ഇടതുപക്ഷം ഒരു പാർട്ടിയല്ല; പ്രസ്ഥാനമാണ്


കാൽ നൂറ്റാണ്ടു മുന്പ്, ഇന്ത്യൻ വിപ്ലവത്തെക്കുറിച്ചുള്ള ഒരു സംവാദത്തിനായി, വിദ്യാ‍‍ർത്ഥി സംഘടനാ നേതാക്കളും യുവാക്കളുമായ ഞങ്ങൾ ആറുപേ‍ർ, കൊടുങ്ങല്ലൂരിൽ കെ.വേണുവിന്റെ വസതിയിലെത്തിയത് ഓർമ്മയിൽ ഇന്നും പച്ച പിടിച്ചു നിൽക്കുന്നുണ്ട്. കെ.വേണു സായുധവിപ്ലവത്തിന്റെ സാഹസിക പാതകളിലൂടെയൊക്കെ സഞ്ചരിച്ച്, ആറിത്തണുത്ത് ഒരു ‘കമ്യൂണിസ്റ്റുകാരന്റെ ജനാധിപത്യസങ്കൽപ്പ’ത്തെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിച്ചതിനെ തുടർന്നായിരുന്നു അത്.

താൻ അകപ്പെട്ട അതിഗുരുതരമായ സാന്പത്തിക പ്രതിസന്ധിക്ക് ചെറിയൊരാശ്വാസമെങ്കിലും എത്തിക്കാനുള്ള സുഹൃത്തുക്കളുടെ പരിശ്രമത്തിന്റെ ഫലം കൂടിയായിരുന്നു ആ പുസ്തകത്തിന്റെ പ്രസാധനവും വിൽപ്പനയും എന്നതും ഒരു ചെറിയ ഓർമ്മയായി ഇന്നും മനസ്സിലുണ്ട്. സന്ധ്യാനേരത്ത് ആരംഭിച്ച സംവാദം പിറ്റേന്ന് നേരം പുലരും വരെ നീണ്ടുപോയി. ആ സംവാദത്തിലുടനീളം അക്ഷോഭ്യനായി വേണു ഞങ്ങളോട് സംസാരിച്ചു കൊണ്ടിരുന്നു. ഞങ്ങളെല്ലാവരും കൗമാരത്തിൽ നിന്ന് യുവത്വത്തിലേയ്ക്ക് പ്രവേശിച്ചവർ, കേരളത്തിൽ വ്യവസ്ഥാപിത വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാക്കളും പ്രവർത്തകന്മാരും. ശരീരത്തിലും മനസ്സിലും വിപ്ലവം കത്തി നിന്ന ഞങ്ങൾക്ക് വേണു; ഇന്ത്യൻ വിപ്ലവത്തെ സാമ്രാജ്യത്തിന്റെ ആലയിൽ മെരുക്കിയൊതുക്കി കെട്ടാൻ അച്ചാരം വാങ്ങിയ വർഗ്ഗവഞ്ചകനായിരുന്നു. സംവാദത്തിലുടനീളം വേണു ആവർത്തിച്ചുറപ്പിക്കാൻ ശ്രമിച്ചത് ഒറ്റ കാര്യമായിരുന്നു. ഇന്ത്യയിലെ വ്യവസ്ഥാപിത കമ്യൂണിസ്റ്റു പാർട്ടിയായ സി.പി.ഐ(എം) പോലുള്ള ഒരു പാർട്ടിയുടെ തകർച്ച സംഭവിക്കാതെ ഇന്ത്യൻ മണ്ണിൽ ഒരു യഥാർത്ഥ വിപ്ലവ പ്രസ്ഥാനം ഉടലെടുക്കുകയില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം യഥാർത്ഥ വിപ്ലവ പ്രസ്ഥാനമായ, ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുന്ന സി.പി.ഐ(എം)നെ തകർക്കുന്നതിൽ പരം വർഗ്ഗവഞ്ചന മറ്റൊന്നുണ്ടായിരുന്നില്ല.

