നാൽ ഇന്ദിരയുടെ കാലമാകുന്പേഴേയ്ക്ക് തന്നെ കോൺഗ്രസ് അഴിമതിക്കാരുടെ കൂടാരമായി മാറിയിരുന്നു. ഇന്ദിര നേരിട്ട് തന്നെ ഇത്തരം അഴിമതികളിലൊക്കെ പങ്കുപറ്റുകയും ചെയ്തു.

നാഗർവാലാ സംഭവമൊക്കെ ഓർമ്മയില്ലേ? ഇന്ദിര വിളിച്ചുപറഞ്ഞതനുസരിച്ച് റിസർവ് ബാങ്കിൽ നിന്ന് അന്നത്തെ 60 ലക്ഷം രൂപ കൈപ്പറ്റിയ നാഗർവാല ആപ്പിലായത്. സംഭവം പുറത്തായതോടെ ഇന്ദിരയുടെ ശബ്ദത്തിൽ മറ്റാരോ വിളിച്ചതാണെന്ന വിശദീകരണവുമുണ്ടായി. അന്ന് കെ.എസ്.യു നേതാവാണല്ലോ വി.എം സുധീരൻ. ഇന്ദിരാഗാന്ധിക്ക് ജയ് വിളിച്ചാണ് അന്ന് കെ.എസ്.യു സംഘടിപ്പിച്ചത്. പക്ഷേ എ.കെ ആൻ്റണി കോൺഗ്രസിലിരിക്കുന്പോൾ തന്നെ ഇത്തരം അഴിമതിക്കൊക്കെ താൻ എതിരാണെന്ന് വരുത്തിത്തീർക്കാൻ നീക്കങ്ങൾ നടത്തിയിരുന്നു. ഭൗതികവാദിയായിരുന്ന ആൻ്റണി, ഇന്ദിരാഗാന്ധി അരമനയിൽ ചെന്ന് ബിഷപ്പ് തിരുമേനിയെ സന്ദർശിച്ചതിൽ പ്രതിഷേധിച്ച് കെ.പി.സി.സി അദ്ധ്യക്ഷ പദവി രാജിവെച്ചയാളാണ്. അടിയന്തരാവസ്ഥയിൽ ഇന്ദിരയുടെ എല്ലാ അമിതാധികാര പ്രവണതകളേയും പിന്തുണച്ചയാളാണെങ്കിലും അടിയന്തരാവസ്ഥക്ക് ശേഷം ഇതിനെതിരായി രംഗത്ത് വരികയും ചെയ്തു. ചിക്കമംഗലൂർ ഉപ തിരഞ്ഞെടുപ്പിൽ ‘ജീവൻ കൊടുത്തും പൊരുതി തോൽപ്പിക്കേണ്ട അമിതാധികാര ശക്തിയാണ് ഇന്ദിര’ എന്നായിരുന്നു എ.കെആൻ്റണിയുടെ സുപ്രസിദ്ധമായ പ്രസംഗം.

അന്ന് എ.കെ ആൻ്റണി ഇടതുമുന്നണിയുടെ ഭാഗമായിരുന്നു. പിന്നീട് ഗത്യന്തരമില്ലാതെ വന്നപ്പോൾ ഇന്ദിരയുടെ തട്ടകത്തിലേയ്ക്ക് മടങ്ങിപ്പോകാനും ആന്റണിക്ക് ആദർശം തടസമായില്ല. ഇന്ദിര കൊല്ലപ്പെട്ട ശേഷം അധികാരത്തിൽ എത്തിയ രാജീവ്ഗാന്ധിയുടെ കാലത്ത് അഴിമതി ദേശസാൽക്കരിക്കപ്പെടുകയായിരുന്നു. അഴിമതിക്കെതിരെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ജനകീയ പ്രതിരോധം ഉയർന്നു വന്ന ബോഫേഴ്സ് കുംഭകോണവും കുത്റോച്ചിയും ഇറ്റലിയുമൊക്കെ കുപ്രസിദ്ധമായത് അന്നായിരുന്നല്ലോ. ‘ഗല്ലീ ഗല്ലീ മേം ജോർ ഹെ.... രാജീവ് ഗാന്ധി ചോർ ഹെ’ എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം. പക്ഷേ ആദർശം തലയ്ക്ക് പിടിച്ച സുധീരന് രാജീവ് ഗാന്ധിയുടെ കൂടാരത്തിനകത്ത് അന്തിയുറങ്ങാൻ ഒരു മനഃസാക്ഷി കുത്തും ഉണ്ടായില്ല. പിന്നീടുണ്ടായ നരസിംഹറാവു സർക്കാരും മൻമോഹൻസിംഗ് സർക്കാരും ഒക്കെ അഴിമതിയുടെ പര്യായപദമായിരുന്നല്ലോ. അഴിമതിയുടെ ഘോഷയാത്രകളാണ് ആ സർക്കാരുകളുടെ അന്ത്യം കുറിച്ചത്. പ്രിയങ്കാ ഗാന്ധിയുടെഭർത്താവ് റോബർട്ട് വദേര കോടികൾ കൊണ്ട് റിയൽ എേസ്റ്ററ്റ് കളിച്ചതും പാർട്ടി പത്രം കുടുംബസ്വത്താക്കി കൈകാര്യം ചെയ്തതുമൊന്നും വി.എം സുധീരൻ അറിഞ്ഞതേയില്ല! ഇതിനൊന്നും എതിരായി അദ്ദേഹം ഒരക്ഷരം ഉരിയാടിയതായി അറിവില്ല. പ്രിയങ്കാ ഗാന്ധിക്കും ഭർത്താവിനും ഇതിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്ത രാഹുൽഗാന്ധിയാണ് വി.എം സുധീരന് കെ.പി.സി.സിയുടെ അദ്ധ്യക്ഷ പദവി സമ്മാനിച്ചത്.

എ.കെ ആന്റണി രണ്ടാമനായിരുന്ന കേന്ദ്രസർക്കാർ നടത്തിയ അഴിമതികൾ ഞെട്ടിക്കുന്നതായിരുന്നുവല്ലോ. താൻ മന്ത്രിയായിരുന്ന പ്രതിരോധ വകുപ്പിലെ വന്പൻ അഴിമതിക്കെതിരെ ആദർശധീരന്മാരാരും ഒന്നും മിണ്ടിയതായി കേട്ടിട്ടുമില്ല. ഇപ്പോൾ കോൺഗ്രസിനകത്ത് സ്വന്തമായി പിടിമുറുക്കാൻ  ഗ്രൂപ്പുകൾക്കതീതമായ സ്വന്തം ഗ്രൂപ്പ് സ്ഥാപിക്കാനാണല്ലോ സുധീരൻ പരിശ്രമിക്കുന്നത്. അതിന്റെ വക്താക്കളായ ടി.എൻ പ്രതാപൻ ഉൾപ്പെടെയുള്ളവരുടെ തനി നിറം ഇതിനിടയിൽ പുറത്താകുകയും ചെയ്തു. ഇപ്പോൾ കോൺഗ്രസിൽ മൂന്ന് ഗ്രൂപ്പുകളാണ് പ്രബലമായിട്ടുള്ളത്. ഇതിൽ ഏതാണ് മെച്ചം എന്ന ചോദ്യത്തിന് പണ്ട് സ്റ്റാലിൻ സി.പി.എസ്.യു (ബി) (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയേറ്റ് യൂനിയൻ. ബോൾഷേവിക്ക്) വിൽ പറഞ്ഞ ഒരു മറുപടിയുണ്ട്. നായക്കാഷ്ഠം കഷ്ണം മുറിച്ചിട്ട് ഏത് കഷ്ണമാണ് നല്ലത് എന്ന് ചോദിക്കുന്നതിൽ പകരം അസംബന്ധം മറ്റെന്തുണ്ട്? എല്ലാം നായക്കാഷ്ഠം തന്നെയല്ലേ? ഇതു തന്നെയാണ് കോൺഗ്രസിലെ ഗ്രൂപ്പുകളുടെയും നില.