പിന്നീടുള്ള ജീവിതത്തിലുടനീളം വേണുവിനോട് യോജിച്ചും വിയോജിച്ചും ഈ നിലപാട് ഈ ലേഖകനെ സ്വാധീനിച്ചു കൊണ്ടിരുന്നിട്ടുണ്ട്. സി.പി.ഐ(എം) പോലൊരു വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാർട്ടിയുടെ തക‍ർച്ച എന്ത് ഫലമാണുണ്ടാക്കുക? വേണു അന്ന് കരുതിയത് പോലെ അത് യഥാർത്ഥത്തിലുള്ള ഒരു വിപ്ലവപ്രസ്ഥാനത്തിന്റെ വളർച്ചക്ക് സഹായകയമായി തീരുമോ? ഈ വാദഗതിയെ സാധൂകരിക്കുന്ന എന്തെങ്കിലും കഴിഞ്ഞ കാൽ നൂറ്റാണ്ടു കാലത്തെ വിപ്ലവപ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ പരതിയാൽ സംഭവിച്ചിട്ടുണ്ടോ? ഇനി ഇത്തരത്തിൽ മനുഷ്യൻ നിർമ്മിക്കുന്ന വിപ്ലവങ്ങൾ സ്വാഭാവികമായ അവയുടെ ലക്ഷ്യങ്ങളിലേയ്ക്ക് വളർന്നിട്ടുണ്ടോ? മനുഷ്യൻ ബോധപൂർവ്വം സമൂഹത്തെ പുനർനിർമ്മിക്കാൻ ശേഷിയുള്ളവനാണെങ്കിലും, കേവലം അതിന്റെ അരികു പറ്റിയുള്ള, ജനങ്ങളുടെ ബോധ്യങ്ങളുടെ പിൻബലത്തോടെ മാത്രമാണോ നാം, വിപ്ലവങ്ങളെ തീപ്പന്തങ്ങളാക്കി ഉയർത്തിപ്പിടിക്കുന്നത്? സമഗ്രങ്ങളായ ജ്ഞാനമാർഗ്ഗങ്ങളും അതനുസരിച്ചുള്ള ജീവിതവും നിലപാടുകളും മനുഷ്യസാധ്യമാണോ? ഒരുപക്ഷേ പ്രതിലോമപരം എന്നുവരെ വിശേഷിപ്പിക്കാവുന്ന അതിസങ്കീർണ്ണവും സമഗ്രവുമായ പ്രശ്നങ്ങളുടെ ഭൂമികയിലേക്കാണോ ഇത്തരം ചോദ്യങ്ങൾ നമ്മെ നയിക്കുക?

ഉറപ്പിച്ചു പറയാവുന്ന ഒരു കാര്യമേയുള്ളൂ എന്ന് തോന്നുന്നു. സ്വന്തം ജീവിതം തന്നെ കത്തിച്ചുയർത്തിപ്പിടിച്ച്, ഒരു തീപ്പന്തമാക്കി നടത്തിയ ജ്ഞാനാന്വേഷണം, വായന, നിരന്തരമായ ്രപവർത്തനങ്ങൾ എന്നിവ േവണുവിനെപ്പോലൊരാളെ വെറുക്കേണ്ടതില്ല; അദ്ദേഹം പറയുന്നതൊക്കെ തള്ളിക്കളയേണ്ടതുമില്ല എന്നൊരു സഹിഷ്ണുതയിലേയ്ക്ക് സ്വയം പാകപ്പെടാൻ മാത്രം കഴിഞ്ഞിരിക്കുന്നു. അപ്പോഴും അദ്ദേഹം പറഞ്ഞതൊന്നും സന്പൂർണ്ണമായ ശരികളായിരുന്നില്ല എന്ന ബോധ്യത്തിലേയ്ക്കും.

1917ലെ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം തീർത്ത ഉഗ്രമായ സ്ഫോടനത്തിന്റെ പ്രകന്പനം അവസാനിക്കുന്നതിന്റെ മുന്പായിരുന്നല്ലോ 1920ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാ‍‍ർട്ടിയുടെ പിറവി. വലിയ അടിച്ചമർത്തലുകളെയും ഗൂഢാലോചനകളെയും മർദ്ദനങ്ങളെയുമൊക്കെ നേരിട്ട ആ പാർട്ടി ഇന്നെവിടെയാണ് എത്തിനിൽക്കുന്നത്? ഏതാണ്ട് ഇതേ കാലത്ത് ജന്മമെടുത്ത ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ലോംഗ്്മാർച്ചും പുത്തൻ ജനാധിപത്യവിപ്ലവവും നടത്തി, തുടർന്ന് സാസംസ്കാരിക വിപ്ലവവും ടിയാണൻ മെൻ സ്ക്വയറും വിപണി സന്പദ് വ്യവസ്ഥയിലേക്കുള്ള പിൻമാറ്റവുമൊക്കെ സംഭവിച്ച് ഇന്നെവിടെ നിൽക്കുന്നു? അപരിഹാര്യമായ ശത്രുതയും വൈരുദ്ധ്യവും നിലനിന്നിരുന്ന സാമ്രാജ്യത്വ അമേരിക്കയും സോഷ്യലിസ്റ്റ് ക്യൂബയും തമ്മിലുള്ള വർഗ്ഗ വൈരുദ്ധ്യം എങ്ങിനെയാണ് നേർത്ത് നേർത്ത് പോയത്? ബറാക് ഒബാമയും റൗൾ കാസ്ട്രോയും തമ്മിൽ ഹസ്തദാനം ചെയ്യുന്നതിൽ നിന്ന് നമുക്കെന്താണ് മനസിലാകുക? അമേരിക്ക ഇടത്തോട്ട് നടക്കുന്നുണ്ടോ? അതോ ക്യൂബ വലത്തോട്ട് സഞ്ചരിക്കുകയോ? അതല്ല ഇതൊെക്ക മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വം (Peaceful coexistence) എന്ന ലെനിനിസ്റ്റ് സിദ്ധാന്തത്തിന്റെ പ്രയോഗം മാത്രമായി കണ്ടാൽ മതിയോ? ലോകത്താകെയുള്ള വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇപ്പോൾ എന്ത് സംഭവിച്ചിരിക്കുന്നു?

വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാർട്ടികൾക്കകത്ത് റോസ ലക്സംബർഗിന്റെയും കാൾ ലിബകറ്റ് നെറ്റിന്റെയും ലിയോൺ ട്രോട്സ്കിയുടെയും കാൾ കൗട്സ്കിയുടെയുമൊക്കെ ഒരു വായന സാധ്യമാക്കിത്തരുന്നത് എന്തുകൊണ്ടായിരുന്നു? 1920കളിലെ ലെനിനിസ്റ്റ് സംഘടനാ സൈദ്ധാന്തിക ധാരണകളിൽ, ഇസ്ലാം, ശരീഅത്തിലെന്ന പോലെ വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാർട്ടികൾ കെട്ടി നിന്ന് പുളിച്ചു പോയത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് തെലുങ്കാന മുതൽ നക്സൽബാരി വരെയുള്ള പാ‍‍ർട്ടിസാൻ കലാപങ്ങൾ പരാജയപ്പെട്ടത്? ഇന്ത്യയിലെ ഒന്നാം പൊതു തിരഞ്ഞെടുപ്പിലും രണ്ടാം പൊതു തിരഞ്ഞെടുപ്പിലും ശക്തമായ സ്വാധീനമായിരുന്ന ഇന്ത്യൻ ഇടതുപക്ഷ (കമ്യൂണിസ്റ്റ്+ സോഷ്യലിസ്റ്റ്) ത്തിന് പിന്നീട് എന്താണ് സംഭവിച്ചത്? ആന്ധ്രയിലും ബീഹാറിലും ഉത്തർപ്രദേശിന്റെ ചില പോക്കറ്റുകളിലും പിന്നീട് ആസാമിലും തമിഴ്നാട്ടിലുമൊക്കെ സ്വാധീനമുറപ്പിച്ചിരുന്ന സി.പി.ഐ(എം)ൽ ഇപ്പോൾ എന്താണ് സംഭവിച്ചത്. കോൺഗ്രസുമായി ഉണ്ടാക്കിയ തിരഞ്ഞെടുപ്പ് ധാരണകൾ കൊണ്ടു മാത്രം ബംഗാളിൽ ഒരു തിരിച്ചുവരവ് സാധ്യമാണോ?