അഴിമതിയുടെ കൂടാരമായ കോൺഗ്രസിൽ സുഖശീതളിമ നുകരുകയും വേണം ആദർശ ധീരത ചമയുകയും വേണം എന്നത് കപടനാട്യമല്ലാതെമറ്റെന്താണ്? ഉമ്മൻചാണ്ടി സർക്കാർ എല്ലാ കാലത്തും ഇങ്ങനെതന്നെയായിരുന്നല്ലോ, കായൽ നികത്തലും കാടുവെട്ടലും ഇഷ്ടക്കാർക്ക് പതിച്ചു നൽകലുമൊക്കെ കഴിഞ്ഞ അഞ്ചുവർഷവും ഇവർ നിർബാധം തുടർന്നിട്ടുണ്ട്. അതിനെതിരായൊക്കെ വി.എം സുധീരൻ നടത്തിയ പ്രസ്താവന യുദ്ധങ്ങൾ ജനങ്ങൾ ആസ്വദിക്കുകയും ചെയ്തു. എന്നാൽ കെ.പി.സി.സി അദ്ധ്യക്ഷ പദവിയിലിരിക്കുന്ന ഒരാൾക്ക് ഇക്കാര്യത്തിലൊക്കെ എന്താണ് ചെയ്യാൻ കഴിയാത്തത്? ഉമ്മൻചാണ്ടി പറയുന്നതല്ലേ ശരി? ഏറ്റവും കൂടുതൽ അഴിമതി ആരോപണം കേട്ടയാൾ ഉമ്മൻചാണ്ടിയാണ്. എത്ര നാണം കെട്ടായാലും ഞാൻ രാജിവെക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. അപ്പോൾ അഴിമതിക്കാരെ മാറ്റുകയാണ് സുധീരന്റെ ആവശ്യമെങ്കിൽ ആദ്യം മാറ്റേണ്ടത് ഉമ്മൻചാണ്ടിയേയല്ലേ? അതിനുള്ള തന്റേടം സുധീരനില്ല. കേരളത്തിൽ ഡി.സി.സി തലത്തിലോ സംസ്ഥാനത്തിലോ സ്ഥാനാർത്ഥി നിർണയത്തിനായി ചേർന്ന ഒറ്റ യോഗത്തിലും ഇത്തരം അഭിപ്രായമൊന്നും സുധീരൻ മുന്നോട്ടു വെച്ചതുമില്ല. ഡൽഹിയിൽ ചെന്ന് ആഴ്ചകളോളം താമസിച്ച് ഇത്തരം ഒരു സീൻ തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറിൽ ഉണ്ടാക്കേണ്ടിയിരുന്നോ? തന്നെ അവഗണിക്കുകയും തനിക്കെതിരെ പ്രസ്താവനയും ഫേസ്ബുക്ക് പോസ്റ്റുമൊക്കെയായി രംഗത്തിറങ്ങുകയും ചെയ്ത കെ.ബാബുവിനും അടൂർ പ്രകാശിനും സീറ്റ് നിഷേധിക്കുക മാത്രമായിരുന്നില്ലേ സുധീരന്റെ ലക്ഷ്യം? പക്ഷേ ഉമ്മൻചാണ്ടി എന്ന അഭിനവ ചാണക്യന്റെ മുന്പിൽ സുധീരൻ ആര്? അവസാനം കെ.പി.സി.സി പ്രസിഡണ്ടിന്റെ കസേരയിലിരിക്കണമെങ്കിൽ, ഒരു ബലിമൃഗത്തെയെങ്കിലും അറുത്ത് ഗുരുതി നടത്താതെ കഴിയില്ല എന്നായപ്പോഴാണല്ലോ ബന്നിബെഹാന്നനെ ഗുരുതി കൊടുത്തത്. അതുകൊണ്ട് ഉമ്മൻചാണ്ടിക്ക് ഒരു കൊട്ടു കൊടുത്തു എന്ന് സമാധാനിക്കാം. പക്ഷേ അപ്പോഴും അടൂർപ്രകാശും കെ.ബാബുവുമുൾപ്പെടെയുള്ളവർ തങ്ങൾക്ക് മത്സരിക്കാൻ കെ.പി.സി.സി പ്രസിഡണ്ടിന്റെ ശീട്ട് വേണ്ട എന്നാണ് പറയുന്നത്. വി.എം സുധീരൻ എന്ന കോൺഗ്രസിന്റെ അമരക്കാരനെ അവരാരും മൈൻഡ് ചെയ്യുന്നുമില്ല. ഇനിയിപ്പം രാജിവെച്ച് പിരിയുന്നതല്ലേ കെ.പി.സി.സി പ്രസിഡണ്ടിന്റെ കസരേയുടെ മാനം കാക്കാൻ നല്ലത് എന്ന് ആദർശധീരന്മാർ ആലോചിക്കുന്നത് നന്ന്.

 

You might also like

Most Viewed