നവോത്ഥാന പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവുമൊക്കെ കൈപിടിച്ച് മുന്നോട്ടു നയിച്ച മലയാളക്കര ഇന്നെവിടെയാണ്? നമ്മുടെ പൊതുമണ്ധലം അരമനകൾക്കും പിതാക്കന്മാർക്കും മർക്കസുകൾക്കും മൗലവിമാർക്കും ജാതിക്കോമരങ്ങൾക്കുമൊക്കെ വിട്ടൊഴിഞ്ഞു കൊടുത്തതിന് ആരാണുത്തരവാദി? ശിവൻകുട്ടിയെപ്പോലുള്ള വിപ്ലവകാരികൾ അന്പലനടയിൽ പൂജാരിയുടെ ശംഖിൽ നിന്ന് നിർഗമിക്കുന്ന കലശ വെള്ളത്തിനായി ക്യൂ നിൽക്കേണ്ടി വരുന്നത് എന്തുകൊണ്ടായിരിക്കും? അയ്യപ്പ സേവ മഠങ്ങൾ സ്ഥാപിക്കുകയും കൃഷ്ണാഷ്ടമിയും ഗണേശപൂജയുമൊക്കെ സംഘടിപ്പിക്കലുമായി ഇടതുപക്ഷത്തിന്റെ അജണ്ടകൾ പരിമിതപ്പെടുന്നത് എന്തുകൊണ്ട്? പിണറായി പാറപ്പുറത്തു നിന്ന് അന്പലമുക്ക് സഖാക്കളിലേക്കുള്ള ദൂരം എത്രയാണ്? അന്റോണിയോ ഗ്രാംഷി മുതൽ അന്റോണിയോ നെഗ്രെ വരെയുള്ള നവ മാർക്സിസ്റ്റുകൾക്കൊന്നും കേരളത്തിൽ പ്രഭാവങ്ങളില്ലാതെ പോകുന്നത് എന്തുകൊണ്ടായിരിക്കും? ഒരു നല്ല ചലച്ചിത്രം പോലും കണ്ടിരിക്കാൻ ശേഷിയില്ലാത്തവരായി കേരളീയ പൊതുസമൂഹം മാറിതീർന്നത് എന്തുകൊണ്ടാണ്? 1970കളിലെ പുത്തൻ ഇടതുപക്ഷത്തെ (New left movement) അനുസ്മരിക്കും വിധം നമ്മുെട സർവ്വകലാശാലകൾ കലാപകലുഷിതമാക്കുകയും പുത്തൻ ചെറുത്തു നിൽപിന്റെ വീരഗാഥകൾ രചിക്കുകയും നവംനവങ്ങളായ ആശയങ്ങൾ പ്രസരിപ്പിക്കുകയും ചെയ്യുന്പോഴും കേരളത്തിലെ സർവ്വകലാശാലകളിൽ മലയാളി യുവത്വം ചടഞ്ഞുറങ്ങുകയും സരിതയുടെ നീലചിത്രങ്ങൾക്കായി ദാഹാർത്തരായി കാത്തിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?

ചോദ്യങ്ങളുടെ ആഴവും വ്യാപ്തിയും ഇനിയുമൊരുപാട് വർദ്ധിപ്പിക്കാം. പക്ഷേ അതുകൊണ്ടു മാത്രം എന്താണ് പ്രയോജനം? അല്ലെങ്കിൽ ആർക്കാണ് പ്രയോജനം? ലോകത്തിലാകെ വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാർട്ടികളുടെ തകർച്ച ഗുണം ചെയ്തത് ആർക്കാണ്? സോവിയേറ്റ് യൂണിയന്റെ തകർച്ചയിൽ നിന്ന് കൂടുതൽ ശരിയായ ഒരു സോഷ്യലിസ്റ്റ് പ്രസ്ഥാനം ഉയർന്നു വരികയാണോ സംഭവിച്ചത്? അതോ കന്പോളത്തിന്റെ പങ്കുവെപ്പുകാരുടെ ആർത്തി പെരുകിയതും മതമൗലിക വാദ പ്രസ്ഥാനങ്ങളും തീവ്രവാദവും മണ്ണു പങ്കുവെയ്ക്കുകയും ആണോ സംഭവിച്ചത്? വൻ പാരിസ്ഥിതിക ദുരന്തങ്ങൾക്ക് കാരണമായേക്കാവുന്ന ഉൽപ്പാദനം, വികസനം, വീണ്ടും ഉൽപ്പാദനം എന്ന മുതലാളിത്ത ആർത്തിയുടെ വിഷമവൃത്തത്തിലേയ്ക്ക്, വികല യുക്തിയിലേയ്ക്ക് കൂടുതൽ പതിക്കുന്നതല്ലാതെ ചൈനയിൽ നിന്ന് പ്രതീക്ഷയുടെ വല്ല തളിരുകളും തല നീട്ടുന്നുണ്ടോ? ഹൈഡ്രോ കാർബണുകളുടെ വർത്തമാനകാല സ്വരൂപമായ കൽക്കരിയും എണ്ണയുമൊക്കെ കത്തി തീർന്ന് ലോകം ഗെയിൽ ഗ്യാസിന്റെ ഭാവിയിലേയ്ക്ക് പ്രവേശിക്കുന്പോൾ ഇന്നത്തെ ശാക്തികചേരികളിലും മേധാവിത്വ സ്വഭാവങ്ങളിലും വന്നേക്കാവുന്ന മാറ്റം അമേരിക്കയെ ഭയപ്പെടുത്തുന്നുണ്ട്. അപ്പോൾ ലോകത്തിലെ പ്രമുഖമായ ഒരു പവർഹബ്ബായി (Power Hub) തീർന്നേക്കാവുന്ന ക്യൂബയുമായി സുല്ലു പറഞ്ഞ് കെട്ടിപ്പിടിക്കാനുള്ള അമേരിക്കയുടെ ആഗ്രഹം മനസ്സിലാക്കാവുന്നതേയുള്ളൂ.

അപ്പോഴും പഴയ വിപ്ലവ നായകൻ ഫി‍‍ഡൽ കാസ്ട്രോവിന് അത് ദഹിക്കാൻ കഴിയാത്ത വയറുവേദനയാണ് സൃഷ്ടിക്കുന്നത്. ഇതിനുമപ്പുറം കടുത്ത ശരിയായ ഒരു സോഷ്യലിസ്റ്റ് പാതയുടെ ‘വഴിതുറക്കൽ’ അവിടെയൊന്നും നമുക്ക് കാണാൻ കഴിയുന്നുമില്ല. യൂറോപ്പിലെ ആദ്യത്തെ സോഷ്യലിസ്റ്റ് വിപ്ലവം സംഭവിക്കുമെന്ന് പ്രതീക്ഷിച്ച, മുതലാളിത്തം വള‍ർന്നു പാകമായ മണ്ണായിരുന്നു ജർമ്മനിയുടേത്. ശക്തമായ ഒരു കമ്യൂണിസ്റ്റ് പാർട്ടിയും അന്ന് ജർമ്മനിയിലുണ്ടായിരുന്നു. ഇവിടെയാണ് ഹിറ്റ്ലറുടെ നേതൃത്വത്തിൽ ചുവന്ന കൊടിയും ദേശീയ സോഷ്യലിസവുമൊക്കെയായി വന്ന ക്ലാസിക്കൽ ഫാസിസം അധികാരം പിടിച്ചത്. പിന്നീട് ഇങ്ങോട്ട് സംഭവിച്ചതെന്താണ്? ബർലിൻ മതിൽ ഇടിച്ചു നിരത്തിയത് നല്ലതുതന്നെ. പക്ഷേ പശ്ചിമ ജർമ്മനിയിലെ ‘കമ്യൂണിസ’ത്തിന് പൂർവ്വ ജർമ്മനിയിലേയ്ക്ക് കൂടി ഒഴുകിപ്പരക്കാനായിരുന്നില്ല. പൂ‍‍വ്വ ജർമ്മനിയിലെ മുതലാളിത്തത്തിന് പശ്ചിമജർ‍മ്മനിയെ കൂടി സ്വതന്ത്രമായി ആശ്ലേഷിക്കാനായിരുന്നു. ഇന്നും നവനാസി പ്രസ്ഥാനത്തിന് ജർമ്മനിയിൽ ശക്തമായ അടിവേരുകളുണ്ട് എന്നതല്ലാതെ ലോകത്തൊരിടത്തും വ്യവസ്ഥാപിത കമ്യൂണിസ്റ്റു പാർട്ടികളുടെ തകർച്ചയിൽ നിന്ന് കൂടുതൽ ശരിയായ ഒരു സോഷ്യലിസ്റ്റ് പാത രൂപപ്പെട്ടതായി കാണാനില്ല. പകരം കോ‍‍ർപ്പറേറ്റ് ആർത്തിയും മതതീവ്രവാദവും ആണവായുധ കിടമത്സരവുമൊക്കെ വർദ്ധിക്കാൻ മാത്രമാണ് അത് ഇടയാക്കിയത്.

ലോകമെങ്ങും പ്രതീക്ഷയുടെ ഒരു പൂത്തിരി പോലും കാണാനില്ല എന്നല്ല വിവക്ഷ. ഉത്തരാധുനികതയുടെ കാലത്ത് ഒരുപാട് പുതിയ ആശയങ്ങൾ ലോകത്ത് രൂപപ്പെടുക തന്നെയാണ് ചെയ്യുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ എഴുതപ്പെടുന്നതും വായിക്കപ്പെടുന്നതും സ്വാധീനം ചെലുത്തുന്നതും മാർക്സിസം തന്നെയാണ്. അതിൽ പരന്പരാഗത പ്രത്യയശാസ്ത്ര ഘടനകളല്ല ഉള്ളത് എന്നുമാത്രം. ഒന്നിനൊന്ന് വിരുദ്ധവും വ്യത്യസ്തവുമാണ് ഇവയൊക്കെ. ഒന്നുകിൽ മാർക്സിസം രൂപം കൊണ്ട ഘടകങ്ങളിൽ നിന്നും, സൈദ്ധാന്തിക പരികൽപ്പനകളിൽ നിന്നും, അല്ലെങ്കിൽ യുവാവായ മാർക്സിൽ നിന്ന്, അല്ലെങ്കിൽ പിൽക്കാല മാർക്സിൽ നിന്ന്, അല്ലെങ്കിൽ ഫെഡറിക് എംഗൽസ് എന്ന മാർക്സിന്റെ രക്ഷിതാവിൽ നിന്ന്, അല്ലെങ്കിൽ മാർക്സിസ്റ്റ് വിരുദ്ധരുടെ വിമർശനങ്ങളിൽ നിന്ന്, തുടർന്നുള്ള ലെനിൻ ഉൾപ്പെടെയുള്ള സംഘടനാ മാർക്സിസ്റ്റുകളിൽ നിന്ന്, അല്ലെങ്കിൽ ആന്റോണിയോ ്രഗാംഷിയും അൽത്തുസറും അഡോണയുമൊക്കെ ഉൾപ്പെടുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ നവമാർക്സിസ്റ്റുകളിൽ നിന്ന്,  അല്ലെങ്കിൽ സോവിയേറ്റാനന്തര മാർക്സിസ്റ്റുകളിൽ നിന്ന്, മാർക്സിസ്റ്റു വിരുദ്ധരിൽ നിന്ന്, മാർക്സിസ്റ്റ് ഇതരിൽ നിന്നൊക്കെ അത് പൊട്ടിത്തളിർത്ത് വളരുന്നു. സ്റ്റീഫൻ ഹാക്കിംഗിനെപോലുള്ള ശാസ്ത്ര പ്രതിഭകൾ മുതൽ ജോൺ ബല്ലമി ഫോസ്റ്ററെപ്പോലുള്ള പരിസ്ഥിതി ശാസ്ത്രജ്ഞർ വരെ മാർക്സിസത്തെയാണ് പിൻപറ്റുന്നത്.

ഇന്ത്യൻ മാർക്സിസ്റ്റുകളും മാർക്സിസ്റ്റ് ഇതരരുമൊക്കെ വ്യവസ്ഥാപിത്വത്തിന്റെ വേലികൾ പൊളിച്ചു മാറ്റി ഈ രംഗത്ത് മായ്ച്ചു കളയാനാവാത്ത അടയാളങ്ങൾ പതിപ്പിക്കുന്നുമുണ്ട്. അതിന്റെ ഒരനനുബന്ധം എന്ന നിലയിൽ മലയാളത്തിലും അത്തരം മുദ്രണങ്ങൾ കാണാം. സീതാറാം യെച്ചൂരി, പ്രഭാത് പട്നായിക്, തുടങ്ങിയ ഒരുവലിയ നിര തന്നെ ഈ രംഗത്തുണ്ട്. രാഷ്ട്രീയം തത്വശാസ്ത്രം, ധനതത്വശാസ്ത്രം, ചരിത്രം, തുടങ്ങിയ മേഖലകളിൽ ഇവർക്ക് അവഗണിക്കാനാകാത്ത ഇടവുമുണ്ട്. മലയാളത്തിലാണെങ്കിൽ ടി.വി മധു, സുനിൽ പി. ഇളയിടം, വി.സി ശ്രീജൻ, പി. പവിത്രൻ, കെ.എൻ ഗണേശ്, രാജൻ ഗുരുക്കൾ, സച്ചിദാനന്ദൻ, വി. സനിൽ, ബി. രാജീവൻ തുടങ്ങിയ ധാരാളം പേരുകൾ ഈ നിരയിൽ അടയാളപ്പെടുത്താനാകും. ഒരുപക്ഷേ മാർക്സിസത്തിന്റെ ബൃഹദാഖ്യാനങ്ങൾ ഇല്ലാതാവുകയും ധാരാളം ചെറു നാന്പുകൾ മണ്ണിൽ കിളിർത്ത് വളരുകയും ചെയ്യുന്നതാണ് വർത്തമാന കാലം എന്ന് വിശേഷിപ്പിച്ചാൽ അത് അതിശയോക്തിയാവില്ല.

You might also like

Most Viewed